മാധ്യമങ്ങളേ, നമ്മള്‍ ഈ ചെയ്യുന്നത് വയലന്‍സാണ്

മാധ്യമങ്ങളേ,  നമ്മള്‍ ഈ ചെയ്യുന്നത്  വയലന്‍സാണ്

നിങ്ങളുടെ അഭിപ്രായം ആവശ്യമില്ലാത്ത ഒരിടത്ത്, അനുകൂലമായോ പ്രതികൂലമായോ നിങ്ങള്‍ പുറപ്പെടുവിക്കുന്ന ഏതഭിപ്രായവും അടിസ്ഥാനപരമായി വയലന്‍സാണ്. അതിനാല്‍ അനുപമ എന്ന യുവതിയുമായി ബന്ധപ്പെട്ട് നാം ഇപ്പോള്‍ സംസാരിക്കാന്‍ പോകുന്ന കാര്യങ്ങളിലാകെ വയലന്‍സിന്റെ നിഷ്ഠുരമായ പ്രയോഗങ്ങളുണ്ട്. നമുക്ക് പറയാനുള്ളത് ആത്യന്തികമായി അനുപമയെക്കുറിച്ചല്ലാത്തതിനാലും അക്കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ അനുപമ ഒരു കാരണമായതിനാലും വയലന്‍സാണെന്നും സാമൂഹികമായ മര്യാദകേടാണെന്നും മനുഷ്യര്‍ ആര്‍ജിച്ച സാമൂഹികബോധ്യങ്ങളുടെ ലജ്ജാകരമായ നിരാകരണമാണെന്നും അറിഞ്ഞുകൊണ്ടു തന്നെ ചില കാര്യങ്ങള്‍ പറയുകയാണ്. സ്ത്രീ, അതും കാഴ്ചാവിപണിക്ക് പലനിലകളില്‍ അഭിമതയാകാന്‍ പാങ്ങുള്ള സ്ത്രീ, ലൈംഗികത തുടങ്ങിയവ പ്രമേയമാകുന്ന വിഷയങ്ങളോട് മാധ്യമങ്ങളും അവരുടെ ക്യാമറകളും ന്യൂസ്‌റൂമുകളും കാണിക്കുന്ന അതിദാരുണമായ വാര്‍ത്താര്‍ത്തി നമ്മുടെ സാമൂഹികതയില്‍ സൃഷ്ടിക്കുന്ന അനഭിലഷണീയതകളെക്കുറിച്ചാണ് ഈ എഴുത്ത്. അതിലേക്കുള്ള പ്രവേശകമെന്ന നിലയില്‍ മാത്രം അനുപമ എന്ന നിര്‍ഭാഗ്യവതിയായ യുവതിയെക്കുറിച്ച് പറയുന്നു. നിര്‍ഭാഗ്യവതി എന്ന വാക്ക് അലങ്കാരമായോ ക്ഷമാപണമായോ കുറിച്ചതല്ല. മോഡേണിറ്റി അഥവാ ആധുനികത എന്ന് നാം ധരിച്ചു വശായി ജീവിതത്തില്‍ പ്രയോഗിക്കുന്ന പലതും നമ്മെ നിസ്സഹായരായ ഇരകള്‍ മാത്രമാക്കുന്ന വിപണി വിദ്യയാണെന്നും ആത്യന്തികമായി അത് ചൂഷണോപാധിയാണെന്നും തിരിച്ചറിയാന്‍ കെല്‍പില്ലാതെ പോയ സ്ത്രീ എന്ന നിലയിലാണ്.

