ആത്മാനന്ദങ്ങളുടെ ആഘോഷരാവ്

ആത്മാനന്ദങ്ങളുടെ ആഘോഷരാവ്

ചരിത്രത്തിന് ഇസ്‌ലാമിൽ വലിയ പ്രാധാന്യമുണ്ട്. റസൂലുമായി(സ്വ) ബന്ധമുള്ളതാകുമ്പോൾ വീണ്ടും മൂല്യമേറുന്നു. റസൂലിന്റെ ജീവിതത്തിലെ അതിപ്രധാന സംഭവങ്ങളിലൊന്നാണ് അവിടുത്തെ രാപ്രയാണവും ആകാശാരോഹണവും. പ്രവാചകത്വ വിളംബരത്തിനു ശേഷം ഒരു റജബിലാണ് ഈ സംഭവം നടക്കുന്നത്. നബിയെ സംബന്ധിച്ചിടത്തോളം പെട്ടെന്നുള്ള പ്രയാണമായിരുന്നു. തയാറെടുപ്പുകൾ നടത്തി കാത്തിരുന്നു വന്ന ഒന്നല്ല. അത് “ഞാൻ ഉറങ്ങിക്കൊണ്ടിരിക്കേ ജിബ്‌രീൽ വന്നു’ എന്ന് റസൂൽ(സ്വ) പറഞ്ഞതു കാണാം. ഇസ്റാഅ്‌, മിഅ്‌റാജ് എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.

എല്ലാം കഴിഞ്ഞ ശേഷം ആഹ്ലാദപൂർവം റസൂൽ(സ്വ) ഇക്കാര്യം വിശ്വാസികളോട് മക്കയിൽ വന്നു പറയുകയുണ്ടായി. അവർ റസൂലിനോട് ഒരു സംശയമേ ഉണർത്തിയുള്ളൂ. “റസൂലേ, അങ്ങിത് അവിശ്വാസികളോട് പറയണോ?’ അവർ വിശ്വസിക്കില്ലെന്നുറപ്പ്. മാത്രമോ, അതവർക്ക് പരിഹസിക്കാൻ മറ്റൊരു കാരണം കൂടിയാകുകയും ചെയ്യും. ഈ ഭയമായിരുന്നു അവർക്ക്. പക്ഷേ, റസൂലത് ഒളിച്ചില്ല; കഅ്‌ബയിൽ വന്നു പറഞ്ഞു. ഇസ്റാഇന്റെ വിവരം മാത്രമേ റസൂൽ പൊതുസമൂഹത്തിൽ പുറത്തുവിട്ടുള്ളൂ, മിഅ്‌റാജിന്റെ അഭൗമിക സൗന്ദര്യം ഗ്രഹിക്കാൻ മാത്രം അവർ വളർന്നിട്ടില്ലാത്തതു കൊണ്ട് അവർക്കത് കേൾക്കാനായില്ല. അങ്ങനെ ഇസ്റാഇന്റെ വാർത്ത കേട്ട ശത്രുക്കളെല്ലാം ചിരിക്കാനും ആക്ഷേപിക്കാനും തുടങ്ങി. അപ്പോഴാണ് ഖുർആൻ പിന്തുണച്ചുകൊണ്ട് അവതരിക്കുന്നത്; തന്റെ അടിമയെ ഒറ്റ രാത്രി കൊണ്ട് മസ്ജിദുൽ ഹറമിൽ നിന്ന് മസ്ജിദുൽ അഖ്‌സയിലേക്ക് യാത്ര കൊണ്ടുപോയ നാഥന്റെ പരിശുദ്ധിയെത്ര! എന്ന് തുടങ്ങുന്ന മനോഹരമായ സൂക്തം. “അടിമ’ റസൂലാണ്. സ്നേഹക്കൂടുതലിന്റെ ചേർത്തുവിളിയാണത്. ജഗന്നിയന്താവ് സ്വന്തത്തിലേക്ക് ചേർത്തിപ്പറയുന്നതിനെക്കാൾ ശ്രേഷ്ഠമെന്തുണ്ട് വേറെ! റസൂലിനും ആ വിളിയോട് വല്ലാത്ത ഇഷ്ടമാണ്. അത്യുന്നത സ്ഥാനങ്ങളിലൊന്നാണ് ഈ അടിമത്തം. അടിമയെന്ന ഭാഷാർഥത്തിനപ്പുറത്ത് ആഴവും പരപ്പുമുണ്ട് ആ പ്രയോഗത്തിന്.

