ഇമാം ആരായിരിക്കണം?

ഇമാം ആരായിരിക്കണം?

അല്ലാഹുവിനും ജനങ്ങള്‍ക്കുമിടയിലെ മധ്യവര്‍ത്തിയാണ് ഇമാം. കൂടെയുള്ള ജനത്തെ അല്ലാഹുവിലേക്ക് അടുപ്പിക്കുക എന്ന സവിശേഷ ഉത്തരവാദിത്വമാണ് ഇമാമിന് നിര്‍ഹിക്കാനുള്ളത്. അതിനാല്‍ സമൂഹത്തിലെ ഏറ്റവും ഉത്തമനായ വ്യക്തിയാണ് ഇമാമായി നില്‍ക്കേണ്ടത്. ഇമാമിന് സംഭവിക്കുന്ന ഏതൊരബദ്ധവും മഅ്മൂമുകളെ കൂടി ബാധിക്കുന്നതായതിനാല്‍ വളരെയേറെ അവധാനതയോടെയായിരിക്കണം ഇമാം കര്‍ത്തവ്യം നിര്‍വഹിക്കുന്നത്. തിരുനബി(സ) പറഞ്ഞു:
“നിങ്ങളുടെ നിസ്‌കാരം സ്വീകരിക്കപ്പെടുന്നത് നിങ്ങളെ സന്തുഷ്ടരാക്കുന്നുവെങ്കില്‍ നിങ്ങളില്‍ എറ്റവും ഉത്തമരായവരെ ഇമാമായി നിര്‍ത്തുക. തീര്‍ച്ച അവര്‍ നിങ്ങളുടെയും റബ്ബിന്റെയും ഇടയിലുള്ള നിവേദകരാണ്’ (ഹാകിം).

ജ്ഞാനികള്‍, ഖുര്‍ആന്‍ മനഃപാഠമുള്ളവര്‍(അഖ്‌റഅ്), സൂക്ഷ്മജീവിതം നയിക്കുന്നവര്‍ ( ഔറഅ്), പ്രായമായവര്‍, ഉത്തമ കുടുംബത്തില്‍ പിറന്നവര്‍, ജനങ്ങള്‍ക്കിടയില്‍ സല്‍പേരുള്ളവര്‍, ശരീരം, വസ്ത്രം വൃത്തിയായി സൂക്ഷിക്കുന്നവര്‍, തൊഴില്‍പരമായി ഔന്നത്യം പുലര്‍ത്തുന്നവര്‍, ശബ്ദ സൗകുമാര്യതയുള്ളവര്‍, ആകാര സൗഷ്ഠവമുള്ളവര്‍ എന്നിങ്ങനെയുള്ള മുന്‍ഗണനാക്രമത്തിലാണ് ഇമാമിനെ തിരഞ്ഞെടുക്കേണ്ടത്. സംശുദ്ധ ജീവിതം നയിക്കുന്നവര്‍ക്കാണ് – മറ്റു നിലയില്‍ വൈശിഷ്ട്യം കുറവാണങ്കില്‍ പോലും – മറ്റുള്ളവരെക്കാള്‍ എപ്പോഴും സ്ഥാനം കല്‍പ്പിക്കേണ്ടത്. തിരുനബി(സ) പറഞ്ഞു: “അല്ലാഹുവിന്റെ വേദഗ്രന്ഥത്തില്‍ അവഗാഹമുള്ളവര്‍ സമൂഹത്തിന് നേതൃത്വം നല്‍കി നിസ്‌കരിക്കട്ടേ, വേദഗ്രന്ഥത്തില്‍ എല്ലാവരും തുല്യ അവഗാഹമുള്ളവരാണങ്കില്‍ നബിചര്യയെക്കുറിച്ച് കൂടുതലറിയുന്നവര്‍ നേതൃത്വം നല്‍കട്ടെ, അതിലും എല്ലാവരും തുല്യരാണങ്കില്‍ ആദ്യം ഹിജ്‌റ പോയവര്‍, അതിലുമെല്ലാവരും തുല്യരാണെങ്കില്‍ പ്രായം കൂടിയവര്‍ നില്‍ക്കട്ടെ. ഒരാളും മറ്റൊരാള്‍ക്ക് അധികാരപ്പെട്ട സ്ഥലത്ത് പോയി ഇമാം നില്‍ക്കരുത് (മുസ്്‌ലിം). ജനങ്ങള്‍ക്ക് സമ്മതനായ ആളായിരിക്കണം ഇമാം നില്‍ക്കുന്നത്. മഅ്മൂമുകളില്‍ നിന്ന് അധികപേരും വെറുക്കുന്ന ഒരാള്‍ അവര്‍ക്ക് നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് കറാഹതാണ്. “ജനങ്ങളുടെ വെറുപ്പ് വകവെക്കാതെ അവര്‍ക്ക് നിസ്‌കാരത്തിന് നേതൃത്വം നല്‍കിയാല്‍ അയാളുടെ നിസ്‌കാരം അല്ലാഹു – പൂര്‍ണാര്‍ഥത്തില്‍ – സ്വീകരിക്കുകയില്ലെന്ന് തിരുനബി (സ) മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്'(അബൂദാവൂദ്, തിര്‍മിദി).

