പുഞ്ചിരി നിറഞ്ഞുതൂങ്ങിയ വിനയവൃക്ഷം

പുഞ്ചിരി നിറഞ്ഞുതൂങ്ങിയ വിനയവൃക്ഷം

സയ്യിദ് അലി ബാഫഖി തങ്ങളെ അറിയാത്തവര്‍ കേരളത്തിലെ സുന്നികള്‍ക്കിടയില്‍ അധികമാരും ഉണ്ടാവില്ല. ഉജ്ജ്വലമായ പ്രഭാഷണത്തിന്റെയോ മനസ്സു കീഴടക്കുന്ന രചനാ സൗകുമാര്യത്തിന്റെയോ പേരിലല്ല അത്. കേളികേട്ട ദര്‍സിന്റെയോ നാടുനിറഞ്ഞ ശിഷ്യ സമ്പത്തിന്റെയോ മേല്‍വിലാസവും അദ്ദേഹത്തിനില്ല. അഹങ്കരിക്കാനും ആളാവാനും ഉപയോഗപ്പെടുത്താവുന്ന നിരവധി കാരണങ്ങള്‍ക്കിടയിലും വിനയം കൊണ്ട് സ്വയം ചെറുതായി, മനസ്സു നിറഞ്ഞ് പുഞ്ചിരിച്ച് അങ്ങനെയാണ് തങ്ങള്‍ ഹൃദയങ്ങള്‍ കീഴടക്കിയത്. മഹാ സമ്മേളനങ്ങളുടെ അദ്ധ്യക്ഷസ്ഥാനത്തും സമൂഹത്തില്‍ ആരുമല്ലാത്തവരുടെ സ്വകാര്യ ചടങ്ങുകളിലും ഒരേ മുഖവും പെരുമാറ്റവുമായി, മുത്ത് നബി(സ്വ)യുടെ ഈ പേരമകന്‍ ഉപ്പൂപ്പ പഠിപ്പിച്ച മാതൃകകളുടെ കെടാവിളക്കായി പ്രകാശിച്ചു നില്‍ക്കുന്നു ഇവിടെ.

1938-ലാണ് കൊയിലാണ്ടിയിലെ പേരുകേട്ട ബാഫഖീ കുടുംബത്തില്‍ സയ്യിദ് അഹ്മദ് ബാഫഖി തങ്ങളുടെ പുത്രനായി സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനിക്കുന്നത്. കേരള മുസ്‌ലിം ചരിത്രത്തിന്റെ ഒരു യുഗത്തിന്റെ ചുരുക്കപ്പേരായ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ അനുജനാണ് സയ്യിദ് അഹ്മദ് ബാഫഖി. ബംഗാള്‍ ബാഫഖികള്‍ എന്ന പേരിലറിയപ്പെടുന്ന, ബംഗാളില്‍ ബിസിനസ്സ് നടത്തുന്ന കുടംബത്തില്‍ നിന്നും വന്ന സയ്യിദത്ത് നഫീസ ബീവിയാണ് ഉമ്മ.

ബാഫഖികള്‍ ബിസിനസ്സുകാരായിരുന്നു. കൊയിലാണ്ടിയിലെ തങ്ങന്മാരുടെ വസ്ത്രവ്യാപാരം പണ്ടുമുതലേ പ്രസിദ്ധമാണ്. എന്നാല്‍ കച്ചവടത്തിന്റെ തിരക്കിനിടയിലും ആരാധനയുടെ കണിശതയും പൊതുപ്രവര്‍ത്തനത്തിന്റെ പുണ്യവും അവരുടെ ജീവിതത്തെ മനോഹരമാക്കി. ജമാഅത്തുകള്‍ക്ക് പള്ളിയില്‍ ചെല്ലാന്‍ അവര്‍ നിര്‍ബന്ധബുദ്ധി കാട്ടി. വീട്ടില്‍ വകതിരിവെത്തിയ ആണ്‍തരികളെയെല്ലാം സുബ്ഹിക്ക് പള്ളിയില്‍ ജമാഅത്തിന് എത്തും വിധം ഗൃഹാന്തരീക്ഷം മതകീയമാക്കി. ഉറങ്ങിയാല്‍ തികയാത്ത ബാല്യങ്ങള്‍ക്കും കൗമാരങ്ങള്‍ക്കും സുബ്ഹിയുടെ ജമാഅത്തിന് വന്നാല്‍ സമ്മാനങ്ങള്‍ നല്‍കി പ്രായത്തിന്റെ ചാപല്യങ്ങളെ തോല്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ അവര്‍ നടപ്പാക്കി. അഹ്മദ് ബാഫഖിയും മൂത്താപ്പ അബ്ദുര്‍റഹ്മാന്‍ ബാഫഖിയും സമ്മാനം നല്‍കുന്ന ബിസ്മി പേനയും ബലൂണുകളും മറ്റ് കളിപ്പാട്ടങ്ങളും ജീവിതനിഷ്ഠയുള്ള മക്കളെ സൃഷ്ടിക്കാന്‍ ഏറെ പര്യാപ്തമായി. മൂത്താപ്പ സ്വന്തം മക്കളെപ്പോലെ അലി ബാഫഖി തങ്ങളെയും സ്‌നേഹിച്ചു. കളിപ്പിച്ചും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും ദീര്‍ഘയാത്രകളില്‍ കൂടെക്കൂട്ടിയും ആ മഹാ മനീഷിയും സ്‌നേഹത്തിന്റെ തണലായി കൂടെ നടന്നു.