കുടുംബം, ധാര്‍മികത, സദാചാരം തുടങ്ങിയ പ്രമേയങ്ങള്‍ മനുഷ്യര്‍ക്കെതിരായ ഗൂഡാലോചനയാണെന്നും അത് മനുഷ്യസ്വാതന്ത്ര്യത്തിന്റെ മനോഹാരിതയെ റദ്ദാക്കുന്ന ഒന്നാണെന്നുമുള്ള വാദങ്ങള്‍ അനുപമയെചുറ്റിപ്പറ്റി വികസിക്കുന്നത് ശ്രദ്ധിച്ചുവോ? ആ വാദമാണ് പുരോഗമനമെന്നും മറ്റെല്ലാം പിന്തിരിപ്പനുമാണെന്ന്, നവമാധ്യമ പരിലാളിതരായ ബുദ്ധിജീവികള്‍ ഘോഷിക്കുന്നത് കേട്ടുവോ? അങ്ങനെയാണോ? സങ്കീര്‍ണമായ മനോനിലകളുടെ സമുച്ഛയമായ മനുഷ്യജീവിയെ നിലനിര്‍ത്തുന്നതിനും അതിജീവിപ്പിക്കുന്നതിനും കാലം രൂപം നല്‍കിയ, അഥവാ കാലത്താല്‍ രൂപപ്പെട്ട ഒരു ഘടനയായി അവയെ മനസിലാക്കിയാല്‍ നാം പിന്തിരിപ്പന്‍മാരാകുമോ? അതിനെക്കാള്‍ മെച്ചപ്പെട്ട വ്യവസ്ഥയിലേക്ക് സഞ്ചരിച്ചെത്തും വരെ ഇവ മൂന്നും നാം റദ്ദാക്കേണ്ടതുണ്ടോ? സ്ത്രീയെ വിഭവമായി കാണുന്ന, മനുഷ്യരെ വാങ്ങലുകാര്‍ മാത്രമായി കാണുന്ന കൂട്ടരോടല്ല ചോദ്യം. അവര്‍ക്ക് അതാണ് താല്പര്യമെന്ന് അറിവുള്ളതാണ്. അല്ലാത്തവരും കെണിയില്‍ വീഴുകയാണോ? അനുപമയെപ്പോലെ?

