കോണ്‍ഗ്രസിന് പിഴക്കുന്നതെവിടെ?

കോണ്‍ഗ്രസിന്  പിഴക്കുന്നതെവിടെ?

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് എന്താണ് കുഴപ്പം? 2019 ലും 20 ലും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിരവധി പേരെ കണ്ടുമുട്ടിയിരുന്നു.

മറ്റു പാര്‍ട്ടികളുടെ കൂടെയും പ്രവര്‍ത്തിച്ചതിനാല്‍ രാജ്യത്തുടനീളം കോണ്‍ഗ്രസിന് വലിയ പിന്തുണയുണ്ടെന്ന് എനിക്ക് സാക്ഷ്യപ്പെടുത്താനാവും. വിഭവങ്ങളുടെ ഒരു കുറവും പാര്‍ട്ടിക്കില്ലെന്നാണ് വിജയപ്രതീക്ഷ തീരെയില്ലാത്ത ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടി നിക്ഷേപിച്ച പണത്തിന്റെ അളവ് കാണിക്കുന്നത്. അക്കാര്യത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബി ജെ പി) പോലും രണ്ടാം സ്ഥാനത്താണ്, ചെറിയ സംസ്ഥാന പാര്‍ട്ടികളെക്കാളും വളരെ മുന്നിലുമാണ്. ഔദ്യേഗികമായി ചെലവഴിച്ച പണത്തിന്റെ കണക്കാണതെന്നോര്‍ക്കണം.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനുള്ള വോട്ടര്‍മാര്‍ കുറവൊന്നുമല്ല. ഇരുപത് ശതമാനത്തോളം വോട്ടര്‍മാരുടെ അടിത്തറയുണ്ടെന്നാണ് കണക്ക്. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം തന്ത്രപരമായി ഉപയോഗിക്കുന്നുവെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പോലും സാധ്യമാകും. ചുരുക്കിപ്പറഞ്ഞാല്‍, കോണ്‍ഗ്രസിന്റെ മരണവാര്‍ത്ത അതിശയോക്തിപരമാണ്.
വര്‍ഷങ്ങളോളം തുടര്‍ച്ചയായ തോല്‍വികള്‍ക്കിടയിലും കോണ്‍ഗ്രസ് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് അതിന്റെ പ്രത്യയശാസ്ത്രത്തിന്റെ ശക്തിയുടെ തെളിവാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംഘടിതരൂപം അവസാനിക്കുകയാണെങ്കില്‍ പോലും കോണ്‍ഗ്രസ് ഒരു പ്രത്യയശാസ്ത്രവും രാഷ്ട്രീയ ഇടവും എന്ന നിലയില്‍ ഇനിയും നിലനില്‍ക്കുന്നതാണ്. കോണ്‍ഗ്രസിനിപ്പോഴും ധാരാളം അനുയായികളുണ്ട്.
കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്ന വലിയ പ്രതിസന്ധി, തുടരെത്തുടരെയുള്ള തിരഞ്ഞെടുപ്പ് പരാജയമാണ്. ബി ജെ പി ആവര്‍ത്തിച്ച് അവകാശപ്പെട്ടുകൊണ്ടിരിക്കുന്നതുപോലെ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര പരാജയമല്ല, മറിച്ച് പാര്‍ട്ടിയുടെ നിലവിലെ നേതൃത്വത്തിന്റെ പ്രതിസന്ധിയാണ്. ബിജെപിയുടെ ആക്രമണങ്ങള്‍ കോണ്‍ഗ്രസിനെ തളര്‍ത്തുന്നുണ്ട്. എങ്കിലും കൂടുതല്‍ സീറ്റുകള്‍ നേടാനും അധികാരം തിരിച്ചുപിടിക്കാനും കോണ്‍ഗ്രസിന് സാധ്യതയുണ്ടായിരുന്നു.

