എന്തിനാണ് നമുക്ക് പണം?

എന്തിനാണ്  നമുക്ക് പണം?

2014 ൽ അമേരിക്കയിൽ നടന്ന ഒരു സർവെയിൽ, ജനങ്ങൾക്കിടയിൽ കൂടുതൽ മനഃക്ലേശമുണ്ടാക്കുന്നത് പണമാണെന്ന് പറയുന്നുണ്ട്. പണത്തെ കുറിച്ച് സംസാരിക്കാൻ ഭൂരിഭാഗം ജനങ്ങളും മടി കാണിക്കുന്നുവെന്നും സർവെ വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് പണം ഒരു തലവേദനയായി മാറുന്നത്? കുടുംബ ബന്ധങ്ങൾ പോലും ശിഥിലമാകാൻ പണം കാരണമാകുന്നതെങ്ങനെയാണ്? കുറഞ്ഞ കാലത്തെ ജീവിതം ആസ്വദിക്കുന്നതിന് പണം ഒരു തടസ്സമാകുന്നതെങ്ങനെയാണ്? ഇതിന്റെയെല്ലാം ഉത്തരം എത്തിച്ചേരുന്നത് മനുഷ്യന്റെ പണത്തോടുള്ള സമീപനത്തിലാണ്. ജീവിതത്തിൽ പണത്തിന്റെ സ്ഥാനമെന്തെന്നും ഏതു രൂപത്തിൽ പണം ഉപയോഗിക്കണമെന്നും അറിയാത്തതാണ് പലപ്പോഴും പണത്തെ ജീവിതത്തിലെ വില്ലനും ശല്യക്കാരനുമാക്കുന്നത്.
ധനസമ്പാദനം പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്‌ലാം. മനുഷ്യ ശരീരത്തിന് നിവർന്നു നിൽക്കാൻ നട്ടെല്ല് വേണം. ഇപ്രകാരം മനുഷ്യന് ജീവിക്കാൻ അത്യന്താപേക്ഷിതമായ നട്ടെല്ലാണ് പണം. വിശുദ്ധ ഖുർആനിൽ ഇതു കാണാം: നിങ്ങൾക്ക് നിവർന്നു നിൽക്കാൻ അല്ലാഹു സംവിധാനിച്ച പണം വിഢികളുടെ കൈവശം ഏൽപ്പിക്കരുത്(4/5).
വിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിലായി ശ്രേഷ്ടമായത്, ഗുണമുള്ളത്, ഭംഗിയുള്ളത് എന്നീ അർഥം വരുന്ന പദങ്ങൾ കൊണ്ട് പണത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ പണം കൊണ്ട് കഴിയും എന്നതാണ് കാരണം (ഇമാം ഖുർതുബി).
ജീവിതത്തിന്റെ സൗന്ദര്യമാകേണ്ട, ആസ്വാദനത്തിന്റെ ഹേതുവാകേണ്ട പണം മനഃക്ലേശമുണ്ടാക്കുന്നതായി മാറുന്നത് ശരിയായി വിനിയോഗിക്കാൻ സാധ്യമാകാത്തതു കൊണ്ടാണ്. പരിമിതമായ പണത്തെ അനന്തമായ ആവശ്യങ്ങളിൽ നിന്ന് മാറ്റി, മുൻഗണനാക്രമത്തിൽ സന്തോഷം നൽകുന്ന, സംതൃപ്തിയുണ്ടാകുന്ന ഇടങ്ങളിലേക്ക് തിരിക്കാൻ സാധിക്കണം. ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ലയണൽ റോബിൻസ് 1932-ൽ പ്രസിദ്ധീകരിച്ച Essay on the Nature and Significance of Economic Science എന്ന പുസ്തകത്തിൽ സാമ്പത്തിക ശാസ്ത്രത്തെ നിർവചിക്കുന്നത് ഇങ്ങനെയാണ്: “ദൗർലഭ്യതയുടെയും ആവശ്യങ്ങളുടെയും ഇടയിലുള്ള മനുഷ്യന്റെ ഇടപെടലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് സാമ്പത്തിക ശാസ്ത്രം’. എന്നു പറഞ്ഞാൽ, കൈയിലുള്ള പരിമിതമായ ധനത്തെ മുൻഗണനാക്രമത്തിൽ എങ്ങനെ ഉപയോഗിക്കാമെന്ന് പറയുന്ന ശാസ്ത്രശാഖയാണത്.
