ഹിന്ദി അതിനാല്‍ ഹിന്ദിക്ക് വേണ്ടിയല്ല

ഹിന്ദി അതിനാല്‍  ഹിന്ദിക്ക് വേണ്ടിയല്ല

അതിനിടെ മറ്റൊന്ന് സംഭവിക്കുന്നുണ്ട്. ഭാഷയിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷ സംബന്ധിച്ച പാര്‍ലമെന്ററി സമിതി, The Committee of Parliament on Official Language, പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് സമര്‍പിച്ച അതിന്റെ വിശാല റിപ്പോര്‍ട്ടാണ് സംഗതി. പ്രതീക്ഷിച്ചതുപോലെ അല്ലെങ്കില്‍ കാലങ്ങളായ കളമൊരുക്കലിന്റെ ഫലമെന്നപോലെ ഹിന്ദി ഭാഷയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുള്ളതാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ മുഴുവന്‍ സിരാകേന്ദ്രങ്ങളിലും ഹിന്ദി പ്രവഹിക്കണം എന്നതാണ് നിര്‍ദേശങ്ങളുടെ കാതല്‍. അതീവ അനിവാര്യത ബോധ്യമായിടത്ത് മാത്രമേ ഇംഗ്ലീഷിന് പ്രാമുഖ്യം പാടുള്ളൂ. അതും ഇംഗ്ലീഷ് വേണമെങ്കില്‍ തിരഞ്ഞെടുക്കാവുന്ന ഓപ്ഷണല്‍ പദവിയില്‍ മാത്രം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള മുഴുവന്‍ സാങ്കേതിക വിദാഭ്യാസ സ്ഥാപനങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയ, കേന്ദ്രസര്‍വകലാശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഹിന്ദി മുഖ്യമാവണം.

കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകളില്‍ ഇംഗ്ലീഷിന് പകരം ഹിന്ദി നിര്‍ബന്ധമാക്കണം. ചോദ്യപ്പേപ്പര്‍ ഹിന്ദിയിലാകണം. നിയമനത്തില്‍ ഹിന്ദി പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം. ഓഫീസുകളില്‍ ഇപ്പോള്‍ പ്രാബല്യത്തിലുള്ള ഇംഗ്ലീഷ് കാലക്രമേണ ഹിന്ദിക്ക് വഴിമാറണം. സര്‍ക്കാരിന്റെ ക്ഷണക്കത്തുകള്‍, സന്ദേശങ്ങള്‍, ഇമെയില്‍ എന്നിവ ഹിന്ദിയിലാകണം. ഹിന്ദി ഭാഷയില്‍ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കണം. ഓഫീസ് കാര്യങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവയില്‍ ഹിന്ദി ഭാഷ ഉപയോഗിക്കാത്ത ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടണം. ഈ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ വാര്‍ഷിക പ്രവൃത്തി ശേഷി റിപ്പോര്‍ട്ടില്‍ അക്കാര്യം രേഖപ്പെടുത്തണം. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും ഹിന്ദി പഠനം നിര്‍ബന്ധമാക്കണം. ഇവിടങ്ങളിലെ ആശയവിനിമയത്തിന്റെ പ്രധാന ചാലകം ഹിന്ദി ആയിരിക്കും . ഇംഗ്ലീഷ് ഇക്കാര്യത്തിലും ഓപ്ഷണല്‍ പദവിയിലേക്ക് താഴ്ത്തണം. ഹിന്ദി സംസാരഭാഷയായുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലെയും ഹൈക്കോടതി, കീഴ്‌ക്കോടതി നടപടികള്‍ പരിപൂര്‍ണമായും ഹിന്ദിയിലേക്ക് മാറണം. സര്‍ക്കാര്‍ വിവിധ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളുടെ പകുതി ഹിന്ദിയിലാവണം. ബാക്കി പകുതി അതത് പ്രാദേശിക ഭാഷകളില്‍ നല്‍കണം. ഇംഗ്ലീഷ് പരസ്യങ്ങള്‍ വേണ്ട. ദിനപത്രങ്ങളില്‍ പരസ്യം നല്‍കുമ്പോള്‍ ഒന്നാംപേജ് പരസ്യങ്ങള്‍ നിര്‍ബന്ധമായും ഹിന്ദിയിലാവണം. ഇംഗ്ലീഷ് അനിവാര്യമായ പരസ്യങ്ങള്‍ ഉണ്ടെങ്കില്‍ ഉള്‍പ്പേജില്‍ ചെറുതായി നല്‍കിയാല്‍ മതി. വിദേശത്തെ ഇന്ത്യന്‍ എംബസികളുടെ മുഴുവന്‍ നടപടിക്രമങ്ങളും ഹിന്ദിയിലാവണം. ഐക്യരാഷ്ട്ര സഭയില്‍ ഹിന്ദിയും ഔദ്യോഗിക ഭാഷയാക്കി മാറ്റണം.
കഴിഞ്ഞില്ല, നിയമന പരീക്ഷകളില്‍ കുറേക്കൂടി ഹിന്ദി കാര്‍ക്കശ്യമാണ് 112 നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നത്. In many recruitment examinations, Hindi medium option is not available and English language question paper is compulsorily included. In this situation, the candidate gives preference to English over Hindi. Therefore, mandatory English language question papers should be discontinued and Hindi options be given… requisite knowledge of Hindi for the selection of employees should be ensured and in the recruitment examinations, the question paper of Hindi should mandatorily be included in place of English എന്നാണ് കാര്‍ക്കശ്യം. നിയമനത്തിനുശേഷവും പിന്തുടരുന്നുണ്ട് ഈ കാര്‍ക്കശ്യം. അത് ജീവനക്കാരുടെ പ്രവൃത്തി റിപ്പോര്‍ട്ടില്‍ ഇടം പിടിക്കുന്ന കാര്യമാണ്. (The Committee has found that some officers or employees don’t work in Hindi. So those officials should be given a warning and an explanation should be sought from them. If satisfactory reply is not received, it should be recorded in their Annual Performance Assessment Report).

