വഖഫ് ബോർഡ് നിയമനം: വിവാദങ്ങളുടെ രാഷ്ട്രീയച്ചുഴികൾ

വഖഫ് ബോർഡ് നിയമനം: വിവാദങ്ങളുടെ രാഷ്ട്രീയച്ചുഴികൾ

പത്രപ്രവർത്തനം തുടങ്ങിയ 1980കളുടെ അന്ത്യത്തിൽ അല്പം ആഴത്തിൽ പഠിച്ച് ഒരു പരമ്പര തയാറാക്കണമെന്ന ആഗ്രഹമുദിച്ചപ്പോൾ വഖഫ് സ്വത്തുക്കളും വഖഫ് ബോർഡുമൊക്കെ അന്വേഷണ വിഷയമായി. ഓർമയിൽ വഖഫ് ബോർഡ് തങ്ങിനിന്നത് എൺപതുകളിൽ കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച ഒരു വിവാദവുമായി ബന്ധപ്പെട്ടാണ്. വഖഫ് ബോർഡ് മുഖേന മുക്രിമാർക്കും ഇമാമുമാർക്കും വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ 40–50 ലക്ഷം രൂപ അനുവദിച്ചപ്പോൾ ഒരു വിഭാഗം അതിനെ നിശിതമായി എതിർത്തു. പൊതുഖജനാവിലെ പണമെടുത്ത് തീർത്തും മതപരമായ ആവശ്യങ്ങൾക്ക് വിതരണം ചെയ്യുന്നതിലെ ഔചിത്യമാണ് ചോദ്യം ചെയ്യപ്പെട്ടത്. അത്തരം നടപടികൾ മതേതര വ്യവസ്ഥയിൽ ചോദ്യം ചെയ്യപ്പെടുക സ്വഭാവികമാണെന്നും എന്നാൽ ഭരണഘടനാവിരുദ്ധമല്ലെന്നും നിരീക്ഷണങ്ങളുണ്ടായി. ഇപ്പോൾ ആ വിവാദത്തിന്റെ മറ്റു തലങ്ങളിലേക്ക് കടക്കുന്നതിൽ പ്രസക്തിയില്ല. അനന്തരം സംഭവിച്ചതെന്ത് എന്നതായിരുന്നു എന്റെ അന്വേഷണം. വഖഫ് ബോർഡിന്റെ പ്രവർത്തനമേഖലകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തിയപ്പോൾ മുക്രി, ഇമാം പെൻഷനെ കുറിച്ചുള്ള കണക്കുകൾ ഞെട്ടിച്ചു. ഏറെ കോളിളക്കം സൃഷ്ടിച്ച ആ വിവാദത്തിലെ ഇരകൾ യഥാർത്ഥത്തിൽ വഞ്ചിക്കപ്പെടുകയായിരുന്നു. സർക്കാർ അനുവദിച്ച പെൻഷൻ ഫണ്ടിൽനിന്നാണ് വഖഫ് ബോർഡ് ചെയർമാന് കാറ് വാങ്ങിയത്. 15ലക്ഷത്തോളം കാലിക്കറ്റ് വാഴ്സിറ്റിയിൽ ഇസ്‌ലാമിക് ചെയർ തുടങ്ങാനും വിനിയോഗിച്ചു. ഫലത്തിൽ മുക്രിമാർക്കും ഇമാമുമാർക്കും കിട്ടിയത് ഏതാനും ലക്ഷങ്ങൾ മാത്രം. വഖഫ് ബോർഡിലെ കെടുകാര്യസ്ഥതയെ കുറിച്ച് പിന്നീട് പലതും കേൾക്കാൻ കഴിഞ്ഞു.

