കച്ചവടത്തിലെ മാന്യത

കച്ചവടത്തിലെ മാന്യത

മനുഷ്യന്റെ നിലനില്‍പ്പിനു അനിവാര്യമാണ് കച്ചവടങ്ങള്‍. പരസ്പരം ആവശ്യങ്ങള്‍ അനുവര്‍ത്തിക്കാനുള്ള ഏറ്റവും വലിയ ഉപാധികൂടിയാണിത്. വിശുദ്ധ ഖുര്‍ആനും നബിവചനങ്ങളും ധാരാളം സ്ഥലങ്ങളില്‍ കച്ചവടത്തെയും കച്ചവടക്കാരെയും പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ കച്ചവടത്തില്‍ നിന്നും കിട്ടുന്ന ലാഭത്തെ “ഫള്‌ലുല്ലാഹ് ‘ എന്നാണ് പലയിടത്തും പരിചയപ്പെടുത്തിയത്. അഥവാ അല്ലാഹുവിന്റെ ഔദാര്യം. അല്ലാഹുവിന്റെ ഔദാര്യവും കരുണയും മനുഷ്യന്‍ എപ്പോഴും ആശിക്കുകയും തേടിക്കൊണ്ടിരിക്കുകയും വേണം. ഈ ഔദാര്യങ്ങളില്‍ ഏറ്റവും മികച്ച ഒന്നാണ് കച്ചവടലാഭം എന്ന് ഖുര്‍ആന്‍ അടിവരയിടുന്നു. നബി (സ്വ) കച്ചവടം ചെയ്തു മാതൃകയായതുപോലെത്തന്നെ നൂറുകണക്കിന് സ്വഹാബികളും കച്ചവടക്കാരായിരുന്നു. ഏറ്റവും നല്ല തൊഴില്‍ കച്ചവടമാണെന്നു പല സ്ഥലങ്ങളിലും നബി (സ്വ) പറയുകയുമുണ്ടായി. അറബികള്‍ കച്ചവടക്കാരാകുന്നതുതന്നെ അങ്ങനെയാണ്.

ഇസ്‌ലാമില്‍ കച്ചവടം അനുവദനീയമാകാനും ശ്രേഷ്ഠമായ ആരാധനയാകാനും ഒരു ഉപാധിയുണ്ട്. അത് “മബ്‌റൂര്‍’ ആയിരിക്കണം. അഥവാ വഞ്ചന, ചതി, നിഗൂഢത തുടങ്ങിയവയില്‍ നിന്നും മുക്തമായതും തീര്‍ത്തും ശരീഅത്തിന് അനുകൂലവുമായിരിക്കണം. ആധുനിക ബിസിനസ് വ്യവഹാരങ്ങളിലേക്ക് വരുമ്പോള്‍ ഇസ്‌ലാം വേര്‍പിരിയുന്നത് ഇവിടെയാണ്. നൂറുകണക്കിന് ബിസിനസ് മോഡലുകള്‍ അനുദിനം മുളച്ചുപൊന്തുകയും പലജാതി പേരുകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. മനുഷ്യരുടെ ലാഭക്കൊതിയും പണത്തോടുള്ള ആര്‍ത്തിയും “സമർഥമായി’ ദുരുപയോഗം ചെയ്യുന്ന ഇത്തരം മുഴുവന്‍ വ്യവഹാരങ്ങളോടും ഇസ്‌ലാം അകലം പാലിക്കുന്നു. കാരണം ഇസ്‌ലാമിലെ കച്ചവടം സുതാര്യവും ഇരുപാര്‍ട്ടികള്‍ക്കും ഗുണം പ്രദാനം ചെയ്യുന്നതും കച്ചവട സമയത്തോ അതിനുശേഷമോ ഇരുഭാഗത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപെടാതിരിക്കുന്നതുമാവണം. ഇതിനു വിഘാതമായാണ് ആധുനിക ബിസിനസുകളില്‍ മഹാ ഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത്. ചിലതെല്ലാം നിയമത്തിന്റെ പരിരക്ഷയുള്ളതാണെകില്‍ ചിലതെല്ലാം നാട്ടുകാരെയും നിയമ സംവിധാനത്തെയും വഞ്ചിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ നെറ്റ്്വര്‍ക്ക് മാര്‍ക്കറ്റിംഗിനെ കുറിച്ചാണ് ഈ ലേഖനം.
