അമുസ്‌ലിംകളെ റസൂൽ കണ്ടതെങ്ങനെ?

അമുസ്‌ലിംകളെ റസൂൽ കണ്ടതെങ്ങനെ?

പത്തുലക്ഷം വരുന്ന നബിവചനങ്ങളിൽ നിന്ന് ഒരു ഗുരു ശിഷ്യന് ആദ്യം പഠിപ്പിക്കുന്ന വചനമേതാണ്? ഇസ്‌ലാമിക ലോകത്ത് വളരെ പ്രശസ്തവും പതിനാലു നൂറ്റാണ്ടായി തുടർന്നുപോരുന്നതുമാണ് ഈ അധ്യയന രീതി. ഇസ്‌ലാമിന്റെ അടിസ്ഥാനനയം വിളംബരപ്പെടുത്തുന്നതും മുഹമ്മദ് റസൂലിന്റെ(സ്വ) ജീവിതനിലപാടുകൾ അക്ഷരാർഥത്തിൽ അടയാളപ്പെടുത്തുന്നതുമാണ് ഈ വചനം. ലോകം ഒരേ സ്വരത്തിൽ ഏറ്റുചൊല്ലേണ്ട വചനം ഇങ്ങനെ വായിക്കാം: “കാരുണ്യം കാണിക്കുന്നവരോട് കാരുണ്യവാരിധിയായ അല്ലാഹുവും കാരുണ്യം കാണിക്കുന്നു. നിങ്ങൾ ഭൂമിയിലുള്ളവരോട് കാരുണ്യമുള്ളവരാകുക. എന്നാൽ ഉന്നതനായ അല്ലാഹു നിങ്ങളോടും കാരുണ്യം ചൊരിയും’. പത്തുലക്ഷം വചനങ്ങളുണ്ടായിട്ട് ഈ വചനം തന്നെ എന്തുകൊണ്ട് ഗുരു ശിഷ്യർക്ക് ആദ്യമായി കേൾപ്പിക്കുന്നു? അതിന്റെ ഉത്തരം മാത്രം മതി ഒരാൾക്ക് റസൂലിനെ(സ്വ) അടുത്തറിയാൻ.

വിശുദ്ധ ഖുർആന്റെ ആദ്യവചനവും ശ്രദ്ധിക്കുക. അല്ലാഹുവിന്റെ നാമം കൊണ്ട് തുടങ്ങുന്നുവെന്ന് പറഞ്ഞ് തുടങ്ങുന്ന ഖുർആൻ അല്ലാഹുവിനെ സൃഷ്ടിലോകത്തിനു പരിചയപ്പെടുത്തുന്നത് “റഹ്മാൻ’ എന്ന നാമം കൊണ്ടാണ്. ഈ നാമത്തിന്റെ അർഥം കുറിച്ചുവെക്കുക. ഇതിലടങ്ങിയിരിക്കുന്ന നയമാണ് ഇസ്‌ലാമും ഖുർആനും ലോകത്തിനു നൽകുന്നത്. ആറായിരത്തിലധികം വരുന്ന ചെറുതും വലുതുമായ വചനങ്ങളിൽ ആദ്യവചനമായി ക്രോഡീകരിച്ചത് ഇതാണല്ലോ. ഖുർആന്റെ തുടക്കത്തിൽ പറഞ്ഞ “റഹ്മാൻ’ എന്ന നാമത്തെ പല പണ്ഡിതന്മാരും പലനിലക്കും വിശദീകരിച്ചിട്ടുണ്ട്. അതിൽ ഏറെ പ്രബലമായത് വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും അഥവാ വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുപോലെ ഇഹലോകത്ത് ഗുണവും കാരുണ്യവും ചെയ്യുന്നവൻ എന്നാണ്. ഖുർആൻ അവസാനിക്കുന്നത് “അന്നാസ്’ എന്ന പദം കൊണ്ടാണ്. മുഴുവൻ മനുഷ്യരും എന്നാണർഥം. മനുഷ്യരുടെ പൊതുശത്രുവിനെയാണ് ഈ അവസാന അധ്യായത്തിൽ പരിചയപ്പെടുത്തുന്നത്. ഈ അധ്യായത്തിനും അന്നാസ് എന്നാണ് പേര്.
