ഭക്തിയുടെ നിറകുടം

ഭക്തിയുടെ നിറകുടം

ഇസ്‌ലാമിക ചരിത്രത്തിൽ ഏറെ പ്രശസ്തയായ ബീവി. ഇസ്‌ലാമിലെ സൂഫി വനിതകളിൽ ഒരാൾ. ദയയുടെയും അറിവിന്റെയും അനുഗ്രഹീതമായ അത്ഭുതങ്ങളുടെയും സ്ത്രീ.

സയ്യിദ നഫീസ(റ). നഫീസ താഹിറ (റ) എന്നും അറിയപ്പെടുന്നു. ഹിജ്റ 145-ലാണ് സയ്യിദ നഫീസ (റ) ജനിക്കുന്നത്. മുഹമ്മദ് നബിയുടെ(സ)  കുടുംബത്തിന്റെ ഭാഗമാകാനുള്ള അനുഗ്രഹം അവൾക്കുണ്ട്.  മുഹമ്മദ് നബിയുടെ(സ) ചെറുമകനായ ഹസന്റെ(റ) കൊച്ചുമകളായിരുന്നു അവർ. മക്കയിൽ ജനിച്ചു, അവിടെനിന്ന് അടിസ്ഥാന ഇസ്‌ലാമിക വിദ്യാഭ്യാസം നേടി. പിതാവ് അൽ ഹസൻ അൽ അൻവർ(റ). സൈദ് അൽ അബാജിന്റെ(റ) മകൻ. അദ്ദേഹം അവളെ കൂടുതൽ പഠനത്തിനായി മദീനയിലേക്ക് കൊണ്ടുപോയി, അവിടെനിന്ന് അവർ ഹദീസ് പഠിക്കുകയും ഖുർആൻ മനഃപാഠമാക്കുകയും ചെയ്തു. അവളുടെ ബുദ്ധിശക്തിയും മതപഠനത്തിലുള്ള വിപുലമായ താൽപ്പര്യവും കാരണം, ചെറുപ്പത്തിൽ തന്നെ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമുള്ള ഇസ്‌ലാമിക പ്രബോധകയായി അവർ യാത്ര ആരംഭിച്ചു.
ജീവിതത്തിന്റെ ഭൂരിഭാഗവും അവർ മദീനയിൽ ചെലവഴിച്ചു. പതിവായി റൗളാശരീഫ് സന്ദർശിച്ചു. വൈരാഗിയാണവർ(സുഹ്ദ്), തികഞ്ഞ ഭക്തയുമാണ്(തഖ്‌വ), പകൽ ഉപവാസത്തിനും രാത്രികൾ പ്രാർഥനയിൽ മുഴുകുന്നതിനും സമ്പൂർണമായ അർപ്പണത്തിനും അവർ പരക്കെ അറിയപ്പെടുന്നു. അക്കാരണത്താൽ അവർക്ക് അല്ലാഹുവിൽ നിന്ന് സവിശേഷ സിദ്ധി ലഭിച്ചു.

ഹസ്രത്ത് ആയിശയുടെ(റ) വീട്ടിലുണ്ടായിരുന്ന റസൂലിന്റെ ഖബറിലേക്ക് പിതാവ് അവരെ കൊണ്ടുപോകാറുണ്ടായിരുന്നു. “യാ റസൂലല്ലാഹ്! അല്ലാഹുവിന്റെ പ്രിയപ്പെട്ട പ്രവാചകരേ! എന്റെ മകൾ നഫീസയെകുറിച്ച് ഞാൻ സന്തുഷ്ടനാണ്!’ ഒരു ദിവസം സ്വപ്നത്തിൽ റസൂൽ(സ) അദ്ദേഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെടുന്നത് വരെ അദ്ദേഹം ഈ സന്ദർശനങ്ങൾ തുടർന്നു. “യാ ഹസൻ, നിങ്ങളുടെ മകൾ നഫീസയിൽ നിങ്ങൾ സംതൃപ്തനായതിനാൽ ഞാൻ അവളിൽ സന്തുഷ്ടനാണ്.’

