നാഗരികശാസ്ത്രത്തിന്റെ പ്രാരംഭം

നാഗരികശാസ്ത്രത്തിന്റെ  പ്രാരംഭം

ചരിത്രത്തിന്റെ പരിമിതികളില്‍ നിന്നാണ് ഇബ്‌നു ഖല്‍ദൂന്‍ കൂടുതല്‍ ശാസ്ത്രീയമായ ഒരു വിജ്ഞാനശാഖയെക്കുറിച്ച് ചിന്തിക്കുന്നത്. നിലനില്‍ക്കുന്ന ചിത്രങ്ങളിലെ പിഴവുകള്‍ക്ക് പുറമെ, മനുഷ്യസമൂഹത്തിന്റെ വിശാലമായ വൈവിധ്യങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന ഒരു ബഹുമുഖ ആഖ്യാന രീതീശാസ്ത്രമാണ് ഇബ്‌നു ഖല്‍ദൂന്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ചരിത്രത്തോടൊപ്പം തന്നെ വര്‍ത്തമാനത്തെയും ഭാവിയെയുംകൂടി നിരീക്ഷിക്കാനുള്ള ഉപാധിയായിട്ടാണ് ഇബ്‌നു ഖല്‍ദൂന്‍ ആവശ്യപ്പെടുന്നത്. അത്തരം സവിശേഷമായ ഒരു ശാസ്ത്രത്തെ “നാഗരികശാസ്ത്രം’ എന്ന പേരിലാണ് ഇബ്‌നു ഖല്‍ദൂന്‍ വിശേഷിപ്പിക്കുന്നത്.

നാഗരികശാസ്ത്രത്തിന്റെ ഘട്ടങ്ങള്‍
മനുഷ്യസമൂഹത്തെ (അല്‍-ഉംറാന്‍ അല്‍-ബശരി) കുറിച്ചുള്ള വ്യവഹാരങ്ങളെ ഇബ്‌നു ഖല്‍ദൂന്‍ വിഭിന്നമായ ജൈവിക, സാമൂഹിക, നരവംശശാസ്ത്രങ്ങളുടെ സംയോജനത്തിലാണ് പഠനവിധേയമാക്കുന്നത്. മുഖദ്ദിമയുടെ പ്രാരംഭത്തില്‍ തന്നെ അത്തരം ഒരു വ്യവഹാരം രൂപപ്പെടുത്തുന്നതിന് ആവശ്യമായ സൂചനകള്‍ നല്‍കുന്നുണ്ട്. ഈ കാര്യങ്ങള്‍ മനുഷ്യന്റെ വ്യത്യസ്തമായ ഭൗതികവും, അഭൗതികവുമായ തലങ്ങളിലൂടെയുള്ള വർഗീകരണമാണ്:
1 – ഒരു സമൂഹത്തില്‍ ജീവിക്കേണ്ടതിന്റെയും, അവിടുത്തെ രാഷ്ട്രീയത്തില്‍ ഇഴചേര്‍ത്തേണ്ടതിന്റെയും ആവശ്യത്തെ ബോധിപ്പിക്കുന്നത്.
2 – ഒരു നാഗരികത രൂപപ്പെടുന്നതിനു വേണ്ടിയുള്ള പാരിസ്ഥിതികവും, ഭൂമിശാസ്ത്രപരവുമായ നടപ്പുകള്‍.