‘മർമം മറന്ന ധർമപരിപാലന’ത്തെ കുറിച്ചുള്ള അന്വേഷണ പരമ്പരയിലൂടെ, കയ്പേറിയ കുറേ സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ സാധിച്ചപ്പോൾ, വഖഫ് ഇഷ്ടപ്പെട്ട വിഷയമാവുകയും പഠനം തുടരുകയും ചെയ്തു. ദൈവപ്രീതി മാത്രം കാംക്ഷിച്ച് ശാശ്വതദാനമായി മാറ്റിവെച്ച ലക്ഷക്കണക്കിന് വഖഫുകൾ, ‘വാഖിഫി’ന്റെ (വഖഫ് ചെയ്തവരുടെ) ഉദ്ദേശ്യങ്ങൾക്ക് വിപരീതമായി നശിപ്പിക്കപ്പെടുകയോ അന്യാധീനപ്പെടുകയോ ചെയ്യുമ്പോൾ അതിന്റെ പൂർണ ഉത്തരവാദിത്തം വഖഫ് സ്വത്തുവകകളുടെ മേൽനോട്ടച്ചുമതലയുള്ള വഖഫ് ബോർഡിനാണെന്നതിൽ സംശമില്ല. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ബ്രിട്ടീഷ് ഭരണകൂടവും സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനാധിപത്യസർക്കാരുകളും പലതവണ നിയമനിർമാണങ്ങൾ നടത്തിയിട്ടും വഖഫ് സ്വത്തുക്കളുടെ കാര്യത്തിൽ വഞ്ചി തിരുനക്കരെ തന്നെയാണ്. 1995ലെ വഖഫ് ആക്ടിൽ അന്യാധീനപ്പെടലും അഴിമതിയും അതിക്രമവുമെല്ലാം തടയുന്നതിന് വ്യക്തമായ മാർഗരേഖയും ശിക്ഷയും നിഷ്കർഷിക്കുന്നുണ്ടെങ്കിലും അത് നടപ്പാക്കേണ്ടവരുടെ പിടിപ്പുകേട് കൊണ്ട് കാര്യങ്ങൾ മാറ്റമില്ലാതെ തുടർന്നു. മുസ്‌ലിംകളുടെ സാമൂഹികവും സാമ്പത്തികവും തൊഴിൽപരവുമായ പിന്നാക്കാവസ്ഥ പഠിക്കാൻ നിയുക്തനായ ജസ്റ്റിസ് രജീന്ദർ സച്ചാർ വഖഫ് മേഖലയെ സൂക്ഷ്മമായി പഠിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് കണ്ടെത്തിയത്. ഇന്ത്യാ–പാക് വിഭജനം പഞ്ചാബ്, ഹരിയാന, ബംഗാൾ സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് വഖഫ് സ്വത്തുക്കൾ ഇവിടെ ഉപേക്ഷിക്കാൻ ഒരു തലമുറയെ നിർബന്ധിതരാക്കി. എന്നാൽ അവയെല്ലാം അന്യാധീനപ്പെടുകയോ നശിക്കുകയോ ചെയ്തു. ഇന്ത്യാ– പാക് അതിർത്തിയിലെ പഴയ പട്ടണമായ അട്ടാരിയിൽ 1990ൽ സന്ദർശിക്കാൻ അവസരം കൈവന്നപ്പോൾ, ഒരു സിഖ് ഭവനത്തിൽ എത്തിപ്പെട്ടു. തന്റെ കൈവശമുള്ള 40ലേറെ ഏക്കർ സ്ഥലം ഒരുവേള വഖഫ് ഭൂമിയായിരുന്നുവെന്നും ഇപ്പോൾ ഗ്രാമത്തിലെ മസ്ജിദും മദ്രസയുമടക്കം കാലിത്തൊഴുത്തായാണ് ഉപയോഗിക്കുന്നതെന്നും ആ വൃദ്ധ ഗൃഹനാഥൻ തുറന്നുപറഞ്ഞു. കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലും വഖഫ് സ്വത്തുക്കൾ യഥാവിധി പരിപാലിക്കുന്നതിലും സംരക്ഷിക്കുന്നതിലും കാണിച്ച അലംഭാവം വഖഫ് ഭരണസംവിധാനത്തെ പ്രതിക്കൂട്ടിൽ കയറ്റുന്നുണ്ട്. ഇന്ത്യയിലെ വഖഫ് സ്വത്തിന്റെ ചെറിയൊരു അംശം ഫലപ്രദമായി വിനിയോഗിക്കുകയാണെങ്കിൽ മുസ്‌ലിംകളുടെ സാമ്പത്തിക പരാധീനതകൾക്കും തൊഴിൽപരമായ പിന്നാക്കാവസ്ഥക്കും ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കുമെന്നാണ് ജസ്റ്റിസ് സച്ചാറിന്റെ നിഗമനം.

