ബെഹ്‌റ കളി നിര്‍ത്തുമ്പോള്‍

ബെഹ്‌റ കളി നിര്‍ത്തുമ്പോള്‍

ഈ കുറിപ്പ് നിങ്ങള്‍ വായിക്കാന്‍ തുടങ്ങുമ്പോള്‍ ലോക്‌നാഥ് ബെഹ്‌റയല്ല കേരളത്തിന്റെ പൊലീസ് മേധാവി. ഒരു സംസ്ഥാനത്തിന്റെ പൊലീസ് മേധാവി എന്ന നിലയില്‍ താരതമ്യേന ദീര്‍ഘമായ ഒരിന്നിംഗ്‌സ് പൂര്‍ത്തിയാക്കിയ അദ്ദേഹം വിരമിച്ചിട്ടുണ്ടാവും. ഇന്നിംഗ്‌സ് എന്നത് ഒരലങ്കാരത്തിന് വേണ്ടി പ്രയോഗിച്ചതല്ല. ആ വാക്കാണ് ഏഷ്യാനെറ്റിലെ കെ ജി കമലേഷ് നടത്തിയ അഭിമുഖത്തില്‍ ബെഹ്‌റ യാദൃച്ഛികമായി പ്രയോഗിച്ചത്.

ഇന്നിംഗ്‌സ് ഒരു ക്രിക്കറ്റ് ടെര്‍മിനോളജി ആണ്. ക്രിക്കറ്റ് തുടങ്ങിവെച്ചതിന്റെ ചരിത്രം നമ്മള്‍ മറ്റു തുടക്കങ്ങളുടെയും ചരിത്രം എന്നതുപോലെ മധ്യകാല ഇംഗ്ലണ്ടിലെ ദരിദ്രരായ ആട്ടിടയന്മാരില്‍ കണ്ടെത്തുമെങ്കിലും നിങ്ങള്‍ക്കറിയുന്നതുപോലെ പില്‍ക്കാല ക്രിക്കറ്റ് ഉപരിവര്‍ഗത്തിന്റെ വിനോദോപാധി എന്ന നിലയിലാണ് തഴച്ചത്. മാത്രവുമല്ല നമ്മിലേക്ക് അതെത്തിയത് അധിനിവേശത്തിന്റെ, കൊളോണിയലിസത്തിന്റെ വഴിയിലൂടെയാണ് താനും. അതായത് പ്രഭവം ദരിദ്രരാല്‍ ദരിദ്രര്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ഒന്നാണെങ്കിലും ഇന്നിംഗ്‌സ് എന്ന ടെര്‍മിനോളജി ഓര്‍മിപ്പിക്കുന്ന ക്രിക്കറ്റ് ഉപരിവര്‍ഗത്താല്‍, അധിനിവേശകരാല്‍ അവരുടെ ആഹ്ലാദത്തിനായി സൃഷ്ടിക്കപ്പെട്ട ഒന്നാണ്. സ്വത്തിന്റെ അഭാവം, സ്വകാര്യ സ്വത്തിലുള്ള വ്യാപകമായ ഉടമസ്ഥതയുടെ അഭാവം ദരിദ്രര്‍ക്കിടയില്‍ അധികാരത്തിന്റെ പ്രഭാവത്തെ കുറക്കുമെന്നും അധികാരം എന്ന ഹിംസയെത്തന്നെ റദ്ദാക്കുമെന്നും നാം മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്നിംഗ്‌സ് എന്ന പദപ്രയോഗം ഇല്ലാതിരുന്ന ആട്ടിടയരുടെ ക്രിക്കറ്റില്‍ അധികാരം പ്രമേയമായിരുന്നില്ല എന്ന് ക്രിക്കറ്റ് ചരിത്രത്തില്‍ നിന്ന് നാം വായിച്ചെടുത്തിട്ടുമുണ്ട്. പക്ഷേ, ഉപരിവര്‍ഗം, മധ്യവര്‍ഗവും, സ്വകാര്യ സ്വത്തിനാല്‍, സ്വത്തിന്റെ ഉടമസ്ഥതയാല്‍ സൃഷ്ടിക്കപ്പെടുന്ന ഒരു വര്‍ഗമാണല്ലോ. അവിടെ വളരെ സ്വാഭാവികമായും അധികാരവും സൃഷ്ടിക്കപ്പെടും. അതായത് ഉപരിവര്‍ഗത്തിന്റെ ക്രിക്കറ്റ് അധികാരത്തിന്റെ കളിയുമാണ്. അതായത് സാധാരണക്കാരായ ആട്ടിടയരാല്‍ അവര്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ഒന്ന് ഉപരി- മധ്യവര്‍ഗത്തിന്റെ താല്‍പര്യാനുസാരിയായി രൂപപ്പെടുത്തിയപ്പോള്‍ ഉത്ഭവിച്ച വാക്കാണ് ഇന്നിംഗ്‌സ്. അധികാരമുള്ള, അധികാരം കളിക്കുന്ന കളിയിലെ വാക്ക്. ക്രിക്കറ്റിനെക്കുറിച്ചല്ല, പൊലീസിംഗിനെക്കുറിച്ചാണ് ഈ കുറിപ്പ്.

1985 ബാച്ചിലെ ഐ പി എസ് ഓഫീസറാണ് ലോക്‌നാഥ് ബെഹ്‌റ. ഒഡീഷ സ്വദേശി. കേരള കേഡര്‍. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് സര്‍വീസിന്റെ തുടക്കം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എന്ന നിലയില്‍ പേരെടുത്തു. പിന്നീട് കുറേക്കാലം കേന്ദ്ര സര്‍വീസില്‍. നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഏജന്‍സി തുടങ്ങിയപ്പോള്‍ അതിലെ ആദ്യ സംഘാംഗം. ബെഹ്‌റയുടെ ഭാഷയില്‍, ഒരു പെന്‍സില്‍ പോലുമില്ലാതിരുന്ന ഒരു സംഘത്തെ ഇന്ന് കാണുന്ന യമണ്ടന്‍ സംവിധാനമായി വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. മുംബൈ സ്‌ഫോടനം ഉള്‍പ്പടെയുള്ള തീവ്രവാദകേസുകള്‍ അന്വേഷിച്ചു. സി ബി ഐയില്‍ പ്രവര്‍ത്തിച്ചു. ഗുജറാത്തിലെ പ്രമാദമായ ഹരിന്‍ പാണ്ഡ്യ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. ഡി ജി പി പദവിയെ സംബന്ധിച്ച് സാമാന്യം ദീര്‍ഘമെന്ന് പറയാവുന്ന അഞ്ചുവര്‍ഷം ബെഹ്‌റ കേരളത്തില്‍ പൊലീസ് മേധാവി ആയിരുന്നു. ഇത്തിരി നാളുകള്‍ ഒഴിച്ചാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യ വട്ടം മുഴുവന്‍ ബെഹ്‌റ പൊലീസിനെ ഭരിച്ചു. ബെഹ്‌റ വിരമിക്കുന്നു എന്നത് പലകാരണങ്ങളാല്‍ വാര്‍ത്താമൂല്യം നേടി. കേരളത്തിലെ ഒട്ടുമിക്ക ചാനലുകളും അദ്ദേഹത്തിന്റെ അഭിമുഖം പ്രക്ഷേപണം ചെയ്തു. ബഹുമാനിതവും ശാന്തവുമായ ഒരു വിശ്രമജീവിതം അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്ന് നമുക്കും ആശംസിക്കാം. ടി പി സെന്‍കുമാറിന്റെ അവസ്ഥ അദ്ദേഹത്തിന് മനസിലാവുകയെങ്കിലും ചെയ്യട്ടേ. നമ്മുടെ വിഷയം അതല്ല.