റസൂലിന്റെ ശരീരസാന്നിധ്യമില്ലാത്ത ആത്മീയയാത്രയാണ് മിഅ്‌റാജ് എന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. അബദ്ധജടിലമാണിത്. സ്വപ്നത്തിലാണ് പോയതെന്ന് പറയുന്നതും തഥൈവ. ഇസ്‌ലാമിലെ വ്യതിയാന ചിന്താപ്രസ്ഥാനങ്ങൾക്ക് അങ്ങനെ വിശ്വസിക്കാനാണിഷ്ടം. ആദ്യ വ്യതിയാന പ്രസ്ഥാനമായ മുഅ്‌തസിലീ വാദവും അതാണ്. ആധുനികവാദികൾക്ക് മിഅ്‌റാജ് സ്വപ്‌നം മാത്രമായിരുന്നു എന്ന നിലപാടാണ്.

എന്നാൽ സത്യമെന്താണ്? അതൊരു ശാരീരിക യാത്രയാണ്. ഖുർആൻ പ്രത്യക്ഷമായി തന്നെ ആവഴിക്ക് പോകുന്നു. തന്റെ പ്രിയനെ ഇങ്ങനെയൊരു ശാരീരിക യാത്രക്ക് വിളിക്കാൻ ജഗന്നിയന്താവിന് അസൗകര്യമുണ്ടോ? ഇല്ലല്ലോ, അവൻ സർവശക്തനല്ലേ. അബ്ദ് എന്ന പ്രയോഗത്തിന്റെ താത്പര്യവും ശരീരവും ആത്മാവും ചേർന്നത് എന്നാണ്. അതാണല്ലോ സൂക്തത്തിൽ ഉപയോഗിച്ചതും. വൻ ദൃഷ്ടാന്തങ്ങൾ അവിടുന്ന് കണ്ടുവെന്നും മറ്റൊരിടത്ത് ഖുർആൻ പറയുന്നുണ്ട്. അനേകം തീർച്ചപ്പെടുത്തലുകളുടെ അകമ്പടിയോടെയാണ് ഈ പ്രയോഗം. ഒരു സ്വപ്നമോ മറ്റോ ആണെങ്കിൽ ഖുർആൻ ഇതിത്ര വലുതാക്കി പറയേണ്ടതില്ല.

മസ്ജിദുൽ ഹറാം മുതൽ മസ്ജിദുൽ അഖ്‌സാ വരെയുള്ള യാത്രയാണ് ഇസ്റാഅ്‌. മാലാഖ ജിബ്‌രീൽ റസൂലിനെ തേടി വന്നു. ഹറമിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഹിജ്‌ർ ഇസ്മാഈലിന്റെ അടുത്തു വെച്ച് ഒരിക്കൽ കൂടെ തിരുഹൃദയം കീറിയെടുത്ത് കഴുകി. സഹായിക്കാൻ പ്രധാന മാലാഖ മീകാഈലുമുണ്ടായിരുന്നു. സംസം ജലം കൊണ്ടായിരുന്നു കഴുകിയത്. മൂന്നു തവണ ശുദ്ധീകരണം. തിരുജീവിതത്തിൽ മൂന്നു പ്രാവശ്യം ഇങ്ങനെയുള്ള ശസ്ത്രക്രിയ നടന്നിട്ടുണ്ട്. ചെറുപ്പത്തിൽ ആടുമേയ്ക്കാൻ പോയപ്പോൾ തങ്ങളുടെ പത്താം വയസിൽ, പ്രവാചകത്വ വേളയിൽ, പിന്നെ ഈ യാത്രയ്ക്കു മുമ്പുമാണ് ഇവ. ഉള്ളിലെവിടെയോ കിടന്ന എന്തോ മോശമായതെടുത്ത് നീക്കുകയല്ല ഇത്. ആന്തരികമായി റസൂലിന്റെ പരിശുദ്ധി മേൽക്കുമേൽ ഉയർത്തുകയാണ്. ഇതും സ്വപ്നമോ തോന്നലോ അല്ല, ശാരീരിക അനുഭവമായിരുന്നു. അതും പ്രമാണപരമാണ്. വിശ്വാസികൾക്ക് അതിനാൽ നിഷ്പ്രയാസം ഉൾകൊള്ളാനാകും. റസൂലിന്റെ അമാനുഷികതകളെ ഗ്രഹിക്കാൻ കഴിയുന്നില്ലെങ്കിൽ അത് നമ്മുടെ യുക്തിയുടെ പരിമിതി മാത്രമാണ്.
പ്രശസ്ത പണ്ഡിതൻ സയ്യിദ് മുഹമ്മദ് അലവി മാലികി മക്ക മറ്റൊരു സാധ്യത ഈ ശുദ്ധികർമത്തിന് കല്പിക്കുന്നുണ്ട്; റസൂൽ കരുണയുടെ ഉറവിടമാണ്. ഏത് അപരാധിക്കും അവിടെ സ്നേഹമുണ്ട്. ഈ ശസ്ത്രക്രിയയിലൂടെ ഈ മഹാ കാരുണ്യത്തിന്റെ ഉറവിടത്തിൽ നിന്ന് ഹള്ള്വുശ്ശയ്ത്വാൻ- പിശാചിനുള്ള പങ്ക് പുറത്തെടുത്തു കളയുകയായിരുന്നു.

