മലബാർ സമരം പണ്ഡിത നിലപാടുകൾ

മലബാർ സമരം  പണ്ഡിത നിലപാടുകൾ

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കേരളീയ മുസ്‌ലിംകളുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക്. 1498 ൽ വാസ്കോഡഗാമ കപ്പലിറങ്ങിയതു മുതൽ മാപ്പിളമാരുടെ അധിനിവേശവിരുദ്ധ പോരാട്ടചരിത്രം ആരംഭിക്കുന്നു. സാമൂതിരി ഭരണകൂടവുമായി പങ്കുചേർന്ന് ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് മുസ്‌ലിംകൾ പറങ്കികൾക്കെതിരെ പ്രതിരോധം തീർത്തത്. ഉലമാക്കളായിരുന്നു ഈ പോരാട്ടങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചത്. സൈനുദ്ദീൻ മഖ്ദൂം കബീർ (റ) “തഹ്‌രീളു അഹ്‌ലിൽ ഈമാൻ അലാ ജിഹാദി അബദതി സുൽബാൻ’ എന്നപേരിൽ മുസ്‌ലിംകൾ പാശ്ചാത്യശക്തികളുടെ കൊളോണിയൽ കടന്നുകയറ്റത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയെ വിളിച്ചോതുന്ന കാവ്യമെഴുതി. ഖസ്വീദത്തുൽ ജിഹാദിയ്യ എന്നും ഈ കാവ്യത്തിന് പേരുണ്ട്. കേരളക്കരയിൽ നിന്ന് വിരചിതമായ സാമ്രാജ്യത്വവിരുദ്ധ കാവ്യങ്ങളിൽ ആദ്യത്തേതായിരുന്നു തഹ്‌രീള്.
പോർച്ചുഗീസുകാരുടെ വ്യാപാരനയങ്ങൾക്കെതിരെ പോരാടുക എന്നതിനുമപ്പുറം അവർ ഇന്ത്യൻ മഹാസമുദ്രത്തിലും കേരളത്തിന്റെ വിവിധ മേഖലകളിലും അഴിച്ചുവിട്ട നരഹത്യകൾക്കെതിരെയായിരുന്നു പണ്ഡിതന്മാർ ഫത്‌വകൾ നൽകിയിരുന്നത്. അറബികളെയും മുസ്‌ലിംകളെയും ഒരുതരത്തിലും അഭിവൃദ്ധിപ്പെടാൻ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് വാസ്കോഡഗാമ രംഗപ്രവേശം ചെയ്തത്. സാമ്പ്രദായികമായി മലബാർ മേഖലയിൽ കച്ചവടത്തിന് എത്തുന്ന വിദേശികളോട് മുസ്‌ലിംകൾക്ക് എതിർപ്പുണ്ടായിരുന്നില്ല. കച്ചവടകുത്തക അധീനപ്പെടുത്താനും മലബാർ മേഖലയിൽ അപ്രമാദിത്വം നേടാനും ശ്രമിക്കുകയും അറേബ്യൻ ഉപദ്വീപിൽ നിന്നുവരുന്ന കപ്പലുകൾ കൊള്ളയടിക്കുകയും യാത്രക്കാർക്ക് തടസങ്ങൾ സൃഷ്ടിക്കുകയും ചെയ്തപ്പോഴാണ് പോർച്ചുഗീസുകാർക്കെതിരെ പോരാട്ടം ആരംഭിക്കുന്നത്. പറങ്കികൾക്കെതിരെയുള്ള പോരാട്ടത്തിന് ആഹ്വാനം നൽകി സൈനുദ്ദീൻ മഖ്ദൂം രചിച്ച തുഹ്ഫതുൽ മുജാഹിദീനും മലബാറിലെ മുസ്‌ലിംകൾക്കു ശക്തിപകർന്നു

