യുദ്ധമല്ല ജിഹാദ്

യുദ്ധമല്ല ജിഹാദ്

പ്രപഞ്ച സ്രഷ്ടാവ്‌ അല്ലാഹുവാണ്. ആകാശ ഭുവനങ്ങളടക്കം എല്ലാത്തിന്റെയും അധികാരം അവനിൽ നിക്ഷിപ്തമാണ്. അവന്റെ നിയന്ത്രണത്തിനുമേൽ മറ്റൊരാൾക്കും അധികാരമോ ശക്തിയോ ഇല്ല. സ്രഷ്ടാവും നിയന്താവും സർവാധികാരിയുമായ അവൻ മാത്രമേ ആരാധനക്കർഹനുള്ളൂ. ആദം(അ) മുതൽ നബി(സ്വ) വരെയുള്ള എല്ലാ പ്രവാചകന്മാരുടെയും വഴി ഇതാണ്. ഈ വഴിക്ക് സഞ്ചരിക്കലാണ് വിശ്വാസിയുടെ ബാധ്യത.

വിശ്വാസി എന്ന നിലയിൽ ഇന്ത്യ പോലെയുള്ള ബഹുസ്വര രാഷ്ട്രത്തിൽ എങ്ങനെ ജീവിക്കണമെന്നും, ഏത് സമീപന രീതിയാണ് സ്വീകരിക്കേണ്ടതെന്നും സൈനുദ്ദീൻ മഖ്ദൂം, മമ്പുറം തങ്ങൾ, ഉമർ ഖാളി(റ) തുടങ്ങി പൂർവകാല പണ്ഡിതന്മാർ കാണിച്ചുതന്നിട്ടുണ്ട്. അമുസ്‌ലിം സഹോദരങ്ങളോട് അവർ സൗഹാർദത്തോടെ വർത്തിച്ചു. ഇസ്‌ലാമിക വിശ്വാസ ആചാരങ്ങൾ പിന്തുടരുന്നതോടൊപ്പം മറ്റുള്ളവരെ ഉൾകൊള്ളുകയും മതേതര സംവിധാനങ്ങളോട് ഇണങ്ങി ജീവിക്കുകയും ചെയ്തു. ഈയൊരു മാതൃകയാണ് ഇന്നും നമ്മുടെ നേതൃത്വം പിന്തുടരുന്നത്.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിച്ചു ജീവിക്കുന്നത് ശരിയല്ലെന്ന് തോന്നുന്നവർ ഇസ്‌ലാമിക നിയമം പൂർണമായി ഉൾകൊള്ളുന്നവരല്ലെന്ന് മനസിലാക്കാം. ഒരു പ്രതിസന്ധിഘട്ടങ്ങളിലും ശരീഅതിന്റെ നിയമം ലംഘിക്കാൻ ഒരു വിശ്വാസിക്ക് നിർവാഹമില്ല.
അന്ത്യനാളടുക്കുമ്പോൾ മുജ്തഹിദുകളായ പണ്ഡിതന്മാർ ഇല്ലാതെയാവുമെന്നും, തദവസരത്തിൽ വിവരമില്ലാത്തവരെ ജനങ്ങൾ നേതാക്കളായി സ്വീകരിക്കുമെന്നും നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്.
പണ്ഡിതന്മാർ ഇല്ലാതെയായാൽ സ്വന്തമായി ഖുർആനും ഹദീസും വ്യാഖ്യാനിച്ച്‌ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുന്നതിന് പകരം അവ പഠിച്ച പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കി ജനങ്ങൾക്ക് മതം പറഞ്ഞുകൊടുക്കുകയാണ് വേണ്ടത്. ഇതിനുപകരം സ്വയം ഫത്‌വ നൽകുന്നതിന് ഒരുങ്ങിപ്പുറപ്പെട്ട വ്യക്തിയാണ് അബുൽ അഅ്‌ലാ മൗദൂദി. ഇസ്‌ലാമിനേയും വിശേഷിച്ച് ഇന്ത്യൻ മുസ്‌ലിംകളേയും തെറ്റിദ്ധരിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്കു ചെറുതല്ല.
അദ്ദേഹത്തിന്റെ വാചകങ്ങൾ കാണുക:

“മുസൽമാന്മാരെ സംബന്ധിച്ചിടുത്തോളം ഞാനിതാ അവരോട് തുറന്നുപ്രഖ്യാപിക്കുന്നു, ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുന്നിൽ സർവാത്മനാ തലകുനിക്കുകയാണെങ്കിൽ നിങ്ങളുടെ വിശുദ്ധ ഖുർആനെ പുറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിനും നടത്തിപ്പിനും പങ്കുവഹിക്കുകയാണെങ്കിൽ നിങ്ങളുടെ തിരുദൂതരോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടിപിടിക്കുകയാണെങ്കിൽ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയർത്തലായിരിക്കും. ’ (ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം-പ്രസിദ്ധീകരണം 1979).
ജമാഅത്തെ ഇസ്‌ലാമി പ്രസിദ്ധീകരിച്ച ഈ പുസ്തകം വായിച്ചുകൊണ്ട് മുസ്‌ലിംകൾ ഇന്ത്യൻ ജനാധിപത്യത്തിനെതിരാണെന്നും മതരാഷ്ട്രവാദികളാണെന്നും പലരും തെറ്റിദ്ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്‌ലാമിക ഭരണ സ്ഥാപനം എവിടെയും ഓരോരുത്തർക്കും നിർബന്ധ ബാധ്യതയാണെന്നും അതിനുവേണ്ടി ശ്രമിക്കണമെന്നും, അങ്ങനെ ശ്രമിക്കാതെ ഇവിടുത്തെ ജനാധിപത്യ ഭരണത്തെ അംഗീകരിച്ചാൽ അത് ശിർക്കാണെന്നും പറഞ്ഞ് ഭൂരിപക്ഷം മുസ്‌ലിംകളെ ബഹുദൈവാരാധകരാക്കി ചിത്രീകരിക്കുകയും ചെയ്തു അദ്ദേഹം. അദ്ദേഹം പറയുന്നു:

“ഇനി ഒരു രാജാവിനെയാണ് വിധികാർത്താവായി നിങ്ങൾ സ്വീകരിച്ചതെങ്കിൽ ആ രാജാവിന്റെ ദീനിൽ നിങ്ങൾ പ്രവേശിച്ചു. ഇനി സ്വന്തം സമുദായത്തിന്റെയോ സ്വദേശക്കാരുടെയോ ഭൂരിപക്ഷത്തെയാണ് വിധികർത്താവായി സ്വീകരിക്കുന്നതെങ്കിൽ നിങ്ങൾ ആ ഭൂരിപക്ഷത്തിന്റെ ദീനിൽ പ്രവേശിച്ചു. ചുരുക്കത്തിൽ, ആരെ അനുസരിക്കുക എന്ന മാല നിങ്ങൾ കഴുത്തിലിടുന്നുവോ അവരുടെ ദീനിലായിരിക്കും യഥാർത്ഥത്തിൽ നിങ്ങൾ സ്ഥിതി ചെയ്യുന്നത്. ആരുടെ നിയമം അനുസരിച്ച് നിങ്ങൾ പ്രവർത്തിക്കുന്നുവോ അവർക്കായിരിക്കും വാസ്തവത്തിൽ നിങ്ങൾ ഇബാദത് ചെയ്യുന്നത്.

