മതേതരത്വത്തിന്റെ ശവകുടീരത്തിനു മുകളിൽ ഒരു പിറന്നാൾകേക്ക്

മതേതരത്വത്തിന്റെ ശവകുടീരത്തിനു മുകളിൽ ഒരു പിറന്നാൾകേക്ക്

ഫാഷിസത്തിന്റെ സദാസജ്ജമായ കുഴിമാടം എന്നൊരു പ്രയോഗമുണ്ട്. ഇറ്റലിയിലാണ്. തീവ്ര വലതുപക്ഷത്തിന്റെ ഹിംസാത്മക രാഷ്ട്രീയ പ്രയോഗം എന്ന് വിളിപ്പേരുള്ള ഫാഷിസത്തിന്റെ ലോകാചാര്യന്‍ ബെനിറ്റോ മുസോളിനിയുടെ കല്ലറയാണത്. ഇറ്റാലിയന്‍ ഫാഷിസം അരങ്ങൊഴിയുകയും ക്യാപിറ്റലിസ്റ്റ് നവ ജനാധിപത്യം പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തതിനു ശേഷവും ഇറ്റാലിയന്‍ വലതുപക്ഷം അവരുടെ മനോസഞ്ചാരങ്ങളില്‍ ആ കുഴിമാടത്തെ ചേര്‍ത്തു പിടിച്ചു. അതിലെരിയുന്ന മൂന്ന് തീനാളങ്ങളെ അവര്‍ ഇറ്റാലിയന്‍ സ്വത്വത്തിന്റെ നിത്യപ്രതീകമായി ദിനേന വാഴ്ത്തി. ഫാഷിസം സമ്പദ്, സാമൂഹിക വ്യവസ്ഥകളെ മുച്ചൂടും മുടിപ്പിച്ചതിനാല്‍ മാത്രം, ലോകശക്തികള്‍ക്കുമുന്നില്‍ തങ്ങളുടെ സ്വത്വരാജ്യത്തിന്റെ അന്തമില്ലാത്ത ഗര്‍വിന് അടിയറ പറയേണ്ടി വന്നതിനാല്‍ മാത്രം ആ വാഴ്ത്തലുകള്‍ പരസ്യമായില്ല. പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള ആ തീനാളങ്ങള്‍ തങ്ങളുടെ നഷ്ട പൈതൃകത്തിന്റെ, കൈയെത്തും ദൂരത്തില്‍ (എന്നവര്‍ വിശ്വസിക്കുന്ന, അല്ലെങ്കില്‍ അവരെ വിശ്വസിപ്പിച്ച) തങ്ങള്‍ക്ക് നഷ്ടമായ ലോകമേധാവിത്തത്തിന്റെ അടയാളങ്ങളാണെന്ന് അവര്‍ കരുതിപ്പോന്നു. പക്ഷേ, ലോകം കുറേക്കൂടി തുറസ്സാവുകയും ലോകത്തിന്റെ ബലതന്ത്രങ്ങള്‍ മാറിമറിയുകയും ചെയ്തതിനാല്‍ അവര്‍ നിശബ്ദമായി കാത്തിരുന്നു. ഇറ്റാലിയന്‍ സമൂഹത്തിന്റെ ആന്തരിക അടരുകളില്‍ പക്ഷേ, ആ തീനാളങ്ങളും വലതിന്റെ സുവര്‍ണ കഥകളും പടരുന്നുണ്ടായിരുന്നു. മുതലാളിത്ത ആധുനികതയുടെ കണ്ണഞ്ചിക്കുന്ന ഉപരിപ്ലവതയില്‍ ആണ്ടുപോയ ഇറ്റാലിയന്‍ ജനാധിപത്യം ഈ പടര്‍ച്ച കണ്ടില്ല. നവ ഫാഷിസ്റ്റുകള്‍ പലരൂപത്തില്‍, ചെറിയ കൂട്ടായ്മകളായും കലാകായിക സംഘടനകളായും ഇറ്റാലിയന്‍ പൊതുജീവിതത്തില്‍ പിടിമുറുക്കിയപ്പോഴും അത് ആരും കാര്യമായി ഗൗനിച്ചില്ല. ഇറ്റാലിയന്‍ പള്ളിക്കൂടങ്ങള്‍ ‌നഷ്ടസാമ്രാജ്യത്തിന്റെ കള്ളക്കഥകള്‍ വീരകഥകളായി ചമച്ചുപാടിയപ്പോള്‍ അത് പ്രതിരോധിക്കപ്പെട്ടില്ല. കുഴിമാടത്തിലടച്ച ബെനിറ്റോ മുസോളിനി തിരിച്ചുവരുമെന്ന് ആരും കരുതിയില്ല. പതിയെ പതിയെ ഫാഷിസം അതിന്റെ പണിയെടുത്തു. വ്യാജ ചരിത്രങ്ങളുടെ നിര്‍ബാധ നിര്‍മാണമായിരുന്നു അതിലെ ഏറ്റവും പ്രബലമായ പണി. മുസോളിനിക്കാലത്തെ ചെറു ചെറു പേരുകള്‍ ഇല്ലാ വീരത്വങ്ങളുടെ തൊങ്ങലുകള്‍ സഹിതം അവതരിപ്പിക്കപ്പെട്ടു. അത്തരത്തില്‍ നാടകങ്ങളും സിനിമകളും ഉണ്ടായിവന്നു. പ്രാദേശിക സാഹിത്യങ്ങള്‍ ചമയ്ക്കപ്പെട്ടു. രാഷ്ട്രവീരസ്യത്തിന്റെ പുത്തന്‍ ആഖ്യാനങ്ങള്‍ പ്രബലമായി. അതിലെല്ലാം മുസോളിനിയുടെ കുഴിമാടത്തിലെ ആ മൂന്ന് തീനാളങ്ങള്‍ ചിഹ്‌നങ്ങളായി. ഫാഷിസത്തിന്റെ അമിതാധികാരത്താല്‍ ഉന്മത്തരായി ഇറ്റലിയുടെ അടിവേര് തോണ്ടിയ മനുഷ്യരെ ഭൂതകാലത്തിലെ വീരനായകരായി അവതരിപ്പിക്കുന്ന പ്രവണതകള്‍ പ്രതിരോധിക്കപ്പെടാതെ പടര്‍ന്നു. ജനതയുടെ മൗനവും ജനതയുടെ അലസതയുമാണ് ഫാഷിസത്തിന്റെ വേരും വളവും. ഒരു ജന്മമത്രയും ഫാഷിസത്തി നെതിരെ പ്രവര്‍ത്തിച്ച അന്റോണിയോ ഗ്രാംഷി ഉള്‍പ്പടെയുള്ള ഇറ്റാലിയന്‍ ധിഷണകള്‍ പാടേ വിസ്മൃതരായി. ക്രൂരമായ ആ വിസ്മൃതിയിലേക്ക് മുസോളിനിക്കല്ലറയിലെ ആ മൂന്ന് വെളിച്ചങ്ങള്‍ പാഞ്ഞുവന്നു. പതിറ്റാണ്ടുകള്‍ തുടര്‍ന്ന ഈ തിരച്ചുവരവ് ഇപ്പോള്‍ ഈ കുറിപ്പ് എഴുതുമ്പോള്‍ അതിന്റെ വിജയകരമായ പരിസമാപ്തിയിലേക്ക് പ്രവേശിക്കുകയാണ്. ജോര്‍ജിയ മെലോണി എന്ന നാല്‍പത്തിയഞ്ചുകാരി ഇറ്റാലിയന്‍ നവഫാഷിസത്തിന്റെ പതാകയുമായി ഇറ്റലി ഭരിക്കാന്‍ സജ്ജയായിരിക്കുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മെലോണിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി 26 ശതമാനം വോട്ടുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കുന്നു. മുസോളിനിക്കല്ലറയിലെ മൂന്ന് നിറങ്ങളുള്ള തീനാളങ്ങളായിരുന്നു മെലോണിയുടെ അടയാളം. ആ അടയാളം ഇറ്റലിയാല്‍ വരിക്കപ്പെട്ടിരിക്കുന്നു. മെലോണി എന്ന മുസോളിനി ആരാധികയായ നവ ഫാഷിസ്റ്റാണ് ഇനി ഇറ്റലിയുടെ പ്രധാനമന്ത്രി. മെലോണിയുടെ സഖ്യം (ഫാഷിസ്റ്റുകളുടെ പലതരം രൂപങ്ങളാണ് അതില്‍ നിറയെ) 44 ശതമാനം വോട്ടാണ് നേടിയത്.
