മുൻവിധികളുടെ മുനയൊടിക്കുന്ന രചനകൾ

മുൻവിധികളുടെ മുനയൊടിക്കുന്ന രചനകൾ

എച്ച് എ ആര്‍ ഗിബ്ബ് (Sir Hamilton Alexander Rosskeen Gibb) അറിയപ്പെടുന്ന സ്‌കോട്ടിഷ് പണ്ഡിതനും ചരിത്രകാരനും ആണ്. 1885 ല്‍ ജനിച്ചു. 1971ല്‍ മരിച്ചു. പഠനം എഡിന്‍ബറോ സര്‍വകലാശാലയില്‍. അറബി, ഹീബ്രൂ, അരാമായ ഭാഷകളാണ് പഠിച്ചത്. അറബിയില്‍ എം എ ചെയ്തു. ഓക്‌സ്ഫഡ്, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റികളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. അറബി സാഹിത്യം, ഇസ്‌ലാം, മധ്യകാല ചരിത്രം, ഒട്ടോമന്‍ കവിത തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഗിബ്ബ് തന്റെ ‘മുഹമ്മദനിസം’ എന്ന പുസ്തകത്തില്‍ മുഹമ്മദ് നബിയെക്കുറിച്ച് വ്യതിരിക്തമായ ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്:
സര്‍ഗാത്മക വ്യക്തിത്വം ആയിരുന്നു പ്രവാചകന്റേത്. സര്‍ഗധനനായ ഏതൊരു വ്യക്തിയെയും പോലെ നിരവധി സംഘര്‍ഷങ്ങളിലൂടെ അദ്ദേഹം കടന്നുപോയി. പുറത്തുനിന്നുള്ള ഞെരുക്കങ്ങള്‍ അദ്ദേഹത്തെ പ്രയാസപ്പെടുത്തി. എന്നാല്‍ തനതായ ഒരു പാത വെട്ടിയുണ്ടാക്കുന്നതിന് അവ അദ്ദേഹത്തിന് തടസ്സമായില്ല. മക്ക എന്ന ഇടത്തരം വാണിജ്യനഗരത്തിലെ അനീതികളാണ് അദ്ദേഹത്തെ ഉലച്ചത്. മതപരമായ പ്രചോദനത്താല്‍ ജനങ്ങളോട് ദൈവത്തിലേക്ക് ഖേദിച്ചുമടങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പക്ഷേ മക്കയിലെ അഭിജാതവർഗം അതിനെ തങ്ങളുടെ ആധിപത്യത്തിനെതിരെയുള്ള വെല്ലുവിളി ആയാണ് കേട്ടത്. പ്രവാചകന്റെ ഏകദൈവവാദം തങ്ങളുടെ ദേവാലയങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കും എന്ന് അവര്‍ ഭയന്നു. സമാധാനത്തിനു വേണ്ടിയാണ് നബി നിലകൊണ്ടത്. എതിരാളികള്‍, പക്ഷേ, അദ്ദേഹത്തെ സംഘട്ടനങ്ങളിലേക്ക് വലിച്ചിഴച്ചു. പ്രവാചകനെക്കുറിച്ച് പാശ്ചാത്യവിമര്‍ശകര്‍ പ്രസരിപ്പിക്കുന്നത് വെറുപ്പും നിന്ദയുമാണെന്ന് നിരീക്ഷിക്കുന്ന എച്ച് എ ആര്‍ ഗിബ്ബ് മുസ്‌ലിംപ്രതിരോധം ക്ഷമാപണസ്വരം കൊണ്ട് ദുര്‍ബലമായിപ്പോയിട്ടുണ്ട് എന്നും പറയുന്നു.

ഫ്രഞ്ച് കവിയും ഗ്രന്ഥകാരനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ലാ മാര്‍ട്ടിന്‍ പ്രഭു (1790-1869). പൂർണമായ പേര്: Alphonse Marie Louis de Prat de Lamartine, Knight of Prtaz. നെപ്പോളിയന്‍ ബോണോപാര്‍ട്ടിന്റെ കീഴില്‍ സെക്കന്റ് റിപ്പബ്ലിക് സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. നാഷനല്‍ അസംബ്ലി അംഗം, വിദേശകാര്യമന്ത്രി, വിവിധ പ്രവിശ്യകളുടെ ചേംബര്‍ ഓഫ് ഡപ്യൂട്ടീസ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
എഴുത്തുകാരന്‍ എന്ന നിലയില്‍ നോവല്‍, കവിത, ചരിത്രം എന്നീ മേഖലകളില്‍ ആണ് പ്രധാന സംഭാവന. പ്രകൃതിസ്‌നേഹി, ആത്മീയവാദി, കാല്പനികന്‍ എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. 1852 ല്‍ പ്രസിദ്ധീകരിച്ച ഗ്രാസില്ല എന്ന നോവല്‍ ആണ് രചനകളില്‍ പ്രശസ്തം.