തുടര്‍ച്ച സാധുവാകുന്നതിന് ഇമാമില്‍ അഞ്ചു കാര്യങ്ങള്‍ മേളിച്ചിരിക്കേണ്ടത് അനിവാര്യമാണ്.
ഒന്ന്: മഅ്മൂമിന്റെ വിശ്വാസത്തില്‍ ഇമാമിന്റെ നിസ്‌കാരം സാധുവായിരിക്കുക.
അശുദ്ധിയുള്ളവര്‍, മഅ്മൂമിന്റെ വിശ്വാസത്തില്‍ അശുദ്ധിക്കാരായവര്‍ തുടങ്ങി നിസ്‌കാരം സാധുവല്ലെന്ന് അറിയുന്നവരേയോ അങ്ങനെ വിശ്വസിക്കുന്നവരെയോ തുടര്‍ന്ന് നിസ്‌കരിച്ചാല്‍ സാധുവാകുകയില്ല. അശുദ്ധിയോടെ നിസ്‌കരിക്കാന്‍ അനുമതിയില്ലാത്തവരെ തുടര്‍ന്ന് കൊണ്ടുള്ള നിസ്‌ക്കാരമാണ് ഉദ്ദേശ്യം. തയമ്മും ചെയ്ത് നിസ്‌കരിക്കുന്നവര്‍, മൂത്രവാര്‍ച്ചയുള്ളവര്‍, രക്തസ്രാവമുള്ളവര്‍ (ഇസ്തിഹാളത്) തുടങ്ങി അശുദ്ധിയോടെ നിസ്‌കരിക്കാന്‍ അനുവാദമുള്ളവരെ തുടര്‍ന്നുള്ള നിസ്‌കാരം സാധുവാണ്.

അശുദ്ധിയുള്ളവരെ അക്കാര്യം അറിഞ്ഞുകൊണ്ട് തുടരുന്നത് കുറ്റകരവും നിസ്‌കാരം നിഷ്ഫലമാക്കുന്നതുമാണ്. അറിയാതെ ജുമുഅ അല്ലാത്ത ഒരു നിസ്‌കാരത്തില്‍ അശുദ്ധിയുള്ളയാളെ തുടര്‍ന്നാല്‍ നിസ്‌കാരം സാധുവാകുന്നതാണ്. അതേസമയം നിസ്‌കാരത്തിനിടയില്‍ ഇമാം തുടരാന്‍ പറ്റാത്തയാ ളാണെന്നറിഞ്ഞാല്‍ ഉടന്‍ തന്നെ ഇമാമിനെ പിരിയുകയും നിസ്‌കാരം പൂര്‍ത്തിയാക്കുകയുമാണ് ചെയ്യേണ്ടത്. ഒരു നിമിഷവും കൂടി തുടര്‍ച്ചയുമായി മുന്നോട്ട് പോവുകയോ ഇമാമിനെ വിട്ടുപിരിയുന്നതായി കരുതാതിരിക്കുകയോ ചെയ്താല്‍ മഅ്മൂമിന്റെ നിസ്‌കാരം നിഷ്ഫലമാകും.

