സ്വത്വരാഷ്ട്രീയത്തിന്റെ ജനിതക വകഭേദങ്ങള്‍

സ്വത്വരാഷ്ട്രീയത്തിന്റെ ജനിതക വകഭേദങ്ങള്‍

സ്വത്വ രാഷ്ട്രീയം (Identity Politics) ആധുനിക രാഷ്ട്രീയ വ്യവഹാരമേഖലയിലെ സവിശേഷമായ ഒരു ഇനമാണ്. സംസ്കാരത്തെ കേന്ദ്രീകരിച്ച് ശക്തി പ്രാപിച്ചുവന്ന ഈ രാഷ്ട്രീയ വിചാരധാരയെ ആര്‍ക്കും തള്ളിപ്പറയാനാവില്ല. അതൊരു ആഗോളപ്രതിഭാസമാണ്. അതിന് അതിന്റേതായ ഭാഷയും ശൈലിയും വ്യാകരണവുമുണ്ട്. അമേരിക്കന്‍ ഗോത്രവര്‍ഗത്തിന്റെ പ്രതിനിധികള്‍ മുന്‍ യു എസ് പ്രസിഡന്റ് ബറാക് ഒബാമയെ കാണാന്‍ ചെന്നപ്പോള്‍, ‘താങ്കള്‍, മൂപ്പന്‍’ എന്ന അഭിസംബോധന കൊണ്ടാണ് ചര്‍ച്ച മുഴുമിപ്പിച്ചത്. ആഫ്രിക്കന്‍ വംശജനായ ഒബാമക്ക് ആ മൂപ്പന്‍ വിളി ഇഷ്ടപ്പെട്ടുകാണും. കാരണം, ഗോത്രത്തലവനാണ് മൂപ്പന്‍. അതുകൊണ്ട് തന്നെ, ആ പ്രാക്തന സമൂഹത്തിന്റെ പെരുമാറ്റത്തിലെ  തനിമ അദ്ദേഹത്തെ രസിപ്പിച്ചിട്ടുണ്ടാവാം. അധിനിവേശങ്ങള്‍ക്കും  കടന്നാക്രമണങ്ങള്‍ക്കും നിന്ദകള്‍ക്കും ഇരകളായ സമൂഹമാണ് ഒരു അതിജീവന തന്ത്രം എന്ന നിലയില്‍ സ്വന്തം സ്വത്വത്തില്‍ അഭയം തേടുന്നത്. അഭയം തേടുക മാത്രമല്ല, സ്വത്വ വിശേഷങ്ങളെ പടയായുധങ്ങളായി മിനുക്കിയെടുത്ത് പോരാടുന്നത്. ഇടതുചിന്തകനായ കെ പി പോക്കര്‍ എഴുതിയ ‘സ്വത്വ രാഷ്ട്രീയം’ സ്വത്വ രാഷ്ട്രീയത്തെ നിര്‍വചിക്കുന്നത് കാണുക: “സാമ്രാജ്യാധിനിവേശത്തിന്റെ സാംസ്കാരിക യുക്തിയാണ് സ്വത്വ രാഷ്ട്രീയം. ഒരു ജനതയുടെ സാംസ്കാരിക സ്വത്വം വര്‍ഗരാഷ്ട്രീയത്തിന്റെ ഇന്ധനവും ആയിത്തീരും’. കെ ഇ എന്നിന്റെ ‘ഇരകളുടെ മാനിഫെസ്റ്റോ’ ഗുജറാത്ത് കലാപ പശ്ചാത്തലത്തില്‍ വിപുലമായി വായിക്കപ്പെട്ടത് അതിന്റെ ഉള്ളടക്കത്തിലെ കാലിക പ്രസക്തി കൊണ്ടാണ്. ഇരകള്‍ക്കാണ് സ്വന്തം മാനിഫെസ്റ്റോ എഴുതിത്തയാറാക്കാന്‍ അവകാശമുള്ളത്.

സ്വത്വ രാഷ്ട്രീയം ഒരു സ്ഥിരംമൂശയില്‍, സവിശേഷമുദ്രകള്‍ ശാശ്വതമായി അണിഞ്ഞുകൊണ്ടുള്ള  പ്രതിഭാസമായി നിലനില്‍ക്കണമെന്നില്ല. എല്ലാറ്റിനുമെന്ന പോലെ പരിണാമങ്ങള്‍ സംഭവിക്കാം. കാലം മാറുമ്പോള്‍ അതിന് ജനിതക വകഭേദങ്ങള്‍ ഉണ്ടാവാം. ആ ജനിതക മാറ്റം സ്വത്വ രാഷ്ട്രീയത്തെ സാമുദായിക രാഷ്ട്രീയമായും അവിടെ നിന്ന് വര്‍ഗീയമോ വംശീയമോ ആയ വൈകൃതങ്ങളായും രൂപപരിണാമത്തിന് വിധേയമാക്കിയേക്കാം. കെ പി പോക്കര്‍ സൂചിപ്പിക്കുന്നതുപോലെ, സ്വത്വമെന്നത് പൂര്‍ണമായ അര്‍ഥത്തില്‍ പൂര്‍വ നിശ്ചിതമല്ല. ഒരാളുടെ ഭൂതകാലവും വര്‍ത്തമാന കാലവും മാത്രമല്ല, ഭാവി സംബന്ധിച്ച ഉത്ക്കണ്ഠകളും ചേര്‍ന്നതാണ് അവന്റെ/ അവളുടെ സ്വത്വം. സമൂഹമാകുമ്പോള്‍, ജീവിതപരിസരത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ വെല്ലുവിളികളും ആകുലതകളും വേവലാതികളും ഒരേ ചിന്താഗതിയും ഒരേ മുദ്രാവാക്യവും ഒരേ സ്വഭാവവിശേഷങ്ങളും എടുത്തുപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു. സ്വത്വ രാഷ്ട്രീയത്തിന്റെ ഒരു സൗകര്യവുമതാണ്.

