ആര്‍ലെന്‍ ഗെറ്റ്‌സും മലയാള മാധ്യമങ്ങളും

ആര്‍ലെന്‍ ഗെറ്റ്‌സും  മലയാള മാധ്യമങ്ങളും

രമണ്‍ കിർപാലിന്റെ ന്യൂസ് ലോണ്ട്രി ഡിസംബര്‍ 28 ന് പുറത്തുവിട്ട ഒരു വാര്‍ത്ത വായിക്കാം. ചെറിയ ഒരു ആമുഖത്തിന് ശേഷം വാര്‍ത്ത അതേ പടി നമ്മള്‍ വായിക്കുകയാണ്. കൂട്ടലും ഇല്ല, കുറയ്ക്കലുമില്ല.

സിദ്ദീഖ് കാപ്പനെ നമുക്കറിയാം. ജേണലിസ്റ്റാണ്. ഡല്‍ഹി കേന്ദ്രമാക്കി ആ പണി എടുത്തിരുന്ന ഒരാളാണ്. 2020 സെപ്തംബറില്‍ ഹാത്രസില്‍ കൂട്ടബലാല്‍സംഗം നടന്നതും ജാത്യാധികാരം അതിന്റെ വമ്പന്‍ തേറ്റകള്‍ ആഴ്ത്തി ആ കൊടും കുറ്റത്തെ മായ്ച്ചു ചാരമാക്കിയതും മറന്നിട്ടില്ലല്ലോ? അന്ന് ഹാത്രസിലേക്ക് ധാരാളം പേര്‍ പോയി. സംഭവസ്ഥലത്ത് നിന്ന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്തു. മിക്കവാറും എല്ലാ മലയാള ചാനലുകളും പത്രങ്ങളും അവരുടെ ഡല്‍ഹി പ്രതിനിധികളെ അങ്ങോട്ടയക്കുകയും വാര്‍ത്ത എടുക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ ഹാത്രസിലേക്ക് വാര്‍ത്ത എടുക്കാന്‍ പോയ ഒരാളാണ് സിദ്ദീഖ് കാപ്പന്‍. കാപ്പന്‍ പക്ഷേ, അവിടെയെത്തിയില്ല.
ഹാത്രസിലേക്കുള്ള വഴിയില്‍ ഒക്‌ടോബര്‍ അഞ്ചിന് മഥുര ടോള്‍ പ്ലാസയില്‍ വെച്ച് കാപ്പനും ഒപ്പമുണ്ടായിരുന്ന മൂന്നുപേരും അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ ( രാജ്യദ്രോഹം), 153 എ ( വിദ്വേഷം വളര്‍ത്തല്‍) 295 എ ( മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വവും വിധ്വംസകവുമായ പ്രവര്‍ത്തനങ്ങള്‍) എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി ഒക്‌ടോബര്‍ ഏഴിന് ഉത്തര്‍ പ്രദേശ് പൊലീസ് എഫ്.ഐ.ആറുമിട്ടു. പുറമേ മാരകമായ യു.എ.പി.എ യും സിദ്ദീഖ് കാപ്പനെതിരില്‍ ചുമത്തപ്പെട്ടു. പിന്നീട് നടന്നത് നിങ്ങള്‍ പലവട്ടം കണ്ടതാണ്. മനുഷ്യാവകാശ-പൗരാവകാശ ലംഘനങ്ങളുടെ തീമഴ. കാപ്പനുവേണ്ടി പലതലത്തില്‍ നടന്ന ഇടപെടലുകള്‍ പാഴായി. ഏതിനും മീതെ കാപ്പന്‍ പുലര്‍ത്തിയിരുന്നതായി പറയപ്പെടുന്ന രാഷ്ട്രീയ നിലപാടും അദ്ദേഹത്തിന് വിനയായി. പക്ഷേ, വാര്‍ത്താ ശേഖരണത്തിനു പോയ ഒരു ജേണലിസ്റ്റ് യു.എ.പി.എക്ക് ഇരയായി ജയിലില്‍ അടയ്ക്കപ്പെട്ടു എന്ന വസ്തുത എല്ലാറ്റിനും മീതെ യാഥാർത്ഥ്യമായുണ്ട്.
യോഗി ആദിത്യനാഥിന്റെ തട്ടകമാണ് യു.പി. തട്ടകമെന്ന വാക്ക് ഒരു ഓളത്തില്‍ എഴുതിയ രൂപകമല്ല. തട്ടകം അരങ്ങാണ്. ഉത്തർ പ്രദേശ് എന്തിന്റെ അഥവാ എന്തിനുള്ള അരങ്ങാണ് എന്ന് നാം ഇന്ന് മനസിലാക്കുന്നുണ്ട്. അതിനാല്‍ മനുഷ്യാവകാശം-പൗരാവകാശം-ഒരു മുസ്‌ലിം കുടുംബത്തിന്റെ വേദന, മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം, തുല്യനീതി തുടങ്ങിയ പ്രമേയങ്ങളുമായി നാം യു.പിയിലേക്ക് പോകേണ്ടതില്ല.

