ന്യൂനപക്ഷ ജീവിതം : ബംഗ്ലാദേശിലും ഇന്ത്യയിലും

ന്യൂനപക്ഷ ജീവിതം :  ബംഗ്ലാദേശിലും ഇന്ത്യയിലും

ആധുനികലോക ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ രാഷ്ട്രീയ ദുരന്തമായി ഇന്ത്യയുടെ വിഭജനം മാറിയത് അത് സൃഷ്ടിച്ച പ്രത്യാഘാതങ്ങളുടെ വ്യാപ്തി കൊണ്ടാണ്. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് നേതാക്കള്‍ ( ഹിന്ദു, മുസ്‌ലിം നേതാക്കള്‍ എന്ന് പറയുന്നതാവും ശരി) കണക്കൂക്കൂട്ടിയത് പോലെയല്ല സംഭവഗതികള്‍ കെട്ടഴിഞ്ഞുവീണത്. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാത്ത മനുഷ്യപലായനമായിരുന്നു വിഭജനത്തോടെ തുടക്കം കുറിച്ചത്. 60ലക്ഷം മുസ്‌ലിംകള്‍ പടിഞ്ഞാറന്‍ പാകിസ്ഥാനിലേക്ക് അതിര്‍ത്തി കടന്നു നീങ്ങിയപ്പോള്‍ 50ലക്ഷം ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് പലായനം ചെയ്തു. മൂന്ന് കോടി മനുഷ്യര്‍ അവരുടെ ആവാസവ്യവസ്ഥയില്‍നിന്ന് പിഴുതെറിയപ്പെട്ടു എന്നാണ് ചരിത്രകാരന്മാരില്‍ ചിലര്‍ നല്‍കുന്ന സൂചന. കിഴക്കന്‍ പാകിസ്ഥാനിലെ വിസ്ഫോടനാവസ്ഥ അതിലും ഗുരുതരമായിരുന്നു. സ്വാതന്ത്ര്യപുലരി കൊണ്ടാടാന്‍ ഡല്‍ഹിയില്‍ തങ്ങാതെ ഗാന്ധിജി നവഖാലിയിലേക്ക് കുതിച്ചത് കിഴക്കന്‍ മേഖലയില്‍ സംഭവിച്ചേക്കാവുന്ന പൊട്ടിത്തെറി സ്വതന്ത്രഇന്ത്യയെന്ന സ്വപ്നം തന്നെ തകര്‍ക്കുമെന്ന ഉത്കണ്ഠയിലായിരുന്നു. കിഴക്കന്‍ ബംഗാളില്‍നിന്നുള്ള ഹിന്ദു അഭയാര്‍ഥികളുടെ പ്രവാഹം മൂലം കല്‍ക്കത്തയില്‍ വര്‍ഗീയതയുടെ തീക്കാറ്റ് ആഞ്ഞടിക്കുമെന്നും പതിനായിരക്കണക്കിന് നിരപരാധികള്‍ ഹോമിക്കപ്പെടുമെന്നും മഹാത്മജി ഭയപ്പെട്ടു. എന്നാല്‍ മഹാത്മജിയുടെ സാന്നിധ്യം കിഴക്കന്‍ മേഖലയില്‍ വന്‍പൊട്ടിത്തെറി ഒഴിവാക്കി. എന്തും സംഭവിക്കാവുന്ന അന്നത്തെ ഇന്ത്യനവസ്ഥയെ കുറിച്ച് സംഭ്രാന്തനായി കഴിയുകയായിരുന്ന ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റന്‍ പ്രഭു ആ കരാളദിനങ്ങളില്‍ ഗാന്ധിജി ഏറ്റെടുത്ത് നിറവേറ്റിയ നിയോഗത്തെ അഭിനന്ദിച്ചുകൊണ്ട് എഴുതി: ‘പഞ്ചാബില്‍ 50,000 ഭടന്മാരുണ്ടായിരുന്നിട്ടും വ്യാപകമായ കലാപങ്ങള്‍ നടമാടി. ബംഗാളില്‍ നമ്മുടെ പട്ടാളത്തില്‍ ഒരാളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അവിടെ കലാപം ഉണ്ടായില്ല. കമാന്റിങ് ഓഫീസര്‍ എന്ന നിലയിലും ഭരണകര്‍ത്താവ് എന്ന നിലയിലും ‘ഏകാംഗ അതിര്‍ത്തി സേന’ക്ക് (One Man Boundary Force) ഞാന്‍ അഭിവാദ്യമര്‍പ്പിക്കട്ടെ, സഹസൈന്യാധിപന്‍ സുഹ്റവർദിയെ മറക്കുന്നില്ല.’’ ഗാന്ധിജിയും സുഹ്റവര്‍ദിയും ചേര്‍ന്ന് അന്ന് തടഞ്ഞുനിറുത്തിയ വര്‍ഗീയ പൊട്ടിത്തെറി താല്‍ക്കാലികമായിരുന്നു. ധാക്ക കേന്ദ്രീകരിച്ച് ഹിന്ദുവിരുദ്ധകലാപങ്ങള്‍ ലക്ഷക്കണക്കിന് അഭയാര്‍ഥികളെ സൃഷ്ടിച്ചു. കിഴക്കന്‍ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കിയ അമിതമായ പ്രധാന്യം പാര്‍ലമെന്റിനകത്തും പുറത്തും വന്‍ കോലാഹലങ്ങള്‍ നിത്യസംഭവമാക്കി. സ്ഥിതിഗതികള്‍ ഇതേ നിലയില്‍ തുടരുകയാണെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്ന് സമാധാനപ്രിയനായ ജവഹര്‍ലാല്‍ നെഹ്റുവിന് 1950 മാര്‍ച്ച് മൂന്നിന് രാജ്യത്തോട് പ്രഖ്യാപിക്കേണ്ടിവന്നു. മറ്റു മാര്‍ഗം കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് യുദ്ധമായിരുന്നു. ഇന്ത്യ ഒരു മതേതരരാജ്യമായി പ്രഖ്യാപിക്കപ്പെട്ടതോടെ മുസ്‌ലിംകളുടെ പ്രശ്നത്തിന് അന്തിമപരിഹാരമായെന്നും എന്നാല്‍ പാകിസ്ഥാനില്‍ ബാക്കിയായ ഹിന്ദുക്കളുടെ കാര്യത്തില്‍ ഒരന്തിമ തീരുമാനമുണ്ടാവേണ്ടതുണ്ടെന്നും പല ഭാഗങ്ങളില്‍നിന്നും മുറവിളി ഉയര്‍ന്നു. ജനസംഖ്യാ സമ്മർദ്ദവും സാമ്പത്തിക ഞെരുക്കങ്ങളും ബംഗാള്‍ അതിര്‍ത്തിയിലെ മുസ്‌ലിംകളെ സമീപപ്രദേശമായ അസമിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചു. അസമിനെ മുസ്‌ലിം ഭൂരിപക്ഷമേഖലയാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. അസമിലേക്ക് കടന്നവരെ പുറത്താക്കാന്‍ 1950 ജനുവരി 7ന് ഗവര്‍ണര്‍ ജനറല്‍ ഉത്തരവിറക്കി. കിഴക്കന്‍ പാകിസ്ഥാന്‍ സൈനികനീക്കങ്ങളിലൂടെ ഇന്ത്യയോട് ചേര്‍ക്കണമെന്ന് ആര്‍.എസ്.എസ് നിരന്തരം ആവശ്യപ്പെട്ടു. നെഹ്റു ആ നിര്‍ദേശം തള്ളിക്കളഞ്ഞു. അതേസമയം കല്‍ക്കത്തയിലേക്ക് പ്രവഹിക്കുന്ന വാര്‍ത്തകള്‍ അന്തരീക്ഷം ചൂട്പിടിപ്പിച്ചു. ധാക്കയിലും നവഖാലിയിലും മറ്റും വ്യാപകമായ ഹിന്ദുവിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറുകയാണെന്ന് പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ നെഹ്റുവിന് അടങ്ങിയിരിക്കാന്‍ പറ്റിയില്ല. ഇരുബംഗാളിലും നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് രണ്ട് വസ്തുതാന്വേഷണ കമ്മീഷനുകളെ നിയോഗിക്കണമെന്ന് 1950ഫെബ്രുവരി 17ന് ലിയാഖത്ത് അലിഖാന് അയച്ച കമ്പി സന്ദേശത്തില്‍ ആവശ്യപ്പെട്ടു. പ്രതികരണമില്ലാതെ വന്നപ്പോള്‍ രണ്ടു പ്രധാനമന്ത്രിമാര്‍ സംയുക്തമായി ബംഗാളില്‍ പര്യടനം നടത്തണമെന്ന നിര്‍ദേശം മറ്റൊരു സന്ദേശത്തിലൂടെ അറിയിച്ചു. അതും സ്വീകരിക്കപ്പെട്ടില്ല. ഡെപ്യൂട്ടി ഹൈകമ്മീഷണര്‍മാര്‍ സര്‍വേ നടത്തട്ടെ എന്നായി പാകിസ്ഥാന്‍. ഫെബ്രുവരി 27 റാവല്‍പിണ്ടിയില്‍ വലിയൊരു ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ, ഇന്ത്യ യുദ്ധം ആഗ്രഹിക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ അതിന് പൂര്‍ണമായും സജ്ജമാണെന്ന് ലിയാഖത്ത് അലി ഖാന്‍ വ്യക്തമാക്കി. വിവേകം തിരിച്ചുപിടിച്ച രാഷ്ട്രത്തലവന്മാര്‍ ഇരുരാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളുടെ അസ്തിത്വവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന കരാറിലേര്‍പ്പെടാന്‍ തീരുമാനത്തിലെത്തി. മതഭേദമന്യേ അവരവരുടെ ഭൂപ്രദേശത്തുള്ള പൗരന്മാര്‍ക്ക് തുല്യപൗരത്വം ഉറപ്പുവരുത്തുന്ന കരാറിന് 1950ഏപ്രില്‍ 8ന് ഡല്‍ഹിയില്‍ വെച്ച് ധാരണയായി. സംഘര്‍ഷകലുഷമായ അന്തരീക്ഷത്തില്‍ ഇരുരാജ്യവാസികള്‍ക്കും ആശ്വാസം പകര്‍ന്ന ‘നെഹ്റു-ലിയാഖത്ത് ഉടമ്പടി’ (Nehru-Liaquat Pact ) ന്യൂനപക്ഷങ്ങളുടെ മാഗ്നാ കാര്‍ട്ടയായാണ് നിരീക്ഷകര്‍ വിശേഷിപ്പിച്ചത്. 1950ഏപ്രിലില്‍ ഉടമ്പടിയുടെ വിശദാംശങ്ങള്‍ വിവരിച്ചുകൊണ്ട് നെഹ്റു നടത്തിയ പ്രസംഗം വികാരഭരിതമായിരുന്നു. പശ്ചിമ ബംഗാളില്‍ മുസ്‌ലിംകളുടെമേല്‍ അടിച്ചേല്‍പിക്കുന്ന കൊടിയ പീഡനങ്ങളുടെ കഥ അനാവൃതമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ തൊണ്ട ഇടറി. ഹിന്ദുക്കളുടേതായാലും മുസ്‌ലിംകളുടേതായാലും ദുഃഖം എന്റെയും ദുഃഖമാണ്. മതത്തിന്റെ പേരില്‍ എങ്ങനെയാണ് മനുഷ്യന്മാര്‍ ഇങ്ങനെ കൊല നടത്തുന്നതെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞുനിര്‍ത്തിയപ്പോള്‍ സഭയിലാകെ ദുഃഖം തളംകെട്ടി.

വിദ്വേഷത്തിന്റെ കാട്ടുതീ പടരുകയാണ്
നെഹ്റു-ലിയാഖത്ത് അലി ഖാന്‍ ഉടമ്പടിക്ക് ശേഷം ബ്രഹ്മപുത്രയിലുടെ ഒരു പാട് വെള്ളം ഒഴുകിപ്പോയപ്പോള്‍ കിഴക്കന്‍ പാകിസ്ഥാന്‍ ബംഗ്ളാദേശായി മാറി. ശൈഖ് മുജീബുറഹ്മാന്റെ നേതൃത്വത്തില്‍ ബംഗാളികള്‍ നടത്തിയ പോരാട്ടത്തെ ഫലപ്രാപ്തിയിലെത്തിച്ചത് ഇന്ത്യയാണെന്നത് പരമസത്യം. ദ്വിരാഷ്ട്രവാദം മുസ്‌ലിം ലീഗിന്റേതാണെങ്കില്‍ ത്രിരാഷ്ട്ര സിദ്ധാന്തം ഇന്ദിരാഗാന്ധിയുടേതാണെന്ന് പറയാറുണ്ട്. ലോകത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പട്ടിണിപ്പാവങ്ങളുടെ നാട് ജനാധിപത്യപരമായി മുട്ടിട്ടിഴഞ്ഞപ്പോള്‍ അവിടുത്തെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ എന്നും ദൃഷ്ടിപതിപ്പിച്ചത് ഇന്ത്യയിലേക്കായിരുന്നു. മറ്റു അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് അവിടെ വര്‍ഗീയസംഘര്‍ഷം കുറച്ചത് ബംഗാളി സ്വത്വമായിരുന്നു. ആദ്യം ബംഗാളി. പിന്നീടാണ്് ഹിന്ദു, മുസ്‌ലിം അന്തരം കടന്നുവരുന്നത്. എന്നാല്‍ അയല്‍രാജ്യങ്ങളിലെ വിദ്വേഷപ്രസാരണം സ്വാഭാവികമായും ഏതു സമൂഹത്തിലും