മാധ്യമം തൊടുത്ത ബൂമറാംഗ്

മാധ്യമം തൊടുത്ത ബൂമറാംഗ്

ഓര്‍മ ഒറ്റപ്രമേയമല്ല. വ്യക്തികളുടെ ഓര്‍മയല്ല സമൂഹത്തിന്റെ ഓര്‍മ. അതല്ല, ആള്‍ക്കൂട്ടത്തിന്റെ ഓര്‍മ. ഓര്‍മ ഒരു സ്വതന്ത്ര പ്രമേയവുമല്ല. ഓര്‍മകള്‍ നിര്‍മിതങ്ങളാണ്. ഓര്‍മകള്‍ സ്വാധീനത്തിന് വിധേയവുമാണ്. ഓര്‍മകളെക്കുറിച്ചല്ല, അവയുടെ രാഷ്ട്രീയത്തെ കുറിച്ചല്ല പക്ഷേ, ഈ ചൂണ്ടുവിരല്‍. അതിലേക്ക് വരും മുന്‍പ് നിങ്ങളുടെ ഓര്‍മയെ ഒട്ടും വിദൂരത്തിലല്ലാത്ത, അലകള്‍ ഇപ്പോഴും അടങ്ങിയിട്ടില്ലാത്ത ഒരു സമീപ ഭൂതകാലത്തിലേക്ക് ക്ഷണിക്കുകയാണ്. പോയ രണ്ടാണ്ടുകളില്‍ ഈ ലോകം ജീവിച്ച ജീവിതത്തിലേക്കാണ് നിങ്ങളിപ്പോള്‍ ജാഗ്രതയോടെ ഓര്‍മകളെ തുറന്നുവിടേണ്ടത്.

കൊവിഡായിരുന്നു. ലോകം ഭയന്നുപോയ കാലം. ആദ്യമായാണല്ലോ ഈ തലമുറ ഇത്തരമൊരു മഹാമാരിയെ മുഖാമുഖം കാണുന്നത്. പരിമിതമായിരുന്നല്ലോ അറിവുകള്‍. ശത്രുവിന്റെ കാല്‍ക്കരുത്തറിയാതെ യുദ്ധം ചെയ്യരുതല്ലോ? ചെയ്യരുത് എന്ന് തീരുമാനിച്ചത് ലോകം ഒരുമിച്ചാണ്. നമ്മള്‍ നമ്മുടെ ജീവിതത്തെ പൂട്ടിയിട്ടു. എത്ര ഡോക്യുമെന്റ് ചെയ്താലും ഒരു പക്ഷേ, അത്തരമൊരു കാലത്തെ നാം അഭിമുഖീകരിച്ചിരുന്നുവെന്ന് ഇപ്പോള്‍ പിറന്നുകൊണ്ടിരിക്കുന്ന കുട്ടികളുടെ തലമുറ വിശ്വസിച്ചേക്കില്ല. നോക്കൂ, നമ്മള്‍ പോലും മറന്നില്ലേ അക്കാലം. അതുകൊണ്ടാണ് തുടക്കത്തില്‍ ഓര്‍മ എന്ന പ്രമേയത്തെക്കുറിച്ചുള്ള സാമൂഹിക മനഃശാസ്ത്രത്തിന്റെ ചില തീര്‍പ്പുകള്‍ ആമുഖമായി പറഞ്ഞത്.

