നമ്മുടെ തിരഞ്ഞെടുപ്പുകളെ അവര്‍ മോഷ്ടിക്കുകയാണ്

നമ്മുടെ തിരഞ്ഞെടുപ്പുകളെ  അവര്‍ മോഷ്ടിക്കുകയാണ്

നിയമപരമായ നിയമലംഘനങ്ങള്‍ എന്ന ഒന്നുണ്ട്. ഒരു രാജ്യത്ത് നിലവിലുള്ള നിയമത്തെ, അതിന്റെ അന്തസത്തയെ അഥവാ അടിസ്ഥാനഘടനയെ അട്ടിമറിക്കുന്ന പരിപാടിയാണത്. പ്രത്യക്ഷത്തില്‍ നിരുപദ്രവകരമായ ഒരു ഭേദഗതിയായി ആവും അവ അവതരിക്കുക. പൗരരുടെ നിത്യജീവിതവുമായി വലിയ ബന്ധമില്ല എന്ന തോന്നല്‍ സൃഷ്ടിക്കും ആദ്യം. എന്നിട്ട് തീരെ ചെറുത് എന്ന് തുടര്‍ച്ചയായി പ്രചരിപ്പിച്ച് ഒരു ഭേദഗതിയോ നിയമം തന്നെയോ കൊണ്ടുവരും. നിലവിലുള്ള നിയമത്തെയോ അതിന്റെ കാമ്പിനെയോ സംബന്ധിച്ച് ഒരക്ഷരം ഉരിയാടില്ല. ആരെങ്കിലും അങ്ങനെ ഒരു സന്ദേഹം ഉയര്‍ത്തിയാല്‍ സംഘടിതമായ വാചാടോപങ്ങള്‍ ദേശീയതയില്‍ പൊതിഞ്ഞ് പ്രതിരോധിക്കും. അതോടെ ആ ചര്‍ച്ച വായുവില്‍ ലയിക്കും. പൊതുവില്‍ ഭരണകൂടങ്ങള്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ ചെയ്യുന്ന ഒന്നാണിത്. ഭരണകൂടം ഫാഷിസ്റ്റ് സ്വഭാവമുള്ള ഒന്നാണെങ്കില്‍ ഇപ്പറയുന്ന പണി ക്രമാനുഗത ഫാഷിസത്തിന്റെ സ്ഥാപിക്കലാണ്. ജനാധിപത്യത്തിന്റെ മറയിലും മറവിലും സമഗ്രാധിപത്യത്തെ ഒളിച്ചുകടത്തുന്ന ഒരു പ്രക്രിയ. ബലപ്രയോഗങ്ങള്‍ ഇല്ലാതെ, ഔദ്യോഗികമായി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാതെ, രാജ്യത്തിന്റെ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്ന പണിയാണത്. നിര്‍ഭാഗ്യവശാല്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുന്നില്ല. സമകാല ഇന്ത്യയില്‍ ചര്‍ച്ചകൊണ്ടും പ്രതിഷേധം കൊണ്ടും എന്ത് പ്രയോജനം എന്ന ചോദ്യം മുമ്പൊക്കെ പ്രസക്തമായിരുന്നു. എന്നാല്‍ കര്‍ഷകസമര വിജയാനന്തര ഇന്ത്യ മറ്റൊരു ലോകമാണ്. ജാഗ്രതക്കും വിയോജിപ്പുകള്‍ക്കും വലിയ പ്രസക്തി ഇപ്പോഴുണ്ട്. കാലം ആ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്.

നിയമപരമായ, അല്ലെങ്കില്‍ നിയമവിധേയമായുള്ള നിയമലംഘനങ്ങളെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്. അമ്മട്ടില്‍ ഒന്നാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ഭേദഗതി. 1950-ലെ ജനപ്രാതിനിധ്യ നിയമത്തില്‍ വമ്പന്‍മാറ്റങ്ങള്‍ വരുത്തുന്ന ഭേദഗതിയും പാര്‍ലമെന്റ് കടന്നു. തികച്ചും അനിവാര്യം എന്ന പ്രതീതി സൃഷ്ടിച്ചാണ് ഈ ഭേദഗതികള്‍ പാര്‍ലമെന്റ് മുമ്പാകെ അവതരിപ്പിച്ചത്. അതില്‍ ഏറ്റവും പ്രധാനം ആധാറിനെ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കലാണ്.

