അദബ്, ആത്മജ്ഞാനത്തിന്റെ സൗന്ദര്യം

അദബ്, ആത്മജ്ഞാനത്തിന്റെ സൗന്ദര്യം

മര്യാദ എന്ന അർഥമാണ് അദബിന്റേത്. അദബിന് മൂന്നക്ഷരമാണ്. ഈ മൂന്ന് അക്ഷരങ്ങൾ തിരിച്ചും മറിച്ചും വായിക്കുമ്പോൾ അദബ് പാലനത്തിന്റെ ഗൗരവം കൃത്യമായി ഗ്രഹിക്കാം. അ – ദ – ബ – എന്ന പദത്തെ ദഅബ്, ബദഅ് എന്നിങ്ങനെ തിരിച്ചും മറിച്ചും വായിക്കാം. അദബ് – ബദഇൽ (തുടക്കം മുതൽ/ ചെറുപ്പത്തിൽ) തുടങ്ങി, ദഅ്ബ് (നിത്യമാക്കുകയും)ചെയ്യണം. ജീവിതത്തിന്റെ സകല മേഖലകളിലും നിത്യമാക്കേണ്ട ഒരു ആരാധനയാണ് അദബ്. ചെയ്യുമ്പോഴും പറയുമ്പോഴും കേൾക്കുമ്പോഴും എല്ലാവിധ ഇടപഴക്കങ്ങളിലും, പാലിക്കേണ്ടതാണ് അദബ് എന്ന് ചുരുക്കി പറയാം.

ഈ പ്രപഞ്ചത്തിൽ നാഥൻ എല്ലാത്തിനും അതർഹിക്കുന്ന പരിഗണന നൽകിയിട്ടുണ്ട്. അവ മാനിക്കാനുളള അടിമയുടെ ഭവ്യമായ സമീപനമാണ് അദബിന്റെ പ്രേരകം. എല്ലാ വളർച്ചക്കും നിദാനം വിനയമാണെന്നൊരു പ്രസിദ്ധ വചനമുണ്ട്. അത് സാധ്യമാകുന്നത് അദബിലൂടെയാണ്. അധഃപതനത്തിന്റെ കാരണം അഹങ്കാരമാണ്. അഹന്തതയുടെ താഴ്്വേര് അദബില്ലായ്മയാണ്. അല്ലാഹുവോടും തിരുറസൂലിനോടും അല്ലാഹുവിൽ നിന്ന് തിരുനബി കൊണ്ടുവന്ന ശരീഅത്തിനോടും നമുക്ക് പാലിക്കാൻ അദബുകളുണ്ട്. അവ പാലിക്കുമ്പോൾ മാത്രമാണ് വ്യക്തി വിശുദ്ധി സാധ്യമാകുന്നത്. വ്യക്തി വിശുദ്ധിയാണ് സാമൂഹിക വിശുദ്ധിയിലേക്ക് നയിക്കുന്നത്. സമൂഹത്തിലെ എല്ലാ നന്മയുടെയും അടിസ്ഥാനം മര്യാദയാണ്. തിന്മകളുടെ കാരണം മര്യാദ കേടുമാണ്. പരിസ്ഥിതിയോടും ജീവജാലങ്ങളോടും സമൂഹത്തോടും നമുക്ക് ചില കടമകളുണ്ട്. ഇവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്നത് അദബിന്റെ ഭാഗമാണ്. അത് അല്ലാഹുവോടുള്ള അദബാണ്.

