വറ്റാത്ത കണ്ണീർ വഞ്ചനയുടെ കാണാപ്പുറങ്ങൾ

വറ്റാത്ത കണ്ണീർ വഞ്ചനയുടെ കാണാപ്പുറങ്ങൾ

ക്യു നെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ ബിസിനസിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് കൂടുതല്‍ ഞെട്ടിക്കുന്നതും സങ്കടപ്പെടുത്തുന്നതുമായ അനുഭവങ്ങളാണ് പുറത്തുവരുന്നത്. വ്യക്തിബന്ധവും സ്‌നേഹവും അടുപ്പവും ജനസ്വീകാര്യതയും പുതിയ തട്ടിപ്പുകാര്‍ക്കായുള്ള ചൂണ്ടകളില്‍ കോര്‍ക്കുന്നു. സമൂഹത്തിലെ ഉന്നതങ്ങളിലുള്ളവരുടെ സൗഹൃദം നെറ്റ്്വര്‍ക്ക് മാര്‍ക്കറ്റിംഗിന്റെ പേരിലുള്ള വഞ്ചനയ്ക്ക് ഉപയോഗിക്കപ്പെടുന്നു.

മതവും മതനേതാക്കളും ക്യു നെറ്റ് ഇന്‍ഫിനിറ്റിയുടെ പേരിലുള്ള തട്ടിപ്പുകള്‍ക്ക് മറയാക്കപ്പെടുന്നു എന്ന സത്യവും വെളിപ്പെടുകയാണ്. ഇന്‍ഫിനിറ്റി, ഓഷ്യന്‍, മാജിക് തുടങ്ങി നിരവധി കള്‍ച്ചറുകളിലായി ക്യു ഐ ബിസിനസിന്റെ നീരാളിക്കൈകള്‍ നമ്മുടെ ചുറ്റുവട്ടങ്ങളില്‍ സജീവമാണ്. മതഗ്രന്ഥങ്ങളും മതകീയ വേഷങ്ങളും വേദവാക്യങ്ങളും ആവശ്യത്തിന് ഉപയോഗിച്ചാണ് അപ്്ലൈനുമാര്‍, ഇരകളുടെ മനസ്സു മാറ്റി സാഹചര്യം അനുകൂലമാക്കുന്നത്. ബിസിനസ്, ഫ്രാഞ്ചൈസി, ഡീലര്‍ഷിപ്പ് എന്നൊക്കെ മനോഹരമായ വാഗ്ദാനങ്ങള്‍ നല്‍കുമെങ്കിലും കമ്പനി ഇത്തരമൊരു ഉറപ്പും നല്‍കുന്നേയില്ല.

ബിസിനസ് ആരംഭിക്കാനുള്ള ട്രാക്കിംഗ് സെന്റര്‍ (ടി സി) സ്വന്തമാക്കാനുള്ള തുകയാണെന്നു പറഞ്ഞാണ് ലക്ഷങ്ങള്‍ ഈടാക്കുന്നതെങ്കിലും മുദ്രപത്രത്തില്‍ ഓരോരുത്തരും ഒപ്പിടുന്ന കരാറില്‍ അത്തരമൊരു സൂചന പോലുമില്ല. എന്നുമാത്രമല്ല കമ്പനിയുടെ പ്രതിനിധിയോ ഡീലറോ വിതരണക്കാരനോ ഒന്നുമല്ലെന്ന് കൃത്യമായി വ്യക്തമാക്കുന്നുണ്ട്.

സ്വപ്‌നവിലയുള്ള, ശരാശരി ഗുണമേന്മ മാത്രമേ ഉള്ളൂ എന്നു പറയപ്പെടുന്ന ഉല്പന്നങ്ങള്‍ക്കുള്ള പണമാണ് നല്‍കുന്നതെന്നും കരാറില്‍ വ്യക്തമാക്കുന്നു. നല്‍കിയ തുക ചെറിയ ശതമാനം കഴിച്ച് ഒരു മാസത്തിനകം റിട്ടേണ്‍ നല്‍കുമെന്നും കരാറില്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പരിശോധിക്കാനോ അതനുസരിച്ച് സമയത്തിന് ക്ലെയിം ചെയ്യാനോ ആര്‍ക്കും കഴിയുന്നില്ല. ഈ സമയം അവരെ മറ്റു കാര്യങ്ങളില്‍ നിരന്തരം ഇടപെടുവിച്ച് വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കുന്ന രീതിയാണ് എല്ലായിടത്തും കാണുന്നത്. ഒരു മാസം കഴിഞ്ഞാണ് ക്ലെയിം ചെയ്യാന്‍ ഓപ്ഷനുണ്ടെന്നു പോലും പലരുമറിയുന്നത്. അപ്പോഴേക്ക് ലക്ഷങ്ങള്‍ കൈയില്‍ നിന്നു പോവുകയും ആരുടെയൊക്കെയോ അക്കൗണ്ടിലേക്ക് കമ്മീഷനായി വീഴുകയും ചെയ്തിട്ടുണ്ടാകും. പണം തിരിച്ചുചോദിക്കാനുള്ള സമയം എന്നേ കഴിഞ്ഞിട്ടുണ്ടാവും.

കമ്പനി പക്കാ നെറ്റ്്വര്‍ക്ക് മാര്‍ക്കറ്റിംഗാണ്, ഡയരക്ട് സെല്ലിംഗ് ആണ് എന്ന് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. എന്നാല്‍ കമ്പനിയുടെ പേരില്‍ ടീമുകളും ലീഡര്‍മാരുമാണ് ഇല്ലാത്ത വാഗ്ദാനങ്ങൾ നല്‍കി വെട്ടിപ്പിനു കളമൊരുക്കുന്നത്. കമ്പനി മുന്നോട്ടുവെക്കുന്ന വാദങ്ങള്‍ പലതും മറച്ചുവെച്ചാണ് ആളുകളെ ചേര്‍ത്തുകൊണ്ടിരിക്കുന്നത്. ക്യു നെറ്റ് എന്ന കമ്പനിയുടെ പേര് പോലും പുതിയ ആളുകളില്‍ നിന്നു മറച്ചുപിടിക്കും. കാരണം ഇന്റര്‍നെറ്റില്‍ പരതിയാല്‍ കമ്പനിയുടെ ട്രാക്ക് റെക്കോഡ് എളുപ്പത്തില്‍ ആളുകള്‍ക്ക് അറിയാന്‍ കഴിയും. ക്യു ഐ ഗ്രൂപ്പ്, വാവാസണ്‍ ഗ്രൂപ്പ് എന്നീ കമ്പനികളുടെ പേരിലാണ് പരിചയപ്പെടുത്തുക.
മള്‍ട്ടി ലെയര്‍ നെറ്റ്്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കും മണി ചെയിന്‍ പദ്ധതികള്‍ക്കും വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് ഉത്തരവിറക്കുകയുണ്ടായി. ഡയരക്ട് മാര്‍ക്കറ്റിംഗിന്റെ മറവില്‍ ആളുകളെ കണ്ണി ചേര്‍ത്ത് വിവിധ തട്ടുകളാക്കി പ്രവര്‍ത്തിക്കുന്ന രീതിക്കാണ് ഉപഭോക്തൃ- ഭക്ഷ്യ വിതരണ മന്ത്രാലയം നിയന്ത്രണമേര്‍പ്പെടുത്തിയത്. ആളുകളെ പുതുതായി ചേര്‍ക്കുന്നതിനനുസരിച്ച് പണം ലഭിക്കുന്ന പിരമിഡ് മാതൃകയും കേന്ദ്രം വിലക്കി. ആദ്യം ചേരുന്നവര്‍ മുകള്‍ത്തട്ടിലും പിന്നീട് ചേരുന്നവര്‍ താഴെയുമായി വീണ്ടും ആളുകളെ ചേര്‍ത്തുകൊണ്ടിരിക്കുന്ന മള്‍ട്ടി ലെയേഡ് നെറ്റ്്വര്‍ക് ആണ് പിരമിഡ് സ്‌കീം എന്ന് പുതിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡയരക്ട് സെല്ലിംഗിന്റെ മറവില്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നത് വിലക്കിയ നടപടി കേരളത്തിൽ കര്‍ശനമായി നടപ്പാക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഇത്തരം നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
എം എല്‍ എം കമ്പനികള്‍ ആളുകളെ ചേര്‍ക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസ് പാടില്ല എന്നത് 2012ല്‍ സംസ്ഥാനം തയാറാക്കിയ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് ഗൈഡ്്ലൈനില്‍ വ്യക്തമായി പറയുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധനും സംസ്ഥാന ആസൂത്രണ കമ്മീഷന്‍ മുന്‍ ഉപാധ്യക്ഷനുമായ സി പി ജോണ്‍ പറഞ്ഞു. മള്‍ട്ടി ലെവല്‍ കമ്പനികള്‍ സ്വീകരിക്കുന്ന, ബൈനറി മെതേഡ് ആണ് പലപ്പോഴും പൊട്ടിപ്പോകുന്നതെന്നും ആളെ പറ്റിക്കുന്ന ഏര്‍പ്പാട് പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹനവാഗ്ദാനങ്ങള്‍ നല്‍കിയും മനോഹരമായി കളവു പറഞ്ഞും ആളുകളെ കണ്ണിചേര്‍ത്ത ശേഷം മട്ടുമാറുന്ന സീനിയര്‍മാരുടെ വഞ്ചനയ്ക്കെതിരെ നിരവധി പേരാണ് പ്രതികരണം അറിയിച്ചത്. കണ്ണീരുപ്പും സങ്കടവും വല്ലായ്മയും ദുരിതവും ചേര്‍ന്നതാണ് അനുഭവങ്ങള്‍. നഷ്ടപ്പെട്ട ലക്ഷങ്ങള്‍ക്കപ്പുറം എല്ലാമറിയുന്ന, ഒരുപാട് വിശ്വസിക്കുന്ന ഉറ്റ സ്‌നേഹിതരും ചങ്കുകളും ബന്ധുക്കളും മനസറപ്പില്ലാതെ വഞ്ചിച്ച അനുഭവമാണ് പലര്‍ക്കും ഉണങ്ങാത്ത മുറിവായി ശേഷിക്കുന്നത്.
ഇനിയും ആരും വഞ്ചിക്കപ്പെടാതിരിക്കാന്‍ വേണ്ടിയിതാ ചില അനുഭവക്കുറിപ്പുകള്‍:

തുറന്നുപറയുന്നത് ഇനിയാരും വീഴാതിരിക്കാന്‍
ആശിഖ് ഉസ്മാന്‍
(ഇന്ത്യന്‍ ഫുട്ബോളര്‍)
ഒറ്റപ്പാലം സ്വദേശിയായ കൂടെ കളിക്കുന്ന കളിക്കാരന്‍ ഷമീര്‍ എന്ന ചങ്ങാതിയാണ് ഈ ബിസിനസ് തട്ടിപ്പിലേക്ക് എന്നെ ചേര്‍ക്കുന്നത്. ഞാന്‍ തന്നെ ചതിക്കുമെന്നു തോന്നുന്നുണ്ടോ എന്ന ചോദ്യത്തില്‍ പിന്നീടൊരു സംശയവും തോന്നിയില്ല. ആഴ്ചയിലും മാസത്തിലും വരുമാനം ലഭിക്കുന്നൊരു ബിസിനസ് ആണ്, മൂന്നു മണിക്കൂര്‍ മൊബൈലില്‍ ചെലവഴിക്കണം, ഇടയ്ക്കു സൂം മീറ്റിംഗിനു പങ്കെടുക്കണം. ഇങ്ങനെയാണ് പരിചയപ്പെടുത്തിയത്.