ഉമ്മ, ആര്‍ക്കും പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത വിസ്മയമാണ്. പ്രായമെത്ര കൂടിയാലും നിലക്കാത്ത നീരുറവയായി ആ സ്‌നേഹം പ്രവഹിച്ചുകൊണ്ടിരിക്കും. അവര്‍ യാത്രയായാല്‍ സൃഷ്ടിക്കപ്പെടുന്ന ശൂന്യത നികത്താന്‍ ഒരു സമവാക്യവും ഇല്ല. എന്നാല്‍ ബാല്യത്തില്‍ കുട്ടിക്കളികള്‍ക്ക് കൂടെനിന്ന് ചോറുരുള വായില്‍ വെച്ച്, തലയില്‍ വെച്ച് ഓമനിച്ച് താരാട്ട് പാടി ഉറക്കിത്തന്ന ആ സ്‌നേഹം ഒരു മഴയായി തിമിര്‍ത്തുപെയ്യുമ്പോള്‍ അവരങ്ങ് തിരിച്ചുപോയാലോ? എഴുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് യാത്ര പറഞ്ഞ് പിരിഞ്ഞതാണെങ്കിലും ഉമ്മയെക്കുറിച്ച് പറഞ്ഞപ്പോള്‍ തങ്ങളുടെ കവിളിലേക്ക് ഒലിച്ചിറങ്ങിയ അശ്രുകണങ്ങളില്‍ എല്ലാം ഉണ്ടായിരുന്നു. തങ്ങള്‍ക്ക് എട്ടുവയസ്സ് പ്രായമുള്ളപ്പോഴായിരുന്നു ഉമ്മ യാത്രയായത്. ഒരു പനിയാണ് ആദ്യം വന്നത്. പിന്നെ അത് മൂര്‍ഛിച്ച് ആ തണല്‍ മെല്ലെ മാഞ്ഞു. ഉപ്പ വീണ്ടും വിവാഹം ചെയ്തു. അത് ഉമ്മയുടെ ഇളയ സഹോദരിയെത്തന്നെ. ഇത്താത്തയുടെ പൊന്നിന്‍കുടങ്ങളെ ഓമനിച്ചാല്‍ മതിവരാത്ത എളേമ ഒരു കുറവും വരാതെ അലി ബാഫഖി തങ്ങളെയും മൂന്ന് അനുജന്മാരെയും നോക്കി വളര്‍ത്തി. ഒരാള്‍ ഒരു വയസ്സ് പൂര്‍ത്തിയായപ്പോഴും മറ്റൊരാള്‍ 12ാം വയസ്സിലും മരണപ്പെട്ടു. ഒരാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഉപ്പയുടെ രണ്ടാം വിവാഹത്തിലും ലഭിച്ചു ഏതാനും ഇളയ സഹോദരങ്ങളെ. എല്ലാവര്‍ക്കും സ്‌നേഹനിധിയായ ഇക്കാക്കയായി ആ ബാല്യം പൂത്തു നിന്നു.