ഇസ്‌ലാം മതം കേന്ദ്രീകരിച്ചുള്ള വഖഫ് സ്ഥാപനങ്ങളെ ഭൂരിപക്ഷസമുദായത്തിന് തുറന്നുകൊടുക്കാന്‍ ശ്രമിക്കുന്നു; അല്ലെങ്കില്‍ ഭരണയന്ത്രമുപയോഗിച്ച് കമ്മ്യൂണിസ്റ്റുവത്കരിക്കാന്‍ ഗൂഢപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നുവെന്നൊക്കെ പ്രചരിപ്പിക്കുമ്പോൾ, അതുല്‍പാദിപ്പിക്കുന്ന മതരാഷ്ട്രീയത്തിന്റെ ഇന്ധനം മുസ്്ലിം ലീഗിന്ന് ഒരാവശ്യമായിരിക്കാം. പാര്‍ട്ടി ഇന്നഭിമുഖീകരിക്കുന്ന പ്രതിസന്ധികളും വെല്ലുവിളികളും നേരിടാന്‍ ഇത്തരം പ്രചാരവേലകൾ ഉതകുമെന്ന കണക്കൂകൂട്ടലാവാം ഡിസംബര്‍ 9ന്  മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിൽ കോഴിക്കോട് കടപ്പുറത്ത് കണ്ടത്.

രാജ്യത്തെ മതേതര പാര്‍ട്ടികളും ചിന്തകരും ആര്‍ എസ് എസ് പ്രതിനിധാനം ചെയ്യുന്ന, നരേന്ദ്ര മോഡിയിലൂടെയും യോഗി ആദിത്യനാഥിന്റെ ഭരണകുടങ്ങളിലൂടെയും പ്രതിഷ്ഠിച്ച സവര്‍ണ-ബ്രാഹ്മണസ്വത്വത്തെ പ്രതിരോധിക്കാന്‍ പടയൊരുക്കുമ്പോള്‍  ഇടതുമുന്നണിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും മറുപക്ഷത്ത് നിറുത്തിയുള്ള രാഷ്ട്രീയപോരാട്ടത്തിലൂടെ ലാഭം കൊയ്യാനുള്ള മോഹം തനി സാമുദായിക രാഷ്ട്രീയത്തിലേക്ക് അല്ലെങ്കില്‍ വര്‍ഗീയ വ്യവഹാരങ്ങളിലേക്ക് വഴുതിമാറിയത് കേരളീയ ജനതക്ക് സഹിക്കാവുന്നതിന്റെ എല്ലാ പരിധികളും ലംഘിച്ചു. നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടികളും അധികാരരാഷ്ട്രീയത്തിലൂന്നിയ പാര്‍ട്ടി അജണ്ടക്കേറ്റ കനത്ത പ്രഹരവും കൊവിഡ് കാലഘട്ടത്തിലെ വിശ്രമവേളയില്‍ പങ്കുവെക്കപ്പെട്ട നൈരാശ്യവും ആശങ്കകളുമാവാം ഈ ഭാവമാറ്റത്തിന് – ജനിതക വ്യതിയാനത്തിന്  കാരണം. ലീഗില്‍നിന്ന് ഇമ്മട്ടില്‍ ആഭാസത്തരം ആരും പ്രതീക്ഷിച്ചതായിരുന്നില്ല. സ്വന്തം പാർട്ടിയില്‍നിന്ന് തന്നെ നിശിത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നേതാക്കളുടെ പെരുമാറ്റവും അണികളുടെ കാടത്തവും സമീപകാലത്തൊന്നും കേരളം കാണാത്തതാണ്.