3 – മനുഷ്യജീവിതത്തിന്റെ മാനസികവും, ശാരീരികവുമായ വളര്‍ച്ചയെ നിർണയിക്കുന്ന കാലാവസ്ഥയുടെയും, പ്രകൃതിവിഭവങ്ങളുടെയും സ്വാധീനം.
4 – മനുഷ്യന്റെ പ്രപഞ്ചാതീതമായ ശക്തികളുമായുള്ള ഇടപാടുകള്‍.
ഈ വിഷയങ്ങളിലൂന്നിയുള്ള മുഖദ്ദിമയുടെ ആറ് അധ്യായങ്ങളിലും കേന്ദ്രീകൃതമായിരിക്കുന്നത്, മനുഷ്യസമൂഹത്തില്‍ രാഷ്ട്രീയമായ ശക്തി വ്യതിയാനങ്ങള്‍ ഒരു വലിയ നാഗരികതയുടെ വളര്‍ച്ചയുടെയും, തകര്‍ച്ചയുടെയും തോത് എങ്ങനെയാണ് നിർണയിക്കുന്നത് എന്ന ചോദ്യത്തിലാണ്. അതായത്, ഇബ്‌നു ഖല്‍ദൂനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ ആധിപത്യത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ നാഗരികതയുടെ ഏറ്റക്കുറച്ചിലുകളില്‍ പ്രതിഫലിക്കുന്നു എന്ന് സാരം. അതിനെ നാടോടി സംസ്കാരത്തില്‍ നിന്ന് സ്ഥിരതാമസമാക്കുന്ന സാമൂഹികസ്ഥിതിയിലേക്ക് മാറുന്ന അവസ്ഥയിലൂടെയാണ് ഇബ്‌നു ഖല്‍ദൂന്‍ അന്വേഷിക്കുന്നത്. നാഗരിക ശാസ്ത്രത്തിന്റെ അടിസ്ഥാനം ഈ രീതിശാസ്ത്രത്തിലാണ് ഉള്ളത്.

കാലാവസ്ഥകളുടെ വ്യതിയാനം, വിഭിന്നത എന്നിവ നാഗരികതകളുടെ ഘടനകളെയും, സ്വഭാവത്തെയും നിർണയിക്കുന്നതാണ് എന്നാണ് ഇബ്‌നു ഖല്‍ദൂന്റെ വാദം. പക്ഷെ, അമിതോഷ്ണ പ്രദേശങ്ങള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം അടക്കമുള്ള കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവയെല്ലാം ഇബ്‌നു ഖല്‍ദൂന്റെ നിരീക്ഷണത്തില്‍ നിന്ന് പുറത്താണ്, അതുകൊണ്ടുതന്നെ അത്തരം പ്രദേശങ്ങളെക്കുറിച്ച് പ്രാകൃതബോധം പങ്കിടുന്നവരും, നാഗരികമല്ലാത്ത സ്വഭാവം കാണിക്കുന്നവരുമാണ് എന്നാണ് ഇബ്‌നു ഖല്‍ദൂന്‍ നിരീക്ഷിക്കുന്നത്.

ഇബ്‌നു ഖല്‍ദൂന്റെ നാഗരികശാസ്ത്രത്തില്‍ ഗ്രാമങ്ങളും നഗരങ്ങളും രണ്ട് വ്യത്യസ്ത ധ്രുവങ്ങള്‍ ആണ്. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള വളര്‍ച്ചയിലാണ് നാഗരികശാസ്ത്രത്തിന്റെ വികാസത്തിന്റെ അടിസ്ഥാനം ഉള്ളത്. ഇബ്‌നു ഖല്‍ദൂന് അതുകൊണ്ടുതന്നെ ചരിത്രത്തിന്റെ ചാക്രികത എന്നതും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള മനുഷ്യസമൂഹത്തിന്റെ സഞ്ചാരത്തിനനുസരിച്ചാണ്.
രണ്ട് അവസ്ഥകളില്‍ നിന്നുള്ള കേവലം മാറ്റങ്ങള്‍ മാത്രമല്ല നാഗരികശാസ്ത്രം. രണ്ട് അവസ്ഥകളിലുമുള്ള സമൂഹത്തിന്റെ രാഷ്ട്രീയം, സാമ്പത്തികം, ആധ്യാത്മികത എന്നിവയെല്ലാം അതിലെ പ്രധാന ചേരുവകളാണ്. അതിനെ ഓരോന്നിനെയും കുറിച്ച് വിശദമായി അടുത്ത ഭാഗങ്ങളില്‍ എഴുതാം.

