ഒരു സമരവും ഇനി അനാഥമല്ല

ഒരു സമരവും ഇനി അനാഥമല്ല

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഇതാദ്യമായാണ് ഭരണകൂടത്തെ നേര്‍ക്കുനേര്‍ നേരിട്ട, ഭരണകൂടത്തിന്റെ അസാധാരണമായ അടിച്ചമര്‍ത്തലുകളെയും ഭരണകൂടവിധേയ മാധ്യമങ്ങളുടെ കടുത്ത നുണപ്രചരണങ്ങളേയും നേരിട്ട, ഒരു സമരം സമ്പൂര്‍ണമായി വിജയിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നരേന്ദ്രമോഡി വരെയുള്ള ഭരണകൂടങ്ങള്‍ ഒന്നും ഇതിന് മുന്‍പ് ഇത്തരത്തില്‍ ഒരു സമരത്തോട് നിര്‍ബാധം കീഴടങ്ങിയിട്ടില്ല. മോഡിക്ക് മുന്‍പ് ഒരു പ്രധാനമന്ത്രിയും ഇമ്മട്ടില്‍ കുറ്റസമ്മതം നടത്തുകയോ മാപ്പുപറയുകയോ ചെയ്തിട്ടില്ല.

നിങ്ങള്‍ കേട്ടുവോ ആ മോഡി പ്രഭാഷണം? പതിനേഴ് മിനിറ്റായിരുന്നു അതിന്റെ ദൈര്‍ഘ്യം. ആദ്യ പതിനഞ്ച് മിനുട്ടില്‍ മോഡി പതിവുള്ള ഗിരിപ്രഭാഷണത്തില്‍ ചുറ്റിക്കറങ്ങി. കര്‍ഷകമിത്രമാണ് താനും തന്റെ ഭരണകൂടവുമെന്ന് ആവര്‍ത്തിച്ചു. ലോകഫാഷിസത്തില്‍ നിത്യക്കാഴ്ചയായ അതിനാടകീയതയുടെ ആറാട്ട് തുടങ്ങിയത് പതിനാറാം മിനുട്ടിലാണ്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് മോഡി പ്രഖ്യാപിച്ചു. മാപ്പ് പറഞ്ഞു. സമരം പ്രാഥമികമായി വിജയിച്ചു.