വഖഫ് നിയമനങ്ങളും പി എസ് സിയും
ഇപ്പോൾ കേരളത്തിൽ അലയടിക്കുന്ന വിവാദം വഖഫ് സ്വത്ത് പരിപാലിക്കുന്ന കാര്യത്തിലോ അന്യാധീനപ്പെട്ട സ്വത്തുകൾ തിരിച്ചുപിടിക്കുന്ന വിഷയത്തിലോ അഴിമതിക്കാരായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുന്ന വിഷയത്തിലോ അല്ല. ഈ ദിശയിൽ ഇതുവരെ കാതലായ ചർച്ചകൾ പോലും നടന്നിട്ടില്ല; നടക്കാൻ സാധ്യതയുമില്ല. വഖഫ് ബോർഡിൽ ഉണ്ടാവുന്ന ഉദ്യോഗ ഒഴിവുകൾ വഖഫ് ബോർഡ് നേരിട്ട് നടത്തുന്നതിനു പകരം പബ്ലിക് സർവീസ് കമീഷനെ (പി എസ് സി) ആ തസ്തികകൾ നികത്താൻ ചുമതലപ്പെടുത്തുന്ന നിയമനിർമാണം പൂർത്തിയായതാണ് മുസ്‌ലിം ലീഗും ആ പാർട്ടിയെ പിന്തുണക്കുന്നവരും മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, പോപ്പുലർ ഫ്രണ്ട് തുടങ്ങിയവരും പ്രതിഷേധവുമായി രംഗത്തിറങ്ങാൻ കാരണം. ഈ നിയമനിർമാണത്തിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ദേവസ്വം ബോർഡിലെ നിയമനങ്ങൾ പി എസ് സിക്ക് വിടാതെ, വഖഫ് മാത്രം വിടുന്നത് വിവേചനപരമാണെന്നുമാണ് ഇവർ വാദിക്കുന്നത്.

വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള തീരുമാനമെടുത്തത് ഇന്നോ ഇന്നലെയോ അല്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്, ഡോ. കെ ടി ജലീൽ തദ്ദേശസ്വയംഭരണ, ഹജ്ജ്– വഖഫ് മന്ത്രിയായിരുന്നപ്പോഴാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിയമസഭയിൽ ഉന്നയിച്ചത് കോൺഗ്രസിലെ വി പി സജീന്ദ്രനാണ്. 2018 ജനുവരി 23ന്. ‘വഖഫ് ബോർഡിലെ നിയമനങ്ങൾ പി എസ് സിക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം തിടുക്കത്തിൽ ഒരു ഓർഡിനൻസിലൂടെ നടപ്പിലാക്കിയത് എന്തുകൊണ്ട്’ എന്ന ചോദ്യത്തിന് മന്ത്രി നൽകുന്ന മറുപടി ഇതാണ്: ‘‘സ്ഥിരം തസ്തികകളിലേക്കുള്ള എല്ലാ നിയമനങ്ങളും പി എസ് സി മുഖേന നടത്തുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയം എന്നതിനാലും കേരള സംസ്ഥാന വഖഫ് ബോർഡിൽ ഉത്തരവാദിത്തവും വൈദഗ്ധ്യവും ഉളള ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നതിനുമാണ് 2017ലെ കേരള പബ്ലിക് സർവീസ് കമീഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) എന്ന ഓർഡിനൻസ് അടിയന്തരമായി പുറപ്പെടുവിക്കേണ്ടിവന്നത്.’’ വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള ഓർഡിനൻസ് പുറത്തുവന്നപ്പോൾ കോൺഗ്രസുകാരനായ ഒരു അമുസ്‌ലിം എം എൽ എക്ക് ചില സംശയങ്ങൾ ഉയർന്നെങ്കിലും മുസ്‌ലിം ലീഗിന്റേതടക്കം മറ്റു നിയമസഭാസാമാജികർക്ക് യാതൊരു സന്ദേഹമോ ആശങ്കയോ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാവുന്നുണ്ട് നിയമസഭാ രേഖകളിൽനിന്ന്. കോൺഗ്രസ് എം എൽ എയുടെ രണ്ടാമത്തെ ചോദ്യം, വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടുന്നതിനു മുമ്പ്, ഏതെങ്കിലും മുസ്‌ലിം സംഘടനകളുമായി ചർച്ച നടത്തിയിട്ടുണ്ടോ എന്നതാണ്. അതിനു മന്ത്രി നൽകിയ മറുപടിയും ശ്രദ്ധേയമാണ്. “”വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ, ന്യൂക്ഷപക്ഷ ക്ഷേമ, വഖഫ്– ഹജ്ജ് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ബോർഡ് ചെയർമാന്റെയും മെമ്പർമാരുടെയും സാന്നിധ്യത്തിൽ 19/07/2016ൽ കൂടിയ യോഗത്തിലാണ് സംസ്ഥാന വഖഫ് ബോർഡിൽ ഒഴിവ് വരുന്ന തസ്തികകളിലേക്ക് പി എസ് സി മുഖേന നിയമനം നടത്തുന്നതിന് തത്വത്തിൽ തീരുമാനമെടുത്തത്. പ്രസ്തുത യോഗത്തിലെ യോഗ നടപടി കുറിപ്പ് 5&11 പ്രകാരം പ്രസ്തുത തീരുമാനത്തെ ബോർഡ് ചെയർമാനും അംഗങ്ങളും അംഗീകരിച്ച് ഒപ്പ് വെച്ചിട്ടുള്ളതാണ്.”