ഇപ്പോള്‍ ന്യൂസ് ലോണ്ട്രി പുറത്തുവിട്ട വാര്‍ത്ത പക്ഷേ, നമ്മെ ആകെ നടുക്കേണ്ട ഒന്നാണ്. ആ വാര്‍ത്തയുടെ ആധികാരികത ഇനിയും വെളിപ്പെടേണ്ടതുണ്ട്. പക്ഷേ, ഡല്‍ഹിയിലെ മാധ്യമ സുഹൃത്തുക്കള്‍ ആ വാര്‍ത്തയെ ശരിവെക്കുന്ന കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ സ്വകാര്യമായി പങ്കുവെക്കുന്നുമുണ്ട്. വാര്‍ത്തയിലേക്ക് നേരെ വരാം:

How a Malayala Manorama journalist’s suspicions about Kappan figure in UP police chargesheet എന്നാണ് നമ്മെ ഉലക്കാന്‍ ത്രാണിയുള്ള ആ തലക്കെട്ട്. കാപ്പനെ യു.പി പൊലീസ് കുടുക്കിയതില്‍ മലയാള മനോരമ ലേഖകന്‍ സംശയ നിഴലില്‍ ആകുന്നത് എങ്ങനെ എന്ന്. അതിന്റെ വിശദാംശങ്ങളാണ് ആകാംക്ഷ കുമാര്‍ തയാറാക്കിയ വാര്‍ത്ത. പ്രതിഭാഗം അഭിഭാഷകന്‍ മധുവന്‍ ദത്ത് ചൗധരിയുടെ അന്വേഷണമാണ് വഴികാട്ടി. യു.പി പൊലീസിന്റെ പ്രത്യേക സംഘം കാപ്പനെ പ്രതിക്കൂട്ടിലാക്കി തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെ മധുവന്‍ ദത്ത് സ്വാഭാവികമായും ചോദ്യം ചെയ്യുന്നു. അതോടെയാണ് ന്യൂസ്‌ലോണ്ട്രി ജേണലിസം പുറത്തെടുത്തത്. അന്വേഷണമാണല്ലോ ജേണലിസത്തിന്റെ കാതല്‍ ( ദയവായി ക്ഷമിക്കുക, അതാണ് ഈ പണിയുടെ പണി). അവര്‍ അന്വേഷിച്ചു. അപ്പോഴാണ് ബിനു വിജയന്‍ എന്ന മലയാളി ജേണലിസ്റ്റ് കാപ്പന്റെ ജീവിതത്തില്‍ നടത്തിയ അതിവിനാശകരമായ ഇടപെടല്‍ ചുരുളഴിഞ്ഞത്. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ ഡല്‍ഹി ഘടകം സെക്രട്ടറി ആയിരിക്കേ, കാപ്പന്‍ യൂണിയന്റെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ പോന്ന വ്യാജ വാര്‍ത്തകള്‍ കാപ്പന്‍ പടര്‍ത്തിയെന്നും ദേശീയ ഐക്യത്തിനും സാമുദായിക സൗഹാര്‍ദത്തിനും വിനാശകരമായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ബിനു വിജയന്‍ മൊഴി നല്‍കിയതായി ന്യൂസ് ലോണ്ട്രി എഴുതുന്നു. ഫണ്ട് ദുരുപയോഗം എന്ന ബിനു വിജയന്റെ ആരോപണം കളവാണെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ കൈയോടെ പറഞ്ഞതായി വാര്‍ത്ത തുടരുന്നു. സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ കെ.പി റെജിയുടെ പ്രസ്താവനയും വാര്‍ത്തയിലുണ്ട്. ന്യൂസ് ലോണ്ട്രി വെറുതേ ഒരു വാര്‍ത്ത തള്ളി വിടുകയല്ല, ആരോപിതനായ ബിനു വിജയനെ മറുപടിക്കായി സമീപിക്കുന്നുമുണ്ട്. സ്വാഭാവികമായും അദ്ദേഹം പ്രതികരിച്ചില്ല. യു.പി പ്രത്യേക കര്‍മ സംഘത്തിന്റെ കുറ്റപത്രം വിശദമായി പിന്നീട് പരിശോധിക്കുന്നു. 2020 ഡിസംബര്‍ 31-ലെ പ്രതിദിന ഡയറിയിലാണ് ബിനു വിജയന്റെ പേരുള്ളത്. കാപ്പനും മറ്റുചിലരും നടത്തിയ വര്‍ഗീയ റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച ചിലത് ബിനു വിജയന് അറിയാമത്രേ. തീര്‍ന്നില്ല. കാപ്പനെ കുറിച്ച് 2020 നവംബര്‍ 23-ന് ജി. ശ്രീദത്തന്‍ എന്ന ജേണലിസ്റ്റിന് ബിനു വിജയന്‍ ഇ മെയില്‍ അയച്ചതായും ഡയറിയിലുണ്ട്. ആരാണ് ശ്രീ ദത്തന്‍ എന്നറിയാമോ? ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ അസോസിയേറ്റ് എഡിറ്റര്‍! മൊഴി രേഖപ്പെടുത്താന്‍ ബിനു വിജയന്‍ എന്ന ഈ മലയാളി ജേണലിസ്റ്റിനെ യു.പി പൊലീസ് വിളിച്ചതായും ഡയറിയിലുണ്ട്. അതിനുള്ള ബിനുവിന്റെ മറുപടി ഇതാണ്: “Siddique Kappan and those associated with PFI are involved in plotting communal struggle across the country. My mail should be considered as the statement,’ .

