നിയമം നീതിയോടേറ്റുമുട്ടുമ്പോൾ

നിയമം നീതിയോടേറ്റുമുട്ടുമ്പോൾ

ശിരോവസ്ത്ര വിലക്ക് ശരിവെച്ചു കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി വന്നപ്പോൾ ഓർത്തുപോയത് ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വാക്കുകളാണ്. “നിയമം നായ്ക്കളെ പോലെയാണ്. എപ്പോഴും കുരച്ച് പേടിപ്പെടുത്തിക്കൊണ്ടിരിക്കും. പക്ഷേ, കടിക്കുന്നത് പാവപ്പെട്ടവരെയും ആരുമില്ലാത്തവരെയും ശബ്ദമില്ലാത്തവരെയും മാത്രമാണ്.’

യൂണിഫോമിറ്റി അത്ര പ്രധാനമായ സൈനികവിഭാഗത്തിൽ മതാചാരപ്രകാരമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം നൽകിയ ഇന്ത്യയിൽ, സിക്ക് റെജിമെന്റ് പോലെ മതാചാരപ്രകാരമുള്ള റെജിമെന്റിന് അനുമതി ലഭിച്ച രാജ്യത്ത്, ഹെൽമറ്റ് ധരിക്കാതെ സിക്ക് മതവിശ്വാസികൾക്ക് സഞ്ചരിക്കാൻ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഇളവ് അനുവദിച്ച നാട്ടിൽ, വിമാനത്തിനകത്ത് സിക്ക് മത വിശ്വാസികൾക്ക് കൃപാൺ ധരിക്കാൻ ചട്ടം ഇളവ് ചെയ്ത നീതിപീഠമുള്ള സ്ഥലത്ത് മുസ്്ലിം സ്ത്രീകൾക്കു മാത്രം അവരുടെ മതാചാരമനുസരിച്ചുള്ള വസ്ത്രം ധരിക്കാനുള്ള അനുമതി നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടായിരിക്കും? നിയമം ചിലരെ മാത്രം കടിക്കുന്നുവെന്ന് സംശയിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.
പുസ്തക പൂജയും, വിദ്യാരംഭവും, വിദ്യാലയങ്ങളിൽ നടക്കുന്നു. പൊട്ടും കുരിശും ടർബണും ധരിച്ച് വിദ്യാർഥികൾ സ്കൂളിലെത്തുന്നു. പൊതുസ്ഥാപനങ്ങളുടെ നിർമാണവൃത്തികൾ ആരംഭിക്കുമ്പോൾ, ഉദ്ഘാടനം നടക്കുമ്പോൾ ഹോമവും പൂജയും നടക്കുന്നു. സർക്കാർ ചടങ്ങുകളിലും മറ്റും ഒരു പ്രത്യേക മതത്തിന്റെ ആചാരങ്ങൾ അകമ്പടിയായി ഉണ്ടാകുന്നു. അവിടെയെല്ലാം കാണാത്ത ഒരു പ്രശ്നമായി, സെക്കുലറിസം തകർക്കുന്ന മതപരമായ അടയാളമായി ഹിജാബ് മാറുന്നുവെന്നതിലെ യുക്തിയാണ് മനസിലാകാത്തത്. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് വന്ന ഹൈക്കോടതി വിധിയിലും ഈ യുക്തിരാഹിത്യം നന്നായി നിഴലിക്കുന്നുണ്ട്.

ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതും, ജസ്റ്റിസ് സൈഫുന്നിസ മുഹ്‌യിദ്ദീൻ ഖാസി എന്നിവർ അംഗങ്ങളുമായ വിശാലബെഞ്ച് പുറപ്പെടുവിച്ച 129 പേജ് വരുന്ന വിധിന്യായത്തിൽ നാലു ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് ശ്രമിച്ചിട്ടുള്ളത്. അതിൽ പ്രധാനമായും പരിശോധിച്ച ചോദ്യത്തിലൊന്ന് ഭരണഘടനയിലെ ആർട്ടിക്കിൾ 25 ന് കീഴിൽ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ ഇസ്‌ലാം വിശ്വാസ പ്രകാരം ഹിജാബ് അവിഭാജ്യമായ മതാചാരമാണോ എന്നാണ്. അതിനുള്ള മറുപടിയായി ഹൈക്കോടതി പറയുന്നത് ഇസ്‌ലാം മതാചാരപ്രകാരം മുസ്‌ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് അനിവാര്യമല്ലെന്നും അതിനാൽ ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ വകുപ്പ് 25 പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ കീഴിൽ വരുന്നില്ലെന്നുമാണ്.