മുഹമ്മദ് നബിയെ കുറിച്ചുള്ള ലാ മാര്‍ട്ടിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. തന്റെ ഹിസ്റ്ററി ഡി ലാ ടര്‍ക്കി എന്ന പുസ്തകത്തില്‍ നബിയെ കുറിച്ച് അദ്ദേഹം എഴുതുന്നു:
“ഉദ്ദേശ്യത്തിന്റെ മഹത്വം, വിഭവങ്ങളുടെ കമ്മി, വിസ്മയിപ്പിക്കുന്ന ഫലം എന്നിവയാണ് മനുഷ്യ പ്രതിഭയുടെ മൂന്ന് മാനദണ്ഡങ്ങള്‍ എങ്കില്‍ ആധുനികചരിത്രത്തില്‍ ആരെയാണ് നാം മുഹമ്മദുമായി താരതമ്യം ചെയ്യാന്‍ ധൈര്യപ്പെടുക? ഏറ്റവും പ്രശസ്തരായ ആളുകള്‍ ഉണ്ടാക്കിയത് ആയുധങ്ങളും നിയമങ്ങളും സാമ്രാജ്യങ്ങളും മാത്രമാണ്. അവര്‍ വല്ലതും ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ തന്നെ അവരുടെതന്നെ കണ്‍മുന്നില്‍ വച്ച് തകര്‍ന്നടിഞ്ഞുപോയ ഭൗതികഅധികാരങ്ങള്‍ അല്ലാതെ മറ്റൊന്നും അല്ല. ഈ മനുഷ്യന്‍ സൈന്യങ്ങളെയും സാമ്രാജ്യങ്ങളെയും ജനതകളെയും രാജവംശങ്ങളെയും മാത്രമല്ല അക്കാലത്ത് ജനവാസമുണ്ടായിരുന്ന ലോകത്തിന്റെ മൂന്നില്‍ ഒന്ന് ഭാഗത്ത് ദശലക്ഷക്കണക്കിന് ആളുകളെയും ഉണ്ടാക്കി. അതിലെല്ലാം ഉപരിയായി അദ്ദേഹം അള്‍ത്താരകളെയും മതങ്ങളെയും ആശയങ്ങളെയും വിശ്വാസങ്ങളെയും ആത്മാക്കളെയും മാറ്റിമറിച്ചു… വിജയത്തിലെ അദ്ദേഹത്തിന്റെ സഹിഷ്ണുത, ഒരേയൊരു ആദര്‍ശത്തിനുവേണ്ടി സമര്‍പ്പിച്ച അദ്ദേഹത്തിന്റെ ഇച്ഛ, സാമ്രാജ്യം സ്ഥാപിക്കാന്‍ ഒരു നിലക്കും ശ്രമിക്കാതിരിക്കല്‍, അറ്റമില്ലാത്ത പ്രാർഥനകള്‍, ദൈവവുമായുള്ള ആത്മഭാഷണങ്ങള്‍, മരണം, മരണാനന്തരം കൈവരിച്ച വിജയം എന്നിവയെല്ലാം പ്രവാചകൻ കപടനാട്യക്കാരനായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു. രണ്ടുതലങ്ങള്‍ ഉള്ളതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശം: ദൈവത്തിന്റെ ഏകത്വം, ദൈവത്തിന്റെ അഭൗതികത. ഒന്നാമത്തേത് ദൈവം എന്താണ് എന്നും രണ്ടാമത്തേത് ദൈവം എന്തല്ല എന്നും പറയുന്നു.
ഒന്നാമത്തേത് വ്യാജദൈവങ്ങളെ പിഴുതെറിഞ്ഞു. രണ്ടാമത്തേത് വാക്കുകള്‍ കൊണ്ട് ഒരാശയത്തിന് തുടക്കം കുറിച്ചു. തത്വജ്ഞാനി, പ്രഭാഷകന്‍, പ്രവാചകന്‍, നിയമനിർമാതാവ്, പോരാളി, ആശയങ്ങളുടെ ജേതാവ്, യുക്തിഭദ്രമായ വിശ്വാസങ്ങളുടെ വീണ്ടെടുപ്പുകാരന്‍, വിഗ്രഹരഹിത സമൂഹത്തിന്റെ സ്ഥാപകന്‍, ഇരുപത് ഭൗമസാമ്രാജ്യങ്ങളുടെയും ഒരൊറ്റ ആത്മീയസാമ്രാജ്യത്തിന്റെയും വിധാതാവ് – ഇതാണ് മുഹമ്മദ്. മനുഷ്യമഹത്വത്തിന്റെ ഏത് അളവുകോല്‍ കൊണ്ട് അളന്നാലും അദ്ദേഹത്തെക്കാള്‍ മഹത്വം ഉള്ള ആരുണ്ട് എന്ന് നമുക്ക് ചോദിക്കാം.’

