ഭയപ്പെടുത്തുന്നവർക്ക് അജണ്ടകളുണ്ട്

ഭയപ്പെടുത്തുന്നവർക്ക് അജണ്ടകളുണ്ട്

ഭയം, ഭയം, സർവത്ര ഭയം. ആരാണ് ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്? ആരാണ് ഭയപ്പെടുത്താറുള്ളത് എന്നതിലുണ്ട് ഉത്തരം. ഭീരുക്കളാണ് ഭയം സൃഷ്ടിക്കുക.
ഭയത്തിൽ നിന്നാണ് ഭയം സൃഷ്ടിക്കാനുളള ഉൾവിളിയുണ്ടാവുന്നത് പോലും . മുസ്‌ലിംകളെ ചൂണ്ടി സ്വന്തം സമൂഹത്തെ ഭയപ്പെടുത്തി മാത്രമാണ് കഴിഞ്ഞ 100 വർഷമായി ഇന്ത്യയിൽ പരിവാർ ശക്തിയാർജിച്ചത്. ഇന്ന് ഭരിച്ചു കൊണ്ടിരിക്കുന്നതും. നമ്മൾ ശക്തരാണ്, നിങ്ങൾ നിർഭയരായിരിക്കൂ എന്ന് ഒരിക്കൽ പോലും പരിവാർ ക്യാമ്പിലെ ഒരു ധീരനെങ്കിലും പ്രസംഗിക്കുന്നത് നിങ്ങൾക്ക് ഇന്നും കേൾക്കാനാവില്ല. ഹിന്ദു സമൂഹത്തിൽ ഭയം ഉത്പാദിക്കപ്പെടണമെങ്കിൽ മുസ്‌ലിം അപരനുണ്ടാവണം. യഥാർത്ഥത്തിൽ പരിവാര ആലയങ്ങളിൽ നിന്ന് നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത് ഭയം ഉത്പാദിപ്പിക്കാനാണ്. സായുധ പ്രകടനവും ബുൾഡോസറുകളും കലാപങ്ങളും പ്രകോപന പ്രസംഗങ്ങളും എല്ലാം ലക്ഷ്യം വെക്കുന്നത് ഒരേ താല്പര്യം മാത്രം.
സംഘ്പരിവാർ ഭയപ്പെടുത്താൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് തികയുകയാണ്.
എന്നിട്ടും സമുദായ നേതൃത്വത്തിൽ നിന്ന് ഭയപ്പാടിന്റെ അംശം പോലും പ്രകടിപ്പിക്കപ്പെട്ടിരുന്നില്ല. ഒരു കലാപങ്ങൾക്കും അവരെ തളർത്താനും സാധിച്ചില്ല. എത്ര കലാപങ്ങളിലൂടെ കടന്നുപോയെങ്കിലും നിർഭയമായി അവർ പ്രവർത്തിച്ചു കൊണ്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും മതപാഠശാലകളും ധാർമിക വിദ്യാഭ്യാസവും സൗഹൃദവും സഹവർത്തിത്വവും … അവർ വിതച്ചു , അവർ കൊയ്തു.

ഹിന്ദു സമൂഹത്തിൽ പോലും മുസ്‌ലിം സമൂഹം ഏറെ ആദരിക്കപ്പെട്ടു. രണ്ടു സമുദായങ്ങൾ തമ്മിൽ കൊണ്ടു കൊടുക്കലുകളുണ്ടായി. ക്രിയാത്മകമായി അവർ അടയാളപ്പെടുത്തപ്പെട്ടു.

മുസ്‌ലിം ജീവിതങ്ങൾ ദുസ്സഹമാക്കപ്പെടുകയോ, ജീവിത നിലവാരം തകർക്കപ്പെടുകയോ, മറ്റു ജനവിഭാഗങ്ങളിൽ നിന്ന് സാമൂഹ്യമായി അകറ്റപ്പെടുകയോ ചെയ്യുന്നതിലൂടെയായിരിക്കും യഥാർഥത്തിൽ മുസ്‌ലിംകൾ രാജ്യത്ത് രണ്ടാം കിട പൗരൻമാരായി മാറ്റപ്പെടുക. എങ്കിൽ,പിന്നീട് തിരിച്ചു വരാൻ കഴിയാത്ത വണ്ണം ഭീമൻ ഗർത്തത്തിലേക്കായിരിക്കും നിപതിക്കുക. ഈ തിരിച്ചറിവിൽ നിന്ന് കൊണ്ടായിരിക്കണം സാമൂഹ്യവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ നിരീക്ഷിക്കേണ്ടതും പരിഹാര ശ്രമങ്ങൾ ആസൂത്രണം ചെയ്യേണ്ടതും.

