ഇലാഹീ പ്രീതിയും ഉന്നത സ്ഥാനവും

ഇലാഹീ പ്രീതിയും  ഉന്നത സ്ഥാനവും

സൂക്തം 54-55: ഈ ഗ്രന്ഥത്തില്‍ ഇസ്മാഈലിനെ(അ) അനുസ്മരിക്കുക. അവിടുന്ന് വാഗ്ദാന പാലകനും ദൂതനും പ്രവാചകനും തന്നെയാണ്. തന്റെ ആളുകളോട് നിസ്‌കരിക്കാനും സകാത് നല്‍കാനും കല്‍പിച്ചിരുന്നു. തന്റെ രക്ഷിതാവിന്റെ അടുക്കല്‍ പ്രീതി ലഭിച്ചവനുമായിരുന്നു.
ഈ സൂക്തത്തില്‍ ഇസ്മാഈല്‍ നബിക്ക്(അ) നാല് വിശേഷണങ്ങളാണ് അല്ലാഹു പറയുന്നത്.

1. വാഗ്ദാനപാലകൻ
ഇത് രണ്ടു വിധമുണ്ട്. അല്ലാഹുവിനോടുള്ളത്, ജനങ്ങളോടുള്ളത്.
അല്ലാഹു കല്‍പിച്ചപോലെ ജീവിക്കുകയും അതിന് എതിര്‌ചെയ്യാതിരിക്കലുമാണ് ഒന്നാമത്തേത്. ഈ വിശേഷണം എല്ലാ പ്രവാചകന്മാരിലുമുണ്ടായിരിക്കെ ഇസ്മാഈല്‍ നബിയെ പ്രത്യേകം പരാമര്‍ശിക്കാന്‍ പല കാരണങ്ങളുമുണ്ട്. അതില്‍ പ്രധാനമാണ്, അവരെ അറുക്കാന്‍ കല്‍പിച്ചപ്പോള്‍ ഒരു ചെറിയ നീരസം പോലും പ്രകടിപ്പിക്കാതെ പൂര്‍ണ സംതൃപ്തിയോടെ കീഴ്‌പെട്ടത്. ഉപ്പ ഇബ്‌റാഹീം(അ) മകനെ അറുക്കണമെന്ന് സ്വപ്‌നദര്‍ശനയുണ്ടായിട്ടുണ്ടെന്ന് മകനെ അറിയിച്ചപ്പോള്‍ ഒരു ശങ്കയും കൂടാതെ സ്വീകരിക്കുകയായിരുന്നു. അവിടുത്തെ പ്രതികരണം നോക്കൂ: “ഓ ഉപ്പാ, നിങ്ങളോട് കല്‍പിച്ചത് നിങ്ങള്‍ ചെയ്യുക’. അല്ലാഹുവിന്റെ വിധിയിൽ തൃപ്തിപ്പെട്ടവർക്ക് വലിയ സ്ഥാനം ലഭിക്കുമെന്ന് ഈ സൂക്തം പഠിപ്പിക്കുന്നുണ്ട്.

ജനങ്ങളോടുള്ള വാഗ്ദാനപൂര്‍ത്തീകരണമാണ് രണ്ടാമത്. ജനങ്ങളോടൊരു കാര്യം വാഗ്ദാനം ചെയ്താല്‍, അതെത്ര പ്രയാസമുള്ളതാണെങ്കിലും, പൂര്‍ത്തിയാക്കിക്കൊടുക്കുകയെന്നത് ഇസ്മാഈല്‍ നബിയുടെ പ്രത്യേകതയായിരുന്നു. ഒരിക്കല്‍ ഇസ്മാഈല്‍ നബിയോട്(അ) ഒരാള്‍ ഒരിടത്ത് തന്നെയും പ്രതീക്ഷിച്ചിരിക്കാന്‍ പറയുകയുണ്ടായി. ഇസ്മാഈല്‍ നബി(അ) ഒരു വര്‍ഷം അവിടെ അയാളെ കാത്തിരുന്നു. സംഭവം മേൽ സ്വഭാവ ഗുണത്തെയാണ് കാണിക്കുന്നത്.

