തരിവെളിച്ചമാണ്, അതൊരു പ്രതീക്ഷയാണ്

തരിവെളിച്ചമാണ്, അതൊരു പ്രതീക്ഷയാണ്

ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസിനെക്കുറിച്ച് സംസാരിക്കാം. ഇരുള്‍ പരന്ന, പ്രചണ്ഡമായ വന്‍കടലില്‍ തരിവെളിച്ചമെന്നല്ല വെളിച്ചത്തിന്റെ വിദൂരസാധ്യതപോലും നാവികരെ നങ്കൂരത്തെക്കുറിച്ച് ഓര്‍മിപ്പിക്കുമല്ലോ. രാജസ്ഥാനിലെ ഉദയ്പൂരില്‍ സമാപിച്ച, കാലങ്ങളായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ കേട്ടുകേള്‍വിയില്ലാത്ത ആത്മാന്വേഷണം, ചിന്തന്‍ ശിബിരം നേര്‍ത്തവെളിച്ചത്തിലേക്കുള്ള ചില സാധ്യതകള്‍ തുറന്നിടുന്നുണ്ട്. രാജ്യമെമ്പാടും വന്‍തോതില്‍ സംഘടനാദൗര്‍ബല്യങ്ങള്‍ അനുഭവിക്കുന്ന, പോയകാല പ്രതാപങ്ങളുടെ നിഴല്‍പോലും ബാക്കിയില്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ഇന്ന് കോണ്‍ഗ്രസ്. അതിന്റെ തകര്‍ച്ചയുടെ കാരണങ്ങള്‍ ഇക്കാലത്ത് തെളിഞ്ഞ് കിട്ടിയിട്ടുമുണ്ട്. ആ കാരണങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെങ്കിലും തങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയിലെ വേരുകള്‍ നഷ്ടമായി എന്ന ഏറ്റുപറച്ചില്‍ സംഭവിച്ചിട്ടുണ്ട്. സംഘടനാസംവിധാനം അടിമുടി മാറേണ്ടതുണ്ട് എന്ന് നിരീക്ഷിച്ചിട്ടുണ്ട്. ഇനിയുള്ള കാലത്തെ സംഘടനാസംവിധാനത്തിന് ഉണ്ടാകേണ്ട മാറ്റങ്ങള്‍ സംബോധന ചെയ്തിട്ടുമുണ്ട്. അത്രയും നന്ന്. എന്തെന്നാല്‍ ഒരു പ്രതിപക്ഷം അഥവാ പ്രതിപക്ഷത്തിന്റെ സാധ്യത മതേതര ജനാധിപത്യ ഇന്ത്യക്ക് ഏറ്റവുമേറെ ആവശ്യമുള്ള കാലമാണ്. സംഘടനാമികവുകൊണ്ടും യോജിച്ച ഒരു എതിര്‍പക്ഷത്തിന്റെ അഭാവത്താലും അതിശക്തമാണ് നിലവിലെ ഭരണകൂടം. സാധാരണനിലയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടാലും വലിയ തട്ടുകേടില്ലാതെ അവര്‍ക്ക് വീണ്ടും അധികാരത്തിലെത്താം. കാരണം ജനാധിപത്യത്തിലെ പൊതുതിരഞ്ഞെടുപ്പ് എന്നത് ജനങ്ങളുടെ ഇച്ഛയുടെ പ്രകാശനമെന്നതിനെക്കാള്‍ കണക്കിന്റെ കളികളാണ്. ആ കളി അവര്‍ പഠിച്ച് പാസായിട്ടുണ്ട്. രാജ്യത്തെ ലോക്‌സഭാ മണ്ഡലങ്ങളെ ഓരോ യൂണിറ്റുകളായി കണ്ട്, അവിടെ സമ്പൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് അവരുടെ തന്ത്രം. അതൊരു തെറ്റല്ല. അവരുടെ മിടുക്ക് പോലുമാണ്. അങ്ങനെ വലിയ പ്രയാസമില്ലാതെ ജയിച്ചുകയറാന്‍ ഇടയുള്ളപ്പോഴും ഒരു ജനാധിപത്യ മതേതര രാഷ്ട്രത്തിന്റെ അടിസ്ഥാനശിലകളെ അമ്പേ കടപുഴക്കുന്ന സമീപനങ്ങളാണ് അവരുടേത്. അത് അവരുടെ രാഷ്ട്രീയദര്‍ശനത്തിന്റെ സ്വാഭാവികമായ പരിപാടിയാണ്.
