മനം മാറ്റിയ മധുരോദാരത

മനം മാറ്റിയ മധുരോദാരത

അങ്ങാടിയിലേക്കിറങ്ങിയതാണ് സൈദ്ബ്‌നു സഅ്‌ന. കൃഷി ചെയ്ത് സമ്പാദിച്ച പണം കൈയിലുണ്ട്. വീട്ടിലേക്ക് കുറച്ച് ഭക്ഷണസാധനങ്ങള്‍ വാങ്ങണം. നല്ല സാധനങ്ങള്‍ ലഭിക്കുന്ന കട ഏതാണെന്ന് നോക്കണം. കുടുംബത്തിനുവേണ്ടി വാങ്ങുന്നതെപ്പോഴും നന്നാവണമല്ലോ?
വിജനമായ വഴിയിലൂടെ അദ്ദേഹം മുന്നോട്ടു നടന്നു. വഴിയിലതാ ഒരു ഗ്രാമീണന്‍ നില്‍ക്കുന്നു. മെലിഞ്ഞൊട്ടിയ രൂപം. മുഖം വിളറിയിട്ടുണ്ട്. കണ്ടാല്‍തന്നെ ദരിദ്രന്‍. ആരുമില്ലാത്ത വഴിയില്‍ അയാള്‍ ആരെയാണ് കാത്തിരിക്കുന്നത്?
സൈദ്ബ്‌നു സഅ്‌ന അയാളുടെ അരികിലേക്ക് നടന്നു.
“സഹോദരാ, ഈ വിജനമായ വഴിയില്‍ നിങ്ങള്‍ ആരെ കാത്തിരിക്കുകയാണ്?’
“ഞാന്‍ പ്രവാചകന്‍ മുഹമ്മദിനെ കാത്തിരിക്കുകയാണ്. അദ്ദേഹത്തെ കണ്ട് ചെറിയ സഹായം ആവശ്യപ്പെടാനുണ്ട്.’

മുഹമ്മദിനെയോ? തന്റെ മതത്തെയും സകല ദൈവങ്ങളെയും തള്ളിപ്പറഞ്ഞ് പുത്തന്‍വാദവുമായി വന്ന അയാളെയാണോ ഈ പാവം ഗ്രമീണന്‍ കാത്തിരിക്കുന്നത്? അയാളുടെ ജീവിതം അത്ര ശുഭകരമല്ലല്ലോ. പാരമ്പര്യ വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞവന്‍. പുതിയ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവന്‍. ജന്മനാട്ടില്‍ പോലും ശത്രുത പടര്‍ത്തുന്നവന്‍. അവിടെ നിന്നും പുറത്താക്കപ്പെട്ടവന്‍. അയാളില്‍ നിന്നും എന്തു പ്രതീക്ഷിച്ചാണ് ഈ ഗ്രാമീണന്‍ ഇവിടെ നില്‍ക്കുന്നത്? തന്റെ അനുയായികള്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്നവനായിരിക്കുമോ മുഹമ്മദ്? അദ്ദേഹത്തിന്റെ കൂടെ കൂടിയവരെല്ലാം പരമദരിദ്രരാണല്ലോ. വെറുതെയല്ല മക്കയിലെ പ്രമാണിമാരൊന്നും അയാളെ അംഗീകരിക്കാത്തത്. അവരുടെ നാട്ടില്‍ നിന്നും ആട്ടിയകറ്റിയത്.
മക്കയിലെ രാജാവാക്കാമെന്ന് പ്രമാണിമാരൊക്കെ ഒരിക്കല്‍ അദ്ദേഹത്തിന് ഓഫര്‍ കൊടുത്തതാണല്ലോ? അത്തരത്തിലുള്ള ഒരു പ്രലോഭനത്തിലും അയാള്‍ വീഴില്ലെന്നാണല്ലോ കേട്ടത്. അങ്ങനെയെങ്കില്‍ അതായിരിക്കാന്‍ ഇടയില്ല.

കുറച്ചകലെ മാറി ഒരു മരത്തിന്റെ തണലില്‍ സൈദ് ഇരുന്നു. മുഹമ്മദിനെ കാണുക തന്നെ. ഈ ഗ്രാമീണന് എന്തു നല്‍കുമെന്ന് കാണണമല്ലോ!
എത്ര നേരം ഇരുന്നുവെന്ന് സൈദിനറിയില്ല. ഗ്രാമീണനെക്കാള്‍ ആശങ്കയും വെപ്രാളവും സൈദിനായിരുന്നു. പ്രവാചകരും അലിയും നടന്നുവന്നു. കുലീനമായ നടത്തം. നല്ല സൗന്ദര്യം. പക്ഷേ, വസ്ത്രങ്ങളെല്ലാം ദരിദ്രരെപ്പോലെ. ഗ്രാമീണന്‍ അവരുടെ മുമ്പിലെത്തി തന്റെ ആവശ്യങ്ങള്‍ അറിയിക്കുന്നു. സൈദ് മെല്ലെ ചെവിയോര്‍ത്തു. അയാളുടെ ഗോത്രം ഇസ്‌ലാം സ്വീകരിച്ച സന്തോഷ വിവരം അറിയിക്കുകയാണ്. ഇപ്പോള്‍ അവരുടെ ജീവിതം ദുസ്സഹമായിട്ടുണ്ടത്രെ. എന്തെങ്കിലും സാമ്പത്തിക സഹായം നല്‍കണമെന്ന് അപേക്ഷിക്കുന്നു.