ബാല്യം
റബീഉൽഅവ്വൽ 11ന് ആയിരുന്നു ജനനം. മദീനയിൽ വളർന്നു. അക്കാലത്ത് അവരുടെ പിതാവ് അനുഗ്രഹീത നഗരത്തിന്റെ ഗവർണറായിരുന്നു.
അവരുടെ ഉന്നതമായ വ്യക്തിത്വത്തിന്റെ അടയാളങ്ങൾ വളരെ ചെറുപ്പം മുതലേ പ്രകടമായിരുന്നു. അവർ ഖുർആൻ മനഃപാഠമാക്കുകയും ഇസ്‌ലാമിക കർമശാസ്ത്രം സമഗ്രമായി പഠിക്കുകയും ചെയ്തു. അവരുടെ ബുദ്ധി ചെറുപ്പമായിട്ടുകൂടി ഖുർആൻ വിശദീകരിക്കാൻ അവരെ പ്രാപ്തയാക്കി.

ഹി. 161 റജബ് 5ന് പതിനാറാം വയസ്സിൽ, സയ്യിദ നഫീസ തന്റെ ബന്ധുവായ, ഹുസൈന്റെ(റ) നേരിട്ടുള്ള പിൻഗാമിയായ ഇസ്ഹാഖ് അൽ-മുതമാനെ വിവാഹം കഴിച്ചു. അവർക്ക് അൽ-ഖാസിം എന്ന മകനും ഉമ്മു കുൽസൂം എന്ന മകളും ജനിച്ചു. നാൽപ്പത്തിനാലാം വയസ്സിൽ സയ്യിദ നഫീസ കെയ്‌റോയിലേക്ക് താമസം മാറി.
ഈജിപ്തിന്റെ വിദൂര കോണുകളിൽ നിന്നും അനുഗ്രഹം വാങ്ങാനും പ്രാർഥന അഭ്യർഥിക്കാനും ആളുകൾ വീട്ടിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.

സയ്യിദ നഫീസ ജീവിതത്തിന്റെ ബാക്കി ഭാഗം ചെലവഴിച്ചത് ഈജിപ്തിലാണ്. സയ്യിദ നഫീസയ്ക്ക് നിരവധി സ്ഥാനപ്പേരുകൾ ഉണ്ടായിരുന്നു. റസൂലിന്റെ കുടുംബത്തെക്കുറിച്ചുള്ള അറിവിൽ നിന്ന് അവർ നേടിയതും സ്വരൂപിച്ചതുമായ കാര്യങ്ങൾ കാരണം അവർ നഫീസതുൽഇൽമി വൽ-മഅ്രിഫ, (വിജ്ഞാനത്തിന്റെയും ധിഷണയുടെയും അപൂർവ വനിത) എന്നറിയപ്പെടുന്നു. നഫീസതുതാഹിറ (വിശുദ്ധിയുടെ അപൂർവ വനിത), നഫീസതുആബിദ (അപൂർവ ആരാധനയുള്ള സ്ത്രീ), നഫീസതുദാറൈൻ (ഇന്നും അടുത്ത ജീവിതത്തിലും സ്ത്രീകൾക്കിടയിൽ അപൂർവം), കൂടാതെ സാഹിബതുൽകറാമത് (അത്ഭുതങ്ങളുടെ സ്ത്രീ), സയ്യിദത് അഹ്‌ലുൽഫത്‌വ (വിധികൾ ഉരുത്തിരിച്ചെടുക്കുന്ന വനിത), കൂടാതെ ഉമ്മുൽഅവാജിസ് (പ്രായമായ സ്ത്രീകളുടെ മാതാവ്), നഫീസതുൽമസ്‌രിയ്യീൻ (അപൂർവം ഈജിപ്തുകാരുടെ സ്ത്രീ) എന്നിങ്ങനെയാണ് അപരാഭിധാനങ്ങൾ. സ്ത്രീകളോടും പെൺകുട്ടികളോടും ഇസ്‌ലാം പ്രബോധനം ചെയ്യുക മാത്രമല്ല, ഖുർആൻ സൂക്തങ്ങളിലും ഹദീസുകളിലും തസ്വവ്വുഫിലും തന്റെ വൈദഗ്ധ്യം നിമിത്തം അക്കാലത്തെ നിരവധി പണ്ഡിതന്മാരെ ഉപദേശിക്കുകയും ചെയ്തു. മഹാനായ ഇമാം ശാഫിഈ ഹിജ്‌റ 150-204 കാലത്ത് ഈജിപ്തിൽ താമസിച്ചു. ഈ സമയത്ത് അദ്ദേഹം തന്റെ പുസ്തകങ്ങൾ തരംതിരിക്കുകയും തന്റെ നിയമശാസ്ത്ര വിദ്യാലയം വിപുലീകരിക്കുകയും ചെയ്തു. ഈജിപ്തിൽ വച്ചാണ് അദ്ദേഹം പ്രശസ്തി നേടിയത്. സയ്യിദ നഫീസ (റ) മതത്തിലെ വിശ്വാസ ദൃഢതയ്ക്കും ഭക്തിക്കും അദ്ദേഹത്തെ ഉപദേശിച്ചു. ഇമാം ശാഫിഈ(റ) ഇൽമ് പഠിക്കുന്നതിൽ അഭിവൃദ്ധിക്കായി നഫീസയോട്(റ) ദുആ വസ്വിയ്യത് ചെയ്തിരുന്നു. ഇമാം ശാഫിഈ(റ) അവരിൽ നിന്ന് ഹദീസും കർമശാസ്ത്രവും  പഠിക്കാറുണ്ടായിരുന്നു. പലതവണ അസുഖം ബാധിച്ചപ്പോൾ, സയ്യിദ നഫീസയോട്(റ) പ്രാർഥിക്കാൻ അദ്ദേഹം  സന്ദേശം അയയ്‌ക്കുകയും അല്ലാഹുവോടുള്ള അവരുടെ ദുആ മുഖേന ഇമാമിന് സുഖം നൽകുകയും ചെയ്തു.

