മുല്ലപ്പൂവിപ്ലവാനന്തരം അറബ് രാഷ്ട്രങ്ങൾ

മുല്ലപ്പൂവിപ്ലവാനന്തരം  അറബ് രാഷ്ട്രങ്ങൾ

അറബ് രാഷ്ട്രങ്ങളില്‍ താരതമ്യേന ദരിദ്ര രാഷ്ട്രങ്ങളിലാണ് മുല്ലപ്പൂ വിപ്ലവമുണ്ടായത്. ഗള്‍ഫ് രാഷ്ട്രങ്ങളിലൊന്നും അത് ബാധിച്ചിട്ടില്ല, എന്നല്ല, വിപ്ലവമുണ്ടായ ഇടങ്ങളില്‍നിന്ന് പ്രസിഡന്റ് അടക്കമുള്ളവര്‍ രക്ഷപ്പെട്ടത് ഗള്‍ഫ് രാജ്യങ്ങളിലേക്കായിരുന്നു. ദാരിദ്ര്യത്തിൽ സഹികെട്ട ജനങ്ങളുടെ പ്രതികരണമാണ് മുല്ലപ്പൂ വിപ്ലവം. അല്ലാതെ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പുനരുത്ഥാനം എന്നൊന്നും അതിനെ വിശേഷിപ്പിക്കാനാവില്ല. അമേരിക്ക അടക്കമുള്ള ബാഹ്യശക്തികളുടെ ഇടപെടലുകള്‍ അതിലുണ്ടാകാം. അതുപക്ഷേ നേരത്തെയുള്ളതാണ്. അറബ് വസന്തത്തിന്റെ തലേന്ന് തുടങ്ങിയതല്ല. വന്‍ശക്തികളുടെ നേട്ടങ്ങള്‍ക്കും രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും വേണ്ടി ചെറുകിട രാഷ്ട്രങ്ങളില്‍ ഇടപെടുന്ന രീതി നേരത്തെയുണ്ട്. ദുസ്സഹമായ ജീവിത, പഠന സാഹചര്യങ്ങളില്‍നിന്ന് ഉയര്‍ന്ന ജീവിത, പഠന സൗകര്യങ്ങളുള്ള രാഷ്ട്രങ്ങളിലേക്ക് കുടിയേറുന്ന വിദ്യാർഥികളുടെ കാഴ്ചപ്പാടുകളും ഒരുപക്ഷേ അറബ് വസന്തത്തില്‍ പ്രവര്‍ത്തിച്ചിരിക്കാം. തങ്ങളുടെ മാതൃരാഷ്ട്രങ്ങളിലെ രാഷ്ട്രീയ ഇടപെടലുകള്‍ക്കും ഭരണാധികാരികളുടെ നിലപാടുകൾക്കും വികസന കാഴ്ചപ്പാടും രാഷ്ട്രബോധവും ഉള്ള വിദ്യാര്‍ഥികള്‍ എതിരാവാറുണ്ടല്ലോ. അത് സ്വാഭാവികമായൊരു കാര്യമാണ്. പക്ഷേ, ഇവയൊന്നും മുല്ലപ്പൂ വിപ്ലവത്തിന്റെ മുഖ്യഹേതുകം എന്നു പറയാനാവില്ല എന്നാണ് എന്റെ ഗള്‍ഫ് യാത്രയിലൂടെയും വായനയിലൂടെയും എനിക്ക് മനസിലാകുന്നത്.