ഭീതിയുടെ കരിമ്പടം പുതയ്ക്കപ്പെടുമ്പോഴാണ് ഏതൊരു സമൂഹത്തിനും ക്രിയാത്മകത നഷ്ടപ്പെടുക. പരിവാറിന് മുസ്‌ലിം ക്രിയാത്മകത നഷ്ടപ്പെടുത്താൻ മാത്രം സാധിച്ചിരുന്നില്ല. സംഘ്പരിവാർ ഉയർത്തുന്ന ഭീതിയെ രാഷ്ട്രീയ, മത നേതൃത്വത്തിൻ കീഴിൽ അവർ സധീരം ക്രിയാത്മകമായി നേരിട്ടു. ഒരിക്കൽ പോലും പരിവാറിന് ആയുധം കൊടുക്കാൻ അവർ തയാറായില്ല.

അവിടേക്കാണ് പോപ്പുലർ ഫ്രണ്ട് വരുന്നത്. ആർ എസ് എസിന് സാധിക്കാത്തത് മുസ്‌ലിം സമൂഹത്തിൽ സാധിച്ചെടുക്കുകയാണ് യഥാർഥത്തിൽ പോപ്പുലർ ഫ്രണ്ട്. അവർ നിരന്തരമായി തീവ്ര ഹിന്ദുത്വവാദികൾക്ക് ആയുധം കൊടുത്തു കൊണ്ടേയിരിക്കുന്നു.

വിഭജനാനന്തരം പാക്കിസ്ഥാനിലേക്ക് കൂടുമാറിയ മൗദൂദിക്കോ ജമാഅതിനോ ഇന്ത്യയിൽ വേണ്ടത്ര സ്വീകാര്യത നേടാൻ കഴിഞ്ഞിരുന്നില്ല. ഒരു വേള ഇന്ത്യൻ ജമാഅതുകാർക്കിടയിൽ ഒരു ചർച്ച പോലും ഉയർന്നുവന്നിട്ടുണ്ട്. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിൽ പോലും പാക് ജമാഅതിന് പ്രായോഗികമാണെന്ന് തെളിയിക്കാൻ കഴിയാത്തതാണ് മൗദൂദിയുടെ രാഷ്ട്രീയ സിദ്ധാന്തം.പിന്നെ എങ്ങനെയാണ് ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിൽ ഈ ആശയം പ്രായോഗികമാവുക. ഈ നിരാശ ജമാഅത് നേതൃത്വത്തിൽ പോലും ദൃശ്യമായിരുന്നതും ഇസ്‌ലാമിസ്റ്റുകളുടെ വേഗത കുറവിന്റെ കാരണങ്ങളിലൊന്നാണ്. എന്നിരിക്കിലും മൗദൂദിയൻ രാഷ്ട്രീയ സിദ്ധാന്തം ഉപേക്ഷിക്കാൻ അവർ തയാറായിരുന്നില്ല. അതിൽ നിന്നും പൊട്ടിമുളച്ച ഒരു ശിഖ ഒരവസരം വന്നപ്പോൾ മരമാവുന്നതാണ് ഇപ്പോൾ ദൃശ്യമാവുന്നത്.
ജമാഅതെ ഇസ്‌ലാമിയുടെ തീവ്രമുഖമായിരുന്നു അവരുടെ വിദ്യാർഥി സംഘടനയായിരുന്ന സിമി. സിമിയും ജമാഅതും തമ്മിലെ തർക്കവും പുറംതള്ളലും സിമിയുടെ പ്രവർത്തന വേഗതയെ ചൊല്ലിയാണ്. അനുസരണ കാണിക്കാത്ത സിമിയെ അവസാനിപ്പിക്കാനാണ് ജമാഅതെ ഇസ്‌ലാമി മറ്റൊരു വിദ്യാർഥി സംഘടനക്ക് ജന്മം നൽകിയത്. ജമാഅത് നേതൃത്വം സിമിക്കാരെ ജമാഅതിലേക്ക് തിരിച്ചു കൊണ്ടുവരാൻ വലിയ തോതിൽ അധ്വാനിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷവും ഉടക്കി തന്നെ നിന്നു. സിമി ഉയർത്തിയ മുദ്രാവാക്യങ്ങൾ മതേതര അന്തരീക്ഷത്തെ സാരമായി ബാധിച്ചിരുന്നു.