ഇവിടെ സുൽത്താനുൽ ആരിഫീൻ ശൈഖ് രിഫാഈയുടെ ചരിത്രം ഓർക്കേണ്ടതുണ്ട്. വ്രണം പിടിച്ച് അവശയായ നായയെ എല്ലാവരും ആട്ടി വിടുന്നു. വിശന്നു ദാഹിച്ചു വലഞ്ഞ നായ ശൈഖ് രിഫാഈയുടെ മുമ്പിലെത്തി. ശൈഖ് അതിനെ ഒരു മൈതാനത്തിൽ ടെന്റു കെട്ടി മരുന്നു നൽകി ശുശ്രൂഷിച്ചു. വെള്ളം ചൂടാക്കി കുളിപ്പിച്ചു. നാൽപ്പത് ദിവസം ഇത് തുടർന്നു; സുഖം പ്രാപിക്കുന്നതുവരെ. അദ്ദേഹത്തോട് പലരും ചോദിച്ചു, എന്തിനാണ് ഈ നായയെ പരിഗണിക്കുന്നത് ? ശൈഖ് നൽകിയ മറുപടി പരമമായ അദബിന്റെ ആവിഷ്കാരമാണ്. ” ഈ നായക്ക് നൽകാനുള്ള റഹ്മത്ത് നിന്റെ പക്കലില്ലേ, ഈ നായയെ ഞാൻ പരീക്ഷിച്ചതു പോലെ നിന്നെയും ഞാൻ പരിക്ഷിക്കുമെന്ന ഭയമില്ലേ, എന്നിങ്ങനെ നാളെ അല്ലാഹു എന്നോട് ചോദിച്ചാലോ? അത് ഞാൻ ഭയക്കുന്നു.’

ശൈഖ് യാത്ര പോയി തിരിച്ചു നാട്ടിലേക്കു വരുമ്പോൾ വിറകു ശേഖരിച്ച്, തലയിൽ ചുമന്ന് വിധവകൾക്കും തളർവാതം പിടിപെട്ട നിത്യ രോഗികൾക്കും പാവപ്പെട്ടവർക്കും വീതിച്ചു നൽകും. കുഷ്ടരോഗികളുടെ കൂടെ ഭക്ഷിക്കുകയും ചെയ്യുമായിരുന്നു. ഇതെല്ലാം വിനയത്തിന്റെ അടയാളവും, അദബിന്റെ പ്രകാശനവുമാണ്. ഇതു പോലുള്ള അനേകം ഉദാഹരണങ്ങൾ ചരിത്രത്തിലെ ഉന്നത വ്യക്തികളിൽ നിന്ന് ചൂണ്ടിക്കാണിക്കാൻ നമുക്ക് സാധിക്കും. അവർ ഈ വലിയ പദവി അലങ്കരിക്കുന്നതിന്റെ നിദാനവും അവർ പുലർത്തിയ അദബാണ്. അദബ് പുലർത്തുമ്പോൾ പാലിക്കപ്പെടുന്നത് ഉബൂദിയത്തെന്ന മഹത്തായ ആവിഷ്കാരമാണ്. അവരിൽ പ്രകടമാകുന്നത് അടിമയുടെ സൗന്ദര്യവും.

