കര്‍ഷകര്‍ തുടരട്ടെ, തെരുവുകള്‍ സജ്ജമാണ്

കര്‍ഷകര്‍ തുടരട്ടെ,  തെരുവുകള്‍ സജ്ജമാണ്

“കര്‍ഷക വിരുദ്ധ നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നവംബര്‍ 26നാണ് മാര്‍ച്ച് തുടങ്ങിയത്. 22-ലേറെ കര്‍ഷക സംഘടനകളുടെ മുന്‍കൈയില്‍ രൂപീകരിച്ചതാണ് അഖിലേന്ത്യാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്രക്ഷോഭകരുള്ളത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് കര്‍ഷകര്‍ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. കര്‍ഷകരുടെ ദില്ലി പ്രവേശം തടയാന്‍ ക്രൂരവും പരിഹാസ്യവുമായ നടപടികളാണ് കേന്ദ്ര ഭരണകൂടം കൈക്കൊണ്ടത്. ദേശീയപാതകള്‍ വെട്ടിമുറിച്ചതും, ട്രക്കുകളും മരങ്ങളും കല്ലുകളും കൂട്ടിയിട്ട് മാര്‍ഗതടസ്സം സൃഷ്ടിച്ചതും അതില്‍ ചിലത് മാത്രം. പതിനായിരക്കണക്കിന് വാഹനങ്ങളില്‍ മൂന്നിലേറെ മാസം കഴിയാനുള്ള സാമഗ്രികളുമായാണ് അവരുടെ വരവ്. മഹേന്ദ്രസിംഗ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ എണ്‍പതുകളില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്നുണ്ട് ദില്ലി ചലോ. ആളെണ്ണത്തിലാകട്ടെ അതിന്റെ അനേകം മടങ്ങാണ് പങ്കാളിത്തം.

ഇടതു കര്‍ഷക സംഘടനകളുടെയും ഭാരതീയ കിസാന്‍ യൂണിയന്റെയും സ്വരാജ് അഭിയാനിന്റെയും ദേശീയനേതൃത്വങ്ങള്‍ സമരത്തിന്റെ മുന്‍നിരയിലുണ്ട്. കിസാന്‍ മസ്ദൂര്‍ സമന്വയ് സമിതി, അഖില്‍ ഭാരതീയ കിസാന്‍ സംഘര്‍ഷ് സമിതി, ആള്‍ ഇന്ത്യ കിസാന്‍ സഭ, ആള്‍ ഇന്ത്യ കിസാന്‍ മഹാസഭ, രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍, ഭാരതീയ കിസാന്‍ യൂണിയന്‍, മസ്ദൂര്‍ കിസാന്‍ സംഗ്രാം സമിതി, മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്‍, ജയ് കിസാന്‍ ആന്ദോളന്‍, കൃഷക് മുക്തി സംഗ്രാം സമിതി, രാഷ്ട്രീയ കിസാന്‍ മഹാസംഘ്, മസ്ദൂര്‍ കര്‍മചാരി സമന്വയ് സമിതി, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി, നാഷണല്‍ അലയന്‍സ് ഓഫ് പീപ്പ്ള്‍സ് മൂവ്‌മെന്റ്, ഭാരതീയ കിസാന്‍ ഖേത് സംഘടന്‍, സ്വരാജ് അഭിയാന്‍, തരായ് കിസാന്‍ സംഘടന്‍, സ്വാഭിമാന്‍ ശേത്കാരി സംഘടന്‍, ലോക് സംഘര്‍ഷ് മോര്‍ച്ച, നാഷണല്‍ സൗത്ത് ഇന്ത്യ റിവര്‍ ഇന്റര്‍ലിങ്കിംഗ് അഗ്രികള്‍ച്ചറിസ്റ്റ് അസോസിയേഷന്‍, കര്‍ണാടക രാജ്യ റെയ്ത സംഘം, റെയ്തു സ്വരാജ്യ വേദികെ എന്നിവയെല്ലാം സമരത്തിലുണ്ട്. പങ്കാളിത്തത്തിലെ ഈ മഹാവൈവിധ്യമാണ് സമരത്തെ ചരിത്രപരമാക്കുന്നത്.