പുണ്യ സ്ഥലങ്ങൾ, സന്ദർശനങ്ങൾ
റസൂലിന് പ്രത്യേകമായ ഒരു വാഹനം സംവിധാനിച്ചിരുന്നു. വെളുത്ത നിറത്തിലുള്ള, വേഗതയേറിയ ഒരു ജീവി. ബുറാഖ് എന്നാണ് പേര്. ഇങ്ങനെയൊരു വാഹനമില്ലാതെ തന്നെ അല്ലാഹുവിന് റസൂലിനെ കൊണ്ടുപോകാം. എന്നിട്ടും ഒരു പ്രത്യേക വാഹനത്തിലാക്കി യാത്ര. അപ്പോൾ അതിന് ശ്രേഷ്ഠതയേറുന്നു.
ബുറാഖിലേറി ഒരുപാട് പുണ്യ സ്ഥലങ്ങൾ പിന്നിട്ടാണ് റസൂൽ ലക്ഷ്യത്തിലെത്തുന്നത്. ആദ്യം ഈന്തപ്പനകൾ തിങ്ങിനിറഞ്ഞ ഒരിടത്ത് എത്തി.
“ഇവിടെ ഇറങ്ങി നിസ്കരിക്കൂ നബിയേ-‘ ജിബ്‌രീൽ പറഞ്ഞു. നിസ്കാരം കഴിഞ്ഞു കയറിയ റസൂലിനോട് ജിബ്‌രീൽ ചോദിച്ചു; എവിടെയാണിപ്പോൾ നിസ്കരിച്ചത് എന്നു മനസിലായോ?
ഇല്ല .

ത്വയ്ബയിൽ ആണ് അങ്ങിപ്പോൾ ഇറങ്ങിയത്, അവിടേക്കായിരിക്കും അങ്ങയുടെ ഹിജ്‌റയും.

തുടർന്ന് മദ്്യനിലേക്ക് പോയി. മൂസാ നബി തണൽ കൊണ്ട മരത്തിനു താഴെ നിസ്കരിച്ചു. മൂസാ നബി അല്ലാഹുവുമായി സംസാരിച്ച ത്വൂർ പർവതത്തിലും ഇറങ്ങി നിസ്കരിച്ചു. അങ്ങനെ, കൊട്ടാരങ്ങളെല്ലാം കാണുന്ന ഒരിടത്തെത്തി. അവിടെയും നിസ്കരിച്ചു. യാത്ര തുടർന്നപ്പോൾ ജിബ്‌രീൽ(അ) ചോദ്യമാവർത്തിച്ചു: ആ സ്‌ഥലം അറിയാമോ? ഇല്ല.
ഈസാ നബി ജനിച്ചു വീണ ബൈതുലഹം(ബെത്്ലഹേം) ആണത്.
മേൽ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത് ഇസ്‌ലാമിന്റെ ചരിത്ര പൈതൃകത്തെ കൂടിയാണ്. പൂർവകാല ശേഷിപ്പുകളെയും സംഭവങ്ങളെയും ഓർമകളെയുമെല്ലാം ആദരിക്കുന്നതിന്റെ പ്രാധാന്യം ഇതിലുണ്ട്. അത് സ്രഷ്ടാവിനുള്ള നന്ദി പ്രകടനമാണല്ലോ.

