ഇന്തോ-ഇസ്‌ലാമിക് സംഗീതത്തിന്റെ രൂപപ്പെടലുകളും പരിസരങ്ങളും

ഇന്തോ-ഇസ്‌ലാമിക് സംഗീതത്തിന്റെ  രൂപപ്പെടലുകളും പരിസരങ്ങളും

ഹിന്ദു- മുസ്‌ലിം കലാപാരമ്പര്യങ്ങളിൽ ഒരുപക്ഷേ, ആധികളില്ലാതെ പരസ്പരം സംശ്ലേഷിച്ചുകൊണ്ട് രൂപപ്പെട്ട കലാരൂപം സംഗീതം മാത്രമായിരിക്കും. സംഗീതത്തോടുള്ള ഇന്തോ ഇസ്‌ലാമിന്റെ സമീപനം മറ്റിടങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി ഉദാരമാണ്. സംഗീതവും അതിന്റെ ആസ്വാദനവും അനുവദനീയമാണോയെന്നതിൽ ഉലമാക്കളും സൂഫികളും തമ്മിലുള്ള സംവാദങ്ങൾ നിലനിന്നിരുന്നു. ആദ്യകാല സൂഫീ നിലപാടുകൾ കർക്കശമായിരുന്നുവെങ്കിലും പതിയെ അതിൽ അയവുവരാൻ തുടങ്ങി. കർശനമായ ചില നിയന്ത്രണങ്ങളോടെ സൂഫികൾക്ക് സംഗീതവുമായി ഇടപെടാമെന്ന് ശൈഖ് ഹുജ്‌വീരി(റ) പറഞ്ഞു. തീക്ഷ്ണമായ ആത്മീയ പ്രേരണയോടു കൂടെ, നിശ്ചിതമായ ഇടവേളകളിൽ തന്റെ ശൈഖിന്റെ സാന്നിധ്യത്തിലല്ലാതെ ആസ്വാദനം അനുവദനീയമാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രധാനപ്പെട്ട നാലു സൂഫി ത്വരീഖതുകളിൽ ചിശ്തികൾ മാത്രമാണ് സംഗീതത്തിലെ ആനന്ദത്തെ അന്വേഷിച്ചത്. സുഹ്റവർദികൾ രാഗങ്ങൾക്ക് പകരം, ഖുർആൻ പാരായണത്തെയാണ് പ്രോത്സാഹിപ്പിച്ചത്. ഖാദിരികൾ നിസ്സങ്കോചം അതിനെ എതിർത്തു. പ്രത്യേകിച്ചും ഉപകരണ സംഗീതത്തെ ( sama’ bil mazamir). നഖ്ശബന്ദി സമീപനം കൂടുതൽ കർക്കശ സ്വഭാവം ഉള്ളതായിരുന്നു.
ഖാജാ മുഈനുദ്ദീൻ ചിശ്തിയും(റ) അദ്ദേഹത്തിന്റെ ശിഷ്യൻ ബക്തിയാർ കാക്കിയും(റ) ആത്മീയസാധകമെന്ന നിലയിൽ സംഗീതം ആസ്വദിച്ചവരായിരുന്നു. ഉത്തരേന്ത്യയിലെ ഇസ്‌ലാമികപ്രചാരണത്തിന് പ്രധാന പങ്കുവഹിച്ചത് ചിശ്തി ത്വരീഖതാണ്. കേരളത്തിൽ പക്ഷേ, നാവികരായി വന്ന സയ്യിദന്മാരാണ് ആ ദൗത്യം നിർവഹിച്ചത്. ഏഷ്യാമൈനറിൽ നിന്നും, തുർക്കിയിൽ നിന്നും മറ്റുമായി കടന്നുവന്ന സൂഫി സംഘങ്ങളാണ് ഉത്തരേന്ത്യയിലേക്ക് ഇസ്‌ലാമിക വിത്തുകൾ കൊണ്ടുവരുന്നത്. അതിൽ പ്രധാനികളായ ചിശ്തികളുടെ രീതിശാസ്ത്രങ്ങളാണ് അക്കാലത്തെ രാജസ്ഥാനിലെ സാധാരണ ജനങ്ങളെ ഇസ്‌ലാമിലേക്ക് ആകർഷിച്ചത്. ജനങ്ങൾക്ക് മെച്ചപ്പെട്ട നിലയിൽ ഒരു ജീവിതപദ്ധതി തന്നെ അവർ മുന്നോട്ടുവെച്ചു. സമൂഹത്തിൽ അവരനുഭവിച്ചിരുന്ന