അരിച്ചരിച്ചുകയറുകയും പ്രത്യാഘാതങ്ങള്‍ വിതയ്ക്കുകയും ചെയ്യും. തീവ്രചിന്താഗതിക്കാര്‍ക്ക് വളരാനും പടരാനും സാധ്യതയുള്ള മണ്ണിലാകുമ്പോള്‍ വിശേഷിച്ചും. ബംഗ്ലാദേശ് ഇന്ത്യയെ അപേക്ഷിച്ച് വര്‍ഗീയ ചേരിതിരിവിന്റെ വിഷയത്തില്‍ പിറകിലാണെങ്കിലും സമീപകാലത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ ആഗോള ശ്രദ്ധയിലെത്തിച്ചത് ഏതു തീപൊരിയും ആളിക്കത്താന്‍ സാധ്യതയുള്ളതുകൊണ്ടാണ്. ദുര്‍ഗാപൂജ വേളയില്‍ ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. നാന്വാ ദിഗി എന്ന സ്ഥലത്ത് സജ്ജമാക്കിയ ഹനുമാന്‍ പന്തലില്‍ ഖുര്‍ആന്‍ കാണപ്പെട്ടു എന്ന പ്രചാരണമാണ് സംഘര്‍ഷം വിതച്ചത്. നിരവധി വീടുകളും കടകളും ക്ഷേത്രങ്ങളും നശിപ്പിച്ചിട്ടുണ്ട് എന്നാണ് ഹിന്ദുബുദ്ധക്രിസ്ത്യന്‍ ഐക്യ പരിഷത്ത് ജന.സെക്രട്ടറി റാണാ ദാസ് ഗുപ്ത ആരോപിക്കുന്നത്. ന്യൂനപക്ഷങ്ങളെ മുഴുവന്‍ രാജ്യത്തുനിന്ന് ആട്ടിയോടിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ കലാപമെന്നാണ് ഇവരുടെ ആരോപണം. ദുഷ്പ്രചാരണങ്ങളാണ് കലാപത്തിന് കാരണമെന്നും ഖുര്‍ആന്‍ അവമതിക്കപ്പെട്ടുവെന്നത് വ്യാജവാര്‍ത്തയാണെന്നും അല്ലെങ്കില്‍ വര്‍ഗീയലക്ഷ്യത്തോടെ ചിലര്‍ ആസൂത്രണം ചെയ്തതാണെന്നും ഇപ്പോഴും തര്‍ക്കം നടക്കുകയാണ്. എന്നാല്‍, അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും കലാപം പടരുന്നത് തടയാന്‍ അടിയന്തരനടപടി സ്വീകരിച്ചതും പ്രധാനമന്ത്രി ശൈഖ് ഹസീനയെ അഭിനന്ദിക്കാന്‍ നരേന്ദ്രമോഡിയെ പോലും നിർബന്ധിതനാക്കി. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അനുസ്യൂതം നടമാടുന്ന കൈരാതങ്ങള്‍ക്ക് നേരെ മൗനം ദീക്ഷിക്കുന്ന ഹിന്ദുത്വഭരണകൂടത്തെ ലജ്ജിപ്പിക്കുന്നതാണ് ഹസീനയുടെ നടപടി. അക്രമികള്‍ക്ക് വ്യക്തമായ താക്കീതാണ് അവര്‍ കൈമാറിയത്. 45പേരെ ഉടന്‍ അറസ്റ്റ് ചെയ്തു. ധാക്കയിലെ പ്രശസ്തമായ ക്ഷേത്രത്തില്‍ ഭക്തജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, അക്രമികളെ പിടികൂടുക തന്നെ ചെയ്യുമെന്ന് നല്‍കിയ ഉറപ്പ് ഏവരിലും മതിപ്പുളവാക്കി. അതേസമയം, ഇപ്പോഴത്തെ സംഘര്‍ഷത്തിന്റെ പ്രഭവകേന്ദ്രം ബംഗ്ലാദേശ് അല്ല എന്ന പരോക്ഷ പ്രഖ്യാപനത്തിലൂടെ ഹസീന ഒരുകാര്യമുണര്‍ത്തി: “”വര്‍ഗീയത നിയന്ത്രിക്കുന്ന കാര്യത്തില്‍ നമ്മുടെ അയല്‍രാജ്യവും സഹകരിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്തെയും ഹിന്ദുസമൂഹത്തെയും ബാധിക്കുന്ന തരത്തില്‍ അവിടെ (ഇന്ത്യയില്‍) ഒന്നും സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത അവര്‍ക്കുണ്ട്.’’