ഇമാമിന്റെ തണൽ
ഇമാം ശാഫിഈ(റ) കലശലായ രോഗം ബാധിച്ച ഒരു ഘട്ടത്തിൽ സയ്യിദ നഫീസയുടെ(റ) അടുത്തേക്ക് ദൂതനെ വിട്ടു. ദൂതൻ മടങ്ങിവന്നു. “അല്ലാഹു ഇമാമിന്റെ കൂടിക്കാഴ്ച്ചയെ അവനുമായുള്ള കൂടിക്കാഴ്ചകളിൽ ഏറ്റവും മികച്ചതാക്കട്ടെ, അല്ലാഹു അവന്റെ സാമീപ്യത്തിലേക്ക് അദ്ദേഹത്തെ ഉയർത്തട്ടെ’ എന്ന സന്ദേശവുമായാണ് ദൂതൻ വന്നത്. ഇമാം ശാഫിഈ(റ) തനിക്ക് നാഥനെ  കാണാനുള്ള സമയം വന്നിരിക്കുന്നുവെന്ന് മനസിലാക്കി. സയ്യിദ നഫീസ (റ) തന്റെ മയ്യിത്ത് നിസ്‌കരിക്കണമെന്ന് പ്രസ്താവിച്ചുകൊണ്ട് ഇമാം ഉടൻ വിൽപ്പത്രം എഴുതി. ഇമാം ശാഫിഈ  ഹി.204 ന് മരണമടഞ്ഞു. ഇമാമിന്റെ  വിൽപത്രത്തെ തുടർന്ന്, അവർ വനിതാ വിഭാഗത്തിന്റെ പ്രതിനിധിയായി ഇമാമിന് വേണ്ടി പ്രാർഥിച്ചു. തുടർന്ന് ഇമാം അൽ ബുവൈത്തി പ്രാർഥനയ്ക്ക് നേതൃത്വം നൽകി.

സയ്യിദ നഫീസയും ഇബ്റാഹീം നബിയും
സയ്യിദ നഫീസ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോൾ പ്രാർഥിക്കുമായിരുന്നു: “അല്ലാഹുവേ എനിക്ക് സയ്യിദുനാ ഖലീലുല്ലാഹി ഇബ്റാഹീം നബിയുടെ ഖബ്ർ സന്ദർശിക്കാൻ ഭാഗ്യം തരേണമേ.’ അല്ലാഹു അവരുടെ പ്രാർഥനയ്ക്ക് ഉത്തരം നൽകി. ഇബ്റാഹീം നബിയുടെ(അ) ഖബ്ർ സന്ദർശിക്കാൻ വിശുദ്ധ നാടായ ജറുസലേമിലേക്ക് (ഫലസ്തീൻ) യാത്ര ചെയ്യാൻ സാധിച്ചു. ആ ഖബറിടത്തിലെത്തിയപ്പോൾ അവർ കരയുകയും വിശുദ്ധ ഖുർആനിലെ മറ്റൊരു സൂക്തം പാരായണം ചെയ്യുകയും ചെയ്തു: “ഇബ്റാഹീം പറഞ്ഞപ്പോൾ: എന്റെ നാഥാ! ഈ നഗരം സുരക്ഷിതമാക്കുകയും വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് എന്നെയും എന്റെ മക്കളെയും രക്ഷിക്കുകയും ചെയ്യേണമേ'(14:35).

