ലാഭമോഹങ്ങളുടെ ആഴക്കുഴിയിൽ മലയാളിജീവിതം

ലാഭമോഹങ്ങളുടെ ആഴക്കുഴിയിൽ മലയാളിജീവിതം

സ്വര്‍ഗത്തിലുള്ളവര്‍ ആര്‍പ്പുവിളികളും ആനന്ദവും പാട്ടും നൃത്തവും കേട്ട് നരകത്തിലേക്ക് ആകൃഷ്ടരാകുന്നൊരു കഥയുണ്ട്. ബഹളവും സന്തോഷവും അര്‍മാദവും കണ്ട് എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാന്‍ പോകുന്ന ഓരോരുത്തരും നരകത്തിലെത്തിയപ്പോള്‍ കാണുന്നത് കത്തിക്കാളുന്ന തീയാണ്. പെട്ടുപോയവര്‍, പാട്ടും ബഹളവും നൃത്തവും എവിടെ എന്നന്വേഷിക്കുമ്പോള്‍ ലഭിക്കുന്ന മറുപടി, അത് ഞങ്ങളുടെ “ഡെമോ’ പരിപാടി ആയിരുന്നു എന്നാണ്.
സമീപകാലത്ത് കേരളത്തില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ ചില കമ്പനികളുടെ ബിസിനസ് രീതികള്‍ ഏതാണ്ടിതു പോലെയാണ്. ഈയിടെ ഏറ്റവും കൂടുതല്‍ പേര്‍ വഞ്ചിക്കപ്പെട്ടതായി പരാതി ഉയര്‍ന്ന കമ്പനികളിലൊന്നാണ് ക്യു നെറ്റ് എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ ഡയറക്ട് സെല്ലിംഗ് കമ്പനി.

കമ്പനി വെബ്‌സൈറ്റ് പ്രകാരം ഹോങ്കോങ് ആണ് ആസ്ഥാനം. ഏഷ്യയിലെ മുന്‍നിര ഇ-കൊമേഴ്‌സ് അധിഷ്ഠിത ഡയറക്ട് സെല്ലിംഗ് കമ്പനിയാണ് ക്യു നെറ്റ്. ക്യു ഐ ഗ്രൂപ്പ് കമ്പനികളുടെ സബ്‌സിഡിയറി കമ്പനിയാണ് ക്യുനെറ്റ്. സബ്‌സിഡിയറി, ബ്രാഞ്ച് ഓഫീസ്, ഏജന്‍സി പാര്‍ട്‌ണേഴ്‌സ്, ഫ്രാഞ്ചൈസി എന്നീ നിലകളില്‍ 25 രാജ്യങ്ങളില്‍ കമ്പനിയുടെ സാന്നിധ്യമുണ്ടത്രെ. ബാംഗ്ലൂര്‍ ആസ്ഥാനമായ വിഹാന്‍ ഡയറക്ട് സെല്ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സബ്- ഫ്രാഞ്ചൈസിയാണ് ഇന്ത്യയില്‍ ക്യു നെറ്റ് ബിസിനസ് നടത്തുന്നത്.

ഹോം ലിവിംഗ്, ഹെല്‍ത്ത് ആന്റ് വെല്‍നെസ്, പേഴ്‌സണല്‍ കെയര്‍ ആന്റ് ബ്യൂട്ടി, വാച്ചസ് ആന്റ് ജ്വല്ലറി വിഭാഗങ്ങളിലായി നാനൂറോളം ഉല്‍പന്നങ്ങളാണ് കമ്പനി ഇന്ത്യയില്‍ വിപണനം നടത്തുന്നത്. ഹോട്ടല്‍ ബുക്കിംഗ്, റെന്റ് എ കാര്‍ തുടങ്ങി സേവനങ്ങള്‍ നല്‍കുന്ന ട്രിപ്പ് സേവര്‍ പോലുള്ള സോഫ്റ്റ് വെയറുകളും ഇവര്‍ പ്രദാനം നൽകുന്നുണ്ട്. സ്വന്തം ഉല്‍പന്നങ്ങളും പേറ്റന്റ് എടുത്ത ഉല്‍പന്നങ്ങളും കമ്പനിയുടേതായുണ്ട്.