സാഹചര്യവും സന്ദർഭവും മാനിച്ച് ഇടപഴക്കം ക്രമീകരിക്കാൻ വ്യക്തിയെ പ്രേരിപ്പിക്കുന്ന സക്രിയമായ ഒരു ചാലക ശക്തി മര്യാദകൾ പാലിക്കുന്നവരിൽ കാണാവുന്നതാണ്. ഈ ഇടപഴക്കങ്ങൾ ഒരുപക്ഷേ പ്രത്യക്ഷമായി മത നിയമങ്ങൾക്ക് വിരുദ്ധമെന്ന് തോന്നുമെങ്കിൽ പോലും അവ വിരുദ്ധമല്ല. നായയെ പരിചരിക്കുന്നതിൽ ശൈഖ് രിഫാഈ തങ്ങളിൽ കണ്ടതും ഇത്തരമെന്നായി തോന്നിയേക്കാം. എന്നാൽ ഇത് തെറ്റായ ഒന്നാണോ? ദുആ ചെയ്യുമ്പോൾ കഅ്ബയിലേക്കാണ് മുന്നിടേണ്ടത്. ഈ കാര്യം വിശദീകരിച്ച പണ്ഡിതന്മാർ തിരു നബിയുടെ റൗളയിൽ ചെന്നപ്പോൾ നബിയിലേക്ക് മുന്നിട്ട് ദുആ ചെയ്തു. റൗളയിലും ഖിബ്‌ലക്ക് മുന്നിടണമെന്ന് അവർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ വ്യക്തമായി പറഞ്ഞെങ്കിലും, അവർ അത് ഒഴിവാക്കി. അതേപറ്റി ചോദിക്കുമ്പോൾ അവർ പറഞ്ഞത് ഇതാണ്. ഹുക്മ് (കർമശാസ്ത്ര വിധി ) ഖിബ്‌ലയിലേക്ക് മുന്നിടലാണെങ്കിലും അദബ് നബിയിലേക്ക് മുന്നിടലാണ്. കർമശാസ്ത്ര പണ്ഡിതർ വിശകലനം ചെയ്യുന്ന പൊതു തത്വമുണ്ട്. “ഹുക്മിനെ പരിഗണക്കുന്നതിനെക്കാൾ മുൻഗണന അദബിനെ പരിഗണിക്കുന്നതിലാണ്.’ ഗുരുമുഖത്തുനിന്നും അറിവ് നുകരുന്ന വിദ്യാർഥികളിൽ ഒരാൾക്ക് വെള്ളപാണ്ട് രോഗം കൊണ്ട് പരീക്ഷപ്പെട്ടിരുന്നു. മറ്റു വിദ്യാർഥികളെയെല്ലാം ഹസ്തദാനം ചെയ്യുമ്പോൾ ഈ കുട്ടിയെ മാത്രം ഒഴിവാക്കാനാവുമോ? പാണ്ട് രോഗികളെ ഹസ്തദാനം ചെയ്യൽ കറാഹത്താണെന്ന് ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ കാണാം. എന്നാൽ ഈ ഹുക്മിനെക്കാൾ മുൻഗണന താൻ അഭിസംബോധന ചെയ്യുന്ന വ്യക്തിയോട്/ വിദ്യാർഥിയോട് പാലിക്കേണ്ട മര്യാദയോടാണ്. അതിന്റെ ഭാഗമാണ് ഇവരോടുള്ള ഹസ്തദാനം. തികഞ്ഞ പണ്ഡിതരിൽ കാണുന്ന ഈ സമീപനം അദബ് പാലനത്തിന്റെ ഭാഗമാണ്. മഗ്്രിബ്, സുബ്ഹി നിസ്കാരങ്ങൾക്കു ശേഷം കാല് അനക്കാതെ നിസ്കാരത്തിലെ അതേ ഇരുത്തം തുടർന്ന് ദിക്‌റ് ചൊല്ലാനാണ് ഹുക്മെങ്കിലും, തൊട്ടപ്പുറം നാം ബഹുമാനിക്കേണ്ടവരുണ്ടെങ്കിൽ അല്പം പിറകിലേക്ക് ഇരിക്കുകയാണ് വേണ്ടത്. വിധിയെക്കാൾ അദബിനാണ് മുൻഗണന എന്ന മൗലിക തത്വമാണ് ഇതിനാധാരം. മതം വ്യക്തമായി നിഷിദ്ധമാക്കിയ പ്രവൃത്തികൾ ചെയ്യുന്നത് അദബിന്റെ ഭാഗമല്ല.

കുട്ടികൾക്ക് രക്ഷിതാക്കളോടും രക്ഷിതാക്കൾക്ക് തിരിച്ച് കുട്ടികളോടും അദബുകളുണ്ട്. ശിഷ്യന്മാർക്ക് അധ്യാപകരോടും ആധ്യാപകർക്ക് ശിഷ്യന്മാരോടും പാലിക്കാൻ അദബുകളുണ്ട്. കേവലം ഏക ശ്രേണിയിൽ മാത്രം പാലിക്കപ്പെടേണ്ട ഒന്നല്ല മര്യാദ എന്ന് പ്രത്യേകം ശ്രദ്ധേയമാണ്. ഈ ചിന്താഗതി അനുവർത്തിക്കാതെ പോകുന്നത് പല തെറ്റായ വ്യാഖ്യാനങ്ങൾക്കും വഴി ഒരുക്കുന്നുണ്ട്. ആ വ്യാഖ്യാനങ്ങൾ ഇസ്‌്ലാമിന്റെ സൗന്ദര്യ ഭാവത്തെ പോലും മറച്ചുവെക്കുന്നവയാണ്.
ഇമാം മാവർദി അദബുകളെ വിശദീകരിച്ചു കൊണ്ട് വിശദമായ ഒരു രചന നടത്തിയിട്ടുണ്ട്. അഞ്ച് അധ്യായങ്ങളിലായുള്ള ഈ രചനയുടെ പേര് ആദാബു ദീൻ, വ ദുൻയാ എന്നാകുന്നു. ദേഹേച്ഛകൾക്ക് മുമ്പിൽ ബുദ്ധി നിഷ്ക്രിയമാകാതിരിക്കാൻ വേണ്ടി നാം പാലിക്കേണ്ട ഇടപഴക്കങ്ങളെ, അദബുകളെ പറ്റിയാണ് ആദ്യമായി ഇമാം മാവർദി വിവരിക്കുന്നത്. ജീവിതത്തിൽ വെളിച്ചം പകരുന്ന “ബുദ്ധി’യാണ് വിജ്ഞാനത്തിന്റെ ഉറവിടം. അതിന്റെ ക്രമീകരണം, അനുവർത്തിക്കേണ്ട സമീപനം ഇതെല്ലാം വിവരിച്ചതിനുശേഷം അറിവ് സ്വായത്തമാക്കുമ്പോൾ ചിട്ടപ്പെടുത്തേണ്ട ക്രമങ്ങളെക്കുറിച്ചാണ് രണ്ടാം ഭാഗം വിവരിക്കുന്നത്. വിജ്ഞാനത്തിന് മഹത്വമുണ്ട്. ഏതു വിജ്ഞാനമാണെങ്കിലും ജ്ഞാനിക്കുള്ള ശ്രേഷ്ഠത വളരെ വലുതാണ്. ആ ജ്ഞാനവും അതിലൂന്നിയ പ്രവർത്തനങ്ങളും ധാർമികമായതും നന്മയുമാകണമെങ്കിൽ നാം നിർബന്ധമായും അദബ് പാലിക്കേണ്ടതുണ്ട്. ഈ ക്രമങ്ങൾ പാലിക്കുമ്പോഴാണ് വിജ്ഞാനമുള്ളവൻ ജ്ഞാനിയായി തീരുന്നത്. ഇത് അവരിൽ കൂടുതൽ ഉത്തരവാദിത്വ ബോധവും വിനയവും ഉണ്ടാക്കിത്തീർക്കുന്നു. കൃത്യത നേടാതെ ആർജിച്ച ജ്ഞാനം അപകടത്തിലേക്കാണ് നയിക്കുന്നത്. പദവിക്കും, പണത്തിനും വേണ്ടി വിജ്ഞാനത്തെ വില്പന ചരക്കാക്കി മാറ്റുന്നതിന്റെ അടിസ്ഥാന കാരണം കൂടുതൽ വിവരിക്കേണ്ടതില്ലല്ലോ? വൈദ്യശാസ്ത്രം പഠിച്ച ഡോക്ടർക്കും, വാസ്തുശാസ്ത്രത്തിൽ മികവുള്ള എഞ്ചിനീയർക്കും തങ്ങളുടെ ഇടപെടലുകൾ കേവലം ജോലിയായും സമ്പാദിക്കാനുള്ള കുറുക്കു വഴിയായും മാറുന്നതും കൃത്യത ഇല്ലായ്മ കൊണ്ടാണ്. കൃത്യതയോടെ താൻ പഠിച്ച വിജ്ഞാനത്തെ പ്രാവർത്തികമാക്കുമ്പോൾ അവയെല്ലാം ആരാധനയുടെ ഗണനയിൽ വരുന്നതാണ്.

