”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചതു പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിച്ചിരിക്കുന്നു-നിങ്ങള്‍ ജീവിതത്തില്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടി” (അല്‍ ബഖറഃ/ 183).
നോമ്പ് വിശ്വാസികള്‍ക്ക് നിര്‍ബന്ധമായി അനുശാസിക്കുന്ന ഖുര്‍ആനിക വചനമാണിത്. ധാരാളം ആന്തരികാര്‍ഥങ്ങളിലേക്ക് കൊണ്ടുപോകുന്ന ഈ വചനം നോമ്പെടുക്കാനുള്ള കല്പന മാത്രമല്ല പ്രചോദനം കൂടി നല്‍കുന്നുണ്ട്. അല്ലാഹു എല്ലാം കല്പിച്ച് നിര്‍ബന്ധിക്കുന്ന രീതിയല്ല സ്വീകരിച്ചത്. സ്രഷ്ടാവെന്ന നിലയില്‍ എല്ലാം കല്പിക്കാമായിരുന്നുവെങ്കിലും മനുഷ്യരടങ്ങുന്ന തന്റെ സൃഷ്ടികളോട് ഏറ്റവും വലിയ കാരുണ്യവാന് കൂടിയാണ് അല്ലാഹു. കല്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും നിരോധിത കാര്യങ്ങള്‍ വര്‍ജ്ജിക്കാനും മനുഷ്യര്‍ക്ക് ശക്തമായ ഊര്‍ജ്ജവും ആവേശവും അല്ലാഹു പകരുന്നു. ഓരോ വചനങ്ങളിലും ഇത് പ്രകടമാണ്. വിശ്വപ്രശസ്തനായ ഇമാം ഫഖ്റുദ്ദീന്‍ അല്‍ റാസി(റ) തന്റെ തഫ്സീറുല്‍ കബീറില്‍ ഇത്തരം ആന്തരികസാരങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നുണ്ട്.
മുഹമ്മദ് റസൂലിന്റെ (സ്വ) സമൂഹത്തിന് നോമ്പ് നിര്‍ബന്ധമാക്കി എന്ന വാര്‍ത്ത അറിയിക്കുന്ന സ്ഥലത്ത് അല്ലെങ്കില്‍ നോമ്പ് നിര്‍ബന്ധമുണ്ട് എന്ന കല്പന പുറപ്പെടിക്കുന്നയിടത്ത് മറ്റു പ്രവാചകന്മാരുടെ സമൂഹങ്ങള്‍ക്ക് കൂടി നോമ്പ് നിര്‍ബന്ധമാക്കിയിരുന്നു എന്ന ഒരു വിവരം അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു. ഇത് ഒരു വിവരമറിയിക്കല്‍ മാത്രമല്ല. ‘കമാ’ എന്ന പ്രത്യേക അറബി പ്രയോഗമാണ് നടത്തിയിരിക്കുന്നത്. അഥവാ മറ്റു സമുദായങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയതുപോലെ തന്നെ. ഇത് വിശ്വാസിക്ക് നല്കുന്ന ഏറ്റവും വലിയ ഊര്‍ജ്ജമാണ്. മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ പ്രധാനമാണ് ഭക്ഷണവും ലൈംഗികതയും. നോമ്പെടുക്കുന്ന ഒരു വ്യക്തി നോമ്പു സമയത്ത് പൂര്‍ണമായും മുക്തമാകേണ്ടത് ഈ രണ്ടു അടിസ്ഥാന ആവശ്യങ്ങളില്‍ നിന്നാണ്. അത് വളരെ ശ്രമകരവുമാണ്. നീണ്ട പകല്‍ സമയം ഒരിറ്റുവെള്ളം പോലും താഴോട്ടിറക്കാതെ സൂക്ഷിക്കാന്‍ നല്ല കരുത്ത് വേണം. ലൈംഗിക വികാരങ്ങളെ പിടിച്ചുനിര്‍ത്താന്‍ നല്ല ശക്തിയും ആവശ്യമാണ്. ഇതിനു വിശ്വാസികളെ പര്യാപ്തമാക്കാനാണ് അല്ലാഹു മുന്‍കഴിഞ്ഞ സമൂഹത്തിനു നിര്‍ബന്ധമാക്കിയതുപോലെ എന്നു പ്രയോഗിച്ചതെന്ന് ഇമാം റാസി(റ) വ്യക്തമാക്കുന്നു. ഏതു പ്രയാസമുള്ള കാര്യവും തനിക്ക്/ തങ്ങള്‍ക്ക് മാത്രമല്ലെന്നും അതെല്ലാവര്‍ക്കുമുണ്ട് എന്നുമറിയുമ്പോള്‍ മനുഷ്യ മനസ്സനുസരിച്ച് അതിനു പാകപ്പെടും. അത് സഹിക്കാന്‍ അവന്/ അവര്‍ തയാറാകും. എപ്പോഴും തനിക്കോ/ തങ്ങള്‍ക്കോ മാത്രമേ ഈ പ്രയാസകരമായ കാര്യമുള്ളൂ എന്നറിയുമ്പോള്‍ അത് ഏറ്റെടുക്കാനും ചെയ്യാനും മനുഷ്യ മനസ്സിന് അല്പം വിഷമം കൂടും. ഇതില്ലാതാക്കുകയാണ് അല്ലാഹു.