കൊറോണ കാലമായിരുന്നു. കളിയില്ല, പണമില്ല, വീട്ടിലിരിക്കുകയാണ്. 4,05,000 (നാലുലക്ഷത്തി അയ്യായിരം) രൂപ കൊടുത്താണ് ചേര്‍ന്നത്. ഭാര്യയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.

നാലു മാസം കഴിഞ്ഞിട്ടും കാശൊന്നും വരുന്നില്ലല്ലോ എന്നന്വേഷിച്ചപ്പോള്‍ പാലക്കാട് ഓഫീസ് ഉണ്ട്, അവിടെ പോകണം. കോണ്‍ടാക്ട് ലിസ്റ്റ് തയാറാക്കണം. അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍, മറ്റുള്ളവര്‍ എന്നിങ്ങനെ വേര്‍തിരിച്ചെഴുതണം. ഇവരോട് ബിസിനസിനെക്കുറിച്ചു പറയണം എന്നൊക്കെയായി മറുപടി.
ഭാര്യയുടെ ബന്ധുവിനെ ചേര്‍ത്തി ഒരു ലക്ഷം രൂപ അടച്ച ഉടനെ എന്റെ അക്കൗണ്ടിലേക്ക് 26,000 രൂപ ക്യു നെറ്റില്‍ നിന്നു ക്രെഡിറ്റായി. അപ്പോഴാണ് മണി ചെയിന്‍ പരിപാടി ആണല്ലോ എന്നു സംശയം ഉയര്‍ന്നത്. നേരത്തെ ക്രെഡിറ്റ് ആകേണ്ട പണമായിരുന്നു എന്നായി വിശദീകരണം.

പിന്നീട് ഒരനക്കവും ഇല്ലാതിരുന്നതോടെ വീണ്ടും അന്വേഷിച്ചു. ഉല്പന്നം വാങ്ങി വില്‍ക്കണം എന്നായി മറുപടി. ഈ പരിപാടിക്ക് താല്പര്യമില്ലെന്നും നിര്‍ത്തുകയാണെന്നും പറഞ്ഞ് കാശ് തിരികെ ചോദിച്ചപ്പോള്‍, അതിന് ഓപ്ഷനില്ലെന്ന് തീര്‍ത്തുപറഞ്ഞു.

ചേര്‍ക്കുമ്പോള്‍ ഇത്തരം കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. നോട്ടറിയുടെ മുന്നില്‍വച്ച് ചില പേപ്പറുകളില്‍ ഒപ്പിടീക്കുമ്പോള്‍ ആ കടലാസ് വായിച്ചുനോക്കാന്‍ പോലും സമ്മതിച്ചിരുന്നില്ല. തിരക്കഭിനയിച്ച് അതു വായിക്കാനുള്ള സാഹചര്യം അവര്‍ ഒഴിവാക്കും. മണി ചെയിനല്ല, നെറ്റ് വര്‍ക്ക് പരിപാടി അല്ല എന്ന് പലതവണ പറഞ്ഞതാണ്. അതുകൊണ്ടാണ് ചേര്‍ന്നത്. കൂട്ടുകാരന്‍ ചതിക്കില്ലെന്ന വിശ്വാസത്തിലാണ് പണം നിക്ഷേപിച്ചത്.

പണം തിരികെ ചോദിച്ചപ്പോള്‍ അവരുടെ വിധം മാറി. നിങ്ങള്‍ കേസ് കൊടുത്തോളൂ, നമുക്കു കോടതിയില്‍ കാണാം എന്നായി. ദയവുചെയ്ത് ക്യു നെറ്റ് എന്ന പേരില്‍ വരുന്ന ബിസിനസിന് ചേരരുത്. രാവിലെ മുതല്‍ വൈകിട്ടു വരെ ജോലി ചെയ്യുന്ന ആള്‍ക്കാര്‍, സ്വര്‍ണം പണയം വെച്ചിട്ടും ലോണെടുത്തും പലരെയും വിശ്വസിച്ചും ഇതില്‍ ചേര്‍ന്നിട്ടുണ്ട്. മൂന്നും അഞ്ചും ലക്ഷം പെട്ടെന്ന് നഷ്ടപ്പെടുന്നത് ആര്‍ക്കാണ് സഹിക്കാനാവുക.

ക്യു നെറ്റിനെതിരെ പ്രതികരിച്ചതിന് എനിക്കെതിരെ ഒറ്റപ്പാലത്തും പാലക്കാടും മങ്കരയിലും കേസ് കൊടുത്തിരുന്നു. മാനനഷ്ടത്തിനാണ് കേസ് കൊടുത്തത്. കേസും ഭീഷണിയും ഉണ്ടായാല്‍ ക്യു നെറ്റിനെതിരെ പ്രതികരിക്കില്ല എന്നവര്‍ കരുതിക്കാണും. ഇതില്‍പോയി പെട്ടവര്‍ക്കു രക്ഷപ്പെടാന്‍ കഴിയില്ല. ഇതേക്കുറിച്ചു പഠിച്ച് റീ ഫണ്ട് ചെയ്യാനുള്ള 30 ദിവസ കാലാവധി ഇവര് തന്നെ പലതും പറഞ്ഞ് സ്‌കിപ്പ് ആക്കും. 23 ദിവസം ക്ലാസും ഏഴു ദിവസം മറ്റു പരിപാടികളുമായി എന്‍ഗേജ്ഡ് ആക്കും. നിരവധി പേരാണ് എന്നെ വിളിച്ചത്. എത്ര പേരുടെ ജീവിതമാണ് ഇവർ വഴിയാധാരമാക്കിയത്. കുടുംബങ്ങള്‍ തമ്മിലടിക്കുന്നു. ഒരാളെ പറ്റിച്ച പണം എത്രകാലം ഇവര്‍ക്ക് ഉപകാരപ്പെടും. ആളെ ചേര്‍ക്കുക എന്നു പറഞ്ഞാല്‍ തികഞ്ഞ ബോധ്യത്തോടെ അവരെ വഞ്ചിക്കുകയാണ്. ഇവര്‍ പറയുന്നതിന്റെ നാലിലൊന്ന് മൂല്യമില്ലാത്ത ഉല്പന്നങ്ങള്‍ എങ്ങനെ, ആര്‍ക്കു കൊടുക്കാനാണ്. വില്‍ക്കാന്‍ കഴിയാത്ത ഉല്പന്നങ്ങളാണ് ഇവര്‍ നല്‍കുന്നത്.

ഇതില്‍ പെട്ടുപോയവര്‍ പണം തിരിച്ചുകിട്ടാന്‍ വേണ്ടിയാണ് അടുപ്പക്കാരെ ഇതിലേക്കു ചേര്‍ക്കുന്നത്. പെട്ടവര്‍ ആളെച്ചേര്‍ത്തു പണം ഒപ്പിക്കുന്നു. എനിക്കു സംഭവിച്ച പോലെ ഇനി ആര്‍ക്കും സംഭവിക്കരുത്. കഷ്ടപ്പെട്ടു കളിച്ചാണ് ഇത്രയും തുക ഞാനുണ്ടാക്കിയത്. കളി ഉള്ളതുകൊണ്ടാണ് ഞാന്‍ പിടിച്ചുനിന്നത്. പലര്‍ക്കും ഈയബദ്ധം പറ്റിയിട്ടുണ്ട്. പേടിയും മാനക്കേടും കാരണം മിണ്ടാതിരിക്കുകയാണ്. ഈ തട്ടിപ്പു പുറത്തുവരണമെന്നതിനാലാണ് എഫ് ബി ലൈവിലും മറ്റും തുറന്നുപറഞ്ഞത്.
ഏറ്റവും അടുത്ത കൂട്ടുകാരെയും കുടുംബക്കാരെയുമാണ് ഇവര്‍ വലയില്‍ വീഴ്ത്താന്‍ ലക്ഷ്യമിടുന്നത്. അതിനു കാരണം അവര്‍ അത്ര പ്രശ്‌നമുണ്ടാക്കില്ല എന്നതിനാലാണ്. പല കള്‍ച്ചറുകളുമുള്ള ക്യു നെറ്റിന്റെ പേരിലുള്ള തട്ടിപ്പില്‍ ഇനിയാരും വീണുപോകരുത്.

കണ്ണിച്ചോരയില്ലാത്ത കള്ളങ്ങൾ
റിഹാന പെരിന്തല്‍മണ്ണ (അല്‍കോബാര്‍, സഊദി)
അഞ്ചാറു വർഷമായി നല്ല പരിചയമുള്ള പരപ്പനങ്ങാടി പാലത്തിങ്ങലുള്ള യുവതിയാണ് ക്യു നെറ്റിലേക്ക് എത്തിച്ചത്. അവര്‍ ഭര്‍ത്താവിനൊപ്പം റിയാദിലാണ് കഴിയുന്നത്. അനിയത്തിയെ പോലെയായിരുന്നു. എല്ലാ കാര്യങ്ങളും പരസ്പരം ഷെയര്‍ ചെയ്യുമായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്നും ഹോസ്പിറ്റല്‍ ജോലിക്കു ശ്രമിക്കുകയാണെന്നും കുടുംബം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്‍പ്പെടെ വലിയ സാമ്പത്തികസ്ഥിതിയിലാണെന്നും നേരത്തെ ബോധ്യപ്പെടുത്തിയിരുന്നു.
2021 ജനുവരിയിലാണ് എന്നോട് പ്ലാന്‍ പറയുന്നത്. അതിനു മുമ്പ് പതിനഞ്ചോളം പേരെ ഇവര്‍ ബന്ധപ്പെട്ടിരുന്നു എന്നും അവരെ വലയിലാക്കി എന്നും പിന്നീടാണ് അറിയുന്നത്. ഈ ബിസിനസിനെ കുറിച്ചു പരിചയപ്പെടുത്തിത്തുടങ്ങുമ്പോള്‍ മുതല്‍ ഇവര്‍ ആളാകെ മാറും. ബിസിനസ് മീറ്റിംഗുകളും സെമിനാറുകളുമായി തിരക്കോടു തിരക്ക്.

