അറബ് വസന്തത്തിന് പത്തുവർഷം

അറബ് വസന്തത്തിന്  പത്തുവർഷം

ആകാശം തൊടുന്ന തൊഴിലില്ലായ്മ, പിടിച്ചുനിർത്താനാവാത്ത പണപ്പെരുപ്പം, വിപുലവും ക്രമാതീതവുമായ അഴിമതി, രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളുടെ അഭാവം, പരിതാപകരമായ ജീവിതസാഹചര്യങ്ങൾ; പതിറ്റാണ്ടുകളോളം പടിഞ്ഞാറൻ ഏഷ്യൻ നാടുകളിലും ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലും നിലനിന്ന ഏകാധിപത്യ ഭരണകൂടങ്ങളുടെ ബാലൻസ് ഷീറ്റായിരുന്നു ഇത്. ടുണീഷ്യയിൽ 23 വർഷങ്ങളോളം ഭരണം നടത്തിയ സൈനുൽആബിദീൻ ബിൻ അലിയും ഈജിപ്തിൽ 30 വർഷം അധികാരം ആസ്വദിച്ച ഹുസ്നി മുബാറകും, 42 വർഷങ്ങളോളം ലിബിയയുടെ അധികാരം കൈയാളിയ മുഅമ്മർ ഗദ്ദാഫിയും, 33 വർഷങ്ങൾ യമനികളെ ഭരിച്ച അലി അബ്ദുല്ല സലെയും, 2000 ജൂലൈ മുതൽ സിറിയയുടെ ഭരണയന്ത്രം തിരിക്കുന്ന ബഷാറുൽ അസദുമെല്ലാം WANA* പ്രദേശങ്ങളിൽ (West Asian and North Asian) തങ്ങളുടെ ഏകാധിപത്യ ഭരണം വഴി പൗരസ്വാതന്ത്ര്യവും തൊഴിൽ സന്നദ്ധരായ യുവതയുടെ അഭിലാഷങ്ങളും ജനാധിപത്യ മോഹങ്ങളുമെല്ലാം അടിച്ചമർത്തുകയായിരുന്നു. 2010 ഡിസംബർ 17ന് സീദി ബൗസിദ് എന്ന തുനീഷ്യൻ നഗരത്തിൽ മുഹമ്മദ് ബൂ അസീസി എന്ന ചെറുപ്പക്കാരൻ പ്രാദേശിക ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും അഴിമതി നിറഞ്ഞ പ്രവർത്തനവും കാരണം തന്റെ ജീവസന്ധാരണം തന്നെ തടയപ്പെട്ടപ്പോൾ സ്വയം തീകൊളുത്തി പ്രതിഷേധിച്ചു. ബൂ അസീസിയുടെ പ്രതിഷേധം ഭയത്തിന്റെയും ദുരിതത്തിന്റെയും ചില്ലുമേൽക്കൂരയുടെ താഴെ ശ്വാസമടക്കി കഴിഞ്ഞിരുന്ന തുനീഷ്യൻ ജനതയെ ഒന്നടങ്കം ജനാധിപത്യ വിപ്ലവത്തിലേക്ക് നയിച്ചു. ജനങ്ങൾ തുനീഷ്യൻ നഗരങ്ങളിൽ സ്വാതന്ത്ര്യത്തിനും, നീതിക്കും, ജനാധിപത്യാവകാശങ്ങൾക്കും വേണ്ടി തെരുവിലിറങ്ങി. 28 ദിവസങ്ങൾക്കപ്പുറം 2011 ജനുവരി 14ന് ബിൻ അലി ഔദ്യോഗികമായി രാജിവെക്കുകയും സഊദി അറേബ്യയിലേക്ക് കടന്നുകളയുകയും ചെയ്തു.