അതിനെന്താ എന്ന ചോദ്യം വ്യാപകമാണ്. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകള്‍ ഒഴിവാക്കാനും ഒരാള്‍ ഇരട്ട വോട്ട് ചെയ്യുന്നത് തടയാനും ആധാര്‍ ഉപകരിക്കില്ലേ എന്നാണ് വാദം. കള്ളവോട്ടുകള്‍ തടഞ്ഞ് ജനാധിപത്യത്തെ കൂടുതല്‍ ശക്തമാക്കാനുള്ള ചുവടുവെപ്പിനെ എന്തിന് എതിര്‍ക്കണം എന്നും ചോദ്യമുണ്ട്. വോട്ടര്‍ പട്ടികയിലെ കള്ളച്ചൂതുകള്‍ ഒഴിവാക്കി തിരഞ്ഞെടുപ്പിനെയും അതുവഴി ജനാധിപത്യത്തെയും സുതാര്യവും സത്യസന്ധവുമാക്കാനുള്ള വഴി എന്നാണ് സര്‍ക്കാര്‍ വിശദീകരണം. പ്രത്യക്ഷത്തില്‍ നേരാണല്ലോ എന്ന് തോന്നുന്നില്ലേ? അതിനെയാണ് തുടക്കത്തില്‍ നിയമപരമായ നിയമലംഘനം എന്ന് പറഞ്ഞത്.