ചുരുക്കത്തില്‍ കാപ്പന്റെ ജീവിതത്തില്‍ ഒരു മലയാളി മാധ്യമപ്രവര്‍ത്തകന്റെ ഇടപെടല്‍ അതിനിഷ്ഠൂരമായിരുന്നു എന്ന വസ്തുതയാണ് ഈ വാര്‍ത്ത. ഒരു വാര്‍ത്തയെയും മുന്‍ നിര്‍ത്തി നമ്മള്‍ ഇപ്പോള്‍ ഒരു തീര്‍പ്പിലേക്കില്ല. വസ്തുതകള്‍ പുറത്ത് വരട്ടെ. കാപ്പന്റെ വിധിയല്ല നമ്മുടെ ഈ സംഭാഷണത്തിന്റെ കേന്ദ്രം.
മാധ്യമ പ്രവര്‍ത്തനം അതിന്റെ കാമ്പില്‍ അതി ഭയാനകമായ വിള്ളലുകളെ അഭിമുഖീകരിക്കുന്നുണ്ട്. 2021-ല്‍ നമ്മുടെ മലയാള മാധ്യമങ്ങള്‍ എന്തെടുക്കുകയായിരുന്നു എന്ന വിശാലമായ അന്വേഷണം ഒട്ടും ആശാസ്യമല്ലാത്ത അനേകം വസ്തുതകളെയാണ് പുറത്തുകൊണ്ടുവരുന്നത്. കാപ്പനെതിരില്‍ എന്ന പോലെ പലതരം വ്യാജങ്ങളുടെ, ചതികളുടെ പിന്നാമ്പുറക്കഥകള്‍ പടരുകയാണ്.
അതും ഏതു കാലത്ത് എന്നോര്‍ക്കണം. ലോകമാകെ മാധ്യമപ്രവര്‍ത്തനം അപകടമുനമ്പിലൂടെ സഞ്ചരിക്കുന്ന കാലമാണ്. അത്തരമൊരു റിപ്പോര്‍ട്ടും ഇപ്പോള്‍ നമുക്ക് മുന്നിലുണ്ട്. ആര്‍ലെന്‍ ഗെറ്റ്‌സ് എന്ന ഒന്നാം നിര മാധ്യമപ്രവര്‍ത്തകയുടെ മുന്‍കൈയിലുള്ള കമ്മിറ്റി റ്റു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് എന്ന വിഖ്യാത പോര്‍ട്ടലാണ് ആ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ആര്‍ലെന്‍ ഗെറ്റ്‌സിനെ ലോകത്തിന് വിശ്വസിക്കാം. റോയിട്ടേഴ്‌സിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജും ന്യൂസ് വീക്ക് ഓണ്‍ലൈനിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും സി.എന്‍.എന്നിന്റെ ഒപീനിയന്‍ എഡിറ്ററുമായിരുന്നു ആര്‍ലെന്‍. ജേണലിസത്തിനും ജേണലിസ്റ്റുകള്‍ക്കും മാതൃകയായ ഒരാള്‍. ആര്‍ലെന്റെ പോര്‍ട്ടല്‍ 2021 ഡിസംബര്‍ 9 ന് പുറത്തുവിട്ട റിപ്പോര്‍ട്ട് വായിക്കാം: “”It’s been an especially bleak year for defenders of press freedom. CPJ’s 2021 prison census found that the number of reporters jailed for their work hit a new global record of 293, up from a revised total of 280 in 2020. At least 24 journalists were killed because of their coverage so far this year; 18 others died in circumstances too murky to determine whether they were specific targets.” 2021-ല്‍ 293 മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ തൊഴിലിനിടെ ജയിലില്‍ അടയ്ക്കപ്പെട്ടു. 2020-ല്‍ അത് 280 ആയിരുന്നു. കൊവിഡ് കാലത്താണ് ഈ കണക്ക് എന്നതും ഓര്‍ക്കുക. 24 മാധ്യമപ്രവര്‍ത്തകര്‍ തൊഴിലിനിടെ കൊല്ലപ്പെട്ടു. 50 മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ തള്ളിയ ചൈനയാണ് ഇക്കാര്യത്തില്‍ മുമ്പന്‍. ചൈനയെ മാതൃകയാക്കൂ എന്ന് വിലപിക്കുന്നവര്‍ക്ക് അന്വേഷിക്കാവുന്നതാണ്. പോയ മൂന്നു വര്‍ഷത്തെ കണക്കിലും ഇക്കാര്യത്തില്‍ ഒന്നാമത് ചൈന തന്നെ ആയിരുന്നു. മ്യാന്‍മറും ഈജിപ്റ്റും വിയറ്റ്‌നാമും ബെലാറസും പിന്നാലെയുണ്ട്. വിശദമായ ഡാറ്റയില്‍ അങ്ങിങ്ങ് ഇന്ത്യയുമുണ്ട്. കശ്മീര്‍ നരേറ്ററിന്റെ ആസിഫ് സുല്‍ത്താന്‍, ആനന്ദ് തെല്‍തുബ്‌ദേ, ഗൗതം നവ്‌ലേഖ, മനന്‍ ദാര്‍, രാജീവ് ശര്‍മ, സിദ്ദീഖ് കാപ്പന്‍, തന്‍വീര്‍ വര്‍സി എന്നിങ്ങനെ. കാപ്പനെ മാധ്യമപ്പണിക്കിടയിലാണ് ജയിലില്‍ അടച്ചത് എന്നതില്‍ ആര്‍ലെന്‍ ഗെറ്റ്‌സിന് സംശയമൊന്നുമില്ല. അവരുടെ ഡാറ്റാ ശേഖരണത്തിന്റെ രീതി കുറ്റമറ്റതാണെന്നത് ലോകം അംഗീകരിച്ചതാണ്.