ഭൗതിക വിദ്യാഭാസത്തിൽ മാത്രമല്ല, മത വിജ്ഞാനത്തിലും ഈ ഒരു അവസ്ഥാവിശേഷം കാണാവുന്നതാണ്. പാണ്ഡിത്യം വിനയത്തിന്റെ അടിസ്ഥാനമാണ്. പൊങ്ങച്ചം കായ്ക്കാനുള്ള ശിഖരങ്ങളെ വളർത്തുന്ന ഒന്നല്ല വിജ്ഞാനം. ജ്ഞാനിയെ നിറഞ്ഞു കായ്ക്കുന്ന ഫലവൃക്ഷത്തോടാണ് ആത്മജ്ഞാനികൾ ഉപമിച്ചത്. ആ കായ്കനികളുടെ ഭാരം വൃക്ഷത്തെ തല താഴ്ത്തി നിൽക്കാൻ പ്രേരിപ്പിക്കുന്നു. ഇതുപോലെയാണ് ജ്ഞാനികളും. പാണ്ഡിത്യത്തെ പണവും പ്രശസ്തിയും സമ്പാദിക്കാനുള്ള വഴിയായി കാണുകയും, പ്രസ്തുത സഞ്ചാരത്തിൽ നിന്ന് കണ്ടെടുക്കുന്ന ആർഭാടത്തെ തവക്കുലിന്റെ ഫലമെന്ന് ന്യായീകരിക്കുന്നവർ മാവർദിയെ വായിക്കുകയും ചെയ്യുകയാണ് വേണ്ടത്.
പ്രായം ചെന്ന മാതാപിതാക്കൾ, ചെറിയ മക്കൾ, കുടുംബമുള്ള വ്യക്തികൾ പാലിക്കേണ്ട അദബുകളെ/മര്യാദകളെ പറ്റി ഇമാം സഈദ് ബൂത്വി തന്റെ ഹികമിന്റെ വ്യാഖ്യാനത്തിൽ കൃത്യമായി വിശദീകരിക്കുന്നുണ്ട്. അവർക്ക് ആവശ്യമായ ഭക്ഷണ- വസ്ത്ര – പാർപ്പിട സൗകര്യങ്ങൾക്കായി തനിക്ക് മുമ്പിൽ തുറന്നു കിടക്കുന്ന വിശാലമായ ഉപജീവന മാർഗത്തിൽ പ്രവേശിക്കുക എന്നതാണ് ഇത്തരക്കാരുടെ ആരാധന. ഇവയെ അവഗണിച്ച് വിജ്ഞാന മേഖലയിലോ ഒഴിഞ്ഞിരിക്കുന്ന ആരാധനകളിലോ വ്യാപൃതമായി ഞാൻ അല്ലാഹുവിൽ ഏല്പിച്ചെന്ന് പറയുന്നത് അല്ലാഹു സംവിധാനിച്ച ക്രമങ്ങളോട് അപമര്യാദയായി പെരുമാറുന്നതിന്റെ അടയാളമാണ്. ഇത്തരക്കാർ തങ്ങൾക്ക് ഇഷ്ടമുള്ള കാര്യമാണ് ചെയ്യുന്നത്. മറിച്ച് അവരോട് അല്ലാഹു പറഞ്ഞ കാര്യങ്ങൾ ചെയ്യാതിരിക്കുകയുമാണ്. സ്വന്തം കുട്ടികളോട് സ്നേഹത്തോടെ പെറുമാറാൻ പോലും സമയം കാണാത്ത വിധം ആരാധനകളിലേർപ്പെടുന്നത് തന്റെ ദേഹേച്ഛക്ക് വഴിപ്പെടുക എന്നല്ലാതെ മറ്റെന്താണ്?!
ഓരോ വ്യക്തികളെയും അല്ലാഹു വ്യത്യസ്ത കഴിവുകൾ നൽകിക്കൊണ്ടാണ് സൃഷ്ടിച്ചത്. ഈ വൈവിധ്യം മഹത്തായ അനുഗ്രഹമാണ്. അത് തിരിച്ചറിഞ്ഞ്, ആ കഴിവുകൾക്കനുസരിച്ച് അല്ലാഹുവിലേക്ക് അടുക്കുക. അവനിലേക്ക് അടുക്കാനുള്ള മാർഗം പരിമിതമല്ല. വിശാലമാണ്. കഴിവുകൾ തിരിച്ചറിയുക, അതിനനുസൃമായി അല്ലാഹുവിലേക്ക് അടുക്കുക.