“വിശ്വാസപരമായി ഒരുത്തനെ വിധികർത്താവായി സ്വീകരിക്കുകയും പ്രത്യക്ഷത്തിൽ മറ്റൊരാളെ അനുസരിക്കുകയും ചെയ്യുക, പൂജ ഒരുവനും അടിമവൃത്തി മറ്റൊരുവനും നിർവഹിക്കുക, ഹൃദയത്തിൽ ഒരു നിയമത്തെ കുറിച്ച് ഭക്തിയും വിശ്വാസവും ഉണ്ടായിരിക്കുകയും ജീവിത ഏർപ്പാടുകളിൽ മറ്റൊരു നിയമമനുസരിച്ച് നടക്കുകയും ചെയ്യുകയെന്നിതുകളും സാധ്യമാണെന്ന് നിങ്ങൾ പറയുന്ന പക്ഷം അത് സാധ്യമാണെന്ന് ഞാനും സമ്മതിക്കുന്നു. സാധ്യമാണെന്നല്ല, അത് സംഭവിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. പക്ഷേ അതിനത്രെ ശിർക് എന്നു പറയുന്നത്. ഈ ശിർക്ക് നഖശിഖാന്തം വ്യാജം മാത്രമാണ്” (ഖുതുബാത് 378- 379).
ജമാഅത്തെ ഇസ്‌ലാമി പുറത്തിറക്കിയ ഇത്തരം പുസ്തകങ്ങളിലൂടെ ഇസ്‌ലാം പലവിധേന തെറ്റിദ്ധരിപ്പിക്കപെട്ടിട്ടുണ്ട്. മതത്തെ തീവ്രവാദ വർഗീയ ഭീകരവാദ പ്രസ്ഥാനമായി ചിത്രീകരിക്കുന്നതിൽ അവരുടെ പങ്ക് ചെറുതല്ല.
എന്നാൽ വോട്ടു ചെയ്യലും, ജനാധിപത്യ ഭരണത്തെ അംഗീകരിക്കലും ആദ്യകാലങ്ങളിൽ ബഹുദൈവാരാധനയാണെന്ന് പരിചയപ്പെടുത്തിയ ഈവിഭാഗം തന്നെ പിന്നീട് തെരുവിലിറങ്ങി വോട്ടു പിടിക്കുന്ന കാഴ്ചയാണ് സമൂഹം കാണുന്നത്.

ജനാധിപത്യ രാജ്യത്ത് ജീവിച്ചുകൊണ്ടും അതിനെ പരിരക്ഷിച്ചുകൊണ്ടും ഒരു സൗഹാർദാന്തരീക്ഷമുണ്ടായാലേ അല്ലാഹുവിന്റെ ആദർശം ഇവിടെ തുറന്നു പ്രചരിപ്പിക്കാൻ കഴിയൂ എന്ന നിലപാട് ജമാഅത്തെ ഇസ്‌ലാമിക്ക് തന്നെ പിന്നീട് സമ്മതിക്കേണ്ടി വന്നു.
“ഇസ്‌ലാമിന്റെ രാഷ്ട്രീയ വീക്ഷണങ്ങൾ പ്രയോഗവൽക്കരിക്കണമെങ്കിൽ പ്രഥമവും പ്രധാനമായും ഈ രാജ്യത്തിലെ 88% വരുന്ന അമുസ്‌ലിംകൾക്ക് ഇസ്‌ലാം എന്താണെന്ന് പഠിപ്പിച്ചു കൊടുക്കണം. മഹത്തായ ഈ ദൗത്യം 5% എങ്കിലും നിറവേറ്റിയതായി മുസ്‌ലിംകൾക്ക് അവകാശപ്പെടാനാവില്ല. അതിനാൽ ഇസ്‌ലാമിന്റെ മൗലിക സന്ദേശം പ്രബോധനം ചെയ്യുകയാണ് മുസ്‌ലിം സംഘടനകൾ വേണ്ടത്. അതാകട്ടെ വാളും തോക്കുമെടുത്തോ ജിഹാദ് വിളിച്ചോ നടപ്പുള്ള കാര്യമല്ല. സ്നേഹവും മൈത്രിയും പുലരുന്ന അന്തരീക്ഷത്തിൽ സമാധാനപരമായി നിർഹിക്കേണ്ടതാണ് ഇസ്‌ലാമിക പ്രബോധനം. അതിന് ജനാധിപത്യം രാജ്യത്തു നിലനിൽക്കണം. ജനാധിപത്യ വ്യവസ്ഥയിലേ മൗലികാവകാശങ്ങൾ പരിരക്ഷിക്കപ്പെടൂ'(പ്രബോധനം 1996 ജനുവരി).