അനുപമയെക്കുറിച്ച് ഇതിനോടകം നിങ്ങള്‍ അറിഞ്ഞുകഴിഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കാം. തിരുവനന്തപുരം സ്വദേശിയാണ് അനുപമ. ആധുനികമെന്ന് നാം ഇപ്പോള്‍ കരുതിപ്പോരുന്ന വിചാരങ്ങള്‍-വാസ്തവത്തില്‍ അതിഉത്തരാധുനികതയുമായാണ് അതിന് ചാര്‍ച്ച, സൗകര്യത്തിനുവേണ്ടി ആധുനികം എന്ന് വിവക്ഷിക്കുന്നതാണ്- അത്രമാത്രം പറയാനേ സമ്മതിക്കൂ. വ്യക്തിയെ അവരുടെ സാമൂഹികതയുടെ അടരുകളില്‍ നിന്ന്, അവര്‍ ഒരു പ്രശ്‌നത്തില്‍ പങ്കാളിയാകുന്നതിനുമുമ്പുള്ള അവരുടെ സ്വാഭാവികമായ സാമൂഹികബന്ധ നിലകളില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രശ്‌നത്തിലേക്ക് തള്ളിയിടുന്ന ഒരു രീതിയാണ് കണ്ടുവരുന്നത്. ഫെമിനിസം തുടങ്ങി മഹാമനീഷികള്‍ പോരാടി സ്ഥാപിച്ച വലിയ ആശയങ്ങളെ ഇത്തരം അടര്‍ത്തിമാറ്റലായി ലഘൂകരിക്കലാണ് നടപ്പുനീതി. അല്ലാത്തത് എല്ലാം അവളുടെ ഏജന്‍സിക്ക് മേലുള്ള കയ്യേറ്റമായി വിലയിരുത്തപ്പെടും. പലപ്പോഴും അത് ശരിയാണു താനും. പക്ഷേ, അതുവരെ സുഭദ്രമായി സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്ത ബന്ധനിലകള്‍ പൊടുന്നനെ ഏജന്‍സി എന്ന സാങ്കേതിക പദമായി പരിവര്‍ത്തിക്കുന്നതിന്റെ യുക്തി മനസിലാവാത്ത മനുഷ്യരും ചേര്‍ന്നതാണല്ലോ നമ്മുടെ ലോകം. അതിനാല്‍ ബാക്കികൂടി ചേര്‍ക്കുന്നു.
പേരൂര്‍ക്കടയിലാണ് അനുപമയുടെ വീട്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന, വലിയ ട്രേഡ് യൂണിയനിസ്റ്റായിരുന്ന, രാഷ്ട്രീയമായി എല്ലാ അര്‍ഥത്തിലും അതിബലവാനായിരുന്ന പേരൂര്‍ക്കട സദാശിവന്റെ മകന്‍ ജയചന്ദ്രന്റെ രണ്ട് പെണ്‍മക്കളില്‍ ഇളയവള്‍. ജയചന്ദ്രനും സി.പി.എം നേതാവാണ്. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗം. മിശ്രവിവാഹിതനാണ് അദ്ദേഹം. ഭാര്യ ക്രിസ്തുമത വിശ്വാസികളുടെ മകള്‍. അനുപമ പഠിക്കാന്‍ മിടുക്കിയായിരുന്നു. അച്ഛന്റെയും മുത്തച്ഛന്റെയും പാത പിന്തുടര്‍ന്ന് (അങ്ങനെ തന്നെയാണ് പറയേണ്ടത്. കാരണം ബാലസംഘത്തിലൂടെയാണ് അനുപമയുടെ പൊതുജീവിത പ്രവേശനം. ബാലസംഘം എന്നത് ഒരാളുടെ സ്വന്തം തിരഞ്ഞെടുപ്പല്ല.) അനുപമയും പൊതുപ്രവര്‍ത്തനത്തില്‍ എത്തി. ബാലസംഘത്തില്‍ നിന്ന് മുതിര്‍ന്നപ്പോള്‍ എസ്.എഫ്.