അത്ഭുതപ്പെടുത്തുന്ന വിലയാണ് ഓരോ ഉല്പന്നങ്ങള്‍ക്കും എന്നതാണ് ക്യുനെറ്റ് ഉപഭോക്താക്കള്‍ക്കു നല്‍കുന്ന എക്‌സ്്ക്ലുസിവ് ഓഫര്‍. ഡയറക്ട് സെല്ലിംഗ് കമ്പനിയുടെ ഡിസ്ട്രിബ്യൂട്ടര്‍, അല്ലെങ്കില്‍ ഫ്രാഞ്ചൈസി എടുക്കുന്നതോടെ ഒരാള്‍ക്ക് കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനായി സ്വന്തമാക്കി വില്‍ക്കാന്‍ കഴിയും.
മിനിമം ഒരു ട്രാക്കിംഗ് സെന്റര്‍ (ടി.സി) എടുത്താണ് കമ്പനിയുടെ ഫ്രാഞ്ചൈസി എടുത്ത് ഡിസ്ട്രിബ്യൂട്ടര്‍ ആകാന്‍ സാധിക്കുക. ഒരു ടി സിക്ക് ശരാശരി 60,000 രൂപയാണ് നിക്ഷേപിക്കേണ്ടത് എന്നാണ് ലഭ്യമായ വിവരം. മിനിമം മൂന്നു ടി. സി എങ്കിലും വാങ്ങിയാലേ സാമാന്യം ഭേദപ്പെട്ട ബിസിനസ് നടക്കൂവത്രേ. കൂടുതല്‍ പേരും നാലു ലക്ഷത്തിനു മേല്‍ മുടക്കി ഏഴു ടി.സിയാണ് വാങ്ങാറുള്ളത്. ഇങ്ങനെ ഡിസ്ട്രിബ്യൂഷന്‍ എടുത്തവര്‍ ക്യു നെറ്റ് ഐ.ആര്‍ (ഇന്റിപെന്റന്‍ഡ് റപ്രസന്റേറ്റീവ്) എന്നാണ് അറിയപ്പെടുക.

ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തിയ ശേഷം ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെയുള്ള വേറിട്ട ഉല്‍പന്നങ്ങളാണ് നല്‍കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നേരിട്ട് വില്‍പന നടത്തുന്നതിലൂടെ (ഡയറക്ട് സെല്ലിംഗ്) മറ്റാരെയും ആശ്രയിക്കാതെ ഓരോരുത്തര്‍ക്കും സ്വന്തമായ ബിസിനസ് ലോകം കെട്ടിപ്പടുക്കാനാകും. ഇതിനായി ഒരു ടീമിനെ രൂപപ്പെടുത്താനും വില്പന നടത്താനും കമ്പനി എല്ലാവിധ ക്രിയാത്മക സഹായവും പരിശീലനവും വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യു നെറ്റ് നല്‍കുന്ന “കോഡ് ഓഫ് എത്തിക്‌സ്’ വായിച്ചു പഠിച്ച് അതിനനുസരിച്ചാണ് ബിസിനസ് ചെയ്യേണ്ടത്. ഉയര്‍ന്ന മൂല്യവും തത്വവും അനുസരിച്ചേ ടീം പ്രവര്‍ത്തിക്കാവൂ എന്നും ക്യുനെറ്റ് ഐ.ആര്‍മാരെ പഠിപ്പിക്കുന്നുണ്ട്. നെറ്റ്്വര്‍ക്ക് രൂപപ്പെടുത്താനും നിലനിര്‍ത്താനുമുള്ള പ്രായോഗിക പരിശീലനങ്ങളും വില്‍പന മന്ത്രങ്ങളും ക്യുനെറ്റ് നല്‍കിവരുന്നു.

2018ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഡയറക്ട് സെല്ലിംഗ് ഗൈഡ്‌ലൈന്‍ അനുസരിച്ചാണ് കമ്പനി മുന്നോട്ടുപോകുന്നതെന്ന് ക്യു നെറ്റ് സമീപകാലത്ത് പത്രപരസ്യം നല്‍കിയിരുന്നു. അമിത വില ഈടാക്കുന്നില്ലെന്നും ഉയര്‍ന്ന മൂല്യമുള്ള അതുല്യമായ ഉല്‍പന്നങ്ങളാണ് വില്‍ക്കുന്നതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മോഹങ്ങള്‍ വില്‍പന നടത്തുന്നു
മുകളില്‍ പറഞ്ഞത് കമ്പനിയുടെ രേഖാപരമായ പ്രവര്‍ത്തനവും വാഗ്ദാനങ്ങളുമാണ്. പ്രായോഗികമായി ക്യുനെറ്റ് അതിന്റെ നെറ്റ്്വര്‍ക്കും നിക്ഷേപവും വികസിപ്പിക്കുന്നത് വ്യത്യസ്ത വഴിയിലാണെന്നതാണ് യാഥാർത്ഥ്യം. മോഹന വാഗ്ദാനങ്ങള്‍ നല്‍കിയും വൈകാരികത വിറ്റു കാശാക്കിയുമാണ് വല വികസിപ്പിക്കുന്നത്.
കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടോ വരുമാനം കുറഞ്ഞോ മനുഷ്യര്‍ ആശങ്കയിലായ കാലത്താണ് ക്യുനെറ്റ് അതിവേഗം വല വികസിപ്പിച്ചത്. ഉയര്‍ന്ന ലാഭവും സാമ്പത്തിക സ്വാതന്ത്ര്യവും വിനോദാവസരവും തുടങ്ങി ആളുകളെ ആകര്‍ഷിക്കാവുന്ന വാഗ്ദാനങ്ങളാണ് ക്യു നെറ്റ് ലീഡര്‍മാര്‍, അഥവാ “അപ്ലൈനുകള്‍’ നല്‍കുന്നത്. ശരാശരി മൂന്നു ലക്ഷം മുതല്‍ 12 ലക്ഷം വരെ നിക്ഷേപിച്ചവരാണ് മലയാളികളിലേറെയും.