പ്രത്യക്ഷത്തില്‍ സാധാരണം എന്ന് തോന്നാവുന്ന, വളരെ എളുപ്പത്തില്‍ ഭൂരിപക്ഷം ജനതയെയും ബോധ്യപ്പെടുത്താവുന്ന നിര്‍ദേശങ്ങളാണ് ഇപ്പോള്‍ നമ്മള്‍ കണ്ടതും റിപ്പോര്‍ട്ടിലുള്ള മറ്റുള്ളവയും. ഒരു രാജ്യമെന്ന നിലയില്‍ അതിന്റെ ദൈനംദിന നിര്‍വഹണങ്ങള്‍ നിര്‍ബാധമാക്കാന്‍ ഭാഷാപരമായ ഏകത്വം അനിവാര്യമാണ് എന്ന വാദത്തിന്റെ ഭാഗം. പൊതുവില്‍ ഭൂരിപക്ഷം ഇന്ത്യക്കാര്‍ പാര്‍ക്കുന്ന ഇടങ്ങളില്‍ നാം മനസ്സിലാക്കിയിരിക്കുന്നത് ഹിന്ദി പ്രചാരത്തിലുണ്ടെന്നും ഒട്ടുമിക്കയിടങ്ങളിലും മുഖ്യഭാഷയാണ് എന്നുമാണ്. അങ്ങനെയുള്ളപ്പോള്‍ ഒരു ഭരണനവീകരണ പ്രക്രിയ എന്ന നിലയില്‍ ഹിന്ദിയെ ദേശീയ ഭാഷാ പദവിയിലേക്ക് കൊണ്ടുവരുന്നതിനെ എന്തിന് എതിര്‍ക്കണം. തന്നെയുമല്ല പ്രദേശിക ഭാഷകളെ റദ്ദാക്കുന്ന നിര്‍ദേശങ്ങളൊന്നും ഇല്ലതാനും. ഭാഷാടിസ്ഥാനത്തില്‍ രൂപപ്പെട്ട സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്നാണ് തത്വത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയാർഥം എങ്കിലും യൂണിയനും കേന്ദ്ര സര്‍ക്കാറും ഒരു യാഥാർത്ഥ്യവുമാണല്ലോ? പിന്നെന്താണ് ഈ നിര്‍ദേശങ്ങളുടെ, നിര്‍ദേശിച്ചത് അമിത് ഷാ തലവനായ സമിതിയാകയാലും തിരഞ്ഞെടുപ്പുകള്‍ വാതില്‍ക്കലെത്തിയ സാഹചര്യമാകയാലും നടപ്പാകുമെന്നതില്‍ സംശയങ്ങള്‍ വേണ്ടാത്ത, കുഴപ്പം?
സ്വാഭാവികമായ ഇത്തരം ചിന്തയില്‍ നിന്നാവണം ഏതാനും ബദല്‍ മാധ്യമങ്ങളൊഴികെ മറ്റാരും ഈ വിഷയത്തില്‍ അത്ര ഗൗരവമുള്ള അന്വേഷണങ്ങള്‍ക്ക് മുതിരാത്തത്. പൊതുബോധം എന്നത് ഇരുതലമൂര്‍ച്ചയുള്ള ആയുധം കൂടിയാണല്ലോ നമ്മുടെ രാജ്യത്ത്.

