കൊവിഡ് പഠിപ്പിച്ചതും മനുഷ്യര്‍ പഠിക്കേണ്ടതും

കൊവിഡ് പഠിപ്പിച്ചതും  മനുഷ്യര്‍ പഠിക്കേണ്ടതും

വിശ്വാസികള്‍ ദൈവത്തോട് നന്ദി പറയട്ടെ. അവിശ്വാസികള്‍ അവര്‍ ജീവിക്കുന്ന കാലത്തോടും. മനുഷ്യകുലം അതിന്റെ രേഖപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഭീതിദമായ ഒരു ഘട്ടത്തെ തരണം ചെയ്തിരിക്കുന്നു. ഭീഷണി അവസാനിച്ചുവെന്നല്ല, അതിനെ നേരിടാന്‍ സജ്ജമാവുകയും ജീവിതത്തെ അതിന്റെ സമഗ്രാര്‍ഥത്തില്‍ തിരിച്ചുപിടിക്കാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു. വ്യക്തികളുടെ ജീവിതം അതിന്റെ സ്വാഭാവികതയിലേക്ക് അല്‍പം കിതച്ചും മുടന്തിയുമെങ്കിലും ഇതാ തിരിച്ചുവന്നിരിക്കുന്നു. രാഷ്ട്രങ്ങള്‍ കഴിഞ്ഞുപോയ രണ്ടാണ്ടിലെ അനിശ്ചിതത്വങ്ങളെ മറികടക്കാന്‍ ശീലിച്ചിരിക്കുന്നു. ശ്രീലങ്ക പോലെ ഭരണകൂടം അതിന്റെ കെടുകാര്യസ്ഥതകൊണ്ട് മുടിച്ച രാജ്യങ്ങളൊഴികെ പോയ രണ്ടാണ്ടിനെ വിസ്മരിച്ച് പതിവ് വ്യവഹാരങ്ങളെ പുല്‍കുന്നു. എന്തിനധികം യുദ്ധം ചെയ്യുക പോലും ചെയ്യുന്നു. അതേ, ജീവിതം തിരിച്ചുവരികയാണ്.

കൊവിഡ് നമ്മെ, നാം ജീവിക്കുന്ന ലോകത്തെ എന്താണ് പഠിപ്പിച്ചത്? അനേകം ആരായലുകള്‍, അന്വേഷണങ്ങള്‍ പലരൂപത്തില്‍ തുടരുകയാണ്. മനുഷ്യന്‍ എന്ന ജീവിവര്‍ഗം ഈ കൊടുംമാരി സൃഷ്ടിച്ച സ്തംഭനത്തില്‍ നിന്ന് എന്താണ് ഉള്‍ക്കൊണ്ടത്? മനുഷ്യരാശിയുടെ ചരിത്രം എല്ലാകാലത്തും ഇത്തരം മഹാപ്രതിസന്ധികളെ അതിജയിച്ചു തന്നെയാണ് മുന്നേറിയത്. ആ പ്രതിസന്ധികള്‍ പഠിപ്പിച്ച പാഠങ്ങളായിരുന്നു പിന്നീടുള്ള യാത്രകളിലെ വഴികാട്ടി. അത്തരം വഴികാട്ടലുകള്‍ കൊവിഡ് നടത്തിയോ? അത്തരത്തിലുള്ള ചില സംവാദങ്ങളിലേക്കാണ് നിങ്ങളെ ഇപ്പോള്‍ ക്ഷണിക്കുന്നത്.