ലോകമെന്നതുപോലെ കേരളവും ആ കൊവിഡ് കാലത്ത് വലിയനിലയില്‍ പകച്ചുപോയിരുന്നു. ഒരു ഫെഡറല്‍ സംവിധാനത്തിനകത്തെ ചെറിയ ഭൂപ്രദേശം അഥവാ സ്‌റ്റേറ്റ് എന്ന നിലയില്‍ രാജ്യം നീങ്ങുന്ന വഴിയില്‍ ഏകമനസ്സായി പോവുക എന്നതാണ് ഒരേയൊരു മഹാമാരിക്കാല വഴി. അതേ പോലെ അക്കാല കേരളവും അന്നുണ്ടായിരുന്ന പിണറായി വിജയന്‍ മന്ത്രിസഭയും സഞ്ചരിക്കുകയുണ്ടായി. ആ വഴിയില്‍ സഞ്ചരിക്കുമ്പോഴും പലതരത്തില്‍ സവിശേഷതകളുള്ള ഒരു സംസ്ഥാനം എന്ന നിലയില്‍, സാമൂഹിക നീതി ഇന്‍ഡക്‌സില്‍ ഇന്ത്യയിലെ തന്നെ ഒന്നാമത്തെ സംസ്ഥാനം എന്ന നിലയില്‍, പൊതുജനാരോഗ്യ നിര്‍വഹണത്തില്‍ ലോകോത്തരമായൊരു പ്രാദേശിക മാതൃക എന്ന നിലയില്‍ കേരളം ചില തനിവഴികള്‍ സമാന്തരമായി തുറക്കുകയും ചെയ്തു. അതില്‍ പ്രധാനം നാം ഇന്ന് പൂര്‍ണമായി മനസ്സിലാക്കിയതുപോലെ മരണം നീട്ടിവെക്കുക എന്ന സാഹസിക തീരുമാനമായിരുന്നു. രണ്ടാമത് മഹാമാരിക്കാലത്തെ സാമൂഹിക സുരക്ഷ ഉറപ്പാക്കലായിരുന്നു. രണ്ടും വിജയം കണ്ടു. ഇതേ പംക്തിയില്‍ നമ്മള്‍ പലതവണ ചര്‍ച്ച ചെയ്ത കേരളത്തിന്റെ അടിത്തട്ട് സാമൂഹികത ഊര്‍ജസ്വലമാവുകയും നമ്മുടെ നാടിനെ നേരെ നിര്‍ത്താനുള്ള പെടാപ്പാടുകളില്‍ വ്യാപൃതരാവുകയും ചെയ്തു.
നമുക്കറിയുന്നതുപോലെ യാത്രകള്‍ക്ക് വലിയ നിയന്ത്രണങ്ങള്‍ എമ്പാടുമുണ്ടായിരുന്നു. ഇന്ന് മഹാമാരി പെയ്തു തീരാന്‍ ഒരുങ്ങുകയും അതിന്റെ വീര്യം തിരിച്ചറിയുകയും എല്ലാം ചെയ്തതിനുശേഷം അന്ന് അത്ര വലിയ അടച്ചിടല്‍ വേണമായിരുന്നോ എന്നു ചോദിക്കുന്നതില്‍ ഒരര്‍ഥവുമില്ല. ഏറെ പ്രയാസം അനുഭവിച്ചത് നമ്മുടെ പ്രവാസി സഹോദരങ്ങളാണ്. ഉറ്റവരെല്ലാം നാട്ടിലുള്ള അവര്‍ സ്വാഭാവികമായും കടുത്ത ആശങ്കയിലായിരുന്നു. അവര്‍ക്ക് നാട്ടിലേക്ക് വരുന്നതില്‍ പരിമിതികള്‍ ഏറെ ആയിരുന്നു. അവര്‍ ജീവിക്കുന്ന പ്രവാസലോകത്തും കൊവിഡ് രൂക്ഷമാണല്ലോ. ഇവിടുണ്ടായിരുന്ന സാധ്യമായ എല്ലാ കരുതലുകളും അവിടെയും ഉണ്ടായിരുന്നു. നാട്ടിലെത്തുക എന്നത് അവരെ സംബന്ധിച്ച് പ്രധാനമായിരുന്നെങ്കിലും അവരെ നാട്ടില്‍ എത്തിക്കുക അത്ര എളുപ്പമായിരുന്നില്ല. ഇന്നാട്ടിലെ വിവേകികളായി പ്രവാസി ബന്ധു ജനത ആ സാഹചര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. അതിനാല്‍ത്തന്നെ പ്രതിപക്ഷമോ പ്രവാസി സംഘടനകളുടെ ആളുകളോ സംസ്ഥാന സര്‍ക്കാരിനുമേല്‍ സമ്മര്‍ദങ്ങള്‍ ചെലുത്തുകയുണ്ടായില്ല. മനുഷ്യര്‍ക്ക് സംവിധാനങ്ങളെ വിശ്വസിക്കുക അല്ലാതെ മറ്റു വഴികള്‍ ഒന്നുമുണ്ടായിരുന്നില്ല.
