ജീവിതത്തിന്റെ ചട്ടക്കൂട്

ജീവിതത്തിന്റെ ചട്ടക്കൂട്

മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ ചില വിശ്വാസങ്ങളെ നെഞ്ചിലേറ്റുകയും കർമങ്ങളെ മുറുകെപ്പിടിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ വിശ്വാസിയല്ല എന്നുപറയുന്നവര്‍ പോലും വിശ്വാസിയുടെ വിശ്വാസം തെറ്റാണെന്ന് വിശ്വസിക്കുന്നു. ഒന്ന് തെറ്റാണെന്ന വിശ്വാസം സ്വാഭാവികമായും മറ്റേത് അഥവാ തന്റേത് മാത്രം ശരിയാണെന്ന ഉറച്ച വിശ്വാസമാണല്ലോ. അതുകൊണ്ടുതന്നെ മതമെന്ന പേരില്‍ ചിലര്‍ ചിലത് വിശ്വസിക്കുന്നു. ചിലര്‍ മതരഹിതമെന്ന പേരിലോ മതവിരുദ്ധമെന്ന പേരിലോ ചിലത് വിശ്വസിക്കുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നവരും ദൈവമില്ലായ്മയില്‍ വിശ്വസിക്കുന്നവരും ചില വിശ്വാസത്തിന്റെ അടിമയാണെന്നുപറയാം. രണ്ടും ഒരർഥത്തില്‍ വ്യത്യസ്ത മതമോ വീക്ഷണമോ പ്രത്യയശാസ്ത്രമോ ആണെന്നും പറയാം. മതങ്ങളെ വിമര്‍ശിക്കാന്‍ ചില ഇസങ്ങള്‍ തയാറാകാറുണ്ട്. മതത്തില്‍ വിശ്വസിക്കുന്നവര്‍ മതങ്ങളുടെ അടിമകളാണെന്നും പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ പ്രത്യയശാസ്ത്ര വിശ്വാസികളും നൂറുകൂട്ടം വിശ്വാസങ്ങളാല്‍ ബന്ധിക്കപ്പെട്ടവരാണെന്ന് മനസിലാക്കാന്‍ അധികം ചിന്തിക്കേണ്ടി വരില്ല. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പറയുന്നതെല്ലാം വിശ്വസിക്കാന്‍ വിധിക്കപ്പെട്ടവരാണല്ലോ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍. മതങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചുപുറത്തുവരാന്‍ ആഹ്വാനം ചെയ്യുന്നവര്‍ മതമില്ലായ്മയുടെ മതത്തിലേക്കും ചങ്ങലകളിലേക്കും കടന്നുവരാനാണ് ആഹ്വാനം നല്കുന്നതെന്നർഥം(1).
ഇത് മതങ്ങളുടെയോ ഇസങ്ങളുടെയോ ഒരു പ്രശ്‌നമല്ല. മനുഷ്യന്റെ അടിസ്ഥാന സ്വഭാവമാണ്. മനുഷ്യന് വിശ്വാസ രഹിതമായി ഒരിക്കലും ജീവിക്കാനാകില്ല. സ്രഷ്ടാവിനെക്കുറിച്ച്, ചുറ്റുപാടുകളെക്കുറിച്ച്, സഹജീവികളെക്കുറിച്ച്, മൂല്യങ്ങളെക്കുറിച്ച്, ആശയധാരകളെക്കുറിച്ച്, പഞ്ചേന്ദ്രിയങ്ങള്‍ക്ക് വിധേയമായതും വിധേയമാകാത്തതിനെയും കുറിച്ച്-എല്ലാം വിശ്വസിക്കുന്നു. ഓരോ ദിവസവും വ്യത്യസ്ത വിശ്വാസങ്ങള്‍ മനുഷ്യനെ വഴിനടത്തുന്നു. ചിലപ്പോഴത് പരാജയത്തിലേക്കും ചിലപ്പോള്‍ വിജയത്തിലേക്കുമായിരിക്കും. (2)