കൊവിഡ് ആരുടെയും കുറ്റമായിരുന്നില്ല. വിശ്വാസികള്‍ എക്കാലത്തും അത് അവരുടെ സര്‍വേശ്വരന്റെ തീരുമാനമായി കണ്ട് ശാന്തിയെ സ്വയം വരിച്ചു. ശിക്ഷിക്കുന്ന നാഥന്‍ രക്ഷിക്കുകയും ചെയ്യും എന്ന ദൃഢമായ ഉറപ്പാണല്ലോ വിശ്വാസി ജീവിതത്തിന്റെ കാതല്‍. അവിശ്വാസികള്‍ അതിനെ മനുഷ്യനും വൈറസും തമ്മിലെ തുറന്ന യുദ്ധമായി കണ്ടു. അന്നോളം സമാഹരിച്ച ജ്ഞാനങ്ങളെ അവന്‍ വൈറസിനെതിരെ തിരിച്ചുനിര്‍ത്തി. ആരും ജയിക്കാത്ത യുദ്ധമായിരുന്നു അത്. വൈറസ്, അത്‌സംബന്ധിച്ച പഠനങ്ങളും ശാസ്ത്ര സിദ്ധാന്തങ്ങളും മുന്നേ പറഞ്ഞതുപോലെ അതിന്റെ പരിക്രമണം ഒരു മാറ്റവുമില്ലാതെ പൂര്‍ത്തിയാക്കി. മനുഷ്യന്റെ ജ്ഞാനത്തിന്, അതിന്റെ പരകോടിയായ ശാസ്ത്രത്തിന് ആകെ ചെയ്യാന്‍ കഴിഞ്ഞത് വൈറസ് മനുഷ്യ ശരീരത്തില്‍ സൃഷ്ടിക്കാവുന്ന ആഘാതത്തിന് വളരെ സാധാരണമായ ചില തടയലുകള്‍ ഏര്‍പ്പാടാക്കുക എന്നത് മാത്രമായിരുന്നു. നാമതിനെ വാക്‌സിന്‍ എന്ന് വിളിച്ചു. മറ്റൊന്ന് ഈ വൈറസ് പിടികൂടാതെ അകന്നുമാറുക എന്നതായിരുന്നു. സമ്പര്‍ക്ക വിലക്കും മുഖമറയും എല്ലാം അതിനെ അല്പം സഹായിച്ചു. പക്ഷേ, വൈറസ് വാഴാന്‍ വന്നിടത്തൊക്കെ അത് വാഴുക തന്നെ ചെയ്തു. സ്വയം പിന്‍വാങ്ങും വരെ മനുഷ്യര്‍ നിസ്സഹായരായി. അടിസ്ഥാനപരമായി നിസ്സഹായവും നിരാലംബവുമാണ് നമ്മുടെ ജീവിതങ്ങളെന്ന് മനുഷ്യന്‍ എന്ന ജീവിവര്‍ഗത്തെ അത് ബോധ്യപ്പെടുത്തി. വിവേകത്തിന്റെ പ്രകാശം ലഭിച്ചവര്‍ മാത്രമേ അത് മനസിലാക്കിയുള്ളൂ എങ്കിലും. കൊവിഡില്‍ നിന്ന് പഠിക്കേണ്ട ആദ്യ പാഠവും അതാണ്. മനുഷ്യന്റെ ജീവിത പദ്ധതിയുടെ വിധാതാവ് മനുഷ്യന്‍ എന്ന ജീവിവര്‍ഗം മാത്രമല്ല എന്നും മനുഷ്യന്‍ എന്നത് ഈ പ്രപഞ്ചത്തിന്റെ പദ്ധതിക്കനുസരിച്ച് നീങ്ങുന്ന, നീങ്ങേണ്ട ഒരു വര്‍ഗം മാത്രമാണെന്നും