ശ്രദ്ധിക്കുക നാം അടിയന്തരാവസ്ഥയിലാണ്

ശ്രദ്ധിക്കുക നാം അടിയന്തരാവസ്ഥയിലാണ്

അസാധാരണമായ കാലത്തിന് ഒരു പ്രത്യേകതയുണ്ട്. അതിസാധാരണമെന്ന് നമുക്ക് തോന്നുന്ന നടപടികളുടെ പോലും പിന്നാമ്പുറത്ത് അത്യസാധാരണമായ പ്രത്യാഘാതങ്ങള്‍ ഞാന്ന് കിടക്കും. അസാധാരണ കാലങ്ങള്‍ ഉണര്‍ന്നിരിക്കുന്ന മനുഷ്യരില്‍നിന്ന് വലിയ ജാഗ്രതകള്‍ ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ നാം സാധാരണമെന്ന് കരുതുന്ന ചില കാര്യങ്ങള്‍ക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന താല്‍പര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. ഇതാ ഇവിടെ ഇങ്ങനെ ഒന്ന് സംഭവിക്കുന്നുണ്ട് എന്ന അറിഞ്ഞിരിക്കല്‍ തീരെ ചെറുതെങ്കിലും ഒരു പ്രതിരോധമാണ്. ജനതയുടെ അറിഞ്ഞിരിക്കലുകള്‍ ഇല്ലാതാകുന്നതിന്റെ ചെലവിലാണ് ഭരണകൂടങ്ങള്‍ എല്ലായ്‌പ്പോഴും ജനവിരുദ്ധമായി തീരുന്നത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിയമനവും സ്ഥലംമാറ്റവും ഭരണഘടനാപരമായ ഒരു പണിയാണ്. അത് എങ്ങനെ ചെയ്യണമെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226ല്‍ പ്രതിപാദിക്കുന്നുമുണ്ട്. നമ്മുടെ രാജ്യത്താകട്ടെ അക്കാര്യം ഒരു കൊളീജിയത്താല്‍ ബന്ധിതവുമാണ്. കൊളീജിയമാണ് തീരുമാനിക്കുക. ആ തീരുമാനത്തിന്മേലാണ് കേന്ദ്രസര്‍ക്കാര്‍ പരിമിതാധികാരത്തോടെ രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കുക. സാധാരണ നിലയില്‍ ഭരണപരമായ സൗകര്യത്തെ മുന്‍നിര്‍ത്തി ചീഫ് ജസ്റ്റിസുമാരെ സ്ഥലം മാറ്റാറുണ്ട്. ഒറ്റ ദിവസത്തെ വാര്‍ത്തയ്ക്കപ്പുറം ആ ജഡ്ജി വരികയും പോവുകയും ചെയ്യുന്ന ഹൈക്കോടതികളെ സംബന്ധിച്ചല്ലാതെ അതിന് വലിയ വാര്‍ത്താപ്രാധാന്യമുണ്ടാകാറുമില്ല. ഈ അസാധാരണ കാലം തുടങ്ങും മുന്‍പ്, അടിയന്തരാവസ്ഥയിലൊഴികെ, വിവാദങ്ങളിലേക്ക് അത്തരം തീരുമാനങ്ങള്‍ ഒരിക്കലും സഞ്ചരിക്കാറുമില്ല. കാരണം ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് അതിപ്രധാനമായ ഒരു പദവിയാണ് സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാരുടേത്. അത് നിയമബാഹ്യമായ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കപ്പെടുക എന്നാല്‍ ജുഡീഷ്യല്‍ സംവിധാനത്തെ സംബന്ധിച്ച് പരമപ്രധാനമായ വേറിട്ട് നില്‍ക്കലിനെ ബാധിക്കുന്ന പ്രശ്‌നമാണ്.