മൂന്ന് സുപ്രധാന ഘട്ടങ്ങളിലൂടെയാണ് നാഗരിക ശാസ്ത്രത്തെ കുറിച്ചുള്ള അവലോകനം നടക്കുന്നത്. ആദ്യം, നാഗരികശാസ്ത്രത്തിന് പശ്ചാത്തലമൊരുക്കുന്ന സമൂഹത്തെക്കുറിച്ചും, വ്യത്യസ്തമായ സാമൂഹിക സംവിധാനങ്ങളെക്കുറിച്ചുമുള്ള പരിചയപ്പെടലാണ്. നാഗരികശാസ്ത്രം എന്ന ഒരു സവിശേഷമായ ആശയത്തിലേക്ക് എത്തുന്ന മാർഗത്തെക്കുറിച്ചാണ് അതിന്റെ പ്രതിപാദ്യം. സാമ്പ്രദായികമായ ചരിത്രവിശകലനത്തോടുള്ള വിമര്‍ശനത്തോടൊപ്പം തന്നെ, വിഭിന്നമായ സംവിധാനങ്ങള്‍ ഒരുമിച്ചു കൂട്ടേണ്ടതിന്റെ സാംഗത്യവും ആദ്യത്തില്‍ തന്നെ ഇബ്‌നു ഖല്‍ദൂന്‍ പറയുന്നുണ്ട്. രണ്ടാമതായി, നാഗരികശാസ്ത്രത്തെക്കുറിച്ചുള്ള പ്രായോഗിക ആലോചനകളാണ്. നേരത്തെ സൂചിപ്പിച്ച പശ്ചാത്തലത്തില്‍ ഒരു പുതിയ ആലോചന രൂപപ്പെടുത്തുക എന്ന് മാത്രമല്ല, അതിന്റെ രീതീശാസ്ത്രവും ഇബ്‌നു ഖല്‍ദൂന്‍ വിശദീകരിക്കുന്നുണ്ട്. മൂന്നാമതായി, ചരിത്രത്തിലേക്കും, വര്‍ത്തമാനത്തിലേക്കും, ഭാവി മനുഷ്യസമൂഹത്തെ കുറിച്ചുള്ള വിശകലനത്തിലേക്കും അത്തരം ഒരു പുതിയ സാമൂഹിക നിരീക്ഷണ രീതി കൊണ്ടുവരേണ്ട സാധ്യതയെ കുറിച്ചുമാണ് പറയുന്നത്.
മനുഷ്യന്‍ ആത്യന്തികമായി എപ്പോഴും ഒരു രാഷ്ട്രീയസംവിധാനവുമായി ഇഴചേര്‍ന്നാണ് ജീവിക്കുന്നത്. ഗ്രീക്കോ-റോമന്‍ തത്വചിന്തകളില്‍ സജീവമായി സംവാദത്തിലുണ്ടായിരുന്ന, മനുഷ്യനും രാഷ്ട്രീയവുമായുള്ള ബന്ധത്തെ മുഖദ്ദിമ ഒഴിച്ചുകൂടാനാവാത്ത ഒരു ബന്ധമായിട്ടുതന്നെയാണ് സമീപിക്കുന്നത്. ഇബ്‌നു ഖല്‍ദൂന്റെ അസബിയ്യ എന്ന സങ്കല്പം തന്നെ അത്തരം രാഷ്ട്രീയമായ മനുഷ്യന്റെ ബന്ധത്തില്‍ നിന്നാണ് വികസിപ്പിച്ചെടുക്കുന്നത്. ഒറ്റയായി ജനിക്കുന്ന മനുഷ്യനു സാമൂഹികജീവിതത്തില്‍ നിർണായകമായ പങ്കു വഹിക്കാൻ സാധിക്കുന്നത്, അധികാരം നിത്യജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ നിന്ന് വളർന്നുവരുമ്പോഴാണ്. ആ അധികാരത്തിന്റെ പ്രാരംഭഘട്ടമാകട്ടെ കുടുംബം എന്ന സാമൂഹികസ്ഥാപനത്തിലൂടെയാണ് ഉണ്ടാവുന്നത്.