കമ്പനിയുടെ പ്രതിനിധികളായെത്തുന്ന സീനിയര്‍മാരുടെ ജീവിത രീതിയും സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും അത്യാകര്‍ഷകങ്ങളാകും. ശരാശരി മലയാളികളായി ജീവിച്ചിരുന്നവരില്‍, ക്യു നെറ്റ് ബിസിനസ് ചെയ്യുന്നതോടെ അത്ഭുതപ്പെടുത്തുന്ന രൂപമാറ്റം (ട്രാന്‍സ്‌ഫോര്‍മേഷന്‍) സംഭവിക്കുന്നു.
വില കൂടിയ ബ്രാന്റ് കാറുകളും ലാപ്‌ടോപ്പുകളും മുന്തിയ വാച്ചും ഹൈ ഫൈ ഡ്രസ് കോഡുകളുമായി അവരുടെ പ്രൊഫൈല്‍ ഫോട്ടോകള്‍ നിറയും. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും എയര്‍പോര്‍ട്ടുകളിലുമുള്ള സ്റ്റാറ്റസ് ഫോട്ടോകളും സ്റ്റോറികളും മാറി മാറി വരും. സെറ്റപ്പ് ആകെ മാറുന്നതോടെ പുതിയ ഇരകളെ അതിവേഗം വീഴ്ത്താനുള്ള പശ്ചാത്തല സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാവുകയായി.

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍
കമ്പനിയുടെ ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ അതിവിശാലമായ ഡാറ്റാ ബേസിലൂടെ വില്‍പന നടത്തുകയാണ് ക്യുനെറ്റ് ഐ ആര്‍ (ഡിസ്ട്രിബ്യൂട്ടര്‍) ചെയ്യേണ്ടത്. അതിനായി ഓരോരുത്തരും സ്വന്തമായി നെറ്റ്്വര്‍ക്ക് രൂപപ്പെടുത്തണം. കമ്പനിയില്‍ നിക്ഷേപിക്കുന്ന തുകയുടെ മൂല്യത്തിനനുസരിച്ച് ഉല്‍പന്നങ്ങള്‍ ലഭിക്കും. ഉയര്‍ന്ന വിലയുള്ള തുച്ഛമായ എണ്ണം ഉല്പന്നങ്ങളാണ് ഡിസ്ട്രിബ്യൂഷന്‍ എടുത്തവര്‍ക്ക് ഓണ്‍ലൈനായി കിട്ടിയിട്ടുള്ളത്.

ഒന്നര ലക്ഷം മുതല്‍ 3,27,000 രൂപ വരെ വിലയുള്ള വാച്ചുകളാണ് കമ്പനി നല്‍കുന്നത്. എയര്‍ പ്യൂരിഫയറിന് വില 69,950 രൂപയും പ്രോട്ടീന്‍ പൗഡറിന് 2450 രൂപയും ചായപ്പൊടിക്ക് ഏതാണ്ട് ഇതേ വിലയും ആണ് ഈടാക്കുന്നത്. ഉല്‍പന്നങ്ങള്‍ നേരിട്ടു വില്‍പന നടത്തുകയാണ് വേണ്ടതെന്നു പറഞ്ഞുവല്ലോ. കേട്ടാല്‍ വിശ്വാസം വരാത്ത വിലയാണ് കമ്പനി ഈടാക്കുന്നത് എന്ന് അവരുടെ പ്രൈസ് ലിസ്റ്റില്‍ തന്നെ പറയുന്നുണ്ട്.

ക്യു നെറ്റ് ഉല്‍പന്നങ്ങള്‍ കേരളത്തില്‍ എത്ര പേര്‍ക്കു വാങ്ങാന്‍ കഴിയുമെന്ന ചോദ്യത്തിനു മുന്നില്‍ താടിക്കു കൈയും കൊടുത്തു തരിച്ചിരിക്കാനേ കമ്പനി ഐ.ആര്‍മാര്‍ക്കു കഴിയൂ. ഉല്‍പന്നങ്ങള്‍ വിറ്റു ബിസിനസ് വികസിപ്പിക്കാന്‍ സാധിക്കില്ലെന്നു തിരിച്ചറിയുന്നതോടെ നെറ്റ്്‌വര്‍ക്ക് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുകയായി. സ്വാഭാവികമായി മുടക്കിയ ലക്ഷങ്ങള്‍ തിരിച്ചുപിടിക്കാനുള്ള മാര്‍ഗങ്ങളിലേക്ക് ഇറങ്ങാന്‍ അവര്‍ നിര്‍ബന്ധിതരാവുകയാണ്. അവിടെയാണ് കമ്പനിയുടെ അപ്ലൈന്‍മാരും സീനിയര്‍മാരും ഇതുവരെ അവതരിപ്പിക്കാത്ത പുതിയ വഴികള്‍ പരിചയപ്പെടുത്തുന്നത്. ഇരകളാക്കപ്പെട്ടവര്‍ പുതിയ ഇരകള്‍ക്കായി വലയൊരുക്കാന്‍ തുടങ്ങുകയായി. ഇതിനായി ഫോം (FORM- കുടുംബം, തൊഴില്‍, വിനോദം, പണം) പോലുള്ള സവിശേഷമായ പരിശീലനങ്ങളും സൂത്രവാക്യങ്ങളും ഓരോരുത്തര്‍ക്കും നല്‍കുന്നുണ്ട്. കമ്പനിയുടെ സീനിയര്‍മാരുടെ നേതൃത്വത്തിലുള്ള അഭിമുഖങ്ങള്‍ രംഗത്തിന്റെ ആംപിയന്‍സ് കൂട്ടാനും വിശ്വാസം വര്‍ധിപ്പിക്കാനുമുള്ള നാടകങ്ങളിലൊന്നാണ്. ക്യുനെറ്റ് സൈറ്റിലൂടെയാണ് മറ്റു നടപടിക്രമങ്ങളെല്ലാം. സൂം പ്ലാറ്റ് ഫോം വഴിയും ഓഫ്്‌ലൈനായും ബിസിനസ് സെമിനാറുകള്‍ നിരവധിയുണ്ടാകും.

