ഈ റസൂലിന്റെ കൈയിൽ വാൾ പിടിപ്പിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു?

ഈ റസൂലിന്റെ കൈയിൽ  വാൾ പിടിപ്പിക്കാൻ  നിങ്ങൾക്കെങ്ങനെ കഴിയുന്നു?

ബാബ ഫരീദ് വലിയ സൂഫിയായിരുന്നു. അജ്മീർ ഖാജയുടെ ശിഷ്യനായ ഖുതുബുദ്ദീൻ ബഖ്തിയാർ കാക്കിയുടെ പ്രിയ മുരീദ്. ബാബ ഫരീദ് ഒരു ഗ്രാമം കാണാൻ ചെന്ന നേരം നാട്ടുകാർ ഹൃദ്യമായി സ്വീകരിച്ചു. പക്ഷേ എന്തെങ്കിലും ഹദ്്യ കൊടുക്കാതെ ബാബയെ അവർ വിടാനൊരുക്കമല്ല. കത്രികയുണ്ടാക്കുന്ന ഗ്രാമമായതുകൊണ്ട് അത് തന്നെ കൊടുക്കാമെന്ന് നിശ്ചയിച്ചു. ഗ്രാമീണർ നീട്ടിയ മുന്തിയ കത്രിക നോക്കി ബാബ പറഞ്ഞു:

“കത്രിക മുറിക്കാനുള്ളതല്ലേ? ഞാൻ മുറിക്കുന്നവനല്ല. നിങ്ങളെനിക്കൊരു സൂചി തരൂ.’
ഇത് കേട്ട ഒരു ബാലൻ വീട്ടിലേക്കോടി ഉമ്മയുടെ കോന്തലയിൽ നിന്ന് ഒരു സൂചി എടുത്തുകൊടുത്തുവത്രെ.

റസൂലിന്റെ കൈയിൽ നിന്ന് പൂവ് വാങ്ങി കത്തി കൊടുക്കാൻ ശ്രമിക്കുന്നവർ റസൂലോരുടെ വഴിയേ നടന്നെത്തിയ ഈ ബാബമാരെ എവിടെ ലൊക്കേറ്റ് ചെയ്യും?
ആയിരത്തി നാനൂർ വർഷങ്ങൾക്ക് മുന്നേയുള്ള റസൂൽ എന്ന പരികൽപന ചിലർക്ക് എത്തിപ്പിടിക്കാനാവാത്ത അകലമാണ്. അത്രയും അകലത്തിലാണവർക്ക് റസൂൽ. ചിലർക്ക് എത്രയോ അടുത്തുള്ള, അടുപ്പത്തിലുള്ള സാന്നിധ്യമായി റസൂൽ അനുഭവപ്പെടുന്നു. ആരുടേത് ശരി എന്നാശങ്കക്ക് വഴിയുണ്ടോ? റസൂലിന്റെ സ്നേഹവും ഓർമകളും ഹൃദയത്തിൽ അള്ളിപ്പിടിച്ചതിന്റെ അനുപാതത്തിലാണ് നമ്മളും റസൂലും തമ്മിലുള്ള അകലാടുപ്പങ്ങൾ നിർണയിക്കപ്പെടുക.
മരണാനന്തരം തിരുനബി ദർശനം തന്നതിൽ പിറകേ, ആരാണിത്, പരിചയമുണ്ടോ എന്ന് ചോദിക്കുമല്ലോ? പരിചയത്തിന്റെയും അടുപ്പത്തിന്റെയും ബലത്തിലാണല്ലോ വിശ്വാസികൾ മറുപടി പറയുക. ഇത് റസൂൽ. ഞങ്ങളുടെ നബി. സ്വല്ലല്ലാഹു അലയ്ഹി വസല്ലം.
വിശ്വാസം വിജയിക്കാനുള്ള ബലമാണ്. പക്ഷേ അല്ലാഹുവിന്റെ ഔദാര്യമായി മാത്രം ലഭിക്കുന്ന ബലമാണത്. മനുഷ്യന്റെ അറിവോ അനുഷ്ഠാനമോ വിശ്വാസത്തെ പിടിച്ചുനിർത്താനുള്ള ഏകകമായി നിശ്ചയിക്കപ്പെട്ടിട്ടില്ല. പടച്ചോന്റെ ദയാവായ്പ് മാത്രം.