അടിസ്ഥാന സ്വഭാവമായ മനുഷ്യന്റെ വിശ്വാസം സംസ്കരിച്ച് ഈ ലോകത്തും പരലോകത്തും ശാശ്വത വിജയത്തിലേക്കെത്തിക്കുക എന്ന അടിസ്ഥാന ധർമമാണ് ഇസ്‌ലാം നിർവഹിക്കുന്നത്. ഈ വിജയമാണ് മനുഷ്യന്റെ പരമമായ ലക്ഷ്യം. മനുഷ്യന്‍ ഇഹലോകത്ത് വ്യത്യസ്ത രൂപങ്ങളിലും ശൈലികളിലുമാണ് ജീവിക്കുന്നത്. ഉദാഹരണത്തിന്, ചിലര്‍ അക്രമികളും മറ്റുചിലര്‍ അക്രമിക്കപ്പെട്ടവരുമാകുന്നു. അക്രമിക്കപ്പെട്ടവർക്ക് ഒരിക്കലെങ്കിലും നീതി കിട്ടാതെ അവർ പൂര്‍ണമായും നശിച്ചുപോകുകയും അക്രമിച്ചവന് ഒരിക്കലും ശിക്ഷ ലഭിക്കാതെപോവുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് അനീതിയാണ്. നീതിബോധമുള്ള മനുഷ്യന് അംഗീകരിക്കാനുമാവില്ല. അര്‍ഹതയുള്ളവര്‍ക്ക് അര്‍ഹതപ്പെട്ടത് ലഭിക്കുന്ന ഒരു സങ്കേതവും ലോകവും വേണം-ഇസ്‌ലാം അതിനെ ഒറ്റവാക്കില്‍ ആലമുല്‍ ആഖിര്‍ അഥവാ പരലോകം എന്നുവിളിക്കുന്നു.(3) ഈ പരലോകത്തെക്കുറിച്ചുള്ള അചഞ്ചലമായ വിശ്വാസം ഏതു മനുഷ്യനെയും അക്രമത്തില്‍ നിന്ന് പിന്നോട്ടുനയിക്കുകയും അക്രമിക്കപ്പെട്ടവന് മാനസികാശ്വാസം നല്‍കുകയും ചെയ്യും. എല്ലാം കാണുകയും കേള്‍ക്കുകയും നിയന്ത്രിക്കുകയും നീതിനടപ്പാക്കുകയും ചെയ്യുന്ന പരമകാരുണ്യവാനായ ഒരു സ്രഷ്ടാവില്‍ വിശ്വസിക്കുന്ന ഒരു വിശ്വാസിയുടെ ഹൃദയത്തിന്റെ സന്തോഷം ഒന്നാലോചിച്ചു നോക്കൂ..! ഇങ്ങനെ ഇസ്‌ലാം അനുശാസിക്കുന്ന ഓരോ വിശ്വാസവും മനുഷ്യന് സന്തോഷവും വിജയവും നല്‍കുന്നു. ആത്മബലം നല്‍കി മനുഷ്യനെ വളര്‍ത്തുന്നു. ഇസ്‌ലാമിലെ വിശ്വാസ കാര്യങ്ങള്‍ മനുഷ്യന് ആത്യന്തിക വിജയം പ്രദാനം ചെയ്യുന്നതിന്റെ ഒരു രൂപം മാത്രമാണിത്. ഇത്തരം കറകളഞ്ഞ വിശ്വാസത്തോടൊപ്പം സത്കർമങ്ങള്‍കൂടിയുണ്ടാവുമ്പോഴാണ് സുന്ദരമായ ജീവിതം അഥവാ ജീവിത വിജയം നേടാനാവുന്നതെന്നു ഖുര്‍ആന്‍ പഠിപ്പിച്ചു. ജീവിത വിജയം എന്ന മനുഷ്യന്റെ അടിസ്ഥാനാവശ്യത്തോടുള്ള ഇസ്‌ലാമിന്റെ പ്രാഥമിക നിലപാടും ഇതു തന്നെയാണ്. ഖുര്‍ആന്‍ പറയുന്നു: “”ആണോ പെണ്ണോ സത്യവിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് സദ്കർമങ്ങൾ ചെയ്യുന്ന പക്ഷം ആ വ്യക്തിയെ നാം നല്ലൊരു ജീവിതം നല്‍കി വളര്‍ത്തുന്നതാണ്. അവർ പ്രവർത്തിച്ച കാര്യങ്ങളില്‍നിന്ന് നല്ലതിനുള്ള പ്രതിഫലം തീർച്ചയായും നാം അവർക്ക് നൽകുകയും ചെയ്യും”. (4) “എന്റെ പക്കൽ നിന്നുള്ള സന്മാർഗവഴി നിങ്ങളിലേക്കെത്തുമ്പോള്‍ അത് പിന്‍പറ്റുന്നവര്‍ പിഴച്ച് പോകുകയില്ല, ഒരിക്കലും കഷ്ടപ്പെടുകയുമില്ല. എന്നാല്‍, എന്റെ ഉദ്ബോധനത്തെ ആരെങ്കിലും അവഗണിക്കുന്നുവെങ്കില്‍ അവന്ന് കുടുസ്സായ ജീവിതമാണുണ്ടായിരിക്കുക. പരലോകത്തും അവന്‍ സദ്കർമങ്ങളൊന്നും കാണാന്‍ കഴിയാത്തവനായി പുനരുജ്ജീവിപ്പിക്കപ്പെടും.” (5)

