ഹിജാബ് ഒരു കഷ്ണം തുണിയല്ല

ഹിജാബ്  ഒരു കഷ്ണം തുണിയല്ല

സ്ത്രീയും പുരുഷനും അല്ലാഹുവിന്റെ സൃഷ്ടികളാണ്. പുരുഷന് ആസ്വദിക്കാൻ പറ്റുന്ന ശരീരലാവണ്യത്തിലാണ് സ്ത്രീയുടെ സൃഷ്ടി കർമം. എങ്കിൽ സ്ത്രീസൗന്ദര്യം എല്ലാവർക്കും ആസ്വദിക്കാമോ? ഇല്ല, ഇസ്‌ലാമിൽ അതിനു ചില നിയന്ത്രണങ്ങളുണ്ട്. പവിത്രമായ നികാഹ് കർമത്തിലൂടെ  സ്ത്രീക്ക് ഇണയായി വരുന്ന പുരുഷനാണ് അവളുടെ സൗന്ദര്യം ആസ്വദിക്കാൻ അവകാശമുള്ളത്. അപ്പോൾ സ്ത്രീ എന്തു ചെയ്യണം? ശരീരം മൂടി വെക്കണം. ഇല്ലെങ്കിൽ പഞ്ചസാരയിൽ ഉറുമ്പരിക്കുന്നത് പോലെ പുരുഷ നോട്ടം അവളുടെ ശരീരത്തിൽ അരിച്ചു നടന്നേക്കും.
അന്യപുരുഷന്മാരെ കാണാതിരിക്കാൻ അവൾ കണ്ണുകൾ നിയന്ത്രിച്ചാൽ മതിയാകും.പക്ഷേ അന്യനോട്ടത്തെ നിയന്ത്രിക്കാൻ അവൾ ശരീരം മറക്കുക തന്നെ വേണം.

സ്ത്രീയുടെ ഹിജാബ് പ്രധാനമായും അവളുടെ ലജ്ജയാണ്. ലജ്ജ ഇല്ലെങ്കിൽ അവളുടെ ഹിജാബ് അഴിഞ്ഞു എന്നു പറയാം. സ്ത്രീയായാലും പുരുഷനായാലും മനുഷ്യനെ അനാവശ്യകാര്യങ്ങളിൽ നിന്ന് അകറ്റി നിർത്തുന്ന പ്രധാന ഗുണമാണ് ലജ്ജ. ഈ ലജ്ജ മൂലമാണ് അന്യപുരുഷന്മാരിൽ നിന്ന് അവൾ പരമാവധി മറഞ്ഞിരിക്കുന്നത്.
ഹിജാബ് ഒരു കഷ്ണം തുണിയല്ല. സ്ത്രീ അണിയുന്ന ലജ്ജയുടെ മൂടുപടമാണത്. ശരീരം തുറന്നിട്ടു നടക്കുന്നതിൽ താല്പര്യം കൊള്ളുന്ന ചിലരുണ്ട്. അവർക്ക് അതാകാം. പക്ഷേ, ഇസ്‌ലാമിൽ അതില്ല.

എന്നാൽ ശരീരം മൂടിപ്പൊതിഞ്ഞു സംരക്ഷിക്കുന്നവരുമുണ്ട്. അവർ അവരുടെ സ്രഷ്ടാവിന്റെ പ്രീതി കാംക്ഷിച്ചാണങ്ങനെ ചെയ്യുന്നത്. അതിനാൽ അവരെ അപഹസിക്കേണ്ടതില്ല.

ഒരാൾ അയാളുടെ ശരീരം മറക്കുന്നത് എങ്ങനെയാണ് മറ്റുള്ളവർക്ക് ഉപദ്രവമാകുന്നത്? മറയ്ക്കാൻ താല്പര്യപ്പെടുന്നവർക്ക് അതിനുള്ള അവകാശം നിഷേധിക്കുന്നതല്ലേ അസ്വാതന്ത്ര്യം?