ജിഹാദ്
ഇസ്‌ലാമിക പ്രമാണങ്ങളിലെ ജിഹാദ് എന്ന വാചകത്തെ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഏത് പരിതസ്ഥിതിയിലും ആരോടും ആയുധമേന്തി അക്രമം നടത്താനുള്ള അനുമതിയാണിതെന്ന് മനസിലാക്കിയവർക്ക് വലിയ പിഴവ് പറ്റിയിരിക്കുന്നു.
വിശുദ്ധ ഖുർആനിലെ വാചകങ്ങളുടെ പൊരുൾ വിശദീകരിക്കുന്ന ഇമാം ഇസ്ഫഹാനിയുടെ(റ) “ഗറാഇബുൽ ഖുർആനി’ൽ ജിഹാദിന്റെ നിർവചനം ഇങ്ങനെയാണ്: “ശത്രുവിനെ പ്രതിരോധിക്കുന്നതിൽ അധ്വാനിക്കുക’.

മൂന്ന് രീതിയിൽ ശത്രുക്കളെ പ്രതിരോധിക്കുന്നതിന് ജിഹാദ് എന്ന് പ്രയോഗിക്കും.
ഒന്ന്: സ്വശരീരത്തോടുള്ള ജിഹാദാണ്. ദേഹേഛകളുടെ ചാപല്യങ്ങൾക്ക് അടിമപ്പെട്ടുപോകാതെ ഇസ്‌ലാമിക ശരീഅത്തനുസരിച്ച് ശരീരത്തെ പിടിച്ചു നിർത്തുക.
രണ്ട്: വിശ്വാസിയുടെ മറ്റൊരു ശത്രു പിശാചാണ്. പിശാചിനെ അകറ്റി നിർത്താനും അവന്റെ കെണിവലകളിൽ പെടാതെ ജീവിക്കാനും പാടുപെടുന്നത് മറ്റൊരു ജിഹാദാണ്.
മൂന്ന്: ഇസ്‌ലാമിന്റെ പ്രത്യക്ഷ ശത്രുവാണ്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നില നിൽപ്പിനും ഇസ്‌ലാമിക ആശയ പ്രചരണത്തിനും തടസ്സം നിന്ന ശത്രുക്കളോട് നബിയും(സ) സ്വഹാബികളും നടത്തിയ സൈനിക നീക്കങ്ങൾ പ്രത്യക്ഷ ശത്രുവിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള ജിഹാദായിരുന്നു. ഈ മൂന്ന് ശത്രുക്കളേയും പ്രതിരോധിക്കുന്നതിന് ജിഹാദ് എന്നു പറയും. ഇത് മൂന്നും അനിവാര്യമായ പ്രതിരോധങ്ങളാണ്. ബദ്‌ർ, ഉഹ്ദ് എന്നിവയെല്ലാം പ്രതിരോധത്തിന് ഉദാഹരണങ്ങളാണ്.
ജിഹാദ് എന്ന പദം തന്നെ പ്രതിരോധത്തെ സൂചിപ്പിക്കുന്നതാണെന്ന ഇമാം ഇസ്ഫഹാനിയുടെ വിശദീകരണം ശ്രദ്ധേയമാണ്.