പറഞ്ഞല്ലോ, അസാധാരണ കാലമാണ്. അതിനാല്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള കൊളീജിയത്തിന്റെ തീരുമാനം ഒരു സാധാരണകാര്യമായി ഇപ്പോള്‍ മനസിലാക്കാന്‍ കഴിയില്ല. ആ സ്ഥലം മാറ്റത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിലെ വലിയ വിഭാഗം അഭിഭാഷകരും പൊതുസമൂഹത്തിലെ പലവിധ ശ്രേണികളും രംഗത്തു വന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. കീഴ്‌വഴക്കങ്ങളും മര്യാദകളും ലംഘിച്ചു എന്നത് മാത്രമല്ല, ഒറ്റനോട്ടത്തില്‍ ഒരു പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ എന്ന് തെളിഞ്ഞുകാണാവുന്നതാണ് ബാനര്‍ജിയുടെ സ്ഥലം മാറ്റം. ജുഡീഷ്യറിയെ സംബന്ധിച്ച്, അതിന്റെ ഏറ്റവും മുന്തിയ ശ്രേണിയിലുള്ള ഒരു ജഡ്ജിയെ സംബന്ധിച്ച് പണീഷ്‌മെന്റ് ട്രാന്‍സ്ഫര്‍ എന്ന വാക്ക് ആശാസ്യമല്ല. അത് ജനാധിപത്യത്തിലെ അതിപ്രധാനവും സ്വതന്ത്രവുമായ ഒരു സംവിധാനത്തില്‍ ഏല്‍പ്പിക്കുന്ന മുറിവാണ്.
ജസ്റ്റിസ് ബാനര്‍ജിയിലേക്ക് വരാം. 2006 ജൂണ്‍ 22 നാണ് ബാനര്‍ജി ഹൈക്കോടതിയില്‍ ജഡ്ജിയാവുന്നത്. കൊല്‍ക്കത്ത ഹൈക്കോടതിയില്‍. സീനിയോറിറ്റി വ്യവസ്ഥകളില്‍ കടുകിട മാറ്റമില്ലാതെയാണ് അദ്ദേഹം മദ്രാസ്‌ ൈഹക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുന്നത്. 2020 ഡിസംബര്‍ 31നാണ് ഉത്തരവിറങ്ങിയത്. 2021 ജനുവരി നാലിന് ചുമതലയേറ്റു. ജുഡീഷ്യല്‍ ചട്ട പ്രകാരം 2023 നവംബറിലാണ് വിരമിക്കല്‍ തീയതി. നിലവിലെ സീനിയോറിറ്റി പ്രകാരം ബാനര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് തസ്തികയില്‍ നിന്നാണ് വിരമിക്കേണ്ടത്.

ജുഡീഷ്യറിയില്‍ അധികമാരും ശ്രദ്ധിക്കാത്ത ചില ഘടകങ്ങളുണ്ട്. അതിലൊന്ന് ഹൈക്കോടതിയുടെ വലിപ്പമാണ്. 72 ജഡ്ജിമാരുള്ള ഹൈക്കോടതിയാണ് കൊല്‍ക്കത്ത ഹൈക്കോടതി. വലിയ കോടതിയാണെന്ന് സാരം. അവിടെ നിന്നാണ് ബാനര്‍ജി മദ്രാസിലേക്ക് ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം നേടി വരുന്നത്. മദ്രാസാകട്ടെ 75 ജഡ്ജിമാരുള്ള വമ്പന്‍ കോടതിയാണ്. സാധാരണ നിലയില്‍ മുതിർന്ന ജഡ്ജിമാര്‍ ഇത്തരം വലിയ കോടതികളിലേക്ക് ചീഫ് ജസ്റ്റിസായി പോകുന്നത് തന്നെ ജുഡീഷ്യറിയില്‍ നിലനില്‍ക്കുന്ന ഒരു രീതിയാണ്. അത്തരം രീതികളും പൊതുസമൂഹത്തിന് അനാവശ്യമെന്ന് പലപ്പോഴും