ഇവിടെയാണ് വിഷയത്തിന്റെ മർമം കിടക്കുന്നത്. ഇപ്പോൾ നിയമനങ്ങൾ പി എസ് സിക്ക് വിട്ടതിനെതിരെ രോഷം കൊള്ളുന്ന ലീഗ് നേതാക്കളും മുജാഹിദ് നേതാവ് ടി പി അബ്ദുല്ലക്കോയ മദനിയുൾപ്പെടെ അന്ന് പി എസ് സി വഖഫിലേക്ക് കടന്നുവരുന്നതിനെ എതിർത്തിരുന്നില്ല. ചുരുങ്ങിയത്, മുസ്‌ലിം സംഘടനകളുടെയും മുസ്‌ലിം നിയമവിദഗ്ധരുടെയും ഒരു യോഗം വിളിച്ചുകൂട്ടിയതിന് ശേഷം മതി ഓർഡിനൻസും നിയമനിർമാണവുമെന്ന നിർദേശമെങ്കിലും അന്നവർക്ക് വെക്കാമായിരുന്നു.

വാദഗതികളിലെ നെല്ലും പതിരും
“സംസ്ഥാന വഖഫ് ബോർഡ് നിയമനങ്ങൾ പബ്ലിക് സർവീസ് കമീഷന് വിടാനുള്ള കേരള സർക്കാരിന്റെ നിഗൂഢനീക്കം ഒട്ടേറെ സങ്കീർണമായ നിയമ–സർവീസ് പ്രശ്നങ്ങൾഉയർത്തുന്നുണ്ട്’ എന്ന് ഇപ്പോൾ പറയുന്നത് വഖഫ് ബോർഡിലെ മുസ്‌ലിം ലീഗ് പ്രതിനിധി അഡ്വ. പി വി സൈനുദ്ദീനാണ്. (ഈ നീക്കം വഖഫ് സ്ഥാപനങ്ങളെ അട്ടിമറിക്കാൻ, മാധ്യമം, 2021 നവംബർ 8 )

2017ൽ എടുത്ത തീരുമാനത്തിന്മേൽ നിയമനിർമാണം പൂർത്തിയാക്കുന്നത് 2021 നവംബറിലാണ്. കഴിഞ്ഞ നാലര കൊല്ലം ഇവർ എവിടെയായിരുന്നു? എന്തുകൊണ്ട് ഇത് ഗൗരവമേറിയ വിഷയമാക്കിയില്ല? വിവാദമാക്കേണ്ടതൊന്നും ഇതിലില്ല എന്ന വിശ്വാസത്തിലാണോ? ‘യോഗ്യരായവരെ കണ്ടെത്തി നിയോഗിക്കുവാനാണ് വഖഫ് നിയമനം പി എസ് സിക്കു വിടുന്നത്’ എന്ന മന്ത്രിയുടെ അവകാശവാദം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും വഖഫ് അംഗം പറയുന്നു. എന്തായിരിക്കും ആ രാഷ്ട്രീയ ഗുഢാലോചന? വിശദീകരിക്കേണ്ടതുണ്ട്. പ്രത്യക്ഷത്തിൽ ഇത്തരമൊരു നീക്കത്തിലൂടെ ഗുണകരമായ കുറെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഒന്നാമതായി ബോർഡിലെ നിയമനങ്ങൾ സുതാര്യമാകും. ഇതുവരെ നടന്നത് എന്താണെന്ന് എല്ലാവർക്കുമറിയാം. മുസ്‌ലിം ലീഗിന്റെ കൈയിലാണ് വഖഫ് ബോർഡ്. കറവപ്പശു കൂടിയാണ്. എണ്ണമറ്റ മദ്രസകളും പള്ളികളും മറ്റു മതസ്ഥാപനങ്ങളും ലീഗിന്റെയോ ലീഗ് നിയന്ത്രിക്കുന്ന സംഘടനകളുടെയോ വരുതിയിലാണെന്നതിനാൽ എം.എൽ.എമാരുടെയും എം.പിമാരുടെയും മണ്ഡലത്തിന് പുറത്തുനിന്ന് തന്നെ രണ്ടുഅംഗങ്ങൾക്ക് പ്രാതിനിധ്യമുറപ്പിക്കാനാവുന്നുണ്ട്. അഡ്വ.പി.വി സൈനുദ്ദീനും എം.സി മായിൻ ഹാജിയും അങ്ങനെയാണ് ബോർഡിൽ കുടിയേറിപ്പാർത്തിരിക്കുന്നത്. ബോർഡിൽ മുസ്‌ലിം ലീഗിന്റെ സങ്കുചിത താൽപര്യങ്ങൾ പരിരക്ഷിക്കുന്നതിൽ ഇവർ പ്രതിജ്ഞാബദ്ധരാണ്. ഇരുസുന്നി വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഒരിക്കലും നീതിപൂർവകമായ പരിഹാരം കണ്ടെത്താനാവാത്തതിന് കാരണം സങ്കുചിത താൽപര്യങ്ങളാണത്രെ. ഉദ്യോഗസ്ഥ നിയമനങ്ങളിൽ കടുത്ത രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നതു കൊണ്ടുതന്നെ മുസ്‌ലിംകളിലെ അവാന്തരവിഭാഗങ്ങൾക്ക് നിലവിലെ സംവിധാനത്തിൽ അവസരങ്ങൾ വിരളമായോ ലഭിക്കാറുള്ളൂ എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ഒരു രാഷ്ട്രീയപാർട്ടിയുടെ കറവപ്പശുവായി വഖഫ് ബോർഡ് പോലുള്ള സ്ഥാപനങ്ങൾ ചുരുങ്ങിപ്പോകാൻ പാടില്ലാത്തതാണ്. വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ട കേസുകളുടെ പിന്നാമ്പുറത്തേക്ക് ചെന്നാൽ അവിടെയെല്ലാം വില്ലന്മാർ സമുദായ പാർട്ടിക്കാരാണെന്ന് കണ്ടെത്താനാവും. കണ്ണൂർ തളിപ്പറമ്പിൽ വഖഫ് ഭൂമിയിലാണെത്ര മുസ്‌ലിം ലീഗ് ഓഫീസും വാടകക്കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. തൃക്കരിപ്പൂരിൽ വഖഫ് സ്വത്ത് പാർട്ടിക്കാരുടെ കോളജിന് ചുളുവിലയ്ക്ക് കൈമാറിയത് സംബന്ധിച്ച വിവാദം കഴിഞ്ഞ വർഷം വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. കോഴിക്കോട്ടും മട്ടാഞ്ചേരിയിലും മറ്റു പട്ടണങ്ങളിലും നഗരങ്ങളിലും വഖഫ് സ്വത്ത് അന്യാധീനപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെയൊക്കെ പിന്നിൽ രാഷ്ട്രീയ കങ്കാണിമാരുടെ കൈകൾ കാണാം. ഉദ്യോഗതലത്തിലെ ദുസ്വാധീനം മൂലമാണ് കോടതിയിൽ ചെന്നാൽ വഖഫ് ബോർഡ് തോൽക്കുന്നതും പാർട്ടിക്കാർ ജയിക്കുന്നതും.

പി എസ് സിക്ക് വിടുന്നതോടെ വിദ്യാസമ്പന്നരും കാര്യപ്രാപ്തിയുമുള്ള യുവാക്കളെ വഖഫ് ബോർഡിലെത്തിക്കാനാകുമെന്നതിൽ സംശയമില്ല. നിലവിലെ അവസ്ഥയിൽ, ഏതെങ്കിലും പാർട്ടി നേതാവിന്റെ ശിപാർശയിൽ താൽക്കാലിക ജീവനക്കാരനായി എത്തി ഒടുവിൽ ഉന്നത തസ്തികയിൽനിന്ന് വിരമിക്കുന്ന പതിവാണുള്ളത്. ഉദ്യോഗത്തിൽ മുസ്‌ലിംകളിലെ അവാന്തര വിഭാഗങ്ങൾക്കെല്ലാം അവസരം ലഭിക്കുമെന്നതും നല്ല മാറ്റമാവും. ഇവിടെയാണ് പി എസ് സിക്ക് വിടുന്നതിലെ എതിർപ്പിന്റെ കാരണം കാണിക്കുന്നത്. നിലവിൽ, തങ്ങളനുഭവിക്കുന്ന മേധാവിത്തം നഷ്ടപ്പെടുമെന്ന ലീഗിന്റെ ഉത്കണ്ഠ സ്വാഭാവികമാണ്. ഏതുമേഖലയിലും കുത്തക തകരുന്ന അവസ്ഥ സഹിക്കാനാവില്ല. വഖഫ് ബോർഡിന്റെ എറണാകുളത്തെ ആസ്ഥാനം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലെ ഡിവിഷണൽ ഓഫീസുകൾ എന്നിവിടങ്ങളിലായി 130ഓളം നിയമനങ്ങളാണത്രെ നടത്താനുള്ളത്. അവയിലേക്ക് മികവ് തെളിയിച്ച യുവതീയുവാക്കൾ കടന്നുവരുമ്പോൾ വഖഫ് ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാവുകയും കാലോചിതമായി മെച്ചപ്പെടുകയും ചെയ്യുമെന്നതിൽ തർക്കമുണ്ടാവില്ല. നിലവിലെ അവസ്ഥ പരിതാപകരമാണ്. ഇംഗ്ലീഷിൽ തെറ്റ് കൂടാതെ ഒരു കത്ത് തയാറാക്കാൻ കഴിവുള്ള ജീവനക്കാർ ബോർഡിലില്ല എന്ന് സ്വകാര്യ സംഭാഷണത്തിൽ പരിഭവം പങ്കുവെച്ചത് ഒരു മുൻമന്ത്രിയാണ്. പിന്നെ, 10വർഷം മുമ്പ് 40ലക്ഷമായിരുന്നത് 12കോടിയായി വരുമാനം വർധിപ്പിക്കാൻ സാധിച്ചത് ബോർഡിന്റെ ക്രിയാത്മക നീക്കങ്ങൾ കൊണ്ടല്ല; മറിച്ച്, പുതിയ എത്രയോ സ്ഥാപനങ്ങൾ ഓരോ വർഷവും വഖഫായി റജിസ്റ്റർ ചെയ്യപ്പെടുന്നതു വഴിയാണ്.