കൃഷിനിലങ്ങളിലേക്ക് വന്‍കിട കോര്‍പറേറ്റുകളെ കൂടുതുറന്നുവിടുന്ന ഫാര്‍മേര്‍സ് എംപവര്‍മെന്റ് ആന്റ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ബില്‍ 2020. ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേര്‍സ് പ്രമോഷന്‍ ആന്റ് ഫസിലിറ്റേഷന്‍ ബില്‍ 2020. എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്‌മെന്റ്) ആക്ട് 2020 മൂന്നുനിയമങ്ങളാണ് ഈ സമരത്തിന്റെ കേന്ദ്രം. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ വിഷയമായ കൃഷിയില്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ നടപ്പാക്കിയ നിയമം എന്ന ഭരണഘടനാവിരുദ്ധതയെക്കാള്‍ ഈ നിയമം മൂലം തരിശിടാന്‍ പോകുന്ന സ്വന്തം ജീവിതമാണ് കര്‍ഷകരെ ഇപ്പോള്‍ തെരുവിലിറക്കിയത്. കോര്‍പറേറ്റുകള്‍ കൃഷിയിലേക്കും കര്‍ഷകരിലേക്കും വരുന്നത് കര്‍ഷകരുടെ ജീവിതത്തെ സമ്പന്നവും ആധുനികവുമാക്കില്ലേ എന്ന ചോദ്യമാണ് കേന്ദ്രസര്‍ക്കാറും സമര വിരുദ്ധരും അര്‍ണാബ് സിന്‍ഡ്രോം ബാധിച്ച മാധ്യമങ്ങളും ഉയര്‍ത്തുന്നത്. ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകരെ കോടതി കയറ്റിയ പെപ്‌സിയെ മറക്കരുത് എന്നാണ് അതിനുള്ള മറുപടി.

ഈ സമരം ഭരണകൂടത്തെ എന്തുചെയ്യും എന്നതും ഭരണകൂടം ഈ സമരത്തെ എന്തുചെയ്യും എന്നതും കാത്തിരുന്നറിയേണ്ട വസ്തുതയാണ്. പക്ഷേ, വൈവിധ്യങ്ങള്‍ ഏറെയുള്ള സംഘടനകള്‍ ഒറ്റ വര്‍ഗതാല്‍പര്യത്താല്‍ പ്രചോദിതമായി സമരം ചെയ്യുന്നു എന്നതിലെ ചരിത്രപരത കാണാതിരിക്കരുത്. ആ സംഘടനകള്‍ ഭൂരിപക്ഷവും ഫാഷിസ്റ്റ് വിരുദ്ധരല്ല എന്നു നമുക്കറിയാം. ഒരുവേള അവരില്‍ പലരും സംഘപരിവാറിന്റെ കൂട്ടുകാരുമാണ്. അതിനാല്‍ ഫാഷിസത്തിനെതിരായ സമരമല്ല പ്രത്യക്ഷത്തില്‍ ദില്ലി ചലോ. മറിച്ച് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കര്‍ഷകസമരമാണ്. ലോക ചരിത്രത്തില്‍ ഒരിടത്തും ഫാഷിസം വീണത് ഫാഷിസത്തിന് എതിരായ ജനമുന്നേറ്റത്തില്‍ അല്ല, മറിച്ച് ജീവിക്കാനുള്ള അവകാശത്തിനായി മനുഷ്യര്‍ നടത്തിയ പോരാട്ടങ്ങളിലാണ്. കൃഷിയിടത്തിലെ അവകാശവും ഉടമസ്ഥതയും വിളാവകാശവും സംരക്ഷിക്കാന്‍ മാത്രമാണ് ചമ്പാരനില്‍ കര്‍ഷകര്‍ സമരം പ്രഖ്യാപിച്ചത്. ബ്രിട്ടന്റെ വീഴ്ചയോ വാഴ്ചയോ അവരുടെ പ്രശ്‌നമായിരുന്നില്ല. പക്ഷേ, ആ സമരമാണ് ഇന്ത്യയിലെ ഗാന്ധിയുടെ ആദ്യ സത്യഗ്രഹ സമരം. ചമ്പാരനില്‍ നിന്ന് പടര്‍ന്ന സത്യഗ്രഹമാണ് ബ്രിട്ടനെ വീഴ്ത്തിയത്. അതിനാലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം അടിസ്ഥാനപരമായി കര്‍ഷകസമരമാണെന്നു പറയുന്നത്. കര്‍ഷക ഉണര്‍ച്ചകളെ സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യ സമരമായി പരിവര്‍ത്തിപ്പിക്കാന്‍ പാങ്ങുള്ള ഒരു രാഷ്ട്രീയനേതൃത്വം അന്നുണ്ടായിരുന്നു. ഇന്നതുണ്ടെങ്കില്‍ ദില്ലിയിലെ ഈ മഹാസമരവും വലിയ ഫാഷിസ്റ്റുവിരുദ്ധ ഉണര്‍ച്ചയായി മാറും. അങ്ങനെ സംഭവിക്കുമെന്ന പ്രതീക്ഷക്ക് സമകാലിക ഇന്ത്യയില്‍ വലിയ കാമ്പില്ല. പക്ഷേ, അത്തരം രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയാല്‍ അല്ലാതെ ഇത്ര വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അതില്‍ പ്രതീക്ഷക്ക് വകയുണ്ട്. മണ്ണ്, വിത്ത്, പ്രതീക്ഷ എന്നിവയില്‍ നിന്നാണല്ലോ വിള യാഥാര്‍ത്ഥ്യമാവുക.’