അത്ഭുത കാഴ്ചകൾ
യാത്രക്കിടെ റസൂൽ ഒരു സമൂഹത്തെ കണ്ടു. അവർ കൃഷിചെയ്യുന്നു, ഉടൻ വിളവെടുക്കുന്നു. ഇവർ ആരാണെന്ന് റസൂൽ(സ്വ) ജിബ്‌രീലിനോട്(അ) ആരാഞ്ഞു. അവർ അല്ലാഹുവിന്റെ മാർഗത്തിൽ പോരാടിയവരാണ്. അവർക്കല്ലാഹു ഓരോന്നിനും എഴുപതിനായിരം ഇരട്ടി പ്രതിഫലം ഏറ്റിയേറ്റി നൽകുന്നു.
അല്പം കഴിഞ്ഞപ്പോൾ ഒരു സുഗന്ധം അടിച്ചു വീശുന്നു. ഫിർഔന്റെ കൊട്ടാരത്തിലെ മാഷിത്വയുടെയും മക്കളുടെയും സുഗന്ധമാണതെന്ന് ജിബ്‌രീൽ(അ) പറഞ്ഞു. മാഷിത്വ ഫിർഔന്റെ കൊട്ടാരത്തിലെ ബ്യൂട്ടീഷ്യനാണ്. ഫിർഔന്റെ മകൾക്ക് മുടി ചീകി കൊടുക്കലായിരുന്നു പ്രധാന ജോലി. ഒരിക്കൽ ജോലിക്കിടെ അവർ അല്ലാഹുവിന്റെ നാമമുച്ചരിച്ചു പോയി. അത്ര നാൾ രഹസ്യമായിരുന്ന വിശ്വാസം പുറത്തു കേട്ടു. നിനക്ക് എന്റെ പിതാവല്ലാത്ത ഒരു ദൈവം ഉണ്ടോ? മകൾ അത്ഭുതത്തോടെ ചോദിച്ചു. ഉണ്ട് എന്നുതന്നെ മഹതി മറുപടി നൽകി. ഇത് ഞാനെന്റെ ഉപ്പയെ അറിയിക്കട്ടെയെന്നായി അവൾ. ആയിക്കോട്ടെ എന്നു മാഷിത്വയും പറഞ്ഞു. ഒടുവിൽ ഫിർഔന്റെ ചെവിയിലെത്തി. “നിനക്ക് ഞാൻ അല്ലാതെ വേറെ പടച്ചവനുണ്ടോ?’ അഹങ്കാരമത്രയും കലർന്ന ചോദ്യം മുഴങ്ങി. ഉണ്ട് എന്ന ധൈര്യം നിറഞ്ഞ മറുപടിയും വന്നു. കൂടെ എന്റെയും നിന്റെയും റബ്ബ് അല്ലാഹുവാണെന്ന പ്രഖ്യാപനവും ബീവി നടത്തി. ഫിർഔന് കലിയിളകി. ഇവരുടെ ഭർത്താവിനെയും മക്കളെയും വിളിച്ചു കൊണ്ടുവരാൻ കല്പിച്ചു. അവരും വിശ്വാസികളാണ്. അവരോട് ഇസ്‌ലാം ഉപേക്ഷിക്കാൻ ഉത്തരവിട്ടു. അല്ലെങ്കിൽ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തി. അവർ കുലുങ്ങിയില്ല. ക്രൂരമായ പീഡനങ്ങൾ ആവർത്തിച്ചു. മഹതിയുടെ മുന്നിൽ വെച്ചു ഓരോരുത്തരെയും നിഷ്ഠുരം കൊന്നു കളഞ്ഞു. ആരുടെയും വിശ്വാസത്തിന് ഇളക്കം തട്ടിക്കാൻ ഫിർഔനായില്ല. പീഡനം അവസാന മുറയിലേക്ക് കടന്ന് ഭീകരമാകുന്നു. ബീവിയുടെ മുലകുടിപ്രായമുള്ള പിഞ്ചു കുഞ്ഞിനെയും കൊല്ലാൻ നിൽക്കുന്നു; കുട്ടി അത്ഭുതകരമായി സംസാരിച്ചു; ഉമ്മാ, നിങ്ങൾ വിഷമിക്കരുത്, നിങ്ങൾ സത്യമാർഗത്തിലാണ്. ഇങ്ങനെ എല്ലാ മക്കളെയും ബീവിയെയും കൊന്നു കളഞ്ഞു. വിശ്വാസത്തിന്റെ പേരിൽ, പടച്ചവന്റെതല്ലാത്ത ഒരു ശക്തിക്കു മുന്നിലും ഭയമോ പരാജയമോ ഇല്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് ആ കുടുംബം രക്തസാക്ഷികളായി. ഇതാണ് അവരുടെ ചരിത്രം.

