മുസ്്ലിം രാഷ്ട്രീയം വെള്ളിമാട്കുന്ന് വഴി കടപ്പുറത്തേക്ക്

മുസ്്ലിം രാഷ്ട്രീയം  വെള്ളിമാട്കുന്ന് വഴി  കടപ്പുറത്തേക്ക്

പ്രതിസന്ധിയിലാണ് കേരളത്തിലെ മുസ്‌ലിം ലീഗ്. ഒന്നരപ്പതിറ്റാണ്ടിനുശേഷം അവര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. തുടര്‍ച്ചയായ അധികാര നഷ്ടമല്ലാതെ മറ്റൊന്നുമല്ല അത്. കേരളത്തിന്റെ കക്ഷി രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ക്ക് ഒട്ടും അപരിചിതമല്ല മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തന ശൈലി. അത് അധികാരവുമായി മാത്രം കെട്ടുപിണഞ്ഞ ഒന്നാണ്. കൃത്യമായ ഇടവേളകളില്‍ വന്നുചേരുന്ന ഭരണമാണ് അതിന്റെ മൂലധനം. ആ ഭരണകാലം നിങ്ങള്‍ക്ക് ഓര്‍ക്കാം. നാനാതരം ഇടപാടുകളുടെ കാലമാണ് അത്. അതില്‍ കക്ഷി രാഷ്ട്രീയത്തിന്റെ പൊതു സ്വഭാവം അറിയുന്നവര്‍ക്ക് തെറ്റു കാണാന്‍ കഴിയില്ല. ഒരു സംഘടനയെ ചലിപ്പിച്ച് നിര്‍ത്തണമെങ്കില്‍ അത്തരം ഇടപാടുകള്‍ അനിവാര്യമാണ്. കേരളാ കോണ്‍ഗ്രസുകള്‍ ചെയ്യുന്നതും മറ്റൊന്നല്ല.

അടുത്ത ഇടവേളയില്‍ സ്വാഭാവികമായും പ്രതിപക്ഷത്തായിരിക്കും എന്നതില്‍ ലീഗിന് സംശയമുണ്ടാവാറില്ല. അക്കാലത്തിന്റെ ആരംഭനാളുകളില്‍ ചില്ലറ അന്വേഷണങ്ങള്‍, ചില്ലറ അഴിമതിയാരോപണങ്ങള്‍ ഒക്കെ അതിസ്വാഭാവികമായി ഉയരും. അപാരമായ തന്ത്രജ്ഞതകൊണ്ടും പലതരം ബന്ധങ്ങള്‍ കൊണ്ടും അതെല്ലാം മാഞ്ഞുപോകും. അടുത്ത അഞ്ചുവര്‍ഷത്തെ അധികാരത്തില്‍ ഇതേ കളികള്‍ തുടരും. ഇതൊന്നും കാടടച്ചുള്ള വെടിയല്ല. ഒറ്റനോട്ടത്തില്‍ തെളിഞ്ഞുകിട്ടുന്ന കാഴ്ചകളാണ്.
പൊതുവില്‍ മയമുള്ള ഒന്നാണ് ലീഗിന്റെ ഇടപാടുകള്‍. അവരുടെ സംഘടനാ സംവിധാനത്തിന്റെ സവിശേഷതയാണത്. പലതരം പരിപാടികളുള്ള അതിസമ്പന്നരായ കുറേ ആളുകളുടെ തണല്‍ എന്നും ലീഗിനുണ്ട്. അവര്‍ ലീഗിനെ കൊണ്ടു നടക്കും. അവര്‍ക്കുവേണ്ടി ചില്ലറക്കാര്യങ്ങള്‍ ഭരണകാലത്ത് ചെയ്തുകൊടുക്കും. അങ്ങനെ സവിശേഷമായ ഒരു കൊടുക്കല്‍ വാങ്ങല്‍ ഇക്കോളജിക്കകത്താണ് ലീഗ് അതിന്റെ രാഷ്ട്രീയ അസ്തിത്വം രൂപപ്പെടുത്തുന്നതും വളര്‍ത്തുന്നതും. അതല്ലാതെ അവര്‍ പേരില്‍ വഹിക്കുന്ന മുസ്‌ലിം എന്ന വിശാലതകള്‍ ഏറെയുള്ള ഒരു സംജഞയുമായി അത്ര നേരിട്ടുള്ള മുഖാമുഖങ്ങള്‍ അവര്‍ക്ക് കുറവാണ്. ബാബരി അനന്തര ഇന്ത്യയില്‍ ഏറ്റവും ആഴമുള്ള രാഷ്ട്രീയ സമസ്യയായി പരിണമിച്ച മുസ്്ലിം പ്രശ്‌നം ലീഗിന് ഒരുകാലത്തും രാഷ്ട്രീയ അജണ്ടയാകാറില്ല. അത്തരം പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ ലീഗ് ഒരില പോലും അനക്കിയിട്ടില്ല. പൊതുവേ മതേതരം എന്ന വിശേഷണം ചാര്‍ത്തി വാങ്ങാനുള്ള നിര്‍മമത്വമാണ് അവര്‍ പ്രകടിപ്പിക്കാറ്.

അക്കാലം കഴിഞ്ഞിരിക്കുന്നു. തുടര്‍ച്ചയായ അധികാര നഷ്ടം ലീഗിനെ തളര്‍ത്തിക്കളഞ്ഞിരിക്കുന്നു. അവര്‍ക്ക് തണല്‍മരങ്ങള്‍ നഷ്ടമാകാന്‍ തുടങ്ങിയിരിക്കുന്നു. അവരുടെ പ്രധാന നേതാക്കള്‍ അഴിമതിയുമായി ബന്ധപ്പെട്ട് കുറ്റാരോപിതര്‍ ആയിരിക്കുന്നു. അത് മായ്ച്ചുകളയാനുള്ള അധികാര കാലം ഇനിയെന്നുണ്ടാവും എന്നതില്‍ അനിശ്ചിത്വങ്ങള്‍ ആവോളമുണ്ട് താനും. ഡീലുകളുടെ കാലം അവസാനിച്ചിരിക്കുന്നു. ആ പ്രതിസന്ധിയാണ് ഇസ്‌ലാമിക വിരുദ്ധവും മുസ്‌ലിം മത വിശ്വാസികളെ സംബന്ധിച്ച് അപായകരവുമായ മതരാഷ്ട്രവാദത്തിന്റെ തുരുമ്പിച്ച ആയുധം പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ പണിപ്പുരയില്‍ നിന്ന് കടമെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്. പൊളിറ്റിക്കല്‍ ഇസ്‌ലാം എന്നത് മതവിരുദ്ധമായ ഒരാശയമാണെന്ന് ലീഗിന് അറിയാഞ്ഞല്ല. അധികാരത്തിന്റെ അവിശുദ്ധ ഇടങ്ങളിലേക്ക് വലിച്ചിഴക്കാനുള്ളതല്ല മുസ്‌ലിം വിശ്വാസത്തിന്റെ ചിഹ്നങ്ങളെന്നും അങ്ങനെ ചെയ്യുന്നത് വിശുദ്ധിയെ ജീവിതലക്ഷ്യമായി കാണുന്ന മതത്തെ അപമാനിക്കലാണെന്നും തിരിയാഞ്ഞല്ല. ഗതികെട്ടിട്ടാണ്. ആ ഗതികേടിന്റെ വെളിപ്പെടലാണ് വഖഫ് സംരക്ഷണത്തിന് എന്ന പേരിൽ കോഴിക്കോട് കടപ്പുറത്ത് ലീഗ് നേതാക്കള്‍ നടത്തിയ നാവാട്ടം. തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ, രാഷ്ട്രീയ സംഘാടനമെന്ന നിലയില്‍ സംഘടിപ്പിച്ച ഒരു വേദിയിലേക്ക് വിശുദ്ധ ഗ്രന്ഥത്തെയും പ്രവാചകനെയും മതത്തെയും പ്രകോപനത്തിന്റെ ഭാഷാകമ്പടിയോടെ കൊണ്ടുവരിക വഴി കേരളത്തിലെ മുഴുവന്‍ വിശ്വാസി മുസല്‍മാനെയും അപമാനിക്കുകയാണ് ലീഗ് ചെയ്തത്. ജമാഅത്തെ ഇസ്‌ലാമിയുടെയോ മറ്റു മൗദൂദിസ്റ്റുകളുടെയോ ഒരു വേദിയിലാണ് അത്തരം സഭ്യമല്ലാത്ത പരാമർശങ്ങളും മതചിഹ്നങ്ങളുടെ ദുരുപയോഗവും സംഭവിച്ചത് എങ്കില്‍ അത് മനസിലാവും. കാരണം അവര്‍ മതത്തെ ഉപയോഗിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തിനാണ്. ലീഗ് മതവിശ്വാസികള്‍ അംഗങ്ങളായ സംഘടനയാണ്. മതരാഷ്ട്രീയ സംഘടനയല്ല. മതവിശ്വാസികള്‍ക്ക് മതത്തിന്റെ പ്രബോധനങ്ങളാണ് സ്വത്വം. വെള്ളിമാടുകുന്നില്‍ നിന്നിറങ്ങുന്ന പ്രബോധനമല്ല. മതത്തിന്റെ പ്രബോധനത്തില്‍ നിന്ന് വെള്ളിമാടുകുന്നിലെ പ്രബോധനത്തിലേക്ക് ലീഗിനെ തള്ളിയിടാനുള്ള ക്രൂരമായ ആസൂത്രണമായിരുന്നു കോഴിക്കോട് കണ്ടത്.