കോണ്‍ഗ്രസുകാര്‍ക്കിടയിലുള്ള വലിയ നിരാശ തിരഞ്ഞെടുപ്പ് ഫലങ്ങളല്ല; മുന്നോട്ടുള്ള വഴിയെക്കുറിച്ച് വ്യക്തതയില്ലാത്തതാണ്. ഉറങ്ങിക്കിടക്കുന്ന ഡ്രൈവറുടെ പിന്നില്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നതുപോലെയാണിത്.
പാര്‍ട്ടിക്കുള്ള വിഭവങ്ങളും അംഗബലവും വോട്ട് അടിത്തറയും എന്തുചെയ്യണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയില്ല. ഇവിടെ നേതൃത്വം എന്നത് ഗാന്ധിമാരെ മാത്രമല്ല, പാര്‍ട്ടിക്കുള്ളില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ള മറ്റുള്ളവരെയും കൂടെ ഉള്‍പെടുത്തിയാണ്. ഗാന്ധിമാരുടെ യഥാര്‍ത്ഥ പരാജയം പാര്‍ട്ടിക്ക് അനിവാര്യമായ വിജയം ഉറപ്പാക്കാന്‍ കഴിയാതെ വന്നതല്ല; അവര്‍ ഇപ്പോഴും ഏറ്റവും ജനപ്രീതിയുള്ള കോണ്‍ഗ്രസ് നേതാക്കളാണ്. അവരുടെ യഥാര്‍ത്ഥ പരാജയം, പാര്‍ട്ടി ശമ്പളം വാങ്ങുന്ന ജീവനക്കാരെ സംഘടനയില്‍ നേതാക്കളായി കണക്കാക്കിയതും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി പരിശ്രമിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത നേതാക്കളെ നിയമിക്കുന്നു എന്നതുമാണ്.

തങ്ങളുടെ പ്രഖ്യാപിത പരിപാടികള്‍ നടപ്പാക്കാന്‍ അധികാരം ഉറപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് തങ്ങളെന്ന് കോണ്‍ഗ്രസ് നേതൃത്വം മറന്നു. രാഷ്ട്രീയ വ്യവഹാരത്തില്‍ ദൈനംദിന ട്വീറ്റുകളും ഇടയ്ക്കിടെയുള്ള പ്രസ്താവനകളും മാത്രമുള്ള കേവല ആള്‍ക്കൂട്ടമായി മാറാന്‍ ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയില്ല. അണികളെ കൃത്യമായി നയിക്കാന്‍ കഴിയാത്ത, ആഗ്രഹിക്കാത്ത നേതാവ് നേതാവല്ല.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മഹാത്മാഗാന്ധിയെപ്പോലുള്ള ഉന്നത വ്യക്തികളുണ്ടായിട്ടുണ്ട്. അവര്‍ അധികാരം ആഗ്രഹിച്ചവരല്ല. പക്ഷേ, തന്റെ ബോധ്യങ്ങളും ആദര്‍ശങ്ങളും രാഷ്ട്രീയലക്ഷ്യങ്ങളും കൊണ്ട് അദ്ദേഹം സമ്പൂര്‍ണ നേതാവായി മാറി. കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുമ്പോള്‍ പോലും മഹാത്മാഗാന്ധി വെറുതെ ഇരിക്കുമായിരുന്നില്ല.

രാജ്യത്തെ ഏറ്റവും പ്രബലമായ ഈ പാര്‍ട്ടി വര്‍ഷങ്ങളായി ശോഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ നേതൃസ്ഥാനങ്ങള്‍ സാമൂഹികസ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത ആളുകളില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു. അവിടെ നിന്നാണ് ജനങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നത്. നവീന്‍ പട്‌നായിക്കിനെ പോലോത്ത നേതാക്കള്‍ ജനങ്ങളുമായുള്ള യഥാര്‍ത്ഥ ബന്ധം സ്ഥാപിക്കുന്നതിന് സ്ഥാനമാനങ്ങള്‍ ഒരു അയോഗ്യതയല്ലെന്ന് തെളിയിച്ചിട്ടുണ്ട്. ജനങ്ങളുമായുള്ള ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കാത്ത നിരവധി ഉപദേശകര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തനം ഏല്‍പിച്ചു കൊടുത്തതാണ് വലിയ പ്രശ്‌നം.