അനുഭവങ്ങള്‍ പാളിച്ചകള്‍
എല്ലാം കാലേക്കൂട്ടി തയാറാക്കിയ രാഷ്ട്രീയ പദ്ധതിയുടെ പ്രയോഗവത്കരണമാണെന്ന് സംശയിക്കുന്ന സൂചനകളുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2ന് മഞ്ചേരിയില്‍ ചേര്‍ന്ന ലീഗ് സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയില്‍ അവതരിപ്പിച്ച ‘നയരേഖ’യില്‍ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെക്കുറിച്ച് പറയുന്ന ഭാഗത്ത് ബി ജെ പിയുടെ അപകടകരമായ നീക്കങ്ങള്‍ ചെറുക്കുന്നതിനെ കുറിച്ച് ഒരു വാചകത്തിലൊതുക്കി, കേരളത്തില്‍ കമ്മ്യൂണിസ്റ്റുകളെ നേരിടുന്നതിനെ കുറിച്ച് വാചാലമാകുന്നത് ഇങ്ങനെ: ‘ബി ജെ പിയുടെ ഫാഷിസ്റ്റ് വിരുദ്ധ അജണ്ടകളെ ഏറ്റെടുത്ത് സാമുദായിക വിഭജന ശ്രമങ്ങളടക്കം നടത്തുന്ന സി പി എമ്മിന്റെ രാഷ്ട്രീയ കാപട്യങ്ങള്‍ തുറന്നുകാണിക്കുകയും ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ ചെറുക്കുകയും ചെയ്യും. മതസമൂഹങ്ങളെ തരാതരം ചൂഷണം ചെയ്യുകയും അതിന്റെ മറവില്‍ മതനിരാസം വളര്‍ത്തുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് കുടില തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കും.’ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശത്രുപക്ഷത്ത് നിറുത്തിയുള്ള തീവ്രശൈലി ഉത്തമബോധ്യത്തോടെയാണെന്ന് സമര്‍ഥിക്കാന്‍ പ്രയാസമുണ്ടാകുമെങ്കിലും ഈ വ്യതിചലനത്തെ ന്യായീകരിച്ചും സാധൂകരിച്ചും വന്ന ചില റിപ്പോര്‍ട്ടുകള്‍ ആരേയും അത്ഭുതപ്പെടുത്തും. ‘സാമുദായിക രാഷ്ട്രീയത്തിലേക്ക് തിരിച്ചുനടന്ന മുസ്‌ലിം ലീഗിന്റെ’ മടക്കയാത്രയെ പോസിറ്റീവായി കണ്ട മാധ്യമം പത്രത്തിന്റെ അവലോകനം സൂക്ഷ്മവിശകലനത്തില്‍ നിഷ്പക്ഷമതികളെ  അത്ഭുതപ്പെടുത്തിയിട്ടുണ്ട്. “”ഇടക്കാലത്ത് സാമുദായിക രാഷ്ട്രീയ നിലപാടുകളില്‍ സ്വീകരിച്ച അഴകൊഴമ്പന്‍ നയം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലില്‍, ഇനി അനുരഞ്ജനം വേണ്ടെന്ന  സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ തീരുമാനമാണ് കഴിഞ്ഞദിവസം കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ പ്രതിഫലിച്ചത്. റാലിയില്‍ സംസാരിച്ച ഭൂരിഭാഗം നേതാക്കളും മത, സാമുദായികതയില്‍ ഊന്നിയതാണ് ഇപ്പോള്‍ വിമര്‍ശനവിധേയമാകുന്നത്. എന്നാല്‍ സി പി എം വിമര്‍ശനത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ലീഗ് നേതൃത്വം. …വ്യക്തി അധിക്ഷേപത്തിനപ്പുറം സി പി എമ്മിനോടുള്ളപ്രത്യയശാസ്ത്ര നിലപാടിലൂന്നിയ നേതാക്കളുടെ കടന്നാക്രമണമാണ് സി പി എമ്മിനെയും മുഖ്യമന്ത്രിയെയും പ്രകോപിപ്പിച്ചത്. …സാമുദായിക രാഷ്ട്രീയമാണ് ലീഗിന്റെ അടിത്തറ. ഇതില്‍നിന്നുള്ള വ്യതിചലനം പാര്‍ട്ടിക്ക് വന്‍ ക്ഷീണമുണ്ടാക്കിയതായാണ് കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിലുണ്ടായ വിലയിരുത്തല്‍. യു ഡി എഫിന് അധികാരമുണ്ടായ സമയത്തും വര്‍ഗീയ ആരോപണം ഭയന്ന് സമുദായത്തിന്റെ അവകാശങ്ങള്‍ നിറവേറ്റുന്നതില്‍ ലീഗ് പുറംതിരിഞ്ഞുനില്‍ക്കുന്നതായ ആരോപണം സമുദായത്തിനകത്തുണ്ടായിരുന്നു. …ന്യൂനപക്ഷത്തിന്റെ അതിജീവന രാഷ്ട്രീയം ഏറെ വെല്ലുവിളികള്‍ നേരിടുമ്പോള്‍ അതിനോട് മുഖം തിരിഞ്ഞിരിക്കുന്നത് കാലിനടിയിലെ മണ്ണ് ചോര്‍ത്തുമെന്ന വിലയിരുത്തലില്‍നിന്നാണ് വീണ്ടും സി എച്ച് മുഹമ്മദ് കോയ അടക്കമുള്ളവരുടെ ഉറച്ച നിലപാടിലേക്ക് പാര്‍ട്ടിയെ തിരിച്ചുനടത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.’’ ( മാധ്യമം 2021 ഡിസംബര്‍ 12) .

വസ്തുതകള്‍ക്കും ചരിത്രയാഥാർത്ഥ്യങ്ങള്‍ക്കും അശേഷം നിരക്കാത്ത അപഗ്രഥനമാണ് എന്റെ സുഹൃത്ത് ഹാശിം നടത്തിയിരിക്കുന്നത്. സ്വത്വ രാഷ്ട്രീയം സംബന്ധിച്ച സകല നീതീകരണങ്ങളെയും നിരാകരിക്കുന്നുണ്ട് കോഴിക്കോട്ടെ കോപ്രായങ്ങള്‍. സി എച്ചിനെ കുറിച്ചുള്ള പരാമര്‍ശം അനാവശ്യവും ആ വ്യക്തിയോടുള്ള അനാദരവുമാണ്. സാമുദായിക രാഷ്ട്രീയം എങ്ങനെയാണ് മ്ലേച്ഛരൂപത്തില്‍ പ്രയോഗവത്കരിക്കപ്പെടുന്നതെന്നും സ്വത്വ രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ എമ്മട്ടിലാണ് അട്ടിമറിക്കപ്പെടുന്നതെന്നും ‘സത്യത്തിന്റെ തുറമുഖത്ത്’ പ്രബുദ്ധ കേരളത്തിന് കാണാന്‍ സാധിച്ചു. സ്വന്തം ഭാഷ, ജീവിതരീതി, വിശ്വാസം, അനുഷ്ഠാനം, വസ്ത്രധാരണം തുടങ്ങിയവയെല്ലാം രാഷ്ട്രീയ ആയുധമാക്കാമെന്ന് ലോകത്തെ പഠിപ്പിച്ച അള്‍ജീരിയന്‍ വിമോചന പോരാളി ഫ്രാൻസ് ഫാനൻ സ്വത്വ രാഷ്ട്രീയത്തിന് വിശാലമായ ഒരു ഭൂമികയാണ് തുറന്നുകൊടുക്കുന്നത്. എന്തിന്റെ പേരിലാണോ ഒരു വിഭാഗം നിന്ദിക്കപ്പെടുകയോ മാറ്റിനിര്‍ത്തപ്പെടുകയോ അപരിഷ്കൃതരായി മുദ്രകുത്തപ്പെടുകയോ ചെയ്യുന്നത് അതിന്റെ അടിസ്ഥാനത്തില്‍ തന്നെ അംഗീകാരത്തിനു വേണ്ടി വാദിച്ചുകൊണ്ട് സാംസ്കാരിക രാഷ്ട്രീയത്തെ സ്വത്വ രാഷ്ട്രീയമായി വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്നതാണ്. വഖഫ് സ്ഥാപനങ്ങള്‍ വഴി മുസ്‌ലിംകൾ സാമൂഹിക ഔന്നത്യം നേടുന്നതില്‍ ആരുമിവിടെ എതിരുണ്ടാവില്ല. ഏതു മത സ്ഥാപനത്തിന്റെയും, പള്ളിയാവട്ടെ, ക്ഷേത്രമാവട്ടെ, ചര്‍ച്ചാവട്ടെ വഖ്ഫാവട്ടെ, അവയുടെ ഭൗതികക്ഷേമം ലക്ഷ്യമിട്ട് നിയമനിര്‍മാണം നടത്തുന്നതിന് ഭരണകൂടത്തിന് അധികാരമുണ്ട്. ഒരു ചര്‍ച്ച് കേന്ദ്രീകരിച്ച വന്‍ അഴിമതി നടക്കുമ്പോള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാന്‍ സര്‍ക്കാരിന് അവകാശമില്ല എന്ന് പറയുന്നതിലെ പോഴത്തം തന്നെയാണ് വഖ്ഫിന്റെ കാര്യത്തിലും സംഭവിക്കുക.  കെടുകാര്യസ്ഥതയും കൊള്ളയും നോക്കിനില്‍ക്കാന്‍ സെക്കുലര്‍ സംവിധാനത്തിന് സാധ്യമല്ല.  അത്തരം ഇടപെടലുകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതോടെ ഭരണകൂടവും അതുവരെ ന്യൂനപക്ഷ രാഷ്ട്രീയത്തെ അനുകൂലിക്കുന്നവരും ഒരുമിച്ചുനിന്ന് സ്വത്വ രാഷ്ട്രീയത്തിന്റെ പേരിലുള്ള ധാര്‍ഷ്ട്യങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു ഗതികേടുണ്ടാവുന്നു. എത്ര ജനപങ്കാളിത്തം ഉണ്ടായാലും ശരി, ഇരകളുടെ ഭാഷയും പെരുമാറ്റവും ഭാവഹാവാദികളും മാന്യതയുടെ പ്രാഥമിക നിഷ്ഠയെങ്കിലും പാലിച്ചാവണമായിരുന്നു.  അതിനു വിപരീതമായി അശ്ലീലകരമായ പദപ്രയോഗങ്ങളും ലൈംഗിക അധിക്ഷേപങ്ങളും മതത്തെ ദുര്‍വ്യാഖ്യാനം ചെയ്ത്  കല്ലായി അബ്ദുറഹ്മാനും കെ എം ഷാജിയുമൊക്കെ വര്‍ഗീയ- വംശീയ- ജാതീയ പ്രയോഗങ്ങള്‍ എടുത്തുപയോഗിച്ചതാണ് ബൂമറാങ്ങായി ഭവിച്ചത്. ഒരു മതേതര സമൂഹത്തില്‍ എന്തെല്ലാം പറയണം, പറഞ്ഞുകൂടാ എന്ന വിവേകചിന്ത കൈമോശം വരുമ്പോള്‍, സാമുദായിക പാര്‍ട്ടിയായ ലീഗിന്ന് മുഖം നഷ്ടപ്പെടുക സ്വാഭാവികമാണ്. മുസ്‌ലിംകളെകുറിച്ച് കാലാകാലമായി കൈമാറുന്ന മുന്‍വിധികളും തെറ്റിദ്ധാരണകളും ശരിയാണെന്ന് സമര്‍ഥിക്കപ്പെടുന്ന സ്വഭാവം പാർട്ടിയുടെ ശരീരഭാഷയിൽ വെളിപ്പെടുന്നതോടെ ഇരകള്‍ ഒരിക്കല്‍ക്കൂടി തോല്‍ക്കുന്നു.  