മുല്ലപ്പൂ വിപ്ലവം എന്ന പദത്തിന് അര്‍ഹിച്ചതിലേറെ പ്രചാരം കിട്ടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ സ്വാധീനം കൂടി അതിലുണ്ട്. അതിനപ്പുറത്ത് എല്ലാ കാലത്തേക്കും നീളുന്ന സ്വാധീനമൊന്നും അതിനുണ്ടായിരുന്നില്ല. പുതിയ ഒരു കാര്യം അപ്പോഴവരെ ആകര്‍ഷിച്ചുവെന്ന് മാത്രം. ടുണീഷ്യയില്‍ വിപ്ലവാനന്തരം കൂടുതല്‍ അരക്ഷിതാവസ്ഥ രൂപപ്പെട്ടുവെന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. തുടര്‍ന്ന് വന്ന പ്രസിഡന്റ് ഖൈസ് സഈദ് പാര്‍ലമെന്റ് തന്നെ പിരിച്ചുവിട്ട് മുഴുവന്‍ അധികാരവും സ്വന്തമാക്കി. സിറിയയില്‍ ബശാര്‍ ഒഴിഞ്ഞാല്‍ കൂടുതല്‍ രാഷ്ട്രീയ അസ്ഥിരതയുണ്ടാകുമെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു. ഈജിപ്ത് കൂടുതല്‍ ഏകാധിപത്യമാവുകയായിരുന്നു. ബെന്‍ഗാസിലും ട്രിപ്പോളിയിലും വസന്തം ഒന്നും ചെയ്തില്ല. ലിബിയ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് വീണു. പറഞ്ഞുപരത്തുന്ന ഒരു മണവും ആ മുല്ലപ്പൂവിനുണ്ടായില്ല. സുഭദ്രകുമാരി ചൗഹാന്റെ “മുര്‍ജായ ഫൂല്‍’ എന്നൊരു കവിത സ്‌കൂള്‍ പഠനകാലത്ത് പഠിച്ചതോര്‍ക്കുന്നു. കുറേ കാലം നില്‍ക്കുമെന്നും സുഗന്ധം പരത്തുമെന്നും വിചാരിച്ചിരുന്ന പൂവ് പക്ഷേ ഇത്രപെട്ടെന്ന് വാടിവീഴുമെന്ന് ആരും പ്രതീക്ഷിച്ചില്ല എന്നാണ് കവിത. സമാനമാണ് മുല്ലപ്പൂ വിപ്ലവം. നിനച്ചിരിക്കാതെ വാടിപ്പോയി.

വിപ്ലവ സ്വാധീനം
വിപ്ലവാനന്തരം അറബ് രാഷ്ട്രങ്ങളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങളിലും നിക്ഷേപങ്ങളിലും കൂടുതല്‍ പ്രാതിനിധ്യം ഉണ്ടായിട്ടുണ്ട് എന്നതിൽ ശരികേടുണ്ട്. വെല്‍ഫയര്‍ രാഷ്ട്രം സ്വപ്നം കാണുന്ന എല്ലാ ഭരണാധികാരികളും തദ്ദേശീയരുടെ തൊഴില്‍, നിക്ഷേപ സാധ്യതകള്‍ക്കാണ് മുന്‍ഗണന നല്‍കുക. അറബ് വസന്തത്തിന് മുമ്പ് തന്നെ സഊദീവത്കരണം ഉണ്ടല്ലോ. ലിബിയയില്‍ നിന്ന് വിദേശികള്‍ വാങ്ങുന്ന ശമ്പളത്തിന്റെ അറുപത് ശതമാനം ലിബിയയില്‍തന്നെ വിനിയോഗിക്കണമെന്ന നിബന്ധന നേരത്തെ തന്നെയുണ്ടായിരുന്നു. ഒരർഥത്തില്‍ ഗ്ലോബലൈസേഷനെ തുടര്‍ന്നുണ്ടായതാണ് ഈ തദ്ദേശ സ്വാധീനം എന്നു പറയുന്നതാണ് കൂടുതല്‍ ശരി. അറബ് വസന്തവും സ്വാധീനിച്ചിരിക്കാം.

ജനാധിപത്യവും ഏകാധിപത്യവും
ജനാധിപത്യത്തിനും ഏകാധിപത്യത്തിനും അതിന്റേതായ നന്മകളുണ്ട്. ഭരണത്തിനെതിരെയുള്ള അലക്ഷ്യമായ ഇടപെടലുകളെ നേരിടാന്‍ ഏകാധിപത്യത്തിന് എളുപ്പത്തില്‍ സാധിക്കും. അതേസമയം ഭരണകൂടത്തെ നിര്‍ണയിക്കാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. അറബ് വസന്തത്തില്‍ ഏകാധിപത്യത്തിനെതിരെയുള്ള പ്രതിഷേധമുണ്ടായിട്ടുണ്ട്. അതു പക്ഷേ ഇസ്‌ലാമിക രാഷ്ട്രീയ ഭരണ വ്യവസ്ഥക്കെതിരെയുള്ള പ്രതിഷേധമല്ല. കാരണം വിപ്ലവം നടന്നിടത്തൊന്നും കൃത്യമായ ഇസ്‌ലാമിക ഭരണസമ്പ്രദായമല്ല നിലനിന്നിരുന്നത്. Crown Prince സമ്പ്രദായമാണ് ഇവിടെയൊക്കെയും ഉണ്ടായിരുന്നത്. അത് ഖിലാഫതിന്റെ ശരിയായ പ്രയോഗമല്ല താനും. ഇസ്‌ലാമിക ഭരണ രാഷ്ട്രീയ ഭാവനയെ പരാജയപ്പെടുത്തിയ ജനാധിപത്യത്തിന്റെ വിജയം എന്ന് അറബ് വസന്തത്തെ വിശേഷിക്കുന്നത് ശരിയല്ല. റസൂൽ പറഞ്ഞത്, എനിക്ക് ശേഷം മുപ്പത് കൊല്ലം മാത്രമേ ഖിലാഫത് നിലനില്‍ക്കൂ എന്നാണ്. അത് കഴിഞ്ഞാല്‍ അരാജകത്വം വാഴുമെന്നര്‍ഥം. ഇസ്‌ലാമിക ജീവിത മൂല്യങ്ങളില്‍നിന്ന് പുറത്തുപോകുന്നതാണ് അതിന്റെ കാരണമെന്നും പ്രവാചകര്‍ ഉണര്‍ത്തിയിട്ടുണ്ട്.

