നിങ്ങള്‍ കുട്ടികളെ ബഹുമാനിക്കാറുണ്ടോ?

നിങ്ങള്‍ കുട്ടികളെ ബഹുമാനിക്കാറുണ്ടോ?

ബഹുമാനം മനസില്‍ നിന്ന് ഉത്ഭവിക്കുന്നതാണ്. തന്റെ കുട്ടിയാണ് എന്നതുകൊണ്ടുമാത്രം രക്ഷിതാവിനോട് ബഹുമാനം ഉണ്ടാവണമെന്നില്ല. നിങ്ങള്‍ രക്ഷിതാവ് ആണ് എന്നതുകൊണ്ട് മാത്രം ബഹുമാനിക്കപ്പെടണം എന്നാഗ്രഹിക്കുന്നതും ശരിയല്ല. നിങ്ങള്‍ പറയുന്നതുപോലെ കുട്ടികള്‍ ചെയ്യണം എന്നു വാശിപിടിക്കുന്നവരുണ്ട്. അത്തരം മനസ്ഥിതി കുട്ടികളിലുണ്ടാക്കുക ബഹുമാനമല്ല, ഒരു തരം ബഹുമാന അഭിനയമാണ്. കുട്ടികള്‍ ചിന്തിക്കുന്നുണ്ട്. അവരുടെ ചിന്തകളിലൊതുങ്ങുന്നതാവണം നമ്മുടെ കല്പനകള്‍. നാം അവര്‍ക്കൊരു അതിര് നിശ്ചയിക്കുന്നുവെങ്കില്‍ അതെന്തിനാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ നമുക്കാവണം. അത് ബോധ്യപ്പെടുന്നുവെങ്കില്‍ അവരത് അനുസരിക്കുകയും അവരുടെ മനസില്‍ നമ്മോടുള്ള ബഹുമാനം വര്‍ധിക്കുകയും ചെയ്യും. നാം വരക്കുന്ന അതിരുകള്‍ അവര്‍ക്ക് ബോധ്യപ്പെട്ടില്ലെങ്കില്‍/നാം ബോധ്യപ്പെടുത്തിയില്ലെങ്കില്‍ അവരുടെ മനസില്‍ ഒരുതരം വാശിയാണ് ഉത്ഭവിക്കുക.

ക്ലാസിലെ കുട്ടികള്‍ തങ്ങളെ ബഹുമാനിക്കുന്നില്ലെന്ന് അധ്യാപകര്‍ പരാതിപ്പെടുന്നു. കൗമാരക്കാര്‍ അനിയന്ത്രിതരും ബഹുമാനമില്ലാത്തവരുമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിപ്പെടുന്നു. ഇവിടെ ആരുടെ അടുത്താണ് തെറ്റെന്ന് പഠിക്കേണ്ടതുണ്ട്. മാതാപിതാക്കളോട് കാണിക്കേണ്ട ആദരവ് ഇസ്‌ലാം ഊന്നിപ്പറയുമ്പോള്‍ തന്നെ കുട്ടികളോടുള്ള കടമകളും ഇസ്‌ലാം പറയുന്നുണ്ട്. വലിയവരെ ബഹുമാനിക്കണം എന്നു പറയുന്നിടത്തു തന്നെയാണ് കുട്ടികളോട് കരുണ കാണിക്കണമെന്നു പറയുന്നതും. ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. കുട്ടികളോട് കരുണ ചെയ്യുന്നില്ലെങ്കില്‍ അവരില്‍ നിന്ന് ബഹുമാനവും ലഭിക്കില്ലെന്നര്‍ഥം. കുട്ടികളോടുള്ള കടമകള്‍ അധ്യാപകര്‍ പാലിക്കുന്നില്ലെങ്കില്‍ ബഹുമാനം ലഭിക്കാന്‍ ആ അധ്യാപകന് എന്തര്‍ഹതയാണുള്ളത്?