ഐ ആയി. ഇക്കാലത്ത് നാം ഇപ്പോള്‍ മനസിലാക്കുന്നതുപോലെ അനുപമ ഒരു പുരുഷനുമായി ബന്ധത്തിലാവുന്നു. സ്വാഭാവികം. അപ്പോഴും അനുപമ അവളുടെ അച്ഛനോടും അമ്മയോടും മൂത്തസഹോദരിയോടുമൊപ്പം ഒരു വീട്ടില്‍, ആ വീടിന്റെ എല്ലാ ജൈവിക-സാമ്പത്തിക-സാമൂഹിക മൂലധനത്തിന്റെയും ഭാഗമായി ആണ് കഴിയുന്നത്. എന്നുവെച്ചാല്‍ ആ വീട് എന്ന സാമൂഹികവ്യവസ്ഥയുടെ ഭാഗമാണ് അപ്പോഴും അനുപമ. വീട് എന്ന സാമൂഹികവ്യവസഥ നിങ്ങള്‍ക്ക് അഭയമുള്‍പ്പടെ പലതും നല്‍കുന്ന ഒന്നാണ്. അതേസമയം അത് ചില ബന്ധനിലകളെ നിങ്ങളിലേക്ക് ചുമത്തുന്നുമുണ്ട്. അതായത് നിങ്ങള്‍ വീട്ടില്‍ കഴിയുക എന്നാല്‍, വീടിന്റെ ജൈവിക-സാമൂഹിക-സാമ്പത്തിക വ്യവസ്ഥക്കുള്ളില്‍ ജീവിക്കുക അഥവാ വീടിനെ ഉപയോഗിക്കുക എന്നാല്‍ വീട് നിങ്ങളില്‍ ചുമത്തുന്ന ബന്ധനിലകളുടെ ഭാഗമാകുക എന്നുകൂടിയാണ്. അപ്രകാരം ബന്ധനിലകളുള്ള വീടിന്റെ മറ്റൊരു പേരാണ് കുടുംബം. അതൊരു സാമൂഹികസംവിധാനമാണ്. നാം ഇപ്പോള്‍ അറിയുന്നതുപോലെ അജിത്ത് എന്ന പുരുഷനുമായി ബന്ധത്തിലാകുമ്പോഴും അനുപമ കുടുംബത്തില്‍ തുടരുകയാണ്. അതായത് കുടുംബത്തിനകത്തുള്ള അനുപമയാണ് അജിത്തുമായി ബന്ധത്തിലാകുന്നത്. സ്വാഭാവികമായും അതില്‍ കുടുംബം എന്ന സംവിധാനത്തിന് ഒരു അഭിപ്രായാവകാശമുണ്ടായി വരും. നാം എത്രയൊക്കെ നിഷേധിച്ചാലും അതാണ് വസ്തുത. ബന്ധനിലകള്‍ സൂക്ഷിക്കാനുള്ള കുടുംബം എന്ന വ്യവസ്ഥയിലെ അംഗത്തിനുള്ള കടമ എന്ന നിലയിലാണ് കുടുംബാംഗത്തിനുമേല്‍ കുടുംബത്തിന്റെ അധികാരം പ്രവര്‍ത്തിക്കുക. അത് ആ വ്യവസ്ഥയില്‍ നിന്ന് ഈ അംഗം അനുഭവിച്ചു പോരുന്ന ആനുകൂല്യങ്ങള്‍ക്കുള്ള പ്രതിഫലമായും മനസിലാക്കാം. വലിയ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുള്ളതും പിന്തിരിപ്പന്‍ ചാപ്പ എളുപ്പത്തില്‍ കിട്ടാനിടയുള്ളതുമായ ഒന്നാണ് ഈ വാദം. വ്യക്തിയുടെ ചോയ്സിലും അവകാശത്തിലും സ്വാതന്ത്ര്യത്തിലും കുടുംബത്തിന് എന്തുകാര്യം എന്ന ചോദ്യവും ഉയരാം. ഇപ്പോള്‍ അത്തരം ചോദ്യങ്ങള്‍ സുലഭവുമാണ്. കുടുംബം ഒരു വിധ്വംസക ശക്തിയാണ്, ആണധികാരത്തിന്റെ കൂത്തരങ്ങാണ് എന്നും വാദിക്കാം. ആദ്യത്തെ വാദത്തിന്, എങ്കില്‍ കുടുംബം എന്ന മൂലധനവ്യവസ്ഥയുടെ ആനുകൂല്യങ്ങളില്‍ നിന്ന് സമ്പൂര്‍ണമായി പുറത്തുവരൂ എന്നാണ് ഉത്തരം. രണ്ടാമത്തെ വാദത്തിന്, കുടുംബത്തെ ജനാധിപത്യവത്കരിക്കൂ എന്നുമാണ് ഉത്തരം. ജനാധിപത്യവത്കരിക്കപ്പെട്ട കുടുംബത്തില്‍ നിന്നേ പൊതുപ്രവര്‍ത്തകർ സംഭവിക്കൂ എന്ന് ചെറുതായി മനസിലാക്കാം. അങ്ങനെയെങ്കില്‍ ജനാധിപത്യവല്‍കരിക്കപ്പെട്ട ഒരു കുടുംബമാണ് പേരൂര്‍ക്കടയിലെ ജയചന്ദ്രന്റേത്.