പി എസ് സിക്ക് വിടുന്നതോടെ മുസ്‌ലിമേതര വിഭാഗങ്ങളെയും വഖഫ് ബോർഡിൽ ഉദ്യോഗസ്ഥയി വെക്കേണ്ടിവരുമെന്ന പ്രചാരണം നിഷ്പക്ഷമതികളിൽ ആശങ്ക വിതച്ചിട്ടുണ്ട്. അത്തരമൊരു ആശങ്കയ്ക്ക് അടിസ്ഥാനമില്ല. വഖഫ് നിയമത്തിന്റെ മൂന്നാം വ്യവസ്ഥയിൽ പറയുന്നത് ഇങ്ങനെ: ‘വഖഫ് ബോർഡിന്റെ കീഴിലുള്ള ഭരണപരമായ സർവീസുകളെ സംബന്ധിച്ച് പബ്ലിക് സർവീസ് കമീഷന്റെ ചുമതലകൾ: 1) വഖഫ് ബോർഡിലെ ഭരണപരമായ സർവീസുകളിലെ എല്ലാ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും നേരിട്ടുള്ള നിയമനം വഴി നിയമിക്കുന്നതിന് വേണ്ടി മുസ്‌ലിം സമുദായത്തിലുള്ള ഉദ്യോഗാർഥികളുടെ സെലക്ട് ലിസ്റ്റ് തയാറാക്കേണ്ടത് പബ്ലിക് സർവീസ് കമീഷന്റെ ചുമതലയാണ്.’ ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്തതുപോലെ തന്നെയാണ് വഖഫ് ബോർഡിന്റെയും സ്വഭാവമെന്ന് ഇതിൽനിന്ന് വ്യക്തമാണ്. എന്നാൽ, നിയമം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ മറിച്ചൊരു വ്യാഖ്യാനം ഉണ്ടാകുമോ എന്ന സന്ദേഹം ഉയർത്തിയാണ് മുസ്‌ലിം ലീഗും കൂട്ടാളികളും പ്രചാരണം കൊഴുപ്പിക്കുന്നത്. വഖഫ് നിയമനങ്ങൾ സുതാര്യമാവണം എന്ന വിഷയത്തിൽ രണ്ടഭിപ്രായമുണ്ടാവില്ല. അതേസമയം, പി എസ് സിയെയല്ല, പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡിനെയാണ് ചുമതല ഏൽപിക്കേണ്ടതെന്ന വാദഗതിക്കാർ വിസ്മരിക്കുന്ന കാതലായ വശമുണ്ട്. അപ്പോഴും മേൽചൊന്നവരുടെ കൈകളിലായിരിക്കും നിയമനങ്ങളുടെ കടിഞ്ഞാൺ. അതുകൊണ്ട് തന്നെ പി എസ് സി വഴിയുള്ള നിയമനത്തെ ഉപാധിയോടെ സ്വാഗതം ചെയ്യാവുന്നതേയുള്ളൂ. ദേവസ്വം ബോർഡിലെന്ന പോലെ മുസ്‌ലിം നാമധാരി മാത്രമാവരുത്, വിശ്വാസി കൂടിയാവണം. അപ്പോഴേ, ദൈവമാർഗത്തിൽ നീക്കിവെച്ച കോടികളുടെ സ്വത്ത് വകകളുടെ സുരക്ഷിതത്വവും പരിപാലനവും വിനിയോഗവും കാര്യക്ഷമമായും മതം അനുശാസിക്കുന്ന വിധത്തിലും മുന്നോട്ടുകൊണ്ടുപോകാനാവൂ. ഇമ്മട്ടിലൊരു വ്യവസ്ഥ നിർദേശിക്കേണ്ടിയിരുന്നത് നിയമനിർമാണ സമയത്താണ്. പറയുമ്പോൾ എല്ലാം പറയണമല്ലോ, മുസ്‌ലിം മാനേജ്മെന്റ് നടത്തുന്ന വിദ്യാലയങ്ങളിലും കോളജിലും അമുസ്‌ലിംകൾക്ക് ജോലി നൽകുന്നതിൽ ഇക്കൂട്ടർ ഒരപാകവും കാണാറില്ല. കാരണം