സിമിക്കാരുടെ ഇഷ്ട താല്പര്യം ജിഹാദായിരുന്നു. ലക്ഷ്യം മതരാഷ്ട്രവും.
ഇറാനിയൻ വിപ്ലവം തലക്കുപിടിച്ചവരായിരുന്നു ഞങ്ങളെന്ന് പഴയ സിമിക്കാർ ഇപ്പോഴും ഓർക്കാറുണ്ട്.

അലി ശരീഅതിയായിരുന്നു അവരുടെ തലച്ചോറിന് തീ കൊടുത്തിരുന്നത്.
അബുൽ അഅലാ മൗദൂദി (ജമാഅതെ ഇസ്‌ലാമി സ്ഥാപകൻ), സയ്യിദ് ഖുതുബ് (ഇഖ്‌വാൻ നേതാവ്), അലി ശരീഅതി (ശീഈ ചിന്തകൻ) ഇവരുടെ തീവ്ര ചിന്തകളാൽ തിളച്ചു വന്നവരായിരുന്നു സിമി.

സിമി നിരോധിക്കപ്പെട്ടപ്പോൾ സിമിയുടെ നേതൃസ്ഥാനമലങ്കരിച്ചിരുന്നവർ വ്യത്യസ്ത സംഘടനകൾ ഉണ്ടാക്കി അതിനുകീഴിൽ പ്രവർത്തിച്ചു.
ബാബരി വിഷയം കത്തി നിന്ന 90കളിൽ ആർഎസ്എസിനു ബദലായി മഅ്ദനി ഐഎസ്എസ് ഉണ്ടാക്കി പ്രഭാഷണ വേദികളിൽ അതിവൈകാരികമായി കത്തിക്കയറിയപ്പോൾ കേരളത്തിലെ മുസ്‌ലിം യുവാക്കളിൽ ചിലരെങ്കിലും മഅ്ദനിയിൽ ഒരു രക്ഷകനെ കണ്ടു. സത്യത്തിൽ മഅ്ദനി ഒരു പ്രഭാഷകൻ മാത്രമായിരുന്നു.

അദ്ദേഹത്തിന്റെ പ്രഭാഷണം മുസ്‌ലിം യുവാക്കളെ പോലെ ആർഎസ്എസുകാരും ധാരാളം കേട്ടു. ആർ എസ് എസിന് അത് സംഘടന വളർത്താൻ ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. മഅ്ദനി പിന്നീട് തെറ്റ് ബോധ്യപ്പെട്ടു തിരുത്തി. മഅ്ദനിയുടെ ഐഎസ്എസ് വിഷയത്തിലും ജമാഅത് അമീറിന്റെ കൈകളുണ്ടെന്ന് ഒ അബ്ദുല്ല പറയുന്നുണ്ട്. നിരന്തരം സിദ്ധീഖ് ഹസനുമായി മഅ്ദനി കൂടിയാലോചന നടത്തിയിരുന്നുവെന്നാണ് ഒ അബ്ദുല്ല പറഞ്ഞത്. ആവശ്യം കഴിഞ്ഞപ്പോൾ മാധ്യമം മഅദനിയെ കൈയൊഴിഞ്ഞു. മഅദനി പിന്നീട് കടുത്ത ജമാഅത്ത് വിരുദ്ധത പ്രസംഗിച്ചതും കേരളം കേട്ടു. പിന്നീട് മഅദനി പി ഡി പി എന്ന രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി.

മഅദനി രംഗമൊഴിഞ്ഞ അന്തരീക്ഷത്തിലേക്കാണ് തന്ത്രപൂർവം എൻ ഡി എഫ് കടന്നുവരുന്നത്.

സിമിയുടെ നിരോധന ശേഷം പല പേരിൽ പ്രവർത്തിച്ചിരുന്ന സിമിക്കാർ അവസരം ഉപയോഗിക്കുകയായിരുന്നു എന്നാണ് എൻ ഡി എഫ് സ്ഥാപക നേതാവിന്റെ ഇപ്പോൾ പുറത്തു വന്ന ആത്മകഥയിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.
നാഷനൽ ഡിഫൻസ് ഫോഴ്സ് എന്നാണ് ആദ്യ കാലം എൻ ഡി എഫ് വിളിക്കപ്പെട്ടത്. ആർ എസ് എസ് ഗുണ്ടാ നീക്കത്തെ പ്രതിരോധിക്കാനെന്ന പേരിലാണ് ആദ്യ സംഘാടനം. മുസ്‌ലിം സൗഹൃദ വേദി / മുസ്‌ലിം ഐക്യ വേദി എന്ന പേരിൽ ഗ്രാമങ്ങളിൽ യൂനിറ്റുകൾ നിർമിക്കുകയായിരുന്നു. സുന്നി, മുജാഹിദ്, ജമാഅത് വിഷയങ്ങളിൽ നമ്മളില്ല , നമ്മൾ മുസ്‌ലിംകളാണ്. മുസ്‌ലിം പ്രശ്നങ്ങൾക്ക് പരിഹാരം കാണലാണ് ലക്ഷ്യമെന്ന പേരിലാണ് ഐക്യവേദി നിർമിച്ചത്. (തർക്കവിഷയങ്ങളിൽ നിന്ന് തന്ത്രപൂർവം മാറിനിൽക്കുകയായിരുന്നു. തർക്കവിഷയങ്ങളിൽ സ്വന്തം അഭിപ്രായം പറഞ്ഞിരുന്നുവെങ്കിൽ ഒരടി മുന്നോട്ട് പോവാൻ ഈ സംഘടനയ്ക്ക് ആവുമായിരുന്നില്ല, വളരെ ഗംഭീരമായി അവർ സുന്നി വിരുദ്ധത മറച്ചു പിടിച്ചു.) കായിക അഭ്യാസ പഠനങ്ങളിലൂടെ യൂനിറ്റുകൾ സജീവമാക്കി. ആർ എസ് എസ്/ എൻ ഡി എഫ് എന്ന ദ്വന്ദം നിർമിക്കപ്പെട്ടു. നാഷനൽ ഡെവലപ്മെന്റ് ഫ്രണ്ടാക്കി പിന്നീട് പാർട്ടിയെ വിളംബരപ്പെടുത്തി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ പേര് മാറ്റി പോപ്പുലർ ഫ്രണ്ട് എന്നാക്കി. പോപുലർ ഫ്രണ്ടിന് കീഴിൽ എസ് ഡി പി ഐ തുടങ്ങി കാമ്പസ് ഫ്രണ്ട്, ഇമാം കൗൺസിൽ വരെ വ്യത്യസ്ത സംഘടനകൾ ഉണ്ടാക്കി പ്രവർത്തിച്ചു വരുന്നു.
കടുത്ത ജമാഅതുകാരനും സിമിക്കാരനുമായ ഇ അബൂബക്കറാണ് എൻ ഡി എഫ് സ്ഥാപകൻ. അദ്ദേഹം തന്നെ ഇത് അദ്ദേഹത്തിന്റെ പുസ്തകത്തിൽ സമ്മതിക്കുന്നുണ്ട്.
കേരളത്തിലെ ജമാഅതുകാരുടെ കുശുമ്പും അസൂയയും തൻ പോരിമയും നിമിത്തമാണ് കേരളത്തിന് വെൽഫെയർ പാർട്ടി, എസ് ഡി പി ഐ എന്നിങ്ങനെ ഒരേ ആശയമുള്ള രണ്ടു പാർട്ടികളെ താങ്ങേണ്ടി വന്നത്. എൻ ഡി എഫ് നേതൃത്വം ജമാഅത് നേതൃത്വവുമായി പാർട്ടിയുണ്ടാക്കും മുമ്പ് ചർച്ച നടത്തിയിരുന്നു. അത് അംഗീകരിച്ചിരുന്നുവെങ്കിൽ ഒരേ ലക്ഷ്യമുള്ള രണ്ടു പാർട്ടി ഉണ്ടാവുമായിരുന്നില്ല എന്ന് ഒ അബ്ദുല്ല പറഞ്ഞതോർക്കണം.