ചരിത്രകാരന്‍, തത്വചിന്തകന്‍, ഗണിതജ്ഞന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലെല്ലാം പ്രസിദ്ധനാണ് ഇംഗ്ലീഷുകാരനായ തോമസ് കാര്‍ലൈല്‍ (1795-1881). മൂന്ന് വാല്യങ്ങളില്‍ ആയി ഫ്രഞ്ച് വിപ്ലവത്തിന്റെ സമഗ്രചരിത്രം അദ്ദേഹം രചിച്ചിട്ടുണ്ട്. “കാര്‍ലൈല്‍ സര്‍ക്കിള്‍’ ആണ് ഗണിതശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ പ്രശസ്തിക്ക് ആധാരം. “ഓണ്‍ ഹീറോസ് ആന്റ് ഹീറോ വര്‍ഷിപ്പ്, ആന്റ് ദ ഹീറോയിക് ഇന്‍ ഹിസ്റ്ററി’ (1841) എന്നിവയാണ് ഏറ്റവും പ്രശസ്തമായ രചനകൾ. മഹദ്്വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ നിർണായകമായ സ്വാധീനം ചെലുത്തുന്നു എന്ന് കാര്‍ലൈല്‍ വാദിച്ചു. ഈ സിദ്ധാന്തത്തിന്റെ പേരില്‍ ആണ് അദ്ദേഹം അറിയപ്പെടുന്നതും. ഹീറോ ആസ് ഡിവിനിറ്റി, ഹീറോ ആസ് പ്രോഫറ്റ്, ഹീറോ ആസ് പോയറ്റ്, ഹീറോ ആസ് പ്രീസ്റ്റ്, ഹീറോ ആസ് മാന്‍ ഓഫ് ലെറ്റേര്‍സ്, ഹീറോ ആസ് കിംഗ് എന്നീ ശീര്‍ഷകങ്ങളില്‍ ഉള്ള ആറ് പ്രഭാഷണങ്ങളുടെ സമാഹാരമാണ് ‘ഓണ്‍ ഹീറോസ് ആന്റ്ഹീറോ വര്‍ഷിപ്പ്, ആന്റ് ദ ഹീറോയിക് ഇന്‍ ഹിസ്റ്ററി’ എന്ന പുസ്തകം. ഓരോ മേഖലയിലെയും ചരിത്രത്തിലെ വീരനായകന്മാരെ ആണ് കാര്‍ലൈല്‍ അവതരിപ്പിക്കുന്നത്.
മുഹമ്മദ് നബിയെ ആണ് ചരിത്രത്തില്‍ നിർണായക സ്വാധീനം ചെലുത്തിയ പ്രവാചക നായകന്‍ ആയി കാര്‍ലൈല്‍ കാണുന്നത്. മുഹമ്മദ് നബിയെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍:
“ഇസ്‌ലാം ഒരു നുണയും മുഹമ്മദ് ഒരു നുണയനും ചതിയനും ആണെന്ന ആരോപണത്തിന് ചെവി കൊടുക്കുന്നത് തന്നെ വലിയ നാണക്കേടാണ്. അദ്ദേഹം തന്റെ തത്വങ്ങളില്‍ ദൃഢചിത്തതയോടെ ഉറച്ചു നിന്നത് നാം കണ്ടു. അദ്ദേഹം ദയാലുവും ഉദാരനും അനുകമ്പയുള്ളവനും ഭക്തനും സല്‍ഗുണസമ്പന്നനും യഥാര്‍ത്ഥ മനുഷ്യനും കഠിനധ്വാനിയും സത്യസന്ധനുമായിരുന്നു. ഈ നന്മകള്‍ക്കെല്ലാം പുറമെ മറ്റുള്ളവരോട് സൗമ്യനും സഹിഷ്ണുവും കൃപാലുവും സന്തുഷ്ടനും പ്രശംസീയനുമായിരുന്നു അദ്ദേഹം. ചിലപ്പോള്‍ അദ്ദേഹം തമാശ പറഞ്ഞു, ചങ്ങാതിമാരെ കളിപറഞ്ഞു. അദ്ദേഹം സത്യവാനും ഉല്‍സാഹിയും പരിശുദ്ധനും മഹാമനസ്‌കനും മനസ്സാന്നിധ്യമുള്ള ആളും ആയിരുന്നു. ഏറ്റവും ഇരുള്‍മൂടിയ രാത്രികളെ പ്രകാശദീപ്തമാക്കാന്‍ പോന്ന വെളിച്ചം അദ്ദേഹത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. അത്രമേല്‍ പ്രഭാപൂരിതമായിരുന്നു അദ്ദേഹത്തിന്റെ മുഖം. പ്രകൃത്യാ തന്നെ മഹാനായിരുന്നു അവിടുന്ന്. അദ്ദേഹം ഏതെങ്കിലും പാഠശാലയില്‍ വിദ്യ അഭ്യസിക്കുകയോ ഗുരുവിന്റെ കീഴില്‍ പഠിക്കുകയോ ചെയ്തിട്ടില്ല. അതിന്റെ ആവശ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.’

ശ്രീമതി ആനിബസന്റിനെ പരിചയപ്പെടുത്തേണ്ടതില്ല. ബ്രിട്ടീഷ് സോഷ്യലിസ്റ്റും വനിതാ വിമോചന പ്രവര്‍ത്തകയും തിയോസഫിസ്റ്റും ഐറിഷ്, ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയും പ്രഭാഷകയും മുന്നൂറോളം പുസ്തകങ്ങളുടെയും ലഘുലേഖകളുടെയും കര്‍ത്താവുമായിരുന്ന അവര്‍ 1847 ല്‍ ലണ്ടനില്‍ ജനിച്ചു. 1933 ല്‍ തമിഴ്‌നാട്ടിലെ അഡയാറില്‍ നിര്യാതയായി.