ലിബറല്‍ സമീപനം
നിലവില്‍ ഏറെക്കുറെ എല്ലാ അറബ് രാഷ്ട്രങ്ങളും ഭരിക്കുന്നത് വിദേശ രാഷ്ട്രങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. തങ്ങള്‍ മാതൃരാഷ്ട്രങ്ങളില്‍ തിരിച്ചുചെന്ന് ഭരണ, രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ ഭാഗമാകേണ്ടവരാണ് എന്ന ആലോചനയില്‍ എത്തിപ്പെട്ടവരാണവര്‍. ആതിഥേയ രാഷ്ട്രങ്ങള്‍ കൂടി ഈ സാഹചര്യം മുതലെടുക്കുന്നുണ്ടാകാം. പഠിക്കാനെത്തുന്ന രാഷ്ട്രങ്ങളിലെ ഭരണ, ജീവിത ചുറ്റുപാടുകള്‍ വിദ്യാർഥികളെ സ്വാധീനിക്കുകയും കുറേക്കൂടി ലിബറല്‍ കാഴ്ചപ്പാടുകള്‍ അവര്‍ സ്വീകരിക്കുകയും ചെയ്യും. ഇത് അവരുടെ മതബോധങ്ങളെ സ്വാഭാവികമായും ബാധിക്കും. തങ്ങള്‍ ഇത്രയും കാലം പുലര്‍ത്തിപ്പോന്ന പ്രത്യേക മതജീവിത കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തും. സഊദിയടക്കമുള്ള രാഷ്ട്രങ്ങള്‍ വഹാബി, തബ്‌ലീഗ് വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്നതില്‍ ഇതൊരു കാരണമായിട്ടുണ്ടാകാം.

അറബ് വസന്തവും കേരളവും
ആവിഷ്‌കാരസ്വാതന്ത്ര്യം മനുഷ്യന്റെ നാചുറല്‍ റൈറ്റാണ്. ഭരണഘടന അനുഛേദം 19ല്‍ പറയുന്ന കാര്യങ്ങളൊക്കെ ഈ പരിധിയില്‍ വരുന്നവയാണ്. മുല്ലപ്പൂ വിപ്ലവത്തെ ആര്‍ക്കും ആഘോഷിക്കാം. ഇസ്‌ലാമിസ്റ്റുകള്‍ അത് ആഘോഷിക്കുന്നതിന് കാരണമുണ്ട്. നിലവിലെ ഭരണക്രമം തങ്ങളുടെ ഇസ്‌ലാമിക ഭരണഭാവനക്ക് വിരുദ്ധമാണ് എന്നു കരുതുന്നവരാണ് ഇസ്‌ലാമിസ്റ്റുകള്‍. അതുകൊണ്ട് നിലവിലെ ഭരണരീതിക്കെതിരെ പോരാടാനും തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് കൂടുതല്‍ അനുകൂലമായ പുതിയൊരു ഭരണം സ്ഥാപിക്കാനും അവര്‍ ശ്രമിക്കും.
ഈജിപ്തില്‍ മുബാറകിനെ താഴെയിറക്കാനും മുര്‍സിയെ അധികാരത്തിലേറ്റാനും ശ്രമിക്കുന്നത് അതിന്റെ ഭാഗമാണ്. പക്ഷേ, ഭരണക്രമവും ജീവിതാവസ്ഥയും മുന്നേയുണ്ടായിരുന്നതില്‍ വലിയ മാറ്റമുണ്ടായില്ലെന്ന് പിന്നീടവര്‍ക്കെല്ലാം ബോധ്യപ്പെട്ടു. എന്നല്ല, വസന്താനന്തരം കൂടുതല്‍ ദുസ്സഹമായി കാര്യങ്ങളെന്ന് പിന്നീട് ബോധ്യപ്പെട്ടു.