എങ്ങനെയാണ് മെലോണി സംഭവിച്ചത്, അഥവാ എങ്ങനെയാണ് പാതിയോളം പിന്തുണ നവ ഫാഷിസ്റ്റുകള്‍ക്ക് ഇറ്റലിയില്‍ കൈവന്നത്? മരിക്കുമ്പോള്‍ ഒട്ടും പ്രബലനല്ല, മറിച്ച് വെറുക്ക‌പ്പെട്ടവനായിരുന്നു മുസോളിനി. ഇറ്റലിയുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തിന്റെ അസ്ഥിവാരം തോണ്ടിയ പ്രസ്ഥാനമായാണ് ഇറ്റാലിയന്‍ ഫാഷിസം അക്കാലത്ത് രേഖപ്പെട്ടത്. ഇറ്റാലിയന്‍ ജനത അക്കാലത്ത് അതിനെ അമ്പേ വെറുത്തിരുന്നു. അപമാനിതനായി കല്ലറ പൂകിയ മുസോളിനി പിന്നെ ഇമ്മട്ടില്‍ ഒരു തിരിച്ചുവരവ് എങ്ങനെ നടത്തി? ഉത്തരം ഒട്ടും സങ്കീര്‍ണമല്ല. ചരിത്രം എന്ന ഒറ്റവാക്ക് മാത്രമേയുള്ളൂ അതില്‍. ഇറ്റാലിയന്‍ ചരിത്രത്തില്‍ നിന്ന്, ചില പേരുകളെ ഊതിത്തെളിച്ചെടുത്ത് വ്യാജകഥകളുടെ ആലഭാരങ്ങള്‍ സഹിതം നിരന്തരമായി അവതരിപ്പിച്ചു. ഇല്ലാത്ത ഭൂതകാലപ്രൗഢി ഇറ്റലിക്കുമേല്‍ ചാര്‍ത്തി കഥകളുണ്ടാക്കി. ഇറ്റാലിയന്‍ ജനതയുടെ അടിവേരുതോണ്ടിയ നയങ്ങളെ സുവര്‍ണ രേഖകള്‍ എന്ന് വ്യാജം ചമച്ചു. മുതലാളിത്ത ജനാധിപത്യത്തിന്റെ അഴിമതി അടക്കമുള്ള കന്നംതിരിവുകള്‍ക്ക് മുസോളിനിയന്‍ “സുവര്‍ണ ഭൂതകാല’ത്തില്‍ മറുപടിയുണ്ടെന്ന് നുണക്കഥ ചമച്ചു. ഈ കഥകള്‍ ഒട്ടുമേ പ്രതിരോധിക്കപ്പെട്ടില്ല. അത് പതിയെ പടര്‍ന്നു. സത്യം ചെരുപ്പിടാന്‍ തുടങ്ങിയപ്പോഴേക്ക് നുണ ലോകം ചുറ്റി വന്നു. ജോര്‍ജിയ മെലോണി ഇറ്റലിയുടെ പ്രധാനമന്ത്രിയായി. ഇറ്റാലിയന്‍ ഫാഷിസത്തിന്റെ ആ കുഴിമാടത്തിലെ തീജ്വാലകള്‍ ഇനി ഇറ്റലി വാഴും. ഇങ്ങനെയാണ് ചരിത്രം മാരകായുധമായി മാറുന്നത്.