എന്താണ് പ്രവാചകന്മാരുടെ അടിസ്ഥാന ദൗത്യമെന്നതിനും ഉത്തരം ഇതാണ്-മനുഷ്യന്റെ ജീവിതവിജയം സാധ്യമാക്കുക. ഓരോ പ്രവാചകനും ലോകത്തോട് പറഞ്ഞത് ഇതിനാവശ്യമായ കാര്യങ്ങളായിരുന്നു. അവസാനം വന്ന മുഹമ്മദ് റസൂൽ(സ്വ) ലോകത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും സുന്ദരമായ ജീവിതം പ്രദാനം ചെയ്യാന്‍ വേണ്ടി മാത്രമാണ് വന്നത്. ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: “നിങ്ങളെ ജീവസ്സുറ്റതാക്കുന്ന കാര്യങ്ങളിലേക്ക് വിളിക്കുമ്പോൾ സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനും അവന്റെ പ്രവാചകനും ഉത്തരം നൽകുക.”(6) ഇവിടെ ഖുര്‍ആന്‍ പ്രയോഗിച്ചത് “ലിമാ യുഹ്്യീകും’ എന്നാണ്. മലയാളത്തില്‍ ഒറ്റവാക്കില്‍ ഇതിന്റെ വ്യാപകാർഥം തരുന്ന പദം കണ്ടെത്താന്‍ പ്രയാസമാണ്. എല്ലാ നിലക്കും മനുഷ്യന് ജീവനും ജീവിതവും തരുന്ന കാര്യങ്ങളിലേക്കാണ് അല്ലാഹുവും റസൂലും വിളിക്കുന്നതെന്ന് ഈ പ്രയോഗത്തെ സംഗ്രഹിക്കാം. അഥവാ അല്ലാഹുവിനും അവന്റെ ദൂതനും പൂര്‍ണാർഥത്തില്‍ ഉത്തരം നൽകുന്നവർക്ക് ഇരുലോകത്തും പൂർണ സന്തോഷമായിരിക്കുമെന്നും യാതൊരു ദുഃഖമോ ഭയമോ ഉണ്ടാകില്ലെന്നും ഖുര്‍ആന്‍ പറയുന്നു. ദുഃഖവും ഭയവുമില്ലാത്ത ജീവിതമാണ് യഥാര്‍ത്ഥത്തില്‍ ജീവിത വിജയമെന്ന് പറയുന്നതും. വിജയത്തെ നിര്‍വചിച്ചവരെല്ലാം അവസാനം എത്തിപ്പെട്ട ആശയം ഇതായിരുന്നല്ലോ. ഖുര്‍ആന്‍ പറയുന്നു: “അറിയുക: തീര്‍ച്ചയാണ്! അല്ലാഹുവിനെ അനുസരിച്ചവര്‍ക്ക് യാതൊരു ഭയവുമില്ല. അവർ ഒരിക്കലും ദുഃഖിക്കേണ്ടി വരികയുമില്ല. അവര്‍ സത്യവിശ്വാസം സ്വീകരിക്കുകയും പ്രവര്‍ത്തനങ്ങളില്‍ സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരായിരുന്നു. അവർക്കാണ് ഇഹലോകത്തും പരലോകത്തും സന്തോഷത്തിന്റെ സന്ദേശമുള്ളത്. അല്ലാഹുവിന്റെ വചനങ്ങൾക്ക് യാതൊരു മാറ്റവുമില്ല. ആ സന്തോഷത്തിന്റെ സന്ദേശം തന്നെയാണ് അത്യുന്നതമായ വിജയമെന്ന് പറയുന്നത്’. (7) ഇങ്ങനെ ജീവിതവിജയം സമ്മാനിക്കാന്‍വേണ്ടി അല്ലാഹു സംവിധാനിച്ച വിശ്വാസകാര്യങ്ങളുടെയും നിയമവ്യവസ്ഥിതിയുടെയും കര്‍മപദ്ധതിയുടെയും പേരാണ് ദീന്‍ അല്ലെങ്കില്‍ ശരീഅത്ത് അതുമല്ലെങ്കില്‍ മില്ലത്ത് എന്നു പറയുന്നത്.