ബി.എന്‍.എന്‍ ന്യൂസിന്റെ അവിനാശ്, ഇ.വി ഫൈവിന്റെ ചെന്ന ശേഖരലു, സുദര്‍ശന്‍ ടി.വിയുടെ മനീഷ് കുമാര്‍ സിംഗ്, സാധന പ്ലസിന്റെ രമണ്‍ കാശ്യപ്, എ.പി.ബിയുടെ സുലഭ് ശ്രീവാസ്തവ എന്നീ ഇന്ത്യന്‍ ജേണലിസ്റ്റുകള്‍ മാധ്യമപ്രവര്‍ത്തനത്തിടെ കൊല്ലപ്പെട്ടതും റിപ്പോര്‍ട്ടിലുണ്ട്. ജീവന്‍ കൊടുത്തും വാര്‍ത്ത തേടിയ മനുഷ്യര്‍. അങ്ങനെ വാര്‍ത്തയായ മനുഷ്യര്‍.

രസകരമാണ് മറ്റൊരു ആലോചന. പോയ ഒരാണ്ടില്‍ മലയാള മാധ്യമങ്ങള്‍ എന്തെടുക്കുകയായിരുന്നു എന്നു നോക്കാം. കമല്‍ റാം സജീവ് മുമ്പൊരിക്കല്‍ എഴുതിയതുപോലെ അക്കൊല്ലവും മാധ്യമങ്ങള്‍ പിണറായി വിജയന്‍ പിണറായി വിജയന്‍ എന്ന് ആവര്‍ത്തിച്ചെഴുതി അടിയിലൊപ്പിട്ട് ഡയറി മടക്കി. മുന്‍പ് ഗുജറാത്ത് പശ്ചാത്തലത്തിലായിരുന്നു കമല്‍റാമിന്റെ കുറിപ്പ്.