– (ചൂണ്ടുവിരല്‍, ഡിസംബര്‍ ആദ്യവാരം 2020).

പത്തുമാസം മുന്‍പ് ആരംഭിച്ച കര്‍ഷക സമരത്തെക്കുറിച്ച് അതിന്റെ ആദ്യനാളുകളില്‍ നമ്മള്‍ സംസാരിച്ചവസാനിപ്പിച്ചത് ഇങ്ങനെ ആയിരുന്നു. പത്തുമാസത്തിനിപ്പുറവും സമരം തുടരുകയാണ്. കാലം ആ സമരത്തെ ഐതിഹാസികമാക്കിയിരിക്കുന്നു. ഇത്ര ദീര്‍ഘകാലം ഒരു സമൂഹത്തിന് ജനാധിപത്യപരമായി സമരം ചെയ്യാന്‍ കഴിഞ്ഞു എന്നത് സമരങ്ങളുടെ ലോകചരിത്രത്തിലെ അത്ഭുതങ്ങളില്‍ ഒന്നാകണം. അടിമുടി സമഗ്രാധിപത്യ സ്വഭാവമുള്ള ഒരു സര്‍ക്കാരിനെതിരില്‍ ആണ് സമരം എന്നോര്‍ക്കുക. അതും ജനാധിപത്യത്തിന്റെ മറപറ്റിയുള്ള ഫാഷിസം ക്രമാനുഗതമായി ഇന്ത്യയില്‍ വളര്‍ന്നു കഴിഞ്ഞ പശ്ചാത്തലത്തില്‍. സമരത്തെ തച്ചുതകര്‍ക്കാനുള്ള ഭരണകൂട ശ്രമങ്ങള്‍ പലരൂപത്തില്‍ നടന്നു. കര്‍ഷകര്‍ പ്രകോപിതരായില്ല. പലയിടങ്ങളില്‍ പലതരം വേട്ടകള്‍. സമരത്തെ അകത്തു നിന്ന് പിളര്‍ത്താന്‍ ശ്രമം നടന്നു. അതും ഏശിയില്ല. സമരം ചെയ്യുന്നത് വന്‍കിടക്കാരാണെന്നും സാധാരണ കര്‍ഷകര്‍ അതിനൊപ്പം ഇല്ല എന്നുമുള്ള പ്രചാരണം അഴിച്ചുവിട്ടു. പങ്കെടുക്കുന്ന കര്‍ഷക സംഘടനകളുടെ അംഗസ്വഭാവം കണക്കുകള്‍ സഹിതം നിരത്തി ആ ആരോപണം പൊളിച്ചു. കര്‍ഷകര്‍ സമരത്തിലാണെങ്കില്‍ ഉല്പാദനം കുറയേണ്ടതല്ലേ? ഉല്പാദനം ഒട്ടും കുറഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ ആരാണ് സമരം ചെയ്യുന്നത് എന്നായി അടുത്ത ചോദ്യം. കാര്‍ഷിക വൃത്തി എന്നാല്‍ എന്താണ് എന്നും അതിന് എന്നും കൃഷിയിടങ്ങളിൽ പോകേണ്ടതില്ല എന്നുമുള്ള വസ്തുതകള്‍ നിരത്തി കര്‍ഷകര്‍ ആ വാദവും പൊളിച്ചു. പിന്നെ ക്രമസമാധാനത്തെ മുന്‍ നിര്‍ത്തിയുള്ള കളിയായി. ഒരു പ്രകോപനവുമില്ലാതെ കര്‍ഷകര്‍ അക്രമിക്കപ്പെട്ടു. തലങ്ങും വിലങ്ങും അവരെ തല്ലി. കൊന്നു. കര്‍ഷകര്‍ സമാധാനത്തിന്റെ വഴികള്‍ വീണ്ടും പാലിച്ചു. അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അനുസ്മരിപ്പിക്കുന്ന ഒന്ന്. രാജ്യത്തെ മുഴുവന്‍ കര്‍ഷക കേന്ദ്രങ്ങളിലും സമരം തുടരുകതന്നെ ചെയ്തു. ഇന്ത്യന്‍ ഫാഷിസം