ജനാധിപത്യമാണല്ലോ നമ്മുടെ രാഷ്ട്രീയ നടപ്പ്. ആ ജനാധിപത്യമാവട്ടെ ഫെഡറല്‍ ഘടനയുള്ള ഒന്നാംതരം ജനാധിപത്യമാണ്. സംസ്ഥാനങ്ങള്‍ക്ക് സമ്പൂര്‍ണാവകാശമുള്ള ഒരിടമാണ് പ്രാദേശിക ക്രമസമാധാനപാലനം നിര്‍വഹിക്കുന്ന പൊലീസ്. അതായത് നമ്മുടെ പൊലീസ് എന്നാല്‍ ജനാധിപത്യത്തിലെ പൊലീസാണ്.

ജനാധിപത്യത്തെക്കുറിച്ച് നമുക്ക് ഇടക്കിടെ പറയേണ്ടിവരുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ഭാവം മറന്നുള്ള പാട്ടുകള്‍ അന്തരീക്ഷത്തില്‍ മൂളിപ്പറക്കുന്നതുകൊണ്ടാണ്. ഒരു ബ്യൂറോക്രാറ്റിക് സംവിധാനത്തിന് ജനാധിപത്യത്തില്‍ ഘടനാപരമായ പങ്കാളിത്തം ഇല്ല. ഇല്ല എന്നതിനെക്കാള്‍ ഉണ്ടായിക്കൂടാ എന്നതാണ് തത്വം. എക്‌സിക്യൂട്ടീവിനോ അതിനും മുകളിലുള്ള ലെജിസ്ലേച്ചറിനോ ഉള്ള ഘടനാപരമായ പങ്കാളിത്തം ജനാധിപത്യത്തില്‍ ബ്യൂറോക്രസിക്ക് ഇല്ല. പക്ഷേ, പ്രത്യക്ഷത്തിലെ ബലപ്രയോഗാധികാരം പൊലീസിന് മറ്റ് ബ്യൂറോക്രാറ്റിക് സംവിധാനങ്ങളെക്കാള്‍ മേല്‍ക്കൈ ഉണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. പൗരനു മേല്‍ ബലം പ്രയോഗിക്കാന്‍ കഴിയും എന്നതിനാലും അവന്റെ സ്വാഭാവിക ചലനമെന്ന അടിസ്ഥാന ജനാധിപത്യ അവകാശത്തെയും ഭരണഘടനാ ദത്തമായ പല മൗലിക അവകാശങ്ങളെയും ഈ ബലപ്രയോഗത്താല്‍ തടഞ്ഞുവെക്കാന്‍ പെലീസ് സംവിധാനത്തിന് കഴിയും. ഇങ്ങനെ കഴിയുന്ന ഒരു സംവിധാനമെന്ന നിലയില്‍ പൊലീസിംഗ് വാസ്തവത്തില്‍ ഒരു ഞാണിന്മേല്‍ കളിയാണ്. അതായത് ജനാധിപത്യം എന്ന മഹത്തായ പ്രയോഗത്തിലെ വെറും ബ്യൂറോക്രാറ്റിക് സംവിധാനമായ പൊലീസ്, ജനാധിപത്യത്തിന്റെ മൗലികമായ സൗന്ദര്യത്തെ ഹനിക്കാന്‍ പ്രാപ്തമായ ഒന്നാണ്. ഈ പ്രാപ്തി കൃത്യമായി നിയന്ത്രിക്കപ്പെട്ടില്ല