പരിചയവും സൗഹൃദവും അടുപ്പവും ഉള്ളവരിലൂടെയാണ് ക്യുനെറ്റ് വലക്കണ്ണികള്‍ നെയ്‌തെടുക്കുന്നത്. നമുക്ക് ദീര്‍ഘകാലം പരിചയവും അടുപ്പവുമുള്ളവര്‍ വളരെ ഗൗരവത്തോടെയും തങ്ങളുടെ ഉയര്‍ച്ചയില്‍ അതീവ താല്‍പര്യത്തോടെയും കരുതലോടെയും ഒരു അവസരം മുന്നില്‍ വെക്കുമ്പോള്‍ ആരാണ് അത് തട്ടിക്കളയുക?
ഏറെ താല്പര്യത്തോടെയും ഗുണകാംക്ഷയോടെയുമാണ് താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ച, അഥവാ പുതിയൊരു ബിസിനസ് അവസരം, മറ്റൊരാള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. സ്വാഭാവികമായും അതേക്കുറിച്ച് അധികം അന്വേഷിക്കേണ്ടാത്ത ഒരു മാനസികാവസ്ഥയും സാഹചര്യവും ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുകയാണ്. വൈകാരിക അടുപ്പം (സെന്റിമെന്റല്‍ അറ്റാച്ച്‌മെന്റ്) പച്ചയ്ക്കു വില്‍പന നടത്തുകയായിരുന്നു എന്ന് ഏറെ വൈകിയാണ് ഓരോരുത്തരും തിരിച്ചറിയുന്നത്.

ഫ്രാഞ്ചൈസി എടുക്കാം, ഡിസ്ട്രിബ്യൂട്ടര്‍ ആകാം എന്നു തുടങ്ങി നല്‍കപ്പെടുന്ന സുന്ദരമായ വാഗ്ദാനങ്ങള്‍ ഒക്കെ വെറും വാക്കു മാത്രമായിരുന്നു എന്ന് അകത്തു കടന്നാലാണ് ബോധ്യമാകുന്നത്. അസാധ്യമായ വിലയുള്ള ഉല്പന്നം വില്‍പന നടത്തുക അപ്രായോഗികമാണെന്നും ഡിസ്ട്രിബ്യൂഷനും ഫ്രാഞ്ചൈസിയും കമ്പനിയുടെ രേഖകളില്‍ ഇല്ലാത്ത പരിപാടിയാണെന്നും അറിയാന്‍ വൈകും.
നമ്മുടെ ഏറ്റവും അടുത്തയാളെ ഇതേ തന്ത്രം ഉപയോഗിച്ച് നെറ്റ്്‌വര്‍ക്കില്‍ പെടുത്താനുള്ള “ദൗത്യ’ത്തിന് ഇവിടെയാണ് തുടക്കം കുറിക്കപ്പെടുന്നത്. ബന്ധങ്ങളും സൗഹൃദങ്ങളും നീതി ബോധവും ധാര്‍മിക മൂല്യങ്ങളും മറന്നിട്ടു മാത്രമേ ഇവിടെ നിന്നു മുന്നോട്ടു നീങ്ങാന്‍ കഴിയൂ.

ഈ ഘട്ടത്തില്‍ രണ്ടു വഴികള്‍ മാത്രമേ ഓരോരുത്തരുടെയും മുമ്പിലുള്ളൂ. പുതിയ ഇരകളെ ചേര്‍ത്ത് അതുവഴി കിട്ടുന്ന കമ്മിഷനില്‍ നിന്ന് എത്രയും വേഗം അവര്‍ മുടക്കിയ പണം തിരിച്ചുപിടിക്കുക. അല്ലെങ്കില്‍ മുതല്‍മുടക്കിയ ലക്ഷങ്ങള്‍ക്കു പകരം ലഭിച്ച “അമൂല്യ വസ്തുക്കളുടെ’ ഭംഗിയും പ്രൗഢിയും ആസ്വദിച്ച് നിര്‍വികാരനായി കഴിയുക.