അതിന്റെ പ്രത്യക്ഷ പരീക്ഷണങ്ങള്‍ക്ക് വേദിയായി തിരഞ്ഞെടുത്ത ഉത്തര്‍ പ്രദേശില്‍ ഭരണകൂടത്തിന് ഹാലിളകി. നിന്നനില്പില്‍ സമരം തീര്‍ക്കാമെന്ന പ്രഖ്യാപനങ്ങള്‍ വന്നു. ഒടുവില്‍ ഈ രാജ്യത്തെ ഊട്ടുന്ന ഒരു മഹാജനതയുടെ നേര്‍ക്ക് അധികാരത്താല്‍ ഉന്മത്തനായ ഒരുത്തന്‍, മന്ത്രിപുത്രന്‍ വണ്ടിയോടിച്ചു കയറ്റി. ലെഖിംപൂരില്‍, ജാലിയന്‍ വാലാബാഗിലെന്നപോലെ ഇന്ത്യന്‍ മനുഷ്യര്‍ പിടഞ്ഞരഞ്ഞുവീണു. കൂട്ടക്കൊല നടത്തിയവന് ഹാജരാകാന്‍ നോട്ടീസ് അയക്കുക എന്ന നിയമചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഹീനതയ്ക്ക് ആദിത്യനാഥിന്റെ യു പി സര്‍ക്കാര്‍ തയാറായി. കര്‍ഷകരെ ഭയപ്പെടുത്തി സമരത്തെ തകര്‍ക്കുക എന്ന ഗൂഡലക്ഷ്യത്തിന്റെ നിറവേറ്റലായിരുന്നു ആ കൂട്ടക്കൊല.

സുസംഘടിതവും ആസൂത്രിതവും സമാധാനപരവുമായ ഒരു ദീര്‍ഘസമരത്തിന്റെ ഘടനയെക്കുറിച്ച് അത്തരം സമരങ്ങളുടെ ഒരു പാരമ്പര്യവുമില്ലാത്ത സംഘപരിവാറിന് എന്തറിയാന്‍? ലെഖിംപൂരില്‍ ചിന്തിയ രക്തം കര്‍ഷകരുടെ അഹിംസാ സമരത്തെ ആളിക്കത്തിച്ചതാണ് പിന്നീട് കാണുന്നത്. യു പിയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പാണ് ലക്ഷ്യമെങ്കിലും സമരത്തിലേക്ക് വരാന്‍, കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളെ ലെഖിംപൂര്‍ പ്രേരിപ്പിച്ചു. ദൈര്‍ഘ്യം നല്‍കിയ ആലസ്യത്തില്‍ നിന്ന് മാധ്യമങ്ങളും പുറത്തുവന്നു. കര്‍ഷകസമരവും കര്‍ഷകരുടെ ആവശ്യങ്ങളും വീണ്ടും ചര്‍ച്ചയായി. ഇന്ത്യന്‍ കാര്‍ഷികതയുടെ അടിവേരിളക്കി, കൃഷിയിടങ്ങളെ അതിലാഭമോഹികളായ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള പാര്‍ലമെന്ററി ദുഷ്ടതയെ നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന കര്‍ഷകരുടെ ശബ്ദം കുറേക്കൂടി ഉച്ചത്തില്‍ പടര്‍ന്നു. അന്നേവരെ കാഴ്ചക്കാരായിരുന്ന സംസ്ഥാനങ്ങളില്‍ പോലും അനുരണനങ്ങള്‍ ഉണ്ടായി. കര്‍ഷകസമരത്തോട് തുടക്കം മുതല്‍ ഉപരിവര്‍ഗ സമീപനത്താല്‍ പ്രേരിതമായ നിലപാട് സ്വീകരിച്ചിരുന്ന ജുഡീഷ്യറി ലെഖിംപൂര്‍ കൂട്ടക്കൊലയില്‍ സ്വരം കടുപ്പിച്ചു. സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തെത്തുടര്‍ന്ന് ആദിത്യനാഥിന് മാനസപുത്രനായ മന്ത്രിപുത്രനെ അറസ്റ്റു ചെയ്യേണ്ടി വന്നു. സംഘടനാ ദൗര്‍ബല്യങ്ങള്‍ ഏറെയുണ്ടെങ്കിലും പ്രിയങ്കയും രാഹുലും പോലുള്ള കോണ്‍ഗ്രസിലെ അവശിഷ്ട മുഖങ്ങള്‍ സമരമുന്നണിയിലേക്ക് വരുന്നതും കണ്ടു. അഹിംസക്കെതിരിലുള്ള നേരിയ ഹിംസപോലും അതിഗുരുതരമായ ഭൂകമ്പങ്ങൾ സൃഷ്ടിക്കുമെന്ന ചരിത്രവസ്തുത സംഘപരിവാറിന് അറിയാതെ പോയി. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഓരത്ത് നിന്നെങ്കിലുമുള്ള പരിചയം അവരില്‍ ആര്‍ക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അഹിംസക്കെതിരിലെ നേര്‍ത്ത ഹിംസ എത്രമേല്‍ ആഘാതം സൃഷ്ടിക്കുമെന്ന് അറിയാന്‍ കഴിഞ്ഞേനെ. തോക്ക് കയ്യില്‍ ഇല്ലാഞ്ഞിട്ടല്ല ബ്രിട്ടൻ ഗാന്ധിയെ വെടിവെക്കാഞ്ഞത്. സമാധാനത്തിനുമേല്‍ പൊടിയുന്ന ചോരയുടെ ഉഗ്രശേഷി തിരിച്ചറിയാനുള്ള വിദ്യാഭ്യാസവും സംസ്‌കാരവും അവര്‍ക്കുണ്ടായിരുന്നതുകൊണ്ടാണ്.
പക്ഷേ, ലെഖിംപൂരിലെ കൂട്ടക്കൊലയും അതിനെത്തുടര്‍ന്നുണ്ടായ സമരോണര്‍വും നിലനില്‍ക്കുമെന്ന് കരുതാന്‍ വയ്യ. കാര്‍ഷിക പ്രതിസന്ധി എന്ന ജീവല്‍പ്രമേയത്തെ മുഖ്യധാരാരാഷ്ട്രീയ കക്ഷികള്‍ ഒരു മുദ്രാവാക്യമായി മുന്നോട്ടുവെക്കുമെന്നും കര്‍ഷകപോരാട്ടത്തെ ജെ പി പ്രസ്ഥാനത്തെ അനുസ്മരിപ്പിക്കുന്ന ഒന്നായി മുന്നോട്ടു കൊണ്ടുപോകുമെന്നും പ്രതീക്ഷിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് വിജയമെന്ന താല്‍ക്കാലിക അജണ്ടയ്ക്ക് ചുറ്റും കറങ്ങുന്ന, തങ്ങള്‍ക്ക് പ്രാപ്യരായ കോര്‍പറേറ്റുകളോട് ദാസ്യം പുലര്‍ത്തുന്നവര്‍ തന്നെയാണ് അവരെല്ലാം. അപ്പോള്‍ പിന്നെ ഈ സമരം ഇനി എന്തുചെയ്യും എന്ന് നാം വിചാരിക്കണം? നിശ്ചയമായും ഇന്ത്യന്‍ പൊളിറ്റിയെ പ്രതിരോധസജ്ജമാക്കുന്ന ഒരു ഊര്‍ജസ്രോതസ്സായി ഈ സമരം നിലനില്‍ക്കും. ഭരണകൂടത്തിനെതിരില്‍ ഇനി ഉണര്‍ന്നുവന്നേക്കാവുന്ന എല്ലാത്തരം പ്രതിഷേധങ്ങള്‍ക്കും അത് ഒരു അധിക ഇന്ധനമാകും. വിശദീകരിക്കാം.