ഇനി വിലയിരുത്തലുകളുടെ സമയമാണ്. അതില്‍ സ്വാഭാവികമായും പ്രധാനം എന്തുകൊണ്ട് മോഡി അസാധാരണത്തില്‍ അസാധാരണമായ ഈ കീഴടങ്ങല്‍ നടത്തി എന്നതാണ്. രണ്ടാമതായി എങ്ങിനെ അത്യപൂര്‍വമായ ഈ വിജയം സാധ്യമായി എന്നതും. ഇക്കാര്യത്തിലുള്ള അനേകം ചര്‍ച്ചകള്‍ ഇതിനോടകം നിങ്ങളെ കടന്നുപോയിട്ടുണ്ടാവും. ആ ചര്‍ച്ചകള്‍ നിശ്ചയമായും നമ്മെ ആനന്ദിപ്പിക്കേണ്ടതാണ്. കാരണം ആത്യന്തികമായി നമ്മുടെ ജനാധിപത്യം അതിന്റെ ജൈവികവും ചരിത്രപരവുമായ സവിശേഷതകളുടെ ബലത്താല്‍ നടത്തിയ ഒരു തിരുത്തലിനെക്കുറിച്ചാണല്ലോ ഈ ചര്‍ച്ചകള്‍ എല്ലാം. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ജനാധിപത്യത്തിന്റെ ശക്തിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള ഒരു സന്ദര്‍ഭം സംജാതമായി എന്നതിനെക്കാള്‍ പ്രതീക്ഷാനിര്‍ഭരമായി മറ്റെന്താണുള്ളത്? അതുകൊണ്ട് നമുക്കും അക്കാര്യങ്ങള്‍ സംസാരിക്കാം. ജനാധിപത്യത്തിന്റെ മഹാസൗന്ദര്യത്തെക്കുറിച്ചുള്ള ആവര്‍ത്തനങ്ങള്‍ ആവേശകരം തന്നെയാണ്.
ഇന്ത്യന്‍ പാര്‍ലമെന്റിലൂടെ കാര്‍ഷിക നിയമഭേദഗതികള്‍ അക്ഷരാര്‍ഥത്തില്‍ ബലാൽക്കാരമായി കടത്തിവിട്ട നാളുകള്‍ മുതല്‍ ഇതേ താളുകളില്‍ നാം അക്കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്. എന്തൊക്കെയാണ് ആ നിയമങ്ങളെന്നും ആത്യന്തികമായി ആ ഭേദഗതികള്‍ ആരെയാണ് സഹായിക്കുക എന്നും നാം മനസിലാക്കിയിട്ടുമുണ്ട്. നിയമഭേദഗതികള്‍ അടിച്ചേല്‍പ്പിച്ചതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കര്‍ഷക പ്രതിഷേധത്തിന്റെ വിവിധ ഘട്ടങ്ങള്‍ നമ്മള്‍ വിശദമായി ചര്‍ച്ച ചെയ്തതും ഓര്‍ക്കുക. ഒടുവില്‍ ലഖിംപൂരില്‍ കര്‍ഷകരുടെ ചോരവീഴ്ത്തിയ ഫാഷിസ്റ്റ് തേര്‍വാഴ്ചയെക്കുറിച്ചും നമ്മള്‍ സംസാരിച്ചു. സമഗ്രാധിപത്യം ലക്ഷ്യമാക്കിയ, ജനാധിപത്യവിരുദ്ധത ശീലമാക്കിയ ഒരു ഭരണകൂടത്തിനെതിരില്‍ എത്രനാള്‍ ഈ സമരം തുടരുമെന്ന ആശങ്കയുടെ വിഷാദ കരിമേഘങ്ങള്‍ അക്കാലത്തെ നമ്മുടെ വിചാരങ്ങളില്‍ എമ്പാടും ഉണ്ടായിരുന്നു.

കാര്‍ഷിക നിയമ ഭേദഗതികളുടെ അടിച്ചേല്‍പ്പിക്കലിനെതിരെ പൊട്ടിപ്പുറപ്പെട്ട കര്‍ഷകസമരം പെട്ടെന്നുണ്ടായ ഒന്നല്ല എന്നതും നാം കണ്ടുകഴിഞ്ഞതാണ്. മഹാരാഷ്ട്രയില്‍ നടന്ന ഐതിഹാസകമായ കാല്‍നട സമരം അതിന്റെ തുടക്കങ്ങളില്‍ ഒന്നായിരുന്നു. കര്‍ഷകര്‍ കണക്കുചോദിക്കുന്ന കാലം വരുമെന്ന് നാം പ്രത്യാശിച്ചിരുന്നു. അതേക്കുറിച്ച് ഇതേ താളുകളില്‍ അതേ തലക്കെട്ടില്‍ എഴുതിയിരുന്നു. പക്ഷേ, ആ സമരത്തിന്റെ പ്രകമ്പനങ്ങളെ തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. അതിന് പലകാരണങ്ങളുണ്ട്. ആരെയും പഴിക്കുന്നതില്‍ അര്‍ഥമില്ല. പക്ഷേ, ഇക്കുറി അങ്ങനെ ആയിരുന്നില്ല. കൃഷിക്കാരന്‍ എന്ന സ്വത്വത്തിന്റെ ആത്മാന്തസ്സ് ചോദ്യം ചെയ്യപ്പെടുന്ന നിലയുണ്ടായി. ജീവിതം വഴിമുട്ടുമെന്ന ഘട്ടത്തിലായി. അതോടെ കര്‍ഷകര്‍ ആബാലവൃദ്ധമായി തെരുവിലിറങ്ങി. അവര്‍ തെരുവില്‍ നിന്ന് പോകാന്‍ തയാറായില്ല. അതിനാല്‍ അവര്‍ വിജയിച്ചു.