ഇന്നെന്ന പോലെ അന്നും മാധ്യമങ്ങള്‍ ഉണ്ടായിരുന്നു കേരളത്തില്‍. പക്ഷേ, അതില്‍ മഹാഭൂരിപക്ഷം മാധ്യമങ്ങളും അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംയമനവും സാമൂഹിക ഉത്തവാദിത്വവും നിര്‍വഹിക്കാന്‍ മത്സരിക്കുന്ന അഭിമാനമാര്‍ന്ന കാഴ്ച പ്രകടമായി. പ്രാദേശികമായി സംഭവിക്കുന്ന ചെറിയ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുമ്പോഴും കേരളം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ നടത്തുന്ന ചെറുത്തുനില്‍പിനോട് അവര്‍ തോളൊപ്പം ചേര്‍ന്നു. മലയാളികളെ പരിഭ്രാന്തരാക്കാതിരിക്കാനുള്ള ഉയര്‍ന്ന മര്യാദയുടെ നിദര്‍ശനമായി മിക്കവരും. മുന്‍നിര മാധ്യമങ്ങളില്‍ പലതും വിവര വിനിമയ സഹായ കേന്ദ്രങ്ങള്‍ പോലുമായി. അന്നാളിലാണ് കേരളത്തിലെ ഒരു മാധ്യമം സെന്‍സേഷണലിസത്തിന്റെ സര്‍വ സീമകളും ലംഘിച്ചത്. അന്നാളിലാണ് ഒരു മാധ്യമം ലോകസമൂഹത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തിയത്. അന്നാളിലാണ് ഒരു മാധ്യമം പരിഭ്രാന്തിയുടെ കൊടും കാട്ടുതീ പടര്‍ത്താന്‍ ശ്രമിച്ചത്. നിര്‍ഭാഗ്യവശാല്‍ ആ മാധ്യമത്തിന്റെ പേര് “മാധ്യമം’ എന്നായിരുന്നു. ജമാ അത്തെ ഇസ്‌ലാമിയുടെ പ്രച്ഛന്നവേഷം. ഇടതുപക്ഷത്തോടുള്ള ജമാഅതിന്റെ ഉഗ്രമായ പക മാധ്യമത്തിലൂടെ തീര്‍ത്തു. അയ്യോ എന്ന നടുങ്ങല്‍ അവരുടെ വായനക്കാരില്‍ ബഹുഭൂരിപക്ഷമുള്ള പ്രവാസി ബന്ധുക്കളില്‍ പടര്‍ന്നു. കേരള സര്‍ക്കാര്‍ പകച്ചുപോയ ഒരു വാര്‍ത്താ ദിനമായിരുന്നു അത്. ഇന്ന് നാം എത്ര വിമർശിക്കുന്നുണ്ടെങ്കിലും അന്ന് കൊവിഡ് കാല കേരളത്തെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമം ദിനപത്രം നടത്തിയത് കുത്തിത്തിരിപ്പാണെന്ന് പറയേണ്ടി വന്നു.