അഥവാ മനുഷ്യവംശത്തിന്റെ വിജയത്തിന് വേണ്ടി സ്രഷ്ടാവായ അല്ലാഹു സംവിധാനിച്ച വിശ്വാസകർമ കാര്യങ്ങള്‍ മൂന്നുപേരില്‍ അറിയപ്പെടുന്നു. ഒന്ന് ഇസ്‌ലാം ദീന്‍ അല്ലെങ്കില്‍ ഇസ്‌ലാം മതം. രണ്ട്, ഇസ്‌ലാമിക ശരീഅത്. മൂന്ന്, മില്ലത്. മൂന്നും ഒരേ കാര്യത്തെ കുറിക്കാനുള്ളതാണെങ്കിലും വ്യത്യസ്ത സാഹചര്യങ്ങളിലാണ് പ്രയോഗിക്കപ്പെടുക എന്നുമാത്രം. ഇമാം ഇബ്‌നു ഹജര്‍ (റ) പറഞ്ഞത് മനുഷ്യരെല്ലാം ഈ നിയമ വ്യവസ്ഥിതിക്ക് കീഴൊതുങ്ങി ജീവിക്കുന്നുവെന്ന അർഥത്തില്‍ ദീന്‍ എന്നും ജനങ്ങളെല്ലാം ഒരു പ്രത്യേക ആശയധാരക്ക് താഴെ അണിനിരക്കുന്നുവെന്ന അർഥത്തില്‍ മില്ലത് എന്നും മനുഷ്യരെ നശിപ്പിക്കുന്നകാര്യങ്ങളില്‍നിന്നും ഈ വ്യവസ്ഥിതി സംരക്ഷണം നല്കുന്നുവെന്ന അർഥത്തില്‍ ശരീഅത് എന്നും പറയുമെന്നാണ്.(8) ഈ മൂന്ന് സാങ്കേതിക പദങ്ങള്‍ക്കിടയില്‍ വേറെയും അർഥവ്യത്യാസങ്ങള്‍ പറഞ്ഞവരുണ്ടെങ്കിലും ആത്യന്തികമായി മൂന്നിന്റേയും ഉദ്ദേശ്യം ഒന്നുതന്നെയെന്ന് എല്ലാവരും പറഞ്ഞു.(9) ചുരുക്കത്തില്‍ മനുഷ്യന് പൂർണവിജയവും സന്തോഷവും നൽകാന്‍ അല്ലാഹു സംവിധാനിച്ചതാണ് ഇസ്‌ലാം മതം അല്ലെങ്കില്‍ ശരീഅത്. ചിലരെങ്കിലും തെറ്റിദ്ധരിച്ചതുപോലെ ഇസ്‌ലാമും ശരീഅതും രണ്ടല്ല എന്ന് സാന്ദര്‍ഭികമായി മനസിലാക്കണം.(10)
ദീനും ശരീഅതും അല്ലാഹുവിന്റെ മൊത്തം സംവിധാനങ്ങളാണ്. അതില്‍നിന്ന് കർമ കാര്യങ്ങളെമാത്രം പ്രധിനിധീകരിക്കുന്നതാണ് ഫിഖ്ഹ്.(11) രണ്ടുകാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. ഒന്ന്; മനുഷ്യന്‍ അവന്റെ സ്വപ്രേരണ നിമിത്തം പല കർമങ്ങളും ചെയ്യും- ഇതില്‍ നല്ലതും ചീത്തയും വേര്‍തിരിച്ച് മനുഷ്യന് നല്ലതുമാത്രം പഠിപ്പിക്കുകയും അല്ലാത്തതെല്ലാം ഒഴിവാക്കാന്‍ കല്‍പ്പിക്കുകയും വേണം. രണ്ടാമത്തെ കാര്യം, മനുഷ്യന്റെ സ്വപ്രേരണയില്ലാത്ത ധാരാളം കര്‍മങ്ങള്‍ മനുഷ്യന്‍ ചെയ്യേണ്ടതുണ്ട്. തീര്‍ച്ചയായും