ഇതാണ് റസൂൽ(സ്വ). ഇതാണ് അവിടുത്തെ മാതൃക. റസൂലിനെക്കുറിച്ച് (സ്വ) ഖുർആൻ പലതവണ ആവർത്തിക്കുന്നത് അവിടുന്ന് ലോകത്തുള്ള സകലസൃഷ്ടികൾക്കും കാരുണ്യമാണ് എന്നാണ്. ഈ കാരുണ്യവും സ്നേഹവായ്പും വിശ്വാസികളിൽ ഒതുങ്ങുന്നതോ മനുഷ്യരിൽ ഒതുങ്ങുന്നതോ അല്ല. പ്രപഞ്ചമാകെ നിറഞ്ഞൊഴുകുന്ന കാരുണ്യം ചൊരിഞ്ഞ അതുല്യനായ നേതാവാണ് പരിശുദ്ധ റസൂൽ (സ്വ). അനുയായികൾക്ക് ഈ കാരുണ്യവും സ്നേഹവും മാത്രവുമാണ് അവിടുന്ന് പഠിപ്പിച്ചുകൊടുത്തത്. കാരുണ്യമില്ലാത്തവരെ താക്കീതു ചെയ്യാനും അവിടുന്ന് മറന്നില്ല. കാരുണ്യമില്ലാത്തവർ കൂട്ടത്തിൽ പെട്ടവരല്ല എന്നു പറയാൻ റസൂൽ (സ്വ) ധൈര്യം കാട്ടി. അനുയായികൾ അക്ഷരം പ്രതി അതനുസരിച്ചു. തലമുറകളിലേക്ക് കൈമാറുകയും ചെയ്തു.

മക്കയിലെ പ്രതിയോഗികൾ റസൂലിനോട്(സ്വ) കാണിച്ച കിരാതമായ ക്രൂരതകൾ മറക്കാനാവില്ല. മൂന്നുവർഷം നബിയും (സ്വ) അനുചരരും പ്രതിയോഗികളുടെ ആക്രമണം നിമിത്തം ഒരു മലയുടെ മേലെ പച്ചിലകൾ മാത്രം ഭക്ഷിച്ചു ജീവിച്ചു. അവസാനം നാടും വീടും വിട്ട് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നതും കരുണ വറ്റിയ പ്രതിയോഗികൾ നിമിത്തമായിരുന്നു. പക്ഷേ, ഏഴുവർഷങ്ങൾക്കുശേഷം ചരിത്രം മാറിമറിഞ്ഞു. നൂറുകണക്കിന് അനുയായികളെ കൊലപ്പെടുത്തിയ, എണ്ണമറ്റ പീഡനങ്ങൾക്ക് നേതൃത്വം നൽകിയ പ്രതിയോഗികൾ നബിയുടെ (സ്വ) സവിധത്തിൽ കീഴടങ്ങി. മക്കാവിജയം സംഭവിച്ചു. ചിലരൊക്കെ വീടുവിട്ട് ഓടാൻ നോക്കുന്ന നേരത്ത് ചരിത്രത്തിലെ വലിയ പൊതുമാപ്പ് പ്രഖ്യാപിച്ചു റസൂൽ(സ്വ). “നിങ്ങൾ പോകൂ, എല്ലാവരും പൂർണ സ്വതന്ത്രരാണ്’. ലോകം സ്തബ്ധമായ ആ ദിവസം മറക്കരുത്. ഓരോ പ്രതിയോഗിയുടെയും പേരുവിളിച്ച് നബി(സ്വ) അഭയം നൽകി.
പ്രമുഖ ശിഷ്യൻ അബൂഹുറൈറ (റ) ഉദ്ധരിക്കുന്ന വചനം ഇവിടെ ചേർത്തുവായിക്കേണ്ടതാണ്. ഒരിക്കൽ മക്കയിലെ പ്രതിയോഗികളുടെ പീഡനങ്ങളും ആക്രമണങ്ങളും അതികഠിനമായപ്പോൾ ഒരു പാവം ശിഷ്യൻ വന്ന് റസൂലിനോട് (സ്വ) ചോദിച്ചു: “നബിയേ, അങ്ങേയ്ക്ക് ഈ ശത്രുവർഗത്തെ ഒന്നു ശപിച്ചുകൂടേ?’ എക്കാലവും ഓർത്തുവെക്കാവുന്ന ഒരു മറുപടിയാണ് അന്ന് ലോകം കേട്ടത്. “ഞാൻ വന്നത് ശപിക്കുന്നവനായല്ല; കാരുണ്യമായാണ്’. മറ്റൊരിക്കൽ പ്രതിയോഗികളുടെ പീഡനം സഹിക്കുന്നതിലുമപ്പുറമായപ്പോൾ അവിടുന്ന് അല്പാശ്വാസം തേടി മക്കയുടെ പുറത്തുള്ള ത്വാഇഫിലേക്ക് പോയി. അവിടെ ചില ബന്ധുക്കളുണ്ട് നബിക്ക്. അവരുടെ സഹായവും അഭയവും മാത്രമായിരുന്നു ലക്ഷ്യം. പക്ഷേ, പ്രതീക്ഷകൾ തെറ്റി. ത്വാഇഫിലെ കുട്ടികളും മുതിർന്നവരും ബന്ധുക്കൾ വരെയും നബിയെ (സ്വ) കല്ലെറിഞ്ഞോടിച്ചു. അവിടെനിന്ന് പിന്തിരിഞ്ഞ നബി(സ്വ) വഴിയിൽ തളർന്നിരിക്കവേ, മാലാഖ ജിബ്്രീൽ വന്ന് പ്രതിയോഗികളെ നശിപ്പിക്കാൻ സമ്മതം ചോദിച്ചു. അനുവദിച്ചില്ല റസൂൽ. ഇങ്ങനെ നൂറുകണക്കിന് സംഭവങ്ങൾ.