എങ്കില്‍ പൊലീസ് ജനാധിപത്യത്തിന് മുകളില്‍ അമിതാധികാരത്തിന്റെ ലാത്തിച്ചാര്‍ജ് നടത്തും. അടിയന്തരാവസ്ഥയാണ് നാം അതിജീവിച്ച വമ്പന്‍ ജനാധിപത്യ വിരുദ്ധത എന്ന് ഇന്ന് നിങ്ങള്‍ക്കറിയാം. അടിയന്തരാവസ്ഥയിലെ പൊലീസ് ജനാധിപത്യത്തിന് ഏല്‍പിച്ച മുറിവുകള്‍ ഇപ്പോഴും ഉണങ്ങാതെ ഒലിക്കുന്ന മുറിവാണെന്നും അറിയാം. ജനാധിപത്യവും പൊലീസിംഗും തമ്മിലെ ഞാണിന്മേല്‍ കളിയില്‍ പൊലീസ് വഴുതിപ്പോവുകയും ജനാധിപത്യം പരാജയപ്പെടുകയും ചെയ്ത നാളുകളാണ് അടിയന്തരാവസ്ഥ. കക്കയം ക്യാമ്പും രാജനും ഓര്‍ക്കുക. അത് പക്ഷേ, ഏതാനും പൊലീസുകാരുടെ വ്യക്തിപരമായ സ്വഭാവ ദൂഷ്യത്തിന്റെ പ്രശ്‌നമല്ല. ജനാധിപത്യത്തിന്റെ അഭാവത്തില്‍ ബലപ്രയോഗാധികാരമുള്ള ഒരു സംവിധാനം സ്വാഭാവികമായി ഹിംസാത്മകമായിത്തീരുന്നതിന്റെ പ്രശ്‌നമാണ്. ജനാധിപത്യത്തിന്റെ അഭാവം ഉണ്ടാകുന്നത് ജനാധിപത്യത്തെ മുന്നോട്ടു നയിക്കേണ്ട സംവിധാനങ്ങള്‍, അതായത് ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ദുര്‍ബലമോ ഭാവനാശൂന്യമോ ആകുമ്പോഴാണ്. അടിയന്തരാവസ്ഥ ഏതുതരം കാലമായിരുന്നു എന്ന് ഓര്‍ക്കുക. അടിയന്തരാവസ്ഥയില്‍ അല്ലാതെയും പൊലീസിന് ജനാധിപത്യ, പൗരാവകാശ വിരുദ്ധമായ ഒന്നായി മാറാം. അതിന് വഴി വെക്കുന്നത് പൊലീസ് എന്ന ഘടനയുടെ തലപ്പത്ത് ഉള്ളവരില്‍ ജനാധിപത്യം എന്ന ആശയം ഇല്ലാതാവുകയും അവരെ അത് ഓര്‍മിപ്പിക്കുന്നതില്‍ എക്‌സിക്യൂട്ടീവ് പരാജയപ്പെടുകയും ചെയ്യുമ്പോഴാണ്. ബെഹ്‌റയുടെ അഞ്ചുവര്‍ഷം പലനിലകളില്‍ ശ്ലാഘനീയമായ പൊലീസിംഗിന്റെ അഞ്ചാണ്ടുകള്‍ ആയിരുന്നു എങ്കിലും ബെഹ്‌റയുടെ പൊലീസ് ഭൂരിഭാഗം സമയങ്ങളിലും ജനാധിപത്യത്തിലെ പൊലീസ് ആയിരുന്നില്ല.

ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും ജനങ്ങളോട് സംസാരിക്കുകയും നവീനമായ ആശയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും അഴിമതി രഹിതമായിരിക്കുകയും ഉന്നത ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചു നില്‍ക്കുകയും സംസ്ഥാനത്തെ മുഴുവന്‍ ജനതയുടെയും ജീവിതത്തില്‍ പലനിലകളില്‍ ഇടപെടുകയും വെളിച്ചത്തുണ്ടുകള്‍ വിതറുകയും ചെയ്ത സര്‍ക്കാരായിരുന്നു കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍. മുന്‍കാല സര്‍ക്കാരുകളില്‍ താരതമ്യേന അപ്രസക്തമെന്ന് നമ്മള്‍ കരുതിപ്പോരാറുള്ള വകുപ്പുകള്‍ വരെ സ്വന്തം മേല്‍വിലാസമുണ്ടാക്കിയ ഭരണകാലം. തികച്ചും സര്‍ഗാത്മകം. അതിന്റെ ഫലമാണ് തിരഞ്ഞെടുപ്പില്‍ നാം കണ്ട ഇടതുപക്ഷത്തിന്റെ ആധികാരിക വിജയം. മാധ്യമങ്ങളും ജാതി ശക്തികളും പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളും അവരുടെ സകല ആയുധങ്ങളും പുറത്തെടുത്ത് വട്ടം നിന്നിട്ടും ജനത എല്‍ ഡി എഫിന് ആധികാരിക വിജയം നല്‍കിയത് മറ്റൊന്നും കൊണ്ടല്ല. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ആ ഉന്നതിയുടെ കളത്തില്‍ ആയിരുന്നില്ല ബെഹ്‌റ നേതൃത്വം നല്‍കിയ പൊലീസിന്റെ നില.

ഇപ്പറഞ്ഞതിനര്‍ഥം നാം കേരളത്തില്‍ തന്നെ മുന്‍കാലങ്ങളില്‍ പലവട്ടം സാക്ഷ്യംവഹിച്ചതുപോലെ അടിമുടി അലങ്കോലവും പൗരവിരുദ്ധവുമായ ഒന്നായിരുന്നു ബെഹ്‌റയുടെ കാലത്തെ പൊലീസിംഗ് എന്നല്ല. പക്ഷേ, ഒരിക്കലും സംഭവിക്കരുതാത്ത ജനാധിപത്യ വിരുദ്ധതകളിലൂടെ പലവട്ടം ബെഹ്‌റയുടെ പൊലീസ് സഞ്ചരിച്ചു. അതുപക്ഷേ, ബെഹ്‌റയുടെ വീഴ്ചയായി എണ്ണുന്നത് സംവിധാനമെന്ന ആശയത്തിന്റെ ഘടനാശാസ്ത്രം മനസിലാക്കാതുള്ള ഉപരിപ്ലവ വാദമായി മാറും. ഫലപ്രദമായ തിരുത്തല്‍ ശക്തിയുടെ, അഥവാ കരുത്തുറ്റ തടയണകളുടെ അഭാവം പൊലീസിനെ അമിതാധികാര പ്രമത്തമാക്കും. കാരണം പൊലീസ് എന്ന സംവിധാനം അതിന്റെ ഉത്ഭവത്തില്‍ തന്നെ ബലപ്രയോഗത്തിന്റെ ഘടന പേറുന്നതാണ്. അധികാരത്തിന്റെ പിന്‍ബലമുള്ള ബലപ്രയോഗം അമിതാധികാരത്തിലേക്ക് നയിക്കും. ആ ബലത്തെ ഫലപ്രദമായി തടയുന്നതില്‍ പല ഘട്ടത്തിലും ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. സാമാന്യയുക്തിക്ക് ഇതുവരെ ബോധ്യംവന്നിട്ടില്ലാത്ത കാരണങ്ങളാല്‍ ബെഹ്‌റയുടെ പൊലീസിംഗില്‍ ഒരു ഘട്ടത്തിലും കേരളത്തിലെ ആഭ്യന്തരവകുപ്പ് സര്‍ഗാത്മകവും ജനാധിപത്യപരവുമായി ഇടപെട്ടില്ല. ബെഹ്‌റയുടെ കേന്ദ്ര ബന്ധമുള്‍പ്പടെ ചര്‍ച്ചയാവാന്‍ ആ ഇടപെടാതിരിക്കല്‍ കാരണവുമായി. കൊവിഡ് വ്യാപനത്തെ ഫലപ്രദമായി തടയുന്നതില്‍ വലിയ പങ്കുവഹിച്ച കേരള പൊലീസിന്റെ കര്‍മോത്സുകതയെയും കേരള ജനത പലവട്ടം സല്യൂട്ടടിച്ച സ്‌നേഹപൂര്‍ണമായ ഇടപെടലുകളെയും മറന്നല്ല ഇത് പറയുന്നത്. നിശ്ചയമായും അത്തരം ഒട്ടേറെ സന്ദര്‍ഭങ്ങളിലൂടെ ബെഹ്‌റയുടെ കാലത്തെ പൊലീസ് സഞ്ചരിച്ചിട്ടുണ്ട്. പക്ഷേ, അതിനെ റദ്ദാക്കും വിധമുള്ള ജനാധിപത്യ വിരുദ്ധതകളും കേരളത്തില്‍ സംഭവിച്ചു. ആ ജനാധിപത്യ വിരുദ്ധതകളുടെ വലിയ കാരണം ആഭ്യന്തരവകുപ്പിന്റെ അലംഭാവവും രണ്ടാം കാരണം ലോക്‌നാഥ് ബെഹ്‌റ എന്ന മേധാവിയുടെ മുന്‍വിധി കലര്‍ന്ന സമീപനവും ജനാധിപത്യം സംബന്ധിച്ച ധാരണപ്പിശകുമാണ്. (കൊവിഡ് പ്രതിരോധം പൊലീസിംഗിന്റെ ഭാഗമാക്കിയതിന്റെ ശരി തെറ്റുകള്‍ മറ്റൊരു ഓഡിറ്റിംഗിന്റെ വിഷയമാണ്).

ബെഹ്‌റയെക്കുറിച്ചുള്ള ലഘുവിവരണത്തില്‍ അദ്ദേഹത്തിന്റെ എന്‍ ഐ എ കാലം പറഞ്ഞത് ശ്രദ്ധിക്കുമല്ലോ? ബെഹ്‌റ അക്കാലത്ത് നിന്ന്, അല്ലെങ്കില്‍ അക്കാലം അദ്ദേഹത്തില്‍ സൃഷ്ടിച്ച ബോധ്യങ്ങളില്‍ നിന്ന് മുക്തനായിരുന്നില്ല. ഭീകരവാദം എന്ന ആശയം വലതു ഭരണകൂടത്തിന്റെ ഒരു രാഷ്ട്രീയ ആയുധവും പ്രയോഗവും കൂടി ആണല്ലോ? ഇതിനര്‍ഥം ഇന്ത്യയില്‍ മതതീവ്രവാദവും ഭീകര പ്രവര്‍ത്തനങ്ങളും ഇല്ല എന്നല്ല. പക്ഷേ, ഓരോന്നും വേറിട്ട് പഠിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ആണെന്ന് മാത്രം. എന്‍ ഐ എ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ അങ്ങനെയല്ല ചെയ്തുപോരാറ്. അതേ മനോനിലയിലാണ് ബെഹ്‌റ കേരളത്തെയും കണ്ടത്. അതുകൊണ്ടാണ് ചാനല്‍ അഭിമുഖത്തില്‍ കേരളത്തില്‍ സ്ലീപ്പിംഗ് സെല്‍ ഉണ്ടെന്ന് പറയുകയും ഐ എസ് സൂചനകള്‍ അവ്യക്തമായി പറയുകയും ചെയ്തത്. ഒരു മതേതര ഫാബ്രിക്കിനെ തച്ചുതകര്‍ക്കാന്‍ കെല്‍പുള്ളതും ഇസ്ലാമോഫോബിയക്ക് വളക്കൂറുണ്ടാക്കാന്‍ പര്യാപ്തവുമായ ഒന്നാണ് ആ പ്രസ്താവന. അത്തരം ഒന്നുണ്ടെങ്കില്‍ അതിന്റെ തെളിവുകള്‍ വേരോടെ പുറത്തിടുകയാണ് പൊലീസ് മേധാവി ചെയ്യേണ്ടിയിരുന്നത്. സ്ഥിരം സംഘപരിവാര്‍ ആഖ്യാനങ്ങള്‍ അതേപടി ഉരുവിടുകയല്ല വേണ്ടിയിരുന്നത്. കേരളം പോലൊരു ദേശത്തിന്റെ ചരിത്രവും ഇവിടത്തെ സാമൂഹിക ജീവിത ഘടനയും മതേതര ക്രമവും ഉള്‍ക്കൊണ്ട് മാത്രമേ അത്തരം കാര്യങ്ങളില്‍ ഒരു പൊലീസ് മേധാവി സംസാരിക്കാവൂ. അല്ലാതെ നടത്തുന്നതെന്തും മുന്‍വിധികളുടെ നിര്‍മിതിയായി മാറും. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ സംഭവിച്ചതും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പൊലീസിംഗില്‍ സംഭവിച്ചുകൊണ്ടിരുന്നതും അതാണ്.