ജമാഅതെ ഇസ്‌ലാമി അടക്കമുള്ള കേരളത്തിലെ ഇസ്‌ലാമിസ്റ്റുകള്‍ വസന്തത്തെ ആഘോഷിച്ചതിന്റെയും പിന്നില്‍ ഇതുതന്നെയാണ്. ഈജിപ്തിലെ ബ്രദര്‍ഹുഡിന് ഭരണവിരുദ്ധവികാരമായിരുന്നു. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി ബ്രദര്‍ഹുഡുമായി ആശയബന്ധമുള്ള പ്രസ്ഥാനമാണല്ലോ. അതിനാല്‍ ആഘോഷത്തില്‍ പങ്കുചേരുന്നത് സ്വാഭാവികം മാത്രം. ഹുകൂമതേ ഇലാഹീ, ഇഖാമതുദ്ദീന്‍ എന്ന അടിസ്ഥാന ആദര്‍ശത്തിന്റെ അടവുനയം എന്ന രൂപത്തിലേ അത് കാണാവൂ. ജനാധിപത്യത്തിലേക്കുള്ള തിരിച്ചുവരവെന്ന് അതിനെ വിലയിരുത്തിക്കൂട.

ബൂത്വിയുടെ കൊല
റമളാന്‍ ബൂത്വിയുടെ നിലപാട് കൃത്യമായിരുന്നു. നിയമം അനുശാസിക്കുന്ന വഴിയിലൂടെ മാത്രമേ ഭരണകൂടത്തോട് പോരാടാന്‍ പാടുള്ളൂ, നിലവിലുള്ള ഭരണത്തെ അട്ടിമറിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും വിമത രൂപം പ്രാപിക്കാനും തയാറല്ല എന്നായിരുന്നു ബൂത്വിയുടെ കാഴ്ചപ്പാട്. അത് നിലവിലെ ഇസ്‌ലാമികാവസ്ഥക്ക് കൂടുതല്‍ പരിക്കുകളുണ്ടാക്കിയേക്കാം. ഭരണാധികാരികളില്‍ നല്ലവരും തെമ്മാടികളും(ബര്‍റ്, ഫാജിര്‍) ഉണ്ടാകും. അവരെ അനുസരിക്കുക എന്ന് അല്ലാഹുവിന്റെ റസൂൽ(സ്വ) പറയുന്നുണ്ടല്ലോ. ബൂത്വി, ബശ്ശാറിന് അനുകൂലമായി ഫത്‌വ കൊടുത്തു എന്നാണ് വിമതരുടെ ആരോപണം. പക്ഷേ, അദ്ദേഹം ഭരണകൂടത്തെ ന്യായീകരിച്ചിട്ടില്ല. പ്രതിഷേധക്കാരെ പിന്തുണച്ചിട്ടുമില്ല. ഇതാണ് അവരെ പ്രകോപിപ്പിച്ചത്. ഇത് അദ്ദേഹത്തിന്റെ കൊലയിലേക്ക് എത്തി എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. നോക്കൂ, രക്തച്ചൊരിച്ചില്‍ കൂടിയെന്നല്ലാതെ എന്തു മാറ്റമാണ് സിറിയയിലുണ്ടായിട്ടുള്ളത്. ബൂത്വി ശരിയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞല്ലോ.
പ്രതിഷേധക്കാരുടെ ഒരു സ്രോതസ് യൂസുഫുല്‍ ഖര്‍ളാവി ആയിരുന്നു. അദ്ദേഹം ഭരണകൂടത്തെ പിന്തുണക്കരുതെന്ന് ആഹ്വാനം ചെയ്തു. ഭരണകൂട അട്ടിമറിയെ അപകടമായി കണ്ടില്ല. ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ അറബ് വസന്തത്തിന്റെ ഭാഗമായുള്ള പോരാട്ട കാലത്ത് ഖര്‍ളാവി നേരിട്ട് പ്രസംഗിക്കാനെത്തിയിട്ടുണ്ട്. ഖത്വറിലാണ് അദ്ദേഹത്തിന്റെ ജീവിതം. ഇത്തരം തീവ്രകാഴ്ചപ്പാടുകാര്‍ക്ക് ഖത്വര്‍ സെയ്ഫ് സോണായിരിക്കാം. പക്ഷേ, ഖത്വര്‍ വരെ ഖര്‍ളാവിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇസ്‌ലാമിക രാഷ്ട്രം
ഇസ്‌ലാം സമ്പൂര്‍ണമാകണമെങ്കില്‍ സ്റ്റേറ്റ് അനിവാര്യമല്ല, ഇതാണ് മുസ്‌ലിം കാഴ്ചപ്പാട്. രാഷ്ട്രമുണ്ടെങ്കിലേ ഇസ്‌ലാം പൂര്‍ണമാകൂ എന്ന വിശ്വാസം പ്രമാണവിരുദ്ധമാണ്. ഇസ്‌ലാം പൂര്‍ണമായത് മദീനയിലാണ്. പിന്നീട് മക്ക കീഴടക്കി. തുടര്‍ന്ന് ഇസ്‌ലാമിക രാഷട്രം നിലവില്‍ വന്നു എന്നത് ഇസ്‌ലാമിക രാഷ്ട്രം നിര്‍ബന്ധമാണ് എന്ന ന്യായത്തിന് തെളിവല്ല.