മുഹമ്മദ് നബി(സ്വ) മാത്രം പുലർത്തിപ്പോരേണ്ട ഒരു സ്വഭാവമല്ല ഇത്. വിശ്വാസികളെല്ലാം നബിയെ പൂർണമായും അനുകരിക്കേണ്ടവരും പിന്തുടരേണ്ടവരുമാണ്. അതിലപ്പുറം മനുഷ്യരോട്-വിശ്വാസിയാണെങ്കിലും അവിശ്വാസിയാണെങ്കിലും- പുലർത്തിപ്പോരേണ്ട നിലപാടുകൾ ഇസ്‌ലാം വളരെ കർക്കശമായി വിശദീകരിച്ചിട്ടുണ്ട്. അതെല്ലാം വിളംബരം ചെയ്യുന്നത് റസൂലിന്റെ സ്നേഹവായ്പ് മാത്രമാണ്. ഇസ്‌ലാമിക ലോകത്തും മുസ്‌ലിംകൾക്കിടയിലും ജീവിക്കുന്ന അമുസ്‌ലിംകൾ എക്കാലവും ഈ സ്നേഹവായ്പ് അനുഭവിച്ചിട്ടുണ്ട്. മറിച്ചൊരനുഭവം പ്രവാചകരുടെ അനുയായികളിൽനിന്ന് ഉണ്ടാവേണ്ടതല്ല. മുസ്‌ലിംകൾ തിങ്ങിത്താമസിക്കുന്നിടങ്ങളിൽ ഇന്നും മറ്റു മതസമുദായാംഗങ്ങൾ സന്തോഷത്തോടെ ജീവിക്കാനുള്ള കാരണവും മറ്റൊന്നല്ല. ചില തീവ്രവാദഗ്രൂപ്പുകൾ മുസ്‌ലിംകളെ അക്രമിക്കുന്നതുപോലെതന്നെ അമുസ്‌ലിംകളെയും അക്രമിക്കുന്നുവെന്നത് കാണാതിരിക്കുന്നില്ല. ഇതെല്ലാം അനിസ്‌ലാമികമാണ്. ധിക്കാരമാണ്. നബി (സ്വ) പറഞ്ഞു: “ആരെങ്കിലും നമ്മുടെ അഭയത്തോടെ കഴിയുന്ന ഒരു അവിശ്വാസിയെ ഉപദ്രവിച്ചാൽ അയാൾ സ്വർഗത്തിന്റെ വാസനപോലും അനുഭവിക്കില്ല. അതിന്റെ വാസന തന്നെ നാല്പതുവർഷത്തെ വഴിദൂരം വ്യാപിച്ചുകിടപ്പുണ്ട്.’ മറ്റൊരിക്കൽ അരുളി: “ആരെങ്കിലും മുസ്‌ലിംകളുമായി യുദ്ധത്തിലേർപ്പെടാത്ത അമുസ്‌ലിമിനെ ആക്രമിച്ചാൽ അയാൾ എന്നെ അക്രമിച്ചവനാണ്’. മറ്റൊരിക്കൽ നബി(സ്വ) പറഞ്ഞത് ഇങ്ങനെയായിരുന്നു: “ആരെങ്കിലും നമ്മുടെയടുത്ത് അഭയത്തോടെ കഴിയുന്ന അവിശ്വാസിയെ ദ്രോഹിച്ചാൽ, അല്ലെങ്കിൽ അയാളുടെ അഭിമാനം പിച്ചിച്ചീന്തിയാൽ, അല്ലെങ്കിൽ സാധിക്കാത്ത കാര്യം നിർബന്ധിച്ചാൽ, അയാളുടെ ഇഷ്ടമില്ലാതെ എന്തെങ്കിലും സാധനം കൈയിലാക്കിയാൽ അന്ത്യനാളിൽ അയാൾക്കെതിരെ വാദിക്കാൻ ഞാനായിരിക്കും വരിക’. ലോകത്ത് ഒരു വിശ്വാസ സംഹിതയെ പരിചയപ്പെടുത്തിയ ഒരാളും, തന്റെ വിശ്വാസം സ്വീകരിക്കാത്ത മനുഷ്യരെ ഇത്രമാത്രം ചേർത്തുപിടിച്ചതായി കാണാനാകില്ല. അവിടുന്ന് റഹ്മത്തുൻലിൽആലമീൻ- പ്രപഞ്ചത്തിനു കാരുണ്യമാണ്.