2020 ജൂണ്‍ 24-നായിരുന്നു അത്. നോക്കൂ, മരണങ്ങളെ നാം പിടിച്ചുകെട്ടുകയും മഹാമാരിയുടെ ഒന്നാം തിരിച്ചടിയായ പട്ടിണിയെ, വരുമാന നഷ്ടത്തെ നിയന്ത്രിക്കുകയും ചെയ്തിരുന്ന കാലം. ഇനിയുമെത്ര പേര്‍ മരിക്കണം എന്ന പക ചീറ്റുന്ന, ദുഷ്ട മഷിയാല്‍ നിറം പുരട്ടിയ മാരക തലക്കെട്ടായിരുന്നു അത്. ഒന്നാം പേജില്‍ നിറയെ ചരമകോളത്തില്‍ പതിവുള്ള സൈസില്‍ മനുഷ്യ മുഖങ്ങള്‍. കേരളം പ്രവാസികളെ നാട്ടില്‍ എത്തിക്കാതെ കൊല്ലുന്നു എന്ന് ധ്വനി. അകം മുഴുവനും അതുതന്നെ. മനുഷ്യര്‍ പരിഭ്രാന്തികളുടെ പടുകുഴിയില്‍ വീണുപോയ നേരം അവര്‍ക്കുമേല്‍ തീക്കനല്‍ വിതറുകയായിരുന്നു മാധ്യമങ്ങള്‍ പൊതുവേ പുലര്‍ത്താറുള്ള മര്യാദകളെ കാറ്റില്‍ പറത്തിയ 2020 ജൂണ്‍ 24 ലെ മാധ്യമം പത്രം. ഗള്‍ഫ് മാധ്യമം എന്ന പേരില്‍, ഗള്‍ഫ് നാടുകളില്‍ വിജയകരമായി പത്രം നടത്തുന്നവരാണ് അവിടത്തെ സാധ്യതകള്‍ ഉപയോഗിച്ച് ഇമ്മാതിരി തീ പടര്‍ത്തിയത്.

കേരള സര്‍ക്കാരിനും കൂട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഒരു കൊട്ടിരിക്കട്ടെ എന്ന ലക്ഷ്യത്താല്‍ സൃഷ്ടിച്ച ആ ദിവസത്തെ മാധ്യമം വാസ്തവത്തില്‍ ഗള്‍ഫ് നാടുകളിലെ ഭരണകൂടങ്ങള്‍ക്കുള്ള കുറ്റപത്രമായി മാറി. അവിവേകവും എടുത്തുചാട്ടവും എപ്പോഴും തിരിഞ്ഞുകൊത്തുമല്ലോ. എന്താണ് ആ വാര്‍ത്തകളുടേയും ചിത്രങ്ങളുടേയും ഒന്നാമത്തെ അര്‍ഥം? ഗള്‍ഫ് നാടുകളില്‍ നമ്മുടെ മലയാളികള്‍ മരിച്ചു വീഴുന്നു. എന്നുവെച്ചാല്‍? ഗള്‍ഫ് നാടുകളില്‍ കൊവിഡ് പ്രതിരോധമോ ചികിത്സയോ ഇല്ല. അവര്‍ അവിടുള്ള പ്രവാസികളെ മരിക്കാന്‍ വിടുന്നു. കേള്‍ക്കൂ, എത്ര ക്രൂരവും അപകടകരവുമായ ഒരു വാര്‍ത്തയും നിലപാടുമാണത്. പതിറ്റാണ്ടുകളായി ഈ നാടിന്റെ സര്‍വതല ജീവിതത്തെ രൂപപ്പെടുത്തിയ ഒരു മഹാഭൂമികയിലെ ഭരണാധികാരികളെ അപമാനിക്കുകയും ആക്ഷേപിക്കുകയും നിന്ദ്യമായി കുറ്റപ്പെടുത്തുകയും വഴി എന്താണ് ഉണ്ടാവുക? അതായിരുന്നോ വസ്തുത? അടിത്തട്ട് സാമൂഹികതയുടെ അഭാവം കൊണ്ട് കേരളത്തില്‍ ദൃശ്യമായ തരം ജനകീയ പ്രതിരോധം ഒരുപക്ഷേ, കുറവായിരുന്നിരിക്കാം. പക്ഷേ, അക്കാലത്ത് അവിടങ്ങളില്‍ ജീവിച്ച പ്രവാസികളുടെ സാക്ഷ്യങ്ങളില്‍ ഒന്നിലും ഒരുതരത്തിലുള്ള ഭരണകൂട വീഴ്ചയോ ചികിത്സാ ലഭ്യതയുടെ അഭാവമോ ഉണ്ടായിരുന്നില്ല. സാധ്യമായ സൗകര്യങ്ങള്‍ അന്നാടുകളില്‍ ലഭ്യമായിരുന്നു. അതിനെ മറച്ചുവെച്ച് ഗള്‍ഫ് മേഖലയെ മുഴുവന്‍ പ്രവാസികളുടെ ശവപ്പറമ്പെന്ന് ആക്ഷേപിക്കുയായിരുന്നു മാധ്യമം. അല്ലേ?