ഇറ്റലിയെക്കുറിച്ചല്ല പക്ഷേ, ഈ കുറിപ്പ്. ഇന്ത്യയെക്കുറിച്ചാണ്. ഇറ്റലിയില്‍ മെലോണി വിജയത്തിലേക്ക് സഞ്ചരിച്ച നാളുകളിലൊന്നില്‍, സെപ്തംബര്‍ 23-ന് നമ്മുടെ ജമ്മു കശ്മീരില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു പൊതു അവധി ഉണ്ടായിരുന്നു. മുന്‍ ദോഗ്ര രാജാവ് ഹരിസിംഗിന്റെ ജന്മദിനം. അവധി പ്രഖ്യാപിച്ചത് സംസ്ഥാന പദവിയില്ലാത്ത കശ്മീരിനെ ഇപ്പോള്‍ വാഴുന്ന ലെഫ്റ്റനന്റ് ഗവര്‍ണറാണ്. കശ്മീരിലെ തീവ്രവലതുപക്ഷമായ യുവരജപുത് സഭയും കശ്മീരില്‍ വേരുറപ്പിക്കാന്‍ പയറ്റുന്ന ബി.ജെ.പിയുമാണ് ഹരിസിംഗിന്റെ പിറന്നാള്‍ കൊണ്ടാടാന്‍ അരയും തലയും മുറുക്കിയത്. അതിനെന്താ എന്ന ചോദ്യത്തോടെ ഇന്ത്യന്‍ മുഖ്യധാരാമാധ്യമങ്ങള്‍ ആ പിറന്നാളോഘോഷം ഒരാഘോഷവാര്‍ത്ത മാത്രമായി അവതരിപ്പിച്ചു. പലതരം തിരക്കുകളില്‍ നിലമറന്ന ഇന്ത്യന്‍ പ്രതിപക്ഷം ചെറുവിരല്‍ പ്രതിഷേധം പോലും ഉയര്‍ത്തിയില്ല. അപകടകരമായ ഒരു വ്യാജ ചരിത്ര നിര്‍മിതി ഭരണകൂട ആശീര്‍വാദത്തോടെ അങ്ങനെ കശ്മീരില്‍ അരങ്ങേറി.

ആരാണ് ഹരിസിംഗ്? തീര്‍പ്പാക്കപ്പെട്ട, തെളിവുകളാല്‍ നയിക്കപ്പെടുന്ന, കഥാമുക്തമായ ചരിത്രത്തില്‍ അതിന് ഉത്തരമുണ്ട്. ഇന്ത്യയിലെ ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനത്തിനെതിരെ പലരൂപത്തില്‍ നടക്കുന്ന വേട്ടയുടെ ഭാഗമായല്ലാതെ ഹരിസിംഗിനെ ഇന്ത്യാചരിത്രത്തെ മുന്‍നിര്‍ത്തി വാഴ്ത്തുക സാധ്യമല്ല. മറിച്ച്, ഇന്ത്യയുടെ ജനാധിപത്യ ശ്രമങ്ങളെ സ്വേച്ഛാധികാര പ്രമത്തതയാല്‍ അട്ടിമറിക്കാന്‍ ശ്രമിച്ച ഒരാളെന്ന നിലയില്‍ അദ്ദേഹം ചരിത്രത്തില്‍ ഉണ്ട് താനും. ഇന്ത്യന്‍ മതേതര സമൂഹത്തിന്റെ പിറവിയെ മുളയിലേ നുള്ളാന്‍ ശ്രമിച്ച രാജാധികാരി എന്ന നിലയില്‍ ഇന്ത്യാ ചരിത്രത്തില്‍ ഹരിസിംഗുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടനൊപ്പം ചേര്‍ന്ന് തച്ചുതകര്‍ക്കാന്‍ ശ്രമിച്ച അന്നത്തെ നാടുവാഴികളുടെ കൂട്ടത്തിലും ഹരിസിംഗുണ്ട്. അതല്ലാതെ, ഒരു ജനത ആത്മവീര്യത്താല്‍ പ്രചോദിതരായി, മതേതരത്വത്തിന്റെ മഹാശക്തിയാല്‍ ഉജ്ജ്വലരായി നടത്തിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മഹത്തായ ഏടുകളില്‍ എവിടെയും ഹരിസിംഗില്ല. നാനാതരം ഭിന്നതകളെ സാധ്യമാകുന്നത്ര ഇല്ലാതാക്കി, സമാനതകളെ പ്രഫുല്ലമാക്കി ഒരു രാഷ്ട്രമായി മാറാനുള്ള നമ്മുടെ സ്വാതന്ത്ര്യാനന്തര മഹാദൗത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച കോടാലിക്കൈകളില്‍ ഒന്നായി പക്ഷേ, ഹരിസിംഗ് ചരിത്രത്തിലുണ്ട്.

നമുക്കറിയുന്നതുപോലെ, ചരിത്രം തീര്‍പ്പാക്കിയിട്ടുള്ളതുപോലെ നാട്ടുരാജ്യങ്ങളുടെ കൂട്ടമായിരുന്നല്ലോ നമ്മുടെ ഇന്ത്യ. അതിലെ നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു ജമ്മു കശ്മീരും. അക്കാലം പ്രബലമായിരുന്ന സിഖ്‌രാജവംശത്തിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശം. അന്നത്തെ മിക്ക നാട്ടുരാജ്യങ്ങളെപ്പോലെയും ജനതയുടെയോ വംശത്തിന്റെയോ ഭൂരിപക്ഷമല്ല, മറിച്ച് സമ്പത്ത്, ആയുധം തുടങ്ങിയ കാരണങ്ങളാണ് രാജാധികാരത്തെ നിര്‍ണയിച്ചിരുന്നത്. അത്തരം നിര്‍ണയത്തിന്റെ ഭാഗമായി സിഖ് രാജവംശം കശ്മീര്‍ വാണുപോന്നു. രഞ്ജിത്‌സിംഗ് എന്ന യുദ്ധതന്ത്രജ്ഞനായ രാജാവാണ് വംശത്തിന്റെ സ്ഥാപകന്‍. 1839-ല്‍ പിന്തുടര്‍ച്ച സംബന്ധിച്ച് അനിശ്ചിതത്വം ബാക്കിയാക്കി രഞ്ജിത് സിംഗ് മരിക്കുന്നു. അക്കാലം രാജ്യം അടക്കിവാണിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വം ഇതുതന്നെ പറ്റിയ സന്ദര്‍ഭം എന്നു കണ്ട് ആയുധമെടുക്കുന്നു. സിഖ്-ബ്രിട്ടീഷ് യുദ്ധം എന്ന് ചരിത്രം രേഖപ്പെടുത്തിയ നടപടി. യുദ്ധത്തില്‍ ബ്രിട്ടൻ വിജയിച്ചു. ഇപ്പോഴത്തെ കശ്മീരിന്റെ കഥ അവിടെയാണ് തുടങ്ങുന്നത്. അക്കാലം വലുപ്പം കൊണ്ട് വമ്പനായിരുന്നു കശ്മീര്‍ രാജ്യം. യുദ്ധം നടക്കുമ്പോള്‍ കശ്മീര്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള, സൂഫി ധാരയ്ക്ക് വലിയ പ്രാമുഖ്യമുള്ള മേഖലയാണ്. കശ്മീര്‍ ഇന്ത്യന്‍ സാഹിത്യത്തിന്റെ കളിത്തൊട്ടിലുമാണ്.