പോപുലർ ഫ്രണ്ട് നേതാക്കളായ പി കോയയും ഇ അബൂബക്കറും ഇ എം അബ്ദുറഹ്മാനും ഒന്നാന്തരം ജമാഅതുകാരായിരുന്നു എന്നും ജമാഅത് അമീർ ആവുന്നതിനു മുമ്പ് പ്രൊഫ സിദ്ദീഖ് ഹസൻ എൻ ഡി എഫിൽ പ്രവർത്തിക്കാൻ താല്പര്യപ്പെട്ടിരുന്നുവെന്നും സിദീഖ് ഹസൻ ഇത് പല തവണ ഇ അബൂബക്കറിനോടും പ്രൊഫസർ കോയയോടും സംസാരിച്ചിരുന്നുവെന്നും ഒ അബ്ദുല്ല പറയുന്നുണ്ട്.

മൗദൂദി തന്റെ അമേരിക്കയിലേക്കുള്ള അവസാന യാത്രയിൽ ശീഈ ഇറാനെ കുറിച്ച് ഓർമ്മപ്പെടുത്തുന്നുണ്ട്. ഞാൻ അമേരിക്കയിൽ നിന്ന് ഇറാൻ വഴിയായിരിക്കും തിരിച്ചു പോരുക. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തെ കുറിച്ച്, വിപ്ലവത്തിന്റെ പ്രായോഗിക പാഠത്തെ കുറിച്ച് എനിക്ക് പഠിക്കണം. അമേരിക്കയിൽ വെച്ച് മൗദൂദി മരണപ്പെടുകയായിരുന്നു. എൻ ഡി എഫ് അതിന്റെ പ്രവർത്തകർക്ക് ആദ്യ വായനക്ക് നിർദേശിച്ചിരുന്ന പുസ്തകങ്ങളിൽ അലി ശരീഅതി കടന്നുവന്നതും യാദൃഛികമല്ല. ശീഈ വിപ്ലവ ചിന്തകളാൽ പ്രചോദിതമായ ഒന്നാന്തരം മൗദൂദിസ്റ്റുകളാൽ (സിമി) രൂപീകൃതമായ പാർട്ടിയാണ് എസ് ഡി പി ഐ എന്നത് തർക്കത്തിനിടമില്ലാത്ത യാഥാർഥ്യമാണ്.

ഭാവിയിൽ രണ്ടു മൗദൂദി പാർട്ടികൾ പരസ്യമായി തന്നെ ചേർന്നു പ്രവർത്തിക്കുകയോ ഒന്നായി മാറുകയോ ചെയ്യുന്നത് ഒട്ടും അത്ഭുതമല്ല.

ജമാഅതിന്റെയും പോപുലർ ഫ്രണ്ടിന്റെയും രാഷ്ട്രീയം എത്രമേൽ ഒന്നായി തീരുന്നുവെന്നതിന്റെ രസമൂലം ഈ ആശയബന്ധം മാത്രമാണ്. നിലവിലെ രാഷ്ട്രീയ സന്ദർഭത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി ഉമ്മത്തീയ രാഷ്ട്രീയത്തിലൂടെ ശക്തിപ്രാപിക്കാനാണ് ഇപ്പോഴത്തെ നീക്കം. മുസ്‌ലിം ലീഗാണ് ഇതിൽ വലിയ തോതിൽ വീണു പോയിരിക്കുന്നത്. മുസ്‌ലിം ലീഗ് പോപ്പുലർ ഫ്രണ്ടിനെ പ്രത്യക്ഷത്തിൽ എതിർക്കുന്നുവെങ്കിലും പോപ്പുലർ ഫ്രണ്ട് രാഷ്ട്രീയത്തെ താത്വികമായി പ്രതിരോധിക്കാൻ അശക്തരാവുന്നത് ആർക്കും ദൃശ്യമാവും. ജമാഅതിനെ ചേർത്തു നിർത്തി എങ്ങനെയാണ് പോപ്പുലർ ഫ്രണ്ടിനെ തള്ളിക്കളയുക. ജമാഅതെ ഇസ്‌ലാമിക്ക് ഇന്ന് ഒരു ഗുണ്ടാസംഘമില്ല എന്നതു മാത്രമാണ് ജമാഅത്തും പോപ്പുലറും തമ്മിലുള്ള ഒരേയൊരു വ്യത്യാസമെന്ന് ആർക്കാണറിയാത്തത്. ഗുണ്ടാസംഘത്തെ തീറ്റിപ്പോറ്റുന്നത് ഒരു പ്രശ്നമാണെങ്കിൽ ലീഗിനും കൂട്ടുകൂടിയ എത്ര ഘടകകക്ഷികൾക്കെങ്കിലും പലയിടത്തും ഈ ചോറ്റു സംഘമില്ല ?
കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിലെ തന്നെ ഒരു വിഭാഗത്തെ സ്വാധീനിച്ചു ജമാഅത് നടത്തിയ നീക്കം തന്ത്രപരമായിരുന്നു. എം പി സ്ഥാനം രാജിവെച്ച സന്ദർഭത്തെ മുൻനിറുത്തി ലീഗിന്റെ ചില സംസ്ഥാന സമിതിയിൽ പോലും കുഞ്ഞാലിക്കുട്ടി വിരുദ്ധ അപശബ്ദങ്ങൾ ഉയർന്നുവന്നു.