എന്താണ് വഖഫ് പ്രശ്നമെന്ന് കേരളത്തിലെ വിശ്വാസി മുസ്‌ലിംകളോട് വിശദീകരിക്കേണ്ടതില്ല. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട നിയമനങ്ങള്‍; നൂറിലേറെ വരുന്നവ, പി എസ് സിക്ക് വിടാനുള്ള ശിപാര്‍ശയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഒരാശങ്ക വസ്തുതയാണ്. വഖഫ് എന്നത് വിശ്വാസി മുസ്‌ലിമിനെ സംബന്ധിച്ച് ഒരു രാഷ്ട്രീയ പ്രശ്‌നമല്ല. മറിച്ച് അവരുടെ വിശ്വാസ ജീവിതത്തിന്റെ നാനാതരം സംഘാടനവുമായി ബന്ധപ്പെട്ട ഒന്നാണ്. സ്വാഭാവികമായും വിശ്വാസികള്‍ കൈകാര്യം ചെയ്യേണ്ട ഒന്നാണ് വഖഫ്. സര്‍ക്കാരിന് മുന്‍പാകെ വന്ന ശിപാര്‍ശയോടുള്ള ആശങ്ക കേരളത്തിലെ മുസ്‌ലിം മതനേതൃത്വം തെരുവിലേക്കല്ല കൊണ്ടുവന്നത്. കാരണം വിശ്വാസ ജീവിതം തെരുവിടങ്ങളിലേക്ക് കൊണ്ടുവരാനുള്ള ഒന്നല്ല എന്ന് അവര്‍ക്കറിയാം. സര്‍ക്കാരിനെ ഉചിത മാര്‍ഗേണ അവര്‍ ആശങ്ക അറിയിച്ചു. ആ ആശങ്കകള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുപറഞ്ഞു. അപ്പോഴേക്കും പക്ഷേ, ലീഗിന് ചോരമണത്തു. ചാടിവീണു. കൂടെച്ചാടുമെന്ന് ലീഗ് പ്രതീക്ഷിച്ച ആരും അത്ര വേഗം ചാടിയില്ല. അവര്‍ സര്‍ക്കാരുമായി സംസാരിക്കുക എന്ന പക്വമായ തീരുമാനത്തിലെത്തി. ആ വഴിക്ക് നീങ്ങി. വോട്ടിന് മാത്രം ലീഗ് നിത്യമായി ആശ്രയിക്കുന്ന വിശ്വാസികള്‍ തങ്ങളോടൊപ്പം ചാടുമെന്ന ധാരണ പൊളിഞ്ഞു. പള്ളികളില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് വലിയ പിളര്‍പ്പുകള്‍ സൃഷ്ടിക്കാനുള്ള പദ്ധതി വിശ്വാസികളാല്‍ തടയപ്പെട്ടു. മുജാഹിദ് നേതാവ് പാളയം പള്ളിയില്‍ നടത്തിയ വഖഫ് സംരക്ഷണ പ്രഭാഷണം, ആ പള്ളിയുടെ ഉടമസ്ഥതയുടെ വേരുചികയലായി മാറി. ക്ഷീണമായി ലീഗിന്. താങ്ങാനാവാത്ത തിരിച്ചടികള്‍. ആ തിരിച്ചടിയില്‍ നിന്നാണ് അവസാന ആശ്രയമായി മതരാഷ്ട്രീയത്തിന്റെ തുരുമ്പന്‍ ഉറുമികള്‍ ലീഗെടുത്ത് വീശിയത്.
കഴിഞ്ഞില്ല, നൂറു പേരുടെ നിയമനം അല്ല വഖഫ് സ്വത്തുക്കളുടെ അന്യാധീനപ്പെടലാണ് തങ്ങളുടെ ആശങ്ക എന്ന് വിശ്വാസി മുസ്‌ലിംകളുടെ വലിയ പ്രതിനിധികള്‍ ആവര്‍ത്തിച്ചു പറഞ്ഞു. ലീഗിന് അത് പൊള്ളും. വഖഫിന്റെ കൈകാര്യത്തില്‍ ചില്ലറയല്ലാത്ത പാളിച്ചകളും കെടുകാര്യസ്ഥതകളുമുണ്ട്. സ്വത്തിന്റെ അന്യാധീനപ്പെടല്‍ സംഭവിച്ചിട്ടുണ്ട്. അങ്ങനെ സംഭവിക്കുന്നതും ഇസ്‌ലാം വിരുദ്ധമാണ്. മതവഞ്ചനയാണ്. ആ വഞ്ചനകളുടെ കറ ലീഗിന്റെ കൈകളില്‍ ഇത്തിരി കൂടുതലാണ്. അതിനാല്‍ വഖഫ് സംബന്ധിച്ച, വഖഫ് സ്വത്ത് സംബന്ധിച്ച ഒരു സുതാര്യാന്വേഷണത്തിന് ലീഗ് ആവശ്യപ്പെടില്ല.
ഇത്രയും ആമുഖമായി പറഞ്ഞതാണ്. വഖഫിൽതൂങ്ങി ലീഗ് നടത്താന്‍ ശ്രമിച്ച പൊറാട്ട് കേരളവും വിശ്വാസി മുസ്‌ലിംകളും ചേര്‍ന്ന് കടലില്‍ക്കളഞ്ഞത് നാം കണ്ടതാണ്. സാമൂഹ്യ ജാഗ്രതയുള്ള, മതത്തെ ഒരു ജീവിതപദ്ധതിയായും വിശ്വാസവഴിയായും കര്‍മശാസ്ത്രമായും മനസിലാക്കുന്ന, മതത്തെ രാഷ്ട്രീയാധികാരത്തിനുള്ള, രാജ്യസ്ഥാപനത്തിനുള്ള മൂലധനമായി ഒരിക്കലും കണക്കാക്കിയിട്ടില്ലാത്ത മനുഷ്യര്‍ വിവേകത്തിന്റെ വഴിയില്‍ സഞ്ചരിക്കുകയും അനാവശ്യ വിവാദങ്ങളാല്‍ അപഹസിക്കപ്പെടുന്നതില്‍ നിന്ന് കേരളത്തിലെ മുസ്‌ലിംകളെ സംരക്ഷിക്കുകയും ചെയ്തു. അതിനാല്‍ ഇനി നമ്മള്‍ ലീഗിന്റെ വഖഫ് പൊറാട്ട് ചര്‍ച്ച ചെയ്യേണ്ടത് പോലുമില്ല. മാത്രവുമല്ല വഖഫുമായി ബന്ധപ്പെട്ട് എന്തെങ്കിലും ലീഗിന്റെ ആരെങ്കിലും കയ്യടക്കിയിട്ടുണ്ടെങ്കില്‍ അതില്‍ ചര്‍ച്ചയല്ല നടപടിയാണ് വേണ്ടത്. മുസ്‌ലിം എന്നതിന്റെ പര്യായപദമല്ല ലീഗ്. അതിനാല്‍ കേരളീയ മുസ്‌ലിംകള്‍ ഇനി ചെയ്യേണ്ടത് വഖഫിനെ എല്ലാത്തരം കൈയേറ്റങ്ങളില്‍ നിന്നും ഒഴിപ്പിച്ച് വിശ്വാസികളിലേക്ക് ചേര്‍ക്കലാണ്. അവരത് ചെയ്‌തോളും. നമുക്ക് മറ്റൊരു കാര്യം സംസാരിക്കാം.
അധികാരമില്ലായ്മയുടെ ഇടവേള നീണ്ടുപോകുന്നതിന്റെ ആധിയെക്കുറിച്ചാണ് നാം സംസാരിച്ചത്. ലീഗ് പോലുള്ള ആള്‍ക്കൂട്ട സംഘടനയ്ക്ക് അതിനെ മറികടക്കുക പ്രയാസമാണ്. ക്ഷിപ്രഫലങ്ങളാണ് ആള്‍ക്കൂട്ടത്തിന് വേണ്ടത്. അത് കൊടുക്കാന്‍ തല്‍ക്കാലം കഴിയില്ല. അങ്ങനെ കഴിയാതിരിക്കുമ്പോള്‍ പ്രഭാവം മങ്ങും. പ്രഭാവം മങ്ങിയാല്‍ അടിത്തറ ഇളകും. ഇ കെ സുന്നികൾ പോലും കൂടെ നിന്നില്ല. കോഴിക്കോട് കടപ്പുറത്ത് കാണിച്ചുകൂട്ടിയ ആ പരിഭ്രാന്തിയുടെ പിന്നില്‍ അടിത്തറ നഷ്ടമെന്ന വലിയ ആധിയായിരുന്നു.

