വഖഫ് ബോർഡിലെ പി എസ് സി നിയമനം

വഖഫ് ബോർഡിലെ  പി എസ് സി നിയമനം

ഇസ്‌ലാമിക സമൂഹം ഏറെ പവിത്രതയോടെയും പരിപാവനമായും കരുതുന്നതാണ് വഖഫ് സ്വത്തുക്കൾ . ഇന്ത്യയിൽ കണക്കില്ലാത്ത അത്ര വഖഫ് സ്വത്തുക്കളാണ് ഉണ്ടായിരുന്നത്. വിഭജനകാലത്തും മറ്റുമായി അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾക്ക് കൈയും കണക്കുമില്ല. പ്രത്യേക ബോർഡുകൾക്ക് കീഴിൽ വഖഫ് സ്വത്തുക്കൾ വന്നതിനുശേഷം അവ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും കെടുകാര്യസ്ഥതക്ക് കുറവുവന്നിട്ടില്ല. നാലു ലക്ഷത്തോളം ഏക്കർ ഭൂമി വഖഫ് സ്വത്തുക്കളായി ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതനുസരിച്ച് റെയിൽവേയും പ്രതിരോധ വകുപ്പും കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ ഭൂ ഉടമസ്ഥത വഖഫ് ബോർഡിന്റെ കൈയിലാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത്രയും സമ്പന്നമാണ് വഖഫ് ബോർഡെങ്കിലും, സമുദായത്തിന്റെ ഗുണപരമായ വളർച്ചക്കുവേണ്ടി വഖഫ് ബോർഡുകൾ എന്തു ചെയ്യുന്നു എന്നത് ഗൗരവ ചർച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്.

ഇപ്പോൾ വഖഫ് ബോർഡ് മുഖ്യധാരയിൽ സംവാദവിഷയമാകാനുള്ള കാരണം വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള ബില്‍ കേരള സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയതാണ്.

അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ ഉയരുകയാണ്. ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എതിർക്കുന്നവർ വാദിക്കുന്നു. നിയമനങ്ങള്‍ പി എസ് എസിക്ക് വിടുന്നത് വഴി ബോര്‍ഡിന്റെ പ്രവര്‍ത്തനം സുതാര്യവും ശാസ്ത്രീയവുമാകുമെന്ന് സര്‍ക്കാരും ഉറപ്പിച്ചുപറയുന്നു.

വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഈ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് ഇപ്പോൾ പാസാക്കിയിരിക്കുന്നത്.

വഖഫ് നിയമം അനുശാസിക്കുന്നപ്രകാരം വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട ആറുപേരും നാമനിര്‍ദേശം ചെയ്യപ്പെട്ട നാലു പേരും ഉള്‍പ്പെടുന്നതാണ് വഖഫ് ബോര്‍ഡിന്റെ ഭരണസമിതി. അഞ്ചുവര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. ബോര്‍ഡ് അധ്യക്ഷനെ അംഗങ്ങളാണ് തിരഞ്ഞെടുക്കുന്നത്.
ബോർഡിന് കീഴിൽ നൂറിലധികം വരുന്ന തസ്തികകളിലേക്ക് നിയമനം നടക്കാറുണ്ട്. ആ നിയമനങ്ങളാണ് പി എസ് സിക്ക് വിടാൻ തീരുമാനിച്ചതും വിവാദമായതും.

നിലവിൽ സ്ഥിരം ജീവനക്കാർ വളരെ കുറച്ച് മാത്രമാണുള്ളത്. ബഹുഭൂരിഭാഗവും താത്കാലിക നിയമനങ്ങളാണ്. അതെല്ലാം രാഷ്ട്രീയ നിയമനങ്ങളാണെന്ന ആക്ഷേപം നേരത്തെത്തന്നെയുണ്ട്. രാഷ്ട്രീയ നേതാക്കളോ, അവരുടെ ബന്ധുക്കളോ, ഇഷ്ടക്കാരോ ആണ് ആ തസ്തികകളിൽ അധികവുമുള്ളത്. അത് മൂലം സങ്കുചിത താല്പര്യങ്ങളോടെ വഖഫ് ബോർഡ് പ്രവർത്തിക്കുകയും അധികാരത്തർക്കവും മറ്റും നിലനിൽക്കുന്നിടത്ത് നിഷ്പക്ഷമായി വിഷയം കൈകാര്യം ചെയ്യാൻ വഖഫ് ബോർഡിന് സാധിക്കാതെ വരികയും ചെയ്യുന്നുണ്ട്.