നാം പലപാട് ചര്‍ച്ച ചെയ്തതുപോലെ ഫാഷിസം എന്നത് കോര്‍പറേറ്റിസത്തിന്റെ നടപ്പാക്കല്‍ ദര്‍ശനമാണ്. കോര്‍പറേറ്റിസം അതിന്റെ ജനിതകഘടനയില്‍ തന്നെ അധിനിവേശ സ്വഭാവമുള്ളതും അടിസ്ഥാന ജനതയുടെ ജീവിതത്തെ ഇരുട്ടിലാക്കുന്നതുമാണ്. കോര്‍പറേറ്റിസത്തിന്റെ ലാഭാർത്തി നിറഞ്ഞ ഇടപാടുകളെ ദേശസ്‌നേഹം, ദേശീയത തുടങ്ങിയ പട്ടുകളില്‍ പൊതിയാനുള്ള ഇടനിലക്കാര്‍ മാത്രമാണ് ഫാഷിസത്തിലെ ഭരണകൂടം. നോക്കൂ, 1953-ല്‍ ഇന്ത്യ ദേശീയമാക്കിയ ഒന്നാണല്ലോ എയര്‍ ഇന്ത്യ? ഒരു വലിയ ജനാധിപത്യ രാജ്യത്തിന്റെ സ്വന്തമായ എയര്‍ലൈന്‍സ്. തോമസ് ഐസക് എഴുതുന്നു: “”വലിയൊരു പ്രതിഷേധം ഒന്നുമില്ലാതെ എയര്‍ ഇന്ത്യ വില്‍പ്പനയോടു പൊതുബോധം പൊരുത്തപ്പെട്ട മട്ടാണ്. മാധ്യമങ്ങളുടെ തലക്കെട്ടുതന്നെ നോക്കിയാല്‍മതി. വലിയൊരു വിഭാഗം കാവ്യനീതിയായിട്ടാണ് ഇതിനെ കാണുന്നത്. മറ്റുള്ള ചിലര്‍ എയര്‍ ഇന്ത്യ തറവാട്ടില്‍ തിരിച്ചെത്തിയെന്ന് ആശ്വസിക്കുകയാണ്. ബിജെപി ടിവിയുടെ ഇന്‍ഡ്രോയാണ് കലക്കിയത്. “നെഹ്‌റുവിന്റെ ചതിക്ക് കാലത്തിന്റെ തിരുത്ത്; പറക്കും മഹാരാജയെ വീണ്ടെടുത്ത് റ്റാറ്റ’. മറ്റു പല രാജ്യങ്ങളിലുമെന്നപോല രാജ്യത്തിന്റെ ഉടമസ്ഥതയില്‍ അന്താരാഷ്ട്ര വിമാനക്കമ്പനി വേണമെന്ന കാഴ്ചപ്പാടില്‍ 1953-ല്‍ എയര്‍ ഇന്ത്യ ദേശസാല്‍ക്കരിക്കുമ്പോള്‍ ഏതാനും വിമാനങ്ങളേ കമ്പനിക്ക് ഉണ്ടായിരുന്നുള്ളൂ. ഇന്ന് 128 വിമാനങ്ങളുള്ള ലോകത്തെ പ്രമുഖ കമ്പനികളില്‍ ഒന്നായി വളര്‍ന്നത് രാജ്യത്തിന്റെ ഭീമമായ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യാ സര്‍ക്കാരിന്റെ ഹോള്‍ഡിംഗ് കമ്പനിയിലേക്ക് നോണ്‍ കോര്‍ അസറ്റുകള്‍ മാറ്റിയിട്ടും സര്‍ക്കാരിന്റെ കണക്കു പ്രകാരം 50,000-ത്തിൽപരം കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ആസ്തികള്‍. ലോഗോ, ആര്‍ട്ട് കളക്ഷന്‍, ബ്രാന്‍ഡ് നെയിം ഇതൊക്കെ എങ്ങനെയാണു വിലയിട്ടിരിക്കുന്നതെന്നു പരിശോധിക്കുമ്പോഴേ അറിയൂ. ഈ 50,000 കോടി രൂപയുടെ ആസ്തിയുടെ നിയന്ത്രണം 2700 കോടി രൂപ ക്യാശായി നല്‍കി റ്റാറ്റ ഏറ്റെടുത്തിരിക്കുന്നു. ബിജെപി എത്ര ഉദാരമായിട്ടാണു നെഹ്‌റുവിന്റെ കൈത്തെറ്റിനെ തിരുത്തുന്നത്!