മത- ഭൗതിക രംഗത്ത് അനേകം മര്യാദകളുണ്ട്. തുടർന്ന് അവ വിവരിക്കുകയാണ് ഇമാം മാവർദി. ശരീരത്തിന്റെ വളർച്ചക്ക് അനുപേക്ഷണീയമായ ഭക്ഷണപദാർഥങ്ങൾ അനിവാര്യമാണ്. എന്നാൽ മാത്രമേ മനുഷ്യന്റെ വളർച്ച പൂർണമാവുകയുള്ളൂ. രോഗം ഉണ്ടായാൽ ചികിത്സ തേടണം. മരുന്നുകൾ കഴിക്കുകയും വേണം. സാധാരണ നാം ശരീരത്തോട് പാലിക്കേണ്ട കടമകളാണ് / മര്യാദകളാണിത്. ഇതുപോലെ മനുഷ്യന്റെ മനസ്സിനും, ഭക്ഷണവും പാനീയങ്ങളും നൽകേണ്ടതുണ്ട്. അറിവാണ് മനസ്സിന്റെ പോഷകാഹാരം. ചികിത്സയും അനിവാര്യം തന്നെ. അഹങ്കാരം, പൊങ്ങച്ചം, അസൂയ തുടങ്ങി നികൃഷ്ടമായ രോഗങ്ങൾ പിടിപെടുമ്പോൾ അവ ചികിത്സിച്ചു ഭേദമാക്കുക എന്നതാണ് മനസിനോട് പാലിക്കേണ്ട ക്രമം.

ക്രമങ്ങൾ സാധ്യമാകുന്നത് എന്തു കൊണ്ട്? ക്രമക്കേടുകളുടെ കാരണമോ? ഇതെല്ലാം അദബുകൾ / അദബ് ഇല്ലായ്മ കൊണ്ടാണെന്ന് ചുരുക്കി പറയാം. അക്ഷാർഥത്തിൽ ഒരു വ്യവസ്ഥാപിതമായ ക്രമമാണ് അദബിലൂടെ സാക്ഷാത്കരിക്കുന്നത്. സുഖസുന്ദരമായ / സുഭദ്രമായ ഒരു സാമൂഹിക ഇടപഴക്കത്തിന്റെ അസ്ഥിവാരം കെട്ടുറപ്പോടെ നിലകൊള്ളുന്നത് അദബുകൾ പാലിക്കുമ്പോൾ മാത്രമാണ്. അബ്ദിന്റെ / അടിമത്തത്തിന്റെ സൗന്ദര്യം നുണഞ്ഞനുഭവിക്കാൻ മര്യാദ ഒരു അടിസ്ഥാന ഘടകമാണ്.

സഫ്്വാൻ ഹാദി ബി എം

You must be logged in to post a comment Login