സുജൂദുകൾക്കിടയിലെ ഇരുത്തം

സുജൂദുകൾക്കിടയിലെ  ഇരുത്തം

രണ്ട് സുജൂദുകൾക്കിടയിലെ ഇരുത്തമാണ് നിസ്കാരത്തിന്റെ അനിവാര്യ ഘടകങ്ങളിൽ എട്ടാമത്തേത്.

നിസ്കാരത്തിന്റെ മറ്റു ഘടകങ്ങളിൽ നിന്ന് വ്യത്യസ്തമായി രണ്ട് സുജൂദുകളാണ് ഓരോ റക്അതിലും നിർവഹിക്കേണ്ടത്. വിനയത്തിന്റെയും വിധേയത്വത്തിന്റെയും പാരമ്യതയിലുള്ള കർമമായതുകൊണ്ടാണ് ഓരോ റക് അതിലും സുജൂദ് ആവർത്തിക്കാൻ നിർദേശിക്കപ്പെട്ടിട്ടുള്ളത്. നിയ്യത് ചെയ്ത് നിസ്കാരം ആരംഭിക്കുന്ന സത്യവിശ്വാസി ഖുർആൻ പാരായണം, റുകൂഅ്, ഇഅ്തിദാൽ എന്നീ കർമങ്ങൾ നിർവഹിക്കുന്നു. വിനയത്തോടെ സുജൂദിലേക്ക് പോകുന്നു. സുജൂദിൽ പരമമായ വണക്കവും വിധേയത്വവും പ്രകടിപ്പിക്കുന്നു. എണീറ്റിരിക്കാനുള്ള നിർദേശം പാലിക്കുന്നു. മഹത്തായ ഈ കർമങ്ങളെല്ലാം അനുഷ്ഠിക്കുന്നതിന് സൗഭാഗ്യം നൽകിയ നാഥന് നന്ദി പ്രകടിപ്പിച്ച് വീണ്ടും സുജൂദ് ചെയ്യുന്നു. ഇതാണ് രണ്ടാം സുജൂദിന് പിന്നിലെ പൊരുളെന്ന് ജ്ഞാനികൾ വിവരിച്ചിട്ടുണ്ട്. സുജൂദിൽ പ്രാർഥന നിർവഹിക്കാൻ നിർദേശിക്കുകയും അത് പ്രത്യുത്തരം ലഭിക്കാൻ ഏറെ സാധ്യതയുള്ളതാണെന്നറിയിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ പ്രാർഥനക്ക് പ്രത്യുത്തരം നൽകുന്ന നാഥന് കൃതജ്ഞത രേഖപ്പെടുത്തുക എന്നതും രണ്ടാം സുജൂദിന്റെ ലക്ഷ്യമാണ്. രാജസന്നിധിയിൽനിന്ന് തന്റെ ആവശ്യങ്ങൾ സാധിച്ചുകിട്ടുന്ന മുറക്ക് രാജാവിന് കൃതജ്ഞത രേഖപ്പെടുത്തുക സ്വാഭാവികമാണല്ലോ.