റസൂലും(സ്വ) അനുചരന്മാരും പ്രതിയോഗികളുമായി ധാരാളം സംഘർഷങ്ങളുണ്ടായിട്ടുണ്ട്. ചിലതില്‍ മുസ്‌ലിംകള്‍ പരാജയപ്പെട്ടിട്ടുമുണ്ട്. റസൂൽ തന്നെ നേതൃത്വം നല്‍കിയ യുദ്ധത്തില്‍ പരാജയപ്പെട്ടുവല്ലോ. വിജയപരാജയം ആരുടെയും കുത്തകയല്ല. ആര്‍ക്കും ആരെയും അതിജയിക്കാം എന്ന് റസൂലും ഖുര്‍ആനും പറയുന്നുണ്ട്. മുസ്‌ലിംകള്‍ പരാജയപ്പെട്ടപ്പോള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് പരാജയപ്പെട്ടുവെന്നും ശത്രുക്കള്‍ മുസ്‌ലിംകളെ കീഴടക്കിയെന്നുമാണല്ലോ അര്‍ഥം. പക്ഷേ, അപ്പോഴൊക്കെയും ഇസ്‌ലാം അപൂര്‍ണമാണെന്നോ ഭരണം നഷ്ടപ്പെട്ടതോടെ ഇസ്‌ലാം സമ്പൂര്‍ണമല്ലെന്നോ പറയരുതല്ലോ. ഭരണമല്ല ഇസ്‌ലാമിന്റെ സമ്പൂര്‍ണതയുടെ മാദണ്ഡം.

മദീനയില്‍ ഇസ്‌ലാം വരുന്നതിന്റെ ചരിത്രം നോക്കൂ. പലകുറി പലരും മദീനയില്‍നിന്ന് റസൂലിനെ(സ്വ) സന്ദര്‍ശിക്കുകയും നാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് റസൂൽ(സ്വ) മദീനയിലേക്ക് ചെല്ലുന്നത്. റസൂലിനെ(സ്വ) മദീന പൂര്‍ണമായി അംഗീകരിച്ചതോടെയാണ് മദീന ഇസ്‌ലാമിക ഭരണവ്യവസ്ഥക്ക് കീഴില്‍ വരുന്നത്. ഈ രൂപത്തിലാണ് രാഷ്ട്രം രൂപപ്പെട്ടുവരേണ്ടത്.

ജനങ്ങളോട് യുദ്ധം ചെയ്തല്ല ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമായിട്ടുള്ളത്. യുദ്ധം മുഖേന രാഷ്ട്രം നിര്‍മിക്കുന്ന ഉത്തരവോ കല്പനയോ വിശ്വാസികളോട് ഉണ്ടായിട്ടില്ല. പ്രതിരോധം മാത്രമാണ് യുദ്ധത്തിന്റെ ഭാഗമായി നമുക്കുള്ളത്. ഇസ്‌ലാമിന്റെ ആദര്‍ശ-ജീവിതപാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ നമ്മോട് കല്പനയുണ്ട്. അത് ജിഹാദിന്റെ പരിധിയിലാണ് വരുക. ഖിതാലിന്റെ പരിധിയിലല്ല. സംഘര്‍ഷത്തിലേക്കു വഴുതുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിരോധം മാത്രമാണ് നമ്മുടെ ബാധ്യത. അതും സ്വയം പ്രതിരോധത്തിന് ഇടമുള്ള രാജ്യങ്ങളിൽ. ഭരണമില്ലാത്ത ഇസ്‌ലാമിനെ അപൂര്‍ണമായി സങ്കല്പിക്കുകയും വാളെടുത്ത് ഭരണം നേടിക്കൊടുത്ത് ഇസ്‌ലാമിനെ സമ്പൂര്‍ണമാക്കുകയും ചെയ്യാനുള്ള ബാധ്യത വിശ്വാസികള്‍ക്കില്ല.