ഇസ്‌ലാം അല്ലാഹുവിന്റെ ഇഛയാണ്. അവന്റെ താല്പര്യമാണ്. അവന്റെ നിയമങ്ങൾ. പ്രയാസപ്പെടുത്തുന്ന ഒരു നിയമവും അതിൽ ഇല്ല. അടിച്ചേൽപിക്കുന്നതല്ല, വിശ്വാസികൾ ഏറ്റെടുക്കുന്നതാണ് അതിന്റെ നിയന്ത്രണങ്ങൾ. ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചവർക്ക് നിലവിൽ കേൾക്കുന്ന ഭർത്സനങ്ങൾ അഴിച്ചു വിടാൻ സാധിക്കുകയില്ല.
പല സ്ഥലങ്ങളിലും നിഖാബിന്റെ പേരിൽ സ്ത്രീകൾക്ക് അവഹേളനങ്ങളും വിലക്കുകളും അനുഭവിക്കേണ്ടി വരുന്നു. എന്തിനെന്നോ ഏതിനെന്നോ ചിന്തിക്കാതെ അക്രമങ്ങൾ അഴിച്ചു വിടുന്നത് ചിലർക്ക് വിനോദമാണ്. വസ്ത്രം പൂർണമായും ധരിച്ച് സ്വന്തം സുരക്ഷ ഉറപ്പുവരുത്താനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കില്ലേ?!
ഈ കാലഘട്ടത്തിൽ ഞങ്ങൾക്കുവേണ്ടത് സുരക്ഷയാണ്. പെണ്ണിന്റെ മാനത്തിന് വിലപേശുന്നവർക്കിടയിൽ ജീവിക്കാൻ സുരക്ഷ ഉറപ്പു വരുത്താതെ സാധിക്കില്ല. എന്നിരിക്കെ ഇസ്‌ലാം ഞങ്ങൾക്ക് നൽകിയ ഹിജാബ് എന്ന അവകാശത്തെ ചോദ്യം ചെയ്യാൻ ആർക്കും അർഹതയില്ല. അതിലൂടെ ഞങ്ങൾ അനുഭവിക്കുന്ന സന്തോഷവും സമാധാനവും നിർഭയത്വവും ഭർത്സകർക്ക് നൽകാനാകുമോ? ധരിച്ച ഞങ്ങൾക്കില്ലാത്ത പ്രയാസം കാണുന്ന നിങ്ങൾക്കെന്തിനാണ്? കൊറോണക്കാലം വന്നപ്പോഴേക്ക് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും മുഖം മറച്ചുതുടങ്ങി. മാസ്ക് ധരിക്കാതെ എങ്ങോട്ടും സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥ.
കൊറോണ പിടിപെടും എന്ന് പേടിയുള്ളത് കൊണ്ട് സ്വയം സുരക്ഷ ഉറപ്പ് വരുത്തുകയാണ് ജനങ്ങൾ. അത്തരം ഒരു സുരക്ഷ തന്നെയല്ലേ ഇസ്‌ലാം ഞങ്ങൾക്കും നൽകിയിട്ടുള്ളത്! ആരോഗ്യപരമായ സുരക്ഷയും ആത്മീയമായ സുരക്ഷയുമാണത്. മറഞ്ഞിരിക്കുന്ന സ്ത്രീ ചാരിത്ര്യശുദ്ധി കാത്തുസൂക്ഷിക്കുന്നവളാണ്. അവൾ ചിപ്പിക്കുള്ളിലെ മുത്തുപോലെയാണ്.

ഒരുപാട് പൊതികൾക്കുള്ളിൽ വളരെ ഭദ്രമായാണ് സ്വർണം പോലെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുക.അതുപോലെയാണ് സ്ത്രീസമൂഹത്തെ ഇസ്‌ലാം പരിഗണിക്കുന്നത്. അവൾക്ക് ഇസ്‌ലാം വലിയ മൂല്യം നൽകുന്നു.
അവളുടെ സൗന്ദര്യം ഒരു നോട്ടം കൊണ്ട് പോലും ആർക്കും തൊടാനാകരുത്. ആരും ടേസ്റ്റ് ചെയ്തിട്ടില്ലാത്ത ആ കനി ഇണക്കു മാത്രമുള്ളതാണ്.
മുഖമാണ് ശരീരസൗന്ദര്യത്തിന്റെ പ്രകടമായ അവയവം. വിവാഹത്തിന്റെ മുന്നോടിയായ “പെണ്ണുകാണ’ലിൽ മുഖം നോക്കാനാണ് അനുമതിയുള്ളത്. മുഖത്തിലൂടെ ശരീര സൗന്ദര്യം വായിച്ചെടുക്കാനാവും.

വീട്ടിൽ നിന്ന് പുറത്തു പോകുന്ന ഒരാൾ മുഴുവൻ വാതിലുകളും അടച്ചു ഭദ്രമാക്കി മുൻവാതിൽ മാത്രം തുറന്നു വെച്ചാൽ എന്തു സംഭവിക്കും? അതുപോലെയാണ് മുഖം ഒഴിവാക്കി മറ്റു ശരീര ഭാഗങ്ങൾ മറക്കുന്ന ഒരാളുടെ ഉപമയെന്ന് ഞാൻ വിചാരിക്കുന്നു.
ആരോഗ്യപരമായും ഇത് വളരെ ഗുണകരമാണ്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം മുഖത്തേക്ക് വരുന്ന പൊടിയും മറ്റുമെല്ലാം ഒരു പരിധി വരെ പ്രതിരോധിക്കാൻ പാകതയുള്ള മീശയും താടിയുമുണ്ട്. സ്ത്രീകൾ വസ്ത്രം കൊണ്ടാണ് പൊടിയും അഴുക്കും പ്രതിരോധിക്കേണ്ടത്.