ജിഹാദ് കൊണ്ടുള്ള ലക്ഷ്യം സന്മാർഗം ലഭ്യമാക്കലാണ്. ആളുകളെ വധിക്കലല്ല. ഇസ്‌ലാമിന്റെ ആശയങ്ങളും തെളിവുകളും വിശദീകരിച്ച് സന്മാർഗം ലഭ്യമാക്കാൻ സാധ്യമാണെങ്കിൽ അതാണ് കരണീയം.
അതു കൊണ്ടാണ് “രക്തസാക്ഷികളുടെ രക്തത്തെക്കാൾ ബഹുമാനം പണ്ഡിതന്മാരുടെ മഷിക്കാണ്’ എന്ന് പറയാൻ കാരണം. ലക്ഷ്യം സന്മാർഗം ലഭ്യമാക്കലാണ്. അതിന് സാധ്യമായാൽ അതിനാവശ്യമായ പ്രബോധനപ്രവർത്തനങ്ങൾ നടത്തുകയാണ് ശ്രേഷ്ടം. “ഇമാം സുബുകിയും(റ) മറ്റു പണ്ഡിതൻമാരും ഇത് വിവരിക്കുന്നുണ്ട് (ഫതാവ സുബുകി).
വർഗീയത സൃഷ്ടിക്കുന്നത് കുഴപ്പം ഉണ്ടാക്കലാണ്. കുഴപ്പത്തെ ജിഹാദ് എന്ന് വിശുദ്ധമാക്കി വിളിക്കുന്നത് മഹാ പാതകമാണ്. ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവർക്ക് സ്വർഗലബ്ധിയില്ലെന്നത് ഖുർആന്റെ അധ്യാപനമാണ്.
മതപരമായി അന്യസ്ത്രീയുടെ മുഖത്തേക്ക് ലൈംഗികവികാരത്തോടെ നോക്കുന്നത് ഹറാമാണ് (നിഷിദ്ധമാണ്). അന്യസ്ത്രീയുമായി സംസാരിക്കുകയോ, മറ്റെന്തെങ്കിലും നിലയിൽ ബന്ധം പുലർത്തുകയോ നോക്കുകയോ ചെയ്തുകൊണ്ടുള്ള ഒരു ജിഹാദ് ഇസ്‌ലാമിൽ ഇല്ലെന്ന് മാത്രമല്ല അത് ഇസ്‌ലാം കഠിനമായി വിരോധിച്ചിട്ടുള്ള പാപം കൂടിയാണ്.
“ലൗ ജിഹാദ്” ഇസ്‌ലാമിന്റെ ഭാഗമാണെന്ന് ആരോപിക്കുന്നവർ വലിയ തെറ്റിദ്ധാരണയാണ് പ്രചരിപ്പിക്കുന്നത്.

ഇസ്‌ലാമിലെ യുദ്ധങ്ങൾ
ഒരു രാഷ്ട്രത്തിന്റെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നവരോട് ഭരണാധികാരിയുടെ നേതൃത്വത്തിൽ നടത്തുന്ന സൈനിക നീക്കത്തിനും പോരാട്ടത്തിനും യുദ്ധമെന്ന് പറയുന്നു. ഇസ്‌ലാമിക രാഷ്ട്രസംരക്ഷണത്തിനും മറ്റു രാഷ്ട്ര സംരക്ഷണങ്ങൾക്ക് ഉള്ളതുപോലെ യുദ്ധവും യുദ്ധ നിയമങ്ങളും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. ബദ്റും ഉഹ്ദുമൊക്കെ ഭരണാധികാരിയുടെ നേതൃത്വത്തിൽ നടന്ന യുദ്ധങ്ങളാണ്. വ്യക്തികളോ സംഘങ്ങളോ നടത്തിയ കുഴപ്പങ്ങളോ തീവ്രവാദ പ്രവർത്തങ്ങളോ അല്ല. ഇസ്‌ലാമിൽ പൂർവകാലത്ത് നടന്ന യുദ്ധങ്ങൾ തീവ്രവാദ പ്രവർത്തനങ്ങൾക്ക് തെളിവാക്കി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും കടുത്ത തെറ്റാണ്.

ഭരണാധികാരിക്ക് പോലും എല്ലായ്പോഴും യുദ്ധത്തിന് കല്പിക്കാൻ അധികാരമില്ല. എതിർ സൈന്യം ഇരട്ടിയിലധികമാണെങ്കിൽ സ്വന്തം സൈന്യത്തോട് യുദ്ധത്തിന് കല്പിക്കാൻ ഭരണാധികാരിക്ക് പാടില്ല. ഇനി കല്പിച്ചാൽ യുദ്ധം ചെയ്യേണ്ടതുമില്ല. മറുവശത്ത് ഇരുന്നൂറ് പേരും നിങ്ങൾ നൂറുപേരുമാണെങ്കിൽ നിങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിയും എന്നാണ് ഖുർആൻ പഠിപ്പിച്ചിട്ടുള്ളത്. അതിന് മേലെയാണെങ്കിൽ യുദ്ധം നിർബന്ധമില്ല.