റസൂലിനോടുള്ള മഹബ്ബത്തിന്, അഗാധ സ്നേഹത്തിന് സമാനമായ ഒരു തലമുണ്ട്. വിശ്വാസി ഹൃദയങ്ങൾക്ക് പടച്ചോൻ പകർന്നുകൊടുക്കുന്ന ഔദാര്യമായി മഹബ്ബത്തുന്നബിയെ ആഖ്യാനിക്കാം. അതിനുള്ള പോംവഴിയായി അല്ലാഹു നിശ്ചയിക്കുന്ന ഒരേകകമാണ് സ്വലാത്.
തിരുസാന്നിധ്യ ഭാഗ്യം ലഭ്യമാകാത്തവർക്ക് ഏറ്റവും അനുഗ്രഹമായി തീർന്ന സമ്മാനമാണ് സ്വലാത്. റസൂലിനോട് അടുപ്പത്തിലാകാനുള്ള, കാലദൂരം സങ്കോചിച്ചു കിട്ടാനുള്ള പാലമായി സ്വലാത് മാറുന്നുണ്ട്. റസൂലും നമ്മളും തമ്മിലുള്ള അകലത്തെ സ്വലാത് ഏച്ചു വലിച്ചടുപ്പിക്കുന്നുണ്ട്. അതിലൂടെ റസൂലിന്റെ അസാന്നിധ്യം സാന്നിധ്യത്തോളം അനുഭവിക്കുന്നു. സ്വുഹ്ബതിന്റെ മധുരം എത്ര മധുരിതമാകുമായിരുന്നു എന്നു നിനക്കുന്നു. ആ നിനവിന്റെ നനവിൽ അനുരാഗിയുടെ ഹൃദയത്തിൽ നിന്ന് കുറേ സർഗതാളങ്ങളിറങ്ങി വരുന്നു. റസൂലോരെ ഖമീസിന്റെ അകത്തെ നൂലായില്ലല്ലോ എന്ന് വേപഥു കൊള്ളുന്നു. അഥവാ നബിയോരുടെ മുന്നിലിരിക്കാനുള്ള മോഹം, ഒരുപടി കൂടി കടന്ന്, ഖമീസിന്റെ അകത്ത് കയറിനിൽക്കാനുള്ള കൊതിയായി തീരുന്നു. സ്വലാതിൽ നിന്ന് ഉദ്ഭൂതമാകുന്ന കൊതിയാണത്. മുത്ത്നബിക്ക് വേണ്ടിയുള്ള മുഹിബ്ബിന്റെ പ്രാർഥനയാണല്ലോ സ്വലാത്. പാട്ടുകൾക്കൊക്കെയും സ്വലാതിന്റെ താളമാണ്.

ഓർമകളും സ്വലാതിന്റെ ഭാഗമാകുന്നു. നിങ്ങളെ നിത്യേന നോവിച്ചിരുന്ന ഒരാൾക്ക് ഒരുവേള നിങ്ങളുടെ സഹായമോ പിൻബലമോ വേണ്ടിവരുന്നു. അയാൾ നിങ്ങളെ സമീപിക്കുന്നു. എന്തായിരിക്കണം പ്രതികരണം? പ്രതികാരത്തിന്റെ ഭാഷ സ്വീകരിക്കണോ എന്ന് നിങ്ങൾ ശങ്കിച്ച് നിൽക്കുമ്പോൾ മുത്ത് റസൂലിന്റെ ഒരു ജീവിതാംശം നിങ്ങളുടെ ഉള്ളിൽ തികട്ടുന്നു. തനിക്ക് നേരെ വാളോങ്ങിയ ഗൗറസ് ബ്നുൽ ഹാരിസിനോട് പ്രതികാരത്തിനവസരം ഒത്തുവന്നിട്ടും സ്നേഹറസൂൽ അയാളെ ഹൃദ്യമായി തിരിച്ചയച്ചല്ലോ. ഈ ഓർമയിൽ തിരുറസൂൽ നിങ്ങളിൽ ഒരു മാത്ര ഒളിമിന്നായി കൂടുതൽ പ്രകാശം പരത്തുന്നു. അത് നിങ്ങളെ അപ്പാടെ ഉഴുതുമറിക്കുന്നു. നിങ്ങളുടെ ആഗതനെ നിങ്ങൾ ഹൃദ്യമായി തിരിച്ചയക്കുന്നു.