ആ പരിപാടി ഇതാണ്. കേവലം തിരഞ്ഞെടുപ്പ് വിജയവും ദീര്‍ഘനാളത്തേക്കുള്ള അധികാരവും വാഴ്ചയും ഒരു രാഷ്ട്രീയകക്ഷി എന്ന നിലയില്‍ ബി ജെ പിക്ക് തൃപ്തമായ ഒന്നാണെങ്കിലും, അവരുടെ പലതലങ്ങളില്‍ പെട്ട പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദകരമാണെങ്കിലും, ആര്‍ എസ് എസിനെ അത് ആനന്ദിപ്പിക്കുന്നില്ല. കാരണം ആര്‍ എസ് എസിന്റേത് ഒരു ദീര്‍ഘകാല പദ്ധതിയാണ്. അത് ഹിന്ദുത്വയുടെ നൂറ്റാണ്ട് പഴക്കമുള്ള പദ്ധതിയാണ്. അത് നടപ്പാക്കാനുള്ള വെറും കളമൊരുക്കലാണ് അവര്‍ക്ക് ഭരണം. അതിനാല്‍ നാമിന്ന് കാണുന്ന ബി ജെ പി ഭരണം ആര്‍ എസ് എസിനെ സംബന്ധിച്ച് ലക്ഷ്യത്തിലേക്കുള്ള പലവഴികളില്‍ ഒന്നാണ്. ആ ലക്ഷ്യം ഹിന്ദുരാഷ്ട്ര പ്രഖ്യാപനമാണ്. അത് അതിവേഗ പദ്ധതിയല്ലതാനും. കാത്തിരിക്കാന്‍ തയാറുള്ള വിധം ദൃഢമാണ് അവരുടെ ഇന്ത്യാപദ്ധതി. അതില്‍ തരിമ്പും വെള്ളം ചേര്‍ക്കാനോ വിട്ടുവീഴ്ചക്കോ അവര്‍ തയാറല്ല. പക്ഷേ, ബലപ്രയോഗം അവര്‍ ആഗ്രഹിക്കുന്നില്ല. അത് അഹിംസയോടുള്ള ആദരത്താല്‍ അല്ല. ലോകസാഹചര്യങ്ങളെ നന്നായി തിരിച്ചറിയുന്നതിനാലാണ്. എന്താണ് ഈ ലോകസാഹചര്യം എന്നാണോ? ഉക്രൈന്‍ ആണ് ഉത്തരം. റഷ്യ കൂട്ടംകൂടി നിന്ന് തുമ്മിയാല്‍ പാറിപ്പോകാനുള്ള ആള്‍ബലമേ ഉക്രൈനുള്ളൂ. തുമ്മാന്‍ കഴിഞ്ഞോ? ഇല്ല. രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കക്ക് ഒഴികെ മറ്റാര്‍ക്കും ഹിംസാത്മക അധിനിവേശം അത്ര എളുപ്പമല്ല. അതെല്ലാം തിരിയുന്നതുകൊണ്ടാണ് ഹിന്ദുത്വയുടെ സൂക്ഷ്മതല പടര്‍ച്ചയില്‍ ആര്‍ എസ് എസ് വിശ്വസിക്കുന്നതും അതിനായി പ്രവര്‍ത്തിക്കുന്നതും. ഈ സൂക്ഷ്മതല പടര്‍ച്ചയ്ക്ക് ആവശ്യമായതെല്ലാം തികഞ്ഞ ഭദ്രതയോടെ അവര്‍ നിര്‍വഹിച്ചുപോരും. അതിനാലാണ് കേന്ദ്ര ഭരണത്തിന്റെ മൂക്കിന്‍തുമ്പില്‍ അവരെ വെല്ലുവിളിക്കുന്നതായി നാം കരുതുന്ന അരവിന്ദ് കെജ്്രിവാളിന്റെ ആം ആദ്മിയോട് നിഗ്രഹോന്‍മുഖമായ ശത്രുത ആര്‍ എസ് എസ് പുലര്‍ത്താത്തത്. ഹിന്ദുത്വക്ക് വേരോടാന്‍ ഒരു സാധ്യതയുമില്ലാത്ത, ഗോത്രസ്വത്വത്തില്‍ അഭിരമിക്കുന്ന ത്രിപുര പിടിക്കാനുള്ള വാശി മധ്യവര്‍ഗം മേയുന്ന ഡല്‍ഹിയില്‍ അവര്‍ പുറത്തെടുക്കാത്തത്. ഒരു വിശാല പദ്ധതിയിലെ കാലാളുകളാണ് നിര്‍ഭാഗ്യവശാല്‍ കെജ്‌രിവാളും സംഘവും. അതാണ് പറഞ്ഞത്, നാം കാണുന്നത് അല്ല കളി.