ഇസ്‌ലാമിസ്റ്റ് ആഖ്യാനം
മതനിയമഗ്രന്ഥങ്ങളില്‍നിന്ന് ആഖ്യാനങ്ങള്‍ ചമച്ചുണ്ടാക്കുന്നതാണ് ഇസ്‌ലാമിക തീവ്ര കാഴ്ചപ്പാടിന്റെ രീതിശാസ്ത്രം. പ്രതിരോധത്തിന്റെ രീതികള്‍ പറയുന്ന ഒരു ഹദീസില്‍, പ്രവാചകര്‍ മൂന്നു കാര്യങ്ങള്‍ പറയുന്നുണ്ട്. പ്രതിരോധം കൈകൊണ്ട്, വാക്കുകൊണ്ട്, മനസുകൊണ്ട്. കൈകൊണ്ടുള്ള പ്രതിരോധം മാത്രമല്ല എന്നു ചുരുക്കം. എല്ലാവരുടെയും ഗുണം കാംക്ഷിക്കലാണ് ഇസ്‌ലാം. ഭരണീയരോടും ഭരണകര്‍ത്താക്കളോടും ഗുണകാംക്ഷ വേണം. ഇക്കാര്യങ്ങളെല്ലാം മറച്ചുപിടിച്ച് തെറ്റായ ആഖ്യാന വ്യാഖ്യാനങ്ങള്‍ നിര്‍മിച്ചെടുക്കുകയാണ് ഇസ്‌ലാമിസ്റ്റുകള്‍. മുആവിയ(റ)- അലി(റ) അനുകൂലികള്‍ സ്വിഫ്ഫീന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും സമവായത്തിന്റെ വഴി തിരഞ്ഞെടുക്കുകയും ചെയ്തത് ചോദ്യം ചെയ്തത് ഖവാരിജുകളാണ്. ഖവാരിജിസത്തിന്റെ തുടര്‍ച്ചയിലാണ് മിലിട്ടന്റ് ഇസ്‌ലാമിസ്റ്റുകളെ കണ്ടെടുക്കാന്‍ കഴിയുക.

സ്വിഫ്ഫീനില്‍ ഇരുവിഭാഗത്തില്‍നിന്നും മധ്യസ്ഥരായി അബൂമൂസല്‍ അശ്അരിയും(റ) അംറ്ബിന്‍ ആസ്വും(റ) നിയമിതരായി. സന്ധി സംഭാഷണം നടന്നുകൊണ്ടിരിക്കെയാണ് ഖവാരിജുകള്‍ ഉണര്‍ന്നത്. “ഇനില്‍ ഹുകൂമു ഇല്ലാലില്ലാഹ്’ എന്നായിരുന്നു അവരുടെ വാദം. അല്ലാഹു മാത്രമാണ് മധ്യസ്ഥന്‍. അതിനെതിരായുള്ള വാദങ്ങള്‍ ഇസ്‌ലാമില്‍നിന്ന് ബഹിഷ്‌കൃതരാകാന്‍ കാരണമാകുമെന്നായിരുന്നു ആ വാദത്തിന്റെ കാതല്‍. അലി(റ) ഈ ഖവാരിജിന്റെ വാദത്തെ തള്ളിപ്പറഞ്ഞു. “കലിമതു ഹഖിന്‍ ഉരീദ ബിഹില്‍ ബാതില്‍’- സത്യവചനമാണ്; പക്ഷേ, ദുരുദ്ദേശ്യമാണ് പിന്നിലെന്നായിരുന്നു അലി(റ) പറഞ്ഞത്. അബൂബക്കര്‍ അല്‍ ബഗ്ദാദി രംഗപ്രവേശ കാലത്ത് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ഖുതുബാത് ഉദ്ധരിച്ചിരുന്നല്ലോ. ഇതെല്ലാം ഒരേ ശൃംഖലയാണ്. ഇതേ എക്‌സ്ട്രീമായ ആഖ്യാനമായിരുന്നു ഖവാരിജിസത്തിന്റേത്. അവരുടെ തുടര്‍ച്ച അന്ത്യനാള്‍ വരെ ഉണ്ടാകും. നിങ്ങളെക്കാള്‍ നന്നായി ഖുര്‍ആന്‍ ഓതുകയും നിസ്‌കരിക്കുകയും ചെയ്യുന്ന തലമുറയുണ്ടാകുമെന്ന് റസൂൽ(സ്വ) അവരുടെ ഒന്നാമത്തെയാളെ ചൂണ്ടി പറഞ്ഞല്ലോ. വഹാബിസത്തിന്റെ വരവും വളര്‍ച്ചയും നിരീക്ഷിച്ചാല്‍ ഇതറിയാം.