മുസ്‌ലിംകളുടെ പോരാട്ടങ്ങളെല്ലാം സാമൂതിരി ഭരണകൂടവുമായി കൈകോർത്തായിരുന്നു. വിശ്വാസികൾ അവിശ്വാസികൾക്കെതിരെ നടത്തിയ പോരാട്ടങ്ങൾ ആയിരുന്നില്ല, അക്രമിക്കപ്പെട്ടവർ അക്രമികൾക്കെതിരെ നടത്തിയ ചെറുത്തുനിൽപ്പുകൾ ആയിരുന്നു ഇവയെല്ലാം. അധിനിവേശ ശക്തികൾ അക്രമോത്സുകമായി മുസ്‌ലിംകളെ നേരിട്ടപ്പോൾ പ്രതിരോധിച്ചു എന്നതാണ് യാഥാർത്ഥ്യം. പരസ്പരം സഖ്യത്തിലാവാനും കൈകോർക്കാനും പറ്റുന്നവരെയെല്ലാം കൂട്ടുപിടിച്ചുകൊണ്ടാണ് ഈ പ്രതിരോധത്തിന് മുസ്‌ലിം സമൂഹം മുന്നിട്ടിറങ്ങിയത്.
കേരളത്തിൽ വിരചിതമായ അധിനിവേശവിരുദ്ധ കാവ്യങ്ങളിൽ മൂന്നാമത്തേതാണ് ഫത്ഹുൽ മുബീൻ. 1570ൽ പറങ്കികൾ കീഴടക്കിയ ചാലിയം കോട്ട തിരിച്ചു പിടിച്ചതിലുള്ള ആഹ്ലാദം പങ്കുവെച്ച് ഖാളി മുഹമ്മദ് രചിച്ച കാവ്യമാണ് ഫത്ഹുൽ മുബീൻ. മുസ്‌ലിം നാടുകളിലെ ഭരണാധികാരികളെക്കാൾ കൂടുതൽ കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരിയെ പുകഴ്ത്തുന്ന വരികളാണ് ഫത്ഹുൽ മുബീനിലുള്ളത്. പോരാട്ടങ്ങളുടെ ആശയ പിന്തുണയും ഭാവവും മനസിലാക്കാൻ ഏറെ സഹായകമാണ് ഈ വരികൾ.

1921 ൽ മലബാർ സമരത്തിന്റ ഭാഗമായി പുറത്തിറക്കിയ ഒരു ഫത്‌വയാണ് ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാരുടെ മുഹിമ്മാത്തുൽ മുഅ്മിനീൻ. ഈ ഫത്‌വയുടെ ആമുഖത്തിൽ തന്നെ പറയുന്നു. “എന്നാൽ സഹായക്കാരും താൽപര്യക്കാരും ആക്കുവാൻ ഫാടില്ലാത്ത കാഫിരീങ്ങൾ: ഞമ്മളെ ഉഫദ്രവിക്കുന്നെയും ഞമ്മളിൽ നിന്ന് ചിലരെ ഫിടിച്ചു നാട് കടത്തുന്നെയും ദീൻ സമ്മന്ധമായ കാരിയങ്ങളെ നാശം വരുത്തുന്നെയും നസാറാക്കൾ യഹൂദിയാക്കൾ മുതലായ സിദ്ധാന്തികളും അവരെ സഹായികളായ ദ്രോഹക്കാരായ കാഫിരീങ്ങളും ആകുന്നു. ഈ വക നാശങ്ങൾ ഒന്നും ചെയ്യാതെ ഞമ്മളോട് അനുകൂലമായി നിൽക്കുന്ന കാഫിരീങ്ങളുമായി ലോഹ്യ സംബന്ധവും സഹായ സമ്മന്തവും ഉണ്ടാകുന്നതിന് വിരോധമില്ല എന്ന് മുംതഹിന സൂറതിൽ ഫറഞ്ഞതിനാൽ അറിയപ്പെട്ടിരിക്കുന്നു. ദ്രോഹം ചെയ്യുന്നവർ ആരായാലും അവരോട് അനുകൂലവും അവരെ കൊള്ളെ മനസ്സ് ചാച്ചലും ഫാടുള്ളതല്ല’(പേജ് 4-5).