ആശിഷ് ഖേതന്‍ എന്ന ചെറുപ്പക്കാരന്‍ ജീവന്‍ കൈയിൽ പിടിച്ച് ഗുജറാത്ത് വംശഹത്യയുടെ യാഥാർത്ഥ്യങ്ങള്‍ ഒന്നൊന്നായി വെളിപ്പെടുത്തിയ ആ കൊടിയ കാലത്ത് വി.എസ് -പിണറായി ദ്വന്ദം സൃഷ്ടിച്ച് പിണറായി വിജയനെ വില്ലനാക്കി അഭിരമിച്ച മാധ്യമങ്ങളെയാണ് ആ കുറിപ്പ് ലക്ഷ്യം വെച്ചത്. ഇപ്പോഴും അതില്‍ മാറ്റമില്ല. മാതൃഭൂമിയും മനോരമയും ഏഷ്യാനെറ്റും 24 ന്യൂസും എന്നുവേണ്ട സകലരും ചേര്‍ന്ന് ഒരാണ്ട് ഉല്‍സവമാക്കിയ സ്വര്‍ണക്കള്ളക്കടത്ത് കേസ് ഇപ്പോള്‍ മാഞ്ഞുപോയി. കസ്റ്റംസ് ആ കേസ് കൈവിട്ടു. ഒറ്റവാര്‍ത്ത ആധികാരികമായി നല്‍കാതെ കസ്റ്റംസ്-ഇ.ഡി മേധാവികള്‍ ഇട്ടുകൊടുത്തത് വെട്ടിവിഴുങ്ങി മലയാള മാധ്യമങ്ങള്‍. കേരളത്തിലെ കൊള്ളാവുന്ന ഒരു ഉദ്യോഗസ്ഥനെ വേട്ടയാടിത്തിന്നു എന്ന് ആശ്വസിക്കാം മാധ്യമങ്ങള്‍ക്ക്; നമ്പി നാരായണന്റെ വഴി അദ്ദേഹം സ്വീകരിക്കും വരെ.

ഇതിനിടെ ചില വലിയ സംഭവങ്ങള്‍ നടന്നു. കേരളത്തിലെ ഏറ്റവും താരമൂല്യമുണ്ടായിരുന്ന പത്രപ്രവര്‍ത്തകന്‍ മാതൃഭൂമിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു. ഉന്നത വാര്‍ത്താ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനായി മാനേജ്‌മെന്റിനോട് കലഹിച്ചതിന്റെ പേരിലല്ല; സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍. മാനുഷികമായ ബലഹീനതകളെ അവഹേളിക്കുകയല്ല. മറിച്ച് മലയാള മാധ്യമ ലോകം എത്തി നില്‍ക്കുന്ന വലിയ ഗര്‍ത്തത്തിന്റെ ഒരു സാമ്പിള്‍ ചൂണ്ടിക്കാട്ടുകയാണ്. കാപ്പനെ കുടുക്കാന്‍ ഒരു മലയാളി ജേണലിസ്റ്റ് കൂട്ടുനിന്നു എന്ന് കേട്ടപ്പോള്‍ ഓര്‍ത്തുപോയി എന്ന് മാത്രം. നോക്കൂ, ശിവശങ്കറിനെതിരെ ഇല്ലാക്കഥകളുമായി ഉറഞ്ഞു തുള്ളിയ ആ കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി ഇപ്പോള്‍ എവിടെയാണ് എന്ന് അറിയാമോ? എന്തിനാണ് ദീപക് ധര്‍മടം സസ്‌പെന്‍ഷനില്‍ ആയത് എന്ന് അറിയാമോ?

ഇവരുടെ പേരുകള്‍ ഒന്നും പക്ഷേ, മാധ്യമ പ്രവര്‍ത്തകരെ സംബന്ധിക്കുന്ന ഡാറ്റകളില്‍ കാണില്ല. തുറുങ്കിലടക്കപ്പെട്ടവരും കൊല്ലപ്പെട്ടവരുമായ എല്ലാ മാധ്യമ പ്രവര്‍ത്തകരും ഇവരോട് പൊറുക്കട്ടെ.

കെ കെ ജോഷി

You must be logged in to post a comment Login