മതവിദ്യാഭ്യാസവും സ്‌കൂള്‍ പഠനവും സമയത്ത് തന്നെ ആരംഭിച്ചു. മാട്ടൂലിലെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അധ്യാപനത്തിന്റെ രസതന്ത്രമറിഞ്ഞ നല്ലൊരു ഗുരുവായിരുന്നു തങ്ങള്‍ക്ക്. പഠന സമയം കഴിഞ്ഞാലും പലപ്പോഴും ഉസ്താദിനെ ചുറ്റിപ്പറ്റി നില്‍ക്കാന്‍ മാത്രം ഊഷ്മളമായിരുന്നു ആ ഗുരുശിഷ്യ ബന്ധം. സ്‌നേഹം കൊണ്ട് കീഴടക്കിയ ശിഷ്യനില്‍ അക്ഷരങ്ങള്‍ക്കപ്പുറം ശീലങ്ങള്‍ ഓരോന്നായി സൃഷ്ടിച്ചെടുക്കാന്‍ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ക്ക് എളുപ്പത്തില്‍ സാധിച്ചു. ജമാഅത്തായുള്ള ഫര്‍ള് നിസ്‌കാരങ്ങളും ഖുര്‍ആന്‍ പാരായണവും തുടങ്ങി ആ പ്രായത്തില്‍ സന്നിവേശിപ്പിക്കേണ്ട നന്മകളെല്ലാം വളരെ വിദഗ്ധമായി തങ്ങളുടെ ദിനചര്യകളില്‍ ഉസ്താദ് തുന്നിച്ചേര്‍ത്തു. പരീക്ഷകളില്‍ ഫുള്‍മാര്‍ക്കു വാങ്ങുകയും പ്രായോഗികജീവിതത്തെ പരാജയപ്പെടുകയും ചെയ്യുന്ന പുതിയ കാലത്തെ മതപഠന സംവിധാനങ്ങളുടെ പുനരാലോചനക്ക് നല്ലൊരു മുഖവുരയായിരിക്കും അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍. വീടിനടുത്തുള്ള മാപ്പിള സ്‌കൂളില്‍ നാലാം ക്ലാസ് വരെ പഠിക്കാനും ഈ കാലയളവ് ഉപയോഗപ്പെടുത്തി.

12ാം വയസ്സില്‍ 1950ല്‍ അബ്ദുല്‍ഖാദിര്‍ ഉസ്താദിന്റെ പ്രേരണകളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് തളിപ്പറമ്പ് ഖുവ്വത്തുല്‍ഇസ്‌ലാം മദ്‌റസയില്‍ ചേര്‍ന്നു. രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം വരേ നീണ്ടുനില്‍ക്കുന്നതാണ് മദ്‌റസാ സമയം. പിരീഡ് സിസ്റ്റവും ഇന്റര്‍വെല്ലും അടക്കം ആധുനിക ശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെ എല്ലാ ചേരുവകളുമുണ്ടായിരുന്നു അന്നത്തെ ഖുവ്വത്തിന്. പാഠ്യവിഷയങ്ങളും സിലബസ്സുകളുടെ ക്രമീകരണവും വളരെ മികച്ചതായിരുന്നു. തജ്‌വീദ് പഠനത്തിന് ഖുവ്വത്ത് മദ്‌റസയില്‍ നല്‍കുന്ന പ്രാധാന്യവും സ്വീകരിച്ച രീതിയും കേരളത്തിലൊരിടത്തും അന്നുണ്ടായിരുന്നില്ല. നാലു വര്‍ഷം ഖുവ്വത്തില്‍ വളരെ മികച്ച രീതിയില്‍ തന്നെ പഠനം നടത്തി. അക്കാലത്ത് ശംസുല്‍ഉലമ ഇ കെ ഉസ്താദിന്റെ വലിയ ദര്‍സും ഖുവ്വത്തില്‍ ഉണ്ടായിരുന്നു. സി എം വലിയുല്ലാഹിയും ഇ കെ ഹസ്സന്‍ മുസ്‌ലിയാരുമൊക്കെ അന്ന് ആ ദര്‍സില്‍ വിദ്യാര്‍ത്ഥികളായിരുന്നു. ദര്‍സ് വിദ്യാര്‍ത്ഥി അല്ലാതിരുന്നിട്ടും ഇ കെ ഉസ്താദിനോടും മറ്റും നല്ല ബന്ധമായിരുന്നു. കിട്ടിയ അവസരം ഉപയോഗപ്പെടുത്തി ‘ഖത്‌റുന്നദ് പോലെയുള്ള ചില കിതാബുകള്‍ അക്കാലത്ത് ഇ കെ ഹസന്‍ മുസ് ലിയാരില്‍ നിന്നും ഓതുകയുണ്ടായി.