രണ്ട്: മറ്റൊരാളെ തുടര്‍ന്ന് നിസ്‌ക്കരിക്കുന്നവന്‍ അല്ലാതിരിക്കുക. ഒരേസമയം തുടരപ്പെടുന്നവനും (മത്ബൂഅ്) തുടരുന്നവനു (താബിഅ്)മായിരിക്കുക സാധ്യമല്ലാത്തതിനാല്‍ മറ്റൊരാളെ തുടര്‍ന്ന് നിസ്‌കരിക്കുന്ന വ്യക്തിയെ തുടര്‍ന്ന് നിസ്‌കരിക്കുകയാണെന്ന് സംശയിക്കുന്ന വ്യക്തിയെ ഇമാമായി തിരഞ്ഞെടുത്തു കൂടാ. ഇമാമാണെന്ന വിശ്വാസത്തില്‍ ഒരേ വി താനത്തില്‍ നിന്ന് നിസ്‌കരിക്കുന്ന രണ്ടാളുകളില്‍ നിന്ന് ഒരാളെ തുടരുകയും പിന്നീട് ഇമാമാണോ അല്ലേ എന്ന് സംശയിക്കുകയും ഉടന്‍ തന്നെ ഇമാമാണെന്ന് ബോധ്യമാവുകയും ചെയ്താല്‍ തുടര്‍ച്ച സാധുവാകുന്നതാണ്. ദീര്‍ഘസമയത്തിന്/ഒരു റുക്‌ന് പിന്നിട്ട ശേഷമാണ് ഇമാമാണെന്ന് ബോധ്യമായതെങ്കില്‍ തുടര്‍ച്ച സാധുവാകുകയില്ല. മറ്റൊരാളെ തുടര്‍ന്ന് കൊണ്ടിരിക്കേയുള്ള തുടര്‍ച്ചയാണ് അസാധുവാകുന്നത്. മറ്റൊരാളെ തുടര്‍ന്നു നിസ്‌കരിച്ച വ്യക്തി തുടര്‍ച്ച അവസാനിപ്പിച്ച ശേഷം അയാളെ തുടര്‍ന്ന് നിസ്‌കരിക്കുന്നതിന് വിരോധമില്ല. അഥവാ ഇമാമിന്റെ സലാമിന് ശേഷം നിസ്‌കാരത്തിന്റെ ബാക്കി ഭാഗം നിര്‍വഹിക്കാനായി എണീറ്റ മസ്ബൂഖിനെ തുടര്‍ന്ന് നിസ്‌കരിക്കാവുന്നതാണ്. മസ്ബൂഖായി തുടര്‍ന്ന രണ്ടാളുകളില്‍ ഒരാള്‍ ഇമാം സലാം പറഞ്ഞശേഷം അപരനെ തുടര്‍ന്ന് നിസ്‌കരിക്കുകയുമാകാം. എങ്കിലും അത് അഭിലഷണീയമല്ല.