“സ്വന്തമായി അധ്വാനിച്ച്’ ഉമ്മാക്ക് സമ്മാനിച്ച ഡയമണ്ട് മാലയും ഭര്‍ത്താവിന് നല്‍കിയ ലക്ഷം രൂപ വിലയുള്ള വാച്ചും അങ്ങനെ പലതും ഇവര്‍ വാട്‌സാപ്പിലും മറ്റും ഷെയര്‍ ചെയ്തുകൊണ്ടേയിരിക്കും. സ്വന്തം പണം കൊണ്ട് ഉമ്മാനെ നന്നായി നോക്കണം എന്നത് എന്റെ ആഗ്രഹമായിരുന്നു. ലാഭക്കൊതിയായിരുന്നില്ല എന്നെ ആകര്‍ഷിച്ചത്; വീട്ടിലിരുന്ന് സ്വയം ചെയ്യാവുന്ന ഒരു ബിസിനസ് എന്നതാണ്.
തന്റെ കമ്പനിയില്‍ ഒഴിവുണ്ട്, നിങ്ങളുടെ പേര് കൊടുക്കട്ടേ എന്നു ചോദിച്ചാണ് പിന്നീട് വിളി വന്നത്. വാവസണ്‍ എന്നാണ് കമ്പനിയുടെ പേര്. ആമസോണ്‍ പോലെ ഓണ്‍ലൈന്‍ വ്യാപാരം കൈകാര്യം ചെയ്യുകയാണ് ജോലി. ഒരു ഇ-കൊമേഴ്‌സ് സൈറ്റിന്റെ പേര് പറഞ്ഞു.

ബിസിനസ് ചെയ്യാന്‍ മൂന്നു മാസത്തെ ട്രെയ്‌നിംഗ് കിട്ടും. നെറ്റ് സൗകര്യവും ലാപ്‌ടോപ്പും ഉണ്ടെങ്കില്‍ വീട്ടിലിരുന്നു ചെയ്യാം. ദിവസം മൂന്നു മണിക്കൂര്‍ മാറ്റിവെച്ചാല്‍ മതി, നല്ല കമ്പനിയാണ്. സൂം പ്ലാറ്റ്‌ഫോമിലായിരുന്നു കമ്പനിയുടെ ബോസിന്റെ അഭിമുഖം.

കമ്പനിയുടെയും ബോസിന്റെയും മഹത്വം പറഞ്ഞ് ആദ്യമേ ഇവര്‍ നമ്മെ ഹൈ പ്രഷറിലാക്കും. വല്ലാത്ത മാനസികാവസ്ഥയിലെത്തിച്ചാണ് “അപൂര്‍വമായി ലഭിക്കുന്ന’ ഈ അഭിമുഖത്തിന് അവസരമൊരുക്കുക. നല്ല ഡ്രസ് കോഡ് വേണം. നന്നായി പ്രസന്റു ചെയ്യണം. അധികം ചോദ്യം ചോദിക്കരുത് എന്നീ നിബന്ധനകളൊക്കെയുണ്ട്.
വന്ന ആള്‍ കമ്പനിയുടെ ബിസിനസ് പ്ലാന്‍ ആണ് പറഞ്ഞത്. ബി ടു ബി, ബി ടു സി രീതിയാണ് ചെയ്യേണ്ടത്. ഇവിടെയും ചതി മനസിലായില്ല. നാം ചുരുങ്ങിയത് ഏഴു ഷോപ്പ് (ടി സി) വാങ്ങണം. അതിന് 4,20,000 രൂപ ആകും. അതുപറഞ്ഞ് ഉടന്‍ ഇന്റര്‍വ്യൂ അവസാനിപ്പിച്ചു. കുറെ ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെങ്കിലും അതിനൊന്നും അവസരം ലഭിച്ചില്ല. സംശയങ്ങള്‍ ചേര്‍ത്തിയവരോടു ചോദിച്ചാല്‍ മതി.
കാശിന്റെ കാര്യത്തില്‍ വിയോജിപ്പു പറഞ്ഞപ്പോള്‍, 17 പേര്‍ ഇന്റര്‍വ്യൂവിന് വന്നിട്ടുണ്ട്. അതുകൊണ്ട് കിട്ടുമോ എന്നുറപ്പില്ല, നാലു പേരെ സെലക്ട് ചെയ്യും, ഒരാള്‍ക്ക് ജോലി കിട്ടും എന്നൊക്കെയായിരുന്നു മറുപടി.

വീട്ടിലിരുന്ന് വലിയൊരു കമ്പനിയുടെ ഭാഗമാകാനുള്ള ആഗ്രഹം ഉള്ളിന്റെയുള്ളില്‍ മുളച്ചിട്ടുണ്ടായിരുന്നു. അതിഭയങ്കരമായ എക്‌സൈറ്റുമെന്റോടെയാണ് സെലക്ട് ചെയ്യപ്പെട്ട വിവരം അറിയിക്കുക. നാലു പേരില്‍ ടോപ്പില്‍ നീയാണ്. ആദ്യം കാശ് അടയ്ക്കുന്നവര്‍ക്കു കിട്ടും.

വീട്ടില്‍ വെറുതേ ഇരിക്കണ്ടല്ലോ എന്നു കരുതിയാണ് ഒടുവില്‍ ഭര്‍ത്താവ് കാശു തരാന്‍ സമ്മതിച്ചത്. സുഹൃത്ത് ചതിക്കില്ലെന്ന ഉത്തമവിശ്വാസമായിരുന്നു എന്റെ ധൈര്യം. അവരുടെ അക്കൗണ്ട് നമ്പര്‍ ചോദിച്ചപ്പോള്‍ നല്‍കിയില്ല. കമ്പനിയുടെ ദുബൈയിലെ പ്രതിനിധിയുടെ അക്കൗണ്ട് നമ്പറാണ് തന്നത്.

അവള്‍ വര്‍ക്കു ചെയ്യാന്‍ തുടങ്ങിയിട്ട് മൂന്ന് നാലു മാസം ആയിട്ടേ ഉളളൂ, ഒന്നര- രണ്ടു ലക്ഷം സാലറി കിട്ടുന്നുണ്ടെന്നും പറഞ്ഞിരുന്നു. കൂടുതല്‍ സമയം വര്‍ക്ക് ചെയ്ത് കൂടുതല്‍ ഓര്‍ഡറുകള്‍ സോള്‍വ് ചെയ്താല്‍ കൂടുതല്‍ പണം ലഭിക്കും.
രണ്ടു ദിവസം കഴിഞ്ഞ് ഫോണില്‍ ക്യു നെറ്റിന്റെ മെസേജ്. 4,20,000ത്തില്‍ 200 ഡോളര്‍ ബാക്കി വെച്ചിട്ട് ഉല്പന്നം പര്‍ച്ചേസ് ചെയ്ത ഇന്‍വോയ്‌സ് ആയിരുന്നു. ഇതു കണ്ടമ്പരന്നു പോയി. ഒരു വാച്ച്, ഡയമണ്ട് ലോക്കറ്റ്, ഗോള്‍ഡ് മാല, കുറച്ച് ആപ്പുകള്‍ എന്നിവയാണ് ഞങ്ങള്‍ “അറിയാതെ’ വാങ്ങിയത്!

അന്വേഷിച്ചപ്പോള്‍ നല്‍കിയ പണത്തിന് ദുബൈ കോടതിയില്‍ വെച്ച് മുദ്രപത്രത്തില്‍ ഒപ്പിട്ട് അയച്ചു തരുമെന്നും പണം നഷ്ടപ്പെടില്ലെന്നും സഊദിയില്‍ കമ്പനി രജിസ്‌ട്രേഡ് ആണെന്നും പ്രവര്‍ത്തനം നിയമപരം ആണെന്നും വിശ്വസിപ്പിച്ചിരുന്നു. ഇത്ര വലിയ കമ്പനിയില്‍ ജോയിന്‍ ചെയ്തതിനുള്ള കോംപ്ലിമെന്ററി ഗിഫ്റ്റാണ് വാച്ചും ലോക്കറ്റുമെന്നുമായി വിശദീകരണം.

ക്യു നെറ്റ് എന്ന് അപ്പോഴാണ് കേള്‍ക്കുന്നത്. സെര്‍ച്ച് ചെയ്തപ്പോള്‍ നിരവധി നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ കണ്ടു. ക്യു നെറ്റ് കണ്ടു പേടിക്കേണ്ട, ക്യു നെറ്റ് ഇന്‍ഫിനിറ്റിയാണ് നമ്മുടെ കമ്പനി. അപ്പോഴാണ് ശരിക്കും ട്രാപ്പിലായത് തിരിച്ചറിയുന്നത്.
15 ദിവസത്തിനകം ഉല്പന്നങ്ങള്‍ കിട്ടി. നാലായിരം റിയാല്‍ വിലയിട്ട് വാച്ചും ഏഴായിരം റിയാല്‍ വിലയിട്ട് ഡയമണ്ട് ലോക്കറ്റും പിന്നെ ആപ്പും. വാച്ചിന് അഞ്ഞൂറ് റിയാല്‍ പോലുമില്ലെന്ന് പിന്നീടാണ് മനസിലാകുന്നത്.

ഇനിയങ്ങോട്ട് ക്ലാസുകളുടെ സമയമാണ്. മോട്ടിവേഷന്‍ പരമ്പര, വിജയകഥകള്‍. ഇതുവരെ ജീവിച്ചത് ജീവിതമല്ല, ഇനിയാണ് ജീവിതം ആസ്വദിക്കുന്നത് എന്നിങ്ങനെയാണ് ക്ലാസുകളുടെ ഒരു സ്വഭാവം. ഉസ്താദുമാരുടെ വേഷമിട്ടവരും ഖുര്‍ആന്‍ ആയത്തോതി അര്‍ഥം പറയുന്നവരും അതിലുണ്ടായിരുന്നു. പടച്ചോനും നേരും നെറിയും വിട്ടൊരു കളി പാടില്ല എന്നു തുടങ്ങും ഉപദേശങ്ങള്‍. ഇതര മതവിശ്വാസികളോട് അവരുടെ പ്രാര്‍ഥന കഴിഞ്ഞിട്ടു വന്നാല്‍ മതിയെന്നും നിര്‍ദേശിക്കും. ദൈവാനുഗ്രഹം ലഭിക്കുന്ന സംഗതിയാണ്.