ഈ സമരവിജയത്തെക്കുറിച്ച് ഇപ്പോള്‍ പ്രബലമായ ഒരു ആഖ്യാനം, വരാനിരിക്കുന്ന യു.പി, പഞ്ചാബ് തിരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുള്ള സംഘപരിവാര്‍ തന്ത്രം മാത്രമാണ് ഈ ഭരണകൂടപിന്‍മാറ്റത്തിന്റെ കാരണമെന്നാണ്. ഒരു ഘടാഘടിയന്‍ മോഡി തന്ത്രം. അടുത്ത ലോകസഭാ വിജയം വരെ മോഡിയുടെ ലക്ഷ്യമാണ് എന്നും വിലയിരുത്തലുണ്ട്. സാഹചര്യവശാല്‍ ആ വിലയിരുത്തലുകളില്‍ ചില വസ്തുതകള്‍ ഇല്ലാതില്ല. പക്ഷേ, ഇതെല്ലാം തന്ത്രം മാത്രമാണ് എന്ന വ്യാഖ്യാനം കര്‍ഷകസമരവിജയത്തിന്റെ ഉഗ്രന്‍ ജനാധിപത്യ മാനങ്ങളുടെ വിലയിടിക്കലാണ്. ഗോഡി മാധ്യമങ്ങള്‍ ആ വിലയിരുത്തലുകള്‍ക്ക് നല്‍കുന്ന അതിപ്രാധാന്യം ശ്രദ്ധിക്കുക. സമരമോ കര്‍ഷക ഉണര്‍വോ ഒന്നുമല്ല, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ടുള്ള ഒരു കരുനീക്കം എന്ന വിലയിരുത്തലിലൂടെ ആ മാധ്യമങ്ങള്‍ ആത്യന്തികമായി ലക്ഷ്യം വെക്കുന്നത് സമരം എന്ന ആശയത്തിന്റെയും പ്രയോഗത്തിന്റെയും വിലയിടിക്കലാണ്.