62,000 കോടി രൂപയാണ് മൊത്തം കടബാധ്യത. ഇതില്‍ വലിയൊരു പങ്ക് രണ്ടാം യുപിഎയുടെ കാലത്ത് 110 ബോയിംങ് പ്ലെയിനുകള്‍ വാങ്ങുന്നതിന് ഉണ്ടാക്കിയ കരാര്‍ സൃഷ്ടിച്ചതാണ്. ഇതിനെക്കുറിച്ച് സിഎജിയുടെ അതിനിശിതമായ വിമര്‍ശനം അന്നു വലിയ കോളിളക്കം സൃഷ്ടിച്ചതാണ്. ഈ ഭീമമായിട്ടുള്ള കടബാധ്യതയ്ക്കു കൊടുക്കേണ്ടിവരുന്ന പലിശയാണ് എയര്‍ ഇന്ത്യയെ നഷ്ടത്തിലാക്കുന്നത്. 2015-16 മുതല്‍ എയര്‍ ഇന്ത്യ ഓപ്പറേറ്റിംഗ് ലാഭത്തിലാണ്. അതായത് പലിശ, ഡിപ്രിസിയേഷന്‍, നികുതി എന്നിവ കുറയ്ക്കുന്നതിനുമുമ്പ് എയര്‍ ഇന്ത്യ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലാഭത്തിലാണ്. ഇതില്‍ ഏറ്റവും വലിയയിനം പലിശയാണ്. ഈ പലിശയില്‍ നിന്നും റ്റാറ്റയുടെ എയര്‍ ഇന്ത്യക്ക് മോചനം ലഭിച്ചിരിക്കുകയാണ്. സ്വാഭാവികമായും കമ്പനി ലാഭത്തിലാകും. ഇത് റ്റാറ്റയുടെ വലിയ മാജിക്കായി പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യും.

ആരാണ് ഈ പലിശ കൊടുക്കുക? നികുതിപ്പണംകൊണ്ട് ഇന്ത്യാ സര്‍ക്കാര്‍ നല്‍കും. കാരണം 18,000 കോടി രൂപയുടെ ബാധ്യത മാത്രമേ റ്റാറ്റ ഏറ്റെടുക്കുന്നുള്ളൂ. ബാക്കി മുഴുവന്‍ പൊതുമേഖലയിലുള്ള പുതിയൊരു ഹോള്‍ഡിംഗ് കമ്പനിയിലേയ്ക്കു മാറ്റിയിരിക്കുകയാണ്. ഈ 18,000 കോടി രൂപയിലാണ് ക്യാശായി 2700 കോടി രൂപ കൊടുക്കുന്നത്. ബാക്കി എയര്‍ ഇന്ത്യ ഭാവിയില്‍ ഉണ്ടാക്കുന്ന ലാഭത്തില്‍ നിന്നും തട്ടിക്കിഴിക്കാനാണു നിശ്ചയിച്ചിരിക്കുന്നത്. എന്നുവച്ചാല്‍ അത്രയും തുകയ്ക്കുള്ള കോര്‍പ്പറേറ്റ് നികുതി റ്റാറ്റ നല്‍കണ്ട. ഇതാണു കാവ്യനീതി.

ഭൂമി പോലുള്ള നോണ്‍കോര്‍ അസറ്റ്‌സ് ഹോള്‍ഡിംഗ് കമ്പനിയിലേയ്ക്കു മാറ്റിയതും വില്‍പ്പനയെ വെള്ളപൂശാനാണോയെന്നു സംശയിക്കേണ്ടതുണ്ട്. എയര്‍ ഇന്ത്യക്ക് കൈമാറിയ ആസ്തികള്‍ ഇരിക്കുന്നസ്ഥലം എങ്ങനെയാണു പുറത്തുള്ള ഒരാള്‍ക്കു മോണിറ്റൈസ് ചെയ്തു കൈമാറാന്‍ കഴിയുക? സ്ഥലം റ്റാറ്റയ്ക്കു കൈമാറി കിട്ടിയിട്ടില്ലായെന്നേയുള്ളൂ. അതിന്റെ തുടരുപയോഗം റ്റാറ്റയ്ക്കു തന്നെ.