അവര്‍ ഒരുക്കുന്ന ആ ഒരു ആംപിയന്‍സ് നമുക്ക് പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയില്ല. പടച്ചോനും വിശ്വാസവും പാവങ്ങളെ സഹായിക്കലും ആണിവരുടെ മെയിന്‍. നമ്മുടെ സുകൃതത്തിന്റെ ഫലമായാണ് നാം ഇവിടെ എത്തിയതെന്നുപോലും വിശ്വസിച്ചുപോകും.

അതിനിടെ കുടുംബക്കാരോടും ഉറ്റവരോടും ബിസിനസിനെപ്പറ്റി പറയിപ്പിക്കും. എന്നാല്‍ ക്യു നെറ്റ് എന്ന് തുടക്കത്തില്‍ പറയരുത്. മള്‍ട്ടി നാഷനല്‍ കമ്പനിയെ കുറിച്ചുള്ള സ്റ്റോറികള്‍ വാട്‌സാപ്പില്‍ അയച്ചുതരും, സ്റ്റാറ്റസ് ഇടണം. ഇതുകണ്ട് ആളുകള്‍ അന്വേഷിക്കും. അപ്പോഴവരോട് കമ്പനിയെ കുറിച്ചും അവസരത്തെ കുറിച്ചും പറയണം.

ഡ്രീം ബുക്ക് തയാറാക്കി നമ്മുടെ സ്വപ്‌നങ്ങള്‍ എഴുതിവെക്കണം. പിന്നീട് ട്രെയിനിംഗ് ആയിരുന്നില്ല, ഒന്നാന്തരം തള്ളുകള്‍. നേരത്തെ ചാണകം കോരിയവര്‍ ഇപ്പോള്‍ ബി എം ഡബ്ല്യുവില്‍ പോകുന്നതു പോലുള്ള കഥകള്‍. ഭയ്യ, ഭായി തുടങ്ങി നിരവധി പേരുടെ മോഹിപ്പിക്കുന്ന കഥകളുണ്ടാകും. പുസ്തകങ്ങള്‍ വായിക്കണം.

എസ് ഒ പി പ്രൊസീജ്യര്‍ പാലിക്കണമെന്ന് പിന്നീടാണ് അറിയിക്കുക. ഉറ്റവരെയും അടുത്തവരെയും ബിസിനസില്‍ പാര്‍ട്ണറാക്കിയാല്‍ ഹോട്ട് പൊസിഷന്‍ കിട്ടും. ഇതിനായി സമ്മര്‍ദം ചെലുത്തും. ക്ലാസില്‍ കുട്ടികളെ മാനസികമായി തകര്‍ക്കുന്നതു പോലെ സൈക്കോളജിക്കല്‍ മൂവ്. പുതിയ ആളുകളെ വലയില്‍ വീഴ്ത്താനുള്ള കള്ളത്തരമാണ് എസ് ഒ പി. ഓണ്‍ലൈന്‍ ഷോപ്പിംഗ് ഒക്കെ പിന്നീട് മായയാകും. ഉല്പന്നം നേരിട്ടു വില്‍ക്കണം. സംശയങ്ങള്‍ ചോദിച്ചപ്പോള്‍ ചേര്‍ത്തിയ ആള്‍ എന്നോട് ബന്ധമില്ലാതെയായി. ഫോണ്‍ ബ്ലോക്കു ചെയ്തു. കളി മാറി.

കൂടെയുള്ളവരുടെ നമ്പര്‍ സംഘടിപ്പിച്ച് അവരുമായി ബന്ധപ്പെട്ടപ്പോള്‍ ഒരേ ഐറ്റം തന്നെയാണ് എല്ലായിടത്തും പയറ്റിയത് എന്നറിഞ്ഞു. എക്‌സിറ്റ് അടിച്ച് നാട്ടിലേക്കു പോവുകയാണെന്നും തുടരാന്‍ കഴിയില്ലെന്നും കാശ് തിരിച്ചുതരണമെന്നും ആവശ്യപ്പെട്ടു. കാശ് തരാമെന്നു സമ്മതിച്ചെങ്കിലും മറ്റുള്ളവരെ അറിയിച്ചപ്പോള്‍ നിലപാട് മാറി. ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് അടിച്ചപ്പോള്‍ പലരും വിളിച്ചന്വേഷിച്ചു.
ഇന്ത്യന്‍ എംബസിയില്‍ പരാതി കൊടുത്തിട്ടുണ്ട്. കോടതി മുഖേനയാണ് കൂടുതല്‍ ഫലപ്രദമാവുക എന്നതിനാല്‍ സഊദിയില്‍ കേസ് കൊടുത്തിട്ടുണ്ട്. കളവു പറഞ്ഞ് ആളുകളെ ഇടവും വലവും ചേര്‍ത്താല്‍ മാത്രമേ ക്യു നെറ്റില്‍ മുന്നോട്ടു പോകാന്‍ കഴിയൂ. ഉല്പന്നം വില്‍ക്കാന്‍ സാധിക്കില്ല.

എന്റെ അടുത്ത സുഹൃത്ത് വളരെ നന്നായി കള്ളം പറയുമെന്നു വളരെ വൈകിയാണ് മനസിലായത്. കളവുകള്‍ പറയുന്നവര്‍ക്കും മറ്റുള്ളവരെ ചതിക്കാന്‍ മടിയില്ലാത്തവര്‍ക്കും ഏറ്റവും അനുയോജ്യവും സുരക്ഷിതവുമായ ഇടമാണ് ക്യു നെറ്റ്.

തകരുന്നത് നിങ്ങളുടെ ഇമേജാണ് ഫാറൂഖ് രണ്ടത്താണി
രണ്ടാഴ്ച മുമ്പാണ് കൂട്ടുകാരന്‍ വിളിച്ചത്. “എന്റെ ഉപ്പയോട് അടുത്ത ബന്ധമുള്ളൊരാള്‍ ക്യൂനെറ്റ് എന്ന കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കുന്നുണ്ട്. രണ്ടു വര്‍ഷം കൊണ്ട് ജീവിതം സെറ്റാകുമെന്നാണ് പറയുന്നത്. പലരും പണം ഉണ്ടാക്കിയിട്ടുണ്ടെന്നും അയാള്‍ പറയുന്നു. എന്താണ് നിന്റെ അഭിപ്രായം.’

“ഉപ്പ എന്ത് തീരുമാനിച്ചു?’
“ജോയിന്‍ ചെയ്യാന്‍ നില്‍ക്കാണ്. ഉപ്പാക്ക് അത്ര വിശ്വാസമുള്ളൊരാളാണ് അയാള്‍. പോരാത്തതിന് ഒരു മൊയ്‌ല്യാരും ആണ്.’

“കഷ്ടപ്പാട് കൊണ്ട് ഇപ്പൊ അടുത്തല്ലേ ഉപ്പ ഗള്‍ഫില്‍ പോയത്. അപ്പോഴേക്കും ക്യു നെറ്റില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ മാത്രം പണം ആയോ കയ്യില്‍!’

“അതൊന്നും ഇല്ല. ഉമ്മാന്റെ പണ്ടം വിറ്റിട്ടാണ് ജോയിന്‍ ചെയ്യാനുള്ള പ്ലാന്‍.’
അതുകേട്ടപ്പോള്‍ എന്റെ വയറ്റില്‍ നിന്ന് ഒരു ആന്തല്‍ മുകളിലോട്ട് കയറിയ പോലെ തോന്നി.

“എടാ… ഉമ്മാന്റെ കഴുത്തില്‍ കിടക്കുന്നത് ഇപ്പൊ അവിടെ കിടക്കുന്നത് കാണാന്‍ നല്ല രസല്ല്യേ. അതവിടത്തന്നെ കിടന്നോട്ടെ. വെറുതെ ഓരോ ഉടായിപ്പില്‍ പണം ഇട്ട് ഉള്ളത് കളയണ്ട.’

“ഗൂഗിളില്‍ ജസ്റ്റ് മലയാളത്തില്‍ പോലും ക്യു നെറ്റ് എന്ന് സെര്‍ച്ച് ചെയ്താല്‍ നിരവധി ആളുകളുടെ പണം നഷ്ടപ്പെട്ടതിന്റെ റിപ്പോര്‍ട്ടുകള്‍ അനവധി കിട്ടും. നീയൊന്ന് പരിശോധിച്ചു നോക്കിയിട്ട് ഉപ്പാക്ക് അതൊക്കെ ഒന്ന് അയച്ചു കൊടുക്ക്.’
അയാള്‍ പറഞ്ഞ പോലെ രണ്ടു വര്‍ഷം മുമ്പ് വേറെ പലരും വന്നിരുന്നു. രണ്ടു വര്‍ഷം കൊണ്ട് ലൈഫ് സെറ്റാകും എന്നൊക്കെ പറഞ്ഞ് ഒടുക്കത്തെ മോട്ടിവേഷനുമായി. എന്നിട്ട് അവരുടെയൊക്കെ ലൈഫ് സെറ്റായോ, അവര്‍ ഇപ്പോ എന്തു പണിയാണ് എടുത്തോണ്ടിരിക്കുന്നതെന്ന് എന്നൊക്കെ ഒന്ന് അന്വേഷിക്ക് എന്നും പറഞ്ഞു.
എനിക്കറിയാവുന്ന പലരും ഇതില്‍ പണം നഷ്ടപ്പെട്ടവരുണ്ട്  എന്ന് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: “ഞാനിത് അയാളോട് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, അതൊക്കെ വര്‍ക്ക് ചെയ്യാത്തവര്‍ക്കാണ് പോയതെന്ന്.’

ക്യു നെറ്റ് എന്നല്ല ഏത് നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികളില്‍ പോയി പെടുന്നവര്‍ക്കെല്ലാവര്‍ക്കും ഉപകരിക്കുന്ന വളരെ സിംപിളായ ചില കാര്യങ്ങള്‍ പറയാം:

* ഭൂരിഭാഗം ആളുകളും ഇവരുടെ ഉല്പന്നം വാങ്ങുന്നത് ഗുണമേന്മ കൊണ്ടല്ല. മറിച്ച് ഞാനിത് വാങ്ങി ഇതില്‍ കണ്ണിയായി. വേറൊരാള്‍ക്ക് വിറ്റാല്‍ എനിക്കും കമ്മീഷന്‍ കിട്ടുമല്ലോ എന്ന സാമ്പത്തിക ലക്ഷ്യം വെച്ചാണ്.