ഒരുദാഹരണത്തിലൂടെ വിശദീകരിക്കാം. ഞാന്‍ ഒരു ബിസിനസ് തുടങ്ങുന്നു. ആയിരം രൂപയ്ക്ക് ഞങ്ങള്‍ വില്‍ക്കുന്ന സാധനം വാങ്ങുന്ന ഒരാളെ (A എന്നു പേരിടാം) സാധനങ്ങളോടൊപ്പം ഞങ്ങളുടെ ബിസിനസിലെ ഒരു കണ്ണിയാക്കുകയും അഥവാ മെമ്പര്‍ ആക്കുകയും മറ്റു ആളുകളെ ചേര്‍ക്കാനുള്ള അവകാശം നല്‍കുകയും ചെയ്യുന്നു. A പിന്നീട് B, C എന്നീ ആളുകളെ ചേര്‍ക്കുന്നു. ഇതിന് നിശ്ചിത ശതമാനം കമ്മീഷന്‍ അല്ലെങ്കില്‍ ലാഭവിഹിതം അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും പേരില്‍ പണം അക്കൗണ്ടിലേക്ക് വരുന്നു. ഇനി Bയും Cയും പുതുതായി ആളെ ചേര്‍ത്തിയാലും അതിന്റെ കമ്മീഷന്‍/ ലാഭം ഈ രണ്ടു പേര്‍ക്കുമാത്രമല്ല A ക്കുകൂടി ലഭിക്കുന്നു. ഇങ്ങനെ പത്ത്, പതിനെട്ട്, ഇരുപത്തിയഞ്ചു തട്ടുകളിലായി പല കമ്പനികളും പല നിലയ്ക്കും ലാഭവിഹിതം നല്‍കിക്കൊണ്ടിരിക്കുന്നു. ഇതാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന നെറ്റ്്വര്‍ക്ക് മാർക്കറ്റിംഗിന്റെ ഏറ്റവും ലളിതമായ മാതൃക. ഇവിടെ A ആയിരം രൂപ മാത്രമാണ് മുടക്കിയത്. പിന്നീട് രണ്ടാളുകളെ കമ്പനിക്ക് പിടിച്ചുകൊടുത്തു. പക്ഷേ പ്രതിഫലമോ, ലക്ഷക്കണക്കിന് രൂപ അക്കൗണ്ടിലേക്കെത്തുന്നു!

ഇതിന്റെ ഇസ്‌ലാമികവശം ചര്‍ച്ച ചെയ്യുന്നതിനുമുമ്പ് മറ്റൊരുകാര്യം ശ്രദ്ധിക്കാം. ഒരു രാജ്യത്ത് ആകെ നൂറാളുകളേയുള്ളൂ എന്ന് നാം സങ്കല്‍പ്പിക്കുന്നു. നെറ്റ്്വര്‍ക്ക് മാര്‍ക്കറ്റിംഗ് രണ്ടാള്‍ തുടങ്ങി. അവര്‍ മൂന്നാളുകളെ വീതം ചേര്‍ത്തി (മൊത്തം എട്ട് ആളുകള്‍ ബിസിനസില്‍) . ഇവര്‍ മറ്റു മൂന്നാളുകളെ വീതം ചേര്‍ക്കുന്നു. അഥവാ ആറുപേര്‍ മൂന്നാളുകളെ വീതം പതിനെട്ടു പേരെ ചേര്‍ത്തുന്നു. ഈ പതിനെട്ട് പേര് മൂന്നാളുകളെ വീതം ചേര്‍ത്തിയാല്‍ അമ്പത്തിനാലുപേര്‍ ബിസിനസില്‍ എത്തുന്നു. മൊത്തം ആ രാജ്യത്തെ എണ്‍പതുപേര്‍ ഇപ്പോള്‍ ബിസിനസില്‍ ചേര്‍ന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ അവസാനം മെമ്പര്‍മാരായ അമ്പതിനാലു പേര്‍ക്ക് ഇനി ചേർക്കാൻ ആ നാട്ടില്‍ ആളില്ലാതെ വരുന്നു. ഫലത്തില്‍ ആദ്യം മെമ്പര്‍മായവരും ബിസിനസ് തുടങ്ങിയവരും വാന്‍ ലാഭം കൊയ്യുമ്പോള്‍ ഒരു വലിയ സമൂഹം കബളിപ്പിക്കപ്പെടുന്നു. ഇതിനു മറുപടിയായി പറയപ്പെടാറുള്ളത്, കുറച്ചുഘട്ടങ്ങള്‍ മുന്നോട്ടുപോയാല്‍ ആദ്യത്തെ ആളുകള്‍ പുറത്തുപോകുമെന്നും അവര്‍ വീണ്ടും വന്ന് പ്രൈമറി മെമ്പര്‍മാരാകുമെന്നുമാണ്. പക്ഷേ അമ്പതിനാല് ആളുകള്‍ക്ക് കേവലം ഒന്നോ രണ്ടോ ആളുകള്‍ മാത്രമാണ് പുറത്തുപോകുക. ഇതൊരിക്കലും അനുപാതം ഒക്കുന്നതല്ലെന്നു വ്യക്തമാണല്ലോ. ഈ വസ്തുതയാണ് ലോകത്തുള്ള മുഴുവന്‍ നെറ്റ്്വര്‍ക്ക് ബിസിനസുകളും പൊളിഞ്ഞുപോകാനുള്ള പ്രധാനകാരണം.

ഇത്തരം ബിസിനസുകളെക്കുറിച്ച് പഠനം നടത്തിയ ധാരാളം റിപ്പോര്‍ട്ടുകളുണ്ട്. ഇവയൊക്കെ പറയുന്നത് 99 ശതമാനം മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളും പരാജയപ്പെട്ടിരിക്കുന്നുവെന്നാണ്. ഇതിന്റെ അടിസ്ഥാന കാരണവും നേരത്തെ പറഞ്ഞതാണ്. ഒരു നിശ്ചിതഘട്ടം കഴിയുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ ചേരാതിരിക്കുകയോ ചേരാന്‍ ആളുകള്‍ ഇല്ലാതിരിക്കുകയോ ചെയ്യുമ്പോള്‍ അതോടെ നിശ്ചലമാകുന്നു. അവ പൂട്ടിപ്പോകേണ്ടിവരുന്നു. അവസാനം ചേര്‍ന്ന ആളുകള്‍ കബളിപ്പിക്കപ്പെടുന്നു.

ഇപ്പറഞ്ഞത് നെറ്റ്്വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന പേരില്‍ വിഹരിക്കുന്ന കമ്പനികളില്‍ വളരെ ലളിതമായതിന്റെയും ഏറെക്കുറെ സത്യസന്ധമായതിന്റെയും സ്വഭാവമാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. അഥവാ ഇത്തരം കച്ചവടം തന്നെ വിജയപ്രദമല്ലെന്നർഥം. എന്നാല്‍ ഇതിന്റെ മറവില്‍ ധാരാളം പുതിയ മോഡലുകള്‍ ഇന്ന് നിലവിലുണ്ട്. വ്യാജവും ആളുകളെ കബളിപ്പിക്കുന്നതുമാണവ. ഉദാഹരണമായി ഒരു ബിസിനസ് തുടങ്ങി. എന്താണ് ബിസിനസെന്നു പൂര്‍ണമായും വ്യക്തമാക്കില്ല. രണ്ടാളുകളില്‍ നിന്നും അയാൾ ആയിരം രൂപ സ്വീകരിച്ചു. അയാൾക്ക് രണ്ടായിരം കിട്ടി. എല്ലാ ദിവസവും അയാൾ അമ്പതു രൂപ ഇവര്‍ക്ക് ലാഭം നല്‍കും. ഈ രണ്ടു പേര് മറ്റു