മാവോയിസ്റ്റുകളെ സംബന്ധിച്ച പൊലീസ് നയം ഓര്‍ക്കുക. ഇന്ത്യയുടെ ഇതരഭാഗങ്ങളിലെ രാഷ്ട്രീയ സാഹചര്യവും കേരളവും തമ്മില്‍ പലനിലകളില്‍ വൈജാത്യമുണ്ട്. ഒരുനിലയിലും മാവോയിസ്റ്റുകള്‍ക്ക് വളക്കൂറുള്ള മണ്ണല്ല നിലവിലെ കേരളം. അത് മനസിലാക്കണമെങ്കില്‍ കേരളം കടന്നുപോന്ന രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് ബോധ്യങ്ങള്‍ വേണം. നക്‌സല്‍ ബാരിയുടെ അനുരണനങ്ങള്‍ ആദ്യമെത്തിയ മണ്ണാണ് കേരളമെന്ന് നമുക്കറിയാം. ആ അനുരണനങ്ങളില്‍ നിന്ന് ഒരുകൂട്ടം ചെറുപ്പക്കാര്‍ ആവേശം ഉള്‍ക്കൊണ്ടു എന്നത് നേരാണ്. എന്തായിരുന്നു പക്ഷേ, അതിന്റെ രാഷ്ട്രീയ ഫലം? ആണ്‍ഹീറോയിസത്തിന്റെ പരിഹാസ്യമായ പ്രകാശനം എന്ന നിലയിലല്ലാതെ നമുക്ക് ഇന്നതിനെ മനസിലാക്കാന്‍ കഴിയില്ല. അതിന്റെ തുടര്‍ച്ച അല്ലെങ്കിലും മറ്റൊരുവിധത്തിലുള്ള ആവിഷ്‌കാരമാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളതായി പറയുന്ന മാവോയിസം. അതിന്റെ പിന്തുണക്കാരോട് അഞ്ചുമിനിട്ട് രാഷ്ട്രീയം സംസാരിച്ചാല്‍ നിങ്ങള്‍ക്ക് ചിരിപൊട്ടും. നിശ്ചയമായും ബസ്തര്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ അത് അങ്ങനെ ആവണമെന്നില്ല. പക്ഷേ, കേരളത്തിന്റെ സാമൂഹികഘടന മറ്റൊന്നാണ്. ചൂഷണങ്ങളും ആദിവാസി മേഖലയിലേക്കുള്ള കയ്യേറ്റങ്ങളും ഇല്ല എന്നല്ല. അതിന് പരിഹാരമായി പൊതുസമൂഹം ഈ വേഷംകെട്ടലുകാരെ തരിമ്പും പരിഗണിക്കുന്നില്ല. താരാരാധന പോലെ രോഗാതുരമായ ഒരു ആശയാരാധനയില്‍ നിന്ന് പുറപ്പെടുന്ന ഒന്നാണ് കേരളത്തിലെ മാവോയിസം. രോഗാതുരതക്ക് ജയില്‍വാസമല്ല പുനരധിവാസമാണ് മരുന്ന്. ബെഹ്‌റക്ക് അറിയാതെപോയതും ബെഹ്‌റയില്‍ കണ്ണടച്ച് വിശ്വാസമര്‍പ്പിച്ച എല്‍ ഡി എഫ് സര്‍ക്കാരിന് തിരിയാതെപോയതും