2. രിസാലതും നുബുവ്വതും
ഇസ്മാഈല്‍(അ) ജുര്‍ഹൂം ഗോത്രത്തിലേക്ക് അയക്കപ്പെട്ടവരായിരുന്നു. നബി മാത്രമായിരുന്നില്ല; റസൂലുമായിരുന്നു.

3. പ്രബോധനം
മൂന്നാമതായി അല്ലാഹു ഈസ്മാഈല്‍ നബിക്ക് പറയുന്ന വിശേഷണമാണ് “തന്റെ ഭാര്യയോട് നിസ്‌കരിക്കാനും സകാത്ത് കൊടുക്കാനും കല്‍പിക്കുമായിരുന്നു എന്നത്. സ്വന്തം ചുറ്റുപാട് നന്നാക്കിയ ശേഷമാണ് മറ്റുള്ളവരോട് പ്രബോധനം നടത്തേണ്ടത്. charity begins at home എന്നാണല്ലോ.

ഭാര്യ വീടിന്റെ വിളക്കാണ്. അവളെ സുകൃതങ്ങളിലേക്കടുപ്പിക്കുമ്പോള്‍ അവള്‍ വഴി സന്താനങ്ങളും മറ്റു കുടുംബാംഗങ്ങളും നന്നാകും. ഒരു തിരുവരുള്‍ ഇവിടെ പ്രസക്തമാണ്. റസൂൽ(സ്വ) പറഞ്ഞു: “രാത്രി എഴുന്നേറ്റ് നിസ്‌കരിക്കുകയും ശേഷം ഭാര്യയെ വിളിച്ചുണര്‍ത്തുകയും അവള്‍ വിസമ്മതിക്കുന്ന പക്ഷം മുഖത്ത് വെള്ളം കുടയുകയും ചെയ്യുന്ന പുരുഷന് അല്ലാഹുവിന്റെ പ്രത്യേക കരുണയുണ്ടാവട്ടേ’. ഈ സൂക്തത്തിലെ “അഹ്്ല്’ എന്നതുകൊണ്ട് തന്റെ ജനതയാണ് ഉദ്ദേശ്യം എന്നു പറഞ്ഞവരുമുണ്ട്.

4. ഇലാഹീ പ്രീതി ലഭിച്ചവന്‍
പ്രശംസയുടെ പാരമ്യമാണ് നാലാമത്തെ വിശേഷണമായി എണ്ണുന്നത്. തന്റെ രക്ഷിതാവിന്റെ അടുക്കല്‍ പ്രീതി ലഭിച്ചവന്‍ അവന് വഴിപ്പെടുന്ന വിഷയത്തില്‍ ഉന്നത പദവിയോടുകൂടെ വിജയിച്ചവനാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
സൂക്തം 56-57:

ഈ ഗ്രന്ഥത്തില്‍ ഇദ്്രീസിനെ(അ) സ്മരിക്കുക. നിശ്ചയം ഇദ്്രീസ് സത്യവാനും പ്രവാചകനുമായിരുന്നു. അവരെ നാം ഉന്നത സ്ഥാനത്തേക്കുയര്‍ത്തുകയും ചെയ്തു.
ആദം നബിക്ക്(അ) ശേഷമുള്ള ആദ്യത്തെ പ്രവാചകനാണ് ഇദ്്രീസ് നബി(അ). പിന്നീട് നൂഹ് നബി(അ) വന്നു. അതിന് ശേഷം ഇബ്‌റാഹീം നബിയും(അ) തുടര്‍ന്ന് പലകാലങ്ങളിലായി മറ്റു പ്രവാചകന്മാരുമെല്ലാം വന്നു.
“ദറസ’ എന്ന പദത്തില്‍ നിന്ന് നിഷ്പന്നമായ പദമാണ് ഇദ്്രീസ്. “അധ്യാപനം നടത്തുന്നവന്‍’ എന്നര്‍ഥം.