ബൂ അസീസിയുടെ മരണത്തിലേക്ക് നയിച്ച അഗ്നിനാളം തുനീഷ്യൻ ഗ്രാമനഗരങ്ങൾക്കപ്പുറത്ത് ഈജിപ്ത്, ലിബിയ, യമൻ, സിറിയ തുടങ്ങി ഗൾഫ് രാഷ്ട്രങ്ങളൊഴിച്ചുള്ള പടിഞ്ഞാറൻ ഏഷ്യൻ- ഉത്തരാഫ്രിക്കൻ രാജ്യങ്ങളിലേക്ക് ആളിപ്പടർന്നു. 18 ദിവസത്തെ ഐതിഹാസിക ജനമുന്നേറ്റത്തിന്റെ അവസാനം ഈജിപ്തിൽ ഹുസ്നി മുബാറക് ഭരണകൂടം നിലംപരിശായി. തഹ്്രീർ സ്ക്വയറും മറ്റനേകം ഈജിപ്ഷ്യൻ ഗ്രാമ- നഗര കേന്ദ്രങ്ങളും ഏകാധിപത്യത്തിനും മർദക ഭരണത്തിനുമെതിരിൽ സമരം നയിക്കുകയായിരുന്നു 2011 ന്റെ ആദ്യ ആഴ്ചകളിൽ. WANA പ്രദേശങ്ങളിൽ ആളിപ്പടർന്ന സമരാവേശവും പതിറ്റാണ്ടുകളോളം നിലനിന്ന ഏകാധിപത്യ ഭരണങ്ങളുടെ തകർച്ചയും ലോകമാധ്യമങ്ങളിലും രാഷ്ട്രീയ- അക്കാദമിക ചർച്ചാ കേന്ദ്രങ്ങളിലും അറബ് വസന്തം, മുല്ലപ്പൂ വിപ്ലവം, അറബ് ഉയിർത്തെഴുന്നേൽപ്പ് തുടങ്ങിയ പേരുകളാൽ വിശേഷിപ്പിക്കപ്പെട്ടു.
തുനീഷ്യ, ഈജിപ്ത്, ലിബിയ, സിറിയ, യമൻ, ലെബനോൻ, അൾജീരിയ, സുഡാൻ തുടങ്ങി അനവധി രാജ്യങ്ങളിലെ സിവിൽ പ്രതിഷേധ സമരങ്ങൾ ഏകാധിപത്യത്തിൽനിന്നും ജനാധിപത്യത്തിലേക്കുള്ള WANA പ്രദേശത്തിന്റെ പരിവർത്തനത്തിനായുള്ള ജനകീയ മുന്നേറ്റങ്ങളായിരുന്നു. ജനാധിപത്യ ഭരണകൂടം, രാഷ്ട്രീയ- പൗരസ്വാതന്ത്ര്യം, ഉയർന്ന തൊഴിലവസരം, സമാധാനപരമായ ജീവിതസാഹചര്യം, പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നിർമാർജനം തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു സമരമുഖത്ത് നിന്ന് ഉയർന്ന മുദ്രാവാക്യങ്ങൾ മുഴുവനും. അറബ് വസന്തം എന്ന് ഓമനപ്പേരിട്ടുവിളിക്കപ്പെട്ട പ്രതിഷേധ മുന്നേറ്റങ്ങളുടെയും തൽഫലമുണ്ടായ രാഷ്ട്രീയ മാറ്റങ്ങളുടെയും നിജസ്ഥിതിയും “അറബ് വസന്ത’ത്തിന്റെ പത്താം വാർഷികത്തിനുശേഷം WANA പ്രദേശവും ഓരോരോ രാജ്യങ്ങളും എവിടെ എത്തിനിൽക്കുന്നു എന്ന് തിരിഞ്ഞുനോക്കുകയും ചെയ്യുമ്പോൾ വിപ്ലവം നൽകിയ സ്വപ്നങ്ങൾ കൈയെത്താദൂരത്തു തങ്ങി നിൽക്കുന്നതാണ് കാണാനാകുന്നത്. എന്നല്ല, വിപ്ലവത്തിലേക്ക് നയിച്ച മൂർത്തമായ രാഷ്ട്രീയ-സാമ്പത്തിക- സൈനിക കാരണങ്ങൾ പത്തുവർഷങ്ങൾക്ക് മുമ്പുള്ളതോ അതിനേക്കാൾ പരിതാപകരമോ ആയ സ്ഥിതിയിലെത്തിനിൽക്കുന്നതും അദൃശ്യമല്ല.

അപൂർണമായൊരു വിപ്ലവം/
തുടർന്നുകൊണ്ടിരിക്കുന്ന ജനാധിപത്യപരിവർത്തനം
“ഏകാധിപത്യ ഭരണകൂടങ്ങളും മർദകസൈനിക ശക്തികളും അറബ് മനസിൽ നിറച്ചിരുന്ന ഭയത്തിന്റെ ചില്ലുമേൽക്കൂര തകർത്തു’ എന്നതാണ് “അറബ് വസന്ത’ത്തിന്റെ പ്രസക്തിയും വിജയവും. എന്നാൽ അർഥപൂർണമാംവിധം സുസ്ഥിരവും സ്വാതന്ത്ര്യവും സമാധാനപരവുമായ രാഷ്ട്രീയ- ഭരണ സംവിധാനവും അതിനുതകുന്ന ഭരണഘടന, പാർലമെന്റ്, നിയമസംവിധാനം അടക്കമുള്ള സ്ഥാപനങ്ങളും (Constitutions) നിലവിൽവരാത്ത കാലത്തോളം വിപ്ലവങ്ങളുടെ വിജയപ്രഖ്യാപനത്തിൽ ചില ശരികേടുകളുണ്ട്. അവരവരുടെ ആദർശ ബന്ധുക്കൾ ഈജിപ്തിലടക്കം സമരരംഗത്തുണ്ടാവുകയും വിപ്ലവശേഷം ഭരണം കൈയേറാൻ സാധ്യത ഉണ്ടാവുകയും ചെയ്ത ഒറ്റക്കാരണത്താൽ അറബ് വസന്തത്തിന്റെ മാഹാത്മ്യം പർവതീകരിച്ചു കാണിച്ചവരൊക്കെയും ഇന്നത്തെ ഈജിപ്ത്, ലിബിയ, യമൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയാവസ്ഥയിൽ വേപധുപൂണ്ടിരിക്കുന്നവർ തന്നെയാവണം. വാഷിംഗ്ടൺ പോസ്റ്റിന്റെ ബെയ്റൂത് ബ്യൂറോ ചീഫ് ലിസ് സ്‌ലൈയുടെ അഭിപ്രായത്തിൽ Arab Spring (അറബ് വസന്തം) എന്നത് അകാലത്തെ അപക്വ വിശേഷണമായിരുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യങ്ങൾ പ്രദാനം ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നതിനപ്പുറം അഴിമതിഗ്രസ്ഥരായ ഭരണാധികാരികൾ തങ്ങളുടെ നിലനിൽപ്പു സുഭദ്രമാക്കാൻ മാത്രം ശ്രമിക്കുന്നൊരു സ്ഥിതി വിശേഷണമാണ് ഇന്ന് WANA പ്രദേശങ്ങളിൽ കാണാനാവുക.

“അതൊരു നഷ്ടദശാബ്ദമായിരുന്നു.’ തുടക്കത്തിൽ അറബ് വസന്തത്തിന്റ ആരാധകനായിരുന്ന താരിക് യൂസഫ് എന്ന ബ്രുകിങ്സ്- ദോഹ സെന്റർ ഡയറക്ടർ നിരാശപ്പെടുന്നത് അറബ് വസന്തത്തിന്റെ പത്താം വാർഷികത്തിലാണ്. “2011ൽ മുഅമ്മർ ഗദ്ദാഫിയുടെ പതനത്തിനുശേഷം എനിക്കെന്റെ വീട്ടിലേക്ക് തിരിച്ചുപോകാൻ കഴിഞ്ഞു. ഞാൻ സന്തോഷിച്ചു. എന്നാൽ ഇന്ന് ഭയവും ഭയപ്പെടുത്തലും ശക്തമായി തിരിച്ചുവന്നിരിക്കുന്നു. സകല വഴിത്തിരിവുകളിലും WANA പ്രദേശം തിരിച്ചടി നേരിടുകയാണ്.’