അത് അവനെക്കൊണ്ട് ചെയ്യിക്കണം. ഈ രണ്ടുകാര്യങ്ങളുമാണ് അടിസ്ഥാനപരമായി ഫിഖ്ഹ് നിര്‍വഹിക്കുന്ന ധര്‍മമെന്നു പറയാം. അഥവാ നല്ല കര്‍മങ്ങള്‍ ചെയ്യിക്കുന്നു. ചെയ്യുന്ന കര്‍മങ്ങള്‍ നിയന്ത്രിക്കുന്നു. ഇതിനെ ഒറ്റവാക്കില്‍ വിളിക്കാന്‍ പറ്റുന്ന പ്രയോഗമാണ് മനുഷ്യനെ ധാര്‍മികമായി വഴിനടത്തുവെന്നത്.

മനുഷ്യന് ഒരു ധാര്‍മിക വ്യവസ്ഥിതി ആവശ്യമാണ്. ഇതിലാര്‍ക്കും തര്‍ക്കമില്ല. കാരണം ലോകത്ത് മനുഷ്യന്‍ തന്നെ പതിനായിരക്കണക്കിന് നിയമങ്ങള്‍ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇതെല്ലാം മനുഷ്യന്റെ കർമങ്ങളെ നിയന്ത്രിക്കുന്നതുമാണ്. കൂടാതെ പുതിയ കര്‍മങ്ങള്‍ ചെയ്യിക്കുന്നതുമാണ്. ഇതിന്റെയെല്ലാം ഉദ്ദേശ്യം അടിസ്ഥാനപരമായി മനുഷ്യന്‍ ധാര്‍മിക ജീവിതം നയിക്കുക എന്നതുമാണ്. സ്വന്തത്തിനും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടില്ലാത്ത ജീവിതം എന്ന് ഒറ്റവാക്കില്‍ ഇതിനെ വിശേഷിപ്പിക്കാം. പക്ഷേ, ഓരോ നാട്ടിലും സമയത്തും ചിലരുടെ-അവര്‍ തിരഞ്ഞെടുക്കപ്പെട്ട ചിലയാളുകളാകാം, അല്ലെങ്കില്‍ ശക്തിപ്രയോഗം നടത്തി നിയമനിർമാണാധികാരം ഏറ്റെടുത്തതാവാം-ബുദ്ധിയിലുദിച്ച കാര്യങ്ങള്‍ മറ്റുള്ളവരുടെ മേല്‍ നടപ്പാക്കുക എന്നതാണ് ലോകം സ്വീകരിച്ച നയം. എല്ലായ്‌പ്പോഴും ഇവയെല്ലാം തിരുത്തലുകള്‍ക്കും നൂറുകൂട്ടം വിമര്‍ശങ്ങള്‍ക്കും വിധേയമാകുന്നു. നിയമനിർമാണം നടത്തിയ വ്യക്തികളുടെ പോരായ്മകള്‍ പൂര്‍ണമായും അവയില്‍ ദര്‍ശിക്കുന്നു. അവരുടെ താല്പര്യങ്ങള്‍ അതില്‍ നിഴലിക്കുന്നു. പക്ഷാപാതരഹിതമായി മനുഷ്യന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നർഥം.(12) ഇവിടെയാണ് ദൈവികമായ അഥവാ ഇലാഹിയായ ഒരു കർമ സരണിയുടെ ആവശ്യം പ്രകടമാകുന്നത്. ലോകത്തുള്ള മുഴുവന്‍ ജനങ്ങളെയും എക്കാലത്തും ഏതുവിധേനയും അഭിമുഖീകരിക്കാന്‍ പ്രാപ്തമായ വിശാലമായ ഒരു കർമസരണി ആവശ്യമാണ്.