മൂന്ന്: ഇമാമിന്റെ നിസ്‌കാരം മടക്കി നിര്‍വഹിക്കല്‍ അനിവാര്യമായതല്ലാതിരിക്കുക. ശുദ്ധിയില്ലാത്തപ്പോള്‍ മുറിവ് കെട്ടുകയും ശേഷം തയമ്മും ചെയ്ത് നിസ്‌ക്കരിക്കുകയും ചെയ്തവര്‍, തയമ്മുമിന്റെ അവയവത്തിലുള്ള മുറിവ് കെട്ടിയ ശേഷം തയമ്മും ചെയ്ത് നിസ്‌കരിക്കുന്നവര്‍, തണുപ്പ് -പ്രതിരോധിക്കാനോ വെള്ളം ചൂടാക്കാനോ സംവിധാനമില്ലാത്തപ്പോള്‍-കാരണം തയമ്മും ചെയ്ത് നിസ്‌ക്കരിക്കുന്നവര്‍, അനുവദനീയമല്ലാത്ത യാത്രയിലോ വെള്ളത്തിന്റെ ദൗര്‍ലഭ്യം അപൂര്‍വമായി മാത്രം അനുഭവപ്പെടുന്ന പ്രദേശത്ത് വെച്ചോ വെള്ളം ദുര്‍ലഭമായത് കാരണം തയമ്മും ചെയ്ത് നിസ്‌ക്കരിക്കുന്നവര്‍, അറബി ഭാഷ പഠിക്കുന്നതില്‍ വീഴ്ചവരുത്തുകയും സമയപരിമിതികാരണം തര്‍ജമ ചെയ്ത് നിസ്‌കരിക്കുകയും ചെയ്യുന്നവര്‍, ഖിബ്‌ല ദിശ കണ്ടെത്താനാകാതെ അനിശ്ചിതത്തിലാകുകയും ഉദ്ദിഷ്ട ഭാഗത്തേക്ക് തിരിഞ്ഞ് നിസ്‌കരിച്ചവര്‍, സമയമറിയാന്‍ മാര്‍ഗമില്ലത്തതിനാല്‍ ഗവേഷണം ചെയ്ത് നിസ്‌കരിക്കുകയും സമയത്തിന് മുമ്പാണ് നിസ്‌കരിച്ചതെന്ന് പിന്നീട് ബോധ്യമാവുകയും ചെയ്തവര്‍ തുടങ്ങിയവരെല്ലാം മടക്കി നിര്‍വഹിക്കല്‍ അനിവാര്യമായവരാണ്. അതിനാല്‍ ഇത്തരം ആളുകളെ തുടര്‍ന്ന് നിസ്‌ക്കരിച്ചാല്‍ സാധുവാകുകയില്ല.
നാല്: ഉമ്മിയ്യ് അല്ലാതിരിക്കുക. ഫാതിഹ ശരിയായ രൂപത്തില്‍ പാരായണം ചെയ്യാനറിയാത്തവരെയാണ് – ഇമാമതിന്റെ വിഷയത്തില്‍ – ഉമ്മിയ്യ് എന്നത് കൊണ്ടുദ്ദേശിക്കുന്നത്. തെറ്റ് കൂടാതെ ഫാതിഹ പൂര്‍ണമായും പാരായണം ചെയ്യാനറിയാത്തവരും ഭാഗികമായി അറിയാത്തവരും ഉമ്മിയ്യിന്റെ ഗണത്തിലാണ് പെടുക. ഫാതിഹയില്‍ നിന്നുള്ള ഒരക്ഷരം അതിന്റെ ഉച്ചാരണസ്ഥാനത്ത് നിന്ന് ഉച്ചരിക്കാനറിയാത്തവര്‍, ഇരട്ടിപ്പുള്ള(ശദ്ദ്) അക്ഷരം അത്തരത്തില്‍ ഉച്ചരിക്കാനറിയാത്തവര്‍ തുടങ്ങിയവരെല്ലാം ഉമ്മിയ്യിന്റെ ഗണത്തില്‍ പെട്ടവരാണ്. ശരിയായ രീതിയില്‍ ഫാതിഹ പാരായണം ചെയ്യാനറിയുന്നവര്‍ അറിയാത്ത വ്യക്തിയെ തുടര്‍ന്ന് നിസ്‌കരിച്ചാല്‍ സാധുവാകുകയില്ല. ശരിയായ രീതിയില്‍ പാരായണം പഠിക്കാന്‍ സാധിക്കാത്തവനാണെങ്കിലും ഇമാമിന്റെ അവസ്ഥ ബോധ്യമില്ലാതെയാണ് തുടര്‍ന്നതെങ്കിലും തുടര്‍ച്ച സാധുവാകുകയില്ല. നിസ്‌കാരത്തിനിടയിലാണ് ഇമാം ഉമ്മിയ്യാണെന്ന കാര്യം ബോധ്യപ്പെട്ടതെങ്കില്‍ ഉടന്‍തന്നെ ഇമാമിനെ വിട്ടുപിരിയേണ്ടതാണ്. അല്ലാത്തപക്ഷം മഅ്മൂമിന്റെ നിസ്‌കാരം നിഷ്ഫലമാകും. സലാമിന് ശേഷമാണ് ബോധ്യമായതെങ്കില്‍ മടക്കി നിര്‍വഹിക്കേണ്ടതാണ്.

മഅ്മൂമിന് ശരിയായ രീതിയില്‍ ഉച്ചരിക്കാനറിയുന്ന അക്ഷരം ഇമാമിന് അപ്രകാരം ഉച്ചരിക്കാന്‍ സാധിക്കാതിരിക്കുക, ഇമാമിന് ശരിയായി ഉച്ചരിക്കാന്‍ അറിയാത്ത ഒരക്ഷരം മഅ്മൂമിനും മഅ്മൂമിന് ശരിയായി ഉച്ചരിക്കാനറിയാത്ത ഒരക്ഷരം ഇമാമിനും അറിയുക എന്നിങ്ങനെ ഇമാമും മഅ്മൂമും തുല്യരാകാതിരിക്കുമ്പോഴാണ് തുടര്‍ച്ച അസാധുവാകുന്നത്. രണ്ടുപേരും തുല്യരാണെങ്കില്‍ അഥവാ രണ്ടുപേര്‍ക്കും ഉച്ചരിക്കാനറിയാത്തത് ഒരേ അക്ഷരം/വാക്യം/വചനമാണെങ്കില്‍ ഇരുവരും തമ്മിലുള്ള തുടര്‍ച്ച സാധുവാകുന്നതാണ്.