തീര്‍ന്നില്ല, ജനിച്ച നാള്‍ മുതല്‍ അവര്‍ തുടരുന്ന പൈശാചികമായ ഇരട്ടത്താപ്പിന്റെ ദൃഷ്ടാന്തവുമായിരുന്നു ജൂണ്‍ 24-ലെ പത്രം. ഗള്‍ഫില്‍ ആളുകള്‍ മരിക്കുന്നതിന്റെ തലച്ചിത്രങ്ങള്‍ നിരത്തിയ ആ പത്രമല്ല അന്ന് ഗള്‍ഫില്‍ പ്രസിദ്ധീകരിച്ചത്. കാരണം ലളിതമാണ്. അത്തരം വിമര്‍ശനങ്ങള്‍ അവിടെ ഉയര്‍ത്തിയാല്‍ പ്രശ്‌നങ്ങളുണ്ടാവും. പ്രവാസി ബന്ധുക്കളില്‍ ഭീതി നിറച്ച് തങ്ങള്‍ക്ക് വെറുപ്പുള്ള സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാം എന്ന ഒറ്റ ലക്ഷ്യത്താല്‍ പ്രചോദിതമായിരുന്നു ആ മാധ്യമ മരണവ്യാപാരം. കേരളം അത് തള്ളി. എല്ലാ അര്‍ഥത്തിലും.

കാലം സ്വാഭാവികമായും കടന്നുപോയി. മഹാമാരി നിയന്ത്രിക്കപ്പെട്ടു. ജീവിതം പതിവുപോലാവാന്‍ പാച്ചില്‍ തുടങ്ങി. പ്രവാസികള്‍ വരികയും പോവുകയും ചെയ്തു. ഗള്‍ഫും കേരളവും തമ്മിലെ മഹാസാഹോദര്യം പോറലുകള്‍ ഏതുമില്ലാതെ തുടര്‍ന്നു. പിണറായി വിജയനും ഇടതുപക്ഷവും വീണ്ടും അധികാരത്തില്‍ വന്നു. ഈത്തപ്പഴത്തിലും ഖുർആനിലും സ്വര്‍ണം കടത്തിയെന്ന് ആക്ഷേപിക്കപ്പെട്ട കെ ടി ജലീല്‍ ഉള്‍പ്പടെ തിരഞ്ഞെടുക്കപ്പെട്ടു. മലയാള മാധ്യമങ്ങളുടെ പൊതുബോധ നിര്‍മിത ശേഷി ജലരേഖയായി. സമൂലമായ ഒരു ടീം മാറ്റത്തിന്റെ ബാലാരിഷ്ടതകളിലൂടെ ഇപ്പോള്‍ കടന്നുപോവുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. അങ്ങനെ മുന്നേറവേ, തിരഞ്ഞെടുപ്പിന് മുന്‍പ് പൊട്ടിപ്പുറപ്പെടുകയും തിരഞ്ഞെടുപ്പില്‍ ജനം മുഖവിലയ്‌ക്കെടുക്കാതിരിക്കുകയും ചെയ്ത സ്വര്‍ണക്കടത്ത് വീണ്ടും സജീവമായി. പില്‍ക്കാലത്ത് സംഘപരിവാര്‍ കൂടാരത്തിലേക്ക് തൊഴിലാളിയായി എത്തിയ സ്വപ്‌ന സുരേഷ് നിരന്തരം ഓരോ ആരോപണങ്ങളുമായി രംഗത്ത് വരാന്‍ തുടങ്ങി. തുടക്കത്തില്‍ കാതുകൂര്‍പ്പിച്ച പ്രബുദ്ധകേരളം പെട്ടെന്നുതന്നെ അവര്‍ക്ക് മുന്നില്‍ കാതടച്ചു. കേരളത്തിന് മുന്നില്‍ താനിപ്പോള്‍ അപഹാസ്യയാണെന്ന് തിരിച്ചറിയാനുള്ള