രണ്ടുപേരെ ചേര്‍ക്കുന്നു. ഇപ്പോള്‍ ആദ്യത്തെയാൾക്ക് നാലായിരം രൂപ അധികം കിട്ടി. ഇതിന്റെ റിട്ടേണ്‍ ആയി ഈ ആറു പേര്‍ക്കും അമ്പതു രൂപ വീതം നല്‍കേണ്ടി വരുന്നു. ഇവര്‍ വീണ്ടും ചേര്‍ക്കുന്നു. ആദ്യത്തെയാൾക്ക് ആയിരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. അയാൾ ചെറിയൊരു എമൗണ്ട് അവര്‍ക്ക് ലാഭമെന്ന നിലയില്‍ തിരിച്ചുനല്കിക്കൊണ്ടിരിക്കുന്നു. ഇവിടെ അയാളുടെ കയ്യില്‍ കിട്ടുന്ന പണവും അയാൾ നല്‍കേണ്ട പണവും തമ്മിലുള്ള അന്തരമൊന്നു ചിന്തിച്ചു നോക്കൂ. അയാൾ കച്ചവടം ചെയ്തില്ലെങ്കിലും ചെയ്താലും പുതിയ ആളുകള്‍ വരുന്നതുകൊണ്ട് അയാളുടെ കയ്യിലേക്ക് പണം വരുന്നു. വളരെ ചെറിയ തുക മാത്രം തിരിച്ചുകൊടുക്കേണ്ടിയും വരുന്നു. അവസാനം ആളുകള്‍ ചേരാതെ വരുമ്പോള്‍ ലക്ഷക്കണക്കിന് പാവങ്ങള്‍ കബളിപ്പിക്കപ്പെടുന്നു. എന്നാല്‍ ആദ്യം ചേര്‍ന്നവരാവട്ടെ കോടീശ്വരന്മാരാകുകയും ചെയ്യുന്നു.

കച്ചവടം എന്ന പേര് പോലും പ്രയോഗിക്കാതെ തീര്‍ത്തും പരസ്പര സഹകരണം എന്ന വ്യാജേന വിഹരിക്കുന്നവരുമുണ്ട്. അഥവാ ഒരാൾ തുടങ്ങുന്നു. രണ്ടാളുകള്‍ പണം നൽകി ചേരുന്നു. അവര്‍ വീണ്ടും ചേര്‍ക്കുന്നു. ഓരോരുത്തരും ചേരുന്നതിനനുസരിച്ച് മേലെ തട്ടുകളിലുള്ളവര്‍ക്ക് നിശ്ചിത ശതമാനം പണം വന്നുകൊണ്ടിരിക്കുന്നു. ഓരോരുത്തരും കുറഞ്ഞ പണം കൊണ്ട് മുതലാളിമാരാകുമെന്ന വിചാരമാണ് ഇതിന്റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാൽ ഇതെല്ലാം ലോട്ടറി പോലെ ചൂതാട്ടവും വഞ്ചനയും മാത്രമാണ്. താഴേത്തട്ടില്‍ കുടുങ്ങുന്ന പതിനായിരങ്ങളുടെ പണമാണ് മേലേത്തട്ടിലുള്ളവരുടെ പോക്കറ്റിലുള്ളത്. മറ്റുള്ളവരുടെ പണം ലോട്ടറിയിലൂടെ നമ്മുടെ കീശയിലെത്തുന്നതുപോലെ ഇത് വഞ്ചിച്ച് കീശയിലെത്തിക്കുന്നു.