പരിമിതമായ ഈ പണത്തെ മറ്റൊരാൾക്ക്‌ ഉപദ്രവം വരാത്ത രൂപത്തിൽ ഉപയോഗിക്കുമ്പോഴാണ് ശരിയായ വികസനവും സമ്പദ് വ്യവസ്ഥയിൽ സന്തുലിതാവസ്ഥയും കൈവരുന്നത് എന്ന് ഇറ്റാലിയൻ സാമ്പത്തിക ശാസ്ത്രജ്ഞനായ വിൽഫ്രഡൊ പരേട്ടോ പറയുന്നുണ്ട്. പരസ്പരം ലഭിക്കുന്ന ഈ സന്തോഷം തന്നെയാണ് പണത്തിന്റെ അടിസ്ഥാനവും സാമ്പത്തിക ശാസ്ത്ത്തിന്റെ വേരും. അതിനെ നിലയുറപ്പിക്കുന്ന സമീപനങ്ങളാണ് റസൂൽ (സ്വ) ഈ ലോകത്തിന് പഠിപ്പിച്ചു കൊടുത്തിട്ടുള്ളത്. അത് കൃത്യമായി വിലയിരുത്തി പ്ലാൻ ചെയ്ത് ജീവിതത്തിൽ പ്രയോഗിക്കുമ്പോൾ പണം തലവേദന ആകില്ല. അത് മതിയാവാതെ പോകുകയുമില്ല.
പണത്തിന്റെ പൂർണ ഉടമാവകാശം ഇസ്‌ലാം മനുഷ്യന് നൽകുന്നില്ല. യഥാർത്ഥ ഉടമയായ അല്ലാഹുവിന്റെ അമാനത്ത് (സൂക്ഷിപ്പുസ്വത്ത്) ആയാണ് ഇസ്‌ലാം പണത്തെ കാണുന്നത്. ആ നിലയിലാണത് നമ്മിലേക്കെത്തുന്നത്. അക്കാരണത്താൽ, പണത്തിന്റെ കാര്യത്തിൽ അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കേണ്ടത് സൃഷ്ടിയെന്ന നിലയിൽ നമ്മുടെ നിർബന്ധ ബാധ്യതയാണ്. ഈ മധ്യമസമീപനം തന്നെയാണ് സാമ്പത്തിക വ്യവഹാരങ്ങളിൽ ഉടനീളം അല്ലാഹു നിർദേശിക്കുന്നത്. അറബിയിൽ സമ്പദ്ഘടനയെ അർഥമാക്കുന്ന ഇഖ്തിസാദ് എന്ന പദം, ഭാഷാപരമായി മിതത്വത്തെ സൂചിപ്പിക്കുന്നുണ്ട്. പണം ചെലവിടുമ്പോൾ ഈ മിതത്വം വേണം. അതുണ്ടാകുമ്പോഴാണ് ശരിയായ വിശ്വാസിയായി മനുഷ്യൻ മാറുന്നതും.
അടിസ്ഥാനപരമായി മൂന്ന് ആവശ്യങ്ങൾക്ക് വേണ്ടിയാവണം പണം ഉപയോഗിക്കേണ്ടതും സമ്പാദിക്കേണ്ടതും. ഈ മൂന്ന് കാര്യങ്ങൾക്ക് വേണ്ടിയാണ് ഞാൻ പണം സമ്പാദിക്കുന്നത് എന്ന ഉദ്ദേശ്യത്തോടെ ധനവിനിയോഗത്തിൽ നാം മിതത്വം പുലർത്തണം.
അപ്പോൾ സന്തുഷ്ട ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. ധന സമ്പാദനം എന്നത് ജീവിതത്തിന്റെ ലക്ഷ്യമായി കാണരുത്. ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ നേടാനുള്ള ഒരു ഉപാധിയായി മാത്രം കണ്ടാൽ മതി.