കൂടാതെ, ഈ ഉമ്മത്തിലെ നല്ലയാളുകള്‍ മാത്രമല്ല നോമ്പനുഷ്ഠിച്ചതെന്നും എല്ലാ ഉമ്മത്തുകളിലെയും നല്ലയാളുകളുടെ അടയാളമായിരുന്നു ഇതെന്നും ഇവിടെ എടുത്തുപറയുന്നു. ഏതൊരു വിശ്വാസിക്കും നോമ്പെടുക്കാന്‍ ഇത് ധൈര്യം പകരുന്നതാണ്. കഴിഞ്ഞുപോയ മുഴുവന്‍ മഹാന്മാരും ചെയ്ത ഒരു സല്‍കര്‍മത്തിന് ഉപേക്ഷവരുത്താന്‍ ഒരാള്‍ക്കും മനസ്സുകൊണ്ട് താല്‍പ്പര്യമുണ്ടാവില്ല. എന്നുമാത്രവുമല്ല, ഉപേക്ഷവരുത്തുമ്പോള് ഒരു പേടിയുമുണ്ടാവും. എല്ലാവരും ചെയ്ത/ ചെയ്തിരുന്ന ഒരു കാര്യമാണ് താന്‍ ഉപേക്ഷിക്കുന്നതെന്ന വിചാരം അവരെ അലട്ടുന്നു. അത്തരം ആധികള്‍ മനുഷ്യന് ഗുണപരമായി ഭവിക്കുന്നു. ‘ഓ സത്യവിശ്വാസികളേ’ എന്നാണല്ലോ അല്ലാഹു അഭിസംബോധനം ചെയ്തതും.
മനുഷ്യന് എപ്പോഴും ആഗ്രഹമുള്ളത് തെറ്റുകളില്‍ നിന്നും മുക്തനായി സൃഷ്ടികളുടെയടുത്തും സ്രഷ്ടാവിന്റെയടുത്തും നല്ലയാളായി ജീവിക്കാനാണ്. തെറ്റുചെയ്യുമ്പോള്‍ പോലും മഹാഭൂരിപക്ഷം പേരും തെറ്റുചെയ്യാത്ത ജീവിതത്തെ ഇഷ്ടപ്പെടുന്നു. കള്ളുകുടിയന് കള്ളുകുടിക്കാത്ത ആളെയാണ് ഇഷ്ടമുണ്ടാവുക. തന്റെ മകള്‍ക്ക് കല്യാണാലോചന വരുമ്പോള്‍ മദ്യപാനിയല്ലാതിരിക്കാന് അയാള്‍ വേണ്ടതെല്ലാം ചെയ്യുന്നു. പിന്നെയും മനുഷ്യന് തെറ്റിലേക്ക് വഴുതിവീഴുന്നത് അത് പ്രതിരോധിക്കാനുള്ള ശക്തി അവനു നഷ്ടപ്പെട്ടതുകൊണ്ടു മാത്രമാണ്. ഈ ശക്തി സംഭരിക്കാന്‍ വിശ്വാസി എപ്പോഴും ഇഷ്ടപ്പെടുകയും ചെയ്യും-തെറ്റു ചെയ്യുമ്പോള്‍ വരെയും. അടുത്ത പ്രാവശ്യം ഇതില്‍ നിന്നും എങ്ങനെ മുക്തിനേടാമെന്നായിരിക്കും വിശ്വാസിയുടെ ചിന്ത. ഈ ശക്തി ലഭിക്കാനും വര്‍ധിപ്പിക്കാനും നോമ്പ് നിമിത്തമാകുന്നു എന്നറിയുമ്പോള്‍ സ്വാഭാവികമായും വിശ്വാസിക്ക് നോമ്പിനോട് കൂടുതല്‍ താല്പര്യം ജനിക്കുന്നു. അതുകൊണ്ടാണ് ഖുര്‍ആന്‍ ‘നിങ്ങള്‍ ജീവിതത്തില്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടി’ എന്ന് പ്രത്യേകം എടുത്ത് പറയുന്നത്. ഇമാം റാസി(റ) പറയുന്നത് പ്രകാരം, നോമ്പെല്ലാം നിര്‍ബന്ധമാക്കേണ്ടതുണ്ടോ എന്ന സംശയം ദൂരീകരിക്കുകയാണ് അല്ലാഹു. ഇത് ഒരു ബുദ്ധിമുട്ടിക്കലല്ലേ എന്ന ചിന്തയും വേണ്ട. തെറ്റുകളില്‍നിന്നും മുക്തിനേടാനും മാറിനില്‍ക്കാനും നോമ്പ് അനിവാര്യവും സഹായകരവുമാണെങ്കില് തീര്‍ച്ചയായും മനുഷ്യജീവിതത്തില്‍ നോമ്പ് നിര്‍ബന്ധവുമാണ്. ഇവിടെ അല്ലാഹു മനുഷ്യനെ നോമ്പെടുക്കാന്‍ പ്രേരിപ്പിക്കുന്നതോടൊപ്പം നോമ്പ് നിര്‍ബന്ധം തന്നെയാക്കണമെന്ന സന്ദേശവും നല്കുന്നു. അല്ലെങ്കില്‍ നിര്‍ബന്ധമാക്കിയതിലുള്ള സന്ദേഹത്തെ ദൂരീകരിക്കുന്നു.
മനുഷ്യര്‍ക്ക് ഏറ്റവും ആവശ്യവും ആഗ്രഹവുമുള്ള കാര്യങ്ങളെ വര്‍ജിക്കല്‍ ഏറ്റവും ശ്രമകരവും പ്രയാസകരമായിരിക്കും. അതുകൊണ്ടുതന്നെ ഭക്ഷണവും ലൈംഗികാസ്വാദനവും ഉപേക്ഷിക്കുക വളരെ ശ്രമകരവും ബുദ്ധിമുട്ടുള്ളതുമാണ്. നോമ്പില്‍ ഇത് രണ്ടും ഉപേക്ഷിക്കാനാണ് അല്ലാഹുവിന്റെ കല്പന. ഒരു മാസം ഇവ ഉപേക്ഷിച്ച് ശീലമാക്കിയ മനുഷ്യന് മറ്റുള്ള ദിവസങ്ങളില്‍ ഇവ ഉപേക്ഷിക്കാനും നിരോധിക്കപ്പെട്ട മറ്റു കാര്യങ്ങള്‍ വര്‍ജിക്കാനും വളരെ എളുപ്പത്തില്‍ സാധിക്കുന്നു. അഥവാ ഭക്ഷണം ആവശ്യാനുസരണം ക്രമീകരിക്കാനും ലൈംഗിക ആഗ്രഹങ്ങള്‍ അനുവദനീയമായ മാര്‍ഗത്തിലൂടെ പൂര്‍ത്തീകരിക്കാനുമുള്ള പക്വത വരുന്നു. ഇവ രണ്ടും തീര്‍ത്തും ഉപേക്ഷിച്ച് ശീലിച്ചയാള്‍ക്ക് സ്വാഭാവികമായും ഇതിനെക്കാളും ചെറിയ ആഗ്രഹങ്ങളെ ചങ്ങലക്കിടുക എളുപ്പവുമായിരിക്കും. അങ്ങനെ പൂര്‍ണമായും തെറ്റുകള്‍ കടന്നുവരാത്ത ജീവിതം നയിക്കാന്‍ സാധ്യമാവുകയും ചെയ്യും. ഈ ഒരു സന്ദേശം കൂടി ഖുര്‍ആന്‍ വിശ്വാസി സമൂഹത്തിനു നല്കുന്നു.