ലീഗിനെ കുറിച്ചുള്ള പൊതുവായ മതിപ്പ് നഷ്ടപ്പെട്ടു എന്ന് മാത്രമല്ല, ഭൂരിപക്ഷ സമൂഹത്തിന്റെയും ഇതര ന്യുനപക്ഷങ്ങളുടെയും മുന്നില്‍ സമുദായം നാണംകെടുകയും ചെയ്യുന്നു. മതപരവും സാമുദായികവുമായ വികാരങ്ങളുണര്‍ത്തി, അതിനെ ഇടതുവിരുദ്ധ പോരാട്ടത്തിനുള്ള ഇന്ധനമാക്കുമ്പോള്‍, അതിലടങ്ങിയ അപകടം മനസിലാക്കാതെ പോവുന്നത് മണ്ടത്തരമാണ്. അത്തരം മണ്ടത്തരങ്ങളില്‍നിന്ന് സ്വസമുദായത്തെ കൈപിടിച്ചുയര്‍ത്തി, വിദ്യാഭ്യാസവും വിവേകവമുള്ള പൗരന്മാരാക്കി മാറ്റിയെടുക്കാനാണ് സി എച്ച് മുഹമ്മദ് കോയ പരിശ്രമിച്ചത്. ആ പരിശ്രമങ്ങളുടെ പൈതൃകത്തെ വലിച്ചെറിയുന്ന തരത്തില്‍ ഇടതുമുന്നണിക്കും കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ മരുമകനും എതിരെ വൃത്തികെട്ട ഭാഷയില്‍ അധിക്ഷേപങ്ങള്‍ നടത്തിയിട്ട് സി എച്ചിന്റെ വഴിയേ തിരിച്ചുനടക്കുകയാണെന്ന് വാദിക്കുമ്പോള്‍ സി എച്ചിനെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നല്ലേ അനുമാനിക്കേണ്ടത്. തോറ്റ യുദ്ധത്തിന്റെ ചരിത്രം ഇതുവരെ ആരും ആവേശത്തോടെ എഴുതിയിട്ടില്ല എന്ന് ഓര്‍ക്കുന്നത് നന്ന്. ഒരു ധൈഷണിക നേതൃത്വത്തിന്റെ അഭാവവും മതത്തെ കൂട്ടുപിടിച്ചു രാഷ്ട്രീയം കളിക്കാനിറങ്ങിയതിന്റെ ഭവിഷ്യത്തുമാണ് ഇക്കണ്ടതെല്ലാം. സെക്കുലര്‍ പരിവേഷം അവകാശപ്പെടാനുള്ള മുസ്‌ലിം ലീഗിന്റെ എല്ലാ യോഗ്യതയും നഷ്ടപ്പെടുമ്പോള്‍, ജയിക്കുന്നത് ആര്‍ എസ് എസാണ്.

അതിജീവന വഴിയിലെ നല്ല മാതൃകകള്‍
“ചെത്തുകാരന്‍ കോരന്റെ മോനേ പിണറായീ, പച്ചക്ക് ഞങ്ങള്‍ കത്തിക്കും’ എന്ന് മുഴക്കുന്ന മുദ്രാവാക്യമാണോ ആധുനിക മുസ്‌ലിം അതിജീവനത്തിന്റെ ചവിട്ടുപടി. അവിവേകത്തിന്റെ ഭാഷയാണതെന്ന് തിരിച്ചറിവുണ്ടാവുന്നത് വരെ സാമുദായിക രാഷ്ട്രീയം അതിന്റെ പ്രാക്തന സങ്കുചിതത്തിലേക്ക് ചുരുങ്ങുകയേയുള്ളൂ. സ്വത്വ രാഷ്ട്രീയത്തെ ഒരു രാജ്യത്തിന്റെ ശിരോലിഖിതം തിരുത്തിക്കുറിക്കാന്‍  ഉപകരണമാക്കിയ ബാബാ സാഹെബ് അംബേദ്ക്കറുടെ കാലടിപ്പാടുകള്‍ പാഠമായി നമ്മുടെ മുന്നിലുണ്ട്. ദലിത് സ്വത്വബോധത്തെ ശാസ്ത്രീയമായി വ്യാഖ്യാനിച്ച് ആഗോളതലത്തില്‍ കീഴാളവര്‍ഗത്തിന് ധൈഷണിക ദിശ കാട്ടിക്കൊടുത്ത കാഞ്ച ഐലയ്യ നമ്മുടെ കാലഘട്ടത്തെ ചിന്താപരമായി ബഹുദൂരം നയിച്ചിട്ടുണ്ട്. മുസ്‌ലിം രാഷ്ട്രീയ കൂട്ടായ്മയുടെ അമരത്ത് അത്രക്കും ആശയഗരിമയുള്ള നേതൃത്വത്തെ എത്ര പരതിയാലും കാണില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. പാണക്കാട്ടെ തങ്ങന്മാരടക്കം ഉത്തരം പറയേണ്ട ഒരു ചോദ്യമിതാണ്: സവര്‍ണ ബ്രാഹ്മണ അധീശത്വം സൃഷ്ടിച്ച വ്യാകുലതകളും അമ്പരപ്പും പെരുകിപ്പെരുകി വരുന്ന ഒരു കാലസന്ധിയില്‍, എന്തിനു മുഖ്യമന്ത്രിക്കു നേരെ വംശീയവും ജാതിപരവുമായ കൂരമ്പുകള്‍ തൊടുത്തുവിട്ട്, ഗൗരവതരമായ പല സമസ്യകളില്‍നിന്നും അണികളുടെ ശ്രദ്ധ തിരിച്ചുവിടുന്നു? സാംസ്കാരിക തനിമ പോയിട്ട് അസ്തിത്വം പോലും വകവെച്ചുതരാത്ത ഒരു സാമൂഹികാന്തരീക്ഷത്തില്‍ ന്യൂനപക്ഷങ്ങള്‍ ഊര്‍ജം പാഴാക്കേണ്ടത് കാല്‍പനികമോ സാങ്കല്‍പികമോ ആയ വിഷയങ്ങള്‍ സ്വയം സൃഷ്ടിച്ച് അതിന്മേല്‍ കടന്നാക്രമണങ്ങള്‍ നടത്തിയാണോ? വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടത് ആകാശം ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന സമസ്യയായി അവതരിപ്പിച്ച്, അന്തരീക്ഷമലിനീകരണം നടത്തുന്ന ലീഗ്, സരയൂ നദിക്കരയിലെ സുന്നി വഖഫായ ബാബരി മസ്ജിദിന് നേരെ ആര്‍ എസ് എസ് ശക്തമായ ഭീഷണി ഉയര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ ചിറകിന്നടിയില്‍ ഒളിച്ചിരിക്കുകയായിരുന്നില്ലേ?

അതിസങ്കീര്‍ണവും ചിരപുരാതനവുമായ തര്‍ക്ക പ്രശ്നങ്ങള്‍ക്ക്  പോലും സെക്കുലര്‍ ഭൂമികയില്‍നിന്നുകൊണ്ട് പരിഹാരം കാണാന്‍ ശ്രമിക്കുകയല്ലേ ബുദ്ധി?  ഫലസ്തീന്‍ പ്രശ്നം ലോകം തന്നെ ഏറ്റെടുത്തതും യാസര്‍ അറഫാത്തിന്റെ പി എല്‍ ഒ ഒരു വര്‍ഗീയ പ്രസ്ഥാനമാവാതെ കാത്തൂസൂക്ഷിച്ചതും അതുകൊണ്ടാണ്. കേവലം മുസ്‌ലിം പ്രശ്നമായി അതിനെ ചുരുക്കിക്കെട്ടിയിരുന്നുവെങ്കില്‍ ഫലസ്തീന്‍ ഇന്നും ഒരു സമസ്യയായി നിലിനില്‍ക്കാത്തവിധം ചരിത്രത്തില്‍ വിലയം പ്രാപിച്ചേനെ.
സ്വത്വ രാഷ്ട്രീയം ഉരുത്തിരിഞ്ഞുവരുന്നത് പ്രശ്നസങ്കീര്‍ണമായ അന്തരീക്ഷത്തിലായിരിക്കും. അല്ലെങ്കില്‍ ചരിത്രത്തിന്റെ കുഴഞ്ഞുമറിഞ്ഞ കാലസന്ധിയിലാവാം. മുസ്‌ലിം ലീഗിന്റെ ആദ്യകാല നേതാക്കള്‍ അത് നന്നായി മനസിലാക്കിയാണ് മുന്നോട്ടുനീങ്ങിയത്. വിഭജനത്തോടെ, ഇവിടെ ബാക്കിയായ അഞ്ച് കോടി മുസ്‌ലിംകള്‍ കടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ആ അതിജീവന തന്ത്രത്തിന്റെ കരുത്ത് ബോധ്യമാവും. മതത്തിന്റെ പേരില്‍ നേടിയെടുത്തതാണ് പാകിസ്ഥാന്‍ എന്ന കാഴ്ചപ്പാട് രൂഢമൂലമായ ചുറ്റുപാടില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ എന്തു ചെയ്യണം എന്ന വലിയ ചോദ്യമാണ് ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബിന്റെ മുന്നില്‍ ഉത്തരം തേടാനുണ്ടായിരുന്നത്. 1947 ഡിസംബര്‍ 13ന് സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ ദേശീയ വര്‍ക്കിങ് കമ്മിറ്റി യോഗം കറാച്ചിയില്‍  ഗവര്‍ണര്‍ ജനറല്‍ മുഹമ്മദലി ജിന്നയുടെ വസതിയില്‍ ചേര്‍ന്നത് പാകിസ്ഥാന്‍ നിലവില്‍ വന്ന ചുറ്റുപാടില്‍ മുസ്‌ലിം ലീഗിന്റെ ഭാവി എന്തായിരിക്കണം എന്നാലോചിക്കാനാണ്. യോഗത്തില്‍ പാര്‍ട്ടി ഇരുരാജ്യങ്ങളിലായി വിഭജിക്കാന്‍ തീരുമാനിച്ചത് ഇന്ത്യയില്‍ വലിയ ചര്‍ച്ചാവിഷയമായി. വിഭജനത്തിനു ശേഷവും മുസ്‌ലിം ലീഗ് ബാക്കിയാവുകയോ? ഡിസംബര്‍ 14ന് ദേശീയ കൗണ്‍സില്‍ യോഗം ഖാലിഖ് ദാനാ ഹാളില്‍ ചേര്‍ന്നപ്പോള്‍ 250 അംഗങ്ങള്‍ പങ്കെടുത്തു. മുഹമ്മദലി ജിന്ന ഇതാദ്യമായിരിക്കാം പാര്‍ട്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. സന്ദിഗ്ധഘട്ടത്തില്‍ ഇന്ത്യയിലെ മുസ്‌ലിംകളെ അനാഥമാക്കി കടന്നുകളഞ്ഞ ചൗധരി ഖാലിഖുസ്സമാനും പിന്നീട് അതേ വഞ്ചനയുടെ പാത