ഇപ്പോള്‍ നോക്കൂ, അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിക്കുള്ള ഏക വെല്ലുവിളി രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ച മാത്രമാണ്. കൊവിഡും ലോകസാഹചര്യവും നിരത്തി അവര്‍ അതിനെ മറികടക്കും അല്ലെങ്കില്‍ മറികടക്കാന്‍ ശ്രമിക്കും. പക്ഷേ, തിരഞ്ഞെടുപ്പില്‍ അത്തരമൊരു രാഷ്ട്രീയ ചോദ്യോത്തരമല്ല ആര്‍.എസ്.എസ് ഇഷ്ടപ്പെടുന്നത്. അതിനാലാണ് വാരണാസിയിലെ ഗ്യാന്‍വാപിയിലേക്ക് ഹിന്ദുത്വ ഇപ്പോള്‍ രൂക്ഷമായി നോക്കുന്നത്. ജനതയെ പിളര്‍ത്താനുള്ള ആശയങ്ങളില്‍ മാത്രമാണ് അവരുടെ കണ്ണ്. അങ്ങനെ പിളര്‍ന്നുപോയ, ചിതറിപ്പോയ മതേതര ചേരിയുടെ, ദുര്‍ബലവും ഭീതി ഗ്രസിച്ചതുമായ ന്യൂനപക്ഷ ചേരിയുടെ പരിഭ്രാന്തമായ പാച്ചിലുകളില്‍ നിന്നാണ് അവര്‍ ലക്ഷ്യം നേടാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ മതേതരബഹുസ്വര ചേരി അവരുടെ രാഷ്ട്രീയ പ്രതീക്ഷയായി ഇപ്പോള്‍ പരിഗണിക്കുന്ന ദളിത് ജാതി രാഷ്ട്രീയമെല്ലാം പറയുന്ന തികച്ചും ഒറ്റയ്ക്കുള്ള മുന്നേറ്റങ്ങള്‍ ഒരര്‍ഥത്തിലും വിശാല ഹിന്ദുത്വക്ക് വെല്ലുവിളിയല്ല. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ചെറിയ പരാജയങ്ങള്‍ സമ്മാനിക്കാന്‍ അവര്‍ക്കാവുമായിരിക്കാം. പക്ഷേ, ഹിന്ദുത്വയുടെ ദീര്‍ഘകാല ലക്ഷ്യത്തിനെതിരെ പുല്‍ക്കൊടി തൊടുക്കാന്‍ പോലും അടിത്തറയോ ആവതോ ഇല്ല ആ ഉണര്‍ച്ചകള്‍ക്ക്. അത് ജിഗ്‌നേഷ് മെവാനി ആയാലും അഖിലേഷ് ആയാലും. കാരണം അധികാരാര്‍ജനം എന്ന പരിമിത ലക്ഷ്യത്തിലും വൃത്തത്തിലും ഒതുങ്ങുന്നതാണ് ആ ഉണര്‍ച്ചകളുടെ അന്തിമ ലക്ഷ്യം. അതിനപ്പുറം ഒരു രാഷ്ട്രീയ ദര്‍ശനത്തെ നാളിതുവരെ മുന്നോട്ടുവെക്കാന്‍ അവര്‍ക്കായിട്ടില്ല. അതവരുടെ കുറ്റമല്ല. ആ പ്രസ്ഥാനങ്ങള്‍ പിറവിയെടുത്ത സന്ദര്‍ഭത്തിന്റെ പ്രത്യേകതകളാണ്. ഇടതുപക്ഷം ദേശീയരാഷ്ട്രീയത്തെ സംബന്ധിച്ച് ഇപ്പോള്‍ ഒരു ചര്‍ച്ചാ വിഷയമല്ല.