എന്നാല്‍, ഈ ധാര്‍മിക നിയമങ്ങളും വ്യവസ്ഥിതിയും തീര്‍ത്തും വസ്തുനിഷ്ഠപരമാണെന്നും അത് ആരും പഠിപ്പിക്കേണ്ടതില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ചിലര്‍ ശ്രമിക്കുകയുണ്ടായി. അത്തരക്കാര്‍ തന്നെ മതങ്ങളും മതങ്ങളിലെ പല കാര്യങ്ങളും അധാർമികമാണെന്ന് പറയുകയും ചെയ്തു. ഇത് പൂര്‍ണമായും വൈരുദ്ധ്യമായിരുന്നു. ലോകത്തുള്ള എല്ലാ കാര്യങ്ങളും നല്ലത്, മോശമായത് എന്നിങ്ങനെ രണ്ടായി തരംതിരിക്കാന്‍ കഴിയുന്നതാണെന്നും മനുഷ്യബുദ്ധികൊണ്ടുതന്നെ അത് മനസിലാക്കാന്‍ സാധിക്കുമെന്നും ഇത്തരക്കാര്‍ നിരീക്ഷിച്ചു. എന്നിട്ടും പക്ഷേ ചിലരുടെ ബുദ്ധികൊണ്ട് മതം നന്മയാണെന്നു മനസിലാക്കി അതിനെ പിന്തുടര്‍ന്നപ്പോള്‍ ഈ വാദക്കാര്‍ മതവിശ്വാസികളെ കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നതാണ് രസകരവും നിരാശാജനകവുമായ വസ്തുത. കഴിഞ്ഞകാലങ്ങളില്‍ ഇസ്‌ലാമിക ലോകത്തും ഈ വാദക്കാരുണ്ടായിരുന്നു. മുഅ്തസിലതാണ് അതില്‍ പ്രധാനികള്‍. നല്ലത് (ഹുസ്‌ന്) പ്രതിഫലാര്‍ഹമാണെന്നും മോശമായത് (ഖുബ്ഹ്) ശിക്ഷാര്‍ഹമാണെന്നും ബുദ്ധികൊണ്ടുതന്നെ മനസിലാക്കാമെന്നാണ് അവര്‍ വാദിച്ചത്. അതിന്, ഹുസ്‌നും ഖുബ്ഹും മനുഷ്യബുദ്ധിക്ക് തന്നെ ലഭിക്കുമെന്നും അവര്‍ വാദിച്ചു. അല്ലാഹുവിന്റെ ശരീഅത് അതിനെ ശക്തിപ്പെടുത്താന്‍ മാത്രം വന്നതാണെന്നും അല്ലെങ്കില്‍ അവ്യക്തമായ കാര്യങ്ങള്‍ വ്യക്തമാക്കിത്തരാന്‍ മാത്രം വന്നതാണെന്നും ഇവര്‍ വാദിക്കുകയുണ്ടായി.