ഈ വചനത്തിന്റെ തൊട്ടുടനെ ഖുര്‍ആന്‍ പറയുന്നത് ‘എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം’ (അല്‍ ബഖറ/ 184) എന്നാണ്. ഇവിടെയും അല്ലാഹു മനുഷ്യന് ആത്മവീര്യവും പ്രചോദനവും നല്‍കുകയാണ്. അധികം ദിവസങ്ങളില്ല. അതുകൊണ്ടു ബുദ്ധിമുട്ടിക്കലല്ല, ബുദ്ധിമുട്ടുകയും അരുത്; നല്ലവണ്ണം ശ്രദ്ധിക്കുകയും വേണം. ‘എണ്ണപ്പെട്ട’ എന്ന പ്രയോഗം വളരെ ശ്രദ്ധേയമാണ്. ഏതു വസ്തുവും എണ്ണപ്പെട്ടതേയുള്ളൂ എന്ന് പറയുമ്പോള്‍ അത് കൂടുതല്‍ ശ്രദ്ധിക്കണമെന്നും കുറച്ചേയുള്ളൂവെന്നുമാണ് ധ്വനി. എണ്ണപ്പെട്ട പണം എന്നുപറയുമ്പോള്‍ വാരിക്കോരി നല്കിയതല്ല എന്ന അര്‍ഥമുണ്ടല്ലോ. അതുകൊണ്ടുതന്നെ നോമ്പ് ചില നിശ്ചയങ്ങളോടെ, എണ്ണപ്പെട്ട കുറഞ്ഞ ദിവസങ്ങള്‍ സ്രഷ്ടാവായ അല്ലാഹു പ്രത്യേക ഉദ്ദേശ്യങ്ങളോടെ സംവിധാനിച്ചതാണെന്നും ഒരിക്കലും ഉപേക്ഷവരുത്തരുതെന്നും മനസ്സിലാക്കാം.
ശേഷം ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെ: ”മനുഷ്യര്‍ക്ക് നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതും സുവ്യക്ത തെളിവുകളുള്ക്കൊള്ളുന്നതുമായ വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതുകൊണ്ട് നിങ്ങളില്‍ ആ മാസത്തില്‍ സന്നിഹിതരായവര്‍ വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം നോമ്പെടുക്കേണ്ടതാണ്. ആശ്വാസവും എളുപ്പവുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കവും പ്രയാസവും ഉണ്ടാക്കാന്‍ അവന് ഉദ്ദേശിക്കുന്നേയില്ല’ (അല്‍ ബഖറ/ 185).
ഈ മാസത്തിനു ഖുര്‍ആന്‍ റമളാന്‍ എന്ന് പേരിട്ടു. റമളാന്‍ വ്യത്യസ്ത അര്‍ഥങ്ങള്‍ പറഞ്ഞവരുണ്ട്. ശൈത്യകാലത്തിനു മുമ്പ് അടിച്ചുവീശുന്ന ഒരു കാറ്റുണ്ട്. ഈ കാറ്റില്‍ ഭൂമുഖത്തെ മുഴുവന്‍ പൊടിപടലങ്ങളും നീക്കംചെയ്യപ്പെടും. അഥവാ ഭൂമിയെ വൃത്തിയാക്കും. ആ കാറ്റിനു റംളാഅ എന്നാണ് പറയുക. ഈ പദത്തില്‍ നിന്നാണ് റമളാന്‍ എന്ന പദം നിഷ്പന്നമായതെന്ന് ചിലര്‍ പറയുന്നു. അതായത് ഈ മഴ പൊടിപടലങ്ങള്‍ വൃത്തിയാക്കുന്നതുപോലെ റമളാന്‍ പാപങ്ങളെ വൃത്തിയാക്കും. ശക്തമായി കരിക്കുന്നത് എന്നര്‍ഥത്തിലും റംളാഅ ഉപയോഗിക്കാറുണ്ട്. അങ്ങനെയെങ്കില്‍ റമളാന്‍ കൊണ്ടുള്ള ഉദ്ദേശ്യം പാപത്തെ കരിച്ചുകളയുന്ന മാസം എന്നുതന്നെയാണ്. ഒരു ഹദീസില്‍ ഇപ്രകാരം കാണുകയും ചെയ്യാം.