പ്രവാചകന്‍ അലിയെ നോക്കി. രണ്ടു പേരുടെയും കൈയില്‍ ഒന്നുമില്ലായിരുന്നു. സ്വന്തമായി കഴിക്കാന്‍ ഭക്ഷണവും ധരിക്കാന്‍ വസ്ത്രവുമില്ലാത്ത അവരുടെ കൈയില്‍ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ എന്തുണ്ടാവാനാണ്?
പെട്ടെന്ന് സൈദിന് ഒരാശയം തോന്നി. തന്റെ കൈയില്‍ പണമുണ്ട്. അത് അവര്‍ക്ക് നല്‍കി ഇതിനേക്കാള്‍ ഇരട്ടി വിലയുള്ള മറ്റെന്തെങ്കിലും വാങ്ങിയാലോ. ഈ ഗ്രാമീണന് പണം കൊടുക്കാന്‍ തത്പരനാണെങ്കില്‍ എന്തും നല്‍കാന്‍ മുഹമ്മദ് സന്നദ്ധനാവും. താന്‍ ഭക്ഷണം വാങ്ങാന്‍ വന്നതാണല്ലോ, കൂടുതല്‍ ഈത്തപ്പഴം ഇവരില്‍ നിന്നാവശ്യപ്പെടാം.
മനസില്‍ സ്വപ്‌നങ്ങള്‍ നെയ്ത് സൈദ് അവര്‍ക്കരികിലെത്തി.
“പണം ഞാന്‍ തരാം, പകരം എനിക്കെന്തു തരും?’
“നിനക്കെന്താണ് വേണ്ടത്?’ പ്രവാചകര്‍ സൈദിനോട് ചോദിച്ചു.
സൈദ് തനിക്കാവശ്യമുള്ള ഈത്തപ്പഴത്തിന്റെ അളവ് പറഞ്ഞു.
പ്രവാചകന് സമ്മതമായിരുന്നു. എണ്‍പത് നാണയങ്ങള്‍ സൈദ് പ്രവാചകനു നല്‍കി. ഈത്തപ്പഴം നല്‍കേണ്ട അവധിയും നിശ്ചയിച്ചു.
ഒരു നാണയം പോലും സ്വന്തമായെടുക്കാതെ പ്രവാചകന്‍ മുഴുവന്‍ ഗ്രാമീണനു നല്‍കി. അയാള്‍ക്ക് സന്തോഷമായി. മന്ദസ്മിതം തൂകി അയാള്‍ തിരികെ നടന്നു.
*
സൈദ് മസ്ജിദുന്നബവിയുടെ അടുത്തുകൂടെ നടക്കുമ്പോഴാണ് പള്ളിയിലേക്ക് നോക്കിയത്. പ്രവാചകരും അനുയായികളും കാര്യമായ എന്തോ സംസാരത്തിലാണ്. പ്രവാചകന് ചുറ്റും നിരവധി അനുചരരുണ്ട്. തനിക്കു കിട്ടാനുള്ള ഈത്തപ്പഴത്തിന്റെ കണക്ക് സൈദ് ഓര്‍ത്തു. പറഞ്ഞ അവധി എത്തിയിട്ടില്ലെങ്കിലും ചോദിക്കുക തന്നെ.
സൈദ് പ്രവാചകനെ ലക്ഷ്യമാക്കി നടന്നു. പരുക്കന്‍ ഭാവത്തിലുള്ള ഒരു ഗ്രാമീണന്റെ വരവ് അറിഞ്ഞിട്ടെന്നവണ്ണം അനുചരര്‍ ജാഗരൂകരായി. തങ്ങളുടെ നേതാവിനെ ലക്ഷ്യംവെച്ചുള്ള ആ വരവ് അവര്‍ക്കത്ര രസിച്ചിട്ടില്ലെന്ന് മുഖം കണ്ടാലറിയാം. എപ്പോഴും ജാഗ്രത പുലര്‍ത്തുന്ന അനുചരവൃന്ദം. പ്രവാചകർ മാത്രം സസന്തോഷം പുഞ്ചിരിക്കുന്നു. ആളെ മനസിലായെന്ന് ആ മുഖഭാവം കണ്ടാലറിയാം.
സൈദ് നേരെ പ്രവാചകനടുത്തെത്തി. നബിയുടെ(സ്വ) മേല്‍വസ്ത്രങ്ങള്‍ ചുറ്റിപ്പിടിച്ച് ആക്രോശിച്ചു: “മുഹമ്മദേ ഒരിടപാട് നടത്തിയാല്‍ അത് പെട്ടെന്ന് തീര്‍ക്കണമെന്നറിയില്ലേ, നിങ്ങള്‍ അബ്ദുല്‍ മുത്വലിബിന്റെ മക്കളെല്ലാം ഇടപാടിന് കൊള്ളാത്തവരാണോ?’
ശബ്ദം നന്നായി ഉയര്‍ന്നിരുന്നു. വാക്കുകളില്‍ പരിഹാസം തുളുമ്പുന്നു. വസ്ത്രത്തില്‍ പിടിച്ചുള്ള വലി തന്നെ പ്രവാചകനെ നന്നായി വേദനിപ്പിച്ചിട്ടുണ്ടാവും. അല്ലെങ്കിലും തന്റെ ശത്രുവായി കാണുന്ന ആളോട് മാര്‍ദവം കാണിക്കേണ്ട മനസൊന്നും സൈദിനുണ്ടാവില്ലല്ലോ.
പക്ഷേ, അനുചരര്‍ക്ക് സഹിച്ചില്ല. അവര്‍ പൊടുന്നനെ എഴുന്നേറ്റു. സമീപത്തുണ്ടായിരുന്ന ഉമര്‍ ഉറയില്‍ നിന്നും വാളൂരി. മുന്നും പിന്നും നോക്കാത്ത പഴയ ഉമറായിരുന്നെങ്കില്‍ തല തെറിപ്പിച്ചേനെ. സൈദൊന്ന് ഞെട്ടി. എന്തിനും തയാറായി നില്‍ക്കുന്ന അനുയായികള്‍. താന്‍ നോവിച്ചത് അവരുടെ നേതാവിനെ. പോരാത്തതിന് താനൊരു ജൂതനും.

