ആശാസ്യമല്ല നാഷണലിസ്റ്റ് ഇടതുപക്ഷം

ആശാസ്യമല്ല നാഷണലിസ്റ്റ് ഇടതുപക്ഷം

Why Do the “Nationalist’ Poor Speak in Defence of Price Rise? ബദ്രി റെയ്‌നയുടെ ദ വയര്‍ ലേഖനത്തിന്റെ തലക്കെട്ടാണ്. രാജ്യമാകെ ഇന്ധനവില അതും പാചകവാതകം പോലെ അടുപ്പില്‍ തീ എരിയാന്‍ അനിവാര്യമായ ഒന്നിന്റെ ഉള്‍പ്പടെ ഭീമമായ വിലവര്‍ധനയോട് ഈ രാജ്യത്തിന്റെ നവ ദേശീയവാദികള്‍ പുലര്‍ത്തുന്ന മൗനത്തിന്റെ അന്തര്‍രഹസ്യങ്ങളാണ് റെയ്‌നയുടെ പഠനം ചികഞ്ഞിടുന്നത്. എന്തുകൊണ്ടായിരിക്കാം ഈ മൗനം? ഉത്തരം തലക്കെട്ടിലെ ചോദ്യത്തിലുണ്ട്. നാഷണലിസ്റ്റ് പൗരവിഭാഗം ഭരണകൂടത്തിന്റെ വാനരസേനയായി പരിണമിച്ചിരിക്കുന്നു. അഥവാ രണ്ടാം മോഡി സര്‍ക്കാരിന്റെ കുതിച്ചുവരവോടെ അത്തരമൊരു വലിയ വിഭാഗം രൂപപ്പെട്ടിരിക്കുന്നു. ശതമാനത്തില്‍ അവര്‍ കുറവാണ്, തര്‍ക്കമില്ല. പക്ഷേ, അവരുണ്ട് എന്നതിനും തര്‍ക്കമില്ല. നമ്മുടെ സര്‍ക്കാരിന്റെ വികസന ലക്ഷ്യങ്ങള്‍ക്ക് പണം വേണ്ടേ എന്ന ചോദ്യം ആ പൗര വിഭാഗത്താല്‍ അത്യുച്ചത്തില്‍ ഉന്നയിക്കപ്പെടുന്നുണ്ട്. ആ ചോദ്യം മറ്റെല്ലാ ജീവിത ബന്ധിയായ മൗലിക ചോദ്യങ്ങളെയും റദ്ദാക്കുന്നുണ്ട്. അതിനാലാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷങ്ങളുടെ ഇന്ധനവില സമരങ്ങള്‍ ഉന്നം തെറ്റിയ ആയുധം പോലെ സ്വന്തം ആള്‍ക്കൂട്ടത്തിലേക്ക് മടങ്ങിവരുന്നത്, അഥവാ സമരങ്ങള്‍ പാളം തെറ്റുന്നത്. അതിനാല്‍ റെയ്‌ന വിശദീകരിച്ചതിന്റെ മറ്റൊരു വിവര്‍ത്തനത്തിന് സാധ്യതയുണ്ട്. അത് ഇങ്ങനെയാണ്; ഇന്ധനവില വര്‍ധന എന്നത് മോഡിയുടെ ഇന്ത്യയെ സംബന്ധിച്ച് ഒരു സാമ്പത്തികപ്രശ്‌നമല്ല, മറിച്ച് രാഷ്ട്രീയപ്രശ്‌നമാണ്. അത് ഭരണകൂടത്തിന്റെ കൊടും കൊള്ളയോടുപോലും പരമവിധേയത്വമുള്ള ഒരു പൗരക്കൂട്ടത്തെ സൃഷ്ടിക്കാനുള്ള സംഘപ്രവര്‍ത്തനം കൂടിയാണ്. ഫാഷിസം അടിസ്ഥാനപരമായി സാമ്പത്തിക യുക്തിയാല്‍ മാത്രം പ്രചോദിതമായ രാഷ്ട്രീയ സംഘാടനമാണെന്ന് നമുക്കറിയാം. അത് പറഞ്ഞത് ബനിറ്റോ മുസോളിനിയാണ്. അതിനാല്‍ ഇന്ധനവില വര്‍ധനയെന്നാല്‍ വിധേയ സമൂഹത്തെ സൃഷ്ടിക്കാനുള്ള ഒരു രാഷ്ട്രീയ പ്രക്രിയയാണ് എന്ന് നാമെങ്കിലും മനസിലാക്കണം. അങ്ങനെ വിധേയപ്പെടാന്‍ വിസമ്മതിക്കുന്നവരാകട്ടെ നടുവൊടിക്കുന്ന വിലവര്‍ധനകളില്‍ പിടഞ്ഞ് പ്രതിഷേധിക്കാന്‍ സമയം കിട്ടാതെ നിത്യജീവിതത്തിന്റെ ഘോരപദപ്രശ്‌നങ്ങളില്‍ പെട്ട് ഉഴന്ന് ഉഴന്ന് തീരുകയും ചെയ്യും. പുതിയൊരിന്ത്യ സൃഷ്ടിക്കപ്പെടുകയാണ്. അതിലേക്ക് പിന്നീട് വരാം.