മുസ്‌ലിം ലീഗിനെ സംബന്ധിച്ച തര്‍ക്ക നിവാരണത്തിനും പി കെ കുഞ്ഞാലിക്കുട്ടിയുടെ അഗ്രിമക്കും ഊനം തട്ടാതെ കാത്തത് പാണക്കാട് കുടുംബമാണ്. സി എച്ച് മുഹമ്മദ് കോയയുടെ കാലത്ത് (അക്കാലത്തെക്കുറിച്ച ഗീര്‍വാണങ്ങള്‍ തുടരുന്നതുകൊണ്ട്), സേട്ടിന്റെ കാലത്ത് എല്ലാം രാഷ്ട്രീയം പറഞ്ഞും രാഷ്ട്രീയം പ്രവര്‍ത്തിച്ചും സഞ്ചരിച്ച ലീഗില്‍ നിന്ന് രാഷ്ട്രീയം ചോരാനും കച്ചോടം തഴക്കാനും തുടങ്ങിയത് കുഞ്ഞാലിക്കുട്ടിയുടെ പ്രതാപകാലത്താണ്. സി എച്ചിന്റെ മകന്‍ തുറന്നുവിട്ട ഐസ്‌ക്രീം ഭൂതനാളില്‍ മാത്രമാണ് ആ പ്രതാപം അല്‍പം മങ്ങിയത്. പക്ഷേ, വൈകാതെ കുഞ്ഞാലിക്കുട്ടി അത് തിരിച്ചുപിടിച്ചു. ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന, ഇടപെടുന്ന തങ്ങന്മാര്‍ പാണക്കാട്ട് ഉണ്ടായി വരുന്നു എന്നതാണ് ലീഗിന്റെ തലപ്പത്ത് ഇപ്പോഴുണ്ടാകുന്ന വലിയ ഭീതി.