പക്ഷേ, പ്രവാചകരുടെ പുഞ്ചിരി മാറിയില്ല.
“ഉമറേ, ഇയാള്‍ക്ക് കുറച്ച് ഈത്തപ്പഴം കൊടുക്കാനുണ്ട്. അത് ചോദിച്ചു വന്നതാ. അതിന് നീ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഇടപാടില്‍ സൂക്ഷ്മത പാലിക്കാന്‍ എന്നോട് പറയാം. ഇടപെടലില്‍ മാന്യത വരുത്താന്‍ അയാളോടും പറയാം. അല്ലാതെ എടുത്തുചാട്ടക്കാരനാവരുത്.’
ഉമര്‍ അടങ്ങി. സ്വഹാബാക്കളെല്ലാം ഇരുന്നു. സൈദിന് ശ്വാസം നേരെ വീണു.
“ഉമറേ, ഇയാള്‍ക്ക് നല്‍കാനുള്ളതില്‍ കൂടുതല്‍ നല്‍കുക. അത്യാവശ്യ സമയത്ത് നമ്മളെ സഹായിച്ചതാണ്.’

ഭവ്യബഹുമാനത്തോടെ ഉമര്‍(റ) ആവശ്യമുള്ള ഈത്തപ്പഴം നല്‍കി. സൈദ് പ്രതീക്ഷിച്ചതിലും വളരെ കൂടുതലായിരുന്നു.
പ്രവാചകന്റെ സമീപനം സൈദിനെ അദ്ഭുതപ്പെടുത്തി. വേണമെങ്കില്‍ അദ്ദേഹത്തിന് എന്നെ ശിക്ഷിക്കാം. തനിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് ശാസിക്കാം. അതിന്റെ പേരില്‍ തനിക്കു തരാനുള്ളത് നല്‍കാതിരിക്കാം. അദ്ദേഹത്തിന്റെ മുമ്പില്‍, അനുയായികള്‍ തിങ്ങി നിറഞ്ഞ ഇവിടെ ഞാനൊരു വെല്ലുവിളിയേ അല്ല.
ഇതുവരെ മനസില്‍ ഭാവിച്ചെടുത്ത ക്രൂരനായ പ്രവാചകന്റെ ചിത്രം മാഞ്ഞു. ഇതുതന്നെയാണ് വാഗ്ദത്ത പ്രവാചകന്‍. അവിവേകത്തെ മറികടക്കുന്ന അദ്ദേഹത്തിന്റെ വിവേകത്തെ നേരിട്ടറിയാനാണ് പരുഷമായി പെരുമാറിയത്. കഠിന മനസുകളെ മാര്‍ദവമാക്കുന്ന ആ സ്വഭാവമഹിമ സൈദ് അനുഭവിച്ചറിഞ്ഞു. അന്തരംഗങ്ങളില്‍ വിശ്വാസത്തിന്റെ പ്രകാശം നാമ്പിട്ടു.
“നബിയേ മാപ്പ്.. അശ്ഹദു…’
പശ്ചാതാപവിവശനായ സൈദ് ഇസ്‌ലാമിന്റെ പാത സ്വീകരിച്ചു. ആ ഈത്തപ്പഴം മുഴുവന്‍ അവിടെയുള്ള ദരിദ്രര്‍ക്ക് വിതരണം ചെയ്ത് റസൂലിന്റെ മഹത്വമുള്ള ശിഷ്യകണങ്ങളില്‍ ഒരു കണ്ണിയായി ചേര്‍ന്നു.

എം കെ അന്‍വര്‍ ബുഖാരി

You must be logged in to post a comment Login