ക്രൈസ്തവരോടോ ഹൈന്ദവരോടോ ഉള്ള നിരുപാധികപോരാട്ടമല്ല കേരളീയ മുസ്‌ലിംകളുടെ സാമ്രാജ്വത്വ വിരുദ്ധ പോരാട്ടം. അക്രമപരമായി നീങ്ങുന്നവരെ പ്രതിരോധിക്കേണ്ടത് സമുദായത്തിന്റെ ബാധ്യതയാണ് എന്ന് ഉദ്ഘോഷിക്കാനാണ് ഞാൻ ഈ ഫത്‌വ പുറത്തിറക്കുന്നത് എന്നാണ് പരീക്കുട്ടി മുസ്‌ലിയാർ പറയുന്നത്. സ്വസ്ഥമായി ജീവിക്കുന്നതിന് വിഘാതം ഉണ്ടാക്കുന്ന രൂപത്തിലായിരുന്നില്ല ഈ സമരങ്ങൾ. രാജ്യത്തിന്റെ ക്രിയാത്മകമായ മുന്നോട്ടുപോക്കിന് കളങ്കം ഉണ്ടാക്കുന്നവരെ മാറ്റിനിർത്തേണ്ടത് രാജ്യസ്നേഹികളുടെ കടമയാണ് എന്ന തരത്തിലായിരുന്നു അവർ സമരമുഖങ്ങൾ തുറന്നത്. പോർച്ചുഗീസുകാർ ക്രൂരമായി മലബാറിലെ തദ്ദേശവാസികളോടും മുസ്‌ലിംകളോടും പെരുമാറിയപ്പോൾ അവരെ നിഷ്കാസനം ചെയ്യാനുള്ള പ്രവർത്തനങ്ങളിൽ മുസ്‌ലിംകൾ വ്യാപൃതരായി. പോർച്ചുഗീസുകാർക്ക് ശേഷം കേരളത്തിലെത്തിയ ഡച്ചുകാർ പോർച്ചുഗീസുകാരോളം ക്രൂരരായിരുന്നില്ല. അക്കാരണത്താൽ പോർച്ചുഗീസുകാരോടുള്ള നയ നിലപാടുകളിൽ നിന്നും വ്യത്യസ്തമായ സമീപനമാണ് ഡച്ചുകാരോട് മുസ്‌ലിംകൾ സ്വീകരിച്ചത്.
1700നു ശേഷം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി മലബാറിലെ വ്യത്യസ്ത മേഖലകൾ പിടിച്ചടക്കി അവരുടെ ഭരണസമ്പ്രദായം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വ്യാപാര ആവശ്യങ്ങൾക്കുവേണ്ടിയായിരുന്നു ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ വക്താക്കൾ മലബാറിൽ എത്തിയത്. നിഗൂഢമായ നീക്കങ്ങളിലൂടെയും ജന്മിമാരുമായുള്ള സഖ്യങ്ങളിലൂടെയും ക്രമേണ കച്ചവടത്തിനെത്തിയവർ അധികാരം പിടിച്ചെടുത്തു. ഒരു കമ്പനിയുടെ കൊള്ള ഭരണമായിരുന്നു 1700 മുതൽ 1857 വരെ കേരളത്തിൽ നിലനിന്നത്. കമ്പനി ഭരണത്തിന്റെ അരുതായ്മകൾക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചു മമ്പുറം തങ്ങളും ഉമർ ഖാളിയും പോരാട്ടങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചു. ബ്രിട്ടീഷുകാർ ചുമത്തിയ അമിത നികുതി ഭാരമാണ് മമ്പുറം തങ്ങളെയും ഉമർ ഖാളിയെയും പ്രതിഷേധത്തിലേക്ക് നയിച്ചത്.
ഈസ്റ്റിന്ത്യാ കമ്പനി ഒരു കോർപ്പറേറ്റ് ഭീമനായിരുന്നു. 1857 നു മുമ്പ് കമ്പനിയുടെ ഭരണങ്ങളും ചട്ടങ്ങളുമാണ് ഇന്ത്യയിലുണ്ടായിരുന്നത്. ബ്രിട്ടീഷ് സർക്കാർ ഭരണം നടത്താൻ ഈസ്റ്റിന്ത്യാ കമ്പനിയെ ഏൽപ്പിക്കുകയും കമ്പനിയുടെ കച്ചവട സൗകര്യത്തിനുവേണ്ടി അവർ ചാർട്ടേഡ് റൂൾസ് ഉണ്ടാക്കുകയും ചെയ്തു. ഈ സമയത്ത് വ്യവസ്ഥാപിതമായ ഒരു ഭരണം രാജ്യത്ത് നിലവിലുണ്ടായിരുന്നില്ല. കമ്പനിയുടെ സഹായത്തോടെ രാജ്യത്ത് കലുഷാവസ്ഥ സൃഷ്ടിക്കുന്ന ജന്മിമാർക്കെതിരെയാണ് മമ്പുറം തങ്ങളും ഉമർ ഖാളിയും പോരാട്ടം നയിച്ചത്. കമ്പനി രൂപപ്പെടുത്തിയ ചാർട്ടേഡ് നിയമങ്ങളുടെ ഭാഗമായിരുന്നു സെമീന്ദാരി, റയറ്റ് വരി, മഹൽവാരി നികുതി വ്യവസ്ഥകൾ. കൊളോണിയൽ സമൂഹത്തെ കമ്പനി അധികാരികൾ പരമാവധി ചൂഷണം ചെയ്തു. അതിന്റെ ഭാഗമായിരുന്നു വ്യത്യസ്ത രൂപത്തിലുള്ള നികുതി വ്യവസ്ഥകൾ. മേനോനും നായർക്കും പ്രത്യേകം നികുതി ഏർപ്പെടുത്തുകയും ഞങ്ങൾക്ക് അവരുടെ ഇരട്ടി തുക നികുതിയായി ചുമത്തുകയും ചെയ്തപ്പോൾ അതിനെതിരെ പ്രതിഷേധിച്ചതു കൊണ്ടാണ് തുക്കിടി സായിപ്പ് എന്നെ അറസ്റ്റ് ചെയ്തതെന്ന് ഉമർ ഖാളി പറയുന്നുണ്ട്. പണ്ഡിതന്മാരുടെ ഭാഗത്തുനിന്ന് ഈ അമിത നികുതി ഭാരത്തിനും നികുതിയിലെ വിവേചനങ്ങൾക്കുമെതിരെ നിരവധി ഫത്‌വകളും വന്നു. മമ്പുറം തങ്ങളുടെ സൈഫുൽ ബത്താർ അലാ മൻ യുവാലിൽ കുഫാർ എന്ന ഫത്‌വയും മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ ഉദ്ദത്തുൽ ഉമറാഅ് എന്ന ഫത്‌വയും ബ്രിട്ടീഷ് ക്രൂരതകൾക്കെതിരെ രംഗത്തിറങ്ങാൻ സമൂഹത്തെ ഉദ്ഘോഷിച്ചുകൊണ്ട് പുറത്തിറക്കിയതായിരുന്നു.