ഹുസ്നി മുബാറകിന് ശേഷം ഈജിപ്തിൽ മുഹമ്മദ് മുർസി ഭരണമേറ്റെങ്കിലും ഹ്രസ്വകാലത്തിനുള്ളിൽതന്നെ അബ്ദുൽഫത്താഹ് അൽസിസിയുടെ നേതൃത്വത്തിൽ പട്ടാള അട്ടിമറി നടന്നു. സകല സ്വാതന്ത്ര്യങ്ങളും അടിച്ചമർത്തപ്പെട്ട മുബാറക് ഭരണത്തെക്കാളും പരിതാപകരമായ അവസ്ഥയിലേക്ക് ഈജിപ്തിലെ മനുഷ്യജീവിതം എടുത്തെറിയപ്പെട്ടതാണ് പിന്നീട് നാം കാണുന്നത്. “മുബാറകിന്റെ മുപ്പതു വർഷത്തെ ഭരണത്തിൽ മിലിട്ടറി വിചാരണ നേരിട്ട സിവിലിയൻ ആളുകളെക്കാൾ കൂടുതൽ മനുഷ്യർ 2011ഫെബ്രുവരി 4നും 2016 മാർച്ച് 3നും ഇടയിൽ മിലിട്ടറി വിചാരണ നേരിടേണ്ടിവന്നു എന്ന് പൊളിറ്റിക്കൽ സയന്റിസ്റ്റും ഈജിപ്ഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവും ആയ അമർ ഹംസവി പറയുന്നു.
കൈറോവിലും ടുണീഷ്യയിലും ട്രിപ്പോളിയിലും സൻആയിലും ഭരണമാറ്റം ഉണ്ടായെങ്കിൽ സിറിയയിൽ ബശാറുൽ അസദ് അറബ് വിപ്ലവത്തിന്റെ അലമാലകൾക്ക് മുകളിൽ തന്റെ നൗക തുഴയുകയാണ്. എന്നാൽ അറ്റം കാണാത്തൊരു ആഭ്യന്തര യുദ്ധത്തിന്റെ കെടുതി അനുഭവിക്കുകയാണ് സിറിയൻ ജനത. ഭരണകൂടവും വിമതരും അനേകം സായുധ സംഘങ്ങളും ഐസിസ് അടക്കമുള്ള ഭീകരവാദ വിഭാഗങ്ങളും ചേർന്ന് മനുഷ്യനാഗരിക ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്നതും തുടർച്ചയായി ജനവാസം നിലനിന്നതുമായ ദമാസ്കസ് നഗരത്തെ ശവപ്പറമ്പാക്കിമാറ്റിയിരുന്നു. 2019 ഫെബ്രുവരിയാവുമ്പോഴേക്കും സിറിയയിലെ മൂന്നിലൊന്ന് ജനങ്ങൾ അഭയാർഥികളായി മാറി. മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്യൻ അഭയാർഥി ക്യാമ്പുകളിലെത്തിയ തുലോം തുച്ഛം മനുഷ്യരല്ലാത്തവരെല്ലാം യാതനകളുടെ മനുഷ്യചരിത്രം ജീവിച്ചുതീർക്കുകയാണ്. നോക്കെത്താ ദൂരം പരന്നുകിടക്കുന്ന ജോർദാനിലെ കെട്ടിമറച്ച കൂരകൾക്കുള്ളിൽ സിറിയൻ ജനത നരകിക്കുന്നുണ്ട് ഇന്നും.