യുദ്ധം നടക്കുമ്പോള്‍ ഗുലാബ്‌സിങാണ് ജമ്മു വാഴുന്നത്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും ഗുലാബും തമ്മില്‍ ഒരു കരാറുണ്ടാക്കുന്നു. ചരിത്രത്തില്‍ അതിന് അമൃത്‌സര്‍ കരാറെന്ന് പേര്. ഈ കരാര്‍ പ്രകാരമാണ് ജമ്മു കശ്മീരില്‍ ദോഗ്ര വംശത്തിന്റെ ഭരണം തുടങ്ങുന്നത്. 75 ലക്ഷം രൂപ കരാര്‍പണം നല്‍കിയാണ് ദോഗ്രകള്‍ക്ക് കശ്മീര്‍ ഭരണം ലഭിക്കുന്നത് എന്നും കാണാം. ഈ ദോഗ്രാ വംശത്തിലെ അവസാനത്തെ രാജാവായിരുന്നു ഹരിസിംഗ്. അന്നത്തെ ദോഗ്രഭരണം മുസ്‌ലിം വേട്ടയാല്‍ സംഘര്‍ഷഭരിതമായിരുന്നു. വലിയ പ്രക്ഷോഭങ്ങള്‍ താഴ്‌വരയില്‍ നടന്നു. കശ്മീരിനെ ഹൈന്ദവമാക്കാനുള്ള വ്യാജ കഥാ നിര്‍മിതികള്‍ ആവോളം അരങ്ങേറിയ കാലം. അത്തരം വംശീയ വിഭജന ഭരണത്തിന് ഹരിസിംഗിന് ബ്രിട്ടന്റെ ഒത്താശയും കിട്ടി. അന്ന് കശ്മീര്‍ ജനതയില്‍ വെറും നാല് ശതമാനമാണ് പണ്ഡിറ്റുകള്‍. പക്ഷേ, ഭരണത്തില്‍ നിറയെ പണ്ഡിറ്റുകള്‍ നിരന്നു. 1931-ല്‍ വലിയ ലഹള തന്നെ കശ്മീരിലുണ്ടായി. ഹരിസിംഗിന്റെ രാജവാഴ്ചക്കെതിരായ പ്രക്ഷോഭത്തില്‍ ഉദിച്ച രാഷ്ട്രീയ മുഖമാണ് ശൈഖ് അബ്ദുല്ല. അദ്ദേഹം വിദ്യാഭ്യാസത്തെ, സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തനങ്ങളെ കൂട്ടു പിടിച്ച് രാഷ്ട്രീയം പറഞ്ഞു. അതിന് വ്യാപക സ്വീകാര്യത ലഭിച്ചു. പ്രക്ഷോഭം പടര്‍ന്നു. ഇതേത്തുടര്‍ന്നാണ് മുസ്‌ലിം കോണ്‍ഫറന്‍സ് എന്ന പ്രസ്ഥാനത്തിന്റെ ഉദയം സംഭവിക്കുന്നത്. കശ്മീരിലെ ആദ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടി. ശൈഖ് അബ്ദുല്ല കശ്മീരില്‍ നിറഞ്ഞ് തുളമ്പിയ കാലം. മതേതരത്വം ബഹുസ്വരത തുടങ്ങിയ വമ്പന്‍ മൂല്യങ്ങളെ ശൈഖ് രാഷ്ട്രീയത്തിലേക്ക് സന്നിവേശിപ്പിച്ചു. നെഹ്‌റുവിലേക്കും ഗാന്ധിയിലേക്കും കശ്മീരിന്റെ വാതിലുകള്‍ ശൈഖ് തുറന്നിട്ടു. 1939-ല്‍ മുസ്‌ലിം കോണ്‍ഫറന്‍സ് നാഷണല്‍ കോണ്‍ഫറന്‍സായിമാറി. അക്കാലമാകുമ്പോഴേക്കും വിഭജനത്തിന്റെ പെരും കോടാലി ഉയര്‍ത്തി പടര്‍ന്നിരുന്ന മുഹമ്മദലി ജിന്നയുടെ ഒന്നാം നമ്പര്‍ എതിരാളിയായി മാറി ശൈഖ് അബ്ദുല്ല. ശൈഖ് ജിന്നയ്ക്ക് കരടാകാനുള്ള ഒരേയൊരു കാരണം ഇന്ത്യ എന്ന മതേതര ബഹുസ്വര ആശയത്തോടുള്ള ശൈഖിന്റെ പാറപോലുറച്ച കൂറ് ഒന്ന് മാത്രമായിരുന്നു.