ഒന്നാമത്തെ പ്രശ്‌നം എന്താണ് ആധാര്‍ എന്നതാണ്. ആധാര്‍ ഒരു പൗരത്വരേഖയായല്ല വിവക്ഷിക്കപ്പെടുന്നത്. അതൊരു തിരിച്ചറിയല്‍ രേഖയാണ്. താമസക്കാര്‍ക്കുള്ളത്. വോട്ട് ഇവിടെ താമസിക്കുന്നവര്‍ക്കുള്ള അവകാശമല്ല, മറിച്ച് പൗരന്‍മാര്‍ക്കുള്ളതാണ്. അടിസ്ഥാനപരമായ ഈ വ്യത്യാസം നിയമനിര്‍മാണത്തില്‍ പാലിച്ചിട്ടില്ല എന്നതിലാണ് ദൂരവ്യാപകമായ അപകടം മണക്കുന്നത്. മാത്രവുമല്ല, ആധാര്‍ നാളിതുവരെ കുറ്റമറ്റ ഒരു സംവിധാനമായി മാറിയിട്ടില്ല. തുടക്കം മുതല്‍ അതിനെ പൊതിഞ്ഞുനില്‍ക്കുന്ന ബാലാരിഷ്ടതകള്‍ അതേപടി തുടരുകയുമാണ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും വോട്ടര്‍പട്ടികയുമായി ആധാറിനെ ബന്ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അമ്പേ പരാജയമായിരുന്നു. ആധാര്‍ ബന്ധിപ്പിക്കല്‍ നടപ്പാക്കിയപ്പോള്‍ അരക്കോടിലയിലേറെ യഥാർത്ഥ വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്തായി. 2015-ല്‍ തുടങ്ങിയ ഈ ബന്ധിപ്പിക്കല്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തു. എല്ലാറ്റിലുമുപരി ആധാറിന്റെ ഭരണഘടനാസാധുത സുപ്രീം കോടതി പരിഗണിക്കുകയാണു താനും. ഇക്കാര്യങ്ങളില്‍ ഒന്നും ഒരു വ്യക്തതയും തീര്‍പ്പുമായിട്ടില്ല എന്നര്‍ഥം. ഇതൊന്നും പരിഗണിക്കാതെ, തിടുക്കപ്പെട്ട് ഒരു ചര്‍ച്ചപോലും ഇല്ലാതെ ഈ പരിഷ്‌കരണം നിയമമാക്കാനുള്ള ശ്രമത്തിന്റെ യഥാർത്ഥ കാരണം എന്തായിരിക്കും? അടിസ്ഥാനപരമായ ഈ വിമര്‍ശനങ്ങളോട് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജുവിന്റെ പ്രതികരണമാകട്ടെ ആധാര്‍ നിര്‍ബന്ധമല്ല എന്നായിരുന്നു. സ്വയം അവതരിപ്പിച്ച ബില്ലിലെ സുപ്രധാന വ്യവസ്ഥയെ സംബന്ധിച്ച ലജ്ജാകരമായ അജ്ഞതയാണ് മന്ത്രിയുടെ വാക്കുകളില്‍ വെളിപ്പെട്ടത്. ”ഡ്യൂ റ്റു സച്ച് സഫിഷ്യന്റ് കോസ് അസ് മേ ബീ പ്രിസ്‌ക്രൈബ്ഡ്” എന്നാണ് ഭേദഗതിയിലെ വാചകം. മതിയായ കാരണം വേണമെന്ന് അര്‍ഥം. ആരാണ് ഈ മതിയായ കാരണം തീരുമാനിക്കുക? തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. നിയമത്തില്‍ ഇത് സംബന്ധിച്ച് നിലനില്‍ക്കുന്ന കടുത്ത അവ്യക്തത, നിയമത്തിന്റെ നടത്തിപ്പുകാരായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാനാവാത്ത വിധം ശക്തമായ അധികാരങ്ങളാണ് നല്‍കുന്നത്. മാത്രവുമല്ല, ഈ മതിയായ കാരണം കേന്ദ്രസര്‍ക്കാറിന് എപ്പോള്‍ വേണമെങ്കിലും തീരുമാനിക്കുകയും ചെയ്യാം. അതായത് വോട്ടർക്കു മേല്‍, വോട്ടവകാശത്തിനുമേല്‍ സര്‍ക്കാറിന്റെ ബലിഷ്ഠകരങ്ങള്‍ പതിക്കുന്നു. ജനാധിപത്യത്തിന്റെ അടിത്തറക്കുമേല്‍ ഭരണകൂടം കൈവെക്കുന്നു എന്നര്‍ഥം. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഭരണഘടനയാല്‍ സംസ്ഥാപിതമായ അതിശക്ത അവകാശമാണ് വോട്ട്. അതിനുമേലുള്ള ഭരണകൂട നിയന്ത്രണം ജനാധിപത്യത്തെ, അന്തിമമായ പൗരാധികാരത്തെ തളര്‍ത്തും. അതാണ് ആധാര്‍ ബന്ധിപ്പിക്കലിലൂടെ ഇപ്പോള്‍ നടന്നതും നടക്കാന്‍ പോകുന്നതും. ആര് വോട്ട് ചെയ്യണമെന്ന്, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഭരണകൂടം അധികാരത്തിന്റെ മുഷ്‌കോടെ തീരുമാനിക്കുക എന്നാല്‍ ജനാധിപത്യം മരിക്കുക എന്നാണ് അര്‍ഥം. ആധാര്‍ ബന്ധനം അക്ഷരാര്‍ഥത്തില്‍ ജനാധിപത്യത്തിന്റെ മരണമണിയാണ്.
അതുമാത്രമല്ല, വോട്ട് എന്ന പ്രക്രിയയുടെ അടിസ്ഥാനസ്വഭാവം റദ്ദാക്കല്‍ കൂടിയാണ് ഈ ബന്ധനം. നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വീടുകളില്‍ നേരിട്ടുചെന്ന് വോട്ട് ചേര്‍ക്കുക എന്നതാണ് രീതി. വോട്ടര്‍ പൗരര്‍ സ്വമേധയാ പേര് ചേര്‍ത്ത് വോട്ടവകാശം വിനിയോഗിക്കല്‍ ഇന്ത്യ പോലൊരു രാജ്യത്ത് വേണ്ടത്ര പ്രായോഗികമല്ല. മറിച്ച് നാനാതരം ഇടപെടലുകളിലൂടെ, പ്രചാരണങ്ങളിലൂടെ വോട്ട് എന്ന മൗലികാധികാരത്തിലേക്ക് പൗരരെ കൊണ്ടുവരികയാണ് ചെയ്യുന്നത്. ആധാര്‍ ബന്ധനം വരുന്നതോടെ വോട്ട് ചേര്‍ക്കല്‍ പൗരന്റെ ബാധ്യതയും പൗരന്‍ അതിനായി ഇറങ്ങിത്തിരിക്കേണ്ട കാര്യവുമാകും. ഇന്ത്യനവസ്ഥയില്‍ ഇത് അനേകലക്ഷങ്ങളെ വോട്ടര്‍ പട്ടികക്ക് പുറത്തേക്കുതള്ളും. വോട്ടര്‍ പട്ടികയില്‍ നിന്നുള്ള നീക്കം ചെയ്യല്‍ വ്യാപമാകും. ആന്ധ്രയിലും തെലങ്കാനയിലും ലക്ഷങ്ങള്‍ പുറത്തായതുപോലെ. ഇങ്ങനെ പുറത്താക്കപ്പെട്ടതാവട്ടെ ഒരുവിധ അന്വേഷണവും ഇല്ലാതെയാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. അതുകൊണ്ടാണ് രണ്ട് സംസ്ഥാനത്തെയും മേൽ പരിപാടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.