റസൂലിന്റെ അനാഥ ലാളനയെ കേട്ടു പരിചയിച്ച നിങ്ങൾ ഒരനാഥനെ തേടിയിറങ്ങുന്നു എന്നിരിക്കട്ടെ, അസഹ്യമായി തീർന്ന ഒരയൽവാസിയോട് പരുഷമായി ഇടപെടണം. പക്ഷേ തിരുനബിയുടെ അയൽപക്ക പാഠങ്ങൾ കേട്ട നിങ്ങൾക്കതിന് സാധിക്കുന്നില്ലെന്നിരിക്കട്ടെ. അപ്പോഴൊക്കെയും മുത്ത്നബി നിങ്ങളിലുണ്ട്. നിങ്ങളുടെ ഭക്ഷണപാത്രത്തിൽ നിന്ന് തെറിച്ചുപോകുന്ന ഒരോ വറ്റിലും നിങ്ങളുടെ ഒരു കണ്ണുണ്ടെങ്കിൽ, നിങ്ങളിലൂറുന്ന ഒരു വാക്കിലും നോക്കിലും അപരസ്നേഹം കരുതുന്നുണ്ടെങ്കിൽ തിരുറസൂൽ നിങ്ങളിലെവിടെയോ തൊട്ടിട്ടുണ്ട്.

ഇവിടെ കാലവും ദൂരവും അടുപ്പത്തിന്റെയോ അകൽച്ചയുടേയോ ഭാഗമാകുന്നില്ല.
എത്ര മനുഷ്യരിലാണ് റസൂൽ ഇതുപോലെ ചെറു ചെരാതായെങ്കിലും തെളിഞ്ഞുകത്തുന്നത്. ഉമർ ബിൻ അബ്ദുൽ അസീസിനെ അറിയുമല്ലോ. ഹസനുൽ ബസ്വരി രണ്ടാം ഉമർ എന്നു വിശേഷിപ്പിച്ച അബ്ബാസിയ ഖലീഫ. ധനവാനായിരുന്നു. രാജനായിരുന്നു. പക്ഷേ മരണാനന്തരം പൊതുമുതലിൽ നിന്ന് ചെലവിനെടുത്താണത്രെ അദ്ദേഹത്തെ പരിപാലിച്ചതും പൊതുശ്മശാനത്തിൽ ഖബറടക്കം നിർവഹിച്ചതും. റസൂലിന്റെ ജീവിതാനുഭവങ്ങളാണ് രണ്ടാം ഉമറിന്റെ സ്വാധീനം. പട്ടിണി പെരുത്ത് അസ്വസ്ഥപ്പെടുന്നവരെ ഇരുട്ടിൽ തേടിപ്പോയി ആശ്വസിപ്പിച്ച ഒന്നാം ഉമറിന്റെ സ്വാധീനവും തിരുനബി തന്നെ. രാജപാലസിൽ നിന്ന് ഹൃദയാനന്ദം തേടി ഇറങ്ങിപ്പുറപ്പെട്ട ഇബ്റാഹീം അദ്ഹമിനും മുത്തുനബി തന്നെ സ്വാധീനം. ഇങ്ങേ തലക്കൽ കുണ്ടൂരിലൊരു സൂഫിവര്യൻ പഥിതർക്ക് വഴിവെട്ടിയതും അന്നം വിളമ്പിയതും ഉള്ളിൽ റസൂലോർമ തുളുമ്പി നിന്നതിനാലാണ്. യാ റസൂലല്ലാഹ്…
തിരുറസൂലിന്റെ ജീവിതം മുഴുക്കെയും മഹാ ദർശനമായി സ്വരൂപിക്കപ്പെട്ടു. റസൂലിന്റെ ഓരോ നിമിഷവും അനുധാവനം ചെയ്യപ്പെടേണ്ട രൂപങ്ങളായും അടയാളങ്ങളായും ഉമ്മത്തുന്നബി സ്വീകരിച്ചു. വെറും സ്വീകരണമല്ല, ഭയത്തോടെ കൊണ്ടതുമല്ല. പകരം, തികഞ്ഞ സ്നേഹത്തിൽ നിന്നുദ്ഭൂതമായ സ്വീകാര്യതയായും സമീപനമായും വേണം ഇത് ഗ്രഹിക്കാൻ.