ഉച്ചനീചത്വങ്ങളും, ഭേദവിചാരങ്ങളും, ചാതുർവർണ്യത്തിന്റെ വർഗീകരണങ്ങളും അവർ തുടച്ചുനീക്കി. തൗഹീദിന്റെ സമത്വസുന്ദരമായ ധാര ഇവർ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ഒരു സ്വാഭാവിക പ്രതികരണമെന്നോണം ജനലക്ഷങ്ങൾ അതിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തു. അവരെ സ്വാധീനിച്ച മറ്റൊരു ഫാക്ടർ സംഗീതമാണ്. സംഗീതം അക്കാലത്തെ ജനങ്ങളുടെ ജീവിതശൈലിതന്നെ നിർണയിച്ചിരുന്ന ഒരു പ്രധാനഘടകമായിരുന്നു. പാടേ നിഷേധിക്കുന്നതിനു പകരം, സംഗീതത്തെ വിമലീകരിക്കുകയും വിശുദ്ധമാക്കുകയും അതിന്റെ ആശയതലങ്ങൾ ഏകാത്മകമായ ഒരു ദർശനത്തിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുകയുമായിരുന്നു അവർ. ഒരർഥത്തിൽ സംഗീതത്തിലേക്ക് ഇസ്‌ലാമികദർശനങ്ങളെ പരകായ പ്രവേശം നടത്തി.
അവിടെ നിലവിലുണ്ടായിരുന്ന പ്രാകൃതസ്വഭാവത്തിലുള്ള ഒറ്റക്കമ്പിനാദങ്ങളും അകൃത്യമായ രാഗ, ശ്രുതി ഘടനകളുള്ള നാടൻ സംഗീത ആവിഷ്കാരങ്ങളും അറേബ്യൻ നാടുകളിൽ നിന്ന് മാതൃകയുൾക്കൊണ്ട് പരിഷ്കൃതമായ രൂപത്തിൽ അവതരിപ്പിച്ചിരുന്ന സംഗീതോപകരണങ്ങളും ആശയങ്ങളും ദാർശനികമായ രൂപത്തിൽ പരിഷ്കരിക്കുകയും അത് ജനങ്ങളിലേക്ക് പ്രചരിപ്പിക്കുകയും ചെയ്തു. അതിന്റെ മൂർത്തരൂപങ്ങളിൽ അതിനെ രൂപകല്പന ചെയ്തത് അമീർ ഖുസ്രുവാണ്. ക്രമാനുഗതമായ രീതിയിൽ അദ്ദേഹമതിനെ പരികല്പന ചെയ്തു. ഒരുപാട് രാഗങ്ങൾ നിർമ്മിച്ചു. തബലയടക്കമുള്ള വാദ്യോപകരണങ്ങൾ സംവിധാനിച്ചു. തീർത്തും ഇസ്‌ലാം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതരീതി. ഏകദൈവവുമായുള്ള സംവേദനങ്ങളായിരുന്നു അദ്ദേഹത്തിന്റെ കവിതകളിൽ മുഴുവനും. ഖവാലി അക്കാലത്താണ് രൂപം കൊണ്ടത്. ഖവാലികളുടെ പ്രധാന ആകർഷണവും അതിൽ നിർബന്ധമായും സംവിധാനിച്ചിരിക്കേണ്ട ഘടകവും സംഘബോധമെന്ന ചിന്തയാണ്. പ്രാക്തനമായ ഗോത്രസ്വഭാവങ്ങളിലൊന്നാണത്. ഇസ്‌ലാമിന്റെ പ്രധാന ആശയവും അതുതന്നെയാണ്. ഒരേസമയം സംഘചേതനയെന്ന വികാരത്തെ ഉൾവഹിക്കുകയും, വളരെ ധ്യാനാത്മകമായി അവതരിപ്പിക്കുകയുമാണ് ഖവാലിയിൽ. ഉത്തരേന്ത്യയിലെ ഒട്ടുമിക്ക ദർഗകളിലും ഖവാലികൾ അവതരിപ്പിക്കുന്നുണ്ട്. ഇത്തരം സംഗീത സ്വഭാവങ്ങളിലൂടെയാണ് ഇസ്‌ലാം ആ മേഖലകളിൽ വളർന്നതും.