പ്രധാനമന്ത്രി മോഡി, ഹസീനയുടെ ചൊല്ലും ചെയ്തിയും പോസിറ്റീവായാണ് എടുത്തതെന്ന് അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാണ്. സ്ഥിതിഗതികള്‍ നേരെയാക്കാന്‍, ക്രമസമാധാന സംവിധാനം അടിയന്തരമായി ഒരുക്കുന്നതില്‍ ബംഗ്ലാദേശ് ഭരണകൂടം നടപടികള്‍ സ്വീകരിച്ചത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട് എന്നാണ് മോഡി പറഞ്ഞത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം സുദൃഢമാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ഹസീന നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ കണ്ടില്ലെന്ന് നടിച്ചത് തന്നെ അവാമി ലീഗിന്റെ ഭരണത്തുടര്‍ച്ച ഉറപ്പാക്കാനുള്ള ബി ജെ പി സര്‍ക്കാരിന്റെ സുചിന്തിത ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. അപ്പോഴും ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കുവേണ്ടി ഇവിടെ സംഘ്പരിവാര്‍ നടത്തുന്ന ആക്രോശങ്ങള്‍ ഹസീനയെയും അവാമി ലീഗിനെയും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമായാണ് അവര്‍ അതിനെ കാണുന്നത്. ബംഗ്ലാദേശിലെ ഹിന്ദുന്യൂനപക്ഷത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ശൈഖ് ഹസീനയുടെമേല്‍ നിരന്തര സമ്മര്‍ദം ചെലുത്തുക എന്ന തന്ത്രമാണ് പശ്ചിമ ബംഗാളിലെയും അസമിലെയും മറ്റു വടക്കുകിഴക്കന്‍ മേഖലയിലെയും ബി ജെ പി നേതൃത്വം ശ്രമിക്കുന്നത്. അതിര്‍ത്തി പ്രദേശമായ രാംഗ്പൂരില്‍ 500വീടുകളാണ് അഗ്നിക്കിരയാക്കിയതെന്നും ഉടന്‍ അന്താരാഷ്ട്ര ഇടപെടലുകള്‍ ഉണ്ടാവണമെന്നും കാണിച്ച് ബംഗാള്‍ ബി ജെ പി ഉപാധ്യക്ഷനും പാർലമെന്റംഗവുമായ രാജ്ദീപ് റോയ് യു എന്നിന് കത്തയച്ചത് വിഷയം ആളിക്കത്തിക്കാനാണ്. നാഗ്പൂരിലെ ഹെഡ്ഗേവാര്‍ ഭവനില്‍ ധാക്കഡെസ്ക് സജീവമായി പ്രവര്‍ത്തിക്കുന്നത് ബംഗ്ലാദേശ് ന്യൂനപക്ഷത്തിന്റെ താല്പര്യം പരിരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോകാനാണ്.