അബൂ ഹുറയ്റ (റ) നിവേദനം ചെയ്ത ഹദീസ്, മുത്തുനബി പേരക്കുട്ടി ഹസന്(റ) മുത്തം കൊടുക്കുമ്പോൾ അഖ്റഅ് ബിൻ ഹാബിസ് അരികത്തുണ്ട്. ബനൂ തമീം ഗോത്രത്തലവനാണദ്ദേഹം. “നിങ്ങൾ ചുംബിക്കുകയാണോ? എന്റെ പത്ത് മക്കളിൽ ഒരാളെയും ഞാൻ ചുംബിച്ചിട്ടില്ല.’ കാരുണ്യരുടെ പ്രതികരണം ഇങ്ങനെ: “കരുണ ചെയ്യാത്തവർക്ക് അത് കിട്ടില്ല.’ സമാന സ്വഭാവമുള്ള മറ്റൊരു ഹദീസ് ആഇശ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്: “നിങ്ങളുടെ ഹൃദയത്തിൽ സ്നേഹമില്ലാത്തതിന് ഞങ്ങളെന്തുവേണം? ഇതാണതിൽ റസൂൽ ചോദിക്കുന്നത്. പിറകിൽ കുഞ്ഞുകിടാങ്ങളുടെ കരച്ചിൽ കേട്ട മാത്രയിൽ റസൂൽ നിസ്കാരം പൊടുന്നനെയാക്കുന്നു!

ഈ റസൂലിന് നേരെ പീഡോഫീലിയ ആലോചിക്കാൻ, ആരോപിക്കാൻ എങ്ങനെ കഴിയും!
വേറെയും കുറേ ഹദീസുകൾ.. നബി സ്നേഹസ്പർശങ്ങൾ.. ഒന്ന്: “കൂട്ടമായി പ്രാർഥിക്കുമ്പോൾ നിങ്ങൾ ലഘുവാക്കുക. പിന്നിൽ കൃശഗാത്രരും രോഗികളും പ്രായമുള്ളവരുമുണ്ടാകും.’
രണ്ട്: ദീർഘനേര പ്രാർഥനക്കിരുന്നതിനാൽ പ്രയാസമനുഭപ്പെട്ടവർക്ക് വേണ്ടി മുആദിനോട് (റ) അരിശപ്പെടുന്നു. മൃഗങ്ങളോട് മാന്യത പുലർത്താത്ത അനുചരരോട് റസൂൽ അരിശപ്പെടുന്നു. ഉറുമ്പുകളോട് പോലും അതിക്രമം വിലക്കുന്നു. മനുഷ്യജീവിതത്തിന്റെ ഓരോ മാത്രയും വ്യവഛേദിച്ച് അതിലാകെയും എങ്ങനെ കരുണഭാവം പുലർത്തണമെന്ന് പറയാൻ കാരുണ്യമൊഴുകുന്ന ഹൃദയത്തിനല്ലാതെ കഴിയുമോ?

തെരുവിൽ നടക്കുമ്പോൾ നിങ്ങൾ കൂടെ കരുതാറുള്ള വാളിന്റെ വായ്ത്തല മറച്ചുപിടിക്കണമെന്ന് നിർദേശിക്കുന്ന ഈ റസൂലിന്റെ കൈയിൽ നിങ്ങൾക്കെങ്ങനെ വാൾ കൊടുക്കാൻ കഴിയുന്നു?!
പ്രായോഗികതയാണ് നബിദർശനങ്ങളുടെ പൊരുൾ. ആർക്കും അതിൽ മിനക്കേടോ ഏനക്കോടെ തോന്നില്ല. ബാലികേറാമല അനുഭവപ്പെടില്ല. ചെറുതായെന്നോ വലുതായെന്നോ കരുതാനില്ല. കൊടുത്ത് മുടിഞ്ഞെന്നോ ചൊല്ലി മടുത്തെന്നോ പറയാനില്ല. എല്ലാ ദിവസവും നോമ്പനുഷ്ഠിക്കാൻ സമ്മതം ചോദിച്ചവരോട് റസൂൽ പറഞ്ഞത്, വേണ്ട, ഒരു നാളിടവിട്ട് മതിയെന്നാണ്. ധനം മുഴുവനും ദാനം ചെയ്യട്ടെ എന്നാരാഞ്ഞവരോട് പറഞ്ഞതോ, മക്കളെ നിരാശ്രയരാക്കരുതെന്ന്. ജിഹാദിന് വരട്ടെ എന്നാവശ്യപ്പെട്ടപ്പോൾ, വേണ്ട, മാതാവിനെ പരിചരിക്കുകയെന്ന്. പ്രായമായില്ല, പിന്നീടാവാമെന്ന് മറ്റു ചിലരോട്. ഇതെത്ര വലിയ മഹാ മനുഷ്യനാണ്! ഏതു വാക്കു ചേർത്തുവച്ചാലാണ് റസൂലിനെ പറയാനാവുക?