ആനിബസന്റ് മുഹമ്മദ് നബിയെയും ഇസ്‌ലാമിനെയും കുറിച്ച് ലണ്ടനിലും ജുനഗഡിലുമായി ചെയ്ത രണ്ടു പ്രഭാഷണങ്ങള്‍ പ്രസിദ്ധമാണ്. “ദ ലൈഫ് ആന്റ് ടീച്ചിംഗ്‌സ് ഓഫ് മുഹമ്മദ്’ എന്ന പേരില്‍ തിയോസഫിക്കല്‍ സൊസൈറ്റി പ്രസ്തുത പ്രഭാഷണങ്ങള്‍ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നബിയെ കുറിച്ചുള്ള അവരുടെ പ്രഭാഷണം ആരംഭിക്കുന്നത് ഇങ്ങനെയാണ്: “അറേബ്യയിലെ മഹാനായ പ്രവാചകന്റെ ജീവിതവും സ്വഭാവവും അദ്ദേഹം എങ്ങനെ പഠിപ്പിക്കുകയും ജീവിക്കുകയും ചെയ്തുവെന്നും പഠിക്കുന്ന ഒരാള്‍ക്കും ശക്തനായ ആ പ്രവാചകനോട് ആദരവ് അല്ലാതെ മറ്റൊന്നും തോന്നുകയില്ല. സർവേശ്വരന്റെ മഹാന്മാരായ പ്രവാചകന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം……. അദ്ദേഹത്തെ കുറിച്ച് വീണ്ടും വായിക്കുമ്പോള്‍ അറേബ്യയിലെ ആ ഗുരുവിനെ സംബന്ധിച്ച് പുതിയ വിധത്തിലുള്ള ആരാധനയും ബഹുമാനവും ആണ് എനിക്ക് തോന്നുന്നത്’.
ലണ്ടനില്‍ ചെയ്ത പ്രസംഗത്തില്‍ പാശ്ചാത്യര്‍ പ്രവാചകനെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ആനിബസന്റ് അക്കമിട്ട് മറുപടി പറയുന്നുണ്ട്. പ്രവാചകനും ഇസ്‌ലാമിനുമെതിരെയുള്ള വിമര്‍ശനങ്ങള്‍ അറിവില്ലായ്മയില്‍ നിന്ന് ഉടലെടുത്തതാണെന്ന് അവര്‍ പറയുന്നു.

പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും ആധികാരിക ഷേക്‌സ്പിയര്‍ പണ്ഡിതനും ചിന്തകനും ആയിരുന്ന മാര്‍ട്ടിന്‍ ലിംഗ്‌സ് (1909- 2005) ഫ്രിജോഫ് ഷുഓന്റെ ആധ്യാത്മികചിന്തകളില്‍ ആകൃഷ്ടനായി സൂഫിസം സ്വീകരിച്ചു. ഈജിപ്തില്‍ പോയി അറബിഭാഷയില്‍ വ്യുല്പത്തി സമ്പാദിച്ച അദ്ദേഹം ബ്രിട്ടീഷ് മ്യൂസിയത്തില്‍ പൗരാണിക അറബി കയ്യെഴുത്തുഗ്രന്ഥങ്ങളുടെ ക്യുറേറ്റര്‍ ആയി ജോലിചെയ്യവേ ആദ്യകാല അറബി സ്രോതസ്സുകള്‍ അവലംബിച്ചു തയാറാക്കിയ പുസ്തകമാണ് “മുഹമ്മദ്: ഹിസ് ലൈഫ് ബേസ്ഡ് ഓണ്‍ ദി ഏളിയസ്റ്റ് സോഴ്‌സസ്’.
നബിയുടെ ജീവചരിത്രം കഥാകഥന രൂപത്തില്‍ ക്രമപ്രവൃദ്ധമായി കവിത തുളുമ്പുന്ന ഭാഷയില്‍ അവതരിപ്പിക്കുന്ന പുസ്തകമാണിത്. അവതരണത്തിന്റെ നാടകീയതയും പ്രതിപാദന ഭംഗിയും പുസ്തകത്തെ ഏറെ വായനാക്ഷമം ആക്കുന്നു. ഓരോ സംഭവത്തെയും അതിന്റെ പശ്ചാത്തല വർണനയോടു കൂടി അതിമനോഹരമായാണ് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
കൃതഹസ്തനായ ഒരു ആഖ്യായികകാരന്റെ കൈയടക്കം രചനയില്‍ തെളിഞ്ഞുകാണാം. സംഭാഷണങ്ങള്‍ക്കും ഖുര്‍ആന്‍ വിവര്‍ത്തനത്തിനും കുലീനമായ പഴയ ഭാഷയാണ് ഉപയോഗിച്ചത്. വിവരണം ലളിതവും എന്നാല്‍ പ്രൗഢവുമാണ്.

രചനാസാമർഥ്യം
സാമാന്യം വലിപ്പമുള്ള ഈ പുസ്തകം ചെടിപ്പില്ലാതെ കമ്പോട് കമ്പ് വായിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നു. ഒട്ടും ദൈര്‍ഘ്യം ഇല്ലാത്തവയാണ് അധ്യായങ്ങള്‍. എണ്‍പത്തി അഞ്ച് അധ്യായങ്ങള്‍. നബിജീവിതത്തിലെ ഓരോ പ്രധാന സംഭവങ്ങള്‍ ആണ് ഓരോ അധ്യായത്തിലായി വിവരിച്ചിരിക്കുന്നത്. ഓരോ സംഭവത്തിന്റയും ചരിത്രസന്ദര്‍ഭം നിഷ്‌കൃഷ്ടമായി അനാവരണം ചെയ്തിട്ടുണ്ട്.