സ്വശരീരത്തിന്റെ സംരക്ഷണമാണ് ധന സമ്പാദനത്തിന്റെ കാതൽ. ജീവിക്കാൻ ആവശ്യമായ കാര്യങ്ങൾ വാങ്ങുന്നതിന് പണം ഒരു തടസമായിക്കൂടാ. നമ്മുടെ ഉപഭോഗം മറ്റുള്ളവർക്ക് ഉപദ്രവമാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. തനിക്കിഷ്ടപ്പെട്ടത് തന്റെ സഹോദരനും ഇഷ്ടപ്പെടുവോളം ആരും പരിപൂർണ വിശ്വാസിയാകില്ലെന്നാണ് റസൂൽ(സ്വ) ഓർമിപ്പിച്ചിട്ടുള്ളത്. പട്ടിണിയിൽ കഴിയുന്നതും മറ്റൊരാളുടെ മുന്നിൽ കൈ നീട്ടുന്നതും ഇസ്‌ലാം നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യമുള്ള ശരീരത്തിനു മാത്രമേ അല്ലാഹുവിനെ പൂർണാർഥത്തിൽ ആരാധിക്കാൻ സാധിക്കുകയുള്ളൂ.
ആരാധനയാണ് രണ്ടാമത്തെ ലക്ഷ്യം. നാം ധനം സമ്പാദിക്കുന്നത് അല്ലാഹുവിനെ ആരാധിക്കാനും അവൻ ഇഷ്ടപ്പെടുന്ന മാർഗത്തിൽ ചെലവഴിക്കാനുമാകണം. വിശുദ്ധ ഖുർആനിൽ സൂറ: മുഅ്മിനൂനിൽ ഒരു വിജയിക്കുണ്ടാകേണ്ട മൂല്യങ്ങളെ കുറിച്ച് അല്ലാഹു പറയുന്നുണ്ട്. അതിൽ ഒന്ന് സകാത് നല്കാൻ വേണ്ടി അധ്വാനിക്കുക എന്നതാണ്. സകാത് വീട്ടുന്നവർ എന്നു മാത്രം പറയാതെ സകാതിന് വേണ്ടി അധ്വാനിക്കുന്നവർ എന്ന് പറയുന്നതിലൂടെ ധനപരമായ പശ്ചാതലമുള്ള ആരാധനകൾ ചെയ്യാൻ അധ്വാനിക്കണമെന്നതിലേക്ക് ഇതിൽ സൂചനയുണ്ടെന്ന് ഇമാം ശഅ്റാവി അദ്ദേഹത്തിന്റെ തഫ്‌സീറിൽ പറയുന്നുണ്ട്. സമൂഹത്തിലെ പാവപ്പെട്ട ആളുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ധനം സമ്പാദിക്കുന്നതിൽ വലിയ പ്രതിഫലമുണ്ടെന്ന് ചുരുക്കം. അതു മാത്രമല്ല, ദാനം പണത്തെ വർധിപ്പിക്കുമെന്നും ഖുർആൻ പറയുന്നുണ്ട്.
കുടുംബങ്ങൾക്ക് ചെലവഴിക്കാൻ കൂടിയുള്ളതാണ് പണം. അതാണ് ഏറെ പ്രതിഫലമുള്ളതും. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം: പാവങ്ങളെ സഹായിക്കാനും അടിമകളെ മോചിപ്പിക്കാനും യുദ്ധങ്ങൾക്കു വേണ്ടിയും കുടുംബങ്ങൾക്കു വേണ്ടിയുമൊക്കെ ചെലവഴിക്കുന്ന പണത്തിൽ ശ്രേഷ്ഠമായത് കുടുംബങ്ങൾക്കു വേണ്ടി ചെലവഴിക്കുന്നതാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് നാം ചെയ്യുന്ന എല്ലാ ദാനങ്ങൾക്കും പ്രതിഫലമുണ്ടെന്ന് ബുഖാരി ഉദ്ധരിക്കുന്ന ഹദീസിലും കാണാം. “അത് സ്വന്തം ഭാര്യയുടെ വായിൽ വെച്ചുകൊടുക്കുന്ന ഭക്ഷണമാണെങ്കിലും’ എന്നു കൂടെ ഹദീസിലുണ്ട്. കുടുംബത്തിന് വേണ്ടി ചെലവഴിക്കേണ്ടതിന്റെ മഹത്വത്തെയാണ് ഇത് വ്യക്തമാക്കുന്നത്.
കുടുംബത്തിനു വേണ്ടി ചെലവഴിക്കാനുള്ള പണം നാം കരുതി വെക്കണം. അത് നിർബന്ധമാണെന്ന വിഷയത്തിൽ പണ്ഡിതന്മാരുടെ ഏകാഭിപ്രായമുണ്ടെന്ന് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി(റ) ഫത്ഹുൽ ബാരിയിൽ പറയുന്നുണ്ട്.
