ആറ്റപ്പൂ

ആറ്റപ്പൂ

പൂ പോലെ പരിശുദ്ധമായിരുന്നു ആറ്റപ്പൂ. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ മുതിര്‍ന്നവരെല്ലാം ഹൈദരലി ശിഹാബ് തങ്ങളെ ആറ്റപ്പൂ എന്ന് വാല്‍സല്യത്തോടെ വിളിച്ചത് ആ മനസിന്റെ സുഗന്ധം കൂടിയറിഞ്ഞാണോ? രണ്ടു പതിറ്റാണ്ടായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലും അല്ലാതെയും അടുത്തു കാണാറുണ്ട്. തിരക്കുകള്‍ക്കിടയിലാണെങ്കിലും നിഷ്കളങ്കമായ ആ പുഞ്ചിരിയോടെ  ആദ്യത്തെ ചോദ്യം “എന്തെങ്കിലും കഴിച്ചോ’ എന്നാവും. നമ്മുടെ ഹൃദയത്തില്‍ ഏറ്റവും ഉയരങ്ങളിലിരിക്കുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ അകത്തു പോയി പഴങ്ങളുമായി വന്ന് അത് കഴിപ്പിച്ച ശേഷം ഒന്നിലേറെ തവണ യാത്രയാക്കിയ ഓര്‍മകളും കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഉയര്‍ന്നുവന്നു.
കഴിഞ്ഞ കുറെ കാലമായി കൊവിഡിനൊപ്പം രോഗാവസ്ഥയില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. പി കെ വാര്യരുടെ നൂറാം ജന്‍മ ദിനത്തിലെ പ്രത്യേക പരിപാടിയിലേക്ക് ഹൈദരലി ശിഹാബ് തങ്ങളുടെ ആശംസ വേണമെന്ന ആഗ്രഹമുളളതുകൊണ്ട് വിളിച്ചു നോക്കി. “ഇങ്ങള് വന്ന് എടുത്തോളീ’ എന്നു പറഞ്ഞ് ഹൈദരലി തങ്ങളുടെ സഹായി അവറാന്റെ മറുപടി വന്നു. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നെങ്കിലും അടുത്തു സൗഹൃദമുളള പി കെ വാര്യരെക്കുറിച്ച് അല്പം സംസാരിക്കണമെന്ന് തങ്ങളും ആഗ്രഹിച്ചിരുന്നു. ആശംസയെടുക്കും മുന്‍പെ മധുരം കഴിക്കാമെന്നു പറഞ്ഞു. ചക്കക്കാലം കഴിഞ്ഞിരുന്നെങ്കിലും ഞങ്ങള്‍ ചെന്നപാടെ ഹൈദരലി തങ്ങള്‍ തന്നത് മധുരമൂറുന്ന വരിക്കച്ചക്കയുടെ ചുളകളായിരുന്നു. പുതിയയിനം പ്ലാവുകളെക്കുറിച്ചും മാധുര്യത്തോടെ സംസാരിച്ചു. അതിലേറെ ഹൈദരലി ശിഹാബ് തങ്ങളുടെ മനസിന്റെ മാധുര്യമാണ് അദ്ദേഹത്തെ പരിചയപ്പെട്ടവരെയെല്ലാം ആകര്‍ഷിച്ചിരുന്നത്.
പാണക്കാട് അതിഥികള്‍ക്കെല്ലാം മധുരം വിളമ്പുന്ന ശീലത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്.  കോലായിലും മുറ്റത്തുമെല്ലാം കാലുകുത്താന്‍ ഇടമില്ലാതെ ജനക്കൂട്ടമുണ്ടാകും. പലവിധ കാര്യങ്ങളുമായി എത്തുന്നവരാകും എല്ലാം. ജനങ്ങള്‍ക്കു നടുവില്‍ തിരക്കിലിരിക്കുന്ന ഹൈദരലി തങ്ങള്‍ പെട്ടെന്ന് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ ധൃതിയോ തിരക്കോ കാട്ടാറില്ല.  എല്ലാ ചൊവ്വാഴ്ചകളിലും സാധാരണക്കാരുടെ പരിഭവങ്ങള്‍ കേള്‍ക്കാനാണ് മുഴുവന്‍ സമയവും മാറ്റിവച്ചിരുന്നത്. വരാന്തയിലും മുറ്റത്തുമായിരിക്കുന്ന  അതിഥികളെ വലിപ്പച്ചെറുപ്പമില്ലാതെ സ്വീകരിക്കുന്നതില്‍ മുമ്പന്‍ കുഞ്ഞാമന്‍ എന്ന ഹൈന്ദവ സഹോദരനാണ്. പിതാവ് പൂക്കോയ തങ്ങളുടെ കാലം മുതലേ കുഞ്ഞാമന്‍ കൊടപ്പനയ്ക്കല്‍ കുടുംബത്തിന്റെ ഭാഗമാണ്. ദൂരെ ദിക്കുകളില്‍ നിന്നു പോലും വിശന്നു വരുന്നവര്‍ക്ക് ആശ്വാസമായി