ഭീമമായ കോഴ തന്നെ. കച്ചവടക്കണ്ണോടെ കാര്യങ്ങളെ സമീപിക്കുമ്പോൾ ഇസ്‌ലാമും സമുദായവുമൊന്നുമില്ലാതാവുന്നു. വിവേചനത്തിന്റെ കാര്യം വരുമ്പോൾ ലജ്ജാവഹമായ ചില ഏർപ്പാടുകളെ പറ്റിയും പരാമർശിക്കാതെ വയ്യ. മുസ്‌ലിം ലീഗ് അനുകൂല സമസ്ത വിഭാഗം നടത്തുന്ന മദ്രസകളിലും പള്ളികളിലും മറ്റു മത സ്ഥാപനങ്ങളിലും സുന്നികളിൽപെട്ടവർക്ക് ജോലി നൽകണമെങ്കിൽ മുഅല്ലിം സർവീസ് റജിസ്റ്ററും (MSR) ഖത്തീബ് സർവീസ് റജിസ്റ്ററും (QSR) ഹാജരാക്കണമെന്ന് വ്യവസ്ഥ വെച്ചത് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സ്ഥാപനങ്ങളിൽനിന്ന് ബിരുദമെടുത്ത് വരുന്നവരെ തടയാൻ വേണ്ടിയാണ്. വഖഫ് നിയമനം പി എസ് സിക്ക് വിട്ടതോടെ കേരളത്തിൽ മുസ്‌ലിംകൾ അപകടത്തിലാണെന്നു വാദിക്കുന്നവരുടെ ധാർമികബോധത്തിന്റെ നിലവാരം ഇതിൽനിന്നൊക്കെ നിർധാരണം ചെയ്യാവുന്നതേയുള്ളൂ.

അനുനയമാണ് അഭികാമ്യം
1948ൽ പാർട്ടി രൂപീകൃതമായത് മുതൽ കോൺഗ്രസ് അസ്പൃശ്യരായി അകറ്റിനിർത്തിയ മുസ്‌ലിം ലീഗിന് കേരളത്തിൽ അസ്തിത്വവും അംഗീകാരവും നൽകിയത് 1967ലെ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സർക്കാരാണ്. സി എച്ച് മുഹമ്മദ് കോയക്കും അഹമ്മദ് കുട്ടി കുരിക്കൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയതോടെയാണ് ലീഗിന്റെ ശനിദശ വിട്ടുമാറുന്നത്. കമ്യൂണിസ്റ്റുകാർ ലോകത്താദ്യമായി ബാലറ്റ് പേപ്പറിലുടെ 1957ൽ അധികാരത്തിൽ വന്നപ്പോൾ വലിയൊരു ‘മുസീബത്ത് ’ ഇറങ്ങിയിരിക്കുന്നുവെന്ന മട്ടിലാണ് സമുദായ പാർട്ടിക്കകത്ത് ചർച്ചകൾ നടന്നത്. അതുകൊണ്ടാണ് കോൺഗ്രസുമായി രാഷ്ട്രീയ സഖ്യത്തിലല്ലാതിരുന്നിട്ടും മന്ത്രിസഭയെ മറിച്ചിടാനുള്ള ക്രൈസ്തവ സഭയുടെ നേതൃത്വത്തിലുള്ള (അതും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൃപാശിസ്സുകളോടെ) വിമോചനസമരത്തിൽ ലീഗുകാർ പങ്കാളികളായതും അടിയും ജയിലും വാങ്ങിക്കൂട്ടിയതും. ഇ എം എസിന്റെ പ്രഥമ മന്ത്രിസഭ മുസ്‌ലിംകളുടെ മതപരവും തൊഴിൽപരവുമായ വിഷയങ്ങളിൽ അനൂകൂല നിലപാടാണ് സ്വീകരിച്ചതെന്ന് മുസ്‌ലിം ലീഗിന്റെ ചരിത്രം പറയുന്ന ‘വാട്ട് പ്രൈസ് ഫ്രീഡം’ എന്ന പുസ്തകത്തിൽ മുഹമ്മദ് റസാഖാൻ നിരീക്ഷിക്കുന്നുണ്ട്.