കൊവിഡ് പഠിപ്പിച്ചു. പഠിപ്പിച്ചു എന്നതിന് ആര് പഠിച്ചു എന്ന് അര്‍ഥമില്ല. മനുഷ്യരേ നിങ്ങളുടെ ദീര്‍ഘകാല പദ്ധതികള്‍, നിങ്ങള്‍ കുമിഞ്ഞുകൂട്ടുന്ന പണം, നിങ്ങളുടെ സഹജീവിയെ ദരിദ്രനാക്കി നിങ്ങള്‍ നേടുന്ന കണക്കറ്റ സമ്പത്ത്, നിങ്ങള്‍ വെട്ടിപ്പിടിക്കുന്ന സാമ്രാജ്യങ്ങള്‍, നിങ്ങള്‍ നടത്തുന്ന അവസാനമില്ലാത്ത പരാക്രമങ്ങള്‍, ആര്‍ക്കും പങ്കുവെക്കാതെ നിങ്ങള്‍ പൊതിഞ്ഞു പിടിക്കുന്ന സ്വത്ത്, നിങ്ങളുടെ നാളെയെക്കുറിച്ചുള്ള മോഹങ്ങള്‍, ഞാന്‍ ഞാന്‍ എന്ന് ആത്മാവില്‍ അഹങ്കരിച്ച് നടത്തുന്ന പടയോട്ടങ്ങള്‍, കാപട്യങ്ങള്‍, നിങ്ങള്‍ക്കുചുറ്റും നിങ്ങള്‍ പണവും അധികാരവും എറിഞ്ഞ് സൃഷ്ടിച്ച പ്രകാശവലയങ്ങള്‍- എല്ലാം നിശ്ചലമാകാന്‍ ഒരു കുഞ്ഞന്‍ വൈറസിന്റെ ഉന്മാദം മതി എന്ന പാഠം. പങ്കു വെക്കൂ, ആ പങ്കുവെപ്പുകള്‍ അനേകം കണ്ണുകളില്‍ സൃഷ്ടിക്കുന്ന ആശ്വാസത്തിന്റെ പ്രകാശത്തെ കണ്ട് ആനന്ദിക്കൂ എന്ന പാഠം. ഇതെല്ലാമാണ് കൊവിഡ് പഠിപ്പിച്ച ഒന്നാം പാഠം. പറഞ്ഞല്ലോ, മനുഷ്യര്‍ പഠിച്ച എന്നല്ല, കൊവിഡ് പഠിപ്പിച്ച എന്നാണ് വായിക്കേണ്ടത്.

മനുഷ്യര്‍ പാര്‍ക്കുന്ന ലോകത്തിന്റെ അനന്ത വൈചിത്ര്യങ്ങളെ കൊവിഡ് നമുക്ക് മുന്നില്‍ തുറന്നിട്ടു. എന്താണ് അഭിവൃദ്ധി എന്ന ചോദ്യത്തിന് ഇതുവരെ നല്‍കപ്പെട്ട ഉത്തരങ്ങളുടെ അര്‍ഥശൂന്യതയെ അത് വെളിപ്പെടുത്തി. ഭൗതിക അഭിവൃദ്ധി എന്ന കെട്ടുകാഴ്ചകളുടെ പൊള്ളത്തരങ്ങളും അത്തരം അഭിവൃദ്ധികള്‍ ആത്യന്തികമായി സൃഷ്ടിക്കുന്ന മനുഷ്യത്വരാഹിത്യവും കൊവിഡ് പഠിപ്പിച്ചു. അമേരിക്കയായിരുന്നു ഒന്നാം ഉദാഹരണം. ലോകത്ത് ഏറ്റവുമേറെ ഭൗതികാഭിവൃദ്ധിയും സൈന്യബലവും അവകാശപ്പെടുകയും അതില്‍ അന്തരാ അഭിമാനിക്കുകയും ചെയ്യുന്ന ജനതയാണ് അമേരിക്കന്‍ ഐക്യനാടുകള്‍. ഈ ഭൗതികാഭിവൃദ്ധിക്ക് നിദാനമായി അവരും ലോകവും മനസിലാക്കുന്നത് മുതലാളിത്തം എന്ന സാമ്പത്തികാശയത്തെയാണ്. ലാഭമാണ് മുതലാളിത്തത്തിന്റെ അടിത്തറ. ലാഭകേന്ദ്രിതമാണ് അതിന്റെ സാമ്പത്തിക ദര്‍ശനം. ലാഭം എന്നത് ചൂഷണവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണ്. സഹജീവിതത്തെയും സഹജീവികളെയും പരിഗണിക്കാത്ത ലാഭേച്ഛ ചൂഷണത്തിലേക്കാണ് നയിക്കുക. മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏതെങ്കിലും ദര്‍ശനത്തിന്റെ അഥവാ ജീവിത പദ്ധതിയുടെ അഭാവത്തില്‍ ലാഭേച്ഛ മനുഷ്യവിരുദ്ധമാകും. അങ്ങനെ മനുഷ്യരെ ബന്ധിപ്പിക്കുന്ന പദ്ധതികള്‍ക്ക്, അത് മതമാവാം രാഷ്ട്രീയ ആശയമാവാം, യാതൊരു വേരോട്ടവുമില്ലാത്ത ജനതയാണ് അമേരിക്ക. തീവ്രമുതലാളിത്തം അത്തരം ബന്ധിപ്പിക്കലുകളെ റദ്ദാക്കുന്ന ഒന്നാണ്.
നോക്കൂ, ഈ മഹാമാരിയെ അമേരിക്കന്‍ ഐക്യനാടുകള്‍ നേരിട്ട വിധം. വൈദ്യശാസ്ത്രം ഉള്‍പ്പടെയുള്ള മേഖലകളില്‍ വന്‍കുതിപ്പ് നേടിയ രാഷ്ട്രമാണല്ലോ അത്. ആളോഹരി വരുമാനത്തില്‍ ബഹുകാതം മുന്നില്‍. ഡൊണാള്‍ഡ് ട്രംപിന്റെ വിഹാരകാലത്താണ് കൊവിഡ് പടരുന്നത്. നിന്ന നില്‍പില്‍ പകച്ചുപോകുന്ന ഒരു രാഷ്ട്രത്തെയാണ് നാം പിന്നെ അമേരിക്കയില്‍ കണ്ടത്. മഹാമാരി എന്നത് ഒരു വ്യക്തിഗത ആരോഗ്യ പ്രശ്‌നമല്ല. അതൊരു സാമൂഹിക രോഗബാധയാണ്. മുതലാളിത്തം, പ്രത്യേകിച്ച് അമേരിക്ക മാതൃകയാക്കുന്ന തീവ്രമുതലാളിത്തം, വ്യക്തിയെ ഊന്നുന്ന ഒന്നാണ്. നിങ്ങള്‍ക്കറിയാം കോർപറേറ്റുകള്‍ നിയമത്തിന്റെ വ്യക്തികളാണ്. അമേരിക്കന്‍ ഐക്യനാടുകളുടെ സമീപനവും കോര്‍പറേറ്റിസത്തിന്റേതാണ്. സ്വാഭാവികമായും അത് വ്യക്തികളിലേക്ക് ഊന്നി. രോഗം വരാതിരിക്കേണ്ടത് വ്യക്തിയുടെ ബാധ്യതയായി. ആരോഗ്യ സംവിധാനങ്ങള്‍ വൈയക്തിക