ജിന്നയെ എന്ന പോല്‍ വിഭജനത്തെയും കശ്മീര്‍ എതിര്‍ത്തു. അതിനുള്ള പ്രേരണയും ശൈഖ് ആയിരുന്നു. പക്ഷേ, ബ്രിട്ടന്റെ കളി കാര്യമായി. അവര്‍ ഹരിസിംഗിനെ കൂട്ടുപിടിച്ചു. താഴ്‌വരയെ സംഘര്‍ഷഭൂമിയാക്കി. സ്വാതന്ത്ര്യാനന്തരം കശ്മീര്‍ സ്വന്തമാക്കാം എന്ന് ഹരിസിംഗ് വ്യാമോഹിച്ചു. കശ്മീര്‍ കിട്ടാന്‍ ദോഗ്രകള്‍ നല്‍കിയ 75 ലക്ഷം തിരിച്ചുകൊടുത്ത് കശ്മീരിനെ അവരുടെ ദുര്‍ഭരണത്തില്‍ നിന്ന് മോചിപ്പിക്കണം എന്ന ആശയം പ്രബലമായി. ഇതിനിടെ സ്വാതന്ത്ര്യം. ഒപ്പം വിഭജനവും. ബ്രിട്ടന്റെ പാദസേവകനായിരുന്ന ഹരിസിംഗ് ഇന്ത്യയില്‍ ചേരാന്‍ വിസമ്മതിച്ചു. തനിച്ചുനില്‍ക്കാന്‍ കൊതിച്ചു. അതിന് വട്ടംകൂട്ടി. ഒന്നും നടന്നില്ല. പാകിസ്ഥാനില്‍ നിന്ന് അപകടം നുഴഞ്ഞുകയറ്റത്തിന്റെ രൂപത്തില്‍ വന്നു. ഗത്യന്തരമില്ല എന്ന് മൂഴുവനായി ബോധ്യപ്പെട്ടപ്പോള്‍ ഹരിസിംഗ് ഇന്ത്യന്‍ പട്ടാളത്തിന്റെ കാല്‍ക്കല്‍ വീണു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി. ഹരിസിംഗ് വിത്തിട്ട വിഘടനവും വംശീയതയും പലരൂപത്തില്‍ അവിടെ തുടര്‍ന്നു. ഇതാണ് കശ്മീരിന്റെ കഥ.

അപ്പോള്‍ ആരാണ് ഹരിസിംഗ്? ദേശസ്‌നേഹി? കശ്മീര്‍ നായകന്‍? മതേതര ഇന്ത്യയുടെ കാവലാള്‍?
ഇങ്ങനെയാണ് ഫാഷിസ്റ്റുകള്‍ ചരിത്രമുണ്ടാക്കുക. ഇപ്പോള്‍ ഘോഷിക്കപ്പെട്ട പിറന്നാള്‍ അത്തരമൊരു ചരിത്ര നിര്‍മിതിയാണ്. ജോര്‍ജിയ മെലോണിമാര്‍ സൃഷ്ടിക്കപ്പെടുന്ന വിധമാണ്.

കെ കെ ജോഷി

You must be logged in to post a comment Login