* ഒരു ഉല്പന്നം വില്‍ക്കുക എന്നത് അത്ര സിംപിളല്ല. ജോയിന്‍ ചെയ്യുന്ന എല്ലാവര്‍ക്കും മോട്ടിവേഷന്‍ ക്ലാസില്‍ കേട്ടതുപോലെ വില്‍ക്കാന്‍ കഴിയില്ല. സ്വാഭാവികമായും ജോയിന്‍ ചെയ്തവര്‍ക്ക് വരുമാനം കിട്ടാതെയാകും. പണം നഷ്ടമായി എന്ന ഫീല്‍ വരും.
* ഒരാളും ഈ നെറ്റ് വര്‍ക്കില്‍ കണ്ണികളാകുന്നത് കമ്പനിയെ കുറിച്ചോ ഉല്പന്നത്തെ കുറിച്ചോ പഠിച്ചിട്ടല്ല. മറിച്ച് തന്റെ മുന്‍പില്‍ ഈ പ്ലാന്‍ പറയാന്‍ വരുന്ന വ്യക്തിയെ വിശ്വസിച്ച് മാത്രമാണ്.

* സ്വാഭാവികമായും ഉല്പന്നം  വില്‍ക്കാന്‍ കഴിയാത്തവര്‍, ഇന്‍വെസ്റ്റ് ചെയ്ത് പണം നഷ്ടമായവര്‍ ഒരു കാര്യമേ പറയൂ. “അവന്‍ പറഞ്ഞിട്ടാണ് ഞാന്‍ പണം ഇട്ടത്. ഇപ്പോ പണവും പോയി. മാത്രമല്ല ഒരു ഉപകാരവുമില്ലാത്ത കുറേ ഉല്പന്നങ്ങളുമാണ് വാങ്ങിയത്.’
* പിന്നെ നിങ്ങള്‍ക്ക് മറ്റൊരാളുടെ മുഖത്ത് നോക്കാന്‍ മടിയായിരിക്കും. മാത്രമല്ല ഉറ്റ സുഹൃത്തുക്കള്‍, കുടുംബക്കാര്‍ ഇവരില്‍ നിന്നൊക്കെ പണം വാങ്ങിയതുകൊണ്ട് ഒരുപക്ഷേ ആ ബന്ധങ്ങളില്‍ വരെ വിള്ളല്‍ വീണേക്കാം.

* ഈ പ്ലാന്‍ പറയാന്‍ വരുന്നയാളും കമ്പനി നല്‍കിയ വാഗ്ദാനങ്ങളുടെയും ഇവര്‍ക്ക് നല്‍കിയ മോട്ടിവേഷന്റെയും അടിസ്ഥാനത്തിലാണ് നിങ്ങളോട് തള്ളി മറിക്കുന്നത്. കമ്പനി മാനേജ്‌മെന്റ് ഈ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നവരാകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല.

* ഇവിടെ ചൂഷണം ചെയ്യുന്നത് മറ്റെന്തിനെക്കാളും നിങ്ങളെന്ന വ്യക്തിയെ മാത്രമാണ്. നിങ്ങളില്‍ മറ്റുള്ളവര്‍ക്കുള്ള വിശ്വാസത്തെയാണ്. ആത്യന്തികമായി നിങ്ങളുടെ ഇമേജിനെയാണ്!

കമ്പനിയല്ല കള്‍ച്ചറുകളാണ് വില്ലന്‍
അലി അക്ബര്‍
കാശ് പോയിരിക്കയാണ്. തിരിച്ചു തരില്ല എന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. നിയമപരമായി പോയിട്ടു കാര്യമില്ല. പണനഷ്ടത്തിന്റെ കാര്യത്തില്‍ കാശ് തിരിച്ചു വാങ്ങിത്തരാന്‍ പൊലീസിന് വകുപ്പില്ലെന്നറിയുന്നു. ഇതു സിവില്‍ കേസായിട്ടാണ് പോവുക. അപ്പോള്‍ നമ്മുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ കോടതിയില്‍ സമര്‍പ്പിച്ച് കേസ് അനുകൂലമാക്കിയെടുക്കണം.

2018 ആഗസ്ത് 4നാണ് തുടങ്ങിയത്. അപ്പോള്‍ എന്നെ ചേര്‍ത്തിയ ആളോട് തിരിച്ചും മറിച്ചും ചോദിച്ചതാണ് ഇത് നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് ആണോ, ആളെ ചേര്‍ക്കുന്ന പരിപാടി ആണോ എന്ന്. അവര്‍ മറുപടി പറഞ്ഞത്, അങ്ങനെ ഒരു സംശയവും വേണ്ട എന്നായിരുന്നു.

ഇദ്ദേഹത്തിന്റെ ബന്ധു ഉള്‍പ്പടെ ഗള്‍ഫില്‍ നല്ല ശമ്പളം വാങ്ങിയിരുന്നവര്‍ ഈ ബിസിനസ് ചെയ്യുന്നുണ്ടെന്നു വ്യക്തമാക്കിയാണ് നമ്മളെ സമീപിച്ചത്. എം എല്‍ എം ആണോ എന്നു ആരാഞ്ഞപ്പോള്‍ ലഭിച്ച മറുപടി, ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് പോലുള്ള ഇ കൊമേഴ്‌സ് ബിസിനസ് ആണെന്നാണ്. ഓണ്‍ലൈന്‍ ബിസിനസ് നടത്തിയാല്‍ മതി, ഒരു ലക്ഷത്തിലേറെ കണ്‍സ്യൂമര്‍ ബേസ് കമ്പനിക്കുണ്ട് എന്നൊക്കെയാണ് പറഞ്ഞത്.
ബിസിനസ് തുടങ്ങിയാല്‍ തന്നെ ഒന്നു രണ്ടു വര്‍ഷം പരിശീലന പരിപാടികള്‍ ഉണ്ടാകും എന്നും അവര്‍ ബോധ്യപ്പെടുത്തുകയുണ്ടായി. നമ്മുടെ ചുറ്റുമുള്ള എം എല്‍ എം കമ്പനികളുടെ പ്രവര്‍ത്തനം അങ്ങനെയായിരുന്നില്ല. മൂന്നു മാസം പഠിക്കാനുണ്ട്, അഞ്ചു പുസ്തകങ്ങള്‍ വായിക്കാനുണ്ട്, കുറെ ട്രെയ്‌നിംഗ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാനുണ്ട്, നിരവധി വീഡിയോകള്‍ കാണാനുണ്ട്. ഇതൊക്കെ കഴിഞ്ഞ ശേഷമേ ഫീല്‍ഡിലേക്ക് ഇറങ്ങാന്‍ പാടുള്ളൂ എന്നായിരുന്നു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് അല്ലെന്നു നമുക്കു ബോധ്യമാവുകയാണ്. ഓണ്‍ലൈന്‍ ബിസിനസ് ആകുമെന്നാണ് നമ്മള്‍ കരുതുക.

റോബര്‍ട്ട് കിയോസാകിയുടെ ബിസിനസ് സ്‌കൂള്‍ ഉള്‍പ്പെടെ പൊതുപുസ്തകങ്ങളാണ് വായിക്കാന്‍ നല്‍കുന്നത്. പുസ്തകത്തില്‍ പറയുന്നത് ഡയരക്ട് സെല്ലിംഗിനെയും നെറ്റ്്വര്‍ക്ക് മാര്‍ക്കറ്റിംഗിനെയും കുറിച്ചാണ്. ഈ സമയം ശരിക്ക് കമ്പനി പ്രതിനിധികള്‍ വിനിയോഗിക്കുന്നത് ചേരുന്നവരുടെ ശ്രദ്ധ തിരിക്കാനാണ്. കമ്പനിയുടെ റീഫണ്ട് ഓപ്ഷന്‍ ഒരു മാസമാണ്. ഒരു മാസത്തിനുള്ളില്‍ ഉല്പന്നം തിരിച്ചേല്‍പ്പിച്ച് രണ്ടു ശതമാനമോ മറ്റോ കിഴിച്ച് ബാക്കി തുക തിരിച്ചു കിട്ടും എന്നാണ് വ്യവസ്ഥ. ഈ കാര്യത്തില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ കൂടിയാണ് മറ്റു കാര്യങ്ങളില്‍ വ്യാപൃതരാക്കി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള കാലം തീര്‍ക്കുന്നത്. സ്റ്റാന്‍ഡേർഡ് ഓപ്പറേറ്റിംഗ് സിസ്റ്റം (എസ് ഒ പി) ആളെ ചേര്‍ക്കാനുള്ള ഇവരുടെ മറ്റൊരു തരികിടയാണ്. ഓരോ മനുഷ്യരും ജീവിതത്തില്‍ രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരോട് നമുക്കു ചേരാനാകുമോ എന്നു ചോദിക്കുമ്പോള്‍ ലഭിക്കുന്ന മറുപടി “അറിയില്ല, കമ്പനിയില്‍ വേക്കന്‍സി ഉണ്ടോ എന്നറിയില്ല’ എന്നൊക്കെയാണ്. നെറ്റ്്വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ വേക്കന്‍സി എന്നൊരു വിഷയം ഇല്ലല്ലോ. തയാറുള്ള ആര്‍ക്കും സൈനപ്പ് ചെയ്ത് അതില്‍ ചേരാനാകും. ഇവിടെ പുകമറ തീര്‍ത്ത് ആളുകളെ പറ്റിക്കാനാണ് ഇവര്‍ ഈയൊരു രീതി സ്വീകരിക്കുന്നത്.
സംഗതി തിരിച്ചറിഞ്ഞാല്‍ പിന്നെ രണ്ട് ഓപ്ഷനേ മുന്നിലുള്ളൂ. ഒന്ന്, നഷ്ടപ്പെട്ട പണം പോട്ടെ എന്നു കരുതി വഴിമാറി നടക്കുക. അല്ലെങ്കില്‍, ഈ രീതിയൊക്കെ സ്വീകരിച്ച് കൂടുതല്‍ ആളുകളെ ഇതില്‍ ചേര്‍ക്കണം.