അനസ് ബ്‌നു മാലിക് (റ) പറയുന്നുണ്ട്: നിങ്ങളുടെ മക്കളെ ബഹുമാനിക്കുകയും അവരില്‍ മികച്ച പെരുമാറ്റ രീതികള്‍ വളര്‍ത്തുകയും ചെയ്യുക.
മാതാപിതാക്കള്‍ കുട്ടികളെ ബഹുമാനിക്കണം. അവരില്‍ നല്ല പെരുമാറ്റങ്ങള്‍ വളര്‍ത്തണം. വിദ്യാഭ്യാസ പരമായി അവരെ സഹായിക്കണം. ശരിയും തെറ്റും ഏതെന്ന് അവരെ വേര്‍തിരിച്ച് മനസിലാക്കിക്കൊടുക്കണം. ഇതെല്ലാം മാതാപിതാക്കളുടെ കടമകളാണ്. ഇത് കൃത്യമായി പാലിക്കുന്ന രക്ഷിതാക്കളെ കുട്ടികള്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും വഴിപ്പെടുകയും ചെയ്യും. അവര്‍ക്കിടയില്‍ മനോഹരമായ സൗഹൃദ ബന്ധങ്ങളുണ്ടാകും.

മക്കളെ നന്നായി സ്‌നേഹിച്ചിട്ടും അവര്‍ തിരികെ സ്‌നേഹിക്കുന്നില്ലെങ്കില്‍, അല്ലെങ്കില്‍ തിരികെ അശ്ലീലകരമായി പെരുമാറുന്നുവെങ്കില്‍, നമ്മള്‍ പറയുന്നത് അനുസരിക്കുന്നില്ലെങ്കില്‍ അതിനര്‍ഥം നമ്മുടെ ശിക്ഷണത്തിന് എവിടെയോ തകരാറ് സംഭവിച്ചിരിക്കുന്നുവെന്നാണ്. നാം അവര്‍ക്ക് നല്‍കേണ്ട കടമകളില്‍ എവിടെയോ പിഴവ് വന്നിരിക്കുന്നു എന്നാണ്. അത് തനിയേ ഇരുന്ന് ആലോചിച്ച്, എവിടെയാണ് പിഴച്ചതെന്ന് കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. കുട്ടികളെ ക്രൂരമായി ശിക്ഷിക്കുകയോ മറ്റോ ചെയ്യുന്നതു കൊണ്ട് താത്കാലിക പരിഹാരം ചിലപ്പോള്‍ ലഭിച്ചേക്കാം. പക്ഷേ, അത് അവനെ കൂടുതല്‍ അപകടകാരിയാക്കുകയോ പ്രതികാര ദാഹി ആക്കുകയോ ആണ് ചെയ്യുക.

കുട്ടികള്‍ ശരിയും തെറ്റും മനസിലാക്കുക രക്ഷിതാക്കളുടെ വാക്കില്‍ നിന്ന് മാത്രമല്ല, പ്രവൃത്തികളില്‍ നിന്നു കൂടെയാണ്. അവ പരസ്പരം വൈരുധ്യമായാല്‍ കുട്ടികളുടെ മനസില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. ഇത്തരം കാര്യങ്ങളില്‍ അത്ര കണിശത പാലിക്കേണ്ടതില്ല എന്ന നിഗമനത്തിലേക്കാവും അവരെത്തിച്ചേരുക. കുട്ടികള്‍ക്ക് പഠിക്കാനും പകര്‍ത്താനും എളുപ്പമാകുന്ന സുതാര്യമായ ജീവിതമായിരിക്കണം രക്ഷിതാവിന്റേത്.