പിന്നീട്, ബക്തിയാർ കാക്കിയോടുള്ള(റ)ആദരവിന്റെ ഭാഗമായും ഖാളി ഹമീദുദ്ദീൻ നാഗൂരിയുടെ പ്രേരണയാലും ആദ്യമായി ഡൽഹിയിൽ ഇൽത്തുമിഷ് ഭരണകാലത്താണ് സൂഫി സംഗീതാസ്വാദനത്തിനുള്ള വേദികൾ ആരംഭിക്കുന്നത്. നിസാമുദ്ദീൻ ഔലിയയുടെ(റ) സവിധത്തിലും, അലാവുദ്ദീൻ ഖിൽജിയുടെ കോർട്ട് റൂമുകളിലും അമീർ ഖുസ്രുവിന്റെ ഗസലുകൾ അവതരിപ്പിക്കപ്പെട്ടിരുന്നു. ആത്മീയസത്രങ്ങളും നിയമമന്ദിരങ്ങളും തമ്മിലുള്ള സമാന്തരബന്ധത്തെ സംഗീതമാണ് രൂപകല്പനചെയ്തത് എന്നതിനുള്ള ഉദാഹരണമാണിത്. ഗദ്യത്തിലെയും പദ്യത്തിലെയും കലാത്മക സംയോജനം ആത്മീയമായ ആനന്ദം നൽകുന്നുണ്ടെങ്കിലും, പദ്യം ആലപിക്കുമ്പോഴാണ് കൂടുതൽ ഉന്മാദം കൈവരുന്നതെന്നാണ് നിസാമുദ്ദീൻ ഔലിയ അഭിപ്രായപ്പെട്ടത്. സംഗീതത്തിലൂടെ ഒരു സൂഫി, ആത്മീയതയുടെ എത്രമാത്രം ആഴങ്ങൾ കൈവരിക്കുന്നതുണ്ടെന്നാണ് പരിഗണനീയ വിഷയം. ദൈവികസ്നേഹമെന്ന മാധ്യമത്തിലൂടെ മാത്രമേ അവർക്ക് സംഗീതം അനുവദനീയമാകുന്നുള്ളൂ. പാടുന്ന വരികൾ താൽക്കാലിക പ്രണയത്തെ മാത്രമേ ബന്ധിക്കുന്നുള്ളൂവെങ്കിലും, സൂഫികളുടെ വ്യാഖ്യാനങ്ങളും ധാരണകളും ദിവ്യപ്രേമവുമായി നിത്യബന്ധം പുലർത്തണം. സംഗീതജ്ഞർ മുതിർന്ന പുരുഷന്മാരായിരിക്കണം. സ്ത്രീകൾക്കോ പ്രായപൂർത്തി തികയാത്ത ചെറുപ്പക്കാർക്കോ അതിനനുവാദമില്ല. അശ്ലീലതയുണർത്തുന്ന വരികൾ പാടില്ല. ശ്രോതാവിന്റെ ഹൃദയം ദൈവസ്നേഹത്താൽ നിറഞ്ഞിരിക്കണം. ഇത്രയും കാര്യങ്ങൾ പരിഗണിച്ചാൽ മാത്രമേ സംഗീതം സാധുവാകുന്നുള്ളൂ എന്നാണ് നിസാമുദ്ദീൻ ഔലിയ അഭിപ്രായപ്പെട്ടത്. ചുരുക്കത്തിൽ ദിവ്യസ്നേഹവുമായി അനുചിതമാണെങ്കിൽ സംഗീതം ശ്ലാഘനീയവും, ഇന്ദ്രിയാനുഭൂതികളെ ഉദ്ദീപിക്കുന്നവയാണെങ്കിൽ പാപവുമാകും എന്നാണ് അക്കാലത്തെ ഇന്ത്യൻ ആത്മീയ ഗുരുക്കന്മാർ പ്രസ്താവിച്ചത്.