എന്താണ് എണ്ണവിലയുടെ അടിത്തറ എന്നത് ബാലപാഠമാണ്. വലിയ ഉപഭോഗരാജ്യമാണ് ഇന്ത്യ. നമ്മള്‍ ഉത്പാദിപ്പിക്കുന്നില്ല, വാങ്ങുകയാണ്. ക്രൂഡോയിലാണ് പലതരം ഇന്ധനങ്ങളാകുന്നത്. ക്രൂഡോയില്‍ ബാരല്‍ കണക്കാണ്. ആഗോള സാമ്പത്തിക ചലനങ്ങളാണ് അതിന്റെ വില നിര്‍ണയിക്കുന്നത്. ആയുധങ്ങളും ഉപഭോഗരാഷ്ട്രങ്ങളിലെ വമ്പന്‍മാരുടെ താല്‍പര്യങ്ങളും ക്രൂഡോയില്‍ വിലയെ സ്വാധീനിക്കും. അതിനാലും മറ്റ് പലതിനാലും ക്രൂഡോയില്‍ വില ഉയരുക മാത്രമല്ല, താഴുകയും ചെയ്യും. ഈ ക്രൂഡോയിലിന്റെ വിലയാണ് ഇന്ത്യ ഉള്‍പ്പടെയുള്ള ഉപഭോഗരാഷ്ട്രങ്ങളുടെ ആഭ്യന്തര വിപണിയിലെ ഇന്ധനവിലയെ നിര്‍ണയിക്കുന്നത്. ഇന്ധനമെന്നത് എല്ലാത്തരം ചലനങ്ങളുടെയും പ്രാഥമിക ഉപാധിയാണ്. ചലിക്കുന്ന ഒരു വ്യവസ്ഥയാണ് പുരോഗതിയുടെ അടിത്തറ എന്ന് വിശ്വസിക്കുന്ന, ജനതയുടെ പുരോഗമനമാണ്, അഭിവൃദ്ധിയാണ് ജനാധിപത്യം എന്ന് വിശ്വസിക്കുന്ന ഭരണകൂടങ്ങള്‍ ഇന്ധനവിലയിലെ ജനാധിപത്യത്തിന് മുഴുവന്‍ കാലത്തും വലിയ പ്രാധാന്യം നല്‍കാറുണ്ട്.