ഖുവ്വത്തില്‍ നിന്നും മടങ്ങിയെത്തിയ ശേഷം കിതാബോതിപ്പഠിച്ചത് കോഴിക്കോട് നഗരത്തില്‍ ഉപ്പയും മൂത്താപ്പയും ചേര്‍ന്ന് നടത്തിയിരുന്ന പാണ്ടികശാലയുടെ മുകളില്‍ പ്രത്യേകം തയ്യാറാക്കിയ ദര്‍സിലായിരുന്നു. ഉപ്പയും മൂത്താപ്പയും ചേര്‍ന്ന് ശമ്പളം നല്‍കിയാണ് അവിടെ ഉസ്താദിനെ നിയമിച്ചത്. ബേപ്പൂര്‍കാരനായ ഹാഫിള് മുഹമ്മദ് മുസ്‌ലിയാരായിരുന്നു ഗുരു. അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ മക്കളായ സയ്യിദ് സൈനുല്‍ആബിദീന്‍ ബാഫഖി തങ്ങള്‍, അബ്ദുല്‍ഖാദിര്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍ എന്നിവരൊക്കെ അക്കാലത്ത് സഹപാഠികളാണ്. നാലുവര്‍ഷമാണ് പാണ്ടികശാലയിലെ പഠനകാലം.

ശേഷം കൊയിലാണ്ടിയില്‍ തന്നെയുള്ള ദര്‍സില്‍ ചേര്‍ന്നു. സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായിരുന്ന ഖാളി കുഞ്ഞഹമ്മദ് മുസ്‌ലിയാരാണ് അവിടെ ഉസ്താദ്. ബാപ്പു മുസ്‌ലിയാര്‍ എന്ന പേരിലാണ് അദ്ദേഹം കൊയിലാണ്ടിയിലും പരിസരത്തും അറിയപ്പെട്ടത്. സുബ്ഹിക്കു ശേഷമാണ് ദര്‍സില്‍ പോവുക. ളുഹ്ര്‍ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും. പിന്നീട് ഒന്നാം ദര്‍സിന്റെ സമയത്താണ് പള്ളിയിലെത്തുക. അതു കഴിഞ്ഞ് മടങ്ങുകയും ചെയ്യും. ളുഹ്ര്‍ മുതലുള്ള ഇടവേളയില്‍ വീട്ടില്‍ പ്രത്യേകമായി നിയമിച്ച കുറ്റിപ്പുറം അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പഠിച്ച വിഷയങ്ങളിലെ സംശയം തീര്‍ക്കാനും മറ്റുമായി കൂടെയുണ്ടാവും. സി എം വലിയുല്ലാഹി ഇടക്കാലത്ത് കൊയിലാണ്ടിയിലെ ദര്‍സില്‍ ചേര്‍ന്നിരുന്നു. ആ അവസരം ഉപയോഗപ്പെടുത്തി ഫത്ഹുല്‍മുഈനിന്റെ ആമുഖം മഹാനില്‍ നിന്ന് ഓതാന്‍ ഭാഗ്യമുണ്ടായി. ബാപ്പു ഉസ്താദിന് ശാരീരികമായി അസ്വസ്ഥതകള്‍ വന്നപ്പോള്‍ ജുമുഅയുടെ ഖുതുബ നിര്‍വഹിക്കാന്‍ തങ്ങളെയാണ് ഏല്‍പ്പിച്ചിരുന്നത്. പിന്നീട് വീടിനടുത്തുള്ള വലിയകം പള്ളിയിലും ദീര്‍ഘകാലം ഖുതുബ നിര്‍വഹിച്ചിരുന്നു.

ഈ കാലത്ത് 1960ലാണ് വിവാഹിതനാവുന്നത്. മൂത്താപ്പ അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ മകള്‍ ബീവി ശരീഫ ഉമ്മുഖുല്‍സുവായിരുന്നു ഭാര്യ. മക്കളെപ്പോലെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്ത ബാഫഖി തങ്ങള്‍ പഠനത്തിലും ആരാധനാ കാര്യങ്ങളിലും അലി ബാഫഖി തങ്ങള്‍ കാണിക്കുന്ന കണിശതയില്‍ ഏറെ സന്തുഷ്ടനായിരുന്നു. ആ ഇഷ്ടവും സന്തോഷവും തന്നെയാണ് സ്വന്തം മകളെ സമ്മാനിക്കാന്‍ മാത്രമുള്ള പ്രചോദനമായിത്തീര്‍ന്നതും.