അനുപമയുടെ ബന്ധം കുടുംബം എന്ന വ്യവസ്ഥ അറിയുന്നു. അനുപമ കുടുംബത്തെ തരിമ്പും ഉപേക്ഷിച്ചിട്ടില്ല എന്നതും മനസിലാക്കണം. സ്വാഭാവികമായും കുടുംബം അതിന്റെ ഘടനാപരമായ സവിശേഷതയാല്‍ അതില്‍ അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നു. പേരൂര്‍ക്കടയിലെ കുടുംബത്തിനകത്തെ വ്യവസ്ഥകളോട്-അതായത് അനുപമ ഭാഗഭാക്കായ, അവര്‍ ഉപേക്ഷിച്ചിട്ടില്ലാത്ത-ചേര്‍ന്നുപോകുന്ന ഒന്നാണോ ആ ബന്ധം എന്നതുസംബന്ധിച്ചാണ് കുടുംബം അന്വേഷിച്ചത്. വ്യക്തിയെക്കാള്‍ പതിന്‍മടങ്ങ് സാമൂഹികബാധ്യതകള്‍ കുടുംബം എന്ന വ്യവസ്ഥക്കുണ്ട് എന്നതും ഓര്‍ക്കണം.

അനുപമ ബന്ധം സ്ഥാപിച്ച അജിത്ത് അന്നേരം വിവാഹിതനും പിതാവുമാണ്. അയാളും മറ്റൊരു കുടുംബം എന്ന സാമൂഹികസംവിധാനത്തിന്റെ ഭാഗമാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ അനുസരിച്ചാണല്ലോ കുടുംബം എന്ന വ്യവസ്ഥയും പ്രവര്‍ത്തിക്കുന്നത്. വിവാഹിതനായ, കുടുംബം സൂക്ഷിക്കുന്ന ഒരാള്‍ക്ക് മറ്റൊരു വിവാഹം കഴിക്കാന്‍ അയാള്‍ക്ക് ബാധകമായ നിയമം അനുവദിക്കുന്നില്ല എങ്കില്‍ കുടുംബം ആ നിയമത്തെയാണ് അംഗീകരിക്കുക. കുടുംബം കേവലം കെട്ടിടം അല്ല. അത് നിയമം എന്നതുപോലെ മനുഷ്യസമൂഹം കടന്നുപോന്ന ദീര്‍ഘമായ ചരിത്രം രൂപപ്പെടുത്തിയ ചില വ്യവസ്ഥകളെയും പിന്‍പറ്റുന്നുണ്ട്. നിങ്ങള്‍ക്ക് കുടുംബം എന്ന വ്യവസ്ഥയെ അഥവാ സംവിധാനത്തെ പൂര്‍ണമായി ഉപേക്ഷിച്ചുകൊണ്ട് ആ നിയമത്തെ വെല്ലുവിളിക്കാം, ലംഘിക്കാം. കുടുംബത്തില്‍ ജീവിച്ചുകൊണ്ട് സാധ്യമാവില്ല. മാത്രവുമല്ല കുടുംബം വൈകാരികതകളുടെ ജനാധിപത്യം കൂടിയാണ്. നിങ്ങളുടെ വൈകാരികത കുടുംബത്തിലെ മറ്റൊരു അംഗത്തിന്റെ വൈകാരികതകളെ ഹനിക്കരുത് എന്നതാണ് ആ ജനാധിപത്യം. അപ്പോള്‍ വിവാഹിതനും പിതാവുമായ ഒരു കുടുംബാംഗം മറ്റൊരു കുടുംബത്തിലെ അംഗവുമായി കുടുംബബന്ധം സ്ഥാപിക്കല്‍ ജനാധിപത്യലംഘനമാവും. അജിത്ത് ചെയ്തത് ജനാധിപത്യലംഘനവും കുടുംബവ്യവസ്ഥാ ലംഘനവുമാണ്. സ്വാഭാവികമായും അനുപമയുടെ കുടുംബം അതിനെ എതിര്‍ക്കും. എതിര്‍ത്തു. ഇതിനിടയില്‍ കുടുംബത്തിനകത്ത് വ്യവസ്ഥാപരമായി സംഭവിക്കണം എന്ന് കുടുംബം നിര്‍ബന്ധം പിടിക്കാറുള്ള ഗര്‍ഭധാരണം അനുപമക്കുണ്ടാകുന്നു. അജിത്ത് വിവാഹമോചനം എന്ന നിയമപ്രക്രിയയിലൂടെ അയാളുടെ കുടുംബത്തിന് പുറത്തുവന്നിട്ടില്ല. അപ്പോള്‍ അനുപമയുടെ ഗര്‍ഭം അവരുടെ കുടുംബത്തിനകത്ത് വ്യവസ്ഥാലംഘനവും നിയമലംഘനവുമായി മാറുന്നു. അത്രയുമാണ് സംഭവിച്ചത്. കുടുംബത്തിന് അപ്പോള്‍ നേതൃത്വം നല്‍കിയിരുന്ന ജയചന്ദ്രന്‍ ആ വ്യവസ്ഥാലംഘനം പരിഹരിക്കാന്‍ നടത്തിയ ശ്രമം-അത് നിയമവിരുദ്ധമായാണോ എന്നത് അന്വേഷണത്തിലൂടെ മാത്രം തെളിയേണ്ടതാണ്. നിയമവിരുദ്ധ നീക്കം ആണെങ്കില്‍ അതിന് കൂട്ടുനിന്ന സംവിധാനങ്ങള്‍ പ്രതിക്കൂട്ടില്‍ വരണം. അത് മറ്റൊരു വിഷയമാണ്. ജയചന്ദ്രന്‍ എന്തിനത് ചെയ്തു എന്നതിന് അദ്ദേഹത്തിന്റെ പരിചയത്തിലുള്ള എന്‍.വി അജിത്ത് എന്നയാള്‍ എഴുതിയ കുറിപ്പില്‍ ചെറിയ ഉത്തരമുണ്ട്. വായിക്കാം:
“ആ പിതാവിനെ എനിക്കറിയാം. കോളേജില്‍ പഠിക്കുന്ന മകളെപ്പറ്റി, അവളുടെ രാഷ്ട്രീയ നിലപാടുകളെപ്പറ്റി അയാള്‍ വല്ലാതെ ഊറ്റം കൊണ്ടിരുന്നു. പൊതുവേദികളിലെ മകളുടെ പ്രസംഗത്തെപ്പറ്റി പറയുമ്പോള്‍ അയാളുടെ കണ്ണുകളില്‍ കണ്ട തിളക്കം… അത്, പ്രായത്തിന്റെ ചോരത്തിളപ്പുള്ള കാലത്തെ എടുത്തുചാട്ടത്തില്‍ രാഷ്ട്രീയഭാവി ഉടഞ്ഞുപോയ ഒരു മനുഷ്യന്റെ സ്വപ്നങ്ങളുടെ തിളക്കമായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ എടാപോടാ ബന്ധമുള്ള അടുത്ത കൂട്ടുകാരെപ്പോലെയായിരുന്നു. ഇവിടെ വാടാ അച്ഛാ എന്നൊക്കെ അവള്‍ അരുമയോടെ അയാളെ വിളിക്കുന്നത് എത്രയോ തവണ കേട്ടിരിക്കുന്നു… അവള്‍ക്കിഷ്ടപ്പെട്ടതെന്തും അന്നേദിവസം തന്നെ സാധിച്ചുകൊടുത്തിരുന്ന അച്ഛനുമായിരുന്നു അയാള്‍.

അപമാനഭാരത്താല്‍ തലകുനിഞ്ഞ നാളുകളില്‍ അയാള്‍ എന്നോട് ചോദിച്ചൊരു ചോദ്യമുണ്ട്:

ഒരു ജോലീം കൂലീമില്ല.. അത് സാരമില്ല, നമുക്കെന്തെങ്കിലും ചെയ്യാം. അവളുടെ ഇരട്ടിയോളംവരുന്ന പ്രായവും മറക്കാം. പക്ഷെ അയാള്‍ക്കൊരു ഭാര്യയില്ലേ? ചത്താലും അവള്‍ ഡൈവോഴ്‌സിന് സമ്മതിക്കില്ലെന്നാണ് പറയുന്നത്. ഇങ്ങനെയുള്ള ഒരവസ്ഥയില്‍ നിങ്ങളാണെങ്കില്‍ എന്തുചെയ്യും?

ഏതൊരു സാധാരണമനുഷ്യനെപ്പോലെയും അഭിമാനബോധമുള്ള ഒരാളായിരുന്നു അയാള്‍.

പാര്‍ട്ടിയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അച്ഛന്‍, അവസാന നാളുകളില്‍ മറവി രോഗം പിടിപെട്ട് വീട്ടില്‍ നിന്നും ഇറങ്ങി, ഏതോ ബസ്സില്‍ കയറി എവിടേയ്‌ക്കോ പോകുമ്പോള്‍ വേവലാതിയോടെ പലരെയും വിളിച്ച്, പലയിടങ്ങളില്‍ അന്വേഷിച്ച് ഒടുവില്‍ കണ്ടെത്തി ആളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്ന മകന്‍…
തനിക്കുണ്ടായ അപമാനം നാട്ടിലോ നാട്ടാരെയോ അറിയിക്കാതിരിക്കാന്‍ അയാള്‍ ഏറെ പണിപ്പെട്ടു. പ്രത്യേകിച്ചും പാര്‍ട്ടി സഖാവായ അമ്മയോ ജ്യേഷ്ഠനോ ആയിടയ്ക്ക് ബാങ്കില്‍ മാനേജരായി പ്രവേശിച്ച മൂത്തമകളുടെ പ്രതിശ്രുതവരന്റെ വീട്ടുകാരോ ഇതറിയരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എങ്കിലും അയാള്‍ വിവാഹത്തിനുമുമ്പ് തന്നെ ആ ചെറുപ്പക്കാരനെ വിവരങ്ങള്‍ ധരിപ്പിച്ചു. ബോധവും വിവരവുമുള്ള അവന്‍, പിന്നീടയാള്‍ക്ക് തുണയായി നിന്നു.

പത്തോളം ബ്ലോക്കുകള്‍ നീക്കം ചെയ്തു തുന്നിച്ചേര്‍ത്ത ഹൃദയവുമായി മൂന്നോ നാലോ മാസത്തിനുള്ളില്‍ തന്നെ അയാള്‍ മരണപ്പാച്ചില്‍ തുടങ്ങി. കഠിനമായ സമ്മര്‍ദ്ദത്തില്‍ പലരുമായും തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടു. ചുറ്റുവട്ടത്തു തന്നെയുള്ള പല സുഹൃത്തുക്കളുമായും പിണങ്ങി. മകളുമായി കൗണ്‍സിലിംഗ് സെന്ററുകളില്‍ കയറിയിറങ്ങുമ്പോള്‍ അയാളുടെ പ്രതീക്ഷ ഒരു ദിവസം എല്ലാം ശരിയാകും എന്നു തന്നെയായിരുന്നു.