തോന്നാവുന്ന ചില ആചാരങ്ങളുമെല്ലാം ചേര്‍ന്നതാണ് ജുഡീഷ്യറി. ജനാധിപത്യപരമായ ഒരു പവിത്രതയെ അരക്കിട്ടുറപ്പിക്കാനാണ് ഇത്തരം ചില സംഗതികള്‍ എന്ന് പറയാവുന്നതാണ്. കാരണം അന്തിമ അഭയാരണ്യമായി ജനാധിപത്യത്തില്‍ പലപ്പോഴും മാറിത്തീരുക ജുഡീഷ്യറിയാണ്. ഇന്ത്യയില്‍ ഇപ്പോഴുള്ള അസാധാരണ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

സഞ്ജി ബാനര്‍ജിയെ അസാധാരണമായി സ്ഥലം മാറ്റിയത് മേഘാലയയിലേക്കാണ്. മദ്രാസ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രു ചൂണ്ടിക്കാട്ടുന്നതുപോലെ ഒറ്റനോട്ടത്തില്‍ ശിക്ഷപോലുള്ളതാണ് മേഘാലയയിലേക്കുള്ള ഈ സ്ഥലംമാറ്റം. കാരണം മേഘാലയ ഒരു ജൂനിയര്‍ ഹൈക്കോടതിയാണ്. 2013ല്‍ മാത്രമാണ് മേഘാലയത്തില്‍ ഒരു ഹൈക്കോടതി വരുന്നത്. ആകെയുള്ളത് നാല് ജഡ്ജിമാര്‍. എഴുപത്തിയഞ്ച് ജഡ്ജിമാരുള്ള ഒരു വമ്പന്‍ സംവിധാനത്തിന്റെ മേധാവിയില്‍ നിന്ന് നാല് പേര്‍ മാത്രമുള്ള ഒരു ജൂനിയര്‍ സംവിധാനത്തിലേക്കാണ് ഈ മാറ്റം. അതും മദിരാശി ഹൈക്കോടതിയില്‍ വെറും പത്തു മാസം പിന്നിട്ടപ്പോഴേക്കും. ജുഡീഷ്യല്‍ മേധാവികള്‍ക്കിടയില്‍ വിപല്‍സന്ദേശങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രം പര്യാപ്തമായ ഒന്ന്. വിപല്‍സന്ദേശങ്ങള്‍ ഭയം ജനിപ്പിക്കും. നിര്‍ഭയത്വമാണ് നീതിമാന്റെ മൂലധനം. സംവിധാനങ്ങളെ ഭയപ്പെടുന്ന ഒരാള്‍ക്ക് നീതിമാനാകാന്‍ കഴിയില്ല.
ജസ്റ്റിസ് ബാനര്‍ജിയുടെ സ്ഥലംമാറ്റം ഭയപ്പെടുത്തലിന്റെ സന്ദേശമാണ് നല്‍കുന്നത്. ബാനര്‍ജിയെ അല്ല അത് ഭയപ്പെടുത്തുക. ഭരണകൂടത്തിന് അലോസരമുണ്ടാക്കുന്ന വിധിന്യായങ്ങള്‍ എഴുതാന്‍ തുനിയുന്ന ഒരോ ജുഡീഷ്യല്‍ മേധാവിക്കും മീതെ അപമാനകരമായ ഒരു സ്ഥലം മാറ്റത്തിന്റെ കൊടിയ വാള്‍ തൂക്കിയിടുന്നതിന് തുല്യമാണത്. ബാനര്‍ജിയെ അപമാനിക്കുക എന്നാല്‍ ജുഡീഷ്യറിയെ ഭയപ്പെടുത്തുക എന്നും അര്‍ഥമുണ്ട്. കൊളീജിയമല്ലേ അതില്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയും അഥവാ സര്‍ക്കാരിന് എന്തു പങ്ക് എന്നെല്ലാമാണ് നിങ്ങള്‍ ഇപ്പോള്‍ ചോദിക്കുന്നത് എങ്കില്‍ കൊളീജിയം എന്ന സംവിധാനം മോഡി ഭരണകൂടത്തിന്റെ കയ്യില്‍ അത്ര സ്വതന്ത്രമല്ല എന്ന വസ്തുത മനസിലാക്കിയിട്ടില്ല എന്ന് മാത്രമേ അര്‍ഥമുള്ളൂ.