രോഗശാന്തിയില്‍ ഊന്നി. കൊവിഡ് പടര്‍ച്ച ജനതയില്‍ സൃഷ്ടിക്കുന്ന മറ്റ് തരം പ്രശ്‌നങ്ങളെ അമേരിക്ക ഒരിക്കല്‍ പോലും സംബോധന ചെയ്തില്ല. മറിച്ച് വ്യാപാര സ്തംഭനം പോലെ കോര്‍പറേറ്റുകളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ആ ഭരണകൂടം ജാഗരൂകമായി. അമേരിക്കയില്‍ കോര്‍പറേറ്റുകള്‍ പൗരരെക്കാള്‍ മുന്തിയ വ്യക്തികളാണ്. എല്ലാ മുതലാളിത്ത രാഷ്ട്രങ്ങളിലും അങ്ങനെത്തന്നെയാണ്. അതിനാല്‍ സമ്പര്‍ക്ക വിലക്ക് പോലെ വ്യാപാരത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അമേരിക്ക പൗരവിരുദ്ധമായ തീരുമാനങ്ങള്‍ കൈക്കൊണ്ടു. ഫലം മരണസംഖ്യ കുതിച്ചുയര്‍ന്നു. നോം ചോംസ്‌കിയെപ്പോലുള്ള സാമൂഹ്യ ചിന്തകര്‍ ഭരണകൂടത്തിനെതിരെ രംഗത്തു വന്നു. കൊവിഡ് തകര്‍ത്തുകളഞ്ഞ അടിസ്ഥാന ജനതയെക്കുറിച്ച് അമേരിക്ക തെല്ലും ആശങ്കപ്പെട്ടില്ല. ഫലം, കൊവിഡ് ഒഴിഞ്ഞുപോയപ്പോള്‍ കോര്‍പറേറ്റുകള്‍ തരിമ്പും കൂസാതെ തലയുയർത്തി നില്‍ക്കുന്നു. ഉപജീവനം പലതരത്തില്‍ മുട്ടിപ്പോയ ലക്ഷങ്ങള്‍ തെരുവിലായി.
കൊവിഡ് പഠിപ്പിച്ച മറ്റൊരു പാഠം മനുഷ്യജീവിതവും അടിത്തട്ട് സാമൂഹികതയും തമ്മിലെ അനിവാര്യമായ പാരസ്പര്യമാണ്. കേരളം ആണത് തെളിയിച്ചത്. നമുക്കിപ്പോള്‍ വ്യക്തമാകുന്നതുപോലെ കൊവിഡ് കേരളത്തെ സ്പര്‍ശിക്കാതെ പോയൊന്നുമില്ല. പലതലങ്ങളില്‍ പലരും അവകാശപ്പെട്ടതുപോലെ കേരളം കൊവിഡിനെ പിടിച്ചുകെട്ടിയുമില്ല. രണ്ടും മൂന്ന് തരംഗങ്ങളില്‍ മഹാമാരി കേരളത്തെ പിടികൂടുക തന്നെ ചെയ്തു. ആളുകള്‍ മരിക്കുകയും ചെയ്തു. പിന്നെ എന്താണ് വികസിത മുതലാളിത്ത രാജ്യമായ അമേരിക്കയില്‍ നിന്ന് ഒരു തുണ്ടുഭൂപ്രദേശം മാത്രമായ, ഫെഡറല്‍ ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തെ വേറിട്ട് നിര്‍ത്തുന്നത്?