ഇമാം ശാഫിഈ(റ) വിവരിക്കുന്നുണ്ട്: നൂറുപേരടങ്ങുന്ന സൈന്യം ഇരുന്നൂറിൽ അധികം വരുന്ന സൈന്യവുമായി നേരിടേണ്ടി വന്നാൽ അവർക്ക് പിന്തിരിഞ്ഞോടുന്നതിന് പോലും കുഴപ്പമില്ല. ഒരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ലാത്ത വിധം ഖുർആൻ തന്നെ ഇത് വിശദീകരിച്ചിട്ടുണ്ട് (കിതാബുൽ ഉമ്മ്).

ഭരണാധികാരിയുടെ നേതൃത്വത്തിൽ നടക്കുന്ന യുദ്ധങ്ങൾ പോലും എല്ലാ സാഹചര്യത്തിലും നിർബന്ധമില്ല എന്നു വരുമ്പോൾ എല്ലാവരും ഏത് സാഹചര്യത്തിലും യുദ്ധം ചെയ്ത് ഭരണം പിടിക്കണമെന്ന മൗദൂദിയുടെ ആശയം ഖുർആനും ഹദീസിനും ഇമാമുകളുടെ വാക്കുകൾക്കും വിരുദ്ധമാണെന്ന് ഇതിൽ നിന്നും സുവ്യക്തമാണ്.\

ഇന്ത്യാ രാജ്യത്തെ മുസ്‌ലിംകൾ ഇവിടെ എങ്ങനെയെങ്കിലും ജീവിക്കുന്നവരല്ല. രാജ്യത്തിന് വേണ്ടി നിലകൊണ്ടിരുന്ന മുസ്‌ലിം- മുസ്‌ലിമേതര നേതാക്കൾ ഒരുമിച്ചിരുന്ന് വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ വർഗീയതക്കും അസംതൃപ്തിക്കും ഇടവരാൻ സാധ്യത ഇല്ലാത്തവിധം ഭരണഘടന നിർമിക്കുകയും അതനുസരിച്ചുള്ള സൗഹൃദകരാർ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതനുസരിച്ചാണ് അഞ്ച് വർഷത്തിലൊരിക്കൽ തിരെഞ്ഞെടുപ്പ് നടക്കുന്നതും ഭരണാധികാരികളെ നിശ്ചയിക്കുന്നതും. ഏതൊരു മുസ്‌ലിമും ഉത്തരവാദിത്വവും കരാറും പാലിക്കുന്നവനായിരിക്കണമെന്നത് ഖുർആന്റെ അധ്യാപനമാണ്, അല്ലാതെ ഒരു വിശ്വാസിയുടെ ഇസ്‌ലാം പൂർത്തിയാവുന്നില്ല.