അപകടങ്ങള്‍ അവസാനിക്കുന്നില്ല. ആധാര്‍ ഒരു തുറുകണ്ണന്‍ കാര്‍ഡാണ്. അത് നിങ്ങളെ അടിമുടി നഗ്‌നരാക്കുന്ന ഒന്നാണ്. ബാങ്ക് അക്കൗണ്ട്, ഫോണ്‍ നമ്പര്‍, സോഷ്യല്‍ മീഡിയ തുടങ്ങി നിങ്ങളുടെ സര്‍വമാന വ്യക്തിഗത വിവരങ്ങളും ആധാറുമായി ബന്ധിതമാണ്. പണമിടപാടും സോഷ്യല്‍ മീഡിയ ഇടപാടും ഫോണ്‍ ഉപയോഗവുമെല്ലാം നിങ്ങളെ, നിങ്ങളുടെ താല്പര്യത്തെ, നിങ്ങളുടെ തിരഞ്ഞെടുപ്പിന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്ന ഒന്നാണ്.അതായത് ആധാര്‍ വ്യക്തിയിലേക്കുള്ള സമ്പൂര്‍ണമായ താക്കോലാണ്. അങ്ങനെ പൂര്‍ണമായി തുറക്കപ്പെട്ട ഒരു വ്യക്തിയുടെ താല്പര്യത്തെ മുളയിലേ തിരിച്ചറിഞ്ഞ്, അവരുടെ രാഷ്ട്രീയതിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന പ്രക്രിയ വിദൂരത്തല്ല. ഒരു “മേല്‍നോട്ട’ത്തിന് കീഴില്‍ ഒരു തിരഞ്ഞെടുപ്പും സ്വതന്ത്രമാകില്ല. ഈ ബിഗ് ബോസ് വാച്ചിംഗ് എന്നത് ജനാധിപത്യത്തിന്റെ ഗ്വാണ്ടനാമോകളെ സൃഷ്ടിക്കും. ഇപ്പോഴത്തെ ആധാര്‍ ബന്ധനം അന്തിമമായി സൃഷ്ടിക്കുന്ന അവസ്ഥ അതാണ്.
മറ്റൊന്ന് ക്ഷേമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ്. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ മുഴുവന്‍ ചരടും നിലവില്‍ ആധാറിലുണ്ട്. അത് ക്ഷേമപദ്ധതികള്‍ ആരൊക്കെ പ്രയോജനപ്പെടുത്തുന്നു എന്നതിന്റെ കൃത്യമായ കണക്കുപുസ്തകമാണ്. അധികാരത്തിലിരിക്കുന്ന കക്ഷിക്ക് തങ്ങളുടെ വോട്ടറെ നിര്‍മിക്കാനുള്ള സൂത്രം കൂടിയാണ് ഈ ചരട്. തങ്ങളുടെ വോട്ടുബാങ്കുകളിലേക്ക് മാത്രം ക്ഷേമ പ്രവര്‍ത്തനങ്ങളെ, ആനുകൂല്യങ്ങളെ ഒഴുക്കിവിടാന്‍ ഇത് സഹായിക്കും. അതായത് ഒരു സമൂഹത്തിന് മൊത്തത്തില്‍ ലഭിക്കേണ്ട ക്ഷേമങ്ങള്‍ ആവശ്യക്കാരായ ചെറുഗ്രൂപ്പിന് മാത്രം ലഭിക്കുന്ന സ്ഥിതി ഉണ്ടാകും. ബഹുജന ജനാധിപത്യത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചെറുഗ്രൂപ്പുകളുടെ ജനാധിപത്യം വന്നുചേരും. അത്യന്തം അപകടകരമാണ് ഈ സ്ഥിതിവിശേഷം. പ്രവചിക്കപ്പെട്ട വോട്ടിംഗ് മനസുകളുടെ പ്രകാശനം എന്ന നിലയിലേക്ക് വോട്ടെടുപ്പ് എന്ന അതിപ്രധാന ജനാധിപത്യ പ്രക്രിയ ചുരുങ്ങും. ആ ചുരുക്കത്തിന്റെ മറ്റൊരു പേരാണ് ഫാഷിസം.