മറ്റൊന്നുകൂടിയുണ്ട്. ഡീലുകളായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ കരുത്ത്. ഡീലുകളില്ലാത്ത കാലത്ത് അദ്ദേഹം അതീവ ദുര്‍ബലനാണ്. അതോടെ പുതിയ അധികാര കേന്ദ്രങ്ങള്‍ ഉരുവാകും. അധികാരമില്ലെങ്കിലും അവര്‍ ചില കേന്ദ്രങ്ങള്‍ ഉണ്ടാക്കും. ഹരിത എന്ന പെണ്‍കൂട്ടായ്മ ലീഗിനുണ്ടാക്കിയ ആഘാതം ഓര്‍ക്കുക. ചോദ്യം ചെയ്യപ്പെടുന്നത് ഏതു പ്രജാപതിക്കാണ് ദഹിക്കുക?

രാഷ്ട്രീയ വ്യവഹാരത്തിലേക്ക് മുണ്ട് മാടി ഇറങ്ങിയ, പി കെ കുഞ്ഞാലിക്കുട്ടി ദുര്‍ബലനായ, വന്‍ സമ്പന്നരുടെ തണല്‍ കൊഴിഞ്ഞുപോയ, വിജിലന്‍സ്, നേതാക്കളുടെ വീട്ടിലും ഗോഡൗണിലും കയറിയിറങ്ങിത്തുടങ്ങിയ, മുഖപത്രത്തിന്റെ ഉമ്മറത്ത് തൊഴിലാളികളുടെ കണ്ണീരും കരച്ചിലും പടര്‍ന്ന ഒരു പാര്‍ട്ടി അന്തിമാഭയമായി എന്തിനെ സമീപിക്കും?

അതിന്റെ ഉത്തരമാണ് കോഴിക്കോട് കടപ്പുറത്ത് കണ്ടത്. തീവ്ര മതരാഷ്ട്രീയത്തിലേക്കും വിനാശകരമായ വര്‍ഗീയതയിലേക്കും പോവുകയാണ് ലീഗ്. ജമാഅത്തെ ഇസ്‌ലാമി പണ്ടേ വിരിച്ച വലയില്‍ കുരുങ്ങുകയാണ് അവര്‍.

കെ കെ ജോഷി

You must be logged in to post a comment Login