ഇവിടെയാണ് നാം വീണ്ടും തരിവെളിച്ചമെന്ന തലക്കെട്ടിട്ട് കോണ്‍ഗ്രസിലേക്ക് നോക്കുന്നത്. ഇരുപത് ശതമാനത്തില്‍ താഴെ വോട്ടുകളേ ഉള്ളൂ ഇന്ത്യയെമ്പാടും ചേര്‍ന്ന് കോണ്‍ഗ്രസിന്. അതും ഛിന്നിച്ചിതറിയ നിലയില്‍. ഛിന്നിച്ചിതറിയ വോട്ടുകള്‍ ശതമാനത്തില്‍ കാണും, പാര്‍ലമെന്റില്‍ കാണില്ല. വോട്ട് ശതമാനത്തിന്റെ ലോജിക് അങ്ങനെയാണ്. അതിനാലാണ് 35 ശതമാനത്തില്‍ താഴെ വോട്ട് നേടിയ ബി.ജെ.പി മുന്നണിക്ക് മൃഗീയ ഭൂരിപക്ഷം ലഭിക്കുകയും 20 ശതമാനം നേടിയ കേണ്‍ഗ്രസ് മുന്നണിക്ക് പ്രതിപക്ഷ പദവിപോലും നേടാനാവാത്ത വിധം തകരുകയും ചെയ്യുന്നത്. ഛിന്നിച്ചിതറിയ വോട്ടുകള്‍ തിരഞ്ഞെടുപ്പ് വിജ്ഞാനീയത്തിലെ വലിയ പ്രമേയമാണ്. പക്ഷേ, ആ ചിതറിക്കിടക്കുന്ന വോട്ടുകള്‍ക്ക് മറ്റൊരു പ്രാധാന്യമുണ്ട്. അത് അധികാരത്തിലേക്ക് വഴിവെട്ടില്ല എങ്കിലും ജനങ്ങള്‍ക്കിടയിലേക്ക്, വേരുകളിലേക്ക് വഴിതുറക്കും. അതുകൊണ്ടാണ് നാം വീണ്ടും കോണ്‍ഗ്രസിലേക്ക് നോക്കുന്നത്.
തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന പരാജയവും ജനകീയ സമരങ്ങളില്‍ നിന്നുള്ള നിഷ്‌കാസനവും കോണ്‍ഗ്രസിനെ പതിയെ പരിഭ്രാന്തമാക്കിയിട്ടുണ്ട്. ഏറ്റവും പ്രധാനം ദീര്‍ഘകാലം അധികാരത്തില്‍ നിന്നുള്ള പുറത്താവല്‍ സൃഷ്ടിക്കുന്ന ദാരിദ്ര്യമാണ്. സംഘടനയെ ചലിപ്പിക്കാന്‍ ഒരു ബഹുരാഷ്ട്ര കമ്പനിയെ ചലിപ്പിക്കാനാവശ്യമായ അത്ര മൂലധനം വേണം. താഴെത്തട്ട് മുതല്‍ നടക്കുന്ന, നടത്താന്‍ പോകുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പണം ആവശ്യമാണ്. പണമാകട്ടെ അധികാരവുമായി ബന്ധപ്പെട്ട് മാത്രം ലഭ്യമാകുന്ന ഒന്നാണ്. അധികാരം മാത്രമല്ല, അധികാരത്തിലെത്തും എന്ന പ്രതീക്ഷയും പണത്തെ സൃഷ്ടിക്കും. കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ല എന്നതിനെക്കാള്‍ അധികാര പ്രതീക്ഷയില്‍ പോലുമില്ല എന്നതാണ് അവര്‍ നേരിടുന്ന വന്‍പ്രതിസന്ധി. വിത്തെടുത്ത് കുത്തി ഉണ്ണുന്നതിന് പരിധിയുണ്ടല്ലോ.

അധികാരത്തില്‍ നിന്നുള്ള ദീര്‍ഘനാളത്തെ പുറത്താവല്‍ സൃഷ്ടിക്കുന്ന മറ്റൊരു പ്രശ്‌നം കൊഴിഞ്ഞുപോക്കാണ്. അധികാരത്തെ മാത്രം മുന്നിൽകണ്ട് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും അക്കാലത്ത് അധികാരമുണ്ടായിരുന്ന കോണ്‍ഗ്രസില്‍ ചേരുകയും അധികാരം നേടാന്‍ ആഞ്ഞു പ്രവര്‍ത്തിക്കുകയും ആ പ്രവര്‍ത്തനത്തിന്റെ ബലത്തില്‍ വലിയ നേതാക്കളാവുകയും ചെയ്തവരാണ് ഇപ്പോഴത്തെ കോണ്‍ഗ്രസില്‍ ബഹുഭൂരിപക്ഷം. അധികാരത്തിന്റെ നാളുകളില്‍ നാടിന്റെ സഞ്ചാരം ഏതു വഴിയിലാണ്, നാട് എന്നാല്‍ എന്താണ് തുടങ്ങിയ അടിസ്ഥാന രാഷ്ട്രീയപാഠങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് മുഖം തിരിച്ചിരുന്നല്ലോ. അതിനാല്‍ രാഷ്ട്രീയമെന്നാല്‍ ഭരണമെന്ന ലളിതസമവാക്യം കോണ്‍ഗ്രസുകാരില്‍ ആഴത്തില്‍ വേരുപിടിക്കുകയും ചെയ്തു. അത്തരക്കാരായ നേതാക്കള്‍, അവര്‍ ഒരിക്കലും മോശക്കാരല്ല, വ്യാപകമായി കോണ്‍ഗ്രസ് വിടുകയും ഭൂരിപക്ഷവും അധികാര സാധ്യതയുള്ള ബി.ജെ.