ഡല്‍ഹി ആസ്ഥാനമായുള്ള മിക്ക കോണ്‍ഗ്രസ് നേതാക്കളും വോട്ടര്‍മാരുമായുള്ള അവരുടെ രാഷ്ട്രീയ മൂലധനത്തെക്കാള്‍ ഗാന്ധിമാരുടെ സാമൂഹികമൂലധനത്തിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ലാഭത്തില്‍ ആകുലതയില്ലാത്ത, എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ മതിപ്പുളവാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ നടത്തുന്ന ഒരു കമ്പനി പോലെയാണിത്. അത് പരാജയപ്പെടാന്‍ മാത്രം വിധിക്കപ്പെട്ട ഒരു സംവിധാനമാണല്ലോ?
ജനങ്ങളുമായി ആശയവിനിമയം നടത്താന്‍ വിനയവും സംവേദനക്ഷമതയും ആവശ്യമാണ്. അതിന് ഇന്ത്യന്‍ വോട്ടര്‍മാരുടെ സ്വഭാവം മനസിലാക്കുന്ന, വോട്ടറുമായി ഇടപഴകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആവശ്യമാണ്. വിരലിലെണ്ണാവുന്ന നേതാക്കള്‍ ഒഴികെ, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും ആഗ്രഹിക്കുന്ന ആരും കോണ്‍ഗ്രസിലില്ല. സംഘടന കെട്ടിപ്പടുക്കാന്‍ താല്പര്യമുള്ളവര്‍ നന്നേ കുറവ്. കോണ്‍ഗ്രസ് എന്ന ലേബലില്‍ ചിലര്‍ക്ക് വിജയങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുമെന്ന പ്രതീക്ഷ ഇനി നടന്നേക്കില്ല.

കോണ്‍ഗ്രസിന്റെ വിലാപ കാവ്യമല്ലിത്. ഞാന്‍ പറഞ്ഞല്ലോ? അതിന് വിഭവങ്ങളും മനുഷ്യശക്തിയും വോട്ടര്‍മാരുമുണ്ട്. അവയെ പക്വമായി ഉപയോഗിക്കാനറിയാത്തതാണ് പ്രശ്‌നം. കൂടുതല്‍ മോശമായ അവസ്ഥയിലെത്തിയാല്‍, കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രവും വീക്ഷണവുമുള്ള മറ്റൊരു പാര്‍ട്ടിക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വരും.

കോണ്‍ഗ്രസിന് അടിയന്തര അഴിച്ചുപണി ആവശ്യമാണ്. ഗാന്ധിമാര്‍ക്ക് ഒന്നുകില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കാം, അല്ലെങ്കില്‍ അത് തൂത്തുവാരപ്പെട്ടേക്കാം. പാര്‍ട്ടിയോടുള്ള അവരുടെ സമര്‍പ്പണത്തെ സംശയിക്കേണ്ടതില്ലെന്ന് തോന്നുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പൊറുക്കാത്തതാണ്; പ്രകടനങ്ങള്‍ കഠിനമായി വിലയിരുത്തപ്പെടുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരു ഭാവി ഉണ്ടാകാന്‍ ഉടനടി നവീകരണം ആവശ്യമാണ്. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രമല്ല, നേതൃത്വമാണ് തിരുത്തപ്പെടേണ്ടത്. കാരണം, ഇപ്പോഴും അനുയായികള്‍ കോണ്‍ഗ്രസിലുണ്ട്.

സാരിം നേവ്ഡ്

കടപ്പാട് : ദ വയര്‍
വിവ: എബി

You must be logged in to post a comment Login