ശരിക്ക് അഞ്ഞൂറ് ബിസിനസ് വാള്യം(ബി വി) എടുത്താല്‍ ക്യു നെറ്റ് പ്ലാറ്റ് ഫോമില്‍ ബിസിനസ് തുടങ്ങാനാകും. അതിന് പരമാവധി 25000- 30000 രൂപ മതി. ക്യു നെറ്റ് ചീഫ് പത്മന്‍ സേനാതിരാജ വീഡിയോയില്‍ ഇക്കാര്യം പറയുന്നുണ്ട്. പക്ഷേ ഇന്‍ഫിനിറ്റി, ഓഷ്യന്‍ തുടങ്ങി വിവിധ കള്‍ച്ചറുകളാണ് റൂട്ട് മാറ്റുന്നത്. ആയിരം ബി വിക്ക് ഒരു ട്രാക്കിംഗ് സെന്റര്‍ (ടി സി) സ്വന്തമാക്കാം. ഏഴായിരം- പതിനായിരം ബിസിനസ് വാള്യം ഉണ്ടെങ്കിലേ ബിസിനസ് തുടങ്ങാനാകൂ എന്നാണ് ഇന്‍ഫിനിറ്റി ടീമിന്റെ പരിപാടി. സച്ചിന്‍ ഗുപ്തയാണ് ഇന്‍ഫിനിറ്റി കള്‍ച്ചര്‍ ഇന്ത്യയില്‍ പരിചയപ്പെടുത്തിയത്.
ചേരുന്ന ആളുടെ ഇടതും വലതും മൂവായിരം ബിസിനസ് വാള്യം (ബി വി) ചേര്‍ന്നെങ്കിലേ എനിക്ക് 200 ഡോളറിന്റെ ഒരു ചെക്ക് കിട്ടുകയുള്ളൂ. (പരമാവധി 16,000 രൂപ). മിനിമം ഒന്നര ലക്ഷം രൂപ മുടക്കിയാലേ മൂവായിരം ബി വി കിട്ടുകയുള്ളൂ. അപ്പോള്‍ മൂന്നു ലക്ഷം രൂപ തനിക്കു താഴെ ചേര്‍ത്താലേ ഒരു ചെക്ക് കമ്പനിയില്‍ നിന്നു കിട്ടുകയുള്ളൂ. കേരളത്തില്‍ തിരൂര്‍ സ്വദേശി ജലീല്‍ എന്നയാളാണ് ഈ രീതി പരിചയപ്പെടുത്തിയത്. പതിനായിരം ബി വി ചേര്‍ത്താല്‍ മൂന്നു ചെക്ക് കമ്പനിയില്‍ നിന്നു കിട്ടും. അതുകൊണ്ട്, വേഗം പണം തിരിച്ചുപിടിക്കാനാണ് ഇന്‍ഫിനിറ്റി ടീം പരമാവധി പണം മുടക്കി ആളെ സൈന്‍ അപ്പ് ചെയ്യിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ട്രാക്കിംഗ് സെന്റര്‍ ആക്ടീവ് ആക്കാനാണ് ഉല്പന്നങ്ങള്‍ വാങ്ങുന്നത്.
ചിലരെ ഇന്ത്യന്‍ പോര്‍ട്ടലിലും ചിലരെ യു എ ഇ പോര്‍ട്ടലിലുമാണ് സൈനപ്പ് ചെയ്യിക്കുന്നത്. യു എ ഇ പോര്‍ട്ടലില്‍ സൈനപ്പ് ചെയ്യിക്കുമ്പോള്‍ കാശ് അല്ലെങ്കില്‍ അക്കൗണ്ടിലേക്ക് കാശ് ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയാണ് ഇവരുടെ രീതി. എന്നാല്‍ ഇന്ത്യന്‍ സൈറ്റിലാണ് സൈനപ്പ് എങ്കില്‍ വിഹാന്‍ ഡയറക്ട് സെല്ലിംഗ് കമ്പനിയുടെ പേരില്‍ ഡി ഡി എടുക്കാനാണ് പറയുക. ഐ കൂപ്പണും ഇ കാര്‍ഡും ലഭിക്കും.
പണം തിരിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അത് വ്യക്തിപരമായ റിസ്‌കില്‍ മാത്രമാകും. ഒരു മാസം കഴിഞ്ഞാല്‍ കമ്പനിയില്‍ നിന്നു തിരിച്ചുകൊടുക്കാന്‍ വകുപ്പില്ല. കാശു കൊടുത്തിട്ടുണ്ടെങ്കില്‍ മാനക്കേടു ഭയന്നാണ് അവരത് ചെയ്തിട്ടുണ്ടാവുക.
പണം കൊടുക്കുന്നത് ഉല്പന്നത്തിന്റെ വിലയായാണ്. ട്രാക്കിംഗ് സെന്ററിന്റെ വിലയല്ല. നോട്ടറിയുടെ പക്കല്‍ നിന്ന് ഒപ്പിടുന്ന കരാര്‍ വായിച്ചുനോക്കാന്‍ പോലും തന്ത്രപൂര്‍വം സമ്മതിക്കില്ല. സംഘടന ചാനലും പണ്ഡിതന്മാരെയും പലരും ഈ തട്ടിപ്പു മറയാക്കുന്നുണ്ട് എന്നതാണ് ഏറെ സങ്കടകരം.

കോട്ടണിഞ്ഞ തട്ടിപ്പ് 
ഷബീര്‍ കട്ടുപ്പാറ, പുലാമന്തോള്‍
ഒരു മനുഷ്യായുസ്സിന്റെ പകുതിയിലധികവും ഗള്‍ഫ് മണലാരണ്യത്തില്‍, ചൂടും തണുപ്പും സഹിച്ചു കഷ്ടപ്പെട്ട് ജീവിച്ചു വരുന്നവരാണ് എണ്‍പത് ശതമാനം മലയാളികളും. ഇതില്‍ ശരാശരി ജീവിതം നയിക്കുന്നവരും അതിനുമുകളിലുള്ളവരും ലക്ഷ്വറി ജീവിതം നയിക്കുന്നവരുമുണ്ട്. ഗള്‍ഫില്‍ വന്നു ബിസിനസ് ചെയ്തും ഉയര്‍ന്ന ശമ്പളത്തില്‍ ജോലിചെയ്തും പണക്കാരായ ഒരാളും അവരുടെ ജീവിതശൈലിയും വീടും വാഹനങ്ങളും മറ്റു ആര്‍ഭാടങ്ങളും പൊതുജനത്തിന് മുന്നില്‍, സാമൂഹിക മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച് അവര്‍ ചെയ്യുന്ന ബിസിനസിലേക്ക് വരാന്‍ പ്രേരിപ്പിച്ചതായി നാമാരും കണ്ടിട്ടില്ല.

എന്നാല്‍ അടുത്തകാലത്തായി നമ്മുടെ പരിസരപ്രദേശങ്ങളില്‍  ഉദയം കൊണ്ട ക്യു നെറ്റ്- ഇന്‍ഫിനിറ്റി പോലെയുള്ള മണി ചെയ്ന്‍ പരിപാടിയുടെ ഏജന്റുമാരെ നാം ശ്രദ്ധിക്കൂ. സ്വന്തം കീശയില്‍ നിന്നും മറ്റുള്ളവരെ പറ്റിച്ചും ഉണ്ടാക്കിയ കാശ് കൊണ്ട് കാറു വാങ്ങിയോ ഏതെങ്കിലും സ്റ്റാര്‍ ഹോട്ടലുകളില്‍ റൂം എടുത്തോ ഫോട്ടോകളും വീഡിയോകളും ക്രിയേറ്റ് ചെയ്ത് ആഢംബര ജീവിതമാണ് നയിക്കുന്നതെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി കോപ്രായങ്ങള്‍ കാണിക്കുകയാണ്.
സോഷ്യല്‍ മീഡിയകളില്‍ ഫോട്ടോയും വീഡിയോകളും പോസ്റ്റ് ചെയ്ത് അതുവഴി ഈ തട്ടിപ്പിനെ കുറിച്ചറിയാത്ത പാവപ്പെട്ട ജനങ്ങളെ ഇതിലേക്കു ആകര്‍ഷിപ്പിക്കുന്നു. ഇവരുടെ ഈ പൊറാട്ടു നാടകങ്ങള്‍ വഴിയുള്ള തട്ടിപ്പുരീതികള്‍ ജനങ്ങള്‍ അറിയേണ്ടതാണ്.

കൂട്ടിക്കൊടുപ്പിന്റെ പുതിയ വേര്‍ഷന്‍
ഷജീര്‍ കണ്ണൂര്‍
ചില ചതികളില്‍ നാം ദുഃഖിക്കുന്നത് ചതിക്കപ്പെട്ടത് കൊണ്ടല്ല, നാം ഒരുപാട് വിശ്വസിച്ചവര്‍ ആണല്ലോ നമ്മെ ചതിച്ചത് എന്നോര്‍ത്തിട്ടാണ്!
മള്‍ട്ടി നാഷനല്‍ കമ്പനിയുടെ ഫ്രാഞ്ചൈസി എടുത്ത, വര്‍ഷങ്ങളായി പരിചയമുള്ള, നാട്ടില്‍ കുടുംബത്തോടൊപ്പം കഴിയുന്ന സുഹൃത്തിന്റെയും കുടുംബത്തിന്റെയും സുഖവിവരങ്ങള്‍ വാട്‌സാപ്പില്‍ പങ്കുവെച്ചപ്പോള്‍ അസ്വാഭാവികമായി ഒന്നും തോന്നിയില്ല. എത്ര കാലമാണ് ഇങ്ങനെ ഗള്‍ഫില്‍ നീക്കുക എന്നേ ചിന്തിച്ചുള്ളൂ. അവന്‍ രക്ഷപ്പെട്ടല്ലോ. അവന്റെ അടിപൊളി സ്റ്റാറ്റസും മറ്റും ഞാന്‍ ശ്രദ്ധിക്കാറുണ്ട്.
ഇടയ്ക്ക് അവന്‍ ചോദിച്ചിരുന്നു, നാട്ടില്‍ വല്ലതും നോക്കുന്നുണ്ടോന്ന്. എടാ, നിന്റെ കമ്പനിയില്‍ വല്ല വേക്കന്‍സിയും ഉണ്ടോ എന്നന്വേഷിച്ചിരുന്നു. ഇപ്പോ ചാന്‍സ് ഒന്നും ഇല്ല, എന്തെങ്കിലും ഉണ്ടേല്‍ അറീക്കാം. ഞാന്‍ തന്നെ പിറകെ നടന്നു നടന്നു കിട്ടിയതാ, എപ്പോഴും എപ്പോഴും ചാന്‍സ് വരില്ല എന്നു മറുപടി.