ഇത്തരം എല്ലാ കച്ചവടങ്ങളും ഇസ്‌ലാമികവിധി പ്രകാരം നിഷിദ്ധമാണ്. അതിനു മേല്‍പറഞ്ഞ കാരണങ്ങള്‍ മാത്രമല്ല ഉള്ളത്. ഉപാധിവെക്കുന്ന കച്ചവടം അനുവദനീയമല്ലെന്നാണ് ഇസ്‌ലാമിക നിഷ്കർഷ. കച്ചവടം നടക്കുകയും വിലയും സാധനവും കൈമാറുകയും ചെയ്താല്‍ വാങ്ങിയവനും വിറ്റവനും തമ്മിലുള്ള ബന്ധം അവിടെ അവസാനിക്കണം. പിന്നീടും പരസ്പരം ബന്ധനമുണ്ടാക്കുന്ന ഉപാധികള്‍ ഒരു നിലക്കും ഇസ്‌ലാം അംഗീകരിക്കുന്നില്ല. എന്നാല്‍ നെറ്റ്്വര്‍ക്ക് മാര്‍ക്കറ്റിംഗ് (മറ്റെല്ലാ വഞ്ചനകളില്‍നിന്നും മുക്തമായാല്‍ പോലും) ഈ നിയമം ലംഘിക്കുന്നു. ആയിരം രൂപയ്ക്ക് സാധനം വാങ്ങുന്നത് ചില ഉപാധികളോടു കൂടിയാണല്ലോ. അതുകൊണ്ടുതന്നെ ആ കച്ചവടവും ആ ഉപാധിയും ശരിയല്ല. അങ്ങനെ കിട്ടുന്ന എല്ലാ പണവും ഹറാമാണ് താനും. ഞാന്‍ ഒരാളെ ചേര്‍ത്തിയതിനുശേഷം ഒരധ്വാനവുമില്ലാതെ മറ്റാരോ ചേര്‍ത്തുന്നതിനനുസരിച്ച് എന്റെ അക്കൗണ്ടിലേക്ക് പണം വരുന്നതും ഇസ്‌ലാം അനുവദിച്ച കമ്മീഷന്‍ വ്യവസ്ഥിതിയില്‍ പെടുന്നില്ല. മാത്രവുമല്ല, വാടക, കൂലി, കമ്മീഷന്‍ തുടങ്ങിയവയ്ക്കെല്ലാം ഇസ്‌ലാം മുന്നോട്ടുവെച്ച ഉപാധികളില്‍ പലതും ലംഘിച്ചോ പൂര്‍ത്തീകരിക്കാതെയോ ആണ് ഇവയെല്ലാം നടക്കുന്നത്. ചില കമ്പനികളൊക്കെ എന്ത് ബിസിനസാണ് നടത്തുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഹറാമാണോ, ഹലാലാണോ, അതോ ഒന്നും നടത്തുന്നില്ലേ എന്നൊന്നും അറിയില്ല. കൂടാതെ ലാഭം സുനിശ്ചിതമാണ് താനും. ഒട്ടുമിക്ക കമ്പനികളും ഒരു വര്‍ഷംകൊണ്ട് നിക്ഷേപത്തിന്റെ ഇരട്ടി ലാഭം നല്‍കുന്നുണ്ട്. ലോകം ഇത്രയും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ മുന്നോട്ടുപോകുമ്പോള്‍ ഇത്രയും ലാഭംകിട്ടുന്ന എന്തു ബിസിനസാണ് ഇവര്‍ നടത്തുന്നതെന്ന് നിക്ഷേപകർക്കെങ്കിലും അറിയാൻ അവകാശമുണ്ടല്ലോ. പക്ഷേ ഉത്തരം ഒന്നേയുണ്ടാകൂ; പുതുതായി ചേരുന്നവരുടെ പണം വിതരണം ചെയ്യുന്നുവെന്നല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. കൂടാതെ മുടക്കുമുതലിന്റെ നിശ്ചിത ശതമാനം ലാഭം തരാമെന്ന വാഗ്ദാനവുമുണ്ട്. ഇതെല്ലം ഇസ്‌ലാം പ്രകാരം കടുത്ത തെറ്റാണ്. എന്നുമാത്രമല്ല, ചേര്‍ന്ന ഒരാള്‍ക്കും പൂര്‍ണമായും വിവരങ്ങള്‍ അറിയില്ല എന്നതാണ് നേര്. അഥവാ നിഗൂഢതകള്‍ പേറുന്ന കച്ചവടമാണെന്നു സാരം.