അബ്ദുല്ലാഹിബ്നുൽ മുബാറക് (റ) ഒരു യുദ്ധത്തിൽ പങ്കെടുക്കവേ നിസ്കാര സമയമായി. ശത്രു സൈന്യത്തിലെ അവിശ്വാസിയോട് നിസ്കരിക്കാനായി അല്പസമയം യുദ്ധം നിർത്തിവെക്കാൻ ആവശ്യപ്പെടുകയും അദ്ദേഹം അതിന് അനുവദിക്കുകയുമുണ്ടായി. നിസ്കാര ശേഷം യുദ്ധം പുനരാരംഭിച്ചു. ഇടയിൽ ശത്രുപക്ഷത്തെ എതിരാളിയുടെ പ്രാർഥനാസമയമായി അയാളും ആരാധനയ്ക്ക് വേണ്ടി യുദ്ധം നിർത്താനാവശ്യപ്പെട്ടു. ഇബ്നു മുബാറഖ് (റ) അതിന് സമ്മതിച്ചു. ആ അവിശ്വാസി വിഗ്രഹത്തിന് മുന്നിൽ പ്രാർത്ഥനയായി സാഷ്ടാംഗം ചെയ്ത സമയത്ത് അയാളെ വകവരുത്താൻ മഹാൻ ചിന്തിച്ചു പോയി. പെട്ടെന്ന് ഖുർആനിലെ ഒരു വാചകം അന്തരീക്ഷത്തിൽ നിന്ന് ഓതുന്നതായി കേട്ടു. “നിങ്ങൾ കരാറുകൾ പാലിക്കണം നിശ്ചയമായും കരാറുകളെ സംബന്ധിച്ച് അല്ലാഹുവിങ്കൽ ചോദ്യം ചെയ്യപ്പെടും.’ ഇസ്റാഅ് സൂറത്തിലെ 34-ാമത്തെ ആയത്ത് കേട്ട ഇമാമവർകൾ ആ അവിശ്വാസിയുടെ സമീപത്ത് നിന്ന് പൊട്ടിക്കരഞ്ഞു. സാഷ്ടാംഗം കഴിഞ്ഞ് കാര്യം തിരക്കിയപ്പോൾ സംഭവം വിവരിച്ചു. വന്നുപോയ തെറ്റായ ചിന്തയെ കുറിച്ച് വല്ലാതെ ഖേദം പ്രകടിപ്പിച്ചു. എതിർ സൈന്യത്തിലെ അവിശ്വാസി ഇസ്‌ലാമിന്റെ നീതിബോധത്തിൽ ആകൃഷ്ടനായി മുസ്‌ലിമായി. കരാർ പാലിക്കുന്നതിന് ഇസ്‌ലാം അത്രയേറെ പ്രാധാന്യം നൽകിയിട്ടുണ്ട്. വ്യക്തികൾ നിയമം കൈയിലെടുക്കുന്നത് വലിയ നാശങ്ങൾക്ക് ഹേതുവാണ്. അനീതി കൊണ്ട് അനീതിയെ പ്രതിരോധിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. നന്മകൊണ്ട് തിന്മയെ പ്രതിരോധിക്കുക എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. കഠിന ശത്രുക്കൾ ഉറ്റമിത്രങ്ങൾ ആവാൻ അത് നിമിത്തമാകുന്നു.
കൊലയാളിയുടെ മതത്തിലോ പാർട്ടിയിലോ കുടുംബത്തിലോ ഉൾപെട്ടവനായതിന്റെ പേരിൽ മാത്രം ഒരാളെ കൊലയാളിക്ക് പകരമായി വധിക്കാൻ ഭരണാധികാരിക്ക് പോലും ഇസ്‌ലാമിൽ അനുമതിയില്ല. കോടതിയിൽ കുറ്റം തെളിയിക്കപ്പെടുകയും കോടതി വധശിക്ഷ വിധിക്കുകയും ചെയ്യാതെ ഒരാളെയും വധിക്കാൻ ഇസ്‌ലാമിക നിയമം അനുവദിക്കുകയില്ല. ഇസ്‌ലാമിനെ സമൂഹം തെറ്റിദ്ധരിക്കാൻ മുസ്‌ലിംകളിൽ ചിലർ ചെയ്യുന്ന അനീതികളും അക്രമങ്ങളും കാരണമാകുന്നത് ഖേദകരമാണ്.