“റബ്ബിഗ്ഫിർലീ വർഹംനീ വജ്ബുർനീ വർഫഅ്നീ വർസുഖ്നീ വഹ്ദിനീ വആഫിനീ’ എന്റെ നാഥാ എന്നോട് പൊറുക്കേണമേ, കരുണ ചൊരിയുകയും എന്റെ വീഴ്ചകൾ പരിഹരിക്കുകയും ചെയ്യേണമേ, അഭിവൃദ്ധിയും ആവശ്യമായ വിഭവങ്ങളും നൽകി എന്നെ അനുഗ്രഹിക്കേണമേ. നേർവഴിയിൽ നടത്തുകയും സൗഖ്യം നൽകുകയും ചെയ്യേണമേ.. എന്നാണ് ഇടയിലെ ഇരുത്തത്തിൽ പ്രാർഥിക്കേണ്ടത്.
ഇഫ്തിറാശിന്റെ ഇരുത്തമാണ് സുജൂദുകൾക്കിടയിൽ അഭികാമ്യം. കാൽമുട്ടുകളും കാൽവിരലുകളുടെ അഗ്രവും നിലത്തുവെച്ച് കാൽമടമ്പുകൾക്കുമേൽ ഇരിക്കുകയുമാകാം. എന്നാൽ കാൽമുട്ടുകൾ ഉയർത്തിവെച്ച് ചണയെല്ല് നിലത്തുവെച്ച് നായ ഇരിക്കുന്നതുപോലെ ഇരിക്കുന്നത് അഭിലഷണീയമല്ല. തക്ബീർ ചൊല്ലിക്കൊണ്ടാണ് സുജൂദിൽനിന്ന് ഇരുത്തത്തിലേക്ക് വരേണ്ടത്.സുജൂദിൽനിന്ന് ശിരസ്സുയർത്താൻ ആരംഭിക്കുന്നതും തക്ബീർ ആരംഭിക്കുന്നതും ഒരുമിച്ചായിരിക്കലും ശരിയായി ഇരിക്കുന്നതുവരെ തക്ബീർ ദീർഘിപ്പിക്കലും സുന്നതാണ്. ഇരുത്തത്തിൽ ഇരു കൈകളും കാൽമുട്ടിനോടു ചേർന്ന് അതതു ഭാഗത്തെ തുടയിൽ വെക്കുന്നതാണ് അഭികാമ്യം. വിരലുകൾ ഖിബ്്ലക്കു നേരെനിവർത്തിപ്പിടിച്ചും പരസ്പരം ചേർത്തുമാണ് വെക്കേണ്ടത്.
മറ്റു കർമങ്ങളിലെപോലെ സുജൂദിൽ നിന്ന് തലയുയർത്തുമ്പോൾ ഇരുത്തം അല്ലാതെ മറ്റു ഉദ്ദേശ്യങ്ങളുണ്ടാകാൻ പാടില്ല. തേൾ കുത്തിയതിൽ പരിഭ്രാന്തനായോ മറ്റോ ഉയർന്നശേഷം ഇടയിലുള്ള ഇരുത്തത്തിലേക്ക് പോയാൽ സാധുവാകുകയില്ല. അത്തരം സന്ദർഭങ്ങളിൽ സുജൂദിലേക്ക് മടങ്ങിയ ശേഷം ഇരുത്തത്തിലേക്ക് വരേണ്ടതാണ്.
സൂജൂദുകൾക്കിടയിലുള്ള ഇരുത്തം നിസ്കാരത്തിലെ ഒരു ഹ്രസ്വ ഘടകമാണ്. അതിനാൽ നിർബന്ധ അത്തഹിയ്യാതിനെക്കാൾ ദീർഘിപ്പിക്കാൻ പാടില്ല. അങ്ങനെ ദീർഘിപ്പിച്ചാൽ നിസ്കാരം അസാധുവാകുന്നതാണ്.

സുജൂദുകൾക്കിടയിലെ ഇരുത്തം, അതിൽ നിശ്ചലമാവൽ – തുമഅ്നീനത്- എന്നിവ അനിവാര്യ ഘടകങ്ങളാണ് എന്നാണ് ഇമാം ശാഫിഈയുടെ(റ) വീക്ഷണം. ബഹുഭൂരിപക്ഷം പണ്ഡിതന്മാർക്കും ഈ വീക്ഷണമാണുള്ളത്. നിർബന്ധമല്ലെന്ന വീക്ഷണവുമുണ്ട്. ഇമാം അബൂഹനീഫക്ക്(റ) ഈ വീക്ഷണമാണുള്ളത്. സുജൂദിൽനിന്ന് അൽപമൊന്ന് തലയുയർത്തി അടുത്ത സുജൂദ് നിർവഹിച്ചാലും മതിയെന്നാണ് ഇമാം അബൂഹനീഫയുടെ(റ) വീക്ഷണം.

റുകൂഅ്, ഇഅ്തിദാൽ, സുജൂദ്, ഇടയിലെ ഇരുത്തം എന്നിവയിലെല്ലാം അടക്കം (തുമഅ്നീനത്) അനിവാര്യമാണ്. നിസ്കാരത്തിന്റെ നിർബന്ധ ഘടകങ്ങളിൽ ഒൻപതാമത്തേതാണ് തുമഅ്നീനത്. നിർബന്ധ നിസ്കാരങ്ങളിലും ഐച്ഛിക നിസ്കാരങ്ങളിലും തുമഅ്നീനത് നിർബന്ധമാണ്. ഒരു കർമത്തിൽ നിന്ന് അടുത്ത കർമത്തിലേക്ക് നീങ്ങുന്നതിനിടയിൽ രണ്ട് കർമങ്ങളെയും വേർതിരിക്കുന്ന വിധം അൽപസമയം അവയവങ്ങളെ നിശ്ചലമാക്കി നിർത്തുക എന്നതാണ് തുമഅ്നീനത് കൊണ്ടുദ്ദേശിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് സുബ്ഹാനല്ലാ എന്ന് പറയാൻ അവശ്യമായ സമയമെങ്കിലും അടങ്ങേണ്ടതാണ്. റുകൂഅ്, ഇഅ്തിദാൽ, സുജൂദ്, ഇടയിലെ ഇരുത്തം എന്നിവയിലെല്ലാം തുമഅ്നീനത് അനുഷ്ഠിക്കണമെന്നും കാക്ക കൊത്തുന്നതു പോലെ ധൃതിപിടിച്ച് നിർവഹിക്കരുതെന്നും, അങ്ങനെ ചെയ്യുന്നത് നിസ്കാരം കവർച്ച ചെയ്യലാണെന്നും മറ്റും റസൂൽ(സ) അരുളിയിട്ടുണ്ട്.

(തുടരും)

You must be logged in to post a comment Login