വിവാഹം കഴിയുന്നതോടെ ജീവിതത്തില്‍ ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിത്തീരുന്നത് സ്വാഭാവികമാണല്ലോ. സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലെങ്കിലും തന്റെ പഠനക്രമങ്ങള്‍ക്ക് വിവാഹത്തിലൂടെയുണ്ടായ പുതിയ സാഹചര്യം പ്രയാസം സൃഷ്ടിക്കുന്നതായി തങ്ങള്‍ തിരിച്ചറിഞ്ഞു. ഉപ്പയടക്കം അടുത്ത ബന്ധുക്കളോടെല്ലാം ഈ ആശങ്ക പങ്കുവെക്കുകയും ചെയ്തു. നാടിന് പുറത്ത് ഒരു ദര്‍സില്‍ ചേര്‍ന്നാല്‍ ഒരു പരിധിവരെ അതിന് പരിഹാരമുണ്ടാവുമെന്ന അഭിപ്രായം എല്ലാവരും പ്രകടിപ്പിച്ചു. അതിനിടെ ഒരു ട്രെയിന്‍ യാത്രയില്‍ ഉപ്പ അഹ്മദ് ബാഫഖി തങ്ങള്‍ കോട്ടുമല ഉസ്താദിനെ കണ്ടുമുട്ടി. സൗഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ മകന് ദര്‍സില്‍ ചേര്‍ന്നു പഠിക്കാനുള്ള ആഗ്രഹവും തങ്ങള്‍ കോട്ടുമല ഉസ്താദിനോട് പങ്കുവെച്ചു. ഉസ്താദ് വളരെ താല്‍പര്യപൂര്‍വം മകനെ തന്റെ ദര്‍സിലയക്കാന്‍ നിര്‍ദേശിച്ചു. അങ്ങനെ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലെ കോട്ടുമല ഉസ്താദിന്റെ ദര്‍സിലേക്ക് അലി ബാഫഖി തങ്ങള്‍ എത്തിച്ചേര്‍ന്നു. പദക്രമങ്ങളുടെ കുരുക്കഴിച്ചും തഹ്ഖീഖ് പറഞ്ഞും പുരോഗമിക്കുന്ന കോട്ടുമല ഉസ്താദിന്റെ ക്ലാസുകളില്‍ എല്ലാം മറന്ന് ആ മുതഅല്ലിം അലിഞ്ഞു ചേര്‍ന്നു. പഠനത്തിനപ്പുറം ഗുരുശിഷ്യബന്ധത്തിന്റെ ധന്യമായ മാതൃകകളിലൊന്നായി ആ ഉസ്താദും ശിഷ്യനും അലിഞ്ഞു ചേര്‍ന്നു. പാണക്കാട് ഹുസൈന്‍ ശിഹാബ് ആറ്റക്കോയത്തങ്ങള്‍, ഷിറിയ അലിക്കുഞ്ഞി മുസ്‌ലിയാര്‍ എന്നിവര്‍ ആ കാലത്തെ സഹപാഠികളാണ്.

കേരളത്തിലെ പള്ളിദര്‍സുകളുടെ പതിവനുസരിച്ച് സാധാരണയില്‍ ഓതാറുള്ള കിതാബുകളെല്ലാം ഓതിക്കഴിഞ്ഞപ്പോള്‍ ഉസ്താദിന്റെ സമ്മതത്തോടെ വിശുദ്ധ ഹജ്ജിനായി പുറപ്പെട്ടു. വിശ്രുത പണ്ഡിതനായ സയ്യിദ് അലവി മാലികി മക്കയുടെ ദര്‍സില്‍ ചേര്‍ന്ന് പഠിക്കുക എന്ന താല്‍പര്യവും ഈ യാത്രക്കുണ്ടായിരുന്നു. 1964ലാണ് ഇത്. മക്കയില്‍ ചെന്ന് ഹജ്ജിന്റെ കര്‍മങ്ങള്‍ നിര്‍വ്വഹിച്ചു. ശേഷം അലവി മാലിക്കിയെ സന്ദര്‍ശിച്ച് തങ്ങള്‍ തന്റെ ആഗമനോദ്ദേശം അവരോട് പങ്കുവെച്ചു. എന്നാല്‍ ശക്തമായ ഉഷ്ണകാലമായതിനാല്‍ ആ സമയത്ത് അദ്ദേഹത്തിന്റെ ദര്‍സ് നടക്കുന്നുണ്ടായിരുന്നില്ല. ആറുമാസം കഴിഞ്ഞേ ക്ലാസുണ്ടാവുകയുള്ളൂ എന്നറിഞ്ഞപ്പോള്‍ നിരാശയോടെ നാട്ടിലേക്ക് തന്നെ മടങ്ങി.