തന്റെ സ്വന്തക്കാരനെ കൂടി വഞ്ചിക്കാനുള്ള മനസ്ഥൈര്യം ഇല്ലാത്തവര്‍ വ്യക്തിപരമായ നഷ്ടത്തെ പഴിച്ച് വഴിമാറി നടക്കുന്നു. അല്ലാത്തവര്‍ കളവു പറഞ്ഞും മോഹന വാഗ്ദാനങ്ങള്‍ നല്‍കിയും സൗഭാഗ്യം അഭിനയിച്ചും പുതിയ ഇരകള്‍ക്കു വേണ്ടി കെണിയൊരുക്കി അവരെക്കൂടി ഈ കൂട്ടായ്മയുടെ ഭാഗമാക്കുന്നു.
മണി ചെയിന്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടുള്ളതിനാല്‍ അതിനു പുതിയഭാവം നല്‍കിയിരിക്കുകയാണ് കമ്പനി എന്നാണ് പരക്കേ ഉയരുന്ന ആക്ഷേപം. നിങ്ങള്‍ മുടക്കിയ പണത്തിന് കമ്പനി ഉല്‍പന്നങ്ങള്‍ നല്‍കിയിരിക്കുന്നു. അഥവാ നിങ്ങള്‍ പണം നല്‍കിയത് കമ്പനിയുടെ ഉല്‍പന്നങ്ങള്‍ വാങ്ങാനാകുന്നു. മണി ചെയിന്‍ നിരോധിച്ച നിയമം അവിടെ സമ്പൂര്‍ണമായി നോക്കു കുത്തിയാകുന്നു.

പഴുതടച്ച എഗ്രിമെന്റുകള്‍
ക്യുനെറ്റില്‍ നിക്ഷേപിച്ച് സ്വതന്ത്ര പ്രതിനിധികള്‍ (ഐ ആര്‍) അഥവാ ഡിസ്ട്രിബ്യൂട്ടര്‍ ആകുമ്പോള്‍ കമ്പനി പ്രതിനിധിയുമായി ഓരോരുത്തരും ഏര്‍പ്പെടുന്ന എഗ്രിമെന്റ് മറ്റൊരു വലയാണ്. നിങ്ങള്‍ മുതല്‍ മുടക്കുന്നത് ഉല്‍പന്നം വാങ്ങാനാണെന്നും ഡിസ്ട്രിബ്യൂട്ടര്‍ എന്നാല്‍ ഡയറക്ട് സെല്ലര്‍ ആണെന്നും കരാര്‍ വ്യക്തമാക്കുന്നു. കരാര്‍ പ്രകാരം ലക്ഷങ്ങള്‍ മുടക്കുന്ന ഡിസ്ട്രിബ്യൂട്ടര്‍, ഫ്രാഞ്ചൈസിയോ പാര്‍ട്ണറോ തൊഴിലാളിയോ ഏജന്റോ, ആധികാരികതയുള്ള പ്രതിനിധിയോ ഷെയര്‍ ഹോള്‍ഡറോ ഒന്നുമല്ല. ഇതെല്ലാം തങ്ങളുടെ ഉത്തമ വിശ്വാസത്തിലും അറിവിലും ആണെന്ന് സ്വയം ബോധ്യപ്പെട്ടാണ് കക്ഷികള്‍, അംഗീകൃത നോട്ടറി മുഖേന കരാറിലൊപ്പിടുന്നത്. ഈ കരാറുമായി അധികൃതര്‍ക്കു പരാതി നല്‍കാനുള്ള വഴി ആദ്യം തന്നെ ഭംഗിയായി കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു എന്നതു കൂടി പ്രസക്തമാണ്. നേരത്തെ പറഞ്ഞ വൈകാരിക അടുപ്പവും താല്‍പര്യവും കാരണം ഈ രേഖകള്‍ വായിച്ചുനോക്കാനോ തിരിച്ചറിയാനോ സാധിക്കാതെ സ്വയം കഴുത്തുവെച്ചു കൊടുക്കുകയാണ് ഇരകള്‍ ചെയ്തിട്ടുള്ളത്.

പാലം കടക്കുവോളം കൈ പിടിച്ച് കൂടെയുണ്ടായിരുന്ന സീനിയര്‍മാരെയോ അപ്ലൈനുമാരെയോ പിന്നെ മഷിയിട്ടു നോക്കിയാല്‍ കാണില്ല. പ്രതീക്ഷകളുടെ കുന്നിന്‍പുറത്തുനിന്ന് ബാധ്യതകളുടെ ഗര്‍ത്തത്തിലേക്കു വീഴ്ത്തപ്പെടുകയാണ് ഓരോരുത്തരും. സ്‌നേഹവും ആര്‍ദ്രതയും കരുതലും എല്ലാം ചേര്‍ത്തുവെച്ച് വൈകാരികതയെ തലോടി പച്ചയ്ക്കു കൂട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്.
മുന്തിയ ഫെറാരികള്‍ക്കു മുന്നില്‍ പ്രൊഫഷനല്‍ ലുക്കില്‍ മോഹിപ്പിക്കുന്ന ചിരിയുമായി നിന്ന ആരെയും പിന്നെ ദൂരദര്‍ശിനി വെച്ചു നോക്കിയാലും കാണില്ല. ചിലര്‍ കുടുംബത്തെ വേരോടെ പറിച്ചെടുത്ത് കടല്‍ കടന്നിട്ടുണ്ടാകും. മറ്റു ചിലര്‍ പരിധിക്കു പുറത്താകും. മോഹന വാഗ്ദാനങ്ങള്‍ നല്‍കി, മനുഷ്യരുടെ ആഗ്രഹങ്ങളെയും മോഹങ്ങളെയും ത്രസിപ്പിച്ചു ആകാശത്തോളം ഉയര്‍ത്തിയവര്‍ എവിടെപ്പോയെന്നു കാണില്ല. പക്ഷേ ക്ഷമയോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തവരാണ് തോറ്റുപോകുന്നത് എന്നാണ് കമ്പനിയുടെ പക്ഷത്തു നിന്നുള്ള വ്യാഖ്യാനം. പറ്റിക്കപ്പെട്ടു എന്ന തോന്നല്‍ കാരണം ഇതേക്കുറിച്ച് പരസ്യമായി രംഗത്തുവരാന്‍ ഇരകളാക്കപ്പെട്ടവര്‍ മടിക്കുകയാണ്.