ഒരുമ്മയുടെ കഥ. ഒരുപാടുമ്മമാരുടെയും കഥ. വീട്ടിൽ നിന്ന് വെറുതെയിരിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴൊക്കെയും സ്വലാത് ചൊല്ലണം. തസ്ബീഹ് മാലയുണ്ട്. അതത്ര സുഖകരമല്ല. ഒരു കൗണ്ടർ കിട്ടുമോ എന്നാണാ ഉമ്മ അന്വേഷിക്കുന്നത്. സ്വലാത് ഓർമിക്കാനും എണ്ണം പിടിക്കാനും എളുപ്പമാണല്ലോ. ഒരിക്കലത് എവിടെയോ വെച്ചില്ലാതെയായി. പിന്നീടതിനായി തേട്ടം. എന്റെ സ്വലാത് മുടങ്ങുന്നല്ലോ എന്നായി ആശങ്ക. ഇവിടെ ഒരുമ്മ റസൂലിനെ തിരഞ്ഞോടുന്നത് നിങ്ങൾ കാണുന്നില്ലേ? കതക് തുറക്കുമ്പോഴും ഭക്ഷണം വിളമ്പുമ്പോഴും അവരുടെ ചുണ്ടിൽ ബിസ്മി മറിയുന്നത് നോക്കൂ. റസൂലവരോട് പറഞ്ഞിട്ടാണവരത് ചെയ്യുന്നത്. ആറ്റൽ നബി നമ്മുടെ ഉമ്മമാരോട് മിണ്ടുന്ന കാഴ്ചയാണിത്. കോളിംഗ് ബെൽ അമർത്തി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആവശ്യക്കാർക്ക് കൊടുക്കാൻ അഞ്ചും പത്തും ഒരുക്കിവെക്കുന്ന ഉമ്മ, അടുത്തവീട്ടിലെ കല്യാണത്തിനും പേറിനും ഒരു കൈ സഹായം ചെയ്യാൻ സ്വന്തം വീട്ടുകാരോട് ആവർത്തിച്ചാവശ്യപ്പെടുന്ന ഉമ്മ.. മുത്തുനബി (സ്വ) ഉമ്മമാരോട് മിണ്ടിക്കൊണ്ടിരിക്കുന്നതിന്റെ തിടുക്കമാണവർ കാണിക്കുന്നത്. ഈ റസൂലിന്റെ കൈയിൽ കത്തി പിടിപ്പിക്കാൻ എങ്ങനെ കഴിയും?! കഴിയുമെങ്കിൽ നിങ്ങൾ ആ വാൾ മടക്കിവെക്കൂ. ബാബാ ഫരീദിന്റെ കൈയിൽ നിന്ന് ആ സൂചി വാങ്ങൂ. കുത്തിനോവിക്കാനല്ല, ഇത്രയും കാലം മുറിച്ചിട്ടതൊക്കെയും ചേർത്തുതുന്നാൻ.

കുറിപ്പ്
മുരീദ്: ആത്മീയ ശിഷ്യൻ.
മഹബ്ബ: വിശ്വാസികളിൽ നിന്ന് ഇസ്‌ലാം ആവശ്യപ്പെടുന്ന അഗാധ സ്നേഹം.
സ്വലാത്: തിരുനബിക്ക് വേണ്ടിയുള്ള കാരുണ്യപ്രാർഥന.
സ്വുഹ്ബത്: തിരുനബിയോടുള്ള സാമീപ്യം.
മുഹിബ്ബ്: അഗാധ സ്നേഹത്തിലായ ആൾ.
ഉമ്മത്തുന്നബി: നബിയുടെ സമൂഹം

എൻ ബി സിദ്ദീഖ് ബുഖാരി

You must be logged in to post a comment Login