നാട്ടിലെത്തിയപ്പോള്‍ കോട്ടുമല ഉസ്താദ് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ മുദരിസായ വിവരം അറിഞ്ഞു. ജാമിഅയില്‍ ചേര്‍ന്നാല്‍ കോട്ടുമല ഉസ്താദിനൊപ്പം ശംസുല്‍ഉലമയുടെയും ക്ലാസുകള്‍ കിട്ടും. പിന്നീട് കൂടുതലൊന്നും ആലോചിക്കാതെ ജാമിഅയില്‍ ചേര്‍ന്നു. നാലു വര്‍ഷക്കാലം ശംസുല്‍ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും എണ്ണം പറഞ്ഞ ക്ലാസുകള്‍. ആത്മനിര്‍വൃതിയുടെ നാളുകളായിരുന്നു അത്. ഉസ്താദുമാരുടെ ക്ലാസുകളില്‍ അവര്‍ തുറന്നിടുന്ന ചില വാതിലുകള്‍ അന്വേഷണത്തിന്റെ പുതിയ ലോകം തങ്ങളുടെ മുന്നില്‍ തുറന്നിട്ടു. സബ്ഖുകള്‍ കഴിഞ്ഞാല്‍ ഭൂരിഭാഗ സമയവും കുതുബുഖാനയിലായിരിക്കും. മുതഅല്ലിമുകള്‍ നടക്കാനിറങ്ങുന്ന അസ്വ്‌റിനു ശേഷമുള്ള സമയത്ത് പോലും തങ്ങള്‍ കുതുബ്ഖാനയിലായിരിക്കും. ചിലപ്പോള്‍ ഉസ്താദുമാരുടെ മുറികളില്‍ ചോദ്യവും ഉപചോദ്യവുമായി നീളുന്ന മണിക്കൂറുകള്‍. കോട്ടുമല ഉസ്താദിന്റെ പ്രിയപ്പെട്ട ശിഷ്യന്‍ വളരെ വേഗം ശംസുല്‍ഉലമയുടെയും ഇഷ്ടഭാജനമായി. അധികമാര്‍ക്കും പിടികൊടുക്കാത്ത ശംസുല്‍ഉലമയുടെ അടുത്ത് തങ്ങള്‍ക്ക് ചില സ്വാതന്ത്ര്യവും പരിഗണനയും ലഭിച്ചു. മുത്വവ്വല്‍ ക്ലാസുകള്‍ കഴിഞ്ഞ് പരീക്ഷ പൂര്‍ത്തിയായി. ജാമിഅയില്‍ അന്ന് തഖസ്സുസ് ക്ലാസുകളില്ല. പതിവനുസരിച്ച് ഇനി അവിടെ പഠനത്തിന് അവസരമില്ല. എന്നാല്‍ ശംസുല്‍ഉലമ പറഞ്ഞു: തങ്ങള്‍ അടുത്ത കൊല്ലവും ഇവിടെത്തന്നെ നിന്നോളീ, നമുക്ക് ഇതുവരെ ഓതാത്ത കിതാബുകള്‍ ഓതാം.’ കോട്ടുമല ഉസ്താദും അതിനോട് യോജിച്ചു. തങ്ങള്‍ക്ക് വലിയ സന്തോഷമായി. സഹപാഠികളെല്ലാം പഠനം കഴിഞ്ഞിറങ്ങിയപ്പോള്‍ തങ്ങള്‍ വീണ്ടും ഓത്ത് തുടര്‍ന്നു. കൂടെ വേറെ മൂന്ന് പേരുമുണ്ടായിരുന്നു. നാലു പേര്‍ക്കു വേണ്ടി മാത്രം സ്വന്തം താല്‍പര്യമെടുത്ത് ശംസുല്‍ഉലമ സബ്ഖുകള്‍ നടത്തിയെങ്കില്‍ അദ്ദേഹത്തെ അറിയുന്നവര്‍ക്കറിയാം ആ നാലുപേര്‍ അദ്ദേഹത്തിന് എത്രമാത്രം ബോധിച്ചിട്ടുണ്ടാവുമെന്ന്. ഒരു വര്‍ഷത്തിനു ശേഷം ജാമിഅയില്‍ നിന്നും മടങ്ങി.