പിന്തുടര്‍ന്ന സുഹ്റവര്‍ദിയുമൊക്കെ വേദിയിലുണ്ടായിരുന്നു. വേര്‍പിരിയലിന്റെ വികാരനിര്‍ഭരമായ ആ നിമിഷം, മുഹമ്മദലി ജിന്ന ഏറെ നേരം അശ്രു പൊഴിക്കുന്നുണ്ടായിരുന്നുവത്രെ. ലക്ഷക്കണക്കിന് മനുഷ്യരെ വിഭജനത്തിന്റെ പേറ്റുനോവില്‍ വഴിയോരങ്ങളില്‍ കൂട്ടമരണത്തിന് ഇരയാക്കപ്പെട്ടതിന്റെ വിവരണങ്ങള്‍ നേതാക്കള്‍ പങ്കുവെച്ചപ്പോള്‍ അധികാരരാഷ്വട്രീയത്തിന്റെ പാപപങ്കിലമായ കരങ്ങള്‍ കൊണ്ട് പലരും കണ്ണു തുടച്ചു. എന്നാല്‍, ആ ചരിത്രമുഹൂര്‍ത്തത്തില്‍ മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് കാണിച്ച പക്വതയും ധൈര്യവും ഇന്നത്തെ ലീഗ് നേതൃത്വം പാഠമായി ഉള്‍ക്കൊള്ളണം. ജിന്നയുടെ മുഖത്ത് നോക്കി ഒരു സത്യം അദ്ദേഹം തുറന്നുപറഞ്ഞു: രണ്ട് രാജ്യമായി വേര്‍പിരിഞ്ഞ സ്ഥിതിക്ക് ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യം. ഞങ്ങള്‍, ഇന്ത്യയിലെ മുസ്‌ലിംകള്‍, നമ്മുടെ ഭാഗധേയം ജനാധിപത്യ മാര്‍ഗത്തിലൂടെ കരുപ്പിടിപ്പിക്കും. ഒരിക്കലും ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ഇടപെടരുത്. 1947 ഡിസംബര്‍ 19ന് കറാച്ചിയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ജിന്ന ഊന്നിപ്പറഞ്ഞത് ഇതാണ്: Muslims in India should be free to frame their own independent policy. മുഹമ്മദ് ഇസ്മാഈലിനെ ഇന്ത്യയില്‍ പാര്‍ട്ടിയുടെ ഭാവി രൂപം കൊടുക്കാനുള്ള സമിതിയുടെ കണ്‍വീനറായി തിരഞ്ഞെടുത്തത് പോലും ദീര്‍ഘദൃഷ്ടിയോടെയാണ്. കാരണം, ഉത്തരേന്ത്യ വിഭജനത്തിന്റെ വര്‍ഗീയതാപമേറ്റ് ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. മുസ്‌ലിം സ്വത്വരാഷ്ട്രീയത്തിന്റെ വേദി മദിരാശിയിലേക്ക് മാറ്റിയതോടെ, ഇനി എന്ത് എന്ന ചോദ്യം നേതാക്കളെ വേട്ടയാടി. അങ്ങനെയാണ് 1948 മാര്‍ച്ച് 10ന് മദ്രാസ് പട്ടണത്തിന്റെ ഹൃദയഭാഗത്ത് രാജാജി ഹാളില്‍ ലീഗ് നേതൃയോഗം ചേരുന്നത്.

ആ യോഗത്തിന്റെ യഥാർത്ഥ തീരുമാനം മുസ്‌ലിം ലീഗ് നേതാക്കള്‍ ഇപ്പോഴും തുറന്നുപറയാറില്ല. സാംസ്കാരിക സ്വത്വത്തിലായിരുന്നു യോഗം ഊന്നല്‍ നല്‍കിയത്. മുസ്‌ലിംകളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയേതര കൂട്ടായ്മക്കേ സ്വതന്ത്ര ഇന്ത്യയില്‍ പ്രസക്തിയുള്ളൂവെന്ന് ഭൂരിഭാഗം അംഗങ്ങളും വാദിച്ചു. മഹാത്മജിയുടെ ദാരുണമായ വധം രാജ്യമാകെ മ്ലാനതയും രോഷവും പടര്‍ത്തിയ പ്രക്ഷുബ്ധഭരിതമായ ഒരു ഘട്ടത്തില്‍ വീണ്ടും ഒരു മുസ്‌ലിം ലീഗ് ആത്മഹത്യാപരമാകുമെന്ന് വരെ ചിലര്‍ ഓര്‍മിപ്പിച്ചു. അപ്പോഴും ന്യൂനപക്ഷങ്ങളുടെ സ്വത്വം പരിരക്ഷിക്കാന്‍ ഉതകുന്ന ഒരു രാഷ്ട്രീയവേദി അനിവാര്യമാണെന്ന് ഇസ്മാഈല്‍ സാഹിബിന്റെ സാത്വിക ഹൃദയം മന്ത്രിച്ചു.  വടക്കേ ഇന്ത്യയിലെ സംഘര്‍ഷാവസ്ഥയിലേക്ക് ലീഗിന്റെ പേര് പറഞ്ഞ് കടന്നുചെല്ലാന്‍ അദ്ദേഹം മെനക്കെട്ടില്ല. 1960കള്‍ക്കു ശേഷമാണ് ലീഗിന് പറക്കാന്‍ ചിറക് മുളക്കുന്നത്. അപ്പോഴെല്ലാം സംയമനത്തിന്റെയും സഹിഷ്ണുതയുടെയും പാശം മുറുകെ പിടിച്ചതിനാല്‍ രാജാജിയെപ്പോലുള്ള വ്യക്തിത്വങ്ങളുടെ സഹായം ലഭിച്ചു.