എന്തുകൊണ്ട് ഇന്ത്യ പോലൊരു രാജ്യത്ത് പെട്രോളിയം ഇന്ധനവില ഇങ്ങനെ ഉയരുന്നു എന്ന ചോദ്യം നിങ്ങള്‍ ചോദിക്കാനൊരുങ്ങുമ്പോഴേക്ക് ഉത്തരങ്ങളുടെ പെരുമഴയാവും വരിക. ഇന്ത്യ പോലൊരു രാജ്യം എന്ന് ഊന്നിപ്പറയാന്‍ കാരണം ഈയിടെ പുറത്തുവന്ന പട്ടിണി ഇന്‍ഡക്‌സാണ്. അതീവ ഗുരുതരമാണല്ലോ സ്ഥിതി. 2010 വരെ കേന്ദ്രസര്‍ക്കാരിനായിരുന്നു വില നിര്‍ണയാധികാരം. യു.പി.എ കാലമാണ്. അക്കാലമെല്ലാം പെട്രോള്‍ പോലെ നമുക്ക് സുപരിചിതമായ ഒരു പേരാണ് ക്രൂഡോയില്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞാല്‍ ഇവിടെ വിലകുറയും. കൂടിയാല്‍ കൂടും. പക്ഷേ, കൂടുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ പലതരം സബ്‌സിഡികള്‍ നല്‍കി വില കുറക്കും. യു.പി.എ കാലം എന്നാല്‍ ഭരണകൂടം പിന്‍വാങ്ങുന്ന കാലംകൂടിയാണ്. 2010-ല്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ വില നിര്‍ണയ അധികാരം പെട്രോളിയം കമ്പനികള്‍ക്ക് നല്‍കി. 2014-ല്‍ ഡീസലിന്റെയും. അതിഗുരുതരമായ സ്ഥിതിവിശേഷങ്ങള്‍ക്ക് ഇടവരുത്തുന്ന തീരുമാനമാണ് ഇതെന്ന് അക്കാലത്ത് വിമര്‍ശനമുയര്‍ന്നിരുന്നു. പെട്രോള്‍വില വര്‍ധിപ്പിക്കാനുള്ള കമ്പനികളുടെ തീരുമാനത്തില്‍ ഫലപ്രദമായി മറ്റ് മാര്‍ഗങ്ങളിലൂടെ ഇടപെട്ടത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിമര്‍ശനങ്ങളെ ചെറുത്തു. അത് സത്യവുമായിരുന്നു. ക്രൂഡോയില്‍ വിലയില്‍ കുറവുണ്ടാവാനുള്ള സാഹചര്യങ്ങള്‍ അന്ന് പെട്രോളിയം മന്ത്രി ആയിരുന്ന വീരപ്പമൊയ്‌ലി അക്കമിട്ട് നിരത്തിയത് രേഖകളില്‍ ഉണ്ട്. കാലം പോയി. യു.പി.എയും പോയി. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. എന്താണ് ആ സര്‍ക്കാറിന്റെ രാഷ്ട്രീയസ്വഭാവമെന്നത് ഇനി വിശദീകരിക്കേണ്ടതില്ല. വമ്പന്‍ പദ്ധതികളില്‍ അഭിരമിക്കുന്ന, കൊട്ടിഘോഷണത്തെ ഭരണനിര്‍വഹണമായി ധരിക്കുന്ന ഒരു സര്‍ക്കാര്‍. അത് കൃത്യമായ ഒരു രാഷ്ട്രീയ പദ്ധതിയാണ്.