പിന്നീട് കണ്ടത് തല കീറിപ്പൊളിക്കുന്ന ഒരു കൂട്ടം ആളുകളെയാണ്. പൊളിച്ചുകഴിഞ്ഞാൽ തല വീണ്ടും പൂർവസ്ഥിതി പ്രാപിക്കുന്നു. വീണ്ടും ശിക്ഷ ആവർത്തിക്കുന്നു. റസൂൽ(സ്വ) ഈ രംഗത്തെപ്പറ്റി ജിബ്്രീലിനോട്(അ) ആരാഞ്ഞു. നിർബന്ധ നിസ്കാരങ്ങളുടെ കാര്യം വരുമ്പോൾ തലക്കു ഭാരം ബാധിച്ചവരായിരുന്നു അവർ. നിസ്കാരത്തിന് മടി കാണിച്ചവർ.

അടുത്ത വിഭാഗം തങ്ങളുടെ മുന്നിലും പിന്നിലും കയറുകൾ ഉള്ളവരാണ്. അവർ ഒട്ടകങ്ങളെയും ആടുകളെയുമെല്ലാം പോലെ അലഞ്ഞു നടക്കുന്നു. ളരീഅ്‌ എന്ന മുൾച്ചെടിയും, സഖൂം എന്ന കയ്പ്പുകായയുമാണ് അവരുടെ ഭക്ഷണം. സമ്പത്തിൽ നിന്ന് കൃത്യമായി സകാത്(നിർബന്ധ ദാനം) കൊടുത്തു വീട്ടാത്തവരാണിവർ.
മറ്റൊരു സംഘം, അവരുടെ മുന്നിൽ ഒരു പാത്രത്തിൽ ഒരു ഇറച്ചിക്കഷ്ണമുണ്ട്. ഒപ്പം വളരെ കേടുവന്ന ഒന്നുമുണ്ട്. ഇവർ വൃത്തിഹീനമായ മാംസം മാത്രം കഴിക്കുന്നു. നല്ലതിലേക്ക് നോക്കുന്നില്ല. ശാരീരിക ബന്ധം അനുവദനീയമായ ഒരു ഇണയെ സ്വന്തമായി അല്ലാഹു നല്കിയിട്ടും ഹലാൽ അല്ലാത്തത് തേടിപ്പോയവരാണിവർ.
പിന്നെ കണ്ട കാഴ്ച ഇങ്ങനെയാണ്; വഴിയരികെ ഒരു മരമുണ്ട്. അതിനടുത്തുകൂടെ പോകുന്ന എന്തിനെയും അതു കരിച്ചു കളയുന്നു. വഴിയിലിരുന്നു കൊണ്ട് ആളുകളെ ആക്ഷേപിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്നവരാണ് ഇത്. ജിബ്‌രീൽ വിശദീകരിച്ചു.