സമരത്തിനുമുന്നില്‍, ജനകീയപ്രക്ഷോഭത്തിന് മുന്നില്‍ പരാജയപ്പെട്ടു എന്നു വരാതിരിക്കാനുള്ള മുന്‍കരുതല്‍. ഇപ്പോള്‍ നമുക്ക് ബ്രിട്ടനെ ഓര്‍ക്കാം. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ബൃഹത്തും മഹത്തുമായ ജനകീയ ഉണര്‍വായിരുന്നല്ലോ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. നാം മുന്‍പ് ചര്‍ച്ച ചെയ്തിട്ടുള്ളതുപോലെ അടിസ്ഥാനപരമായി അതൊരു കാര്‍ഷിക സമരമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താല്‍പര്യത്തെ പാടേ അവഗണിച്ച് മഹാത്മാഗാന്ധി ചമ്പാരന്‍ സത്യഗ്രഹത്തിന് ഇറങ്ങിത്തിരിച്ചത് ഓര്‍ക്കുക. ചമ്പാരന്‍ ഒരു കാര്‍ഷിക മുന്നേറ്റമായിരുന്നു. ബീഹാറിലെ ചമ്പാരനില്‍ നീലം കര്‍ഷകര്‍ സമരത്തിനിറങ്ങിയത്, മോഡി ഭരണകൂടത്തിനെതിരില്‍ കര്‍ഷകര്‍ സമരത്തിനിറങ്ങിയ അതേ കാരണത്താല്‍ ആയിരുന്നു. കൃഷിയുടെ, കര്‍ഷകരുടെ ആത്മാഭിമാനത്തെ തകര്‍ക്കുന്ന കാര്‍ഷികനയത്തിനെതിരെ. ചമ്പാരനില്‍ നീലം കൃഷിയെ തകര്‍ക്കാനും നീലംകൃഷി അക്കാല കുത്തകകള്‍ക്ക് തീറെഴുതാനും സാമ്രാജ്യത്വം കാണിച്ച വഞ്ചനാപരമായ നീക്കത്തിനെതിരെ നടന്ന ഒറ്റപ്പെട്ടതും ചെറുതുമായ ഒന്നായിരുന്നു ചമ്പാരന്‍ സമരം.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തി ദേശീയപ്രസ്ഥാനത്തില്‍ സജീവമായിക്കൊണ്ടിരുന്ന ഗാന്ധിക്ക് അല്‍പം വൈകിയാണെങ്കിലും ആ സമരത്തിന്റെ സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കം തിരിഞ്ഞുകിട്ടി. ഗാന്ധി ഇന്ത്യയില്‍ നടത്തിയ ആദ്യ സത്യഗ്രഹമായി ചമ്പാരന്‍ മാറി. തുടര്‍ന്ന് അന്നത്തെ വിശാല ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ കര്‍ഷകഉണര്‍ച്ചകള്‍ ഉണ്ടായി. ബ്രിട്ടന്റെ ദാസ്യം സ്വീകരിച്ച ജന്മിമാര്‍ക്കെതിരെയും അന്യായ നികുതിയാല്‍ കര്‍ഷകരെ പിഴിയുന്ന ജില്ലാ ഭരണകൂടങ്ങള്‍ക്കെതിരെയും സത്യഗ്രഹങ്ങള്‍ നടന്നു. കൃഷിയില്‍ നിന്ന് ആ സമരങ്ങള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും പടര്‍ന്നു. ലോകം ഗാന്ധിയെയും ഇന്ത്യയെയും കേള്‍ക്കാന്‍ തുടങ്ങി. ബ്രിട്ടനില്‍ പോലും ഇന്ത്യന്‍ സ്വാതന്ത്ര്യസമരം പലരൂപത്തില്‍ അലയടിച്ചു. ക്വിറ്റിന്ത്യ ലോകമാകെ മുഴങ്ങി. ബ്രിട്ടൻ ഇന്ത്യ വിടാന്‍ നിര്‍ബന്ധിതമായി.