കുടുംബത്തിലൂടെ മനുഷ്യന് ലഭിക്കുന്ന അധികാരം എന്നത് പ്രകൃതിദത്തമാണ്. കുടുംബം എന്നത് ഒരു അനിവാര്യതയാണ് എന്നിരിക്കേ, കുടുംബത്തിലൂടെ മനുഷ്യന് ലഭിക്കുന്ന അധികാരം മനുഷ്യന് ജന്മസഹജമാണ്. മനുഷ്യനും രാഷ്ട്രീയവുമായുള്ള ബന്ധത്തെ ഇബ്‌നു ഖല്‍ദൂന്‍ ഇത്തരം അധികാരത്തിന്റെ ജൈവികതയില്‍ നിന്നാണ് രൂപപ്പെടുത്തുന്നത്.

കുടുംബത്തിലൂടെ രൂപപ്പെട്ട അധികാരത്തോടുള്ള മനുഷ്യന്റെ ബന്ധമാണ് ഒരു രാഷ്ട്രീയ സംവിധാനമായി പരിണമിക്കുന്നത്. ഇങ്ങനെ രൂപപ്പെട്ട രാഷ്ട്രീയം മനുഷ്യന്റെ തന്നെ കൂട്ടായ ശ്രമഫലമായി വളരുകയും, വികസിക്കുകയും, ശേഷം ഒരു പ്രത്യേക ഘട്ടത്തില്‍ നാശമടയുകയും ചെയ്യുന്നു. ഈ ചാക്രികതക്ക് മനുഷ്യചരിത്രത്തില്‍ തന്നെ നൈരന്തര്യം ഉണ്ട് എന്നാണ് ഇബ്‌നു ഖല്‍ദൂന്‍ വാദിക്കുന്നത്. ഇബ്‌നു ഖല്‍ദൂന്റെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഭാഗത്ത് അതിനെക്കുറിച്ച് കൂടുതല്‍ സംവദിക്കാം. ചുരുക്കത്തില്‍, നാഗരികശാസ്ത്രം എന്ന ആശയത്തെ ജൈവികമായി തന്നെ മനുഷ്യസമൂഹത്തില്‍ ഉള്ള ഇത്തരം വ്യവസ്ഥകളെ അവലംബിച്ചാണ് ഇബ്‌നു ഖല്‍ദൂന്‍ അന്വേഷിക്കുന്നത്. പ്രകൃതിയുടെ സ്വാഭാവികതയില്‍ മാത്രമായി ഉണ്ടാവുന്ന സംഭവങ്ങൾ ചരിത്രത്തിലും, വര്‍ത്തമാനത്തിലും ഒരുപോലെയാണ് എന്ന് സ്ഥാപിക്കുക മാത്രമല്ല, ഭാവിമനുഷ്യന്റെ ജീവിതാവസ്ഥയിലും ഇതൊക്കെ തന്നെയാവും ഉണ്ടാവുക എന്ന സൂചനയും മുഖദ്ദിമ നല്‍കുന്നുണ്ട്. അതുകൊണ്ടാണ്, ഇബ്‌നു ഖല്‍ദൂന്റെ ആലോചനകള്‍ ഭൂതത്തിനും, ഭാവിക്കും, വര്‍ത്തമാനത്തിനും കുറുകെ സമമായി നിലകൊള്ളുന്നത്.