അതാണ്. അലനും താഹയും സംഭവിച്ച വഴി അതാണ്. നിലമ്പൂരിലും വയനാട്ടിലും നടന്ന വെടിവെപ്പ് ഉണ്ടായ വഴി അതാണ്. മാവോയിസ്റ്റ് വേട്ട എന്ന വലിയ പേരിട്ട് നടത്തിയ പൊട്ടാസ് വില്‍പനക്ക് ചൂട്ട് കത്തിച്ചത് സര്‍ക്കാരാണ്. അത് വീശിയത് ലോക്‌നാഥ് ബെഹ്‌റയും. കേരളത്തെ, ഇവിടത്തെ ജനാധിപത്യത്തെ, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ അറിയുന്ന ഒരാളായിരുന്നു പൊലീസ് മേധാവി എങ്കില്‍ സംഭവിക്കുന്നത് മറ്റൊന്നാകുമായിരുന്നു. പൗരന്‍ എന്ന ആശയത്തോളം ജനാധിപത്യത്തില്‍ പ്രബലമായ മറ്റൊന്നില്ല. അത് കേന്ദ്രസര്‍വീസില്‍ ഏറെക്കാലം വാണതുകൊണ്ടാവണം ബെഹ്‌റക്ക് മനസിലായില്ല. പൊലീസിന്റെ ആത്മവീര്യം എന്നതിനെ തെറ്റായി വായിച്ച ആഭ്യന്തര വകുപ്പാകട്ടെ അത് മനസിലാക്കിക്കൊടുക്കാന്‍ ശ്രമിച്ചതുമില്ല.

പൊലീസിന്റെ ആത്മവീര്യത്തെക്കാള്‍ പ്രധാനമായ പൗരന്റെ ആത്മാഭിമാനം എന്ന മൗലികാശയം ബെഹ്‌റയുടെ കാലത്ത് റദ്ദാക്കപ്പെട്ടു. അടി കൊടുക്കുന്നവര്‍ വാഴ്ത്തപ്പെട്ടു. അടിച്ചുകൊന്ന പൊലീസുകാര്‍ ഉയര്‍ത്തപ്പെട്ടു. ജനതയെ മുഴുവന്‍ താങ്ങുന്നത് തങ്ങളാണെന്ന വ്യാജബോധത്തിലേക്ക് പൊലീസ് സേന എത്തിപ്പെട്ടു. രക്ഷിക്കുന്നവര്‍ക്ക് ശിക്ഷിക്കാം എന്ന പ്രാചീന യുക്തിയിലേക്ക് അവര്‍ എത്തപ്പെട്ടു. ബെഹ്‌റ നിശബ്ദമായി അതിന് വഴികാട്ടി.

ക്രിക്കറ്റിനെക്കുറിച്ചാണ് പറഞ്ഞത്. ഇന്നിംഗ്‌സ് എന്ന വാക്കിനെക്കുറിച്ചും. മധ്യ ഉപരിവര്‍ഗത്തിന്റെ ജീവിത ഭദ്രതക്കുള്ള മൈതാനക്കളിയല്ല പൊലീസിംഗ്. അത് അതീവ ദരിദ്രരുടെ അഭയമായ ജനാധിപത്യത്തിലെ ഒരു തൊഴിലാണ്. അതിനപ്പുറം ഒന്നുമല്ല. ബെഹ്‌റയുടെ വീഴ്ചകള്‍ പിന്‍ഗാമികളാല്‍ തിരുത്തപ്പെടട്ടെ.

കെ കെ ജോഷി

You must be logged in to post a comment Login