ബദലായിരിക്കല്‍ പ്രധാനമാകയാല്‍, ബദലായിരിക്കല്‍ എന്നാല്‍ ജാഗ്രത്താവല്‍ എന്നായതിനാല്‍, ജാഗ്രതയാണ് ജനാധിപത്യത്തിന്റെ വില എന്നതിനാല്‍ അമിത് ഷാ സമിതിയുടെ ഈ നിര്‍ദേശങ്ങള്‍ നാം തുറന്നുനോക്കേണ്ടതുണ്ട്. തുറന്നുകാട്ടേണ്ടതുണ്ട് എന്നതാണ് പ്രചാരത്തിലുള്ള പ്രതിരോധ ഭാഷ. തുറന്നുകാട്ടലുകള്‍ പരിമിതമാവുകയും മിക്കപ്പോഴും ആപത്തുകൾക്കു നേരെയുള്ള പറക്കലായി മാറുകയും ചെയ്യുന്ന കാലത്ത് തുറന്നുകാട്ടല്‍ അസാധ്യമായാലും തുറന്നുനോക്കല്‍ നാം തുടരേണ്ടതുണ്ട്. തുറന്നുനോക്കുക എന്നാല്‍ സംഭവിക്കുന്നത് ഇതെല്ലാമാണ് എന്ന് തിരിച്ചറിയലാണ്. പ്രതിരോധങ്ങള്‍ ചിതറുകയും അധീശത്വം മുറുകുകയും ചെയ്യുമ്പോള്‍ തിരിച്ചറിവോടെ ജീവിക്കലും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണല്ലോ?

അമിത് ഷാ സമിതിയുടെ ഇപ്പോഴത്തെ നിര്‍ദേശം ബി ജെ പി സര്‍ക്കാര്‍ കെട്ടിയുണ്ടാക്കിയ ഒരു സംവിധാനത്തില്‍ നിന്ന് പുറത്തുവന്ന ഒന്നല്ല. ഇത്തരം ഒരു സമിതി, അതായത് ഔദ്യോഗിക ഭാഷാ സമിതി എന്നത് ഒരു ഭരണഘടനാ ബാധ്യതയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 344-ാം വകുപ്പ് ഇത്തരം ഒരു സമിതി രൂപീകരിക്കാന്‍ പ്രസിഡന്റിനെ ചുമതലപ്പെടുത്തുന്നുണ്ട്. മാത്രമല്ല, ഭരണഘടനയുടെ പാര്‍ട്ട് 17 ഔദ്യോഗിക ഭാഷ എന്ന തലക്കെട്ടില്‍ ഉള്ളതാണ്. 343 മുതല്‍ 351 വരെ ഔദ്യോഗിക ഭാഷ എന്ന പ്രമേയം അതിവിശദമായി പ്രതിപാദിക്കുന്നുണ്ട്. 343 ഇങ്ങനെയാണ്: (1) The official language of the Union shall be Hindi in Devanagari script.

The form of numerals to be used for the official
purposes of the Union shall be the international form of
Indian numerals.
(2) Notwithstanding anything in clause (1), for a
period of fifteen years from the commencement of this
Constitution, the English language shall continue to be
used for all the official purposes of the Union for which
it was being used immediately before such
commencement:
Provided that the President may, during the said
period, by order1
authorise the use of the Hindi language
in addition to the English language and of the Devanagari
form of numerals in addition to the international form of
Indian numerals for any of the official purposes of the
Union.
(3) Notwithstanding anything in this article,
Parliament may by law provide for the use, after the said
period of fifteen years, of—
(a) the English language, or
(b) the Devanagari form of numerals,
for such purposes as may be specified in the law.