എന്തായാലും ഐഡി  പ്രൂഫ് അയച്ചുതാ. ഒന്നും ഇല്ലേലും നമ്മള്‍ ഒരുമിച്ചു ഒരു പാത്രത്തില്‍ ഭക്ഷണം കഴിച്ച ആള്‍ക്കാര്‍ അല്ലേടാ എന്ന് ചങ്ക്.
ഞാന്‍ പാസ്‌പോര്‍ട്ട് കോപ്പി അയച്ചു കൊടുത്ത് ഒരാഴ്ച കഴിഞ്ഞു. ഡാ, ഒരു വേക്കന്‍സി വന്നിട്ടുണ്ട്. നാളെ ആണ് ഇന്റര്‍വ്യൂ. സീനിയര്‍ ആണ് വരിക. നല്ല റെസ്പെക്റ്റില്‍ സംസാരിക്കണം. നമ്മള്‍ ആണ് ആവശ്യക്കാരന്‍. നല്ല ഷര്‍ട്ട് ഇടണം. നല്ല റേഞ്ച് ഉള്ള സ്ഥലത്ത് ഇരിക്കണം. കിട്ടിക്കഴിഞ്ഞാ രക്ഷപ്പെട്ടു മോനേ’- എന്നവന്‍ അറിയിച്ചു.
കെ എഫ് സിയുടെയും ബുര്‍ജ് ഖലീഫയുടെയും ചിത്രങ്ങള്‍ കാണിച്ച് ഇതിനു വേണ്ടി ചെലവഴിക്കേണ്ട പണത്തെ കുറിച്ചും ബിസിനസിന്റെ മഹത്വവും സംസാരിച്ചുകൊണ്ട്, അവസരം കിട്ടാന്‍ വേണ്ടി ഉമ്മയോടും കുടുംബത്തോടും പ്രാർഥിക്കാന്‍ പറഞ്ഞ് ഇന്റര്‍വ്യൂ കഴിഞ്ഞു. ഇനി അപ്രൂവല്‍ വരണം, എന്നാലേ ഈ ബിസിനസ് ചെയ്യാന്‍ കഴിയൂ.

അപ്രൂവല്‍ വരാഞ്ഞിട്ട് എന്നെക്കാള്‍ ടെന്‍ഷന്‍ അവന് ആയിരുന്നു. അവസാനം അപ്രൂവല്‍ വന്നു. അൽഹംദുലില്ലാ! നിന്റെ അപ്രൂവ് വന്നിട്ടുണ്ട്-  അവസാനം അവന്റെ മെസേജ് വന്നു. ഒരു നിധി കൈയില്‍ വച്ചുതന്ന സന്തോഷം ആയിരുന്നു അവന്.

എനിക്ക് ഒരുപാടു സംശയം ഉണ്ടായിരുന്നു. എന്താ ചെയ്യേണ്ടതെന്നവനോട് ചോദിച്ചു.
ഇത്രയും നല്ല ഒരവസരം കിട്ടീട്ട് അത് നീ കളയുന്നോ. സിംപിള്‍ പരിപാടി ആണ്. പത്ത് ഷോപ്പ് നീ എടുക്കുവാണേല്‍ അതിലെ ബിസിനസ് അനുസരിച്ചു വരുമാനം വരും. എങ്ങനെ ചെയ്യണം എന്നൊക്കെ കമ്പനി ട്രെയിനിങ് തരും. എടാ നിന്റെ ബുദ്ധി ഇതില്‍ ഉപയോഗിക്കേണ്ട. കമ്പനി എല്ലാം ഇവിടെ സെറ്റ് ആക്കി വച്ചിട്ടുണ്ട്.
എടുക്കുവാണേല്‍ പത്ത് ട്രാക്കിംഗ് സെന്റര്‍ തന്നെ എടുത്തോ ട്ടോ. അതിന്റെ ഗുണം പിന്നീടേ നിനക്ക് മനസിലാകൂ. അന്ന് നീ തിരിച്ചു ചോദിക്കേണ്ടിവരും.
ഞാന്‍ ചെയ്യുന്ന പരിപാടി അല്ലേ. നിനക്ക് ഇതിലും ഈസി ആയി ചെയ്യാം. നീ ഒന്നും നോക്കണ്ട. എന്റെ കൂടെ നിന്ന് തന്നാല്‍  മതി. അവന്‍ എനിക്ക് ആവോളം ആത്മവിശ്വാസം തന്നു.

അഞ്ചര ലക്ഷം രൂപ ഒപ്പിക്കാന്‍ ഭാര്യയുടെ സ്വര്‍ണം മൊത്തം പണയം വച്ചു. എന്നിട്ടും തികഞ്ഞില്ല. അടുത്ത മാസം പണം കൊടുത്താല്‍ മതിയോ എന്നവനോടു ചോദിച്ചു.
ഇത്രയും നല്ല അവസരം കിട്ടിയതിന് ദൈവത്തിന് നന്ദി പറഞ്ഞോ. 136 ആളുകളെ ഇന്റര്‍വ്യൂ ചെയ്തിട്ട് 13 പേരെ മാത്രമേ കമ്പനി സെലക്ട് ചെയ്തുള്ളൂ. അതില്‍ ഏഴു പേരെ മാത്രമേ കമ്പനിക്ക് ആവശ്യം ഉള്ളൂ. രണ്ടു ദിവസം ആണ് സമയം തന്നത്. നീ പൈസ റെഡിയാക്കുമ്പോഴേക്കും വേറെ ആള് കയറിയാല്‍ പിന്നെ നിനക്ക് ചാന്‍സ് കിട്ടില്ല. എവിടുന്നു വേണേലും കാശ് ഒപ്പിച്ച് കണ്ണും ചിമ്മി സ്റ്റാര്‍ട്ട് ചെയ്‌തോ!
അവന്റെ വാക്ക് വിശ്വസിച്ചു ഞാന്‍ കഷ്ടപ്പെട്ട് പണം സംഘടിപ്പിച്ചു. പണം കൊടുക്കുന്നതിനു മുന്നേ അവനോടു ഒന്നൂടെ പറഞ്ഞു: നീ ഉള്ള ധൈര്യത്തിലാണ് കാശ് നല്‍കുന്നത് എന്ന്. എന്നെ വിശ്വസിച്ചു വന്നെങ്കില്‍ നിന്റെ ഫുള്‍ ഉത്തരവാദിത്വം എനിക്കല്ലേ. നീ എന്റെ കൂടെ നിന്നാ മതി എന്നു മറുപടി.
ഇനി ട്രെയിനിങ് പിരീഡിന്റെ തുടക്കമാണ്. ഇന്നലെ വരെ സീനിയര്‍ പാര്‍ട്ണര്‍ ആയിരുന്നവര്‍ ഇന്ന് മുതല്‍ എന്റെ അപ് ലൈന്‍ ആണ്.
ലോകത്തു ഏതൊരാള്‍ക്കും ചേരാവുന്ന എംഎല്‍എം/ നെറ്റ്്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനിയില്‍, എന്നെ സഹായിക്കാനെന്ന പേരില്‍ ഇല്ലാത്ത വേക്കന്‍സി ഉണ്ടാക്കി, ഫേക്ക് ഇന്റര്‍വ്യൂ ചെയ്യിച്ച്, മിനിമം പര്‍ച്ചേസ് ചെയ്ത് ചേരാവുന്ന ബിസിനസില്‍ പരമാവധി പണം നിക്ഷേപിച്ച് ലക്ഷങ്ങള്‍ കടക്കാരനാക്കി അതിന്റെ കമ്മീഷന്‍ അടിച്ചുമാറ്റുന്ന നാടകത്തിന്റെ ഒരു ഭാഗമാണ് മുകളില്‍ എഴുതിയത്.
നെറ്റ്്വര്‍ക്ക് മാര്‍ക്കറ്റിംഗ് ആണ് എന്നും കമ്പനിയുടെ പേരുപോലും പറയാതെയാണ് എന്നെ ഇതില്‍ ചേര്‍ത്തത്.

ലക്ഷങ്ങള്‍ വാങ്ങി മാര്‍ക്കറ്റില്‍ 1000 രൂപ പോലും വിലയില്ലാത്ത വാച്ചും മറ്റ് ഉല്പന്നങ്ങളും തന്ന് പരമാവധി കമ്മീഷന്‍ അടിച്ചു മാറ്റി. അതും കടംവാങ്ങിയ പണം കൊണ്ട്.

ഒരാളുടെയെങ്കിലും ശാപം കിട്ടാതെ ഇതില്‍ നിന്ന് ഒന്നും ഉണ്ടാക്കാന്‍ കഴിയില്ല എന്ന് ഉറപ്പാണെങ്കിലും ഭൂരിഭാഗം പേരും ഈ ചതി തുടരുകയാണ്. ലോകത്തിലെ ഏറ്റവും ഹലാല്‍ ആയ ബിസിനസ് ആണ് എന്ന് വിശ്വസിപ്പിക്കുക. കൂടെ നിന്ന് കൂട്ടിക്കൊടുത്ത ശേഷം എങ്ങനെയാണു ന്യായീകരിക്കേണ്ടത് എന്നും അവര്‍ ഭംഗിയായി പഠിപ്പിച്ചുതരും, ക്ലാസും സൂം മീറ്റിംഗും വഴി. മാമാ പണിയാണ് ഇതിലെ മെയിന്‍ കച്ചോടം!  സൗഹൃദവും വിശ്വാസവും മതബോധവും എല്ലാം ബിസിനസിനുള്ള മാര്‍ഗങ്ങള്‍ മാത്രമാകുന്നു. ഇപ്പോഴും പുതിയ ആളുകളെ ചേര്‍ക്കാന്‍ ഉള്ള കെണി ഒരുക്കിക്കൊണ്ടിരിക്കുന്നു.

മനസാക്ഷിയില്ലാതെ എന്നെ ഈ ചതിയില്‍ പെടുത്തിയത് ഉനൈസ് കരിങ്കപ്പാറ എന്ന എന്റെ ചങ്കാണ് എന്നതാണ് ഏറെ ദുഃഖകരം.
വിശ്വാസത്തെയും മതത്തെയും സൗഹൃദത്തെയും കൂട്ടിക്കൊടുത്ത വകയില്‍ കിട്ടിയത് ഉച്ഛിഷ്ടമല്ലാതെന്താണ്?

പക്കാ പിരമിഡ് സ്‌കീം ആണ്
ഷാഹുല്‍ കോഴിക്കോട്
ക്യു നെറ്റില്‍ ബിസിനസ് എന്ന രീതിയില്‍ കബളിപ്പിക്കപ്പെടുകയാണ്. കള്ളത്തരങ്ങള്‍ നേരത്തെ അറിഞ്ഞിട്ടല്ല ആരും ഇരകളായിത്തീരുന്നത്. ഇവിടെ നിക്ഷേപിക്കുന്ന പണത്തിന് ഫ്രാഞ്ചൈസി കൊടുക്കലോ ഡീലര്‍ഷിപ്പ് കൊടുക്കലോ ഡിസ്ട്രിബ്യൂഷന്‍ കൊടുക്കലോ ബിസിനസ് കൊടുക്കലോ ഒന്നുമില്ല.