കരിഞ്ഞുവീണ കിനാക്കള്‍
പ്രതീക്ഷയുടെ പുറത്ത് ഉള്ളത് വിറ്റു പെറുക്കി നിക്ഷേപിച്ചവരുണ്ട് ആ കൂട്ടത്തില്‍. ഗതികേടിന്റെ പേരില്‍ സാധ്യതകളുടെ, പ്രതീക്ഷകളുടെ പുതുലോകം സ്വപ്നം കണ്ട് ഇറങ്ങിയവരുണ്ട് അവിടെ. നനഞ്ഞതിനാല്‍ കുളിച്ചു കേറിക്കളയാം എന്നു കരുതുന്നുവരുമേറെ. പുറത്തു പറയാന്‍ മടിച്ച് മിണ്ടാതിരിക്കുന്നവരുമേറെ. അകത്തേക്കിറങ്ങിയപ്പോള്‍ തനി നിറം തിരിച്ചറിഞ്ഞ് പിന്തിരിഞ്ഞു നടന്ന നേരും നെറിയുമുള്ളവരുമുണ്ട്.

രണ്ടുവര്‍ഷത്തിലേറെ 900ലേറെ വരുന്ന ഓഷ്യന്‍ എന്ന സംഘത്തെ നയിച്ച ടീം ലീഡര്‍ ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് ഇയ്യിടെ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ഐ ആര്‍ പോയാല്‍ പുതിയ നൂറു പേര്‍ വന്നുകൊണ്ടിരിക്കും. അതുകൊണ്ടു തന്നെ തട്ടിപ്പിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം. നേടുന്നതുവരെ നുണപറയുക എന്നതാണ് ഇവരുടെ തന്ത്രം. താഴെക്കിടയിലുള്ളവര്‍ തട്ടിപ്പുകാരായി സമൂഹത്തില്‍ മുദ്ര കുത്തപ്പെടുന്നു.

കൊച്ചിയിലെ യുവ ദമ്പതിമാര്‍ ക്യു നെറ്റില്‍ നിക്ഷേപിച്ച് കിടപ്പാടം പോലും നഷ്ടമായവരില്‍ പെടും. ചെറുപ്പം മുതല്‍ അറിയാവുന്ന ഉറ്റ സുഹൃത്തിന്റെ വാക്കു കേട്ടാണ് കൊച്ചി പള്ളുരുത്തിയിലെ സുനൈനയും ആഷിഖും ക്യു നെറ്റില്‍ നിക്ഷേപിച്ചത്. നല്ല രീതിയില്‍ നിക്ഷേപിക്കണം, എങ്കില്‍ സാമാന്യം തെറ്റില്ലാത്ത റിട്ടേണ്‍ കിട്ടുമെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു.

ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചത്. ആധാരം വെച്ച് ലോണെടുത്താണ് പണം സംഘടിപ്പിച്ചത്. പിന്നീടാണ് കളി മാറിയത്. നീ നന്നായി വര്‍ക്കു ചെയ്യണം, എന്നാലേ പണം കിട്ടൂ എന്നായി പിന്നീട്. ആദ്യമൊന്നും ഇക്കാര്യം പറഞ്ഞിരുന്നില്ല. യുവാവ് തൊഴില്‍ നഷ്ടപ്പെട്ട് ഇരിക്കുന്നതിനിടെയാണ് ഈ നെറ്റ്്വര്‍ക്കില്‍ പെട്ടത്. ബാങ്കില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടയ്ക്കാനാവാതെ നട്ടംതിരിയുകയാണ് ദമ്പതികള്‍.