വിവേകം കേരളത്തെ തീരെ പരിചയമില്ലാത്ത ആ യുവതിക്ക് ഇല്ലാതെയും പോയി. അതിനാല്‍ അവര്‍ വെളിപ്പെടുത്തല്‍ തുടരുന്നു. ട്രെയിനി ജേണലിസ്റ്റുകള്‍ക്ക് തൊഴില്‍ പഠിക്കാനുള്ള പത്രസമ്മേളനങ്ങളായി അവ മാറി. അതിനിടെയാണ് മാധ്യമം നിരോധിക്കണമെന്നാവശ്യപ്പെട്ട് അക്കാലത്ത് മന്ത്രിയായിരുന്ന കെ ടി ജലീല്‍ യു എ ഇ അധികൃതര്‍ക്ക് കത്തയച്ചു എന്ന് ആ യുവതി വെളിപ്പെടുത്തുന്നത്.

സാധാരണ നിലയില്‍ പ്രതിഷേധം ഉണ്ടാകേണ്ട സംഗതിയാണ്. മാധ്യമ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങിയ ഗൗരവപ്രമേയങ്ങള്‍ക്ക് കുറുകേയാണ് കെ ടി ജലീല്‍ പ്രവര്‍ത്തിച്ചത്. സ്വാഭാവികമായും മാധ്യമം പ്രതികരിച്ചു. ബഹളമായി. മുഖ്യമന്ത്രി പിണറായി വിജയനെ മാധ്യമം പ്രതിനിധികള്‍ സന്ദര്‍ശിച്ചു. ജലീലിന്റെ നടപടി തെറ്റാണെന്നും പരിശോധിക്കാമെന്നും ജലീലുമായി സംസാരിച്ച് അടുത്ത നടപടി സ്വീകരിക്കാമെന്നും അദ്ദേഹം ഉറപ്പുകൊടുത്തു. നല്ലത്.

പക്ഷേ, ഒരു വസ്തുത എങ്ങും പരാമര്‍ശിക്കപ്പെട്ടില്ല. അത് കെ ടി ജലീല്‍ എന്താണ് എഴുതിയത് എന്നതാണ്. മാധ്യമം തന്നെ പ്രസിദ്ധീകരിച്ച് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഉള്‍പ്പടെ റീ പോസ്റ്റ് ചെയ്യപ്പെട്ട ആ കത്ത് ഇതാണ്: “”കേരളവും അറബ് രാജ്യങ്ങളുമായുള്ള ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ആയിരക്കണക്കിന് മലയാളികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍, വിശിഷ്യാ യു എ ഇയില്‍ തൊഴിലെടുത്ത് ജീവിക്കുന്നത്. ചരിത്രത്തിലുടനീളം, എല്ലാ പ്രയാസഘട്ടങ്ങളിലും അല്ലാത്തപ്പോഴും അറബ് രാജ്യങ്ങളിലെ ഭരണാധികാരികളും ഉദാരമനസ്‌കരായ ജനങ്ങളും ഇന്ത്യന്‍ ജനതക്കൊപ്പം, പ്രത്യേകിച്ച് കേരളീയര്‍ക്കൊപ്പം നിന്നിട്ടുണ്ട്. കൊവിഡ് കാലത്തും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ഗള്‍ഫിലെ എല്ലാ ഭരണാധികാരികളും പ്രവാസികള്‍ക്ക് ഭക്ഷണവും താമസവും