ഈ പുസ്തകം വായിക്കുമ്പോള്‍ മക്കയിലും മദീനയിലും താഇഫിലും എല്ലാം പ്രവാചകനോടൊപ്പം സഞ്ചരിക്കുകയാണ് നാം എന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. അത് തന്നെയാണ് ഈ പുസ്തകത്തിന്റെ വിജയവും. മാര്‍ട്ടിന്‍ ലിംഗ്‌സ് തീര്‍ത്തും പ്രവാചകനെ ഉള്ളില്‍ ഉള്‍ക്കൊണ്ട്, ഹൃദയം കൊണ്ട് സാക്ഷ്യപ്പെടുത്തിയാണ് ആ ജീവിതത്തിലൂടെ തന്റെ പേന ചലിപ്പിച്ചത്.
1983 ല്‍ ആദ്യ പതിപ്പ് പുറത്തിറങ്ങി. നിരൂപകപ്രശംസയും നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1991 ലും മരിക്കുന്നതിന്റെ തലേ വര്‍ഷവും മാര്‍ട്ടിന്‍ ലിംഗ്‌സ് പുസ്തകം പരിഷ്‌കരിച്ചു. വിവിധ ലോകഭാഷകളിലേക്ക് പുസ്തകം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 2013 ല്‍ ആണ് മലയാള പരിഭാഷ പുറത്തിറങ്ങിയത്. ഇപ്പോള്‍ ഏഴ് പതിപ്പ് ആയി. കവി കെ ടി സൂപ്പിയുടെ പരിഭാഷ ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

ഇസ്‌ലാമിനെയും സൂഫിസത്തെയും കുറിച്ച് ധാരാളം എഴുതിയ ജര്‍മന്‍ പണ്ഡിതയാണ് ആന്‍മേരി ഷിമ്മല്‍ (1922- 2003). 1967 മുതല്‍ 1992 വരെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രഫസര്‍ ആയിരുന്നു അവര്‍.
റസൂലിനുള്ള സ്‌നേഹസമ്മാനമായി അവര്‍ രചിച്ച പുസ്തകമാണ് ‘ആന്‍ഡ് മുഹമ്മദ് ഈസ് ഹിസ് മെസഞ്ചര്‍’. പ്രവാചകനുമായി അനുരാഗബദ്ധമായ ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് ഷിമ്മല്‍ ഈ പുസ്തകം എഴുതുന്നത്.
ദശാബ്ദങ്ങളായി പ്രവാചകനുമായി വളര്‍ത്തിയെടുത്ത ഹൃദയബന്ധത്തിന്റെ ഫലം എന്നാണ് ഈ പുസ്തകത്തെ ഗ്രന്ഥകാരി വിശേഷിപ്പിക്കുന്നത്. തുര്‍ക്കിയില്‍ ആയിരുന്നപ്പോള്‍ മൗലിദ് സദസ്സുകളില്‍ പങ്കെടുക്കാന്‍ ലഭിച്ച അവസരമാണ് നബിയുമായുള്ള ഹൃദയബന്ധത്തിന് അവര്‍ക്ക് നിമിത്തമായത്.
സയ്യിദ് അമീര്‍ അലിയുടെ പുസ്തകങ്ങളില്‍ നിന്ന് ഇസ്‌ലാമിനെയും റസൂലിനെയും പരിചയപ്പെട്ട ഷിമ്മല്‍ സൂഫിമാര്‍ഗവുമായി ഹൃദയൈക്യം സ്ഥാപിക്കുകയായിരുന്നു. ഇസ്‌ലാമിക് സംസ്‌കൃതിയുമായി അവര്‍ വല്ലാതെ അടുത്തു.
അല്ലാമ ഇഖ്ബാലിന്റെ ദാര്‍ശനിക കവിതകളാണ് ഷിമ്മലിന്റെ നബി സങ്കല്പത്തെ രൂപപ്പെടുത്തിയത്.
സൂഫി ആധ്യാത്മിക തലത്തില്‍ നിന്നുകൊണ്ടാണ് അവര്‍ റസൂലിനെ അനുഭവിക്കുന്നത്.
ഒരു മുഴുനീള പ്രവാചക ജീവചരിത്രമല്ല ഈ കൃതി. മറിച്ച് പ്രവാചകവ്യക്തിത്വത്തിന്റെ ആധ്യാത്മിക ഭാവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഗ്രന്ഥമാണിത്. പ്രവാചകന്റെ സുന്ദരമായ മാതൃക, പ്രവാചകന്റെ നിസ്തുല സ്ഥാനം, പ്രവാചകനുമായി ബന്ധപ്പെട്ട അമാനുഷിക അദ്ഭുതങ്ങള്‍, മുഹമ്മദ് നബിയുടെ വിവിധ പേരുകളുടെ ചാരുത, മുഹമ്മദീയ പ്രകാശം, ജന്മദിനാഘോഷം, നിശാ പ്രയാണം, നബിയെകുറിച്ച് വിവിധ ഭാഷകളില്‍ എഴുതപ്പെട്ട കാവ്യങ്ങള്‍, മുഹമ്മദീയ മാർഗം, ഇഖ്ബാല്‍ കവിതകളിലെ നബി ഇങ്ങനെയുള്ള വിഷയങ്ങള്‍ ആണ് ഈ പുസ്തകത്തിലെ ഉള്ളടക്കം.