ഹിജാബ് മതത്തില്‍ പെട്ടതാണോ അല്ലയോ എന്ന് കോടതി തീരുമാനിക്കുന്നതെങ്ങനെ എന്നതാണ് ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം. ഒരു മതത്തിനകത്തെ എസ്സൻഷ്യൽ പ്രാക്ടീസിംഗ് തീരുമാനിക്കേണ്ടത് ആ മതത്തിനകത്തെ ആളുകളാണ്. അതിനകത്ത് കോടതികളിടപെടേണ്ടി വരുന്നത് ഏതെങ്കിലും തരത്തിൽ പബ്ലിക് ഓർഡറിനെ, നിലവിലുള്ള നിയമത്തെ, നിയമസംവിധാനങ്ങളെ, മനുഷ്യന്റെ അന്തസ്സിനെ ബാധിക്കുമ്പോഴാണ്, ഒരാളുടെ മതവിശ്വാസം മറ്റുള്ളവരുടെ മൗലികാവകാശങ്ങളെ തടസ്സപ്പെടുത്തുമ്പോഴാണ്. അതില്ലാത്തിടത്തോളം ആ അവകാശം വകവെച്ചു കൊടുക്കുകയാണ് വേണ്ടത്. ആർട്ടിക്കിൾ 25 വാഗ്ദാനം ചെയ്യുന്നതും അതാണ്.
ഇവിടെ അത്തരത്തിൽ ഏതെങ്കിലും വിധത്തിൽ മറ്റൊരാളുടെ അവകാശം കവർന്നിരിക്കുന്നു എന്ന് നിരീക്ഷിക്കാൻ കോടതിക്ക് കഴിഞ്ഞിട്ടില്ല. പകരം ഹിജാബ് നിർബന്ധിത ആചാരക്രമമാണോ അല്ലയോ എന്ന് പരിശോധിക്കാനാണ് കോടതി മുതിർന്നത്. ഹിജാബ് ഇസ്‌ലാമിന്റെ ഇന്റഗ്രൽ പാർട്ടാണോ അല്ലയോ എന്നത് ചികയേണ്ട മതസ്ഥാപനമല്ല കോടതി. മറിച്ച് ഹിജാബ് മതത്തിന്റെ ഇന്റഗ്രൽ പാർട്ടാണ് എന്ന് വിശ്വസിക്കുന്നവർക്ക് ഭരണഘടന നൽകുന്ന സംരക്ഷണം ഉപയോഗിച്ച് അതിനുളള വഴിയൊരുക്കുകയാണ് വേണ്ടത്.

ശബരിമലയിലെ സ്ത്രീ നിയന്ത്രണം നീക്കിക്കൊണ്ടുള്ള കോടതിവിധി വന്നപ്പോൾ ആർ എസ് എസും മറ്റു ഹിന്ദു സംഘടനകളും ഉയർത്തിയ ആർഗ്യുമെന്റിൽ പ്രധാനം ആചാരങ്ങൾ തീരുമാനിക്കേണ്ടത് കോടതിയല്ല, മതനേതൃത്വമാണ് എന്നാണ്. ഭരണഘടനയെ വ്യാഖ്യാനിക്കലാണ്, വിശ്വാസസംഹിതകളെ നിരൂപണം ചെയ്യുകയല്ല കോടതികളുടെ പണിയെന്ന് അന്ന് എല്ലാവരും വാദിച്ചിരുന്നതാണ്.
ഞങ്ങള്‍ തീരുമാനിക്കുന്ന വിശ്വാസവും ആചാരവും പിന്തുടരാനുള്ള അവകാശമേ നിങ്ങൾക്കുള്ളൂ എന്ന് വ്യംഗ്യമായി കോടതി പ്രഖ്യാപിക്കുന്നതുപോലെയാണ് ഹിജാബ് വിധിയിൽ തോന്നുക.

റിലീജിയസ് പ്രാക്ടീസിംഗ് ആരാണ് തീരുമാനിക്കേണ്ടതെന്നും അത് നിശ്ചയിക്കപ്പെട്ടാൽ അതിനോടുള്ള സമീപനം എങ്ങനെയാകണമെന്നും പ്രസിദ്ധമായ യഹോവ സാക്ഷികളുടെ കേസ് പഠിപ്പിക്കുന്നുണ്ട്.