വ്യക്തമാണ്. ദേവനാഗരി ലിപിയിലുള്ള ഹിന്ദിയാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷ. പതിനഞ്ച് വര്‍ഷം കഴിഞ്ഞാല്‍ അത് യാഥാർത്ഥ്യമാവണം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണഘടനാ നിര്‍ദേശം നടപ്പാക്കാന്‍ ശ്രമിച്ചു. നെഹ്‌റുവാണ് അന്ന് പ്രധാനമന്ത്രി. തമിഴ്‌നാട് ഇളകി. ഭാഷാഭിമാനത്താല്‍ പ്രചോദിതരായ തമിഴ് മക്കള്‍ കടലായി മാറി. നെഹ്‌റുവിന് കൈ പൊള്ളി. ഹിന്ദി അടിച്ചേല്‍പ്പിക്കില്ല എന്ന് പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കേണ്ടിവന്നു നെഹ്‌റുവിന്. ആ ഉറപ്പാലാണ് രാജ്യം ദീര്‍ഘനാള്‍ ഭരിച്ച കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അങ്ങനെ ശഠിക്കാതിരുന്നത്. കാരണം ലളിതമാണ്. ദക്ഷിണേന്ത്യ അന്ന് കോണ്‍ഗ്രസിന്റെ ഹൃദയഭൂമിയാണ്. മാത്രവുമല്ല ഭാഷ എന്നത് കേവലമായ ആശയവിനിമയ ഉപാധി മാത്രമല്ല. അതൊരു വേരാണ്. മറ്റു പലതുമാണ്.

57.09 ശതമാനം ആളുകള്‍ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി (2011 സെന്‍സസ്)എന്നതൊക്കെ ശരിയാണ്. 26.6 ശതമാനം പേരുടെ മാതൃഭാഷയുമാണ്. പക്ഷേ, വെറും 0.086ശതമാനം പേര്‍ക്ക് മാതൃഭാഷയായ കാസി ആ ജനതയെ സംബന്ധിച്ച് ഹിന്ദിയെക്കാള്‍ പ്രാണനാണ്. 5.69 ശതമാനം പേരുടെ മാതൃഭാഷയാണ് തമിഴ്. 6.36 ശതമാനം പേരുടെ സംസാര ഭാഷയും. തമിഴന് ഹിന്ദി അധീശഭാഷയാണ്. തമിഴിന് മേല്‍ ഹിന്ദിയുടെ കയ്യേറ്റം തമിഴന്റെ ആദിദ്രാവിഡ വീര്യത്തിന് മേലുള്ള, അവന്റെ ദ്രവീഡിയസ്മൃതികള്‍ക്ക് മേലുള്ള കയ്യേറ്റമായി അവന്‍ കാണുന്നു. തമിഴന് അങ്ങനെ കാണാനുള്ള അവകാശത്തിന്റെ പേരാണ് സ്വാതന്ത്ര്യം. അവന്റെ ഭാഷയെ രാജ്യത്തിന്റെ ഭാഷകളിലൊന്നായി ഏറ്റക്കുറച്ചിലില്ലാതെ മാനിക്കുന്നതിന്റെ പേരാണ് ഫെഡറലിസം. ഇതെല്ലാം ചേര്‍ന്ന സംഗതിയാണ് ജനാധിപത്യം. അതിനാലാണ് 1960-കള്‍ മുതല്‍ പരണത്തുള്ള ഒരു സംഗതി ഇപ്പോള്‍ പൊടിതട്ടിയെടുത്തതിന് പിന്നില്‍ മറ്റ് താല്പര്യങ്ങളാണെന്നു വരുന്നത്. അതിലെ ഒന്നാം താല്പര്യം നമുക്ക് എളുപ്പത്തില്‍ മനസ്സിലാവുന്നതുപോലെ ഫെഡറലിസത്തിന്റെ കാമ്പില്‍ വെട്ടുക എന്നുള്ളതാണ്. ബി ജെ പി ഭരണകൂടം ഏറ്റവുമേറെ ഭയക്കുന്നതും അകറ്റുന്നതും ഫെഡറലിസത്തെയാണല്ലോ? കശ്മീരില്‍ ഫെഡറല്‍ മര്യാദകള്‍ സമ്പൂര്‍ണമായി ലംഘിച്ചതിന്റെ ആനന്ദനൃത്തം സംഘപരിവാര്‍ ക്യാമ്പുകളില്‍ അവസാനിച്ചിട്ടില്ലെന്നത് ഓര്‍ക്കുക.