രക്തത്തിന്റെ പുഴയിൽ നീന്തി കൊണ്ടിരിക്കുന്ന ഒരാളെ നബി കാണാനിടയായി. കൂടെ വായിലേക്ക് കല്ലുകൾ എറിയപ്പെടുകയും അയാളത് തിന്നുകയും ചെയ്യുന്നുണ്ട്. നബി ചോദ്യമാവർത്തിച്ചു. പലിശ തിന്നു ജീവിക്കുന്നവരത്രെ ഇവർ.
അടുത്ത കാഴ്ച; ഒരു കൂട്ടം ആളുകളുടെ നാവുകളും ചുണ്ടുകളുമെല്ലാം ഇരുമ്പു കത്രിക കൊണ്ടു മുറിച്ചുമാറ്റുന്നു. ഓരോ തവണ മുറിച്ച ശേഷവും പൂർവ സ്‌ഥിതിയിലാകുന്നു. വീണ്ടും മുറിക്കുന്നു. ജിബ്‌രീൽ ഇതിനെ കുറിച്ച് പറയുന്നു; നബിയേ അങ്ങയുടെ സമൂഹത്തിലെ പ്രഭാഷകരാണിവർ. കുഴപ്പം സംസാരിച്ചു നടക്കുന്നവർ. അല്ലെങ്കിൽ താൻ ചെയ്യാത്ത കാര്യത്തെ കുറിച്ച് ജനങ്ങളെ ഉപദേശിക്കുന്നവർ.
ചെമ്പിന്റെ നഖങ്ങളുള്ള ഒരു കൂട്ടം ആളുകളേയും റസൂൽ കണ്ടു. അവർ നെഞ്ചും മുഖവുമെല്ലാം മാന്തിപ്പറിച്ചു കൊണ്ടേയിരിക്കുന്നു. “ഇവർ ആരാണ് ജിബിരീൽ’- റസൂൽ ചോദിച്ചു. ജനങ്ങളുടെ പച്ചമാംസം ഭക്ഷിക്കുകയും അവരെ ഇകഴ്ത്തുകയും ചെയ്യുന്നവരാണിവർ; ജിബ്‌രീൽ മറുപടി നൽകി.

അങ്ങനെ ബൈതുൽ മുഖദ്ദസിൽ എത്തുന്നത് വരെ അവർ സഞ്ചരിച്ചു. അവിടെ ഇറങ്ങി. ബുറാഖിനെ പള്ളി വാതിലിലെ വളയത്തിൽ കെട്ടിയിട്ടു. അവിടെയാണ് പ്രവാചകന്മാരെല്ലാം വാഹനങ്ങൾ കെട്ടിയിടാറുള്ളത്. അവിടന്ന് ജിബ്‌രീൽ(അ) വാങ്കു വിളിച്ചു. സർവ മലക്കുകളും ആകാശത്ത് നിന്നിറങ്ങിവന്നു. സർവ നബിമാരെയും അല്ലാഹു അവിടേക്ക് എത്തിച്ചു. റസൂൽ അവർക്കെല്ലാം നിസ്കാരത്തിനു നേതൃത്വം നൽകി. നിസ്കാരം കഴിഞ്ഞു തിരിഞ്ഞപ്പോൾ ജിബ്‌രീൽ റസൂലിന് പറഞ്ഞു കൊടുത്തു; അങ്ങയുടെ പിന്നിൽ നിന്ന് നിസ്കരിച്ചത് അല്ലാഹു അയച്ച സർവ പ്രവാചകന്മാരുമാണ്. അങ്ങനെ ഓരോ നബിമാരും റസൂലിനോട് സംസാരിച്ചു. തങ്ങൾക്കെല്ലാം അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ കുറിച്ച് പറഞ്ഞു. ശേഷം റസൂൽ(സ്വ) സംസാരം തുടങ്ങി.
ലോകാനുഗ്രഹി ആയി റബ്ബ് അയച്ചതിനും മറ്റുമെല്ലാം സ്തുതികൾ അർപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. ശേഷം തങ്ങളുടെയും അവിടുത്തെ ഉമ്മത്തിന്റെയും ശ്രേഷ്ഠതകളും പറഞ്ഞു. ഇബ്രാഹീം നബി ഇതിനെ ശരിവെച്ചു കൊണ്ട് റസൂലിനെ അനുഗ്രഹിച്ചു.