എണ്ണയിലേക്ക് വരാം. ലോകത്ത് എണ്ണവില ക്രമാതീതമായി ഉയര്‍ന്നിട്ടില്ല. 2021 നവംബര്‍ ഒന്നിലെ കണക്ക് വെച്ച് നോക്കിയാല്‍ പെട്രോള്‍ വില 47 രൂപ 28 പൈസയാണ്. ഡീസലിന്റേത് കുറച്ച് കൂടുതലാണ്, 49 രൂപ 36 പൈസ. നവംബര്‍ ഒന്നിന് പെട്രോളടിക്കാന്‍ ഇന്ത്യക്കാര്‍ ശരാശരി കൊടുക്കേണ്ട തുക 109 രൂപ 69 പൈസയാണ്. ഡീസല്‍ നിറക്കാന്‍ കൊടുക്കേണ്ടത് 98രൂപ 42 പൈസയും. ഇതെങ്ങനെയെന്ന് നമുക്ക് അറിയുന്നതാണ്. പെട്രോളിന്റെ കടത്തുകൂലി ലിറ്ററിന് മുപ്പത് പൈസയും ഡീസലിന്റേത് 28 പൈസയുമാണ്. ഡീലര്‍ കമ്മീഷന്‍ യഥാക്രമം മൂന്ന് രൂപ 90 പൈസയും രണ്ട് രൂപ 61 പൈസയും. 47 രൂപ 28 പൈസയില്‍ നിന്ന് 109 രൂപ 69 പൈസയിലേക്ക് ഇത്രയും ദൂരമേ ഉള്ളൂ. ബാക്കി മുഴുവന്‍ നികുതിയാണ് ഏതാണ്ട് 58 രൂപയോളം. ഇതില്‍ 32.90 രൂപയാണ് കേന്ദ്രം പെട്രോളിന് നികുതിയിനത്തില്‍ നേരിട്ട് വസൂലാക്കുന്നത്. ബാക്കി സംസ്ഥാനങ്ങളും. ഡീസലിന്റെ കാര്യത്തില്‍ ഇത് 31.80 രൂപയാണ്. 2014 -ല്‍ ഒന്നാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഡീസലിന്റെ കേന്ദ്രനികുതി കൂടി ഓര്‍ക്കാം; വെറും മൂന്ന് രൂപ 56 പൈസ.
ഇതെങ്ങനെ ഇത്ര നികുതി എന്നാണോ? അതാണ് നമ്മള്‍ ആദ്യം പറഞ്ഞ വിധേയ പൗരരുടെ നിര്‍മിതി. 2014-ല്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നത്. അക്കാലം പത്ത് ശതമാനം മാത്രമാണ് നികുതി. പിന്നെ വില കുറഞ്ഞു. സ്വാഭാവികമായും പെട്രോളിനും ഡീസലിനും വില കുറയണം. കുറഞ്ഞില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞപ്പോഴൊക്കെ കേന്ദ്ര സര്‍ക്കാര്‍ നികുതി കൂട്ടി വില ഉയര്‍ത്തിത്തന്നെ നിര്‍ത്തി.
ഈ നികുതി പിരിക്കലിന്റെ ഘടനകൂടി കേള്‍ക്കാം. ഫെഡറലിസമാണല്ലോ നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ. നികുതി പങ്കിടല്‍ ഫെഡറലിസത്തിന്റെ പ്രധാന പണിയാണ്. അത് വിശാലമായ അര്‍ഥത്തില്‍ സംസ്ഥാനങ്ങളുടെ അവകാശമാണ്. നമ്മുടെ രാഷ്ട്ര നിര്‍മിതിയുടെ അടിവേര് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലെ ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഈ കൊടുക്കല്‍ വാങ്ങലാണ്. പക്ഷേ, നമുക്ക് അറിയുന്നതുപോലെ സമഗ്രാധിപത്യവും ഏകശിലാത്മക രാഷ്ട്രവും സ്ഥാപിക്കാന്‍ കച്ചകെട്ടിയ ഒരു