അസ്ഥാനത്ത് ഇദ്ഗാം ചെയ്യുന്നവര്‍-പരസ്പരം ചേര്‍ത്ത് പറയാത്ത രണ്ടക്ഷരങ്ങളിലൊന്നിനെ തൊട്ടുമുമ്പോ ശേഷമോയുള്ള അക്ഷരമായി മറിച്ച ശേഷം ഇരട്ടിപ്പ് കൊടുത്തുച്ചരിക്കുന്നവര്‍ -മുസ്തഖീം എന്ന പദത്തിലെ “സീനി’നെ “താ’ആയി മറിച്ച് ഇരട്ടിപ്പ് കൊടുത്ത് “മുത്തഖീം’ എന്ന് പറയുന്നത് ഉദാഹരണം- ഒരക്ഷരത്തെ മറ്റൊരക്ഷരമായി ഉച്ചരിക്കുന്നവര്‍ എന്നിവരെല്ലാം ഉമ്മിയ്യായിട്ടാണ് ഗണിക്കുക.

അഞ്ച്: മഅ്മൂമിനേക്കാള്‍ താഴെക്കിടയിലുള്ളവര്‍ അല്ലാതിരിക്കുക. പുരുഷന്‍ – പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയാണെങ്കില്‍ പോലും – സ്ത്രീയെയോ ഭിന്ന ലിംഗത്തില്‍ പെട്ടവരെയോ തുടര്‍ന്ന് നിസ്‌കരിച്ചാല്‍ സാധുവാകുകയില്ല. “സ്ത്രീ പുരുഷന് ഇമാമായി നിസ്‌കരിക്കരുതെന്ന്’ തിരുനബി(സ്വ) ഉല്‍ബോധിപ്പിച്ചിട്ടുണ്ട് (ഇബ്‌നു മാജ, ബൈഹഖി, ത്വബ്‌റാനി). ഭിന്നലിംഗത്തില്‍ പെട്ടവര്‍ സ്ത്രീയെ തുടര്‍ന്നുള്ള നിസ്‌കാരവും ഭിന്നലിംഗത്തില്‍ പെട്ടവര്‍ ഭിന്നലിംഗത്തില്‍ പെട്ട മറ്റൊരാളെ തുടര്‍ന്ന് നിസ്‌കരിക്കുന്നതും അസാധുവാണ്. അതേസമയം സ്ത്രീ ഭിന്നലിംഗത്തില്‍ പെട്ടവരെ തുടര്‍ന്ന് നിസ്‌കരിച്ചാല്‍ സാധുവാകുന്നതാണ്. ഇമാം അത്തരത്തിലുള്ള ആളാണെന്നറിയാതെ തുടരുകയും ശേഷം അത്തരത്തിലുള്ള ഒരാളാണെന്ന് വ്യക്തമാകുക യും ചെയ്താല്‍ മടക്കി നിര്‍വഹിക്കല്‍ അനിവാര്യവുമാണ്. നിര്‍ബന്ധ നിസ്‌കാരങ്ങള്‍ക്കും തറാവീഹ് അടക്കമുള്ള സുന്നത് നിസ്‌കാരങ്ങള്‍ക്കും ഇത് ബാധകമാണ്. ഇമാം ശാഫിഈ(റ), ഇമാം മാലിക്(റ), അബൂഹനീഫ(റ), അഹ്്മദുബ്‌നു ഹന്‍ബല്‍(റ) തുടങ്ങിയ പണ്ഡിതന്മാരുടെയെല്ലാം വീക്ഷണമിതാണ്.
സ്ത്രീ പുരുഷന് ഇമാമായി നിസ്‌കരിച്ചാല്‍ പുരുഷന്റെ നിസ്‌കാരമാണ് നിഷ്ഫലമാകുന്നത്. ഇമാമാക്കിയ സ്ത്രീയുടെയും കൂടെ നിസ്‌കരിച്ച മറ്റു സ്ത്രീകളുടെയും നിസ്‌കാരം നിഷ്ഫലമാവുകയില്ല. അതേ സമയം സ്ത്രീ ജുമുഅ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയാല്‍ സ്ത്രീയുടെയടക്കം ഒരാളുടെ നിസ്‌കാരവും സാധുവാകുകയില്ല(ശര്‍ഹുല്‍ മുഅദ്ദബ് 4/255).

ഇസ്ഹാഖ് അഹ്സനി

You must be logged in to post a comment Login