253 ഉലമാക്കളെ പങ്കെടുപ്പിച്ച് ഗിയാസുദ്ദീൻ തുഗ്ലക്ക് സൂഫി സംഗീതത്തിന്റെ മതാത്മക വിശദീകരണങ്ങൾ ചർച്ചചെയ്യാൻ ഒരു സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. ഖാളി ജലാലുദ്ദീൻ, ശൈഖ് സാദ തുടങ്ങിയ പണ്ഡിതർ അതിനെ ശക്തിയുക്തം എതിർക്കുകയുണ്ടായി. സമ്മേളനത്തിൽ പങ്കെടുത്ത നിസാമുദ്ദീൻ ഔലിയ, സംഗീതത്തെ അനുകൂലിച്ചുകൊണ്ടുള്ള തന്റെ വാദങ്ങൾ ഹദീസിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് അവകാശപ്പെട്ടു. ഭൂരിപക്ഷ ഇസ്‌ലാമിക ലോകത്തെയും സൂഫി ദർഗകളിൽ സംഗീതകൂട്ടായ്മകൾ സാധാരണമാണെന്ന, ദാറുൽ ഇസ്‌ലാം മുഴുക്കെ സഞ്ചരിച്ചു വന്ന അയ്നുൽ മുൽക് മുൾത്താനിയുടെ (Ayn al Mulk Multani) അഭിപ്രായമനുസരിച്ച് സൂഫീസംഗീതത്തിന് ഇളവുകൾ അനുവദിച്ചുകൊണ്ട് ഉത്തരവായി. അക്കാലത്തെ ഖലന്ദർ, ഹൈദരികൾ തുടങ്ങിയ വിഭാഗങ്ങൾ, വൈകാരിക ആനന്ദം ഉദ്ദീപിപ്പിക്കുമെന്ന സന്ദേഹത്താൽ സംഗീതം നിരസിക്കുകയും ചെയ്തു. നിസാമുദ്ദീൻ ഔലിയ അദ്ദേഹത്തിന്റെ അവസാനകാലങ്ങളിൽ യാഥാസ്ഥിതിക നിലപാടുകളോട് നിഷിദ്ധമാക്കിയവയെങ്ങിനെ അനുവദനീയമാകുമെന്ന ചോദ്യമുയർത്തുകയും ചെയ്തു. എന്നാൽ കർമശാസ്ത്ര വിശാരദന്മാർ തദ്വിഷയകമായി ഭിന്ന സ്വരങ്ങൾ ഉയർത്തി. ഹനഫികൾ അനുവദനീയ പക്ഷക്കാരും ശാഫിഈകൾ എതിർവിഭാഗവുമായി. ഇതുമൂലം തന്നെ ഓരോ നിശ്ചിതകാലങ്ങളിലും സുൽത്താൻ കൈക്കൊള്ളുന്ന തീരുമാനമെന്തോ അത് നിയമവിധേയമാക്കിത്തുടങ്ങി.

ചിശ്തി ത്വരീഖത് അപ്പോഴും, പരമാനന്ദം സാധ്യമാക്കുന്ന നിസ്തുല മാധ്യമമായി സംഗീതത്തെ കണക്കാക്കിപ്പോന്നു. മുഖ്യമായും പേർഷ്യൻ വരികളാണ് അക്കാലത്ത് ആലപിച്ചിരുന്നത്. പിന്നീട് പല പ്രവിശ്യകളിലുമത് പേർഷ്യൻ-ഹിന്ദി ശബ്ദമിശ്രിതമായി രൂപാന്തരപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടിൽ ബഹാവുദ്ദീൻ(Shaikh Bah-ud-d n of Barnawa) രൂപപ്പെടുത്തിയ സംഗീതരൂപങ്ങളിൽ ഖയാൽ(Khayal), ഖവ്ൽ(Qawl), തരാന(Tarana) തുടങ്ങിയ പേർഷ്യൻ സ്വരങ്ങളുടെയും അതിനൊപ്പം ജാക്രി (Jakri), ചുട്കുള (Chutkula) തുടങ്ങിയ ശുദ്ധ ഇന്ത്യൻ രാഗങ്ങളുടെയും മിശ്രനാദങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കടമെടുക്കലുകളിൽ പൂർണമായും ഏകശിലാത്മകവും നൈതികവുമായ ഹിന്ദു സംഗീത രചനകളെയാണ് സ്വീകരിച്ചത്. മതപരമായും ഭക്തിനിർഭരവുമായ വരികളെ പാടേ നിരസിക്കുകയും ചെയ്തു. അക്കാലഘട്ടത്തിലെ, ആനന്ദത്തെ പ്രചോദിപ്പിക്കുന്ന ഇന്ത്യൻ രാഗങ്ങളുടെ സ്വഭാവത്തെ ബന്ദേ നവാസ് മുഹമ്മദ് ബിൻ യൂസുഫ് അൽ ഹുസൈനി(Banda Nawaz Gaisu Daraz) വളരെയധികം താൽപര്യത്തോടെ സമീപിക്കുകയും, ഇന്ത്യൻ സൂഫിസം പൊതുവേ നിരുത്സാഹപ്പെടുത്തുന്ന സൂഫീനൃത്തത്തെ ന്യായീകരിക്കാൻ പോലും തുനിയുന്ന അവസ്ഥയിലദ്ദേഹം എത്തിച്ചേരുകയും ചെയ്തു.

(തുടരും)

You must be logged in to post a comment Login