നോക്കൂ, തീരെ ചെറുതെന്ന് കരുതി നാം അവഗണിക്കുന്ന ചില സംഗതികള്‍, ചില നയങ്ങള്‍, നടപ്പാക്കലുകള്‍ എല്ലാം നമ്മുടെ മുഴുവന്‍ അതിജീവന സാധ്യതകളെയും വിഴുങ്ങാന്‍ വാ പിളര്‍ന്നെത്തുന്ന കാഴ്ചയാണ് ചുറ്റും. പുരോഗമനമെന്ന് നാം ധരിച്ചുവശാകുന്ന എത്രയോ തീരുമാനങ്ങള്‍ പൗരാവകാശത്തിന്റെയും മനുഷ്യാവകാശത്തിന്റെയും എത്രയോ വലിയ നിഷേധങ്ങളായാണ് മാറിത്തീരുന്നത്.
ഈ ഉദാഹരണം കേള്‍ക്കുക. സ്ത്രീകളിലെ പ്രസവമരണ നിരക്ക്, പോഷകപ്രശ്‌നങ്ങള്‍ തുടങ്ങിയവ പഠിക്കാന്‍ ഏര്‍പ്പാടാക്കിയ ഒരു സമിതിയാണ് ജയ ജയ്റ്റ്‌ലി സമിതി. Task Force set up to examine matters pertaining to age of motherhood, imperatives of lowering MMR, improvement of nutritional levels and related issues എന്നാണ് തലക്കെട്ട്. പത്തംഗ സമിതിയാണ്. ജൂലായ് 31-ന് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. ആ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയായിട്ടില്ല. പക്ഷേ, പോഷകാഹാര പ്രശ്‌നം മുന്‍നിര്‍ത്തി ജയ ജയ്റ്റ്‌ലി സമിതി ശിപാര്‍ശ ചെയ്ത സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുക എന്നതുമാത്രം പൊടുന്നനെ ചര്‍ച്ചയായി. അതിലെ വ്യക്തിസ്വാതന്ത്ര്യം, പ്രായപൂര്‍ത്തി സംബന്ധിച്ച മറ്റ് കാര്യങ്ങള്‍ തുടങ്ങിയവ ചര്‍ച്ച അല്ലാതായി. പുരോഗമനപക്ഷത്ത് നില്‍ക്കുന്നു എന്ന് കരുതുന്ന നിരവധിയാളുകള്‍ സൂക്ഷ്മമായി ഒളിച്ചുകടത്തിയ ഈ അവകാശ ലംഘനത്തെ വിപ്ലവകരമെന്ന് എണ്ണുകപോലും ചെയ്തു. ക്രമാനുഗത ഫാഷിസം എന്ന ആശയം നാം മുന്‍പേ ചര്‍ച്ച ചെയ്തിരുന്നത് ഓര്‍ക്കുക.
ബി.ജെ.പി നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരിന്റെ മതപരിവര്‍ത്തന വിരുദ്ധ നിയമത്തെ ഇതേ നോട്ടപ്പാടില്‍ കാണാം. ബലപ്രയോഗത്തിലൂടെയും പ്രലോഭിപ്പിച്ചുമുള്ള മതപരിവര്‍ത്തനം തടയുകയാണത്രേ ലക്ഷ്യം. നിലവില്‍ അക്കാര്യങ്ങള്‍ നമ്മുടെ രാജ്യത്തെ നിയമത്തിലുണ്ട്. അപ്പോള്‍ പിന്നെ ഇപ്പോള്‍ എന്തിനാണ് ഈ നിയമം? ആ നിയമം മനുഷ്യാവകാശത്തെ, പൗരാവകാശത്തെ എങ്ങിനെയാണ് കണക്കാക്കുന്നത്? സംഗതി ലളിതമാണ്. നമ്മുടെ ജാഗ്രതയില്ലായ്മയില്‍ മാത്രം തഴച്ചുവളരുന്ന ഒരു വിഷവൃക്ഷമാണ് ഫാഷിസം.

കെ കെ ജോഷി

You must be logged in to post a comment Login