റമളാന്‍ എന്ന് പ്രയോഗിക്കുന്നതിനു പകരം ശഹ്റു റമളാന്‍ എന്നാണ് പ്രയോഗിച്ചത്. ഈ പ്രയോഗവും വിശ്വാസിക്ക് ചില മോട്ടിവേഷനുകള്‍ നല്‍കുന്നുണ്ട്. ശഹ് ര്‍ എന്ന പദം ശുഹ്റത്തില് നിന്നും നിഷ്പന്നമായതാണ്. വ്യക്തമായത്, പ്രശസ്തമായത് എന്നെല്ലാം ഇതിനു അര്‍ഥം പറയാം. മാസത്തിനു ശഹ് ര്‍ എന്ന് പ്രയോഗിക്കാനുള്ള കാരണം അത് വ്യക്തമാകുന്നതുകൊണ്ടോ വ്യക്തമാകേണ്ടത് കൊണ്ടോ ആണ്. അതേ സമയം വെറും റമളാന്‍ എന്ന് പറഞ്ഞുനിര്‍ത്താതെ ശഹ്റു റമളാന്‍ എന്ന് പറയുക വഴി നാം മനസ്സിലാക്കേണ്ടത് പ്രശസ്തവും പ്രകടവുമായ റമളാന്‍ എന്നാണ്. അനുഗ്രഹങ്ങള്‍ക്കും പാപമോചനങ്ങള്‍ക്കും പ്രശസ്തമായ, എല്ലാവര്‍ക്കുമറിയുന്ന റമളാന്‍ മാസമെന്നര്ഥം. എന്തുകൊണ്ട് റമളാനില്‍ മാത്രം നോമ്പ് എന്നതിനുകൂടി ഉത്തരമുണ്ട് ഇതില്‍. ആ മാസം ഇത്തരം കാര്യങ്ങള്‍ക്ക് പ്രശസ്തമായതാണ്. അതുകൊണ്ടുതന്നെ നോമ്പിന് ഏറ്റവും പറ്റിയ മാസവുമാണ്.
മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ മാസത്തിന്. അതാണ് തൊട്ടടുത്ത് അല്ലാഹു പറയുന്നത്. ഖുര്‍ആന്‍ ഇറക്കപ്പെട്ട മാസമാണിത്. അതുകൊണ്ടുതന്നെ നോമ്പനുഷ്ഠിക്കുന്നവര്ക്കു കൂടുതല്‍ ആവേശമുണ്ടാവും. ലോകത്തിന്റെ വഴികാട്ടിയായ ഈ അമൂല്യ ഗ്രന്ഥം ഇറങ്ങിയ മാസം ചെറിയ മാസമായിരിക്കില്ലല്ലോ. ഇവിടെ മാസത്തെയും അതില്‍ നോമ്പനുഷ്ഠിക്കുന്നവരെയും ഖുര്‍ആന്‍ ആദരിക്കുന്നു. ആ ആദരവിനെല്ലാം നിമിത്തമാകുന്നത് ഖുര്‍ആന്‍ അവതരിക്കപ്പെട്ടു എന്നതാണ്. അല്ലാഹുവിന്റെ ഖുദ്റത്തുകളുടെ അപാരമായ ഖജനാവുകള്‍ തുറക്കപ്പെട്ട ഈ മാസത്തിനെ വേണ്ടതുപോലെ സ്വീകരിക്കാന്‍ മനുഷ്യനാകണമെങ്കില്‍ മാനുഷികമായ ചാപല്യങ്ങളില്‍ നിന്നും മുക്തമായി ഇലാഹിയായ പ്രകാശത്തെ സ്വീകരിക്കാന്‍ അവന് പക്വത നേടണം. ഇതിനുള്ള വഴിയാണ് നോമ്പ്. നോമ്പില്‍ മാനുഷിക ദൗര്‍ബല്യങ്ങളെ കടിഞ്ഞാണിടുകയാണ്. അങ്ങനെ അല്ലാഹുവിലേക്ക് അടുക്കുകയാണ്. അതുകൊണ്ടുതന്നെ റമളാന്‍ മാസം വിശ്വാസിക്ക് നോമ്പെടുക്കാന്‍ ഏറ്റവും നല്ല മാസവുമാണ്.