പ്രശ്നങ്ങൾ നിലനിൽക്കുന്നിടത്ത് നിജസ്ഥിതി മനസിലാക്കിയ ശേഷം പരിഹാരം നിർദേശിക്കുന്നതിനുപകരം ഏകപക്ഷീയ നടപടികളാണ് മിക്കവാറും ഉണ്ടാകാറുള്ളത്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം കൊണ്ട് കാലാകാലങ്ങളിൽ സംഭവിച്ചിട്ടുള്ള അനീതികൾ അവസാനിക്കാൻ വഴിയൊരുങ്ങുന്നു എന്നതാണ് പുതിയ തീരുമാനത്തെ പ്രസക്തമാക്കുന്ന ഒരു ഘടകം. അതുകൂടാതെ കോടികളുടെ സ്വത്ത് വകകൾ മാസം നിസാര വാടകക്ക് കൈവശം വെച്ച് അനുഭവിക്കുന്നതും കൈയേറ്റം ചെയ്യപ്പെട്ടതും തട്ടിയെടുക്കപ്പെട്ടതുമായ വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിക്കാൻ വഴി തെളിയുന്നതുമൊക്കെ സ്വാഗതാർഹമായ കാര്യങ്ങളാണ്. ഇതുമായി ബന്ധപ്പെട്ടെല്ലാം കോടതികളിൽ വ്യവഹാരങ്ങൾ നടന്നുവരുന്നുണ്ട്. അവിടെയെല്ലാം സർക്കാരിന് സഹായകമാകും ഈ നിലപാട്. രാഷ്ട്രീയ നിയമനങ്ങള്‍ വഴി കഴിവുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെട്ട സ്ഥിതി മാറുന്നതും സമുദായത്തിന്റെ പൊതുതാല്പര്യങ്ങൾക്ക് ഗുണകരമാകും.