പിയോട് അടുക്കുകയും ചെയ്തു. ഇതൊരു വന്‍പ്രതിസന്ധിയാണ്. അവരെ പിടിച്ചുനിര്‍ത്താനായി കോണ്‍ഗ്രസില്‍ യാതൊന്നുമില്ല. ഈ കൊഴിഞ്ഞുപോകലിന്റെ മറ്റൊരു അപകടം ഈ നേതാക്കള്‍ വന്‍മരങ്ങളായി വളര്‍ന്നിരുന്നു എന്നതാണ്. ബാക്കിയെല്ലാവരും ആ മരങ്ങളുടെ തണലില്‍ മാത്രം നിന്നവര്‍. വന്‍മരം വീഴുമ്പോള്‍ ചെറുമരങ്ങളും വീഴുമല്ലോ. രാജീവ് ഗാന്ധിയുടെ ആ ഭയാനക ഉപമയ്ക്ക് കോണ്‍ഗ്രസ് തന്നെ ഇരയാവുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനം മാഞ്ഞുപോകാന്‍ ഇപ്പറഞ്ഞ രണ്ട് കാരണങ്ങള്‍ ധാരാളമാണ്. എന്നിട്ടും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ 20 ശതമാനം ആളുകള്‍ കോണ്‍ഗ്രസിനെ വിശ്വസിക്കുന്നുണ്ട്. സി പി ഐ എമ്മിന് വലിയ മേല്‍ക്കൈ ഉള്ള കേരളത്തില്‍ പോലും 20ല്‍ 19 ലോക്‌സഭാ സീറ്റുകള്‍ ഒന്നാംതരം ഭൂരിപക്ഷത്തില്‍ അവര്‍ കോണ്‍ഗ്രസിന് സമ്മാനിക്കുന്നുണ്ട്. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ തെളിച്ചെടുക്കേണ്ട വെളിച്ചം ആ സമ്മതികളില്‍ ഉണ്ട്. കെടുകാര്യസ്ഥത കൊണ്ടും പ്രിയങ്കാഗാന്ധിയുടെ പ്രായോഗിക രാഷ്ട്രീയത്തിലെ ഗുരുതരമായ അജ്ഞതകൊണ്ടും അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെട്ട കോണ്‍ഗ്രസ് പഞ്ചാബില്‍ ഇപ്പോഴും പ്രദേശികമായി ശക്തമാണ്. പഞ്ചാബിലെ കള്‍ഷക ജനതയ്ക്കിടയില്‍ അവര്‍ക്ക് ന്യായമായ വേരോട്ടമുണ്ട്. ഏത് പഞ്ചാബ്? കോണ്‍ഗ്രസിനോട് വംശാനന്തര പകയുള്ള സിഖുകാരുടെ പഞ്ചാബ്. അതാണ് പറഞ്ഞത്, തെളിച്ചെടുത്താല്‍ പ്രകാശിക്കുന്ന, പായല്‍ വകഞ്ഞുമാറ്റിയാല്‍ ഒഴുകാന്‍ തുടിക്കുന്ന ഒന്ന് കോണ്‍ഗ്രസിലുണ്ട് എന്ന്.
അതിനാലാണ് നാമിപ്പോള്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ സമാപിച്ച ചിന്തൻ ശിബിരത്തിലേക്ക് ഗൗരവത്തോടെ നോക്കുന്നത്. ഒട്ടും പതിവില്ലാതെ കോണ്‍ഗ്രസ് ചിന്തിക്കാന്‍ ഒരുങ്ങുന്നല്ലോ എന്ന ആഹ്ലാദത്തോടെയാണ് ഈ നോട്ടം. കോണ്‍ഗ്രസിനെക്കുറിച്ച് ചിന്തിക്കാനും ഇപ്പോള്‍ ആണ്ടുകിടക്കുന്ന പതനത്തിന്റെ പാതാളത്തില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാനും കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്നതില്‍ തര്‍ക്കമില്ല. കാരണം ബി ജെ പിയോ മറ്റാരുമോ അല്ല ആ തകര്‍ച്ചയുടെ കാരണം. അത് കോണ്‍ഗ്രസ് തന്നെയാണ്. രാജീവ് ഗാന്ധിയുടെ കാലത്ത് തുടങ്ങിയ കൊട്ടാര വിപ്ലവവും രാജീവനാന്തര കാലത്ത് യാദൃശ്ചികമായി അധികാരത്തിലെത്തിയ നരസിംഹറാവു കാലം സൃഷ്ടിച്ച അനാശാസ്യതകളും രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത് കാട്ടിയ കൊടുംആര്‍ത്തിയും എല്ലാമാണ് ആ തകര്‍ച്ചയുടെ മുകള്‍തട്ടിലെ ആയിരം കാരണങ്ങളില്‍ ചിലത്. അതിനാല്‍ ചിന്തിക്കേണ്ടത് കോണ്‍ഗ്രസ് ആണ്. അവര്‍ ചിന്തിച്ചു എന്നത് പ്രതീക്ഷാജനകമാണ്. മണ്ഡലം കമ്മിറ്റി പോലുള്ള അടിസ്ഥാന നേതൃഭൂമികയെ പുനരുജ്ജീവിപ്പിക്കല്‍, പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ തേടാനുള്ള സംവിധാനം, തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാന്‍ സ്ഥിരംസ്വഭാവമുള്ള സമിതി, പ്രവര്‍ത്തനങ്ങളുടെ നിരന്തര മൂല്യനിര്‍ണയം, വടക്കുകിഴക്കന്‍ മേഖലയിൽ നഷ്ടമായ സ്വാധീനം തിരിച്ചുപിടിക്കാനുള്ള ഇടപെടല്‍, സംഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള പദയാത്രകള്‍, മാധ്യമങ്ങളുമായി ആരോഗ്യകരവും സംവാദാത്മകവുമായ ബന്ധം നിലനിര്‍ത്താനുള്ള സമിതികള്‍, കൃത്യമായ ഇടവേളകളില്‍ ഭാരവാഹി യോഗം നിര്‍ബന്ധമാക്കല്‍, പട്ടികജാതി പട്ടിക വര്‍ഗ സ്ത്രീ ന്യൂനപക്ഷ ഒ ബി സി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കല്‍ തുടങ്ങി ഒരു സംഘടന എന്ന നിലയില്‍ കോണ്‍ഗ്രസിനെ ഊര്‍ജസ്വലമാക്കാന്‍ പോന്ന നിരവധി നിര്‍ദേശങ്ങള്‍ ശിബിരത്തില്‍ ഉരുത്തിരിഞ്ഞതും സ്വാഗതാര്‍ഹമാണ്. ഇപ്പോഴും ദുരൂഹമായ കാരണത്താല്‍ നേതൃഗുണത്തിന്റെ പ്രകാശനത്തില്‍ സ്ഥിരത പുലര്‍ത്താത്ത രാഹുല്‍ ഗാന്ധി ഉത്തേജന ശ്രമങ്ങള്‍ക്ക് മുൻകൈ എടുക്കുമെന്ന സൂചനകളുമുണ്ട്. രാഷ്്ട്രീയത്തില്‍ ഇന്ന് എന്ത് ചെയ്യുന്നു എന്നതും നാളെ എന്ത് ചെയ്യും എന്നതുമാണ് പ്രധാനം. അതിനാല്‍ സംഭവിച്ച വീഴ്ചകളെ മറന്ന് അദ്ദേഹത്തെ കോണ്‍ഗ്രസ് വിശ്വസിക്കുന്നതിലും കാര്യമായ അപകടമില്ല. കോണ്‍ഗ്രസിന്റെ ജീനില്‍ കടന്നുകൂടിയ കുടുംബാരാധന മഷിപ്പച്ച കൊണ്ടുരച്ചാല്‍ മായുന്നതുമല്ല. അതിനെ കൂടുതല്‍ സര്‍ഗാത്മകമായി ഉപയോഗിക്കലാണ് അവര്‍ക്ക് ചെയ്യാനാവുക.