തുര്‍ക്കി
തുര്‍ക്കിയില്‍ ഉര്‍ദുഗാന്‍ ശക്തനാണ്. അമേരിക്കന്‍ വിരുദ്ധനാണ്. ഖുര്‍ആന്‍ ഹൃദിസ്ഥമാണ്. മുസ്തഫാ കമാലിനെക്കാള്‍ വിശ്വാസികള്‍ക്ക് സന്തോഷം പകരുന്ന ചലനങ്ങള്‍ അദ്ദേഹം തുര്‍ക്കിയിലുണ്ടാക്കുന്നു. ഹാഗിയ സോഫിയ യഥാര്‍ത്ഥ അവകാശികള്‍ക്ക് കിട്ടുന്നു. പക്ഷേ, ഇതില്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് ആഘോഷിക്കാനുള്ള ഒരു തരിമ്പുമില്ല. കാരണം തുര്‍ക്കി ഇസ്‌ലാമിസ്റ്റുകളുടെ ഭരണവ്യവസ്ഥയല്ല.
ഇസ്‌ലാം ഭരണത്തോടെ മാത്രമേ പൂര്‍ണമാകൂ എന്ന നിലപാട് ശരിയല്ല. എല്ലാവരും മുസ്‌ലിംകളാവുകയോ ഇസ്‌ലാമിക ഭരണം നിലനിര്‍ത്താന്‍ രാഷ്ട്രം പാകമാവുകയോ ചെയ്യുമ്പോഴുണ്ടാകുന്നതാണ് ഇസ്‌ലാമിക് സ്റ്റേറ്റ്. സ്റ്റേറ്റ് എന്നാല്‍ ഒരവസ്ഥ എന്നാണല്ലോ. പൗരന്മാര്‍ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഭരണവ്യവസ്ഥയും അവസ്ഥയുമാണത്. ഒരു പൊലീസ് രാജല്ല ഇസ്‌ലാമിക രാജ്യം. ടെറിറ്റോറിയല്‍ സ്റ്റേറ്റ് എന്നതിലുപരി ആത്മീയ സ്റ്റേറ്റാണ് ഇസ്‌ലാമിന്റേത്. ഇസ്‌ലാമിക മൂല്യങ്ങള്‍ പാലിക്കാതെ ചാവേറാകുന്നതും എതിര്‍പക്ഷത്തുള്ള സ്ത്രീകളെ വ്യഭിചാരത്തിനുപയോഗിക്കുന്നതും അല്ല ഇസ്‌ലാമിക രാഷ്ട്രബോധങ്ങളും ജിഹാദും.