കോഴിക്കോട് മികച്ച രീതിയില്‍ നടക്കുന്ന ഫര്‍ണിച്ചര്‍ ശൃംഖലയില്‍ അക്കൗണ്ടന്റായിരിക്കെയാണ് ജ്യേഷ്ഠനെ സഹായിക്കാന്‍ ആ ചെറുപ്പക്കാരന്‍ ഇറങ്ങിപ്പുറപ്പെട്ടത്. തങ്ങള്‍ മാത്രം രക്ഷപ്പെട്ടാല്‍ പോരാ, അടുത്ത ബന്ധുക്കളെയും ഉറ്റവരെയും ആദ്യം രക്ഷപ്പെടുത്തണമെന്ന ഉപദേശം കേട്ട് ഉറ്റ ബന്ധുക്കളെയും മാതാപിതാക്കളെയും കണ്ണി ചേര്‍ത്തു. കൂടെ വേറെ ചിലരെയും. ദുബായില്‍ നിന്ന് സഹോദരനാണ് സാമാന്യം ഭേദപ്പെട്ട ജോലി നഷ്ടപ്പെടുത്തി ക്യുനെറ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത്. ലക്ഷങ്ങളാണ് ഇവര്‍ക്കു ബാധ്യതയായിക്കിടക്കുന്നത്.
വയനാട്ടുകാരനായ യുവാവ് വീണതും സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും മേമ്പൊടി ചേര്‍ത്തുള്ള വിളിയിലാണ്. സഹോദരി ഭര്‍ത്താവിന്റെ കൂടെ ജോലി ചെയ്തയാളാണ് ബിസിനസ് പരിചയപ്പെടുത്തിയത്. ഭര്‍ത്താവ് മരിച്ച, മൂന്നു കുട്ടികളുള്ള സഹോദരിക്ക് ഒരു തണലും കരുതലുമാകുമെന്നേ ആലോചിച്ചുള്ളൂ. സഹോദരിയുടെയും തന്റെയും കൈവശമുണ്ടായിരുന്ന ആഭരണമെടുത്ത് വിറ്റും കടം വാങ്ങിയും പണമുണ്ടാക്കിയാണ് പത്തു ലക്ഷത്തിലേറെ രൂപ ഇവര്‍ ക്യു നെറ്റില്‍ നിക്ഷേപിച്ചത്. വാച്ച്, പ്ലേറ്റ് സെറ്റ്, വെളിച്ചെണ്ണ തുടങ്ങിയ ഉല്പന്നങ്ങളാണ് ഇവര്‍ക്കു ലഭിച്ചത്. പരമാവധി അയ്യായിരം രൂപ വില വരുന്ന വാച്ചാണ് ഒന്നര ലക്ഷത്തിന് കിട്ടിയതെന്ന് യുവാവ് പറയുന്നു.

ക്യു നെറ്റ് ഇരകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച 250 അംഗങ്ങളുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളില്‍ നിന്നു മാത്രം 12 കോടി രൂപയുടെ നിക്ഷേപം ഉണ്ടെന്ന് അഷ്‌റഫ് മണ്ണാര്‍ക്കാട് എന്ന വ്യക്തിയെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ട് വന്നിരുന്നു. 6.9 ലക്ഷം നിക്ഷേപിച്ച തനിക്ക് കമ്പനി ഫ്രാഞ്ചൈസിക്കു പകരം അമിത വില ഈടാക്കിയ ചില ഉല്‍പന്നങ്ങള്‍ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആവര്‍ത്തിക്കുന്ന തന്ത്രങ്ങള്‍
മള്‍ട്ടി ലെവല്‍ കമ്പനികളും ഡയറക്ട് സെല്ലിംഗ് കമ്പനികളും പയറ്റുന്ന തന്ത്രങ്ങള്‍ തന്നെയാണ് ക്യു നെറ്റിന്റെ പ്രമോട്ടര്‍മാരും പ്രയോഗിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം, വിനോദത്തിനുള്ള സൗകര്യം, ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അവസരം… അങ്ങനെയങ്ങനെ വലിയ വാഗ്ദാനങ്ങള്‍ നല്‍കി മനംമയക്കി കൂടെ നിര്‍ത്തുന്നതാണ് പൊതുവായി കാണുന്ന തന്ത്രം. ആഡംബര കാറും സ്വകാര്യ ബീച്ചിലെ വില്ലയും വിദേശയാത്രകളും സ്റ്റാര്‍ ഹോട്ടലുകളിലെ വിരുന്നുകളും തുടങ്ങി ആവര്‍ത്തിക്കപ്പെടുന്ന വാഗ്ദാനങ്ങള്‍ക്ക് ഇവിടെയും കുറവില്ല.