സമുദായ രാഷ്ട്രീയത്തിന്റെ പരിമിതികള്‍
സമുദായ രാഷ്ട്രീയം എന്നും സംശയത്തിന്റെ നിഴലിലായിരിക്കും. അങ്ങനെ മുസ്‌ലിംകളെ ഒന്നടങ്കം സംശയത്തില്‍ തടഞ്ഞുവെക്കാന്‍ ഭൂരിപക്ഷ സമുദായത്തിലെ തീവ്രവലതുപക്ഷം 18ാം നൂറ്റാണ്ടു മുതല്‍ ഇവിടെ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ സര്‍ദാര്‍ പട്ടേല്‍ പകയോടും വിദ്വേഷത്തോടും കൂടിയാണ് മുസ്‌ലിംകളോട് പെരുമാറിയതെന്ന് സാക്ഷ്യപ്പെടുത്തുന്നത് സാക്ഷാല്‍ അബുല്‍ കലാം ആസാദാണ്. ‘ഘര്‍വാപസി’ സംഘ്പരിവാരം ഇന്നലെ ആരംഭിച്ച ഹിന്ദുത്വ അജണ്ട അല്ല. ആര്യസമാജ് സ്ഥാപകന്‍ ദയാനന്ദ സരസ്വതി “ശുദ്ധി പ്രസ്ഥാനം’ തുടങ്ങിവെച്ചത് മുസ്‌ലിംകളെ ശുദ്ധീകരിച്ച് ഹിന്ദുമതത്തിലേക്ക് മാര്‍ഗം കൂട്ടാനാണ്. രാഷ്ട്രീയമായി മുസ്‌ലിംകള്‍ ശാക്തീകരണത്തിന്റെ വഴിയില്‍ മുന്നേറാന്‍ പാടില്ല എന്ന് പ്രതിജ്ഞ എടുത്തവരാണ് ആര്‍ എസ് എസുകാര്‍. ആ ഹിന്ദുത്വവാദികളുടെ വളര്‍ച്ചക്കും വ്യാപനത്തിനും പ്രയോജനപ്പെടുന്ന മുദ്രാവാക്യം മുഴക്കുമ്പോള്‍, ലീഗ് സ്വയം തോല്‍വി ഏറ്റുവാങ്ങുകയാണ്. സര്‍വരാലും വേട്ടയാടപ്പെടുന്ന ജനത അത്തരമൊരു ശിക്ഷ അര്‍ഹിക്കുന്നുണ്ട് എന്ന് പൊതുബോധം വളരുന്നതോടെ തീരുന്നു അവരുടെ ജനാധിപത്യ മുന്നേറ്റം. മതേതര ജീവിത പരിസരത്തു മാത്രമേ, സ്വത്വ രാഷ്ട്രീയത്തിന് നിലനില്‍പുള്ളൂ. മതഭ്രാന്ത് പിടിച്ച് തുള്ളിച്ചാടുന്നവര്‍ക്ക് നാളെ കടലോരത്ത് പ്രസംഗിക്കാന്‍ പോലും അവസരം കിട്ടാതെ വന്നേക്കാം. വിവരദോഷികളുടെ വാചാടോപങ്ങള്‍ കൊണ്ട് പാര്‍ട്ടി വളര്‍ത്താമെന്ന കണക്കുകൂട്ടല്‍ വിഡ്ഢിത്തമാണ്. ഭൂരിപക്ഷ സമൂഹത്തെ ആകമാനം പിണക്കി അംഗബലത്തിന്റെ കരുത്തില്‍ എന്തുമാവാം എന്ന് കരുതുന്നത് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അഭാവം മൂലമാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രീതിശാസ്ത്രം മുസ്‌ലിം ലീഗിന് ചേരില്ല. എസ് ഡി പി ഐയുടെ ‘തുറന്ന’ അഭിപ്രായപ്രകടനം  കടമെടുത്താല്‍, പാപ്പരായ ബാങ്കിലേക്കുള്ള അവധിച്ചെക്കായി ലീഗ് വലിച്ചെറിയപ്പെടും. മേല്‍പറഞ്ഞ രണ്ടു പുത്തന്‍ പാര്‍ട്ടികള്‍ക്ക് പെട്ടെന്ന് ഒന്നും നഷ്ടപ്പെടാനോ നേടാനോ ഇല്ല.

Kasim Irikkoor

You must be logged in to post a comment Login