ഇദ്്രീസ് എന്നത് നാമമാണോ വിശേഷണമാണോ എന്നതില്‍ ഭിന്ന വീക്ഷണമുണ്ട്. ഇദ്്രീസ് എന്നത് വിശേഷണമാണെന്നും അല്ലാഹുവിന്റെ വചനങ്ങള്‍ ധാരാളം അധ്യാപനം നടത്തിയത് കൊണ്ടാണ് അവര്‍ക്ക് ഇങ്ങനെയൊരു വിശേഷണം വന്നത് എന്നും ചിലര്‍ പറയുന്നു. ഉഖ്‌നൂഖ് എന്നാണ് യഥാര്‍ത്ഥ നാമമെന്നാണ് അവരുടെ പക്ഷം. എന്നാല്‍ പ്രബലമായ അഭിപ്രായം ഇദ്്രീസ് എന്നത് തന്നെ നാമമാണെന്നാണ്.
ഈ സൂക്തത്തില്‍ മൂന്ന് ഗുണഗണങ്ങളാണ് അല്ലാഹു ഇദ്്രീസ് നബിക്ക് നല്‍കുന്നത്.

1. സത്യസന്ധത: പ്രവാചകന്മാര്‍ക്ക് നിര്‍ബന്ധമായ ഗുണമാണ് സത്യസന്ധത. പക്ഷേ, അതൊരു സ്ഥാനപ്പേര് ആകാന്‍ മാത്രം ബഹുമതി തദ്്വിഷയകമായി അവിടുന്ന് ആര്‍ജിച്ചു.

2. പ്രവാചകത്വം: ഇദ്്രീസ് നബി പ്രവാചകനായിരുന്നു.

3. ഉന്നതസ്ഥാനീയന്‍: ഉയര്‍ന്ന സ്ഥലത്തേക്ക് ഉയര്‍ത്തി എന്നതിന് രണ്ട് പരികല്‍പനകളുണ്ട്. ഉയര്‍ന്ന സ്ഥലമായ ആകാശത്തേക്ക് ഉയര്‍ത്തി, ഉന്നതസ്ഥാനം നല്‍കി ആദരിച്ചു. രണ്ടും ഇവിടെ ലക്ഷ്യമായിരിക്കാം. അല്ലാഹു അവരെ നാലാമാകാശത്തേക്കുയര്‍ത്തി എന്ന് ചില വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ കാണാം. നാലാം ആകാശത്തില്‍ വെച്ചാണല്ലോ റസൂൽ(സ) രാപ്രയാണം നടത്തിയ ദിവസം ഇദ്്രീസ് നബിയെ ദര്‍ശിച്ചത്? ഇതെല്ലാം ഇദ്്രീസ് നബിയുടെ മഹത്വത്തെയാണ് കാണിക്കുന്നത്. കാരണം, അല്ലാഹുവിന്റെ അടുക്കല്‍ സ്ഥാനമുള്ളവരല്ലാതെ ആകാശത്തേക്ക് ഉയര്‍ത്തപ്പെടുകയില്ല.

ഇപ്പോഴും ആകാശത്ത് ജീവിച്ചിരിക്കുകയാണോ അല്ലെങ്കില്‍ മരണമടഞ്ഞോ എന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ ഭിന്ന വീക്ഷണങ്ങളുണ്ട്. ഭൂരിഭാഗം പണ്ഡിതരും പറഞ്ഞത് അവര്‍ ആകാശത്ത് ജീവിച്ചിരിപ്പുണ്ട് എന്നു തന്നെയാണ്. അവര്‍ പറയുന്നു: “നാല് പ്രവാചകന്മാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. രണ്ടു പേര്‍ ഭൂമിയിലും രണ്ടു പേര്‍ ആകാശത്തും. ഖിള്റ്(അ), ഇൽയാസ്(അ) എന്നിവരാണ് ഭൂമിയില്‍ ജീവിച്ചിരിക്കുന്നത്. ഇദ്്രീസ്(അ), ഈസാ(അ) എന്നിവര്‍ ആകാശത്തും.’

ഉന്നതസ്ഥാനീയന്‍ എന്ന് വിശേഷിപ്പിക്കപ്പെടാന്‍ വേറെയും പല കാരണങ്ങളുണ്ട്. അല്ലാഹു അവര്‍ക്ക് 30 ഏട് ഇറക്കി കൊടുത്തു, ആദ്യമായി പേന കൊണ്ടെഴുതി, ആദ്യമായി വസ്ത്രം നെയ്തു അങ്ങനെ നിരവധി.

ഫൈസല്‍ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login