മോണ്ട്ഗോമറി വാട്ടിന്റെ
പ്രവാചക ജീവചരിത്രങ്ങള്‍
സ്‌കോട്ടിഷ് ചരിത്രകാരന്‍, ആംഗ്ലിക്കന്‍ പുരോഹിതന്‍, അക്കാദമീഷ്യന്‍, ഓറിയന്റലിസ്റ്റ്, അമുസ്‌ലിമായ പാശ്ചാത്യ ഇസ്‌ലാമിക പണ്ഡിതന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് എഡിന്‍ബറോ സര്‍വകലാശാലയില്‍ അറബിക് ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസറായിരുന്ന വില്യം മോണ്ട്‌ഗോമറി വാട്ട് (1909- 2006). 1964- 79 കാലത്താണ് എഡിന്‍ബറോ സര്‍വകലാശാലയില്‍ അദ്ദേഹം അധ്യാപകനായിരുന്നത്. ‘അവസാനത്തെ ഓറിയന്റലിസ്റ്റ്’ എന്നാണ് വാട്ട് അറിയപ്പെടുന്നത്. വിവിധ സർവകലാശാലകളില്‍ സന്ദര്‍ശക പ്രൊഫസറായി അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
ഇസ്‌ലാമിക ദൈവശാസ്ത്രം, തത്വചിന്ത, ചരിത്രം, രാഷ്ട്രമീമാംസ തുടങ്ങിയ വിഷയങ്ങളില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള മോണ്ട്‌ഗോമറി വാട്ടിന്റെ രണ്ട് പ്രശസ്ത പ്രവാചക ജീവചരിത്ര ഗ്രന്ഥങ്ങളാണ് 1953ൽ പ്രസിദ്ധീകരിച്ച “മുഹമ്മദ് അറ്റ് മക്ക’, 1956ൽ പ്രസിദ്ധീകരിച്ച “മുഹമ്മദ് അറ്റ് മദീന’ എന്നിവ. ഈ രണ്ടു കൃതികളും ഒറ്റവാള്യത്തില്‍ സംഗ്രഹിച്ചു 1961ല്‍ “മുഹമ്മദ്: പ്രൊഫറ്റ് ആന്‍ഡ് സ്റ്റേറ്റ്മാന്‍’ എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചു. ആദ്യം പറഞ്ഞ രണ്ടെണ്ണമാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത ഗ്രന്ഥങ്ങള്‍.
തലവാചകം സൂചിപ്പിക്കുന്നതുപോലെ പ്രവാചകന്റെ മക്കാജീവിത ഘട്ടമാണ് “മുഹമ്മദ് അറ്റ് മക്ക’യുടെ പ്രമേയം. മദീനയിലേക്കുള്ള പലായനം വരെയുള്ള സംഭവങ്ങള്‍ ഈ വോള്യത്തില്‍ വിശകലന വിധേയമാവുന്നു. ആറുഭാഗങ്ങളായാണ് ഉള്ളടക്കത്തിന്റെ ക്രമീകരണം. ഒന്നാംഭാഗത്തിൽ നാല് അധ്യായങ്ങളിലായി അറേബ്യയുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, മത, ബൗദ്ധിക പശ്ചാത്തലം അപഗ്രഥിക്കുന്നു. രണ്ടാംഭാഗത്തില്‍ ആറ് അധ്യായങ്ങളിലായി പ്രവാചകന്റെ ജനനം, കുട്ടിക്കാലം, ഖദീജാ ബീവിയുമായുള്ള വിവാഹം, പ്രവാചകത്വം, മക്കാ കാലഘട്ടത്തിലെ സംഭവങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മൂന്നാം ഭാഗത്തില്‍ നാല് അധ്യായങ്ങള്‍ ഉണ്ട്. ഇസ്‌ലാമിന്റെ സന്ദേശമാണ് പ്രതിപാദ്യവിഷയം. ആദ്യകാല വെളിപാടുകളുടെ സാരാംശം, അവയുടെ സമകാലീന പ്രസക്തി എന്നിവ ഈ ഭാഗത്ത് ആലോചനാവിധേയമാക്കിയിരിക്കുന്നു. പ്രഥമ മുസ്‌ലിംകളെ കുറിച്ചാണ് നാലാം ഭാഗം. പ്രവാചകത്വത്തിന്റെ തുടക്കത്തില്‍ ഇസ്‌ലാം സ്വീകരിച്ച വ്യക്തികളെ കുറിച്ചുള്ള വിവരണങ്ങള്‍ ആണ് മൂന്ന് അധ്യായങ്ങളിലായി ഈ ഭാഗത്ത് നല്‍കിയിരിക്കുന്നത്. അഞ്ചാം ഭാഗം റസൂൽ നേരിട്ട പ്രതിസന്ധികളെയും എതിര്‍പ്പുകളെയും സംബന്ധിച്ചുള്ളതാണ്. ഖുര്‍ആനോടുള്ള