ഇതെല്ലാം വസ്തുതാവിരുദ്ധമാണ്. കാരണം ഓരോ മനുഷ്യന്റെയും ബുദ്ധികൊണ്ട് ചിന്തിച്ചാല്‍ പലതുമാണ് ലഭിക്കുക എന്നതില്‍ ലോകത്ത് ആര്‍ക്കും തര്‍ക്കമില്ല. ഓരോരുത്തര്‍ക്കും ധാര്‍മികമായി തോന്നുന്നത് നല്ലതായിക്കണ്ട് ചെയ്യാന്‍ തുടങ്ങിയാല്‍ ലോകത്തിന്റെയവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇവിടെയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ധാര്‍മിക സംവിധാനത്തിന്റെ ഉറവിടം മനസിലാക്കേണ്ടത്. മനുഷ്യനെ സൃഷ്ടിച്ച, മനുഷ്യനെയും പ്രപഞ്ചത്തെയും അറിയുന്ന, കാലാതിവര്‍ത്തിയായ അല്ലാഹു തന്നെ നിയമങ്ങള്‍ സംവിധാനിക്കണം. അല്ലാഹു നല്ലതാണെന്നു പറഞ്ഞത് നല്ലതും മോശമാണെന്നു പറഞ്ഞത് മോശവുമാകും. മനുഷ്യന്റെ പരിമിതമായ ബുദ്ധികൊണ്ട് തോന്നുന്നത് ചെയ്യലല്ല ബുദ്ധി. (13)

(തുടര്‍ന്ന് അടുത്ത ലക്കത്തില്‍)

(1) atheism is just another religion anyway-എന്ന പേരില്‍ ധാരാളം പഠനങ്ങള്‍ ഇന്ന് ലഭ്യമാണ്. വിശ്വാസത്തിന്റെ പേരിൽ വിശ്വാസികളെ കുറ്റപ്പെടുത്തുമ്പോഴും നൂറുകൂട്ടം ചോദ്യങ്ങളുന്നയിച്ച് യുക്തിവാദവും യുക്തിവാദികളും ധാരാളം വിശ്വാസങ്ങളുടെ അടിമകളായിരിക്കുന്നു. യുക്തിവാദവും നാസ്തികതയും ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ച ഫ്രഡറിക് നീഷേക്കുപോലും പലപ്പോഴും ദൈവാസ്തിക്യം അറിയാതെ സമ്മതിക്കേണ്ടിവന്ന കഥകള്‍ വിശ്രുതമാണ്. ഇത്തരം വിശ്വാസങ്ങള്‍ മുതല്‍ ആസ്തികന്‍ വിശ്വസിക്കാത്ത പല യുക്തിരഹിതവും ആധുനികബോധവുമില്ലാത്ത വിശ്വാസങ്ങളും ഓരോ യുക്തിവാദിയും വിശ്വസിക്കുന്നുവെന്നതാണ് നേര്.
(2) പാശ്ചാത്യ എഴുത്തുകാര്‍ ഇതിന് ഉദാഹരണങ്ങള്‍ നിരത്തുന്നുണ്ട്. വഴിയില്‍ ഒരു പാമ്പുണ്ട് എന്ന് ഒരു യുക്തിവാദിയോട് പറഞ്ഞാല്‍ അദ്ദേഹം തെല്ലൊരു പേടിയോടെയാണ് വഴി മുറിച്ചുകടക്കുക. പാമ്പുണ്ടോ ഇല്ലയോ എന്ന് ശാസ്ത്രീയമായി പഠിക്കാനൊന്നും പോയിട്ടല്ല അദ്ദേഹം അത്തരമൊരു വിശ്വാസത്തില്‍ അഥവാ പേടിയിലകപ്പെട്ടത്. ഇങ്ങനെ ധാരാളം വിശ്വാസങ്ങള്‍ തന്നെയാണ് യുക്തിവാദിയെയും മുന്നോട്ടുനയിക്കുന്നത്. പാമ്പുണ്ട് എന്നുപറഞ്ഞ മനുഷ്യന്‍ കളവ് പറഞ്ഞതായിരിക്കാം, അല്ലെങ്കില്‍ ശാസ്ത്രം പിന്നീട് തിരുത്തിയേക്കാം തുടങ്ങിയവയെല്ലാം അറിഞ്ഞിരുന്നിട്ടും യുക്തിവാദി വിശ്വസിക്കുന്നു. പക്ഷേ ജീവിതത്തിലൊരിക്കലും കളവ് പറഞ്ഞിട്ടില്ലാത്ത, കളവ് പറഞ്ഞിട്ടില്ലെന്ന് ഒരു സമൂഹം മൊത്തം സാക്ഷിനിന്ന മുഹമ്മദ് നബി (സ്വ) ചില ജീവിതവ്യവസ്ഥകളും ചിട്ടകളും പഠിപ്പിച്ചപ്പോള്‍ അത് സ്വീകരിക്കാന്‍ തയാറാകുന്നില്ല താനും. ഇവിടെയാണ് ഇത്തരമാളുകള്‍ക്ക് വിശ്വാസത്തോടല്ല വിയോജിപ്പ്, നല്ലനടപ്പിനോടാണെന്ന അടിസ്ഥാന കാര്യം ഉരുത്തിരിഞ്ഞ് വരുന്നത്.