(ലീഗിന് സമുദായ പ്രശ്നം കൈകാര്യം ചെയ്യാൻ സാധിക്കാത്തത് കുഞ്ഞാലിക്കുട്ടി മൂലമാണെന്നും കുഞ്ഞാലിക്കുട്ടി സലഫിയാണെന്നും രണ്ടു സമസ്തയും യോജിക്കുന്നതിൽ ഇടങ്കോലിടുന്നത് സലഫി താല്പര്യമുള്ള കുഞ്ഞാലിക്കുട്ടിയാണെന്നും കുഞ്ഞാലിക്കുട്ടിയെ ലീഗിന്റെ നേതൃസ്ഥാനത്തു നിന്നും നീക്കലാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അറിയിച്ച് ദൂതുവന്ന ജമാഅത് സഹയാത്രികനെ ഓർത്തു പോവുന്നു.) കുഞ്ഞാലികുട്ടി അപകടം തിരിച്ചറിഞ്ഞതാണോ, അതോ അദ്ദേഹം അപായത്തിൽ പെട്ടതാണോ എന്ന് മനസിലാവുന്നില്ല. പിന്നീട് നാം കണ്ടത് കുഞ്ഞാലിക്കുട്ടി തന്നെയും ജമാഅതുമായി ചർച്ചയ്ക്ക് തയാറാവുന്നതാണ്. അവിടെ വെച്ച് കുഞ്ഞാലിക്കുട്ടി വിരോധം അവസാനിപ്പിച്ചു കാണണം.
ജമാഅത്ത് യു ഡി എഫ് പാളയത്തിൽ ചേക്കാറാൻ വേണ്ടി മാത്രം കളിച്ച പൊറാട്ടുനാടകങ്ങളെത്രയെങ്കിലുമാണ്.

കേരളത്തിലെ രണ്ടു വിഭാഗം സുന്നികളുടെയും / പാരമ്പര്യ ഇസ്‌ലാമിന്റെ പൊളിറ്റിക്കൽ ഇസ്‌ലാം വിരുദ്ധത കേവലം രാഷ്ട്രീയമല്ല. ആദർശ ബന്ധിതമാണ്. പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ ആർ എസ് എസ് വിരുദ്ധതയിൽ നിന്നെങ്കിലും കൈ കോർക്കാൻ കഴിയുന്നത്രയും ദൂരത്തല്ല അഹ്്ലുസുന്നയുടെ രാഷ്ട്രീയം.
ലോകത്ത് ഇന്ന് നിലനിൽക്കുന്ന സുവ്യക്തമായ രണ്ട് ധാരകളാണ് പൊളിറ്റിക്കൽ ഇസ്‌ലാമും അഹ്്ലുസുന്നയും.

രണ്ടും രണ്ട് ദിശയിലൂടെയാണ് സഞ്ചരിക്കുന്നത്. എവിടെയെങ്കിലും വെച്ച് അത് ഒന്നാവുമെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. ആർ എസ് എസ് തല കൊയ്യാൻ വരുന്നേ. ഉമ്മത്തീ നമ്മളൊന്നാവണേ.. എന്നു വിളിച്ചാർക്കുന്നവർ. തല ഭയന്ന് സുന്നികൾ ആശയം കൈവിട്ടേക്കുമെന്ന് വിചാരിച്ചു പോയി. വിശ്വാസം ഉപേക്ഷിച്ച് തലയ്ക്കു വേണ്ടി ജീവിക്കുന്നവരല്ല ഇവർ. തലയുപേക്ഷിച്ചും വിശ്വാസം സംരക്ഷിക്കുന്നവരാണിവർ.