പഠനം കഴിഞ്ഞാല്‍ ദര്‍സുകള്‍ ആരംഭിക്കലാണ് അന്നത്തെ പതിവ്. തങ്ങളെപ്പോലെ ഉസ്താദുമാരുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ തഹ്ഖീഖുള്ളവര്‍ക്ക് അത് നിര്‍ബന്ധമാണ്. എന്നാല്‍ തങ്ങള്‍ ഒരു ദിവസം പോലും ദര്‍സ് നടത്തിയില്ല. മദ്‌റസയില്‍ അധ്യാപകനാവാനും പോയില്ല. പ്രഭാഷണവേദികളിലും എഴുത്തുകാരിലും തങ്ങള്‍ ഉണ്ടായില്ല. അതിന്റെ കാരണമന്വേഷിച്ചു: അതിന് മാത്രമൊന്നും എനിക്ക് യോഗ്യതയില്ല എന്ന ഭാവത്തില്‍ ഒരു മറുപടിയുണ്ട്: ‘ഞമ്മള്‍ കച്ചവടക്കാരല്ലേ, കടയില്‍ ചെന്നിരിക്കുന്നവരെ ആരാ ദര്‍സ് നടത്താന്‍ വിളിക്കുക.’

സംഭവം ഇങ്ങനെയാണ്. നേരത്തെ സൂചിപ്പിച്ചപോലെ തങ്ങളുടെ ഉപ്പയും ഉപ്പാപ്പയുമെല്ലാം വസ്ത്രവ്യാപാരികളാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള തുണിമില്ലുകളില്‍ നിന്ന് നേരിട്ട് സാധനങ്ങളെത്തിച്ച് നടത്തുന്ന ഈ സംരംഭങ്ങള്‍ക്ക് പഴക്കമേറെയുണ്ട്. ഒരിക്കല്‍ പിതാവ് അഹ്മദ് ബാഫഖി തങ്ങള്‍ ഹജ്ജ് കഴിഞ്ഞു വരുമ്പോള്‍ ബോംബെയില്‍ നിന്നും കട്പീസുകളുടെ ഏതാനും വലിയ ബണ്ടിലുകള്‍ നാട്ടിലെത്തിച്ചു. കൂട്ടത്തില്‍ ഒരു ബണ്ടില്‍ തങ്ങളെ വിളിച്ച് അദ്ദേഹത്തെ ഏല്‍പ്പിച്ചു. അന്നത്തെ സാഹചര്യമനുസരിച്ച് അത്യാവശ്യം വലിയ ഒരു തുണിഷോപ്പ് തുടങ്ങാന്‍ മാത്രം അത് വിശാലമായിരുന്നു. വിവാഹം കഴിഞ്ഞ് വന്നുചേര്‍ന്ന ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ മകന്‍ പ്രയാസപ്പെടരുത് എന്നായിരിക്കും തങ്ങള്‍ ഉദ്ദേശിച്ചത്. അങ്ങനെ ഒരു മുറി വാടകക്കെടുത്ത് അതില്‍ കച്ചവടമാരംഭിച്ചു. പഠനകാലത്താണ് ഈ ഉദ്യമം. പട്ടിക്കാട്ടേക്ക് പോയപ്പോള്‍ ഒരാളെ ജോലിക്ക് നിര്‍ത്തിയാണ് പോയത്. പഠനം കഴിഞ്ഞ് തിരിച്ചെത്തിയതോടെ കച്ചവടത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കുകയും കടയില്‍ തന്നെ ഇരിക്കാന്‍ തുടങ്ങുകയും ചെയ്തു.

എം ടി ശിഹാബുദ്ദീന്‍ സഖാഫി

You must be logged in to post a comment Login