മലബാറിൽ മുസ്‌ലിംകൾ കമ്യൂണിസ്റ്റ് വിരുദ്ധമായിരുന്നിട്ടും മുസ്‌ലിംകളോട് സർക്കാർ ഒരുതരത്തിലുള്ള ശത്രുതയും കാണിച്ചില്ല. യഥാർത്ഥത്തിൽ അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാനുള്ള മനസ്സറിഞ്ഞുള്ള താൽപര്യം കാണിക്കുകയാണ് ചെയ്തത്. അവരെ സഹായിക്കാൻ ആത്മാർഥമായ ആഗ്രഹമുണ്ടായിരുന്നു. സർക്കാരിന്റെ ആദ്യനടപടി, പള്ളികൾ നിർമിക്കാനും പുനരുദ്ധരിക്കാനും പ്രധാന കേടുപാടുകൾ തീർക്കാനും മുൻകൂട്ടി അനുമതി വാങ്ങണമെന്ന ഉത്തരവ് റദ്ദാക്കുന്നതായിരുന്നു. ആവശ്യമായ അനുമതി ലഭിക്കുന്നതിന് നിരവധി കടമ്പകളും പ്രയാസങ്ങളും തരണം ചെയ്യാനുള്ളതുകൊണ്ട് മുസ്‌ലിംകൾ ഈ ഉത്തരവിനെതിരെ ഏറെനാളായി പരാതിപ്പെടുകയായിരുന്നു. ഗവൺമെന്റിലെ ഉന്നത പദവികളിൽ ഏതാനും മുസ്‌ലിംകളെ നിയമിക്കുകയുണ്ടായി. പിന്നാക്കത്തിന്റെ അടിസ്ഥാനത്തിൽ 10ശതമാനം സീറ്റുകൾ ഉദ്യോഗതലത്തിൽ മുസ്‌ലിംകൾക്ക് സംവരണം ചെയ്യുന്ന ഉത്തരവും സർക്കാർ പുറപ്പെടുവിക്കുകയുണ്ടായി. ഗവൺമെന്റ്, പ്രൊഫഷനൽ കോളജുകളിൽ മുസ്‌ലിംകൾക്കായി 10ശതമാനം സീറ്റുകൾ നീക്കിവെച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ, എൻജിനീയറിങ്, അഗ്രികൾച്ചർ, മറ്റു പ്രൊഫഷണൽ കോളജുകളിൽ മുസ്‌ലിം യുവാക്കൾക്ക് സീറ്റ് ഉറപ്പിക്കാൻ കഴിഞ്ഞു. സംവരണമുള്ളതുകൊണ്ട് അപേക്ഷിച്ച കുട്ടികൾക്കെല്ലാം പ്രവേശനം ലഭിച്ചു. മുസ്‌ലിം സമുദായത്തെ സഹായിക്കാനുള്ള ആത്മാർഥ നീക്കത്തിന്റെ ഭാഗമായോ അല്ലെങ്കിൽ പാർട്ടിയിലേക്ക് മുസ്‌ലിംകളെ ആകർഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായോ എന്തായാലും മുസ്‌ലിംകൾക്ക് വലിയ നേട്ടങ്ങളാണുണ്ടായത്.

ജനാധിപത്യ ഭരണകൂടങ്ങളോട് ഏറ്റുമുട്ടലിന്റെയും തർക്കവിതർക്കങ്ങളുടെയും വഴിയിലൂടെ മാത്രം സഞ്ചരിച്ചാൽ അണികളുടെ രാഷ്ട്രീയ ദാഹം കെടുത്താമെന്നല്ലാതെ, സമുദായത്തിന് ഒരു ഗുണവും കിട്ടാൻ പോവുന്നില്ല. വേണ്ടത് അനുനയത്തിന്റെ രാഷ്ട്രീയ രാജപാതയിലൂടെയുള്ള നീക്കങ്ങളാണ്. ഒപ്പം അനിവാര്യമായ ജാഗ്രതയും. പി എസ് സിയിലൂടെ ആരെല്ലാം വഖഫ് ബോർഡിലേക്ക് കടന്നുവരുന്നുവെന്ന് ആദ്യം സൂക്ഷ്മമായി നിരീക്ഷിക്കുക. ഉദ്യോഗസ്ഥതലത്തിൽ കുതന്ത്രങ്ങൾ പയറ്റുന്നുണ്ടോ എന്നും പഠിക്കുക. പ്രാപ്തരായ 100 ന്യൂജെൻ ജീവനക്കാർ വന്നാൽ തന്നെ ഈ പഴയ തറവാട്ടിൽ വിപ്ലവകരമായ മാറ്റം പ്രതീക്ഷിക്കാം.

Kasim Irikkoor

You must be logged in to post a comment Login