ഒരുപരിധിവരെ ജനാധിപത്യ പരിവർത്തനം വിജയകരമാക്കി എന്നു വാഴ്ത്തപ്പെട്ട ടുനീഷ്യയിൽ പോലും അറബ് വസന്തത്തിന്റെ പരിമളം കെട്ടുപോയതായാണ് അനുഭവപ്പെടുന്നത്. ബിൻ അലിയുടെ വീഴ്ചയ്ക്ക് കൃത്യം പത്തുവർഷത്തിനപ്പുറം 2021 ജനുവരി 18ന് ടുണീഷ്യ നഗരത്തിൽ സംഘർഷഭരിതവും അക്രമാസക്തവുമായ പ്രതിഷേധപ്രകടനം പൊട്ടിപുറപ്പെട്ടു. വിപ്ലവത്തിന്റെ പത്തുവർഷത്തിനിപ്പുറവും മാന്യമായ തൊഴിലും സമാധാനപൂർണമായ ജീവിതവും ടുനീഷ്യൻ ജനതക്കുപോലും ഒരു പരിധിക്കുള്ളിലെങ്കിലും നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് സൂചിപ്പിക്കുന്നത്.

തുടർസമരങ്ങളും, പ്രതിഷേധങ്ങളും രാഷ്ട്രീയ മുന്നേറ്റങ്ങളുമെല്ലാം തന്നെ അറബ് വിപ്ലവം 2011ന്റെ ആദ്യമാസങ്ങളിൽ അവസാനിച്ച മഹാവിപ്ലവമല്ലെന്നും ഇന്നും ലക്ഷ്യപൂർത്തീകരണത്തോട് അടുക്കാൻ ശ്രമിക്കുന്ന അഭ്യന്തര രാഷ്ട്രീയ കടച്ചിലുകൾക്കും കക്ഷിവഴക്കുകൾക്കും അപ്പുറം, ജനാധിപത്യ സംസ്ഥാപനം സാധ്യമാവാത്ത നിരന്തരശ്രമത്തിന്റെ പേരാണെന്നും മനസിലാക്കണം.

ദാരിദ്ര്യത്തിലേക്കുള്ള പതനവും രാഷ്ട്രീയ ആധിപത്യത്തിന്റെ ഉയർച്ചയും
അറബ് വസന്തത്തിന്റെ ലക്ഷ്യങ്ങളിൽ സർവപ്രധാനം ഏകാധിപത്യത്തിന്റെ അവസാനവും ദാരിദ്ര്യത്തിൽനിന്ന് മോചനവുമായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ലോകത്ത് ദാരിദ്ര്യത്തിൽനിന്ന് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ ഒരേയൊരു പ്രദേശമാണ് പശ്ചിമേഷ്യ. ജനസംഖ്യാനുപാതികമായും മുഴുവൻ ദരിദ്രരുടെ എണ്ണത്തിലും വർധനവുണ്ടായ ഈ പ്രദേശം 2010ൽ ദാരിദ്ര്യത്തിന്റെ ആധിക്യത്തിൽ/ ദരിദ്രരുടെ എണ്ണപ്രകാരം ലാറ്റിനമേരിക്കയെ പിന്തള്ളി എന്ന് ലോകബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