തെരുവിൽ അലഞ്ഞു നടന്ന് ഒടുവിൽ അഴുകിപ്പോകുന്ന മാലിന്യങ്ങളായി തീരുന്ന എത്രയോ മനുഷ്യരുണ്ട്. സ്ത്രീകൾക്ക് ആ ഗതി വരരുതെന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു. ഇതാണ് ഞങ്ങൾക്ക് ഇസ്‌ലാം നൽകുന്ന വലിയ സൗന്ദര്യം.

ഇത്രയേറെ സ്ത്രീത്വത്തെ ബഹുമാനിച്ച മറ്റൊരു മതവും നിയമവും ഞങ്ങൾക്കറിയില്ല. ഇസ്‌ലാമിനെ വികലമായ മനസോടെ വീക്ഷിക്കുന്നവർക്ക്  സകലതും വിരൂപമായേ അനുഭവപ്പെടൂ. സ്ത്രീ പുരുഷന്റെയും പുരുഷൻ സ്ത്രീയുടെയും വസ്ത്രമാണെന്ന് പഠിപ്പിക്കുന്ന മതം എവിടെയാണ്  ഞങ്ങളെ അടിച്ചമർത്തിയിട്ടുള്ളതെന്ന് നിങ്ങൾ പറയണം?

ഇനി നിങ്ങളുടെ കാഴ്ചയിൽ അങ്ങനെ തോന്നുന്നുവെങ്കിൽ  കണ്ണട തുടച്ചു തെളിച്ചം വരുത്തുകയാണ് വേണ്ടത്. ഞാൻ നിങ്ങൾക്കൊരു നസീറയെ പരിചയപ്പെടുത്തി തരാം. ഒരുപാട് കാലങ്ങൾ ആധുനിക ഫാഷൻ വസ്ത്രത്തിന്റെ പിടിയിൽ ജീവിച്ച് പിന്നീട് സ്വയം മാറിച്ചിന്തിക്കാനിടയായവൾ. അന്ന് അവൾ എന്റെ മുന്നിൽ കരഞ്ഞു തളർന്നു. കഴിഞ്ഞ കാലങ്ങൾ അവളെ അത്രമേൽ ഭീതിപ്പെടുത്തുന്നുണ്ടായിരുന്നു. അടിച്ചു പൊളിച്ചു ജീവിച്ചിരുന്ന കാലത്ത് പർദ ധരിച്ചവരെ കാണുന്നത് അവൾക്ക് വെറുപ്പായിരുന്നു. അവളുടെ ജീവിതം പ്രധാനമായും സൗന്ദര്യ പ്രദർശനത്തിന്റെതായിരുന്നു. അന്യപുരുഷന്മാരുമായി കൂടിക്കലരാൻ അവൾക്ക് യഥേഷ്ടം അവസരങ്ങളുണ്ടായിരുന്നു. ആർക്കും ആവശ്യമില്ലാത്ത വിധം വലിച്ചെറിയപ്പെട്ടപ്പോഴാണ് അവൾ പശ്ചാതാപ വിവശയായത്. സമാധാനം നഷ്ടപ്പെട്ട ദിനരാത്രങ്ങളിൽ അവൾ നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു.
ഒടുവിൽ അവൾ മാനസികമായ കരുത്ത് വീണ്ടെടുത്തത് അവളുടെ വസ്ത്രധാരണത്തിലൂടെ തന്നെയായിരുന്നു. പർദയും ഹിജാബും സ്വീകരിച്ചു കൊണ്ട് അവൾ നന്മകൾ നിറഞ്ഞ ഒരു ജീവിതത്തിന് തുടക്കം കുറിച്ചു. സൗന്ദര്യ പ്രദർശനമല്ല സൗന്ദര്യം സൂക്ഷിച്ചു വെക്കലാണ് പെണ്ണിന് ആവശ്യം എന്ന തിരിച്ചറിവിലൂടെ അവൾ പുതിയ ഒരു നസീറയായി. ഇനി പർദയുടെ കാര്യം പറയാം; നിങ്ങൾ ധരിക്കുന്ന പർദ ശരീരത്തിന്റെ തുടിപ്പ് പ്രകടമാക്കുന്നതാണെങ്കിൽ അത് ഇസ്‌ലാമിക വേഷമല്ല. സ്വന്തം വീട്ടിൽ പോലും സ്ത്രീകൾക്ക് സുരക്ഷ ലഭിക്കാത്തതിനു കാരണം അവളുടെ അലസമായ വസ്ത്രധാരണ രീതിയാണ്. ഇസ്‌ലാം നിഷ്കർഷിക്കുന്ന ഹിജാബിന്റെ മാധുര്യം അനുഭവിക്കണമെങ്കിൽ അത് അണിയുക തന്നെ വേണം.