സര്‍ക്കാര്‍, അല്ലെങ്കില്‍ ഭരണകൂട ദര്‍ശനം ആദ്യം കൊടുവാളെടുക്കുന്നത് ഫെഡറലിസമെന്ന ജനാധിപത്യത്തിന്റെ ജൈവികതയെ റദ്ദാക്കാനാണ്. അതിനാല്‍ സംസ്ഥാനങ്ങളെ കാഴ്ചക്കാരാക്കിയാണ് മോഡി സര്‍ക്കാര്‍ എണ്ണ നികുതിയുടെ ഘടന നിര്‍ണയിച്ചത്. കേന്ദ്രം പിരിക്കുന്ന നേരിട്ടുള്ള നികുതി മാത്രമേ ഫെഡറല്‍ തത്വം അനുസരിച്ച് പങ്ക് വെക്കേണ്ടതുള്ളൂ. 2014 മുതല്‍ അനുദിനമെന്നോണം കൂട്ടിയ ഒരു നികുതിയും നേരിട്ടുള്ളതല്ല. പലവിധ സെസുകളാണ്. അതായത് നികുതി വരുമാനത്തിന്റെ തുച്ഛമായ പങ്ക് മാത്രമേ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കൂ.  അതായത് പെട്രോളിന്‍മേല്‍ കേന്ദ്രം പിരിക്കുന്ന 32രൂപ 90 പൈസയില്‍ ഒരു രൂപ 40 പൈസമാത്രമാണ് നേരിട്ടുള്ള നികുതി. 11 രൂപ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി ആണ്. 2 രൂപ 50 പൈസ കാര്‍ഷിക സെസ് ആണ്. 18 രൂപ റോഡ് സെസ്. ആകെ 32.90 രൂപ. ആദ്യത്തെ ഒരു രൂപ നാല്‍പത് പൈസ മാത്രമേ സംസ്ഥാനങ്ങള്‍ക്ക് പങ്ക് കൊടുക്കേണ്ടതായുള്ളൂ. അതായത് ഒരു രൂപ നാല്‍പത് പൈസയുടെ നാല്‍പത്തൊന്ന് ശതമാനം സംസ്ഥാനങ്ങള്‍ക്ക് കിട്ടും. ലിറ്ററൊന്നിന് വെറും 57 പൈസ. 2014-ലെ നികുതി മൂന്ന് രൂപ 56 പൈസ ആയിരുന്നു എന്ന് പറഞ്ഞല്ലോ. അതായത് നാമിപ്പോള്‍ കണ്ട മുഴുവന്‍ മറ്റ് നികുതികളും മോഡി സര്‍ക്കാരിന്റെ സൃഷ്ടിയാണ്. നികുതി ദേശീയഗാനമായിരുന്ന ചാണക്യകാലത്തെ അനുസ്മരിക്കാം. സംഘപരിവാര്‍ ആഗ്രഹിക്കുന്ന രാഷ്ട്രം അമിതനികുതികളുടെ രാഷ്ട്രം കൂടിയാണ്. ഒന്നുകൂടി ഓര്‍ക്കാം; ഫാഷിസം എന്നത് സാമ്പത്തിക ഭരണക്രമത്തിന്റെ രാഷ്ട്രീയ രൂപമാണ്. ജനതയെ പിളര്‍ത്താനും ഏകശിലാ രാഷ്ട്രത്തെ സാധ്യമാക്കാനും ഉന്നത കുലജാതരുടെ അഭിവൃദ്ധജീവിതം ഉറപ്പാക്കാനും അവശരെ കൂലിയടിമകളും ജാതിയടിമകളും നിശബ്ദാടിമകളുമാക്കി പരിവര്‍ത്തിപ്പിക്കാനും ഏറ്റവും വലിയ ആയുധം നികുതിയാണ്. അത് കൊടുക്കാന്‍ പാങ്ങുള്ളവര്‍ ഭരണകൂടത്തിന്റെ സൃഹൃത്തുക്കളാകും. എത്ര ക്രൂരവും ആസൂത്രിതവുമായ ഫെഡറലിസ ലംഘനമാണ് പ്രതിപക്ഷത്തിന്റെ ഒരു ചെറുത്തുനില്‍പ് പോലുമില്ലാതെ ഇവിടെ നടമാടിയത് എന്നോര്‍ക്കുക. മുഴുവന്‍ പണവും കേന്ദ്രത്തിലേക്ക്. കേന്ദ്രം മാത്രം അവശേഷിക്കുന്ന വ്യവസ്ഥയാണ് നാഗ്പൂരിന്റെ ഇന്ത്യാ പദ്ധതി.