പക്ഷേ, അക്കാലത്ത് ബ്രിട്ടനും സാമ്രാജ്യത്വത്തിന്റെ ജിഹ്വാ മാധ്യമങ്ങളും ബ്രിട്ടീഷ് പാദദാസന്‍മാരായ വലിയ പങ്ക് ഇന്ത്യക്കാരും ബ്രിട്ടൻ ഇന്ത്യ വിട്ടതിന്റെ കാരണം ലോകയുദ്ധം സൃഷ്ടിച്ച സാഹചര്യങ്ങളുടെ സമ്മര്‍ദമെന്ന് എണ്ണി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം പോലെ ഭാവിയില്‍ സകല സാമ്രാജ്യത്വങ്ങള്‍ക്കുമെതിരെ സംഭവിച്ചേക്കാവുന്ന ഒരു വലിയ സമരത്തിന്റെ വിലയിടിക്കലായിരുന്നു ലക്ഷ്യം. ഭാഗികമായി അവരതുനേടി. സമാനമാണ് യു.പി, പഞ്ചാബ് തിരഞ്ഞെടുപ്പുകളുടെ തന്ത്രങ്ങളിലേക്ക് ഇന്ത്യന്‍ കര്‍ഷക ഉണര്‍ച്ചയെ ചേർത്തുകെട്ടാനുള്ള നീക്കം. കാരണം സ്വാതന്ത്ര്യസമരത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമായിരുന്നു കര്‍ഷകസമരം. വരാനിരിക്കുന്ന പൗരത്വസമരത്തിന്റെ പോലും ദിശ നിര്‍ണയിക്കാന്‍ കഴിയുന്ന ഒന്ന്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി കര്‍ഷകസമരത്തിന്റെ ഐതിഹാസികമായ മറ്റൊരു ചാര്‍ച്ച അതിന്റെ അഹിംസാത്മകതയാണ്. സമ്പൂര്‍ണ ഗാന്ധിയന്‍മാരല്ല സമരം നടത്തിയത്. ഗാന്ധിവിരുദ്ധരും കമ്യൂണിസ്റ്റുകാര്‍ തന്നെയും സമരത്തിന്റെ ഭാഗമായിരുന്നു. പക്ഷേ, ഇന്ത്യ എന്ന രാഷ്ട്രം അന്തരാ വഹിക്കുന്ന ദേശീയ പ്രസ്ഥാനത്തിന്റെ, ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ വെളിച്ചങ്ങള്‍ ആ സമരത്തെ ആകമാനം പൊതിഞ്ഞുനിന്നിരുന്നു. അഹിംസ എന്നത് എത്ര മാരകമായ ആയുധമാണെന്ന് ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണല്ലോ? ആ പാഠങ്ങളാണ് കര്‍ഷകസമരത്തിന്റെ മഹാശക്തിയായി പരിണമിച്ചത്. പണിമുടക്കം പോലും, കാര്‍ഷിക ഉത്പാദനം നിര്‍ത്തിവെക്കല്‍ പോലും ഹിംസയാണെന്ന് കര്‍ഷകര്‍ക്ക് അറിയാമായിരുന്നു. സമരകാലത്ത് ഉത്പാദനം കൂട്ടാന്‍ അവര്‍ നടത്തിയ ബദ്ധശ്രദ്ധ അഹിംസയുടെ പ്രകാശനമായിരുന്നു. അങ്ങനെ സമസ്താര്‍ഥത്തിലും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അനുസ്മരിപ്പിച്ചു ഇന്ത്യന്‍ കര്‍ഷക മുന്നേറ്റം.
തങ്ങള്‍ക്ക് അഹിതമായ, തങ്ങളുടെ താല്പര്യങ്ങള്‍ക്ക് കുറുകേ നില്‍ക്കുന്ന ഒരു ഭരണകൂട തീരുമാനത്തിനെതിരെ സംഘടിതമായി സമരം ചെയ്ത് തീരുമാനം പിന്‍വലിപ്പിച്ചു എന്നതുമാത്രമല്ല ആ സമരത്തിന്റെ പ്രാധാന്യം. അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇനിയുള്ള നാളുകളില്‍ പ്രകാശങ്ങള്‍ ഏറെ ചൊരിയും എന്നതാണ്. കാരണം കാര്‍ഷികരംഗത്തെ ഒരു ഭരണകൂട പരിഷ്‌കരണത്തിന് എതിരായ സമരം എന്നതിനെക്കാള്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ ഫാഷിസ്റ്റ് മാതൃകയില്‍ കുഴലൂതികളാക്കാന്‍ നടത്തിയ അതിഹീനമായ ജനാധിപത്യ വിരുദ്ധതക്ക് എതിരായ സമരം കൂടിയായിരുന്നു കര്‍ഷക സമരം. ഇന്ത്യന്‍ ഭരണഘടനയെ അപ്രസക്തമാക്കി അപമാനിക്കാനുള്ള ദീര്‍ഘപദ്ധതിയുടെ പ്രാരംഭത്തിനെതിരായ പ്രക്ഷോഭം കൂടിയായിരുന്നു കർഷകസമരം. ഒരു പക്ഷേ, കര്‍ഷകര്‍ അങ്ങനെ മനസിലാക്കിയില്ലെങ്കിലും, അവര്‍ അങ്ങനെ അവകാശപ്പെട്ടില്ലെങ്കിലും ജനാധിപത്യത്തെ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നവര്‍ ഈ സമരസന്ദര്‍ഭത്തെ ആ നിലയില്‍ മനസിലാക്കേണ്ടതുണ്ട്.