(3) ഇഹലോകത്ത് ഒരിക്കലും അങ്ങനെ നടക്കുന്നില്ലല്ലോ. പലപ്പോഴും അക്രമികള്‍ക്കാണ് ആധിപത്യം. ജീവിതകാലമൊക്കെയും നരകിച്ചും വിഷമിച്ചും പ്രയാസങ്ങള്‍ കടിച്ചിറക്കിയും ജീവിക്കുന്ന ഒരാള്‍ക്ക് പ്രതീക്ഷയുടെ വാതായനങ്ങളാണ് പരലോക വിശ്വാസം തുറന്നുകൊടുക്കുന്നത്. ഇഹലോകത്ത് അനുഭവിച്ചതിനെല്ലാം പരലോകത്ത് ലഭിക്കാനിരിക്കുന്നുവെന്ന പ്രതീക്ഷയില്ലാതെ ജീവിക്കുന്ന പാവപ്പെട്ട നാസ്തികരുടെയും നിരീശ്വരവാദികളുടെയും മനോവിഷമം അചിന്തനീയമാണ്. പ്രതീക്ഷയില്ലാതെ ജീവിച്ചുതീര്‍ക്കാന്‍ വിധിക്കപ്പെട്ട നാസ്തികത്വം ഇഹലോകത്ത് സുഖാഡംബരങ്ങളില്‍ അഭിരമിക്കുന്നവര്‍ സ്വയം ന്യായീകരണത്തിനുവേണ്ടി തിരഞ്ഞെടുത്ത വിശ്വാസം എന്നുമാത്രമേ പറയാനൊക്കൂ.

(4) വിശുദ്ധ ഖുര്‍ആന്‍/നഹ്്ല്: 97
(5) വിശുദ്ധ ഖുര്‍ആന്‍/ ത്വാഹാ: 123,124
(6) വിശുദ്ധ ഖുര്‍ആന്‍/ അന്‍ഫാല്‍: 24
(7) വിശുദ്ധ ഖുര്‍ആന്‍/ യൂനുസ്: 63-65
(8) തുഹ്ഫതുല്‍ മുഹ്താജ്: 1/35
(9) തുഹ്ഫതുല്‍ മുരീദ് അലാ ജൗഹറത്തി ത്തൗഹീദ്: 41
(10) ശരീഅത് എന്ന പദത്തിനർഥം വെള്ളത്തിന്റെയുറവിടം എന്നാണ്. വെള്ളമുള്ളിടത്ത് ജീവിതവും ജീവനുമുണ്ടാവും. സ്വാഭാവികമായും ശരീഅതും ജീവിതവും ജീവനുമാണ് പ്രദാനം ചെയ്യുന്നത്.
(11) കർമകാര്യങ്ങളെ മാത്രം ശരീഅത് എന്നുവിളിക്കുന്ന പ്രയോഗവും ഇസ്‌ലാമിക ലോകത്തുണ്ട്. ശിക്ഷാ മുറകള്‍ മാത്രമാണ് ശരീഅത് എന്ന് തെറ്റുധരിച്ച് എഴുതിയവരും ഉണ്ട്.

(12) പ്രശസ്ത അമേരിക്കന്‍ ചിന്തകനും സൈന്താന്തികനുമായ Russ shafer Landau തന്റെ Moral Realism: A Defence എന്ന പുസ്തകത്തില്‍ ഈ യാഥാർത്ഥ്യം വളരെ വിശദമായി വിശദീകരിക്കുന്നുണ്ട് (Oxford University Press).
(13) Russ shafer Landau തന്നെ തന്റെ Moral Realism: A Defence എന്ന പുസ്തകത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മനുഷ്യന്റെ പരിമിതികളെ ഭേദിക്കുന്ന ഒരു ശക്തിയില്‍നിന്നുതന്നെ നിയമങ്ങളും ധാര്‍മിക വ്യവസ്ഥിതികളും വരേണ്ടതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login