ആഇശ ബീവി പറയുന്ന ഒരു ചരിത്രമുണ്ട്. ഒരിക്കൽ ഹിന്ദ് ബിൻത് ഉത്ബ റസൂലിന്റെ(സ്വ) അടുക്കൽ വന്ന് പരാതി പറഞ്ഞു. അവരുടെ ഭർത്താവായ അബൂ സുഫ്്യാൻ തനിക്കും തന്റെ കുടുംബത്തിനും മതിയായ പണം നൽകുന്നില്ലെന്നും അബൂസുഫ്്യാൻ അറിയാതെ അദ്ദേഹത്തിന്റെ കൈയിൽ നിന്ന് എടുക്കുന്ന പണമാണ് ഞങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും ഹിന്ദ് പറഞ്ഞു. അപ്പോൾ റസൂൽ (സ്വ) പറഞ്ഞു: “നിനക്കും നിന്റെ മക്കൾക്കും വേണ്ട പണം ഗുണമുദ്ദേശിച്ച് നീ എടുത്തോളൂ’. സാമ്പത്തിക വിനിയോഗങ്ങളിൽ നാം പാലിക്കേണ്ട മുൻഗണനാക്രമത്തെയാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്. കുടുംബത്തിനു വേണ്ടി പണം മാറ്റിവെക്കാതെ മറ്റു കാര്യങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കുന്നത് ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമായേ കാണാൻ പറ്റുകയുള്ളൂ.
ആഇശ ബീവി ഉദ്ധരിക്കുന്ന മറ്റൊരു ചരിത്രം സ്വഹീഹ് മുസ്‌ലിമിൽ കാണാം. ഒരിക്കൽ പാവപ്പെട്ട ഒരു സ്ത്രീ അവളുടെ രണ്ടു കുട്ടികളുമായി ആഇശ ബീവിയുടെ അടുത്തു വന്നു. ബീവി മൂന്ന് ഈത്തപ്പഴങ്ങൾ നൽകി. അതിൽ നിന്ന് രണ്ടെണ്ണം സ്ത്രീ തന്റെ മക്കൾക്ക് കൊടുത്തു. മൂന്നാമത്തേത് തിന്നുമ്പോഴേക്കും കുട്ടികൾ വീണ്ടും ആവശ്യപ്പെട്ടു. സ്ത്രീ അതിനെ രണ്ടു കഷ്ണങ്ങളാക്കി കുട്ടികൾക്കു തന്നെ കൊടുത്തു. അതിൽ നിന്ന് ഒന്നും കഴിക്കാതെ എഴുന്നേറ്റ് സ്ത്രീ മടങ്ങിപ്പോയി. ഈ സംഭവം ആഇശ ബീവി (റ) റസൂലിന് (സ്വ) വിവരിച്ചു കൊടുത്തു. റസൂൽ (സ്വ) പറഞ്ഞു: അങ്ങനെ ചെയ്ത കാരണത്താൽ അവർ സ്വർഗം അനിവാര്യമാക്കിക്കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ നരകത്തിൽ നിന്ന് മോചനം നേടിയിരിക്കുന്നു.
ധനസമ്പാദനം ഏറെ പുണ്യമുള്ള പ്രവൃത്തിയാണ്. അതിന്റെ വിനിയോഗത്തെ കേന്ദ്രീകരിച്ചാണ് പുണ്യം കണക്കാക്കുന്നത്. അതുകൊണ്ട് കൃത്യമായ ലക്ഷ്യബോധത്തോട് കൂടെയാവണം നമ്മുടെ ധനസമ്പാദന രീതികൾ. ഒരു കുടുംബമെന്ന നിലയിൽ അതിന് സഹായകമാവുന്ന കാര്യങ്ങളൊക്കെയും വരും ലക്കങ്ങളിൽ ചർച്ചയാവാം. ആദ്യം നമ്മുടെ ഉദ്ദേശ്യം നന്നാവണം. ലക്ഷ്യവും. ശേഷമാണല്ലോ മാർഗങ്ങളിലെ ശരി തെറ്റുകളിലേക്ക് പോകേണ്ടത്.

(തുടരും)

സി എം ശഫീഖ് നൂറാനി അസ്സഖാഫി

You must be logged in to post a comment Login