ചികിത്സയും മറ്റു സൗകര്യങ്ങളും കഴിയാവുന്ന വിധമെല്ലാം നല്‍കി പ്രതിസന്ധിയെ അതിജീവിക്കാന്‍ അവരെ സഹായിച്ചു. ദൗര്‍ഭാഗ്യകരമെന്നുപറയട്ടെ, മറ്റു രാജ്യങ്ങളിലെന്നപോലെ ഗള്‍ഫിലും നിരവധി വിദേശികള്‍ക്കും സ്വദേശികള്‍ക്കും കൊവിഡ് മൂലം ജീവന്‍ നഷ്ടമായി. എന്നാല്‍, കേരളത്തില്‍ നിന്നുള്ളവരുടെ മരണം വാര്‍ത്തയാക്കി 2020 ജൂണ്‍ 24ന് “ഗള്‍ഫ് മാധ്യമ’ത്തിന്റെ കേരള പതിപ്പായ “മാധ്യമം’ മലയാള പത്രം ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ പടം സഹിതമുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച്, ഇവരുടെ കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ഇവര്‍ക്ക് ശരിയായ ചികിത്സ നല്‍കണമെന്നും ആവശ്യപ്പെടുന്നു. ഈ റിപ്പോര്‍ട്ട് നൂറ്റാണ്ടുകളായി കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ജനങ്ങളെ നിര്‍ലോഭം സഹായിക്കുന്ന അറബ് ഭരണാധികാരികളെയും ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഈ റിപ്പോര്‍ട്ട് അറബ് ഭരണാധികാരികളെക്കുറിച്ച് മത-സംഘടന ഭേദമന്യേ കേരളീയരുടെ മനസ്സിലുള്ള ചിത്രം മുറിപ്പെടുത്തുന്നതാണ്. വസ്തുതകള്‍ക്കും ഗള്‍ഫ് രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായാണ് ഗള്‍ഫ് മാധ്യമത്തിന്റെ റിപ്പോര്‍ട്ടുകളെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍ ഈ വിഷയം ഗൗരവമായി പരിഗണിച്ച് പത്രത്തിനെതിരെ ഉചിതമായ നടപടിയുണ്ടാകണം. അല്ലാത്തപക്ഷം, ഗള്‍ഫില്‍ നിന്നുള്ള ധനസഹായം സ്വീകരിച്ച്, ഗള്‍ഫ് ഭരണാധികാരികളെയും അവിടുത്തെ സഹായതല്‍പരരായ ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഭാവിയില്‍ അവര്‍ പ്രസിദ്ധീകരിക്കും. അതിനാല്‍, ഈ വിഷയത്തില്‍ വേണ്ട ശ്രദ്ധയുണ്ടാവുകയും നടപടി സ്വീകരിക്കുകയും വേണം. മേല്‍പറഞ്ഞ റിപ്പോര്‍ട്ട് വന്ന പത്രവും അതിന്റെ അറബിക്, ഇംഗ്ലീഷ് തര്‍ജമയും ഈ കത്തിനൊപ്പം വെക്കുന്നു.”