കുട്ടിയുടെ കണ്ണിലൂടെ കാണണം
കുട്ടികളുടെ കണ്ണിലൂടെ ലോകത്തെ കാണാനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്. ജനനം മുതല്‍ അവരുടെ ശരീരം വളരുന്നതിനനുസരിച്ച് മനസ്സും ചിന്തയും വികാരവും വികാസം പ്രാപിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഓര്‍ക്കണം. മുതിര്‍ന്നവരുടെ കാഴ്ചപ്പാടിനനുസരിച്ച് യുക്തിസഹമായി പെരുമാറാനോ കാര്യങ്ങള്‍ വിലയിരുത്താനോ അല്ല കുട്ടികളെ പഠിപ്പിക്കേണ്ടത്. അവരെ അവരുടെ കാഴ്ചപ്പാടിനനുസരിച്ച് വളര്‍ത്തണം. അതിനാവശ്യമായ ഉപദേശങ്ങള്‍ ആവശ്യമായ സമയത്ത് അവര്‍ക്കുള്‍ക്കൊള്ളാനാകും വിധം നല്‍കണം. അവരുടെ വളര്‍ച്ചയനുസരിച്ച് കാഴ്ചപ്പാടുകള്‍ തിരുത്താനും നല്ലതിനെ തിരഞ്ഞെടുക്കാനും അവനെ പ്രാപ്തനാക്കണം. കുട്ടിയോടൊപ്പം സഞ്ചരിച്ചാവണം പാരന്റിംഗ് നിര്‍വഹിക്കേണ്ടത്. നമ്മുടെ കൈകളില്‍ കുട്ടിയുടെ നിയന്ത്രണം എപ്പോഴും വേണം. എന്നാല്‍ കുട്ടി സമ്പൂര്‍ണ സ്വതന്ത്രനാണെന്ന് അവന് തോന്നുകയും വേണം.

രക്ഷിതാവ് നിര്‍വഹിക്കേണ്ട കടമകള്‍ ഇസ്‌ലാമിക അധ്യാപനങ്ങളില്‍ ധാരാളമുണ്ട്. അവ പൂര്‍ണമായി പാലിക്കുന്ന പക്ഷം മികച്ച ഒരു രക്ഷിതാവാകാന്‍ സാധിക്കും. അപരനോട് വിവേചനം കാണിക്കാതിരിക്കാനും അവരുടെ വിശ്വാസത്തെ ബഹുമാനിക്കാനും ചെറുപ്പത്തിലേ കുട്ടികളെ ശീലിപ്പിക്കണം. ഈ സമീപനം സഹിഷ്ണുതയും സമാധാനവുമുള്ള ഒരു സമൂഹത്തെ നിര്‍മിക്കാന്‍ കാരണമാവും. ഇസ്‌ലാം പഠനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ പഠിക്കാനുള്ള അവസരങ്ങള്‍ രക്ഷിതാക്കള്‍ നല്‍കണം. ഇവയെല്ലാം പാലിക്കുമ്പോഴേ രക്ഷകര്‍തൃത്വം വിജയകരമാവൂ.

അനുസരണയും ആദരവും
മുതിര്‍ന്നവരോടുള്ള ബഹുമാനവും ആദരവും ആദ്യം നടപ്പിലാക്കേണ്ടത് വീട്ടിലാണ്. കുട്ടികള്‍ മാതാപിതാക്കളെ ബഹുമാനിക്കുന്നുവെങ്കില്‍, അവര്‍ അധ്യാപകരെയും സമൂഹത്തിലെ മറ്റുള്ളവരെയും ബഹുമാനിക്കും. വീട്ടില്‍ മുതിര്‍ന്നവരെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നുവെങ്കില്‍ ആ കുട്ടി ബഹുമാനം, ക്ഷമ, കരുതല്‍ തുടങ്ങിയ ജീവിത നൈപുണ്യങ്ങള്‍ പഠിച്ചുവരുന്നുണ്ട്. അതവന്റെ ജീവിതത്തിന്റെ ഭാഗമാവുകയും അതിലൂടെ കൂടുതല്‍ മൂല്യങ്ങള്‍ അവന് കൈവരികയും ചെയ്യും. ഇസ്‌ലാം കുടുംബങ്ങളില്‍ ആരോഗ്യകരവും സ്‌നേഹ സമ്പുഷ്ടവുമായ ബന്ധങ്ങള്‍ നിലനില്‍ക്കാനാവശ്യമായ ആശയങ്ങളാണ് മുന്നോട്ടു വെച്ചിരിക്കുന്നത്.