പാണക്കാട്ടെ അടുക്കളയിലുളള പലഹാരങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി പുറത്തെത്തും. കുഞ്ഞാമനൊപ്പം അവറാനും അലവിയുമായാണ് കട്ടന്‍ചായയും കോഴിക്കോടന്‍ ഹല്‍വയും നേന്ത്രപ്പഴവും കാരക്കയും അണ്ടിപ്പരിപ്പും ബദാമുമെല്ലാം വിതരണം ചെയ്യുന്നത്. കാത്തിരിക്കുന്നവര്‍ക്കെല്ലാം ലഘുഭക്ഷണം നല്‍കിയില്ലേ എന്ന് ഹൈദരലി തങ്ങള്‍ ഇടയ്ക്കിടെ തിരക്കുന്നതു കാണാം.
സൗമ്യതക്കൊപ്പം സമഭാവനയായിരുന്നു ഹൈദരലി തങ്ങളുടെ വ്യക്തിത്വം. ഉയര്‍ന്ന ഔദ്യോഗിക പദവികളിലുളളവരും ഉന്നത രാഷ്ട്രീയ നേതാക്കളുമെല്ലാം പതിവു സന്ദര്‍ശകരായി പാണക്കാട്ടുണ്ടാവും.  സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുളള പാവങ്ങളെയും കാണാം. കാത്തിരിക്കുന്ന മുഴുവന്‍ പേരെയും കണ്ട ശേഷം മാത്രമേ ഹൈദരലി ശിഹാബ് തങ്ങള്‍ വിശ്രമിക്കാറുളളൂ. പലവിധ പ്രശ്നങ്ങളുമായെത്തുന്ന പലരുടെയും അത്താണിയുമായിരുന്നു. ഇരുകൈ അറിയാതെ ഒട്ടേറെപ്പേര്‍ക്ക് സഹായവുമായെത്തിയിരുന്നു. സഹായം തേടിയെത്തിയ ഒട്ടേറെപ്പേരുടെ  മക്കള്‍ക്ക് ബന്ധമുളള സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ജോലി വാങ്ങി നല്‍കിയിട്ടുണ്ട്. ഒപ്പം പലർക്കും വീടു വച്ചു നല്‍കി.
ഏതു വൈകാരിക വിഷയങ്ങളിലും സൗമ്യമായി ഇടപെടാനുളള വലിയ മനസായിരുന്നു തങ്ങളെന്ന ചെറിയ മനുഷ്യന്റെ ഉയരം. മുസ്‌ലിംലീഗിനെതിരെ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന സമയങ്ങളില്‍ പോലും മുഖത്ത് ഭാവമാറ്റമുണ്ടാകാറില്ല. പുഞ്ചിരിയോടെ തന്നെ സംസാരിക്കും. പരിഭവങ്ങളോ, ഈര്‍ഷ്യയോ അദ്ദേഹത്തില്‍ കാണാറില്ലെന്ന് പതിറ്റാണ്ടുകളായി ഒപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരുടെ സാക്ഷ്യമാണ്. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനുളള യാത്രയ്ക്കിടെ സംഘാടനത്തിലെ പിഴവുകൊണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ എത്തേണ്ട സമയം സംബന്ധിച്ച് ആശയക്കുഴപ്പം രൂപപ്പെട്ടു. കാര്‍ അല്‍പനിമിഷം വഴിയില്‍ നിര്‍ത്തേണ്ടി വന്നു. എന്തുകൊണ്ടാണ് ഈ ആശയക്കുഴപ്പം ഉണ്ടായതെന്ന് സംഘാടകരുടെ ഭാഗത്തുനിന്ന് സഹായത്തിനായി ഒപ്പമെത്തിയ വ്യക്തിയോട് ഹൈദരലി ശിഹാബ് തങ്ങള്‍ ചോദിച്ചു. നിമിഷങ്ങള്‍ക്കകം ആശയക്കുഴപ്പം മാറി ഉദ്ഘാടന പരിപാടി കഴിഞ്ഞ് മടങ്ങുകയും ചെയ്തു. സഹായത്തിനായി ഒപ്പം വാഹനത്തിലുണ്ടായിരുന്നയാളെ തേടി രാത്രി ഹൈദരലി ശിഹാബ് തങ്ങളുടെ ഫോണെത്തി. ആ സമയം തന്റെ വാക്കുകളില്‍ എന്തെങ്കിലും വിഷമം തോന്നിയോ എന്നായിരുന്നു ചോദ്യം. പരിഭവം തോന്നരുതെന്നും പൊറുക്കണമെന്നും ആ വലിയ മനുഷ്യന്‍ പറഞ്ഞു. അത്രയേറെ നിര്‍മലമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ വലിയ മനസ്.

(മനോരമ ന്യൂസ് സീനിയര്‍ കറസ്പോണ്ടന്റാണ് എസ് മഹേഷ് കുമാർ).

You must be logged in to post a comment Login