സയ്യിദ നഫീസ ഇബ്രാഹീം നബിയുടെ(അ) ഖബറിനു മുന്നിൽ ഇരുന്നു ഖുർആൻ പാരായണം ചെയ്യുമ്പോൾ, അവർക്ക് ഒരു തീവ്രമായ സാന്നിധ്യം തോന്നി. അവളുടെ മുന്നിൽ ഇബ്റാഹീം നബിയുടെ(അ) രൂപം കണ്ടു. ആ നിമിഷം അവർ പറഞ്ഞു: “എന്റെ ഹൃദയം ശക്തമായി മിടിക്കാൻ തുടങ്ങി, എന്റെ കണ്ണുകൾ മിന്നിമറയാൻ തുടങ്ങി.’ അവൾ നബിയെ വിളിച്ചു പറഞ്ഞു: “യാ ജദ്ദീ! എന്റെ ആത്മാവ് മുമ്പ് പലതവണ നിങ്ങളുടെ അടുക്കൽ വന്നതുപോലെ, ഞാൻ ഇപ്പോൾ ശരീരത്തിലും ആത്മാവിലും നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഞാൻ എന്നോടൊപ്പം നിങ്ങളുടെ പ്രീതി തേടുന്നു, എന്റെ ശ്വാസം വരെ അല്ലാഹുവിനെ ആരാധിക്കുന്നതിന് ഞാൻ നിങ്ങളുടെ മാർഗനിർദേശവും ഉപദേശവും തേടുന്നു.’ ആ നിമിഷം ഇബ്റാഹീം നബിയുടേതു പോലെ ഒരു ശബ്ദം ഉയർന്നുവരുന്നത് അവർ കേട്ടു: “എന്റെ കൊച്ചുമകളേ, ശുഭവാർത്ത! നിങ്ങളുടെ രക്ഷിതാവിന്റെ വിശുദ്ധീകരിക്കപ്പെട്ട, ആരാധ്യരായ ദാസിമാരിൽ ഒരാളായി നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്കുള്ള എന്റെ ഉപദേശം സൂറതുൽമുസമ്മിൽ പാരായണം ചെയ്യുക എന്നതാണ്, അതിൽ അല്ലാഹു പറയുന്നു: “അല്ലയോ, വസ്ത്രങ്ങൾ മടക്കിവെച്ചവനേ! രാത്രി (പ്രാർഥനയിൽ) നിൽക്കുക, എന്നാൽ രാത്രി മുഴുവനും അല്ല…’ [73:1]. അതിന്റെ അവസാനം വരെ നിങ്ങൾ ധ്യാനിക്കാൻ ശ്രമിക്കുക. ഈ അധ്യായം പാരായണം ചെയ്യുന്നതിലൂടെ, അല്ലാഹു പറഞ്ഞതുപോലെ, പ്രയാസങ്ങളില്ലാത്ത ആരാധനകളിലേക്കും ഭക്തിയിലേക്കും നിങ്ങളെ നയിക്കും. ‘അല്ലാഹു ഒരു ആത്മാവിനും താങ്ങാനാവുന്നതിലധികം ഭാരപ്പെടുത്തുന്നില്ല.’ എന്റെ കൊച്ചുമകളേ! നിങ്ങളുടെ ആരാധനയുടെ തീവ്രത നിങ്ങളുടെ ശരീരത്തെ ദുർബലമാക്കി – എല്ലാം സന്തുലിതമായി നിലനിർത്താൻ ശ്രമിക്കുക.’

സയ്യിദ നഫീസ മുപ്പത് തവണ ഹജ്ജ് തീർഥാടനം നടത്തി. ഭൂരിഭാഗവും കാൽനടയായിത്തന്നെ. കഅ്ബയ്ക്ക് ചുറ്റും പ്രദക്ഷിണം വെച്ചപ്പോൾ അവർ അല്ലാഹുവോട് ചോദിച്ചു: അല്ലാഹുവേ! എന്നിൽ തൃപ്തനാകുക (മത്തിഅ്നീ ബി-രിളാക അന്നീ), എന്നിൽ നിന്ന് നിന്നെ മറയ്ക്കുന്ന ഒന്നും ഞാൻ കാണുന്നില്ല.

(തുടരും)

You must be logged in to post a comment Login