മുസ്‌ലിം സമുദായം ഇന്ന് ഏറ്റവും ധീരത പ്രകടിപ്പിക്കേണ്ടത് പൊളിറ്റിക്കൽ ഇസ്‌ലാമിനെ തള്ളിപ്പറയുന്നതിനാണ്. തള്ളിപ്പറയുന്നവർക്ക് നേരെ തൽക്ഷണം വെട്ടുകിളിയാക്രമണം ആരംഭിക്കും. ആർ എസ് എസ് ചാരൻ, കാവി മൗലാനാ , മോദി ശിഷ്യൻ, ചേക്കുട്ടി പോലീസ്, കുളയട്ട , ഒറ്റുകാരൻ, സമുദായദ്രോഹി.. സമുദായം മുഴുവനും ഇവരെ കണ്ണടച്ച് പിന്തുണയ്ക്കണം. ഇവരുടെ ചെയ്തികളെ ന്യായീകരിക്കണം. ഇല്ലെങ്കിൽ അവരെല്ലാം സമുദായത്തിൽ നിന്ന് പുറത്ത്. ആർ എസ് എസ് ആക്രമണത്തെ ചൂണ്ടിയാണീ ഉമ്മത്ത് രാഷ്ട്രീയം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത്. ആർ എസ് എസിന്റെ ഓരോ കലാപ ആഹ്വാനങ്ങളും ആക്രമണങ്ങളും ഈ ക്യാമ്പിലുണ്ടാക്കുന്ന ആഹ്ലാദം ചെറുതല്ല. പാർട്ടി സജീവമാക്കാൻ ഇത് കുറച്ചൊന്നുമല്ല ഉപകാരപ്പെടുന്നത്. ഈ ബഹളവും ആരവങ്ങളും ആർ എസ് എസിനും ഉത്സാഹം നൽകുന്നുണ്ട്. രണ്ടും പരസ്പരം കൊണ്ടും കൊടുത്തും തന്നെയാണ് ശക്തിപ്പെടുക.

“നമ്മളുയർന്നെണീറ്റില്ലെങ്കിൽ മുസ്‌ലിംകളെ മുഴുവനും ഇവർ കൊന്നു തീർക്കും. തല കൊയ്യാൻ വരുന്നേ.. പോരാടാൻ സമയമായേ.. അഭ്യാസം പഠിച്ചവരിൽ മാത്രമാണേ രക്ഷ …’ തുടങ്ങിയ പായ്യാരം കേൾക്കാത്തവരാരാണ്. കാറിക്കരഞ്ഞുള്ള നെഞ്ചത്തടിയിൽ ഒരു സമുദായത്തെ ഭയപ്പെടുത്തി സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ കാണാം. ഈ സമുദായത്തെ ഭീതിയിൽ പുതച്ചാലല്ലാതെ ഇവർക്ക് പാർട്ടിയുണ്ടാക്കാനാവില്ല എന്നത് തീർച്ച.തികഞ്ഞ അശ്ലീലമാണിത്. ഒരു സമുദായത്തെ നിഷ്ക്രിയമാക്കാനുള്ള കോപ്പുണ്ട് ഇതിൽ. അവിടെ വെച്ചായിരിക്കും യഥാർഥത്തിൽ നമ്മൾ തോറ്റു പോവുക. പരിവാറിന് ആവശ്യമുള്ളത് ആരാണ് നിർമിക്കുന്നത് എന്നാണ് ആലോചിക്കേണ്ടത്.