താലിബാന്‍
സോവിയറ്റ് യൂണിയനും അമേരിക്കയും മറ്റും അടിച്ചൊതുക്കാന്‍ ശ്രമിച്ചതിനൊടുവിലാണ് താലിബാന്‍ ഇപ്പോള്‍ അഫ്ഗാനില്‍ അധികാരം നേടിയിരിക്കുന്നത്. രാഷ്ട്രീയമായി അതൊരു വിസ്മയമെന്നോ ആശ്ചര്യമെന്നോ വിലയിരുത്തുന്നവരുണ്ടാകാം. താലിബാന്‍ ഒരു മിശ്രിത രൂപമാണ്. പല വിശ്വാസധാരയിലുള്ളവര്‍ അതിലുണ്ട്. ഗോത്രീയത അവിടെ പ്രധാനമാണ്. ഇടക്കിടക്ക് ഗോത്രങ്ങള്‍ തമ്മിലുള്ള വടംവലികളുണ്ടാകാറുണ്ട്. താലിബാന്‍ ഇസ്‌ലാമിക ഭരണക്രമമാണ് എന്നു പറയാന്‍ കഴിയില്ല. സ്ത്രീവിദ്യാഭ്യാസത്തെ പൂര്‍ണമായും നിര്‍ത്തലാക്കുമെന്നു താലിബാന്‍ തീര്‍പ്പുപറഞ്ഞിട്ടില്ല. പക്ഷേ, താലിബാന്‍ എന്ന കൂട്ടായ്മയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ തീവ്ര ഇസ്‌ലാമിസത്തിന് പങ്കുണ്ട്. നിലവില്‍ പല വിശ്വാസധാരയിലുള്ളവരും അതില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം. ഇഖ്‌വാനുല്‍ മുസ്‌ലിമീന്റെ കാര്യത്തിലും അതുതന്നെയാണ് സ്ഥിതി. സഊദിയില്‍, ഇഖ്‌വാന്‍ രൂപമെടുക്കുന്ന കാലത്ത് വഹാബിസത്തിന്റെ വക്താക്കളായിരുന്നു മുന്നില്‍. പിന്നീട് വളര്‍ച്ചയുടെ ഘട്ടത്തില്‍ പലരും പല താല്പര്യങ്ങള്‍ക്കും വേണ്ടി അകത്ത് ചേക്കേറിയിട്ടുണ്ടാകാം. ഏതൊരു മൂവ്‌മെന്റിന്റെയും സ്വഭാവം അങ്ങനെയാണ്. അത്തരം കലര്‍പ്പുകള്‍ സാമൂഹ്യശാസ്ത്രത്തിന്റെ ആലോചനകളില്‍ വരുന്നത് കാണാം. കേരളത്തിലെ വഹാബി ധാരയില്‍തന്നെ അതിനോട് എതിരാവുന്ന ചില എലമെന്റുകള്‍ ഉണ്ടായിരുന്നല്ലോ. മന്ത്രിച്ചൂതുന്ന പതിവ് വക്കം മൗലവിക്കുണ്ടായിരുന്നു. ഹസനുല്‍ബന്നയുടെ ജീവിതാനുഭവങ്ങളില്‍നിന്ന് സൂഫിസത്തിന്റെ ചില ഭാഗങ്ങളൊക്കെ കണ്ടെടുക്കാന്‍ കഴിയും.

ജമാഅതിന്റെ നവീകരണം
ജമാഅതെ ഇസ്‌ലാമിയുടെ ആശയമാറ്റം ശ്രദ്ധിച്ചുനോക്കൂ. ഹുകൂമതില്‍നിന്ന് ഇഖാമതുദ്ദീനിലേക്കും പിന്നീട് പാര്‍ലമെന്ററി ജനാധിപത്യത്തിലേക്കും രൂപമാറ്റം നടക്കുന്നു. ഇത് ചെറിയ മാറ്റമല്ല. അടിസ്ഥാനപരമായ മാറ്റമാണിത്. താഗൂതീ സമ്പ്രദായമെന്ന് ജനാധിപത്യ വ്യവസ്ഥയെ പരിഹസിച്ചവരാണ് ജമാഅത്. എന്നല്ല താഗൂതിയുടെ ഭാഗമാകുന്നത് ശിര്‍ക്കും കുഫ്‌റുമാണെന്ന് എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിശിതമായി എതിര്‍ത്തിരുന്നു. ഈ അടിസ്ഥാന ബോധത്തെയാണ് അവര്‍ സ്വയം തിരുത്തി മാറ്റുന്നത്. തൗഹീദിന് എതിരാണെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയതൊക്കെയും ഇപ്പോള്‍ എടുത്തണിയുന്നു. അന്നത്തെ തൗഹീദല്ല ഇന്നത്തെ തൗഹീദ്. അന്നത്തെ ശിര്‍ക്, ഇന്ന് ശിര്‍ക്കല്ല. ഇത് നവീകരണമല്ല; തുറന്ന പ്രഖ്യാപനത്തോടെയല്ല ഈ മാറ്റം ജമാഅത്ത് സ്വീകരിച്ചത്. അടവുനയമെന്നോ സൗകര്യത്തിനനുസൃതമായ മാറ്റമെന്നോ മാത്രമേ പറയാവൂ. ഏതടിസ്ഥാനത്തിലാണ് ജമാഅത് ഇതിന് മുതിര്‍ന്നിരിക്കുന്നത്? ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യം മുമ്പുണ്ടായിരുന്നതില്‍നിന്ന് ജമാഅത്തനുകൂലമായി മാറിയെന്നാണോ അവര്‍ പറയുന്നത്? ജമാഅത്ത് ഈ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞേ മതിയാകൂ.

തയാറാക്കിയത് :
എൻ ബി സിദ്ദീഖ് ബുഖാരി

You must be logged in to post a comment Login