സമാധാന പ്രിയനായ പണ്ഡിതന്‍

usthad boothiലോക മുസ്ലിംകള്‍ തമ്മിലുള്ള ഐക്യവും പരസ്പര സ്നേഹവും തിരോഭവിച്ചതിനു പിന്നില്‍ വര്‍ത്തിച്ചത് പ്രധാനമായും രണ്ട് കാരണങ്ങളാണ് റമളാനുല്‍ ബൂത്വി നിരീക്ഷിക്കുന്നത്. നാലിലൊരു മദ്ഹബ് സ്വീകരിക്കാതെ സ്വതന്ത്രമായ ചിന്താഗതികള്‍ക്ക് ചിലര്‍ മുതിര്‍ന്നതും പരസ്പരമുള്ള ശിര്‍ക്കാരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചതുമാണവ. 
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

     അന്താരാഷ്ട്ര ഇസ്ലാമിക വേദികളിലെ നിറസാന്നിദ്ധ്യമായിരുന്നു സിറിയന്‍ സുന്നീ പണ്ഡിതനായ ശൈഖ് മുഹമ്മദ് സഈദ് റമളാനുല്‍ ബൂത്വി. ഈജിപ്തിലെ മജ്ലിസുല്‍ അഅ്ലാ ലിദ്ദഅ്വതില്‍ ഇസ്ലാമിയ്യ സംഘടിപ്പിച്ച പണ്ഡിത സമ്മേളനത്തില്‍ കൈറോവില്‍ വച്ചും ജോര്‍ദാനിലെ മുഅസ്സസതു ആലില്‍ ബൈത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മറ്റൊരു മുഅ്തമറില്‍ അമ്മാനില്‍ വച്ചും അദ്ദേഹത്തെ കാണുകയും സൌഹൃദ സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ റമളാനില്‍ യു.എ.ഇ ഭരണാധികാരിയുടെ ക്ഷണം സ്വീകരിച്ചു പോയ സന്ദര്‍ശന വേളകളില്‍ പലപ്പോഴും അദ്ദേഹവുമായി സന്ധിക്കുകയും മര്‍കസുസ്സഖാഫതി സ്സുന്നിയ്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എണ്‍പത് വയസ്സ് പിന്നിട്ട അദ്ദേഹത്തിന് പ്രായാധിക്യവും അനാരോഗ്യവും മൂലം വിദൂര യാത്ര പ്രയാസമായതിനാല്‍ വരാന്‍ സാധിച്ചില്ല.

   ആഗോള തലത്തില്‍ മുസ്ലിം ഐക്യവും സഹിഷ്ണുതയും സദാ നിലനില്‍ക്കണമെന്നാഗ്രഹിച്ച അദ്ദേഹം സമാധാന കാംക്ഷിയായ ഒരു പണ്ഡിതനായിരുന്നു. ലോക മുസ്ലിംകള്‍ തമ്മിലുള്ള ഐക്യവും പരസ്പര സ്നേഹവും തിരോഭവിച്ചതിനു പിന്നില്‍ വര്‍ത്തിച്ചത് പ്രധാനമായും രണ്ട് കാരണങ്ങളാണ് റമളാനുല്‍ ബൂത്വി നിരീക്ഷിക്കുന്നത്. നാലിലൊരു മദ്ഹബ് സ്വീകരിക്കാതെ സ്വതന്ത്രമായ ചിന്താഗതികള്‍ക്ക് ചിലര്‍ മുതിര്‍ന്നതും പരസ്പരമുള്ള ശിര്‍ക്കാരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചതുമാണവ. മദ്ഹബുകളുടെ അനിവാര്യതയെ ധൈഷണികമായി സമര്‍ത്ഥിക്കുന്നതും മദ്ഹബ് നിരാസം വിശുദ്ധമതത്തിനേല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങളെ അന്വേഷിക്കുന്നതുമാണ് അദ്ദേഹത്തിന്റെ രചനയായ ‘ലാ മദ്ഹബിയ്യ അഖ്ത്വറു ബിദ്അതിന്‍ തുഹദ്ദിദു ശ്ശരീഅതല്‍ ഇസ്ലാമിയ്യ’. ഐക്യശ്രമങ്ങള്‍ക്ക് ഫലം കാണണമെങ്കില്‍ അനിവാര്യമായും സമൂലമായ പ്രതിവിധി തേടേണ്ടത് ഈ രണ്ടു പ്രതിസന്ധികള്‍ക്കാണെന്ന് തീര്‍ച്ചപ്പെടുത്തുന്നതാണ് ബൂത്വിയുടെ സൂക്ഷ്മമാര്‍ന്ന വീക്ഷണങ്ങള്‍. അന്താരാഷ്ട്ര ഇസ്ലാമിക കോണ്‍ഫറന്‍സിനിടയിലെ സൌഹൃദ സംഭാഷണ വേളയില്‍ അദ്ദേഹത്തിന്റെ അല്‍ ഹികമുല്‍ അത്വാഇയ്യ ശറഹു വ തഹ്ലീല്‍ എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ ഒരു പ്രതി നിറഞ്ഞ പുഞ്ചിരിയോടെ എന്റെ കയ്യില്‍ വച്ചുതന്ന ഓര്‍മ ഇന്നും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. ഇബ്നു അത്വാഇല്ലാഹിസ്സിക്കന്തരി രചിച്ച ഹികമിന് എഴുപ്പെട്ട അനേകം ശറഹുകളിലൊന്നായ ഈ ഗ്രന്ഥം തസവ്വുഫിന്റെ ആന്തരാര്‍ത്ഥങ്ങളെ നന്നായി പ്രതിപാദിക്കുന്നുണ്ട്.