ഹിന്ദുക്കളേ.. ഒന്നിക്കണം അല്ലെങ്കിൽ തല കാണൂല എന്നല്ലാതെ ഹിന്ദുത്വ ക്യാമ്പിൽ നിന്ന് അന്നും ഇന്നും നിങ്ങൾ ഒരു പ്രസംഗവും എഴുത്തും കേൾക്കില്ല. മുസ്‌ലിംകളേ.. ഉമ്മത്ത് ഒന്നിക്കണം അല്ലെങ്കിൽ തല കാണൂല എന്നല്ലാതെ ഇസ്‌ലാമിസ്റ്റ് ക്യാമ്പിൽ നിന്നും നിങ്ങൾക്ക് ഇപ്പോഴും വരുംകാലത്തും കേൾക്കാതിരിക്കാനാവില്ല. ഈ തലയില്ലാ പ്രഭാഷണങ്ങൾ കൊണ്ട് ഭീതി വിതച്ചാണ് രണ്ടു പക്ഷവും തലയെണ്ണം വർധിപ്പിക്കാൻ ശ്രമിക്കുന്നത്. ഇവിടുത്തെ മതേതര പാർട്ടികൾ ക്ഷയിച്ചസ്തമിക്കണമെന്നാണ് രണ്ടു കൂട്ടരും വിചാരിക്കുന്നത്. എഴുത്തിലും പ്രസംഗത്തിലും അത് കാണാവുന്നതാണ്. ഹിന്ദുക്കളെല്ലാം ആർ എസ് എസ് ആവുകയും മുസ്‌ലിംകൾ എല്ലാം എസ് ഡി പി ഐ ആവുകയും ചെയ്യുന്ന ഒരു ദിവസത്തെ വിഭാവന ചെയ്തു നോക്കൂ .. അന്നീ രാജ്യത്തെ മുസ്‌ലിമിന്റെ എല്ലാ പ്രശ്നവും തീരുമെന്ന് വിചാരിക്കാൻ മാത്രം നമ്മളാർക്കാണ് ബുദ്ധി പണയപ്പെടുത്തേണ്ടത്?
ജമാഅത് പിരിശം ലീഗിനെയും പതുക്കെ ഉമ്മത്തീ രാഷ്ട്രീയത്തിലെത്തിച്ചിരിക്കുന്നു. പരസ്പരം ഇഴ ചേർത്ത് പിരിച്ചെടുക്കുന്ന ഈ ഉമ്മത്ത് കയർ ലീഗിന്റെ കൊലക്കയറാണ്. സമുദായ രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാമിലേക്ക് പരകായം ചെയ്യാൻ അധികം സമയം വേണ്ടി വരില്ല. ജമാഅത് കൃത്യം മൗദൂദി ഉണ്ടാക്കിയ ഐഡിയോളജിയിൽ രൂപപ്പെട്ടതാണ്. ലീഗണികൾക്ക് മതവും രാഷ്ട്രീയം വേർതിരിച്ചറിയാനുള്ള പാകത വളരെ കുറവും. അവസാനം ഇഴപിരിച്ച് വേർത്തിരിച്ചെടുക്കാനാവാതെ ലീഗ് ജമാഅതിൽ ലയിച്ചുതീരും. സമുദായം അതിന് വലിയ വില നൽകേണ്ടിവരും. അത് സംഭവിക്കാതിരിക്കട്ടേ.

വിശ്വാസവും ആത്മാഭിമാനവുമുള്ള മനുഷ്യരെയാണ് നിർമിക്കേണ്ടത്. ഏത് ഊശ്വര ഭൂമിയിൽ നിന്നും അവർക്ക് പൊട്ടിമുളയ്ക്കാനാവും. ഏത് പ്രതിസന്ധികളെയും അവർക്ക് ചെറുക്കാനാവും. തലയെക്കുറിച്ചോർത്ത് രാപകൽ ഉറക്കമിളച്ചിരിക്കുന്നവരായിരിക്കില്ല അവർ. ഉള്ള തല കൊണ്ട് ക്രിയാത്മകമായി പ്രവർത്തിക്കുന്നവരായിരിക്കുമവർ. പ്രസന്ന വദനരായിരിക്കുമവർ. വലിഞ്ഞു മുറുകിയ മസിലുമായല്ല അവർ സഞ്ചരിക്കുക. വൈകുന്നേരം ലോകം അവസാനിക്കും എന്നു വരുമ്പോഴും നിങ്ങളുടെ കൈയിലെ തൈനടുന്നതിനെ കുറിച്ചാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത് എന്ന് പഠിപ്പിച്ചത് മുത്തു നബിയാണ്. എന്തു പ്രതിസന്ധിക്കിടയിലും, ഏതു ഭീഷണമായ സാഹചര്യത്തിലും ഒരു വിശ്വാസിക്ക് ഭൂമിയിൽ ഒരു ദൗത്യമാണ് പ്രധാനം. ആവുന്നത്ര നന്മ നടുക. അതാർക്ക് ഉപകരിക്കട്ടെ! ഉള്ള കാലം ഇസ്‌ലാമിനെ മനോഹരമായി ആവിഷ്കരിക്കുക. ആ സൗരഭ്യവും സൗന്ദര്യവും ഇവിടെ നിറഞ്ഞു നിൽക്കുക.

സി എൻ ജഅ്ഫർ

You must be logged in to post a comment Login