ഇന്ത്യ എന്നത് യൂണിയന്‍ ഓഫ് സ്‌റ്റേറ്റ്‌സ് ആണ്. നമ്മുടെ ഭരണഘടന അങ്ങനെയാണ് വിഭാവനം ചെയ്യുന്നത്. കേന്ദ്രത്തിന്റെ സാമന്തരല്ല ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിലെ നിയമനിര്‍മാണങ്ങളില്‍ സ്‌റ്റേറ്റിനാണോ കേന്ദ്രത്തിനാണോ അധികാരമെന്നത് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. അതുപ്രകാരം നിയമനിര്‍മാണത്തിന് മൂന്ന് പട്ടികകള്‍ ഉണ്ട്. അഥവാ ലിസ്റ്റുകള്‍ ഉണ്ട്. യൂണിയന്‍ ലിസ്റ്റ്, സ്‌റ്റേറ്റ് ലിസ്റ്റ്, കണ്‍കറന്റ് ലിസ്റ്റ്. യൂണിയന്‍ ലിസ്റ്റില്‍ ഉള്ള സംഗതികളില്‍ നിയമം നിര്‍മിക്കാനുള്ള സമ്പൂര്‍ണ അധികാരം കേന്ദ്രത്തിനാണ്. അതായത് പാര്‍ലമെന്റിനാണ്. സ്‌റ്റേറ്റ് ലിസ്റ്റിലുള്ള സംഗതികളില്‍ നിയമം നിര്‍മിക്കേണ്ടത് സംസ്ഥാന നിയമസഭകളിലാണ്. അതൊരു പരമാധികാരമാണ്. കണ്‍കറന്റ് ലിസ്റ്റില്‍ ഇരുകൂട്ടര്‍ക്കുമാകാം. അതും സമവായത്തോടെ. ഈ ലിസ്റ്റുകള്‍ തയാറാക്കിയത് കൊട്ടത്താപ്പിന് ഒന്നുമല്ല. കൃത്യമായ കണക്കുകൂട്ടലുകളിലൂടെ ആണ്. രാജ്യത്തിന്റെ പലതരം വൈവിധ്യങ്ങള്‍ കണക്കിലെടുത്താണ്. അതില്‍ പ്രധാനം ഭൂവൈവിധ്യമാണ്. നമുക്ക് അറിയുന്നതുപോലെ കൃഷി സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരു സംഗതിയാണ്. ഭൂവൈവിധ്യമാണ് അതിനുകാരണം എന്നുപറയേണ്ടതില്ല. പഞ്ചാബിലെ കൃഷിക്ക് ചേരുന്ന നിയമം ഉണ്ടാക്കേണ്ടത് ആ സംസ്ഥാനമാണ്. കര്‍ണാടകത്തിനുവേണ്ടത് കര്‍ണാടകവും. ആ നിര്‍ണായക തത്വത്തെ അട്ടിമറിച്ചു കാര്‍ഷിക ഭേദഗതി. നിരവധി കാര്‍ഷിക സംസ്ഥാനങ്ങളുടെ കര്‍ഷക സംസ്‌കാരത്തെ അത് വെല്ലുവിളിച്ചു. പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടന്നില്ല. ലോക്‌സഭയിലെ നിര്‍ണായക ഭൂരിപക്ഷം മറയാക്കി ബില്‍ ഒളിച്ചുകടത്തി. രാജ്യസഭ കടന്നതും അങ്ങനെ തന്നെ. പാര്‍ലമെന്റിനെ പരിഹസിച്ചു എന്നു സാരം. ആ പരിഹാസത്തിനാണ് കര്‍ഷകര്‍ ചുട്ട മറുപടി നല്‍കിയത്. അതിനാലാണ് ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രസന്ദര്‍ഭമാകുന്നത്.