എതിര്‍പ്പ്, അബ്‌സീനിയന്‍ പലായനം, ഖുര്‍ആന്റെ സാക്ഷ്യം, ശത്രുപക്ഷത്തെ നേതാക്കള്‍, അവരുടെ തന്ത്രങ്ങള്‍ എന്നിവ അഞ്ച് അധ്യായങ്ങളിലായി വിവരിച്ചിരിക്കുന്നു. “വികസിക്കുന്ന ചക്രവാളങ്ങള്‍’ എന്ന് ശീര്‍ഷകം നല്‍കിയിരിക്കുന്ന ആറാം ഭാഗത്ത് ആറ് അധ്യായങ്ങളില്‍ നബിയുടെ ത്വാഇഫ് യാത്ര, നാടോടി ഗോത്രങ്ങളോടുള്ള സമീപനം, മദീനയില്‍ നിന്നുള്ള യാത്രാസംഘങ്ങളുമായി നടത്തിയ കൂടിയാലോചനകള്‍, ഹിജ്‌റ, മക്കയിലെ നേട്ടങ്ങള്‍ എന്നീ വിഷയങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു. എട്ട് അനുബന്ധങ്ങളും “മുഹമ്മദ് അറ്റ് മക്ക’ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
“മുഹമ്മദ് അറ്റ് മക്ക’ യുടെ തുടര്‍ച്ചയായി മോണ്ട്‌ഗോമറി വാട്ട് എഴുതിയ പുസ്തകമാണ് “മുഹമ്മദ് അറ്റ് മദീന’. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് ആണ് രണ്ടിന്റെയും പ്രസാധകര്‍. ഇവ രണ്ടും ചേരുമ്പോള്‍ നബിയുടെ ജീവചരിത്രം ആയി. പത്ത് ഭാഗങ്ങളായാണ് “മുഹമ്മദ് അറ്റ് മദീന’ സംവിധാനിച്ചിരിക്കുന്നത്. “ഖുറൈശികളുടെ പ്രകോപനം’ എന്ന് ശീര്‍ഷകം നല്‍കിയിരിക്കുന്ന ഒന്നാം ഭാഗത്ത് ഹിജ്‌റയുടെ സാഹചര്യം, ആദ്യകാല സൈനികപര്യടനങ്ങള്‍, ബദര്‍യുദ്ധം എന്നിവയാണ് പ്രതിപാദ്യവിഷയം. മക്കന്‍ പ്രതിരോധത്തിന്റെ പരാജയം ചര്‍ച്ചചെയ്യുന്ന രണ്ടാംഭാഗത്ത് അഞ്ച് അധ്യായങ്ങളിലായി ബദര്‍ യുദ്ധത്തോടുള്ള മക്കയുടെ പ്രതികരണം, ഉഹ്ദ് യുദ്ധം, നാടോടികളുടെ രംഗ പ്രവേശം, മദീന ഉപരോധം എന്നിവ വിവരിക്കുന്നു. മൂന്നാംഭാഗം മക്കാവിജയത്തെ സംബന്ധിച്ചുള്ളതാണ്. ഇതില്‍ ഹുദൈബിയാസന്ധി, മക്കയുടെ കീഴടങ്ങല്‍, ഹുനൈന്‍ യുദ്ധം എന്നിവ പ്രതിപാദിക്കുന്നു. നാലാം ഭാഗത്ത് ഏഴ് അധ്യായങ്ങളിലായി അറബികളുടെ ഏകീകരണം വിശദമായി ചര്‍ച്ച ചെയ്യുന്നു. മദീനയുടെ ആഭ്യന്തര രാഷ്ട്രീയമാണ് അഞ്ചാംഭാഗത്തിന്റെ ഇതിവൃത്തം. നബിയുടെ ആഗമനത്തിന് മുമ്പും പിമ്പുമുള്ള മദീനയുടെ രാഷ്ട്രീയം മൂന്ന് അധ്യായങ്ങളിലായി പ്രതിപാദിക്കുന്നു. ആറാംഭാഗത്തിന്റെ ശീര്‍ഷകം “മുഹമ്മദും ജൂതന്മാരും’ എന്നാണ്. യസ്്രിബിലെ ജൂതന്മാര്‍, അവരുമായി രമ്യതയിലാവാന്‍ നബി നടത്തിയ ശ്രമങ്ങള്‍, അവരുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ എന്നിവ ആറ് അധ്യായങ്ങളിലായി വിവരിക്കുന്നു. ഇസ്‌ലാമികരാഷ്ട്രത്തിന്റെ സ്വഭാവത്തെ സംബന്ധിച്ചുള്ളതാണ് ഏഴാംഭാഗം. മദീനയുടെ ഭരണഘടന, റസൂലിന്റെ പദവി, മദീനയിലെ മുസ്‌ലിംസമൂഹത്തിന്റെ സ്വഭാവം, സാമ്പത്തികസ്ഥിതി എന്നിവ ഇതില്‍ ചര്‍ച്ച ചെയ്യുന്നു. സാമൂഹികഘടനയില്‍ വന്ന മാറ്റം അഞ്ച് അധ്യായങ്ങളിലായി എട്ടാം ഭാഗത്ത് ചര്‍ച്ച ചെയ്യുന്നു. ഇസ്‌ലാംമതത്തെ കുറിച്ചാണ് ഒമ്പതാംഭാഗം. ഇസ്‌ലാമും പ്രാകൃത അറബ് മതവിശ്വാസവും, ഇസ്‌ലാമും ക്രിസ്തുമതവും എന്നീ താരതമ്യപഠനങ്ങള്‍ ഈ ഭാഗത്ത് ഉണ്ട്. ‘മനുഷ്യനും അവന്റെ മഹത്വവും’ എന്ന് പത്താംഭാഗത്തിന് പേര് നല്‍കിയിരിക്കുന്നു. പന്ത്രണ്ട് വ്യത്യസ്ത ഉപവിഷയങ്ങള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