എന്താവാം ബാനര്‍ജിക്ക് നേരിട്ട ഈ അപമാനകരമായ സ്ഥലം മാറ്റത്തിന്റെ ഹേതു? കൊളീജിയവും ഭരണകൂടവും എന്തു ന്യായങ്ങള്‍ ചമച്ചാലും പോയ നാളുകളിലെ ബാനര്‍ജിയുടെ വിധിന്യായങ്ങള്‍ തന്നെയാണ് മൂലഹേതു എന്നത് വസ്തുതയാണ്. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വീഴ്ചകളെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തിയത് സമീപകാല ഉദാഹരണമാണ്. തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബാനര്‍ജി കൈക്കൊണ്ട നിലപാട് ഓര്‍മിക്കുക. വൻ റാലികള്‍ക്ക് അനുമതി നല്‍കിയ സംവിധാനങ്ങളെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു: “Election Commission officers should be booked on murder charges probably’ എന്നായിരുന്നു ബാനര്‍ജിയുടെ പരാമര്‍ശം. പൗരന്‍മാരുടെ ആധാര്‍ വിവരങ്ങള്‍ തിരഞ്ഞെടുപ്പിനെ ലാക്കാക്കി ബി ജെ പി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം മറ്റൊരു വിധിയില്‍ കുറ്റപ്പെടുത്തി. Information Technology (Guidelines for intermediaries and Digital Media Ethics Code) Rules, 2021 മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നായിരുന്നു മറ്റൊരു നിരീക്ഷണം. ഒരു സമഗ്രാധിപത്യ ഭരണകൂടത്തെ ചൊടിപ്പിക്കാന്‍ വേറെന്തു വേണം?

ഈ സന്ദര്‍ഭം തഹിൽരമണിയെ ഓര്‍മയില്‍ കൊണ്ടുവരുന്നുണ്ട്. സമാനമായ അപമാനത്തിനാണ് 2019ല്‍ അവര്‍ ഇരയായത്. കൃത്യമായ സമാനത. തഹിൽരമണിയെയും മാറ്റിയത് മേഘാലയയിലേക്കാണ്. അപമാനിതയായ ആ ജുഡീഷ്യല്‍ ഓഫീസര്‍ രാജിവെക്കുകയാണുണ്ടായത്. ബഹുസ്വര ജനാധിപത്യം മറക്കരുതാത്ത പേരാണ് തഹിൽരമണിയുടേത്. 2002ലെ ഗുജറാത്ത് വംശഹത്യയെ ഓര്‍ക്കുക. ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ 11 പേര്‍ക്ക് ജീവപര്യന്തം വിധിച്ചത് തഹിൽരമണിയാണ്. അന്നവര്‍ മുംബൈ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. ഒറ്റ വിധികൊണ്ട് സംഘപരിവാറിന്റെ കണ്ണിലെ കരടായി മാറിയ അവര്‍ രാജിവെച്ചത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ അപമാനകരമായ നിമിഷമാണ്. ഡല്‍ഹി കര്‍ക്കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനോദ് യാദവ് ഒക്‌ടോബറില്‍ സ്ഥലം മാറ്റപ്പെട്ടത് ഡല്‍ഹി കലാപത്തിലെ പൊലീസിന്റെ വീഴ്ച തുറന്നുകാട്ടിയതിന് പിന്നാലെയാണ്. പോയ ഡിസംബറില്‍ ആന്ധ്ര ചീഫ് ജസ്റ്റിസ് ജിതേന്ദ്രകുമാര്‍ മഹേശ്വരി ജഗ്‌മോഹന്‍ റെഡ്ഡിയുടെ ഇടപെടലിനെത്തുടര്‍ന്ന് സിക്കിമിലേക്ക് നാടുകടത്തപ്പെട്ടു. ഡല്‍ഹി കലാപത്തിലെ പൊലീസ് വിളയാട്ടം തുറന്നുകാട്ടിയ ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധരനും തെറിച്ചു. അതും വിധി പറഞ്ഞതിന്റെ പിറ്റേന്ന്. 2010ല്‍ സൊഹ്റാബുദ്ധീന്‍ കേസില്‍ അമിത്ഷായെ പ്രതിക്കൂട്ടിലാക്കിയ ജഡ്ജി അഖീല്‍ ഖുറേശിയോട് കാത്തിരുന്ന് പകവീട്ടാനും സ്ഥലംമാറ്റം ഉപയോഗിക്കപ്പെട്ടു. ഗുജറാത്ത് ചീഫ് ജസ്റ്റിസാകേണ്ടിയിരുന്ന അദ്ദേഹത്തെ, അതില്‍ നിന്ന് തടയാനായി മുംബൈ ഹൈക്കോടതിയിലേക്കാണ് മാറ്റിയത്. അവിടെ അദ്ദേഹം സീനിയോറിറ്റി പ്രകാരം അഞ്ചാമനായി. ഇസ്‌റത്ത് ജഹാന്‍ കേസില്‍ ഗുജറാത്ത് പൊലീസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ജയന്ത് പട്ടേലിന്റെ കാര്യത്തിലും പകവീട്ടല്‍ നടന്നു. അദ്ദേഹം രാജിവെച്ചൊഴിഞ്ഞു. (വിവരങ്ങള്‍ക്ക് കടപ്പാട് scroll.in)
അതിനാലാണ് ഒരു അസാധാരണ കാലത്ത് ന്യായാധിപരുടെ സ്ഥലംമാറ്റം എന്നത് അത്ര സാധാരണമായ ഒന്നല്ല എന്ന് പറഞ്ഞത്. മുന്‍പ് സമാനമായ അപമാനഭീതിയില്‍ ജുഡീഷ്യറിയെ തളച്ചിട്ടത് അടിയന്തരാവസ്ഥയിലാണ് എന്നുമോര്‍ക്കുക.
രാജ്യത്തിന്റെ സ്വതന്ത്ര അന്വേഷണ ഏജന്‍സികളായ സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ മേധാവിമാര്‍ക്ക് കാലാവധി നീട്ടിക്കൊടുക്കാനുള്ള തീരുമാനം ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്. സ്വതന്ത്ര എന്നത് അവയെ സംബന്ധിച്ച് ഇനി ഒരു വിശേഷണമല്ലാതായി തീരും.
നിശ്ചയമായും ഇതൊരു മണ്ണൊരുക്കലാണ്. അടിയന്തരാവസ്ഥ എന്നത് രാഷ്ട്രപതി വിജ്ഞാപനം ചെയ്ത് മാത്രം നടപ്പാകേണ്ട ഒന്നായാണ് നാം കരുതിപ്പോരുന്നത്. നമ്മുടെ ഭരണഘടനയുടെ ശക്തിയാണ് അങ്ങനെ കരുതാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ഇപ്പോള്‍ പക്ഷേ, നടുക്കത്തോടെ നാം മനസിലാക്കുന്ന വസ്തുത രാഷ്ട്രപതിയും വിജ്ഞാപനവുമൊന്നും അനിവാര്യമല്ല എന്നാണ്. അടിയന്തിരാവസ്ഥ എന്നത് നിശബ്ദമായി പടരുന്ന ജനാധിപത്യത്തിലെ മഹാമാരിയാണെന്നും.

കെ കെ ജോഷി

You must be logged in to post a comment Login