ഉല്‍ന്നങ്ങള്‍ വില്‍പന നടത്തിയും നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തിയുമാണ് ബിസിനസ് വളരുന്നതെന്നാണ് വാഗ്ദാനം. സമൂഹത്തിലെ എലൈറ്റ് ക്ലാസിനു മാത്രം താങ്ങാവുന്ന മുന്തിയ വില ഉല്‍പന്നങ്ങള്‍ക്ക് ഈടാക്കുമ്പോള്‍ അത് ഒരു തരത്തിലും നടക്കാത്ത സ്വപ്നമാകുന്നു. പിന്നീട് ഇടതു- വലത് ലെഗുകളില്‍ ആളെച്ചേര്‍ത്ത് കമ്മിഷന്‍ വഴി എന്തെങ്കിലും ഈടാക്കണമെന്ന പുതിയ പാഠം പഠിപ്പിക്കപ്പെടുന്നു. കമ്പനിക്കെതിരെ പരാതിപ്പെട്ടാല്‍ ഒറ്റപ്പെടുമെന്നും സഹായിക്കാനാരുമുണ്ടാകില്ലെന്നും ബോധ്യപ്പെടുത്തുന്നു. മിണ്ടാതെ അരികത്തിരുന്നാല്‍ കൊള്ളാം. അല്ലെങ്കില്‍ ചിലപ്പോള്‍ കൈയൂക്കു കൊണ്ടോ സ്വാധീനം കൊണ്ടോ പരാതികള്‍ വെള്ളക്കടലാസുകള്‍ മാത്രമായി മാറുന്ന അത്ഭുത വിദ്യയും കണ്ടുവരുന്നു. നിരവധി പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കപ്പെട്ടെങ്കിലും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. തിരൂര്‍, കുറ്റിപ്പുറം ഭാഗങ്ങളില്‍ നിന്ന് പരാതി ലഭിച്ചതായും അന്വേഷണം നടക്കുന്നുവെന്നും മലപ്പുറം പൊലീസ് സൂപ്രണ്ട് സുജിത് ദാസ് അറിയിച്ചിരുന്നു (ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് 01.10.201).
സെലിബ്രിറ്റികളും സമൂഹത്തിലെ ഉന്നതരും കമ്പനിയുടെ പ്രമോട്ടര്‍മാരായെത്തുന്ന ചിത്രങ്ങളും വീഡിയോകളുമാണ് മറ്റൊരു പ്രചാരണ തന്ത്രം. വിശദമായ അന്വേഷണം നടത്തിയാല്‍ ഇതില്‍ പലതും ക്ഷണികമായ അവസരങ്ങളില്‍ ഒപ്പിയെടുത്തതോ പിന്നീട് പിന്‍മാറിയതോ ആകാം എന്നു കാണാം.

നിരന്തരം തോല്‍ക്കുന്ന മലയാളി
ഏതു തട്ടിപ്പിനും നിന്നുകൊടുക്കാന്‍, പ്രബുദ്ധരെന്ന് അവകാശപ്പെുന്ന മലയാളി തയാറാണെന്നാണ് ഓരോ സംഭവങ്ങളും ബോധ്യപ്പെടുത്തുന്നത്. പെട്ടെന്നു പണമുണ്ടാക്കാനുള്ള മലയാളിയുടെ അത്യാഗ്രഹമാണ് ഇത്തരം കുറുക്കു വഴികളിലേക്കു നയിക്കുന്നതെന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
സാമ്പത്തിക പരാധീനതകളും കൊവിഡ് പോലുള്ള സാഹചര്യങ്ങള്‍ തീര്‍ത്ത തൊഴില്‍ നഷ്ടവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള തിരിച്ചുപോക്കും മലയാളിയെ മോഹഭംഗപ്പെടുത്തിയിട്ടുണ്ട്. ശരാശരിയോ അതിനു മുകളിലോ നിലവാരത്തില്‍ ജീവിച്ചവര്‍ക്ക് ഒരു തിരിച്ചുപോക്കിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തതും എളുപ്പവഴികള്‍ തേടാന്‍ പ്രേരിപ്പിക്കുന്നു.

പതിറ്റാണ്ടുകള്‍ക്കു മുമ്പു തുടങ്ങിയ ഡാറ്റാ എന്‍ട്രി തട്ടിപ്പു മുതല്‍ നിരവധി മണി ചെയിന്‍, എംഎല്‍എം മാര്‍ക്കറ്റിംഗ് പരിപാടികള്‍ക്കാണ് മലയാളികള്‍ നിരന്തരം തലവെച്ചു കൊടുക്കുന്നത്. വ്യാജ പുരാവസ്തു കച്ചവടത്തിനു മുമ്പില്‍ അത്ഭുത പരതന്ത്രരായി വീണു പോയവര്‍ സമൂഹത്തിലെ ഉന്നതരും പ്രബലരും ആയ മലയാളികള്‍ ആയിരുന്നുവെന്ന് നാം കണ്ടു. മലയാളികളെ പറ്റിക്കാന്‍, സുമോഹന വാഗ്ദാനങ്ങളും പ്രമോ സെമിനാറുകളും നേട്ടം കൈപ്പിടിയിലാക്കിയവരുടെ ചില ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും മാത്രം മതിയെന്നായിരിക്കുന്നു.
തട്ടിപ്പു സംഘങ്ങള്‍ക്കെതിരെ കൃത്യമായ പരാതികള്‍ നല്‍കാത്തതും ഉയരുന്ന പരാതികളില്‍ കൃത്യമായ അന്വേഷണങ്ങളും ഫോളോഅപ്പുകളും ഉണ്ടാവാത്തതും എല്ലാറ്റിലുമുപരി വലിയ മറവിയും യുക്തിബോധമില്ലായ്മയും പുതിയ വെട്ടിപ്പുകള്‍ക്ക് വഴി തുറന്നിടുകയാണ്. ജാഗ്രത കൊവിഡിനോടു മാത്രമല്ല വലിയ ലാഭം വാഗ്ദാനം ചെയ്യുന്ന ബിസിനസ് രീതികളോടുമുണ്ടാവണം.

വി കെ ജാബിര്‍

You must be logged in to post a comment Login