ഒന്നാമതായി ഈ മഹാമാരിയുടെ ആഘാതം അനിവാര്യതയാണെന്ന് സംസ്ഥാനം തിരിച്ചറിയുകയും അത് നീട്ടിവെക്കാനുള്ള തന്ത്രപരമായ ഇടപെടല്‍ നടത്തുകയും ചെയ്തു. നീട്ടിവെക്കാനായി കണ്ടെത്തിയ വഴി അടിത്തട്ട് സാമൂഹികതയായിരുന്നു. അതായത് കേരളം കൊവിഡിനെ ഒരു സാമൂഹിക പ്രശ്‌നമായി, സാമൂഹിക മഹാമാരിയായി മനസിലാക്കുകയും അതിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്തു. അതൊരു വലിയ ലോകമാതൃകയായിരുന്നു. മാത്രവുമല്ല, കൊവിഡ് പ്രതിരോധത്തെ ഒരു സാമൂഹിക പ്രവര്‍ത്തനമായി പരിവര്‍ത്തിപ്പിക്കുക വഴി സാമൂഹിക സുരക്ഷ എന്ന വലിയ ആശയത്തെ പ്രയോഗവത്കരിക്കുകയും ചെയ്തു. പില്‍ക്കാലത്ത് പരിഹസിക്കപ്പെട്ടെങ്കിലും കൊവിഡ് കാലത്തെ സാമൂഹിക അടുക്കള, അടിത്തട്ട് സാമൂഹികത എന്ന വിശാലവും തേജസ്സാര്‍ന്നതുമായ ആശയത്തിന്റെ അഗാധതയുള്ള ആവിഷ്‌കാരമായിരുന്നു. അത്തരത്തില്‍ ചിന്തിക്കാന്‍ കഴിയുന്ന ഭരണകൂടങ്ങള്‍ വ്യാപിക്കണം എന്ന സന്ദേശം ആ കൊവിഡ് കാലം പ്രസരിപ്പിക്കുന്നുണ്ട്. എല്ലാവര്‍ക്കും വന്നു എന്ന കണക്കുനിരത്തി, മരണസംഖ്യ കൂടി എന്ന വാദമുയര്‍ത്തി നിഷ്പ്രഭമാക്കാവുന്നതല്ല കൊവിഡ് കാലത്ത് കേരളം അതിന്റെ സാമൂഹിക ഉള്‍ബലത്തെ പലരൂപത്തില്‍ പ്രകാശിപ്പിച്ച നടപടികള്‍.
എല്ലാ കാലവുമെന്ന പോലെ പില്‍ക്കാല ബഹളങ്ങള്‍ അക്കാലത്തെയും ഒരുപക്ഷേ, വിസ്മൃതമാക്കിയിട്ടുണ്ടാകാം. പക്ഷേ, നവോത്ഥാനത്തെ എന്നപോലെ നാം വിസ്മരിക്കരുതാത്ത, വിസ്മരിക്കാന്‍ അനുവദിക്കരുതാത്ത ഒന്നാണ് കൊവിഡ് ആദ്യ നാളുകളിലെ കേരളം. അന്ന് അതൊക്കെ എന്തിനായിരുന്നു എന്ന് ഇപ്പോള്‍ നിരുത്തരവാദപരമായി ചോദിക്കാം. ഏറ്റവും ഏറെ രോഗസാധ്യത ഉള്ള ഒരു ആഗോള സമൂഹമാണ് കേരളം എന്നതാണ് അതിന്റെ ഉത്തരം. മനുഷ്യരെ ചേര്‍ത്തുപിടിക്കുന്ന, അവരോട് കരുതലുള്ള, മനുഷ്യര്‍ക്ക് വിശക്കുമെന്ന് അറിയുന്ന ഒരു ഭരണകൂടം സാധ്യമാണ് എന്ന പ്രഖ്യാപനവും ആ കേരളത്തിലുണ്ടായിരുന്നു. ലോകത്തില്‍ അതിന് സമാനതകളില്ല താനും.

മറ്റൊന്ന്, മഹാമാരിക്ക് മുന്നില്‍ ക്രൂരമാം വിധം ലാഭാര്‍ത്തരാകാന്‍ മനുഷ്യര്‍ക്ക് എങ്ങനെ സാധിക്കും എന്ന ചിന്തയാണ്. നോക്കൂ, കൊവിഡ് ആദ്യാനുഭവമാണ്. മഹാമാരികള്‍ ഒന്നും ഈ തലമുറ അനുഭവിച്ചിട്ടില്ല. മഹായുദ്ധങ്ങളും അഭിമുഖീകരിച്ചിട്ടില്ല. ലോകം എന്തായിത്തീരും എന്ന് ഒരെത്തും പിടിയുമില്ല. ഏറ്റവും അപകടകരമായ ഭാവനയില്‍ പോലും സംഭവിച്ചിട്ടില്ലാത്ത അടച്ചിടല്‍ യാഥാർത്ഥ്യമായി. മനുഷ്യ ജീവിതം അടഞ്ഞുതന്നെ തുടരുമെന്ന ഭീതി പടര്‍ന്നു. ഒരു ശാസ്ത്രത്തിനും പിടിനല്‍കാതെ വൈറസ് പലരൂപത്തില്‍ പടര്‍ന്നു. വെട്ടിപ്പിടിച്ചതും കെട്ടിപ്പടുത്തതും എല്ലാം നിഷ്ഫലമെന്ന തോന്നല്‍. ലോകത്തിന് തീപിടിക്കുന്നു എന്ന മട്ട്. പക്ഷേ, അപ്പോഴും ചിലര്‍, കേര്‍പറേറ്റിസം ധനാര്‍ത്തിയാല്‍ അന്ധരാക്കിയ ഒരു വര്‍ഗം ഈ കൊടും പ്രതിസന്ധിയില്‍ നിന്ന് കൊള്ളലാഭം കൊയ്തു. കൊവിഡ് പ്രതിരോധത്തിന്റെ അടിത്തറയായ മാസ്‌കില്‍ തുടങ്ങി വാക്‌സിന്‍ വരെ അത് നീണ്ടു. ഈ കുറിപ്പെഴുതുന്ന ഇന്ന് നാല് സര്‍ജിക്കല്‍ മാസ്‌കിന് 10 രൂപയാണ് വില. കേള്‍ക്കൂ, സര്‍ജിക്കല്‍ മാസ്‌കിന്റെ ഇന്നത്തെ വില. എന്‍. 95 എന്ന് പേര് ചാര്‍ത്തപ്പെട്ട മാസ്‌കിന് 10 മുതല്‍ 25 വരെ. ഇതേ സാധനങ്ങള്‍ക്ക് കൊടും പ്രതിസന്ധിയുടെ ആദ്യ നാളുകളില്‍ എന്തായിരുന്നു വില? എന്തിനാണവര്‍ അത്രയും വിലയിട്ടത്? ആ ലാഭം കൊണ്ട് മഹാമാരി വിഴുങ്ങിയ ലോകത്ത് എന്ത് ചെയ്യാനാണ് അവര്‍ വിചാരിച്ചിരുന്നത്?
ലാബുകളെ ഓര്‍ക്കുക. പ്രാദേശികമാണ് അവരുടെ വേരുകള്‍. എന്നിട്ടും എന്തടിസ്ഥാനത്തിലാണ് അവര്‍ ആ രണ്ടു തരം ടെസ്റ്റുകളുടെ നിരക്ക് അവരന്ന് അങ്ങനെ നിശ്ചയിച്ചത്. സ്വന്തം പ്രദേശവാസികളെ ഇങ്ങനെ കൊള്ളയടിച്ച് എന്താണ് അവര്‍ നേടിയത്?

വാക്‌സിന്‍കാരെക്കുറിച്ച് സംസാരിക്കുന്നില്ല. നീതി ചെയ്യാന്‍ കിട്ടിയ ഒരവസരം അവര്‍ നഷ്ടപ്പെടുത്തുകയും അനീതിയുടെ വന്‍മാളികകളില്‍ ചെന്നുപറ്റുകയും ചെയ്തു.
അവരെന്ത് നേടും എന്നതാണ് കാലത്തിന്റെ ചോദ്യം. വിശ്വാസികള്‍ പറയും കണക്ക് ബോധിപ്പിക്കേണ്ടി വരുമെന്ന്. അവിശ്വാസികളും അതു തന്നെ പറയും.
ഇങ്ങനെ പലതരം ബോധ്യങ്ങള്‍ കൂടിയാണ് ഇപ്പോള്‍ പിന്‍വാങ്ങിയ മഹാമാരി ബാക്കിവെച്ചത്.

കെ കെ ജോഷി

You must be logged in to post a comment Login