കേരളത്തിലെ വഖഫ് സ്വത്തുക്കള്‍ 99 ശതമാനവും സുന്നികളുടേതാണ്. എന്നാല്‍ ഇതിന്റെ നടത്തിപ്പിന്റെ നിയന്ത്രണം നിർവഹിക്കുന്ന വഖഫ് ബോര്‍ഡിലെ നിയമനങ്ങളില്‍ സലഫികള്‍ക്കായിരുന്നു മേല്‍കൈ. രാഷ്ട്രീയ നിയമനങ്ങള്‍ മൂലം സംഭവിച്ചതായിരുന്നു ഇതെല്ലാം. അതിന്റെ അനന്തര ഫലമായി പല വഖഫ് സ്വത്തുക്കളും സുന്നികള്‍ക്ക് നഷ്ടപ്പെട്ടു. വഖഫ് ചെയ്ത ആളുകളുടെ ഉദ്ദേശ്യലക്ഷ്യത്തില്‍ നിന്നും വിഭിന്നമായി വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യപ്പെട്ടു. കോഴിക്കോട്ടെ മുഹ്്യുദ്ദീന്‍ പള്ളിയും ശാദുലി പള്ളിയും സുന്നികള്‍ക്ക് നഷ്ടപ്പെട്ടത് ഇതിന്റെ ഉദാഹരണമാണ്. ഇത്തരം ആയിരക്കണക്കിന് നഷ്ടങ്ങള്‍ സുന്നികള്‍ക്ക് സംഭവിച്ചത് വഖഫ് ബോര്‍ഡിലെ രാഷ്ട്രീയ നിയമനങ്ങള്‍ കാരണമാണ്. ആ അവസ്ഥക്ക് മാറ്റം വരാന്‍ പുതിയ തീരുമാനം സഹായകമാകും. പി എസ് സി നിയമനം വഴി സമുദായത്തിലെ കഴിവുള്ള ഉദ്യോഗാർഥികള്‍ തൊഴില്‍മേഖലയില്‍ എത്തിപ്പെടും. കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലെ കക്ഷി രാഷ്ട്രീയ തര്‍ക്കങ്ങളുടെ ഭാഗമായി വഖഫ് സ്വത്തുക്കള്‍ മാറുന്ന സ്ഥിതിക്കും മാറ്റമുണ്ടാകും. അങ്ങിനെ പല തലത്തിൽ പ്രയോജനകരമാണെങ്കിലും ചില ആശങ്കകൾക്ക് കൂടി പരിഹാരമുണ്ടാകേണ്ടതുണ്ട്. ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിയും അതിനോട് സർക്കാരിനുണ്ടായ സമീപനവും പരിശോധിക്കുമ്പോൾ ഈ ബില്ലിനും ആ ഗതിയുണ്ടാകുമോ എന്ന ആശങ്ക ശക്തമാണ്. മുസ്‌ലിം മതവിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികൾ മാത്രമാകും നിയമിക്കപ്പെടുക എന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അത് സാക്ഷാത്കരിക്കപ്പെടാൻ സർക്കാരിന്റെ ഒരു സാധാരണ ഉറപ്പ് മാത്രം പോരാ നിയമപരമായ പ്രശ്നങ്ങൾക്കും മറ്റു സങ്കീർണതകൾക്കും ഈ തീരുമാനത്തെ അട്ടിമറിക്കാൻ കഴിയില്ലെന്ന് സംശയരഹിതമായി തെളിയിക്കാൻ സർക്കാരിനാകണം.
മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന ചില വിഷയങ്ങളിൽ (ഉദാ: സാമ്പത്തിക സംവരണം, ന്യൂനപക്ഷ സ്കോളർഷിപ്പ്) സംസ്ഥാന സർക്കാർ കാട്ടിയ അനാസ്ഥയും അവധാനതയില്ലാത്ത നിലപാടുകളുമാണ് വഖഫ് ബോർഡിലേക്കുള്ള പി എസ് സി നിയമനത്തെക്കുറിച്ച് ആക്ഷേപങ്ങളുയരാനിടയാക്കിയത്. ഇത് സർക്കാർ തലത്തിൽ തന്നെ പരിഹരിക്കപ്പെടേണ്ടതാണ്. അവിശ്വാസ്യതയുടെ അന്തരീക്ഷം രൂപപ്പെടാനിടയാക്കിയ സന്ദർഭങ്ങളെയും സാഹചര്യങ്ങളെയും പുനഃപരിശോധനക്ക് വിധേയമാക്കി, ആശങ്കകൾക്കിടമില്ലാത്ത വിധം വഖഫ് ജീവനക്കാരുടെ പി എസ് സി നിയമനം സാധ്യമാക്കാൻ സർക്കാർ സന്നദ്ധമാകണം. മുസ്‌ലിംകൾ ഏറെ പ്രാധാന്യത്തോടെയും മരണാനന്തര പ്രതിഫലം പ്രതീക്ഷിച്ചും നടത്തുന്ന വഖഫ് ദാനങ്ങൾ അതിന്റെ വിശ്വാസപരമായ ഉള്ളടക്കത്തിന് കളങ്കമേല്പിക്കാതെ കൈകാര്യം ചെയ്യാനുള്ള ബാധ്യത കൂടി സർക്കാരിൽ വന്നുചേർന്നിരിക്കുന്നു. രാഷ്ട്രീയമായ അഭിപ്രായ ഭേദങ്ങളെ വർഗീയമായ വ്യാഖ്യാനങ്ങളിലേക്ക് പരാവർത്തനം ചെയ്യാതിരിക്കാനുള്ള വിവേകം പി എസ് സി നിയമനത്തെ എതിർക്കുന്നവരും കാണിക്കണം. രാഷ്ട്രീയ വിവാദം അവസാനിച്ചാലും വർഗീയമായ തിരി കത്തിക്കൊണ്ടേയിരിക്കും. ഇന്ത്യൻ അനുഭവങ്ങൾ നമ്മുടെ മുമ്പിലുണ്ട്. ചരിത്രത്തിൽനിന്ന് പഠിക്കാൻ ഇതാണ് സന്ദർഭം.

സി എൻ ജഅ്ഫർ സ്വാദിഖ്

You must be logged in to post a comment Login