1850ന് ശേഷം ഇന്ത്യയുടെ രാഷ്ട്രീയസാഹചര്യം മാറി. 1857 നവംബർ ഒന്നിന് ബ്രിട്ടീഷ് രാജ്ഞി ക്വീൻസ് പ്രൊക്ലമേഷൻ എന്നപേരിൽ ഒരു വിളംബരം പുറപ്പെടുവിച്ചു. ഈ വിളംബരത്തോടെ ഇന്ത്യയുടെ സമ്പൂർണ ഭരണം ബ്രിട്ടീഷ് ഗവൺമെന്റ് ഏറ്റെടുത്തു. അതിന്റെ പ്രതീകമായിരുന്നു 1857 ലെ ബ്രിട്ടീഷ് കൗൺസിൽ ആക്ട്. 1890, 1909, 1919, 1935 എന്നീ വർഷങ്ങളിലും കൗൺസിൽ ആക്റ്റുകൾ കൊണ്ടുവന്നു. ബ്രിട്ടീഷ് സർക്കാർ ബ്രിട്ടീഷ് പാർലമെന്റിൽ പാസാക്കി ഇന്ത്യയിൽ നടപ്പിൽ വരുത്തുന്നവയായിരുന്നു കൗൺസിൽ ആക്ടുകൾ. ഇന്ത്യയുടെ പരമാധികാരം ബ്രിട്ടീഷ് സർക്കാരിനാണെന്ന് ഈ ആക്ടുകൾ ഇടയ്ക്കിടെ ഓർമപ്പെടുത്തി.

ബ്രിട്ടീഷ് ചക്രവർത്തിമാർ അധികാരം ഏറ്റെടുക്കുന്ന സന്ദർഭങ്ങളിലും സമാനമായ പ്രഖ്യാപനങ്ങൾ നടന്നിരുന്നു. 1929 ൽ മാപ്പിള എലമെന്ററി സ്കൂളുകളിൽ മതവിദ്യ പഠിപ്പിക്കുന്നതിന് വേണ്ടി ഖാൻ സാഹിബ് വല്ലാഞ്ചിറ കുഞ്ഞിമോയിൻ ഹാജി തയാറാക്കിയ ഹിദായതുൽ മുസ്‌ലിമീൻ പാഠപുസ്കത്തിന്റെ അഞ്ചാം ഭാഗത്തിൽ നിന്നും വായിക്കാം: “നമ്മുടെ ഇന്ത്യാ രാജ്യഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാരിൽ നിന്ന് വിക്ടോറിയ മഹാരാജ്ഞി ഏറ്റെടുത്തിട്ടുള്ളത് 1857ലാണ്. ഈ ഭരണം ഏറ്റെടുത്ത ഉടനെ മഹാരാജ്ഞി തിരുമനസ്സ് ചെയ്തിട്ടുള്ള വിളംബരത്തിൽ മതവിഷയങ്ങളിൽ ഗവർമേണ്ട് പ്രവേശിക്കുന്നതല്ലെന്നും എല്ലാ പ്രജകൾക്കും മതകാര്യങ്ങളിൽ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണെന്നും പ്രസ്താവിച്ചിട്ടുണ്ട്. മഹാരാജ്ഞിക്കു ശേഷം എഡ്വേർഡ് മഹാരാജാവും അതിനുശേഷം നമ്മുടെ ഇപ്പോഴത്തെ അഞ്ചാം ജോർജ് ചക്രവർത്തി മഹാരാജാവ് തിരുമനസിൽ നിന്നും അതിനെ ബലപ്പെടുത്തിക്കൊണ്ട് അവരുടെ സ്ഥാനാരോഹണാവസരങ്ങളിൽ വിളംബരപ്പെടുത്തിയിട്ടുണ്ട്'(പേജ് 90).

ഉമൈർ ബുഖാരി ചെറുമുറ്റം

You must be logged in to post a comment Login