രണ്ട് കാര്യങ്ങള്‍ വളച്ചൊടിച്ചാണ് മാധ്യമവും മീഡിയ വണ്ണും ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. ഒന്ന് കെ ടി ജലീല്‍ മാധ്യമം നിരോധിക്കണമെന്ന് അഥവാ അടച്ചുപൂട്ടണമെന്ന് ഗള്‍ഫ് അധികൃതരോട് ആവശ്യപ്പെട്ടു എന്ന വാദം. ഈ കത്തില്‍ അങ്ങനെ ഒരാവശ്യമില്ല. രണ്ട് ജലീല്‍ പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന വാദം. ഈ കത്ത് മന്ത്രി എന്ന പദവിയും നിലയും ഉപയോഗിച്ചുള്ള ഒരു ഔദ്യോഗിക കമ്യൂണിക്കെ അല്ല. വ്യക്തിപരമായ പ്രതികരണമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിയെ, ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ അടിമുടി തകര്‍ക്കുന്ന ഒരു മാധ്യമ ഭീകരതയ്‌ക്കെതിരെ ഒരു വ്യക്തി എന്ന നിലയില്‍, പ്രവാസലോകവുമായി പലനിലയില്‍ ബന്ധമുള്ള ആള്‍ എന്ന നിലയില്‍ ജലീല്‍ എന്ന പൊതുപ്രവര്‍ത്തകന്‍ പരാതി നല്‍കിയാല്‍ അതെങ്ങനെ ദേശവിരുദ്ധമാകും? ധാര്‍മികമായല്ല, നിയമപരമായാണ് ചോദ്യം. അധാര്‍മികമായ ഒന്നില്‍ നിന്ന് ആരംഭിച്ച പ്രശ്‌നത്തില്‍ ധാര്‍മികതയ്ക്ക് ഒരു സ്ഥാനവുമില്ല. ഗള്‍ഫില്‍ നിന്നുകൂടി പ്രസിദ്ധീകരിക്കുന്ന ഒരു പത്രം കേരളത്തില്‍ മാത്രമായി ഇമ്മാതിരി പ്രയോഗം നടത്തിയാല്‍ ഉണ്ടാകാവുന്ന സാധാരണ പ്രതികരണമല്ലേ അത്?

ഏതായാലും മാധ്യമത്തിന്റെ രോഷവും പ്രതിഷേധവും മറ്റൊരു യുദ്ധമുഖമാണ് കേരളത്തില്‍ തുറന്നത്. ഒരു മുസ്‌ലിം സംരംഭത്തെ ഈ സംഘപരിവാര്‍ കാലത്ത് തകര്‍ക്കുന്നത് ന്യായമോ എന്ന ചോദ്യമാണ് മാധ്യമം ഉയര്‍ത്തിയത്. നിലവില്‍ ഗള്‍ഫില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന വലിയ മലയാള പത്രമാണ് മാധ്യമം. ഒരു തരം കുത്തക. പക്ഷേ, അവിടുണ്ടായിരുന്ന ചന്ദ്രികയ്ക്ക്, സിറാജിന്, നേരത്തെ ഉണ്ടായിരുന്ന തേജസിന്, മലയാളം ന്യൂസിന് എല്ലാം എന്തുപറ്റി? തേജസ് അവിടെ തകര്‍ന്നതിന്റെ കഥ പ്രബോധനത്തില്‍ സീതി എന്ന പേരില്‍ വായിച്ചു. ഇപ്പോള്‍ സംഗതികള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. ഗള്‍ഫിലെ മറ്റ് മാധ്യമ സംരംഭങ്ങളെ മാധ്യമവും അവരുടെ സംഘടനയും പിന്നില്‍ നിന്ന് കുത്തി വീഴ്ത്തി എന്ന ഗൗരവതരമായ ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ആരോപണങ്ങളെ പരിഹസിച്ച് തള്ളുകയാണ് മാധ്യമം. പരിഹാസമല്ല പക്ഷേ, മറുപടിയാണ് വേണ്ടത്. മാധ്യമം പ്രസിദ്ധീകരണങ്ങളുടെ നാട്ടിലേയും വിദേശത്തേയും എല്ലാ ഇടപാടുകളും ഓഡിറ്റ് ചെയ്യപ്പെടാനുള്ള ചാലകമായി മാറുമോ ജലീലിന്റെ കത്തും മാധ്യമത്തിന്റെ കുത്തും എന്നാണ് അറിയാനുള്ളത്. കാത്തിരിക്കാം. നമുക്ക് ഓര്‍മകളുണ്ടായാല്‍ മതി.

ബിനോജ് സുകുമാരന്‍

You must be logged in to post a comment Login