അഭിപ്രായസ്വാതന്ത്ര്യവും സംഘാടന- സമര സ്വാതന്ത്ര്യങ്ങളടക്കമുള്ള എല്ലാ ജനാധിപത്യ അവകാശങ്ങളും ലക്ഷ്യംകണ്ട് തഹ്്രീർ സ്ക്വയറിനെ പ്രകമ്പനം കൊള്ളിച്ച ഈജിപ്തുകാർ ഇന്ന് മുബാറകോളമോ അതിലധികമോ ഏകാധിപധിയായ അബ്ദുൽഫതാഹ് അൽ സിസിയുടെ കീഴിലാണ് ജീവിക്കുന്നതും സമരം ചെയ്യുന്നതും. 2021ൽ അറുപതിനായിരത്തിൽ അധികം ആളുകൾ അവരുടെ രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ കാരാഗ്രഹവാസം അനുഭവിക്കുന്നുണ്ട്.
പശ്ചിമേഷ്യൻ രാജ്യങ്ങളിലെല്ലാം തന്നെ ഭരണാധികാരികളുടെ ആധിപത്യ പ്രവർത്തികൾ ശക്തി പ്രാപിക്കുകയാണ്. സഊദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ കാർമികത്വത്തിൽ സകല പ്രതിപക്ഷ ശബ്ദങ്ങളെയും നിഷ്ഠുരമായി അടിച്ചമർത്തുന്നത് ലോകം കണ്ടുകൊണ്ടിരിക്കുന്നു. 2018 ഒക്ടോബർ 2ന് ഇസ്താംബൂളിൽവെച്ച് സഊദി പത്രപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ദുരൂഹമരണത്തിനു പിന്നിൽ സഊദി ഭരണകൂടത്തിന്റെ കരങ്ങളുണ്ടെന്ന് സർവാംഗീകൃതമാണിന്ന്. സിറിയ, യമൻ, ലിബിയ എന്നിവിടങ്ങളിലെ അരാജകത്വം WANA പ്രദേശത്താകമാനം അരക്ഷിതാവസ്ഥയുടെ നേർചിത്രം തെളിയിക്കുന്നുണ്ട്. എന്നാൽ തുനീഷ്യയിലെ താരതമ്യേനെയുള്ള ജനാധിപത്യ വിജയം പ്രദേശത്തെ മറ്റു അറബ് രാജ്യങ്ങളിലെ ഭരണകൂടങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയും തങ്ങളുടെ പ്രദേശങ്ങളിൽ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള സ്പേസ് വെട്ടിക്കുറക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുകയും ചെയ്യുന്നതായി കാണാം.
ചുരുക്കത്തിൽ കൊട്ടിഘോഷിക്കപ്പെട്ടൊരു വിപ്ലവത്തിന്റെ ഒന്നാം ദശകത്തിൽ തിരിഞ്ഞുനോക്കുമ്പോൾ പരാജയപ്പെട്ട ഒരു ക്രമമോ അല്ലെങ്കിൽ ഇനിയും തുടരേണ്ടുന്ന സമരപരമ്പരയോ ആയിട്ടേ അറബ് വസന്തത്തെ കാണാനാവൂ. ഏകാധിപത്യവും പട്ടിണിയും പട്ടാളത്തിന്റെ അനിയന്ത്രിത ഇടപെടലുകളും 2011 ലേതുപോലെയോ അതിലധികമോ ശക്തമായിരിക്കുന്ന കാലത്ത് അറബ് വസന്തത്തിന് പരാഗണം നടത്തുന്ന തേനീച്ചകൾ ഉണ്ടായിരുന്നെങ്കിൽ, അവ ഫലങ്ങൾ ഉല്പാദിപ്പിക്കാൻ സഹായിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോവുകയാണ്. അനിയന്ത്രിതമായ അഭയാർഥി പ്രവാഹത്തിനും ഹൃദയ ഭേദകമായ രക്തച്ചൊരിച്ചിലിനും ഭയപ്പെടുത്തുന്ന കാരാഗ്രഹങ്ങൾക്കുമപ്പുറം നാഗരികതയുടെ മടിത്തട്ടായ അലക്സാണ്ട്രിയയും ട്രിപ്പോളിയും ഖൈറുവാനും സമാധാനത്തിന്റെ നാളെകളിലേക്ക് ഉണരുവാൻ സ്വാതന്ത്ര്യദാഹികളായ ജനസഞ്ചയത്തിന് അടിയുറച്ച നീതിബോധമുള്ള ജനാധിപത്യ- സഹിഷ്ണുതാവാദികളായ രാഷ്ട്രീയനേതൃത്വത്തിന്റെ ആവശ്യമുണ്ട്.

മുഹമ്മദലി പുത്തൂർ

You must be logged in to post a comment Login