കിടങ്ങൂർ എൻ എസ് എസ് ഹൈസ്കൂളിലെ യഹോവ സാക്ഷികൾ വിഭാഗത്തിലെ മൂന്ന് വിദ്യാർഥികൾ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതാണ് കേസിനാധാരമായത്. ദേശീയ ഗാനം പാടുമ്പോൾ ഇവർ എഴുന്നേറ്റു നിൽക്കുമെങ്കിലും ആലപിക്കുമായിരുന്നില്ല. നിർബന്ധമായും ദേശീയ ഗാനം പാടണമെന്ന് സ്കൂൾ അധികൃതർ നിലപാടെടുത്തപ്പോൾ പ്രശ്നം കോടതിയിലെത്തി. ഹൈക്കോടതി പരാതിക്കാരനായ ബിജോയ് ഇമ്മാനുവലിന്റെ ആവശ്യം തള്ളിക്കളഞ്ഞെങ്കിലും വിശദമായി വാദംകേട്ട സുപ്രീംകോടതി 1986 ആഗസ്ത് 11 ന് ചരിത്രപരമായ വിധിയെഴുതി. സ്കൂൾ അധികൃതർ ചെയ്തത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കുട്ടികളെ സ്കൂളിൽ തിരിച്ചെടുക്കണമെന്നും സുപ്രീം കോടതി വിധിച്ചു. കേരള ഹൈക്കോടതി ഈ വിഷയത്തെ സമീപിച്ചത് തെറ്റായ ദിശയിലാണെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

ഭരണഘടനയുടെ 19 (1) (എ)യും, 25 (1) ഉം ഉറപ്പുനൽകുന്ന മൗലികാവകാശം,19(1)(എ) ഉറപ്പ് നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യം, 25 (1) മുന്നോട്ടുവയ്ക്കുന്ന മതവിശ്വാസം അനുശീലിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം എന്നിവയെല്ലാം പരിശോധിച്ചാണ് സുപ്രീം കോടതി ഈ നിർണായക വിധിയിലെത്തിയത്. ഭരണഘടനയുടെ 25ാം വകുപ്പിന് സവിശേഷ പ്രാധാന്യമുണ്ടെന്നും സമൂഹത്തിലെ ഏറ്റവും ചെറിയ ന്യൂനപക്ഷ വിഭാഗത്തിനുപോലും ഭരണഘടനക്കു കീഴിൽ അവരുടെ സ്വത്വം കണ്ടെത്താനാവും എന്ന് ഉറപ്പുവരുത്താവുന്ന വകുപ്പാണതെന്നും 25ാം വകുപ്പ് വ്യാഖ്യാനിക്കുമ്പോൾ ഇക്കാര്യം മനസിലുണ്ടായിരിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഈ നൈതികതയാണ് ഹിജാബ് വിധിയിൽ പരിഗണിക്കപ്പെടാതെ പോയത്.
ജസ്റ്റിസ് ഒ ചിന്നപ്പ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു യഹോവസാക്ഷി കേസിലെ ചരിത്രപരമായ ഈ വിധി പുറപ്പെടുവിച്ചത്. അദ്ദേഹം തന്റെ ജഡ്ജ്മെന്റ് അവസാനിപ്പിച്ചത് ഇങ്ങനെയാണ്.
“ഞങ്ങൾ ഒരു കാര്യം മാത്രം കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ പൈതൃകം പഠിപ്പിക്കുന്നത് സഹിഷ്ണുതയാണ്. നമ്മുടെ ഭരണഘടന പഠിപ്പിക്കുന്നത് സഹിഷ്ണുതയാണ്. ഇതിൽ നമ്മൾ വെള്ളം ചേർക്കരുത്.’
ബഹുസ്വര സമൂഹമായി ഇടകലർന്നു നിൽക്കുന്ന സമൂഹങ്ങളിൽ നീതി പീഠം എങ്ങനെയാണ് ഇടപെടേണ്ടതെന്ന് കൃത്യമായി ദിശനിർണയിക്കുന്നുണ്ട് സുപ്രീം കോടതിയുടെ ഈ പ്രസ്താവം. വൈവിധ്യങ്ങളെ അംഗീകരിച്ചും സംരക്ഷിച്ചും മുന്നോട്ടുപോകാൻ രാജ്യത്തിന് കഴിയണമെന്ന സന്ദേശം കൂടിയാണ് സുപ്രീം കോടതി നൽകിയത്.

കോടതിവിധികൾ സമൂഹത്തിലും സംസ്കാരത്തിലും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും, അതിന്റെ അനുരണനങ്ങൾ കാലങ്ങളോളം നിലനിൽക്കുകയും ചെയ്യുമെന്നതിനാൽ സൂക്ഷ്മവും നീതിയുക്തവും പക്ഷപാതരഹിതവുമായിരിക്കണം നീതി പീഠത്തിൽ നിന്നും വരുന്ന ഓരോ വിധി തീർപ്പുകളും.
“നിയമം നീതിക്ക് നിരക്കുന്നതല്ലെങ്കിൽ അത് ലംഘിക്കപ്പെടണം. നീതിയാണ് പ്രധാനം, നിയമമല്ല.’ ഗാന്ധിജിയുടെ ഈ വാക്കുകൾ നീതിയില്ലാത്ത നിയമത്തോടുള്ള പ്രതിഷേധമാണ്. ഈ കാലത്ത് അത് ഓർക്കാതിരിക്കാൻ കഴിയില്ല.

കെ ബി ബഷീർ

 

You must be logged in to post a comment Login