അറിവില്ലായ്മയുടെയും മുന്‍വിധികളുടെയും അടഞ്ഞ മുറികളില്‍ ഇരുന്ന് വെറുപ്പിന്റെ മഷിയില്‍ പേന മുക്കി നബിയെ നീതിരഹിതമായി ക്രൂശിച്ച ഓറിയന്റലിസ്റ്റ് വംശാവലിയില്‍ മോണ്ട്‌ഗോമറി വാട്ടിന്റെ പേര് ഇല്ല. എന്നല്ല; അവസാനത്തെ ഈ ഓറിയന്റലിസ്റ്റ് തന്റെ പൂർവികരെ അവധാനപൂർവം തിരുത്തുകയും ചെയ്തു. പ്രവാചകനെ വിലയിരുത്തുന്നതില്‍ തോമസ് കാര്‍ലൈലിന്റെ പാതയാണ് അദ്ദേഹം പിന്തുടര്‍ന്നത്. ഇസ്‌ലാമിനെക്കുറിച്ചുള്ള പാശ്ചാത്യ പാണ്ഡിത്യത്തിന്റെ സമീപനരീതികളെയും വിചാരമാതൃകകളെയും മാറ്റിപ്പണിയാന്‍ വാട്ട് തന്റെ കൃതികളിലൂടെ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. മുഹമ്മദ് നബിയോളം പടിഞ്ഞാറ് തെറ്റിദ്ധരിച്ച ലോകനേതാവ് ഇല്ല എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സത്യസന്ധതയോടെ പ്രവാചകനെ മനസിലാക്കിയെങ്കിലേ ഇസ്‌ലാമിന്റെ മഹത്വം ഗ്രഹിക്കാന്‍ ആവുകയുള്ളൂ എന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. പഴയ നിയമത്തില്‍ പറയുന്നതുപോലെ ഉള്ള ഒരു പ്രവാചകനാണ് മുഹമ്മദ്(സ്വ) എന്നും അറബികളില്‍ ഏകദൈവത്വം പുനസ്ഥാപിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നും ഒരുപക്ഷേ ആദ്യമായി സധൈര്യം അഭിപ്രായപ്പെട്ട ക്രിസ്ത്യന്‍ പുരോഹിതന്‍ മോണ്ട്‌ഗോമറി വാട്ട് ആയിരിക്കും. മക്കയുടെയും മദീനയുടെയും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിച്ച് റസൂൽ സാധിച്ച പരിവര്‍ത്തനങ്ങള്‍ അദ്ദേഹം വിസ്തരിച്ച് വിലയിരുത്തുന്നു. നബിയുടെ കാലഘട്ടത്തെ കുറിച്ചുള്ള മികച്ച സാമൂഹ്യശാസ്ത വിശകലനങ്ങളില്‍ ഒന്നാണ് വാട്ടിന്റേത്.
ഖുര്‍ആന്റെ വിട്ടുവീഴ്ചയില്ലാത്ത ഏകദൈവത്വ നിലപാട് വാട്ടിനെ ക്രിയാത്മകമായി സ്വാധീനിക്കുകയുണ്ടായി. താന്‍ പിന്തുടരുന്ന ക്രൈസ്തവ ത്രിയേകത്വ സിദ്ധാന്തത്തെ പുനര്‍വായിക്കാന്‍ അത് അദ്ദേഹത്തിന് പ്രേരണ നല്‍കി എന്നത് ശ്രദ്ധേയമാണ്. ത്രിയേകത്വത്തെ മൂന്ന് ദൈവവ്യക്തികളുടെ കൂട്ടായ്മ ആയല്ല മനസിലാക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ഖുര്‍ആനില്‍ പറയുന്ന ദൈവത്തിന്റെ വിശിഷ്ടനാമങ്ങള്‍ (അസ്മാഉല്‍ ഹുസ്‌ന) പോലെ ദൈവത്തിന്റെ മൂന്ന് ഭാവങ്ങളെയാണ് അവ പ്രതിനിധാനം ചെയ്യുന്നത് എന്നാണ് വാട്ടിന്റെ വാദം. ഖുര്‍ആനാല്‍ സ്വാധീനിക്കപ്പെടാന്‍ മാത്രം അഗാധമായിരുന്നു മോണ്ട്‌ഗോമറി വാട്ടിന്റെ പ്രവാചക ജീവചരിത്ര പഠനം എന്നർഥം.

You must be logged in to post a comment Login