പക്ഷേ, ശിബിരത്തിലെ ഒരു അസാന്നിധ്യം ഗാന്ധിജിയുടേതാണ്. ഗാന്ധിമാരില്‍ ആരെയെങ്കിലും വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം മാറ്റി ഗാന്ധിജിയെ വിളിക്കൂ എന്നത് അവര്‍ക്ക് സ്വീകരിക്കാവുന്ന വഴിയാണ്. കാരണം അടിത്തട്ട് ജനതയെ മതപരമായും ജാതീയമായും സാമ്പത്തികമായും ശിഥിലമാക്കിയാണ് സംഘപരിവാരം ഭരണമുറപ്പിക്കുന്നത്. ചരിത്രത്തിലേക്ക് സൂക്ഷിച്ചുനോക്കിയാല്‍ ഇതിന്റെ മാതൃക ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കാലത്ത് കാണാം. ഈസ്റ്റ് ഇന്ത്യ കമ്പനിയെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല എന്നുകണ്ട് ബ്രിട്ടൻ നേരിട്ട് ഇന്ത്യ വാണ കാലം. 1857-ലെ ഒന്നാം വിപ്ലവത്തോടെ ചെറുത്തുനില്പിന്റെ സാധ്യത മണത്ത ബ്രിട്ടൻ, ഹിന്ദു-മുസ്‌ലിം ഭിന്നത, ജാതീയത, അസമത്വം മൂലമുള്ള സംഘര്‍ഷങ്ങള്‍ തുടങ്ങിയവയില്‍ വന്‍നിക്ഷേപമാണ് നടത്തിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ പിറവികൊണ്ടിരുന്ന കോണ്‍ഗ്രസിനെ വക്കീലന്‍മാരുടെയും ജാതി പ്രമാണിമാരുടെയും ഒരു ഞായറാഴ്ച സംവിധാനമാക്കി ബ്രിട്ടൻ മൂലക്കിരുത്തുകയും ചെയ്തു. അതിനെ വിപ്ലവകരമായി പുനസംഘടിപ്പിച്ചത് ഗാന്ധിയാണ്. പ്രശ്‌നങ്ങള്‍ നേരിടുന്ന വിഭാഗങ്ങളെ ഗാന്ധി നേരിട്ട് സമീപിച്ചു. അവരുടെ പ്രശ്‌നങ്ങളുടെ യഥാർത്ഥകാരണം അഥവാ അന്തിമ കാരണം ബ്രിട്ടീഷ് ഭരണമാണെന്ന് ചൂണ്ടിക്കാട്ടി. അവരെ വിശ്വസിപ്പിച്ചു. അതായത് മതം, ജാതി, അസമത്വം അങ്ങനെ എല്ലാറ്റിനുമുള്ള കാരണം സാമ്രാജ്യത്വമാണെന്ന് വിശ്വസിപ്പിക്കാന്‍ ഗാന്ധിക്ക് കഴിഞ്ഞു. അടിസ്ഥാന വിഭാഗങ്ങളിലേക്ക് നടന്നുകയറാനും അവരുടെ വിശ്വാസം ആര്‍ജിക്കാനും കഴിഞ്ഞതാണ് ഇന്ത്യയെ നയിക്കാന്‍ ഗാന്ധിയെ പ്രാപ്തനാക്കിയത്. അങ്ങനെയാണ് ഗാന്ധി ഇന്ത്യയുടെ മഹിതപാരമ്പര്യമായി മാറിയത്. ഇന്ത്യന്‍ ജനതയുടെ മാഞ്ഞുതുടങ്ങിയ ഓര്‍മകളില്‍ ഗാന്ധിയുണ്ട്. കേട്ടും വായിച്ചും പതിഞ്ഞ ഒന്ന്. അസാമാന്യമായ പ്രഹരശേഷിയുണ്ട് ആ മനുഷ്യന്റെ രീതികള്‍ക്ക്. ആ ഓര്‍മകളെ കോണ്‍ഗ്രസ് കയ്യൊഴിയേണ്ടതില്ല. ഗാന്ധിയെ തിരിച്ചുപിടിച്ച് കര്‍ഷകരിലേക്കും ദളിതരിലേക്കും ന്യൂനപക്ഷങ്ങളിലേക്കും പടരാന്‍ കഴിഞ്ഞാല്‍ പ്രതിരോധിക്കുന്നുണ്ട് എന്ന തോന്നല്‍ ഉയര്‍ത്താന്‍ കഴിയും. ജീവിച്ചിരിക്കുക എന്നാല്‍ പ്രതിരോധിക്കുക എന്നും അര്‍ഥമുള്ള കാലമാണ് വരാനുള്ളത്. ജീവിക്കണം എന്ന കോണ്‍ഗ്രസിന്റെ തീരുമാനമാണ് പ്രതീക്ഷിക്കുന്നത്.

കെ കെ ജോഷി

You must be logged in to post a comment Login