ഇന്ന് നടക്കുന്ന കോലാഹലങ്ങളെ ഇസ്‌ലാമുമായും നബിയുമായും(സ്വ) ഏച്ചുകെട്ടാൻ ശ്രമിക്കുന്നതിന്റെ അസാംഗത്യം നാം തിരിച്ചറിയേണ്ടതുണ്ട്. ആരോപിക്കപ്പെടുന്ന കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽപോലും അതിനു നേതൃത്വം നൽകുന്നവർ മുസ്‌ലിംകളാണെന്ന് പറയാനാകില്ല. ഇസ്‌ലാം അനുഷ്ഠിക്കുന്ന മുസ്‌ലിംകൾ ഇതു ചെയ്യില്ല. റസൂലിനെ ഒരല്പമെങ്കിലും അനുസരിക്കുന്നവർ ഈ വഴിക്ക് ചിന്തിക്കില്ല. ഇരുപത്തിമൂന്നു വർഷം അവിടുന്ന് പ്രബോധനം നടത്തിയിട്ടും ഒരു സ്ത്രീയെപ്പോലും കുറുക്കുവഴിക്ക് മുസ്‌ലിമാക്കാനുള്ള ശ്രമം നടത്തിയില്ല, അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചില്ല, അനുവാദം നൽകിയില്ല. ഒരു അമുസ്‌ലിമിനും മദ്യമോ, മയക്കുമരുന്നോ നൽകുന്നത്- അത് എന്തിന്റെ പേരിലാണെങ്കിലും- ഇഷ്ടപ്പെട്ടില്ല. മദ്യം, അവിഹിതപ്രേമം, മയക്കുമരുന്നുകൾ എല്ലാം സാമൂഹ്യദുരന്തങ്ങളാണ്. അതിനാരെയും ഇരയാക്കിയില്ല. ഇസ്്ലാമിൽ അവ മാലിന്യമാണ്. അതിനു വീരപരിവേഷം അനുവദിച്ചുകൂടാ. ഇത് പലയാവർത്തി പ്രഖ്യാപിച്ച നേതാവാണ് മുഹമ്മദ് നബി(സ്വ).