എന്റെ കുട്ടിക്കാലത്ത് പർദയും നിഖാബും ധരിച്ചവരെ കാണുന്നത് പ്രത്യേക സന്തോഷവും കൗതുകവുമായിരുന്നു. മുഖം തുറന്നിട്ടു നടക്കുന്നവർക്കിടയിൽ അപൂർവം സ്ത്രീകൾ അവരുടെ മുഖവും ശരീര ഭാഗങ്ങളും സംരക്ഷിക്കുന്നത് കാണുമ്പോൾ അന്ന് ഞാനും തീരുമാനിച്ചിരുന്നു; വലുതായാൽ ഇതുപോലെ ഒരു ഹിജാബ് ധാരി ആകണമെന്ന്. എന്റെ പതിനഞ്ചാം വയസ്സിലാണ് ഞാൻ ഹിജാബ് ഉപയോഗിക്കാൻ തുടങ്ങിയത്. പല എതിർപ്പുകളും തളർത്താൻ ശ്രമിച്ചെങ്കിലും ഹിജാബ് നൽകിയ സന്തോഷം എന്നെ പിന്തിരിപ്പിച്ചില്ല. പിന്നീട് ഇതുവരെയും ഹിജാബ് ധരിച്ചിട്ടല്ലാതെ പുറത്തിറങ്ങിയിട്ടില്ല. ഹിജാബിലൂടെ ലഭിച്ചത് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ്.

അന്യ പുരുഷന്മാരിൽ നിന്ന് പൂർണമായും മറഞ്ഞിരിക്കുക എന്നതാണ് ഹിജാബിന്റെ ഉദ്ദേശ്യം. അതിനു വേണ്ടി മുഖം മറക്കുന്നവർ ഉപയോഗിക്കുന്ന വസ്ത്രമാണ് നിഖാബ്. സ്ത്രീകളോട് അവരുടെ വസ്ത്രത്തെ മാറിടത്തിലേക്ക് താഴ്ത്തിയിടണമെന്നാണ് ഖുർആന്റെ ശാസന.

ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് വർഷങ്ങളോളം മുംബൈയിലൂടെ യാത്ര ചെയ്തിരുന്നത് ഇസ്‌ലാമിക വേഷം സ്വീകരിച്ചു കൊണ്ടാണെന്ന് പ്രശസ്ത എഴുത്തുകാരി കമലാ സുരയ്യ വെളിപ്പെടുത്തിയിട്ടുണ്ട്.  അമുസ്‌ലിംകളിൽ പലരും പല സന്ദർഭങ്ങളിലും ഇസ്‌ലാമിക വേഷത്തെ ഉപയോഗപ്പെടുത്തുന്നവരാണ്. അതിന്റെ സുരക്ഷ മനസിലാക്കിയതു തന്നെയാണ് കാരണം. സ്ത്രീകൾ അക്രമിക്കപ്പെടുന്നത് ഇന്ന് സർവസാധാരണമാണ്. ഈ ഘട്ടത്തിൽ വസ്ത്രം കൊണ്ട് താൻ മാന്യത ആഗ്രഹിക്കുന്നു എന്ന സന്ദേശം നൽകുന്നത് വലിയ സുരക്ഷയാണ് നൽകുക.
മനുഷ്യരിൽ ചിലർ സാത്താന്റെ സ്വഭാവം കൈക്കൊള്ളുന്നവരാണ്. നന്മകളെ തല്ലിച്ചതച്ച് നരകത്തിലേക്കുള്ള വഴിയൊരുക്കിക്കൊടുക്കലാണ് അവരുടെ പ്രധാന തൊഴിൽ. അതുപോലെയാണ് ചില മനുഷ്യർ. സുരക്ഷയോടെ ജീവിക്കുന്നവരെ അപകടപ്പെടുത്താനാണ് അവർക്കാഗ്രഹം. അതാണവരുടെ ആക്ടിവിസം. അവർ പലതും ചെയ്തു കൂട്ടുന്നത് ഇസ്‌ലാമിനോടുള്ള ശത്രുത മൂത്ത് കണ്ണു കാണാതാകുന്നത് കൊണ്ടാണ്.

ബുഷ്റ നസ്വീഹ കുമ്പിടി

You must be logged in to post a comment Login