ഇതാണ് ഫെഡറലിസത്തില്‍ സംഭവിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗമാണ് ഇക്കാലത്ത് എല്ലാ സംസ്ഥാനങ്ങളിലും കൂടുതലായുള്ളത്. സ്വാഭാവികമായും സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ സമാഹരിക്കുന്ന നികുതിയിലൂടെയാണ്. സംസ്ഥാനങ്ങളും അവരുടേതായ നികുതി പെട്രോളിനും ഡീസലിനും മേല്‍ ചുമത്തുന്നുണ്ട്. 30.08 ശതമാനത്തോളമാണ് കേരളത്തിലെ പെട്രോള്‍ നികുതി. ഒരു രൂപ സെസും ഉണ്ട്. അപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 22.54 രൂപയാണ് കേരളത്തിന് ലഭിക്കുക. ഇന്ധന വില കൂടും തോറും ഈ വരുമാനം കൂടും. കാരണം നികുതി ശതമാനത്തിലാണ്. കേന്ദ്രം തുച്ഛമായ തുക മാത്രം നല്‍കുന്നതിനാല്‍, അതും കൃത്യമായി നല്‍കാത്തതിനാല്‍ മറ്റ് വഴിയില്ല എന്നാണ് സംസ്ഥാനങ്ങളുടെ പ്രത്യേകിച്ച് കേരളത്തിന്റെ വാദം. മിക്ക സംസ്ഥാനങ്ങളും വന്‍ വികസനങ്ങളുടെ പിന്നാലെയാണ്. കേരളവും. കിഫ്ബിക്ക് വേണ്ടിയാണ് പെട്രോള്‍ വിലയിലെ ഒരു സെസ് എന്ന് ഓര്‍ക്കണം. സംസ്ഥാനത്തിന് പിടിച്ചുനില്‍ക്കാന്‍ വഴിയില്ല എന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആവര്‍ത്തിക്കുന്നത് കേട്ടല്ലോ? സത്യമാണ്. താങ്ങാനാവുന്നതിനെക്കാള്‍ വലിയ പദ്ധതികളാണ് കഴിഞ്ഞ സര്‍ക്കാറുകള്‍ എല്ലാം കേരളത്തിന്റെ ചുമലില്‍ ഏറ്റിയത്. ഒരു സംസ്ഥാനത്തിന്റെ വരുമാനനിലയും വികസന പദ്ധതികളില്‍ നിന്ന് ലഭിച്ചേക്കാവുന്ന വരുമാനവും ഒന്നും കാര്യമായി പരിഗണിക്കാതെയുള്ളതാണ് ഈ നെടുങ്കന്‍ പദ്ധതികള്‍ മിക്കതും. സ്വാഭാവികമായും ഈ വരുമാനങ്ങളാണ് ആശ്രയം. ദീപാവലി സമ്മാനം എന്ന വ്യാജേന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ഇപ്പോള്‍ കേന്ദ്രം നടപ്പാക്കിയ ഇളവുകളുടെ ആനുപാതിക ഇളവ് കേരളത്തിലും ഉണ്ട് എന്നാണ് ബാലഗോപാലിന്റെ വാദം. അതായത് 32.90 രൂപയാണല്ലോ പെട്രോളിന്റെ കേന്ദ്ര നികുതി. അതില്‍ അഞ്ച് രൂപ കുറഞ്ഞല്ലോ? ആ കുറവിന്റെ ആനുപാതിക കുറവ് കേരളത്തിലും ഉണ്ടാകും എന്നര്‍ഥം. അതായത് കേരളത്തിന് ഇപ്പോള്‍ ലഭിക്കുന്ന 22.54 എന്ന് നമ്മള്‍ ഏകദേശം കണ്ട സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ നിന്ന് തല്‍ക്കാലം ഒന്നും കുറക്കാനാവില്ല എന്ന്. ഈ വരുമാനം മുഖ്യമായും കണ്ട് തുടക്കമിട്ട പദ്ധതികളുടെ ഭാവി തന്നെയാണ് പ്രശ്‌നം എന്ന് അനുമാനിക്കാം.