   സിറിയന്‍ ആഭ്യന്തര മണ്ഡലത്തില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താനുള്ള ഒട്ടനവധി സ്തുത്യര്‍ഹമായ യത്നങ്ങള്‍ക്ക് റമളാന്‍ ബൂത്വി നേതൃത്വം നല്‍കുകയുണ്ടായി. ഭരണകൂടത്തിനെതിരെ തിരിഞ്ഞ് രാജ്യത്തിന്റെ സുസ്ഥിതിക്ക് തുരങ്കം വെക്കരുതെന്നും അരക്ഷിതാവസ്ഥക്ക് വഴിയൊരുക്കരുതെന്നും പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും ബൂത്വി ഉപദേശിച്ചു. ചില അറബ് പണ്ഡിതരുമായി വിശ്വാസപരമായ കാര്യങ്ങളില്‍ ഭിന്നത പുലര്‍ത്തിയപ്പോഴും അത് വ്യക്തിഹത്യക്കോ ജനമധ്യത്തില്‍ താറടിക്കുന്നതിനോ ഇടയാക്കരുതെന്ന് വിയോജിപ്പിന്റെ രീതിശാസ്ത്രം നന്നായറിയുന്ന അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ഇസ്ലാമിന്റെ എതിര്‍ ചേരിയിലുള്ള പടിഞ്ഞാറന്‍ രാഷ്ട്രങ്ങളെയും മുജാഹിദുകളെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് അഹ്ലുസ്സുന്നയുടെ അറബ് ലോകത്തെ വക്താവായി അദ്ദേഹം നിലകൊണ്ടു. ഗാന്ധിയുടെ അഹിംസാ വാദത്തെ അംഗീകരിക്കാമെന്നു പറയുന്ന ചില മുജാഹിദുകള്‍ ബൂത്വി വിഭാവനം ചെയ്ത അഹിംസാ പദ്ധതികളെ തമസ്ക്കരിക്കുന്നത് തീര്‍ത്തും മൌഢ്യമാണ്.

   വളരെ ഗഹനവും ചിന്താജന്യവുമായിരുന്നു ബൂത്വി അവതരിപ്പിച്ച പഠന പ്രബന്ധങ്ങളും ലേഖനങ്ങളുമെല്ലാം. സ്വജനതയെ ധാര്‍മികമായും മതപരമായും സംസ്കരിച്ചെടുക്കുന്നതില്‍ സദാ ശുഷ്കാന്തി കാണിച്ചിരുന്ന റമളാനുല്‍ ബൂത്വിയുടെ സൂഫീ പഠന ക്ളാസ്സുകളും ഖുര്‍ആന്‍ പ്രഭാഷണങ്ങളും പ്രമുഖ ടെലിവിഷന്‍ ചാനലുകളിലൂടെ അറബ് ലോകത്ത് വന്‍ പ്രചാരം നേടിയിട്ടുണ്ട്. ഭരണകൂടത്തിനെതിരെ തിരിഞ്ഞ് സിറിയന്‍ ദേശീയതക്ക് പോറലേല്‍പ്പിക്കരുതെന്ന് ഉദ്ബോധിപ്പിക്കുമ്പോഴും തദ്ദേശീയരെ ക്രൂരമായി അടിച്ചമര്‍ത്തുന്ന സ്വേഛാധിപത്യ ഭീകരതക്കെതിരെ ശബ്ദിക്കാന്‍ അദ്ദേഹം അമാന്തം കാണിച്ചില്ല. ബൂത്വിയുടെ ഇത്തരമൊരു നിലപാട്, സിറിയയിലെ ശിയാവിഭാഗങ്ങളും മുജാഹിദുകളും സാമ്രാജ്യത്വ ശക്തികളും അദ്ദേഹത്തിനെതിരെ പ്രതികാരം ചെയ്യാനുള്ള ഒരവസരമായി മുതലെടുത്തിരിക്കണം. പ്രായാധിക്യം മൂലമുള്ള സ്വാഭാവിക മരണത്തെ ആക്രമണങ്ങളുമായി കൂട്ടിക്കലര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുമ്പോള്‍ ബൂത്വി അര്‍ഹിക്കുന്നത് നേടി എന്ന് ധ്വനിപ്പിക്കും വിധമാണ് വഹാബി തീവ്രപക്ഷത്തിന്റെ വാചാടോപങ്ങള്‍. എന്നാല്‍ വിമതരുടെ നേതാവായ ഹംസ ഖത്വീബ് കടുത്ത ഭാഷയിലാണ് ബൂത്വീ വധത്തെ അപലപിച്ചത്. ആരതു ചെയ്താലും അത്യധികം മൃഗീയമായിപ്പോയി എന്നു പറഞ്ഞ അദ്ദേഹം പ്രതിപക്ഷത്തു നിന്ന് രാജി വെക്കാന്‍ കാരണം, ബൂത്വിയുടെ കൊലപാതകമാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു.

   ഇസ്ലാമിക ധൈഷണിക ലോകത്തിന് നല്‍കിയ അമൂല്യമായ സംഭാവനകള്‍ക്ക് അന്താരാഷ്ട്ര സമൂഹം റമളാനുല്‍ ബൂത്വിയോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
തയ്യാറാക്കിയത്: മുഹ്സിന്‍ എളാട്

You must be logged in to post a comment Login