എങ്ങനെയെങ്കിലും ജീവിച്ചുപോകട്ടെ എന്ന നിലപാടല്ല അമുസ്‌ലിംകളോട് ഇസ്‌ലാമിനുള്ളത്. അവർ മാന്യമായിത്തന്നെ ജീവിക്കണം എന്നതാണ് ഇസ്‌ലാംപക്ഷം. അവർക്കും സമൂഹത്തിൽ സ്ഥാനങ്ങളുണ്ട്. അവിശ്വാസത്തിനു പരലോകത്ത് ശിക്ഷ ലഭിക്കും എന്നു പറയുന്നതോടൊപ്പം അമുസ്്ലിംകൾക്ക് അവരുടെ വിശ്വാസത്തിൽ തുടരാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. നിർബന്ധിച്ച് ഒരാളെയും മതം മാറ്റാൻ പാടില്ല. അങ്ങനെ മതം മാറിയതുകൊണ്ട് ഒരാൾ മുസ്‌ലിമാകില്ല. വിശുദ്ധ ഖുർആനും തിരുനബിയും ഇത് പലവട്ടം ഉണർത്തി. “അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ ലോകത്തുള്ള സകലമനുഷ്യരും വിശ്വാസികളാകുമായിരുന്നു; പിന്നെന്തിനാണ് താങ്കൾ അവരെ നിർബന്ധിക്കുന്നത്?’ എന്നു ഖുർആൻ ചോദിക്കുന്നുണ്ട് “മതത്തിൽ നിർബന്ധിക്കലില്ല’ എന്ന് ശക്തമായി മുഴുവൻ ജനങ്ങളെയും ഉണർത്തുന്നുമുണ്ട്. “സത്യസരണി അസത്യത്തിൽ നിന്ന് സ്പഷ്ടമായിരിക്കുന്നു’വെന്നാണ് ഖുർആൻ തുടർന്നു പറയുന്നത്. സത്യവും അസത്യവും വിവേചിച്ച് മനസിലാക്കുകയും ശേഷം സത്യം സ്വീകരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഓരോരുത്തരുടേതുമാണ്. അല്ലാതെ, നിർബന്ധിച്ച് ചെയ്യേണ്ട കാര്യമല്ല അത്. റസൂലിന്ന് എല്ലാവരും വിശ്വസിക്കണമെന്ന അത്യാഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് താങ്കൾ നിർബന്ധിക്കേണ്ട എന്ന് ഖുർആൻ ഉപദേശിച്ചത്. മനുഷ്യനു പഠിക്കാനുള്ള കഴിവ് അല്ലാഹു നൽകിയത് വിശ്വാസം ശരിപ്പെടുത്താൻ തന്നെയാണ്. പഠിക്കാതെ ഒരു വിശ്വാസത്തിൽ തുടരുന്നത് കുറ്റകരമാണ്-പരലോകത്ത്. വിഡ്ഢിത്തവുമാണ്.
ലോകത്തുള്ള എല്ലാ മനുഷ്യർക്കും നീതിയാണ് ഇസ്‌ലാം. നീതിയുടെ സംസ്ഥാപനത്തിനാണ് മുഹമ്മദ് നബി (സ്വ) വന്നതുതന്നെ. പൂർണാർഥത്തിലുള്ള നീതി പ്രപഞ്ചത്തിന് ആവശ്യമാണ്. ഇത് പരിപാലിക്കുന്ന ഉത്തരവാദിത്വമാണ് മുസ്‌ലിമിനുള്ളത്. അന്യന്റെ വിശ്വാസം തന്റെ വിശ്വാസമല്ല എന്ന കാരണത്താൽ അനീതി കാണിക്കരുത്. മനുഷ്യരിൽ ഓരോരുത്തർക്കും മാന്യതയുണ്ട്, ബഹുമാനമുണ്ട്. ഇത് ഖുർആൻ ഉണർത്തിയതാണ്. ഈ മാന്യതയെയും ബഹുമാനത്തെയും ഇല്ലാതെയാക്കുന്നത് അനീതിയാണ്. അനീതി ഇസ്‌ലാമികവൃത്തത്തിലില്ല. ഖുർആൻ പറയുന്നത് ശ്രദ്ധേയമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന നിലപാടും ലോകത്തുള്ള ഓരോ മനുഷ്യരും ശ്രദ്ധിക്കേണ്ടതുമായ നിലപാടാണിത്: “മതം പറഞ്ഞ് നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവർക്ക് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും നിങ്ങളോട് നിരോധിക്കുന്നില്ല. അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'(ഖുർആൻ- മുംതഹിന അധ്യായം-8).

നമ്മുടെ അയൽക്കാർ, നാട്ടുകാർ, ലോകത്തുള്ള എല്ലാ മനുഷ്യർക്കും നല്ലതു വരാനായിരിക്കണം വിശ്വാസി ആഗ്രഹിക്കേണ്ടത്. ഒരാളും പട്ടിണി കിടക്കരുത്. മാനസികമായോ ശാരീരികമായോ ഒരാളും പീഡിപ്പിക്കപ്പെടരുത്. എവിടെയും സമാധാനം നഷ്ടപ്പെടരുത്. ആരോടും മുഖം കറുപ്പിക്കരുത്. ദേഷ്യപ്പെടരുത്. ചീത്ത പറയരുത്; അമുസ്‌ലിംകളുടെ ആരാധ്യരെയും ആരാധ്യവസ്തുക്കളെയും ചീത്ത വിളിക്കരുത്- ഇതാണ് മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചത്. ഇതനുഷ്ഠിക്കുന്നവനാണ് നബിയുടെ അനുയായി ആയിരിക്കാൻ അർഹത നേടുന്നത്.

ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login