രണ്ടു പ്രശ്‌നങ്ങളാണ് വിശദീകരിച്ചത്. കേന്ദ്രത്തിന്റെ ഇന്ധനനയം ഒരു ദീര്‍ഘകാല ലക്ഷ്യമുള്ള രാഷ്ട്രീയ പദ്ധതിയാണ്. അതൊരു ഫാഷിസ്റ്റ് രാഷ്ട്ര നിര്‍മിതിക്കുള്ള ശിലാന്യാസമാണ്. അത് ചാണക്യതന്ത്രങ്ങളെ സാമ്പത്തികമായി വരിക്കുന്ന ആര്യാവര്‍ത്ത നിര്‍മിതിയാണ്. കേരളത്തിലാകട്ടെ അത് അനിയന്ത്രിത വികസനത്തിനുള്ള ആയുധമാണ്. അത് ഭരണത്തുടര്‍ച്ചയും ഏകകക്ഷി ഭരണവും സാധ്യമാക്കാനുള്ള യജ്ഞത്തിന്റെ ഭാഗമാണ്. നികുതി കൂട്ടിയത് മുന്‍ യു.ഡി.എഫ് സര്‍ക്കാരാണ് എന്ന് ഉപായം പറയുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ടെല്ലാമാണല്ലോ അവരെ തുടര്‍ച്ചയായി പുറത്തിരുത്തിയതും.

ഗതികേട് അതല്ല. ജനാധിപത്യ വിരുദ്ധവും സമഗ്രാധിപത്യാത്മകവുമായ ഇന്ധന നികുതി ഘടനക്കെതിരെ ആത്മവിശ്വാസത്തോടെ സമരം ചെയ്യാന്‍ ഇടതുപക്ഷത്തിന് കഴിയില്ല എന്നതാണ്. കൊള്ളയില്‍ രണ്ട് കൂട്ടര്‍ക്കും പങ്കുണ്ട്. ലക്ഷ്യം വേറെയാണെങ്കിലും. സമരം ചെയ്യാന്‍ പാങ്ങുള്ള കൂട്ടര്‍ കോണ്‍ഗ്രസാണ്. അവര്‍ക്ക് ചെയ്യാം. അപ്പോള്‍ അവരോട് ഇടതുപക്ഷവും കോണ്‍ഗ്രസും കോറസായി പാടുക നിങ്ങളല്ലേ വില നിയന്ത്രണം കമ്പനികളില്‍ നിന്ന് എടുത്ത് കളഞ്ഞത് എന്നാവും. അതെ എന്ന് ഉറപ്പോടെ പറഞ്ഞ് അതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കാന്‍ ഞങ്ങള്‍ ഇന്നതൊക്കെ ശ്രമിച്ചു എന്ന് പറയാനുള്ള ആള്‍താമസം അവരുടെ തലയിലില്ല താനും. അര്‍ധകേഡറാകാന്‍ കച്ചകെട്ടിയ കേരളത്തിലെ കോണ്‍ഗ്രസ് ദിശതെറ്റി സിനിമാ ശാലകളില്‍ മണ്ടുന്ന കാഴ്ചയുമുണ്ട്

അതെല്ലാം നടക്കട്ടെ. പക്ഷേ ഇതിനിടയില്‍ പെട്ടുപോകുന്ന അതിസാധാരണരായ മനുഷ്യരുണ്ട്. ഭരണീയരുടെ ന്യായങ്ങള്‍ കൊണ്ട് വയറ് നിറക്കാന്‍ ശീലിക്കാത്ത മനുഷ്യര്‍. അവരുടെ കീശ ചോരുകയാണ്. കേന്ദ്രത്തില്‍ നിന്ന് നീതി പ്രതീക്ഷിക്കാനാവില്ല. അനീതിയാല്‍ നിര്‍മിതമാണ് അവരുടെ രാഷ്ട്രീയശരീരം. ഇടതുപക്ഷം അങ്ങനെ അല്ലല്ലോ? ജനങ്ങള്‍ക്ക് നേരെ അവര്‍ നോക്കേണ്ടതുണ്ട്. Why Do the “Nationalist’ Poor Speak in Defence of Price Rise? എന്ന ബദ്രി റെയ്‌നയുടെ ചോദ്യത്തില്‍ നിന്നാണ് തുടങ്ങിയത്. നാഷണലിസ്റ്റ് എന്ന വാക്കിലേക്ക് ഇടതുപക്ഷത്തെ നിസ്സാരമായി ചേര്‍ക്കേണ്ട സ്ഥിതി ആശാസ്യമല്ല.

കെ കെ ജോഷി

You must be logged in to post a comment Login