ആകാശാരോഹണം
അബൂ സഈദ് (റ) പറയുന്ന ഒരു ഹദീസിന്റെ ആശയം ഇങ്ങനെയാണ്: റസൂൽ(സ്വ) അരുളുന്നു; അഖ്‌സയിലെ കാര്യങ്ങളെല്ലാം കഴിഞ്ഞപ്പോൾ എന്റെ മുന്നിലേക്ക് ഒരു മിഅ്‌റാജ്- ഏണി കൊണ്ടുവന്നു. അത്രമേൽ മനോഹരമായ ഒന്ന് ഞാൻ മുൻപ് കണ്ടിട്ടേയില്ല.

അതിലൂടെ ജിബ്‌രീൽ എന്നെ സ്വർഗീയ കവാടം വരെയെത്തിച്ചു. ആയിരക്കണക്കിന് മാലാഖമാർ അവിടെ കാവൽ നിൽക്കുന്നുണ്ട്.
ഇവിടെ വെച്ച് റസൂൽ ഇസ്മാഈലിനെ(അ) കണ്ടുമുട്ടി, സംസാരിച്ചു. പിന്നെ ഒന്നാം സ്വർഗത്തിൽ മനുഷ്യപിതാവ് ആദം നബിയെ(അ) കണ്ടു. അവരുടെ മുൻപിലൂടെ മനുഷ്യാത്മാക്കളെല്ലാം ചുറ്റിനടക്കുന്നുണ്ടായിരുന്നു.

റസൂൽ സ്വർഗം കണ്ടു. അതിന്റെ അനശ്വര സൗന്ദര്യം ആസ്വദിച്ചു. ഓരോ സ്വർഗത്തിലും ഓരോ പ്രവാചകരുമായും കൂടിക്കാഴ്ച നടത്തി. ഈസാ നബിയും ഇബ്രാഹീം നബിയും എല്ലാം ഇതിൽ പെടും. ഏഴാം സ്വർഗത്തിലാണ് ഇബ്രാഹീം(അ). കഅ്‌ബയെന്ന വിശുദ്ധ ഗേഹത്തിന്റെ സ്ഥാപകൻ, അബുൽ അൻബിയാഅ്‌- പ്രവാചകരുടെ പിതാവ്, എന്ന സ്ഥാനങ്ങൾക്കെല്ലാം ഉടമയാണ് ഇബ്രാഹീം നബി. അതിനാൽ സ്വർഗ ലോകത്തും ഉന്നതൻ തന്നെ.

ശേഷം മുത്ത് നബി ഏറ്റവും വൈശിഷ്ട്യം നിറഞ്ഞ സ്വർഗോദ്യാനത്തിലെത്തി. ഇപ്പോൾ നബിയുടെ മുന്നിൽ രണ്ടു കോപ്പകളുണ്ട്. ഒന്നിൽ മദ്യവും മറ്റേതിൽ പാലും. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനാണ് കല്പന. അവിടുന്ന് പാൽ എടുത്തു. നബി അത്യുത്കൃഷ്ടമായ പാത തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് ഇതിന്റെ വ്യാഖ്യാനം.

അവിടെ അർശിന്റെ പ്രകാശത്തിൽ റസൂൽ ഒരു യുവാവിനെ കണ്ടു. ഇത് മാലാഖയാണോ എന്ന് നബി ജിബ്‌രീലിനോട് അന്വേഷിച്ചു. അല്ലെന്നു പറഞ്ഞപ്പോൾ എങ്കിൽ പിന്നെ നബി ആണോ എന്നു ചോദിച്ചു. അതിനും അല്ലെന്നായിരുന്നു മറുപടി. ശേഷം വിശദീകരിച്ചു; ഇഹലോകത്ത് പടച്ചവന്റെ ദിക്റിനാൽ എപ്പോഴും നാവ് സജലമായിരുന്ന, ഹൃദയം സദാസമയം മസ്ജിദുമായി ബന്ധപ്പെട്ടിരുന്ന, മാതാപിതാക്കളെ പഴി പറഞ്ഞിട്ടേയില്ലാത്ത വിശ്വാസിയാണിത്.

ഡോ. എ പി അബ്ദുൽഹകീം അസ്ഹരി

You must be logged in to post a comment Login