അസമില്‍നിന്ന് പരന്നൊഴുകുന്ന ഇന്ത്യാവിരുദ്ധ വികാരം
അസമില്‍ വര്‍ഷങ്ങളായി തുടരുന്ന കുടിയേറ്റ പ്രശ്നവും ഈ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടുകളും ബംഗ്ലാദേശ് ഉത്കണ്ഠയോടെയാണ് കാണുന്നത്. ബംഗാളി മുദ്ര ചാര്‍ത്തിയാണ് മുസ്‌ലിംകളെ അപരവത്കരിക്കുന്നതും പൗരത്വം നിഷേധിക്കുന്നതും ഒടുവില്‍ രാജ്യത്തുനിന്ന് ആട്ടിപ്പുറത്താക്കുന്നതും. ബംഗാളി ഭാഷ സംസാരിക്കുന്നവരാണെങ്കില്‍ അവരുടെ ആലയം ബംഗ്ലാദേശ് ആണ് എന്ന നിഗമനം ചരിത്രവസ്തുതകളോടും അന്താരാഷ്ട്ര നിയമസംഹിതകളോടുമുള്ള വെല്ലുവിളിയാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ബ്രിട്ടീഷ് കാലഘട്ടത്തില്‍ കൃഷി ലാഭകരമായി നടത്താന്‍ ബംഗാളില്‍നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട ഒന്നുരണ്ടു തലമുറകളുടെ പിന്‍ഗാമികളാണ് ഇന്ന് വേരറുക്കപ്പെട്ട സമൂഹമായി ജീവിതപ്പെരുവഴിയില്‍ പുറന്തള്ളപ്പെടുന്നത്. ഇന്ത്യയില്‍നിന്നുള്ള ഇമ്മട്ടിലുള്ള വർത്തമാനങ്ങള്‍ ബംഗ്ലാദേശില്‍ കടുത്ത ഇന്ത്യാവിരുദ്ധ, ഹിന്ദുവിരുദ്ധ വികാരം ആളിക്കത്തിക്കുന്നുണ്ട്. പൗരത്വനിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററുമെല്ലാം ബംഗ്ലാദേശികളെ ലക്ഷ്യമിട്ടുള്ളതാണെന്ന യാഥാർത്ഥ്യം തീവ്രചിന്താഗതിക്കാരുടെ കൈയില്‍ ഫലപ്രദമായ ആയുധമാണിന്ന്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ എന്തുകൊണ്ട് ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ സുരക്ഷിതമായി ജീവിക്കണം എന്ന ചോദ്യം ഉയര്‍ത്താന്‍ ചില വ്യക്തികളും ഗ്രൂപ്പുകളും ധൈര്യം കാണിക്കുന്നിടത്ത് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ഇവിടെയാണ് മതപരമായ ധ്രുവീകരണം ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്നതും കലാപങ്ങള്‍ സ്വൈര്യജീവിതം അട്ടിമറിക്കുന്നതും. ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ള മതപ്രസ്ഥാനങ്ങളാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ ആരോപണമുന്നയിക്കുമ്പോള്‍ , അവാമി ലീഗിന് ഇപ്പോഴത്തെ അനിഷ്ടസംഭവങ്ങളില്‍ ചെറുതല്ലാത്ത പങ്കുണ്ട് എന്ന് ആധികാരികരേഖകള്‍ സൂചന നല്‍കുന്നുണ്ട്. ഇന്ത്യയില്‍ മുസ്‌ലിംവിരുദ്ധ പ്രചാരണവും അക്രമങ്ങളും അനുസ്യൂതം തുടരുമ്പോള്‍ അതിര്‍ത്തിക്കിപ്പുറം സമാധാനപരമായി തുടരണമെന്നു പറയുന്നതില്‍ എന്തര്‍ഥം എന്നു ചോദിക്കുന്ന ഒരു തലമുറ വളര്‍ന്നുവരുന്നുണ്ട് എന്ന വസ്തുത കൂടുതല്‍ കലുഷിതമായ നാളെയെക്കുറിച്ചുള്ള ഉത്കണ്ഠകളാണ് കൈമാറുന്നത്. അതുകൊണ്ടാണ് ശൈഖ് ഹസീന വര്‍ഗീയ പൊട്ടിത്തെറികള്‍ നിയന്ത്രിക്കാനുള്ള ബാധ്യത ഇന്ത്യാസര്‍ക്കാരിനുണ്ട് എന്നു പരസ്യമായി പറയാന്‍ ധൈര്യം കാട്ടുന്നത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കൂടുതല്‍ മതപരമായ പ്രക്ഷുബ്ധത പരന്നൊഴുകുമെന്നാണ് പലരും ഭയപ്പെടുന്നത്. അപ്പോഴും മോഡിക്ക് ഹസീനയെ അധികാരത്തില്‍ നിലനിറുത്താന്‍ ബാധ്യത ഏറുന്നതു മറ്റു രാഷ്ട്രീയ ശക്തികള്‍ ഇന്ത്യന്‍ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാവും എന്ന കണക്കുകൂട്ടലാണ്.

Kasim Irikkoor

You must be logged in to post a comment Login