ഈ സമരത്തോടെ ഇന്ത്യന്‍ ഫാഷിസം അവസാനിച്ചുവെന്നോ, ജനാധിപത്യത്തെയും ബഹുസ്വരതയെയും അംഗീകരിക്കുന്ന ഒരു സര്‍ക്കാരായി മോഡി സര്‍ക്കാര്‍ മാറുമെന്നോ കരുതുന്നത് അര്‍ഥശൂന്യമാണ്. പക്ഷേ, തെരുവിലെ സമരങ്ങള്‍ ഇനി മുതല്‍ പഴയ പോലെ അനാഥമല്ല എന്നു ഉറപ്പിക്കാം. ഭിന്നത ഇല്ലാത്തതും അകമേ നിന്നുള്ള അട്ടിമറികള്‍ മുളയിലേ നുള്ളുന്നതുമായ സമരങ്ങള്‍ ഇനിയും വിജയിക്കും. വരാനിരിക്കുന്ന പൗരത്വ മഹാസമരത്തിനും ബാധകമാണ് ഇക്കാര്യങ്ങള്‍. അത്ര എളുപ്പമല്ല കാര്യങ്ങളെന്ന ബോധം ഭരണകൂടങ്ങള്‍ക്ക് അല്‍പമെങ്കിലും ഉണ്ടാകുന്നതുതന്നെ വലിയ വിജയമാണ്.

മാത്രവുമല്ല, ഐതിഹാസിക സമരത്തിന് നേതൃത്വം വഹിച്ച, മഞ്ഞിനോടും മഴയോടും കൊടും വെയിലിനോടും തോല്‍ക്കാതിരുന്ന, ഒരു വര്‍ഷത്തിലേറെ അഹിംസാ യുദ്ധം നയിച്ച, 700-ലേറെ സഹജീവികള്‍ മരിച്ചു വീഴുന്നതിന് ഉള്ളുപൊട്ടി സാക്ഷിയായ കര്‍ഷകര്‍ വിജയത്തിലും വീര്യം നിലനിര്‍ത്തുകയാണ്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും മാപ്പും വന്നതിന്റെ പിന്നാലെ എത്ര ധീരമായാണ് അവര്‍ തങ്ങളുടെ നിലപാടും നിബന്ധനയും ഭരണാധികാരിയെ അറിയിച്ചതെന്ന് വായിക്കുക.
“”മൂന്ന് കാര്‍ഷിക കരിനിയമങ്ങളും പിന്‍വലിക്കുകയാണെന്നറിഞ്ഞതില്‍ ഞങ്ങള്‍ സന്തോഷവാന്മാരാണ്. ഈ പ്രസ്താവനയെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയും ഇവ എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് കരുതുകയും ചെയ്യുന്നു.”

മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക എന്നത് മാത്രമല്ല ഈ പ്രക്ഷോഭത്തിന്റെ ആവശ്യം. സംയുക്ത കിസാന്‍ മോര്‍ച്ച സര്‍ക്കാരുമായുള്ള ചര്‍ച്ചകളുടെ ആരംഭത്തില്‍ തന്നെ മൂന്ന് സുപ്രധാന ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചിരുന്നു.
1. കാര്‍ഷിക ചെലവുകളെ അടിസ്ഥാനമാക്കി (c2+50%) എല്ലാ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും ഉത്പാദനച്ചെലവിനോടൊപ്പം 50% എംഎസ്പി നല്‍കണമെന്നത് സംബന്ധിച്ച നിയമ നിര്‍മാണം നടത്തണം.

2. സര്‍ക്കാര്‍ പ്രഖ്യാപിച്ച “വൈദ്യുതി ഭേദഗതി ബില്‍ 2021’ന്റെ കരട് പിന്‍വലിക്കുക.
3. രാജ്യ തലസ്ഥാനത്തിലെ വായുമലിനീകരണം സംബന്ധിച്ച നിയമത്തില്‍ കര്‍ഷകര്‍ക്ക് ശിക്ഷ നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുക.
4. കര്‍ഷകസമരം നടത്തിയവര്‍ ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക.
5. ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയുടെ സൂത്രധാരനായ അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് രാജിവെപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുക.
ഇപ്പോഴത്തെ നിലയില്‍ ഇവയും അംഗീകരിക്കപ്പെടാനാണ് സാധ്യത. ധീരത എന്നത് നെഞ്ചളവല്ല വിവേകമാണല്ലോ?

കെ കെ ജോഷി

You must be logged in to post a comment Login