ശേഷം അല്ലാഹു വീണ്ടും ഉണര്‍ത്തുന്നത് ‘ആരെങ്കിലും ഈ മാസത്തിനു സാക്ഷിയായാല്‍ അവന് നോമ്പനുഷ്ഠിക്കട്ടെ’ എന്നാണ്. ഈ മാസം അത്രയും പുണ്യമുള്ളതാണെന്നു ബോധ്യപ്പെടുത്തിയതിനു ശേഷമാണ് നോമ്പെടുക്കാനുള്ള കല്പന വരുന്നത്. മനുഷ്യര്‍/വിശ്വാസി ഒരിക്കലും ദുഃഖിക്കരുതെന്നും പ്രയാസപ്പെടരുതെന്നും ഈ മാസത്തിനു ഇത്തരം ധാരാളം ശ്രേഷ്ഠതകളുള്ളത് കൊണ്ടുമാത്രമാണ് ഇതിലെ നോമ്പെടുക്കാന്‍ ആഹ്വാനം നല്‍കുന്നതെന്നും ഇതുണര്‍ത്തുന്നു.
ഇതിനെ അടിവരയിടുകയാണ് അടുത്ത വചനത്തിലൂടെ: ”അല്ലാഹു ഒരിക്കലും നിങ്ങള്‍ക്ക് പ്രയാസം ഉദ്ദേശിക്കുന്നില്ല. എളുപ്പം മാത്രമാണ് അവനുദ്ദേശിക്കുന്നത്”. നോമ്പ് മുതല്‍ എല്ലാ ആരാധനയുടെയും അടിസ്ഥാന തത്വമാണിത്. അല്ലാഹു അവന്റെ അടിമകള്‍ക്ക് വെച്ച എല്ലാ ആരാധനകളും മനുഷ്യന് എളുപ്പവും സന്തോഷവും സമ്മാനിക്കുന്നതാണ്. ഏറ്റവും പ്രയാസകരമായ നോമ്പില്‍ പോലും അതാണ് നമുക്ക് ദൃശ്യമാകുന്നത്. അതിനെയാണ് ഖുര്‍ആന്‍ ഇത്രയും നേരം വിശദീകരിച്ചത്. കാരുണ്യവാനായ അല്ലാഹുവിന്റെ അപാരമായ കരുണാകടാക്ഷമാണ് ഓരോ ആരാധനകളും. അത് മനസ്സിലാക്കുന്നിടത്ത് മനുഷ്യന് പരാജയപ്പെടുന്നുവെന്നു മാത്രം.
ഈ വചനം അല്ലാഹു അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ”നിങ്ങളെ അവന് സന്മാര്‍ഗത്തിലാക്കിയതിന്റെ പേരില്‍ അവനെ നിങ്ങള്‍ മഹത്വപ്പെടുത്താനും നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടിയുമാണ് ഇങ്ങനെ കല്പിച്ചത് ”. ഇത്രയും നല്ലൊരു മാസവും അതില്‍ നോമ്പനുഷ്ഠിക്കാനുള്ള കല്പനയും തന്ന അല്ലാഹുവിനു നാം നന്ദി കാണിക്കണം. അടിമകളെന്ന നിലയില്‍ അത് നമ്മുടെ ബാധ്യതയാണ്. ”തുകബ്ബിറുല്ലാഹ്” അഥവാ അല്ലാഹുവിനു തക്ബീര്‍ ചൊല്ലുക എന്നൊരു പ്രയോഗമാണ് ഇവിടെ നടത്തിയിരിക്കുന്നത്. നോമ്പിന് തൊട്ടു ശേഷം വരുന്ന പെരുന്നാളിനെയാണ് ഇവിടെ സ്മരിക്കുന്നത്. പെരുന്നാളില്‍ കൂടുതല്‍ തക്ബീര്‍ ചൊല്ലണമെന്ന് ഈ പ്രയോഗം നിര്‍ദേശിക്കുന്നു. അല്ലാഹുവിനുള്ള നന്ദി അവന്റെ സൃഷ്ടികള്‍ക്ക് വേണ്ടത് ചെയ്തുകൊടുത്തുകൊണ്ടു കൂടി നിര്‍വഹിക്കാം. അതും പെരുന്നാള്‍ ദിവസത്തില്‍ നടക്കട്ടെ എന്ന് വിശ്വാസി സമൂഹത്തെ ഖുര്‍ആന്‍ ഉണര്‍ത്തുന്നു.
ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി കോട്ടുമല
You must be logged in to post a comment Login