എയര്‍ ഇന്ത്യയുടെ വിജയകരമായ വില്‍പ്പനമൂലം ഇന്ത്യാ സര്‍ക്കാറിന്റെ പൊതുമേഖലാ വില്‍പ്പനകള്‍ക്കു ചിറകുവച്ചിരിക്കുകയാണ് എന്നാണു റിപ്പോര്‍ട്ട്. ഈ മാതൃകയിലാണു വില്‍പ്പനയെങ്കില്‍ സ്ഥാപനങ്ങള്‍ കോർപറേറ്റുകള്‍ക്കു കിട്ടും. പക്ഷേ, സര്‍ക്കാരിന് എന്തു കിട്ടും? എത്രയോ പതിറ്റാണ്ടു ജനങ്ങളില്‍ നിന്നു പിരിച്ച നികുതികൊണ്ടു സ്വരൂപിച്ച നാടിന്റെ പൊതുസ്വത്തുക്കള്‍ ചുളുവിലയ്ക്കു വില്‍ക്കുന്ന ഏര്‍പ്പാടാണു സ്വകാര്യവത്കരണവും മോണിറ്റൈസേഷനും.” ഇതാണ് എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ സംഭവിച്ചത്. ടാറ്റ കോര്‍പറേറ്റാണ്. മോദി ഫാഷിസ്റ്റ് ഭരണാധികാരിയും. എത്ര എളുപ്പത്തിലാണ് ജനാധിപത്യ ഇന്ത്യ വലിയതോതില്‍ ചര്‍ച്ച ചെയ്യേണ്ട ഒരു സംഗതിയെ അതിലളിതമായി നടപ്പാക്കിയത്. മറ്റൊന്ന് ഇപ്പോള്‍ രൂക്ഷമാകുന്ന കല്‍ക്കരി പ്രതിസന്ധിയാണ്. ദേശസാല്‍ക്കരിക്കപ്പെട്ട കല്‍ക്കരിരംഗം സ്വകാര്യ കുത്തകകള്‍ക്ക് തുറന്നുകൊടുത്തതിന്റെ രൂക്ഷഫലമാണ് ഈ പ്രതിസന്ധി. വൈദ്യുതി കിട്ടാക്കനിയാവുമെന്നതാണ് ഫലം. ഇത് ബാധിക്കുക ഇന്ത്യന്‍ ഗ്രാമങ്ങളെയാണ്.

സമീപകാലത്തെ രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണ് ചൂണ്ടിക്കാട്ടിയത്. രാജ്യം എല്ലാ അര്‍ഥത്തിലും വലിയ പ്രതിസന്ധികളെ നേരിടാന്‍ പോകുന്നു. പതിവു പോലെ സൈന്യത്തെ മുന്‍നിര്‍ത്തിയുള്ള കണ്ണുകെട്ടിക്കളി ഇനി വിജയിക്കണമെന്നില്ല.
പക്ഷേ, രാജ്യത്തിന്റെ ജീവിതം പ്രതിസന്ധിയിലാകുന്ന ഘട്ടം സംജാതമായാല്‍ മനുഷ്യര്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടി വരും. അളമുട്ടിയവന്റെ ഗതികേടാണത്. അപ്പോള്‍ ആ തെരുവുകളില്‍ അവര്‍ കര്‍ഷകരെ കാണും. അതിദീര്‍ഘമായി തുടരുന്ന അവരുടെ സമരങ്ങള്‍ കാണും. കോര്‍പറേറ്റിസത്തിനും പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുന്ന ഫാഷിസ്റ്റ് ഭരണത്തിനും എതിരെ കര്‍ഷകര്‍ നടത്തുന്ന സമരം തങ്ങളുടേതുകൂടിയാണെന്ന് ആ മനുഷ്യര്‍ മനസിലാക്കും. അതൊരു പ്രതീക്ഷയാണ്. പ്രതീക്ഷകളാണ് ചരിത്രത്തെ തിരുത്തിയതും നിര്‍മിച്ചതും.

കെ കെ ജോഷി

You must be logged in to post a comment Login