ഒരു നിയമസംഹിത നിലനില്‍ക്കുന്ന രാഷ്ട്രത്തില്‍/ രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവരെന്ന നിലയില്‍ ഇത്തരം ബിസിനസ് അവസരങ്ങള്‍ മുന്നിലേക്കു വരുമ്പോള്‍ മറ്റു ധാരാളം കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും പരമപ്രധാനം ഈ കമ്പനി ബിസിനസ് നടത്തുന്നുണ്ടെന്നും അതെല്ലാം നിയമപരമായി അംഗീകരിക്കപ്പെട്ടതാണെന്നും ഉറപ്പുവരുത്തണം. കമ്പനിക്ക് ഒരു ഉത്പന്നം/ സര്‍വീസ് ഉണ്ടെന്നും ഉറപ്പാക്കണം. ഇനി പണമടച്ചാല്‍ നമുക്കുതന്നെ സാധനങ്ങള്‍ തരുന്ന കമ്പനിയാണെങ്കില്‍ ആ സാധനത്തിന്റെ മാര്‍ക്കറ്റ് വില തീര്‍ച്ചയായും നാം അറിഞ്ഞിരിക്കണം. കൂടാതെ അതിന്റെ ക്വാളിറ്റിയും നിരീക്ഷിക്കണം. അയ്യായിരം രൂപയുടെ വാച്ചിന് രണ്ടുലക്ഷം രൂപ വരെ വിലയിടുന്ന പ്രവണത നിത്യമാണ് ഇത്തരം മേഖലകളില്‍. ഈ കമ്പനി രജിസ്റ്റര്‍ ചെയ്ത കമ്പനിയാണെന്ന് ഉറപ്പുവരുത്തണം. കമ്പനിക്ക് ഒരു ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും നിജപ്പെടുത്തണം. കമ്പനി കൃത്യമായി ടാക്‌സ് കൊടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. കൂടാതെ റീഫണ്ട് പോളിസിയെക്കുറിച്ച് വ്യക്തമായ നിയമങ്ങള്‍ കമ്പനിക്കുണ്ടാവുകയും അവ മര്യാദക്ക് പാലിക്കപ്പെടാറുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. മഹാ ഭൂരിപക്ഷം കമ്പനികളും ഇവ്വിഷയത്തില്‍ വളരെ പിന്നിലാണ്. കൂടാതെ ഏറ്റവും ചുരുങ്ങിയത് കമ്പനിക്ക് ഒരു ഓഫീസ് ഉണ്ടെന്ന് ഉറപ്പാക്കണം. എന്നാല്‍ ഇവയൊന്നും വേണ്ടത്ര അറിയാതെയാണ് പലരും കുരുക്കില്‍ ചാടുന്നത്.
ഒരുകാര്യം പ്രത്യേകം മനസിലാക്കേണ്ടത്, വഞ്ചിക്കപ്പെട്ടാല്‍ കോടതിയില്‍ പോകാമെന്ന കാര്യം തീര്‍ത്തും വ്യാമോഹം മാത്രമാണെന്നാണ്. കോടികള്‍ കൊണ്ട് കീശ വീര്‍ത്തവരുമായാണ് നമ്മള്‍ ഏറ്റുമുട്ടുക. നമ്മെ സംബന്ധിച്ചിടത്തോളം അത് അപ്രാപ്യമായിരിക്കും. അതിലുപരി മിക്കയാളുകളും ചേരുന്നത് സ്വന്തം കുടുംബക്കാരുടെയോ അടുത്തയാളുകളുടെയോ സുഹൃത്തുക്കളുടെയോ നിര്‍ബന്ധത്തിലാകും. നമ്മെപ്പോലെ അവരും കുടുങ്ങിയിരിപ്പാകും എന്നുമാത്രമല്ല, കേസ് കൊടുത്താല്‍ ആദ്യം കുടുങ്ങുക അദ്ദേഹവുമായിരിക്കും. ഇത്തരം പല കാരണങ്ങളാല്‍ ആരും കേസിന് പോകാറില്ലെന്നതാണ് നേര്. പക്ഷേ ഇതൊന്നും അല്ലാഹുവിന്റെ കോടതിയില്‍ രക്ഷപ്പെടാനുള്ള വഴികളല്ല.
ഒരു മുസ്‌ലിം ഇത്തരം കച്ചവടങ്ങള്‍ക്കു പിന്നാലെ പോകുകയല്ല വേണ്ടത്. ഹലാലാണെന്നു വ്യക്തമായ കച്ചവടങ്ങള്‍ മാത്രമേ അവന്‍ തിരഞ്ഞെടുക്കാവൂ. എന്നിട്ട് മാന്യമായി കച്ചവടം നടത്തണം. അത്തരം ബിസിനസുകാര്‍ മാത്രമാണ് വിജയിച്ചത്. ലോകത്തിന്റെ ചരിത്രവും അതാണ്. അധ്വാനിക്കാതെ എളുപ്പവഴി കണ്ടെത്തുന്നവര്‍ എവിടെയെങ്കിലും കുടുങ്ങുമെന്നുറപ്പാണ്. ലോകം അധ്വാനിക്കുന്നവരോടൊപ്പമാണ്- ഇസ്‌ലാമും.

ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login