വിമര്‍ശനങ്ങള്‍
കാലാവസ്ഥയും, ഭൂമിശാസ്ത്രവും നാഗരികനിർമാണത്തെ സ്വാധീനിക്കുന്ന നിരീക്ഷണങ്ങള്‍ ഇബ്‌നു ഖല്‍ദൂന് മുമ്പ് തന്നെയുണ്ട്. പ്രാചീന ഗ്രീക്കോ-റോമന്‍ പശ്ചാത്തലത്തില്‍ നിന്നാണ് അത്തരം ഒരു രീതിശാസ്ത്രം കടന്നുവരുന്നത്. അറബ്- ഇസ്‌ലാമിക ലോകത്ത് അല്‍ബിറൂനിയെ പോലെയുള്ള വരും സമാനമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. Islmaic Law Blogല്‍ ചരിത്രകാരനായ മഹ്മൂദ് കൂരിയ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇസ്‌ലാമിക നിയമസംവിധാനങ്ങളെ കുറിച്ച് എഴുതിയ ലേഖനത്തില്‍, അനവധി മുസ്‌ലിം ജനവിഭാഗങ്ങളും, അതില്‍ തന്നെ നല്ല കനപ്പെട്ട പണ്ഡിതമാരും ഒക്കെ ഉണ്ടായിരുന്ന ഇന്ത്യന്‍ മഹാസമുദ്രതീരത്തെ ജനവിഭാഗങ്ങളെക്കുറിച്ച് ഇബ്‌നു ഖല്‍ദൂന്‍ അടക്കമുള്ള 13, 14 നൂറ്റാണ്ടുകളിലെ പണ്ഡിതന്മാര്‍ നടത്തിയ വിമര്‍ശനങ്ങളെ പുനരാലോചനക്ക് വിധേയമാക്കുന്നുണ്ട്. അത്തരം ജനവിഭാഗങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇബ്‌നു ഖല്‍ദൂന്‍ ഉപയോഗിച്ച രീതിശാസ്ത്രത്തില്‍ പരിമിതികള്‍ ഉണ്ട് എന്നത് ചരിത്രപരമായ ഒരു യാഥാർത്ഥ്യമാണ് എന്നാണ് വാദിക്കുന്നത്. എന്നു മാത്രമല്ല ഇത്തരം പ്രദേശങ്ങളിലെ ജനവിഭാഗങ്ങള്‍, ഊഷ്മാവ് കൂടിയ പ്രദേശങ്ങളിലേക്ക് കൂടുമാറുമ്പോള്‍ മാത്രമാണ് നാഗരികമാവുന്നത് എന്നതുകൂടി ഇബ്‌നു ഖല്‍ദൂന്റെ നാഗരികശാസ്ത്രത്തിന്റെ പ്രശ്‌നങ്ങളെ ഉറപ്പിക്കുന്നുണ്ട്.

മധ്യകാലഘട്ടത്തിലും, ശേഷകാലത്തും മുസ്‌ലിം ലോകത്തിന്റെ അതിര്‍ത്തികളില്‍ വളര്‍ന്ന നാഗരിക സംവിധാനങ്ങള്‍ അതിനു ഉദാഹരണമാണ് എന്നതാണ് മറുവാദം. ഇബ്‌നു ഖല്‍ദൂന്റെ വിശകലനത്തിന് വിധേയമായ പ്രദേശങ്ങള്‍ ഇന്നത്തെ ഉത്തരാഫ്രിക്ക, മധ്യപൗരസ്ത്യ ദേശം, മധ്യേഷ്യ എന്നിവയാണ്. പടിഞ്ഞാറന്‍ യൂറോപ്പ്, ഇന്ത്യ, ചൈന എന്നീ സ്ഥലങ്ങളെ കുറിച്ച് ഇബ്‌നു ഖല്‍ദൂന്‍ അറിഞ്ഞോ അറിയാതെയോ വിട്ടുപോയിട്ടുണ്ട്. ഒരുപക്ഷെ, അന്നത്തെ ഒരു രാഷ്ട്രീയസാഹചര്യത്തില്‍ ഉപരി സൂചിപ്പിച്ച സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഇബ്‌നു ഖല്‍ദൂന് തടസ്സമായിട്ടുണ്ടാവാം. അതുകൊണ്ടുതന്നെ അവിടുത്തെ സാമൂഹിക, പാരിസ്ഥിതിക, ഭൂമിശാസ്ത്രപരമായ അനുഭവങ്ങളിലേക്ക് ഇബ്‌നു ഖല്‍ദൂന്‍ ഇറങ്ങിയിട്ടുണ്ടാവില്ല.

(തുടരും)

You must be logged in to post a comment Login