ഘട്ടം ഘട്ടമായാണ് ഇവര്‍ ആളുകളെ ചേര്‍ക്കുന്നത്. കുശലാന്വേഷണവും കുടുംബ വിവരവും ചോദിച്ചാകും തുടക്കം. അതിനുള്ള സാഹചര്യം സൃഷ്ടിച്ചാകും ഇവരുടെ വര്‍ത്തമാനങ്ങള്‍. കുശലാന്വേഷണം ഈ തട്ടിപ്പിലേക്കു കണ്ണി ചേര്‍ക്കാനുള്ള ചെറിയ നമ്പറുകളിലൊന്നു മാത്രമാകും.

ക്യു ഐ ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള എം എല്‍ എം കമ്പനിയായ ക്യു നെറ്റ് എന്ന പേര് മറച്ചുവെച്ച് മലേഷ്യന്‍, അല്ലെങ്കില്‍ ഹോങ്കോംഗ് ബെയ്‌സ്ഡ് കമ്പനി എന്നും വാവാസൺ ഗ്രൂപ്പ് എന്ന വ്യാജ പേരില്‍ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് പോലെ ഇ-കൊമേഴ്‌സ് രീതിയിലുള്ള ബിസിനസിനെക്കുറിച്ചുമാണ് പറയുക.

സാധനങ്ങളും സേവനങ്ങളും ബി2ബി ആയും ബി2സി ആയും വില്‍ക്കുന്ന വെര്‍ച്വല്‍ ഷോപ്പാണെന്നും അഞ്ച്, ആറ്, ഏഴ്, പത്ത് ഷോപ്പ് എന്നിങ്ങനെയുള്ള ഡീലര്‍ഷിപ്പ് അല്ലെങ്കില്‍ ഫ്രാഞ്ചൈസി അല്ലെങ്കില്‍ ഡിസ്ട്രിബ്യൂഷന്‍ എടുക്കലാണെന്നും പറയാറുണ്ട്. റെന്റ് എ കാര്‍, എജ്യുക്കേഷന്‍ പാക്കേജ്, ഹെല്‍ത്ത് ആന്റ് വെല്‍നെസ് ഉല്പന്നങ്ങള്‍ തുടങ്ങിയവയാണ് ഇ-കൊമേഴ്‌സ് രീതിയില്‍ ബിസിനസ് ചെയ്യുന്നതത്രെ. ഇങ്ങനെ 400 ഓളം ഉല്പന്നങ്ങളും സർവീസുകളും ഉണ്ടെന്ന് പറയും. വരുമാനം  വില്‍ക്കുന്നതിന് അനുസരിച്ചായിരിക്കും. 10 ശതമാനം വരെ കമ്മീഷന്‍ കിട്ടും. നൂറു കോടിയുടെ കച്ചവടം ഉണ്ടാക്കിയാല്‍ പത്തു കോടി വരെ കമ്മീഷന്‍ ലഭിക്കുമെന്ന് ചുരുക്കം!

അവസരം ചോദിക്കുമ്പോള്‍ വെയ്റ്റ് ഇടും. ഇപ്പോ ചാന്‍സില്ലെന്നു പറയും. കുറച്ചു ദിവസങ്ങൾക്കു ശേഷം, ഈ കമ്പനിയിലേക്ക് സീരിയസ്സായി വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുള്ള ഒരാളെ ആവശ്യമുണ്ടെന്ന് തന്റെ സീനിയര്‍ പാര്‍ട്ണര്‍ ചോദിച്ചിട്ടുണ്ടെന്ന് പറയും. ആണെങ്കില്‍ തിരിച്ചറിയല്‍ രേഖ അവന്റെ നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യാന്‍ പറയും. ഭയങ്കരമായ മുന്നൊരുക്കങ്ങളും നാടകങ്ങളും തകൃതി. കൊവിഡ് കാലമായതിനാല്‍ ഓണ്‍ലൈനിലാകും ഇന്റര്‍വ്യൂ. റിസൾട്ട് അറിയിക്കുന്നത് അതി നാടകീയമായിട്ടായിരിക്കും. അഭിനന്ദനങ്ങളും പ്രാര്‍ഥനകളും പ്രത്യേകമായുണ്ടാകും.
അപ്രൂവല്‍ കിട്ടിയ വിവരം അറിഞ്ഞ് ഏറെ സന്തോഷിക്കുമ്പോഴാണ് കമ്പനിയുടെ പാര്‍ട്ണര്‍ എന്ന പോസ്റ്റിലേക്കുള്ള സുവർണാവസരം ലഭിച്ചതായി അറിയിക്കുക. അതിന് (ട്രാക്കിംഗ് സെന്ററുകള്‍ സ്വന്തമാക്കാന്‍) മൂന്നര ലക്ഷം മുതല്‍ ഏഴു ലക്ഷം വരെ വേണം. ആധാരം പണയം വെച്ചായാലും കെട്ടുതാലി വിറ്റായാലും സുവര്‍ണാവസരം ഉപയോഗപ്പെടുത്തണം. എത്രയും വേഗം പണം അടയ്ക്കണം. ഇല്ലെങ്കില്‍ അവസരം മറ്റാരെങ്കിലും കൊണ്ടുപോകും. ഇതുവരെ ചതിക്കാത്ത, ഏറ്റവും വിശ്വസിക്കാവുന്ന അടുത്ത സുഹൃത്തോ ബന്ധുവോ ആയിരിക്കുമെന്നതിനാല്‍ ഒന്നും നോക്കാതെ പണം എവിടുന്നെങ്കിലും സംഘടിപ്പിച്ച് ക്യു നെറ്റില്‍ ജോയിന്‍ ചെയ്യുന്നു.
പിന്നീടങ്ങോട്ട് വെല്‍ക്കം സെഷന്‍, ബുക്ക് റീഡിംഗ്, ഡ്രീം ലിസ്റ്റ് എഴുതല്‍, കാളിംഗ് ആക്ടിവിറ്റി പഠനം, അതിനായി അഞ്ഞൂറ് നെയിം ലിസ്റ്റ് തയാറാക്കല്‍ തുടങ്ങിയ പൊളി പരിപാടികളാണ്. ചുരുക്കത്തില്‍, നാം വീണ കെണിയില്‍ പുതിയ ഇരയെ വീഴ്ത്താനുള്ള പരിപാടികളാണ് ഇവിടെ പഠിപ്പിക്കപ്പെടുന്നത്. പിന്നീട് ഉടായിപ്പ് സാധനങ്ങള്‍ കയ്യില്‍ കിട്ടുമ്പോഴാണ് ഇത് തട്ടിപ്പാണെന്ന് പൂർണമായും മനസിലാക്കാന്‍ സാധിക്കുക. ഒരാള്‍ ഇറക്കിയ അഞ്ചു ലക്ഷം തിരിച്ചുകിട്ടണമെങ്കില്‍ ഒരു കോടിയിലധികം രൂപ തന്റെ ഉറ്റവരില്‍ നിന്നും തട്ടിയെടുക്കണം.
ഇവിടെ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം ഇല്ല, ഡയരകട് സെയില്‍സുമില്ല, ഫ്രാഞ്ചൈസി കൊടുക്കില്ല, ഡീലര്‍ഷിപ്പ് നല്‍കില്ല, ഡിസ്ട്രിബ്യൂഷന്‍ കൈമാറില്ല. ഇത് പക്കാ പ്രൊഡക്ട് ബെയ്‌സ്ഡ് പിരമിഡ് സ്‌കീമാണ്. 20 രൂപയുടെ പപ്പടം വാങ്ങി, നല്ല രീതിയില്‍ ഡിസൈന്‍ ചെയ്ത അടിപൊളി കവറിലാക്കി ജപ്പാനീസ് പപ്പടമെന്ന് പേരിട്ട് 1000 രൂപ വിലയിട്ടാല്‍ എങ്ങനെയാണോ അതാണ് ക്യു നെറ്റ് ഉല്പന്നങ്ങളുടെയും സ്ഥിതി. 120 രൂപ വിലയുള്ള അരലിറ്റര്‍ വെളിച്ചെണ്ണയുടെ പാക്കിംഗ് കവര്‍ മാറ്റി വെര്‍ജിന്‍ കോക്കനറ്റ് ഓയില്‍ എന്ന പേരിട്ട് 2500 രൂപയ്ക്കു വില്‍ക്കുകയാണ്. 2000 രൂപയുടെ ഡിന്നര്‍സെറ്റുകള്‍ക്ക് ഒന്നര ലക്ഷമാണ് വില. ഈ സാധനങ്ങള്‍ 5 ലക്ഷം കൊടുത്ത് വാങ്ങിക്കാന്‍ വേണ്ടിയാണ് മുകളില്‍ പറഞ്ഞ പൊറാട്ടുനാടകങ്ങള്‍. അഞ്ചുലക്ഷത്തിന് പകരമായി ലഭിക്കുന്നത് പതിനായിരം രൂപയ്ക്കു താഴെ വരുന്ന സാധനങ്ങള്‍. ബാക്കി വരുന്ന 4,90,000 രൂപ മണിച്ചെയ്ന്‍ ഇടപാടായി മാറുന്നു. അതില്‍ നിന്ന് ഒരു നക്കാപ്പിച്ച കമ്മീഷന്‍ അപ്്ലൈനുമാര്‍ വീതിച്ചെടുക്കുന്നു. ആളുകളെ വിശ്വാസവഞ്ചനയിലൂടെ പറ്റിച്ച് 120 കൊല്ലത്തെ വ്യാജ എഗ്രിമെന്റില്‍ ഒപ്പിടീക്കുന്നു. പതിനായിരങ്ങള്‍ ഇന്ന് ക്യു നെറ്റ് ഇന്‍ഫിനിറ്റിക്കാരുടെ വഞ്ചനക്കിരയായി ദുരിതം അനുഭവിക്കുന്നു.

കഥ തീരുന്നില്ല
നൂറുക്കണക്കിന് പ്രതികരണങ്ങളാണ് രിസാലയിൽ വരുന്നത്. എല്ലാം വഞ്ചനയിലകപ്പെട്ടവരുടെ തോരാത്ത കണ്ണീരും കരളുരുക്കങ്ങളും തന്നെ.

You must be logged in to post a comment Login