ഇന്നലെയും വൈകുന്നേരം ടിവിയില്‍ വന്നിരുന്ന് , അച്ഛന്‍ ശിക്ഷ ഏറ്റുവാങ്ങുക തന്നെ വേണം എന്നൊക്കെ പറയുമ്പോള്‍, മുട്ടില്‍ ഇഴയുന്ന പ്രായം മുതല്‍ക്കു അവളെ കാണുന്ന എന്റെ മനസ്സില്‍ വരുന്നൊരു സംശയമിതാണ് .

ബിപി കൂടി അച്ഛന് ചെറിയൊരു തലകറക്കം വന്നാലുള്ള അവളുടെ പേടിയും പരിഭ്രമവുമെല്ലാം അഭിനയമായിരുന്നോ? ഒരു ബൈപ്പാസ് സര്‍ജറിയ്ക്ക് ശേഷമുള്ള ജീവിതത്തെപ്പറ്റിയൊക്കെ അവള്‍ക്കും അറിവുള്ളതല്ലേ…
അതോ ഇനി ഇപ്പോഴത്തെ കുട്ടികളൊക്കെ ഇങ്ങനെയാണോ?
NB: ആത്യന്തികമായി അയാള്‍ ചെയ്തതിനോട് എനിക്കു യോജിപ്പില്ല. പക്ഷെ അത്തരമൊരവസ്ഥയില്‍ മറ്റെന്തുചെയ്യണമായിരുന്നു എന്ന ചോദ്യത്തിന് രണ്ടു പെണ്മക്കളുള്ള പിതാവെന്ന നിലയില്‍ ഉത്തരവുമില്ല.”
ചിലപ്പോള്‍ ഏകപക്ഷീയമായ ഒരുപക്ഷം ചേരലാവാം. പക്ഷേ, ഇങ്ങനെയും ചില പക്ഷങ്ങളും പക്ഷേകളും ഉള്ള സങ്കീര്‍ണമായ ഒന്നാണ് അനുപമ വിഷയം. കളത്തിനും കളികള്‍ക്കും പുറത്തുനില്‍ക്കുന്ന അജിത്ത് എന്ന പുരുഷന്റെ നിലപാട് ഇതുവരെ വ്യക്തവുമല്ല.

ഇത്രയുമാണ്, വയലന്‍സാണ് എന്ന ആമുഖത്തോടെ തുടങ്ങിയ കുറിപ്പില്‍ പറയാന്‍ ഉദ്ദേശിച്ച അനുപമയുടെ കഥ. അനുപമക്കും അജിത്തിനും ജയചന്ദ്രനും വാക്കുകള്‍കൊണ്ട് വെട്ടി മുന്നേറുന്ന പോരാളികള്‍ക്കുമപ്പുറം മറ്റൊരാള്‍ കൂടി ഈ കഥയിലുണ്ട്. അത് അനുപമയുടെ കുഞ്ഞാണ്. ആത്യന്തികമായി ഈ പറച്ചിലുകള്‍ എല്ലാം അവനോടുള്ള അതിക്രൂരമായ വയലന്‍സാണ് താനും.
അനുപമയും അവരുടെ പങ്കാളിയും കുഞ്ഞും ഒന്നുരണ്ട് കുടുംബങ്ങളും മാത്രം ഉള്‍പ്പെട്ട ഈ സംഗതികളില്‍ പൊതുതാല്‍പര്യത്തിന് വിധേയമാകേണ്ട ചില കാര്യങ്ങളേ ഉള്ളൂ. ദ ഫെഡറല്‍ ഡോട്ട് കോമിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിന അക്കാര്യം ഇങ്ങനെ ക്രോഡീകരിക്കുന്നുണ്ട്:

ഒന്ന്: ഒരു സ്ത്രീ, തന്റെ കുഞ്ഞിനെ കടത്തിക്കൊണ്ട് പോയി എന്ന് പരാതി കൊടുത്തിട്ട് ആറ് മാസം കഴിഞ്ഞിട്ടും അതില്‍ FIR ഇട്ട് അന്വേഷണം നടത്താതിരുന്ന പോലീസിന്റെ നടപടി.