മാതാപിതാക്കള്‍ പ്രായമാകുമ്പോള്‍
രാഷ്ട്രവും സമൂഹവും നേരിടുന്ന വലിയ വെല്ലുവിളിയാണ് പ്രായമായവരെ എങ്ങനെ പരിപാലിക്കണമെന്നത്. പ്രായമായവരെ സംരക്ഷിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് മക്കള്‍ പിറുപിറുക്കുന്നു. അവരുടെ ജീവിത വ്യവഹാരത്തിനിടയില്‍ പ്രായമുള്ളവര്‍ ഒരു ഭാരമാണെന്ന് മനസിലാക്കുന്നു. ഒഴിവാക്കാനുള്ള ആലോചനകളാവും അവര്‍ നടത്തിക്കൊണ്ടിരിക്കുക.

പക്ഷേ, ചെറുപ്പത്തില്‍ മുതിര്‍ന്നവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന് പഠിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്ത് വളര്‍ന്ന കുട്ടികള്‍ക്ക് മാതാപിതാക്കള്‍ പ്രായമാകുമ്പോള്‍ കൂടുതല്‍ ബഹുമാനിക്കാനും ആദരിക്കാനുമുള്ള പ്രവണതയാണ് വര്‍ധിക്കുക. അവര്‍ക്കൊരിക്കലും പ്രായമായവര്‍ ഭാരമാകില്ല. മാതാപിതാക്കളോട് എങ്ങനെ പെരുമാറണമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്: ആര്‍ദ്രതയില്‍ നിന്ന് കാരുണ്യത്തിന്റെ ചിറകുകള്‍ അവര്‍ക്ക് താഴ്ത്തിക്കൊടുക്കുക. “എന്റെ നാഥാ, എന്റെ കുട്ടിക്കാലത്ത് അവര്‍ എന്നെ സംരക്ഷിച്ചതു പോലെ അവരോട് നീ കരുണ കാണിക്കേണമേ’ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുക.

കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍, കുട്ടിക്കാലത്ത് മാതാപിതാക്കള്‍ നല്‍കിയ സ്‌നേഹവും വാത്സല്യവും ഒരിക്കലും പൂര്‍ണമായി തിരികെ നല്‍കാനാവില്ലെന്നും അവരുടെ മാതാപിതാക്കള്‍ പകരം വയ്ക്കാനില്ലാത്ത നിധികളാണെന്നും അവര്‍ മനസിലാക്കുന്നു. ഈ പോരായ്മ അവര്‍ക്കുവേണ്ടിയുള്ള നിരന്തര പ്രാര്‍ഥനയിലൂടെ പരിഹരിക്കാനാവുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പക്ഷേ, ഖുര്‍ആനില്‍ രണ്ടാമതായാണ് ഇത് പറഞ്ഞത്. ആദ്യം പറഞ്ഞത് അവരെ പൂര്‍ണമായി സേവിക്കണമെന്നാണ്. അഥവാ, മാതാപിതാക്കളെ പരിപൂര്‍ണമായി സേവിച്ചതിനു ശേഷം അവര്‍ക്കു വേണ്ടി നിരന്തരം പ്രാര്‍ഥന നടത്തിയാല്‍ മാത്രമേ ആ കടം വീടുകയുള്ളൂ. അല്ലാതെ, സേവനങ്ങളൊന്നും ചെയ്യാതെ പ്രാര്‍ഥന മാത്രം നടത്തിയാല്‍ മതിയാവില്ല.

ഡോ. ഫാദില

You must be logged in to post a comment Login