നബി (സ) ഭരണാധികാരിയായി കാലങ്ങൾ കഴിഞ്ഞ് അല്ലാഹുവിന്റെ അനുമതി ലഭിച്ചതിന് ശേഷം മാത്രമാണ് യുദ്ധത്തിന് തയാറെടുക്കുന്നത്. ഈ യുദ്ധങ്ങളെ ഇബ്നു ഹജർ (റ) വീക്ഷിക്കുന്നതിങ്ങനെ: ബഹുഭൂരിപക്ഷം വരുന്ന മക്കാ മുശ്്രിക്കുകളെ ഇണക്കിയെടുത്ത് സത്യപ്രബോധനം നടത്താനാണ് ഉദ്ദേശിച്ചത്. എങ്കിലേ ഇസ്‌ലാമിക പ്രബോധനം സാധ്യമാവൂ. പിന്നീട് ഇങ്ങോട്ട് യുദ്ധത്തിന് വന്നാൽ അങ്ങോട്ട് ചെയ്യാമെന്ന നിയമം വന്നു. പിന്നീട് ആവശ്യാനുസരണം യുദ്ധത്തിന് നിർദേശമുണ്ടായി. യുദ്ധം അനുവദിച്ച ശേഷവും സൗഹൃദക്കരാറുകൾ ഉണ്ടാക്കി. രക്തച്ചൊരിച്ചിലുകൾ ഒഴിവാക്കാൻ ശ്രമിച്ച ധാരാളം സംഭവങ്ങൾ ഹദീസിൽ കാണാവുന്നതാണ്. ശത്രുവുമായി ഏറ്റുമുട്ടാൻ ആഗ്രഹിക്കരുതെന്നാണ് നബിയുടെ(സ) അധ്യാപനം. യുദ്ധവേളയിൽ പോലും ശത്രുവിന് മാപ്പ് നൽകുകയും പരമാവധി ഇസ്‌ലാമിന്റെ സമാധാനവും സൗഹൃദവും പ്രകടിപ്പിക്കുകയും ചെയ്ത കാരുണ്യത്തിന്റെ പ്രവാചകരായ നബിയുടെ(സ) മാതൃക അവലംബിക്കുകയാണ് കരണീയം.
പരിശുദ്ധ ഖുർആനിൽ യുദ്ധത്തിന് അനുമതി നൽകിയ സ്ഥലങ്ങളിൽ പ്രയോഗിച്ച “അൽ മുശ്്രികൂൻ’ എന്ന വചകത്തിന് ബഹുദൈവ വിശ്വാസികൾ എന്ന് നിരുപാധിക അർഥം പറഞ്ഞ പരിഭാഷക്കാരാണ് തെറ്റിദ്ധാരണക്ക് കൂടുതലായി വഴിവെച്ചത്. നബിയോട്(സ) ശത്രുത പ്രകടിപ്പിച്ച് സൗഹൃദത്തിന് തയാറാകാത്ത, കരാർ ലംഘിച്ച യുദ്ധത്തിന് തയാറായ അവിശ്വാസികളാണ്. ഇത്തരം സൂക്തങ്ങളിൽ പറയുന്ന- അൽ- കാഫിറൂൻ അൽ- മുശ്‌രികൂൻ തുടങ്ങിയ പ്രയോഗങ്ങളിൽ പരാമർശവിധേയമായത്. ഈ സത്യം അറബി ഭാഷ പരിജ്ഞാനമുള്ള ആർക്കും അറിയാവുന്നതാണ്. കേവലം അവിശ്വാസികൾ എന്നോ ബഹുദൈവ വിശ്വാസികൾ എന്നോ ഇതിന് വ്യാപകമായ അർഥം പറയുമ്പോൾ വലിയ തെറ്റിദ്ധാരണയാണ് സൃഷ്ടിക്കപ്പെടുന്നത്. സൗഹൃദത്തിൽ ജീവിക്കുന്ന അമുസ്‌ലിം സഹോദരങ്ങൾ ഈ പരാമർശത്തിൽ ഉൾപ്പെടുന്നില്ലെന്ന് സൂറതുൽ മുംതഹിനയിലെ സൂക്തങ്ങൾ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. പ്രത്യേക സാഹചര്യത്തിൽ അവതരിച്ച ഖുർആൻ വചനങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് തെറ്റിദ്ധരിപ്പിച്ച് യുവാക്കളെ തീവ്രവാദത്തിലേക്ക് കൊണ്ടുപോവുന്ന വ്യക്തികളെയും സംഘടനകളെയും സമുദായം കരുതിയിരിക്കണം.

ഇസ്‌ലാമിക നിയമങ്ങൾ ആഴത്തിൽ പഠിച്ച പൂർവ കാല പണ്ഡിതന്മാർ ബഹുസ്വര രാജ്യമായ ഇന്ത്യയിൽ ജീവിക്കേണ്ട രീതിയും നയവും നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. ഇസ് ലാമിന്റെ സ്നേഹവും സഹനവും സൗഹാർദവും ലോകത്തിന് പഠിപ്പിക്കേണ്ടത് വിശ്വാസികളുടെ കടമയാണ്. അതിന് പകരം അനിവാര്യമായ യുദ്ധ സാഹചര്യങ്ങളിൽ ഇറങ്ങിയ ആയതുകളും സംഭവങ്ങളും തെളിവാക്കി ഇസ്‌ലാമിന്റെ സൗന്ദര്യത്തെ വികൃതമാക്കുന്നത് കടുത്ത പാപമായിരിക്കും.

കേട്ടെഴുത്ത്: ഫുആദ് വള്ളിക്കാട്

You must be logged in to post a comment Login