രണ്ട്: കുട്ടിയെ കടത്തിക്കൊണ്ട് പോയി എന്ന് 2021 ഏപ്രില്‍ മാസത്തില്‍ ശിശുക്ഷേമ സമിതിയിൽ പരാതി നല്‍കിയിട്ടും, ആ കുട്ടിയുടെ മേല്‍ ബയോളജിക്കല്‍ മദര്‍ അവകാശം ഉന്നയിക്കുന്നുണ്ട് എന്നറിഞ്ഞിട്ടും അഡോപ്ഷന്‍ നടപടികളുമായി മുന്നോട്ട് പോയ ശിശുക്ഷേമ സമിതിയുടെ നടപടി.
മൂന്ന്: കുട്ടിയുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ ആദ്യം തെറ്റായി രേഖപ്പെടുത്തുകയും (പെണ്‍കുട്ടി ആണെന്ന രീതിയില്‍ )പിന്നീട് അത് തിരുത്തുകയും ചെയ്ത ശിശുക്ഷേമ സമിതിയുടെ നടപടി. കുട്ടിയുടെ ഐഡന്റിറ്റി തന്നെ ഒളിപ്പിച്ച് തെളിവ് നശിപ്പിക്കാനായി മനഃപൂര്‍വം ചെയ്തതാണ് എന്ന കുട്ടിയുടെ അമ്മയുടെ ആരോപണം അങ്ങേയറ്റം ഗൗരവം ഉള്ളതാണ്.

നാല്: ഡി എൻ എ ടെസ്റ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതി, മറ്റൊരു കുട്ടിയുടെ ഡി എൻ എ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ട് കാണിച്ചു എന്ന ആരോപണം.
ഇത് നാലും മാത്രമാണ് പൊതുവിഷയങ്ങള്‍ എന്നിരിക്കേ അനുപമയോടും അവര്‍ നേരത്തേ ഭാഗമായിരുന്ന കുടുംബത്തോടും ആ കുഞ്ഞിനോടും നമ്മുടെ മാധ്യമങ്ങള്‍ കാട്ടിയത് എന്താണ്? ദത്ത് നല്‍കപ്പെട്ട കുഞ്ഞിന്റെയും ദത്തെടുത്ത മാതാപിതാക്കളുടെയും സ്വകാര്യത എന്ന ആഗോളതലത്തില്‍ നിലനില്‍ക്കുന്ന മര്യാദയെ കാറ്റില്‍ പറത്താന്‍മാത്രം ക്രിമിനലിസത്തിലേക്ക് മാധ്യമങ്ങള്‍ നിലംപൊത്തിയത് എന്താണ്? സങ്കീര്‍ണമായ ഒരു നിയമപ്രശ്‌നം ചര്‍ച്ചയാക്കുന്നതിനുപകരം അനുപമ എന്ന സ്ത്രീയുടെ കണ്ണുകളിലേക്ക് ക്യാമറ വെച്ച് കണ്ണീര്‍ കുത്തിപ്പൊട്ടിക്കാന്‍ ആരാണ് ഇവര്‍ക്ക് അവകാശം നല്‍കിയത്? എന്തു വയലന്‍സാണിത്? നിങ്ങള്‍ എന്തെല്ലാമാണ് ഈ ചര്‍ച്ച ചെയ്യുന്നത്?
മരംമുറി മുതല്‍ മോന്‍സണ്‍ വരെ നീളുന്ന ആരോപണങ്ങളില്‍ പ്രതിക്കൂട്ടിലാണ് കേരളത്തിലെ മാധ്യമ ലോകം. ചില മാധ്യമപ്രവര്‍ത്തകര്‍ എന്ന് എഴുതാത്തത് മനപ്പൂര്‍വമാണ്. മാധ്യമപ്രവര്‍ത്തകര്‍ മാധ്യമം എന്ന വ്യവസ്ഥയുടെ ഭാഗമാണ്. അനുപമയും അവരുടെ കുഞ്ഞും കുടുംബം എന്ന വ്യവസ്ഥയുടെ ഭാഗമാണ് എന്നതുപോലെ. സ്ത്രീയെ അപമാനിച്ചതിന് സ്ഥാപനത്താല്‍ പുറത്താക്കപ്പെട്ട ഒരുവന്‍ സ്ത്രീകളുടെ കൂടി വോട്ട് നേടി പത്രപ്രവര്‍ത്തകരെ ഭരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട കാലവുമാണ്. ചാനലുകളിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പരസ്പരമുള്ള പുലയാട്ടുകളാല്‍ ചെളിതെറിപ്പിക്കുന്ന കാലവുമാണ്. സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. വിശ്വാസ്യത എന്നത് ഒരു വ്യവസ്ഥയുടെ നിര്‍മിതിയും അതിന്റെ അടിത്തറയുമാണ്. മറക്കാതിരിക്കട്ടെ.

കെ കെ ജോഷി

You must be logged in to post a comment Login