അതീവ തന്ത്രപരമാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. അടിച്ചേല്‍പ്പിക്കുന്നു എന്ന തോന്നല്‍ ഒട്ടുമേ ഇല്ലാതെ ഹിന്ദിയെ എഴുന്നെള്ളിക്കുന്നതാണ് കാണുന്നത്. തമിഴിനെ ഉള്‍പ്പടെ ഒരു പ്രാദേശിക ഭാഷയെയും ഇല്ലാതാക്കുന്നില്ല. അവയുടെ പ്രാദേശിക പ്രാധാന്യം കുറയ്ക്കുന്നില്ല. പക്ഷേ, കേന്ദ്രം എന്ന അധികാര സ്ഥാനത്ത് ഹിന്ദി അവരോധിതമാകും. ഒരു കൊളോണിയല്‍ ഓര്‍മയെ തുടച്ചുനീക്കല്‍ എന്ന് വീമ്പും പറയാം. ഇംഗ്ലീഷാണല്ലോ പോകുന്നത്.

പക്ഷേ, കേന്ദ്രം എന്ന ഒരു സംഗതി ഒട്ടും പ്രാദേശികമല്ലാതാവും. ഹിന്ദി ബാബുമാരുടെ കേന്ദ്രം വരും. പരീക്ഷകളില്‍, പഠനങ്ങളില്‍ ദേവനാഗരി ചരിത്രപരമായി വഴങ്ങാത്ത, ദ്രാവിഡ ഭാഷീയര്‍ തമിഴരും തെലങ്കരും കന്നഡിഗരും മലയാളികളും പുറന്തള്ളപ്പെടും. ദക്ഷിണ ഇതര ഇന്ത്യ ഹിന്ദി ഭൂമിയല്ല എന്നത് വാസ്തവമാണ്. പല ഭാഷകളുടെ ഭൂമിയാണത്. പക്ഷേ, ദക്ഷിണ ഇതര ഇന്ത്യന്‍ നഗരങ്ങളുടെ ഭാഷ ഇപ്പോള്‍ ഹിന്ദിയാണ്. കുടിയേറ്റവും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സവിശേഷതകളും ചേര്‍ന്നുണ്ടാക്കിയ സവിശേഷതയാണത്. നഗരങ്ങളാണ് വലതുപക്ഷത്തിന്റെ രാഷ്ട്രീയശാലകള്‍. അതിനാല്‍ അമിത് ഷാ സമിതിയുടെ രാഷ്ട്രീയലക്ഷ്യം വ്യക്തമാണ്. കേന്ദ്രത്തിലെ പഠിപ്പും ജോലിയും ദക്ഷിണ ഇതര ഇന്ത്യന്‍ നഗരങ്ങള്‍ക്ക് മാത്രം പ്രാപ്യമാവുന്ന ഒന്നാകും എന്ന് ചുരുക്കം.

മറ്റൊന്നുണ്ട്, തമിഴരും തെലങ്കരും ഈ നിര്‍ദേശങ്ങളില്‍ പ്രകോപിതരാകും. മഹാരാഷ്ട്രയിലും ഗുജറാത്തിലും തനിഗ്രാമങ്ങള്‍ ഇടയും. വടക്ക് കിഴക്കില്‍ ഭാഷാ സമരങ്ങള്‍ വരും. ഭാഷ ഒരു വൈകാരികതയാണ്. വൈകാരികതകളുടെ ആളലില്‍ നിന്നാണ് ഫാഷിസം ചൂട്ടുകത്തിക്കാറ്.
ബദ്രി റെയ്‌നയെ കേട്ട് ചുരുക്കാം. ഗീതാഞ്ജലി ശ്രീയെ ഓര്‍ക്കുക. ബുക്കര്‍ സമ്മാനം ലഭിച്ചു ഇക്കൊല്ലം. ഹിന്ദി ഭാഷയിലെ എഴുത്തുകാരിയാണ്. ഹിന്ദി എന്ന ഭാഷയുടെ അഭിമാന നിമിഷം. അവര്‍ ഹിന്ദിയിലെഴുതിയതിന്റെ വിവര്‍ത്തനമാണ് പുരസ്‌കൃതമായത്. പുരസ്‌കരിക്കപ്പെട്ടത് ഹിന്ദിയാണല്ലോ? ഇ പ്പോഴത്തെ ഹിന്ദി വാദക്കാരുടെ അഭിമാനം ഉയരണ്ടേ? ഹിന്ദിവാദികളായ കേന്ദ്ര ഭരണം അഭിമാനിക്കണ്ടേ? ഉണ്ടായില്ല. അറിഞ്ഞ മട്ട് കാണിച്ചില്ല മോഡിയും ഷായും. അത്രേ ഉള്ളൂ. അപ്പോഴാണ് ബദ്രി റെയ്‌ന ഇങ്ങനെ പറഞ്ഞത് : “”Not all Things in Hindi are Kosher to the Sangh”
അതാണ് കാര്യം, ഹിന്ദി ഒന്നുമല്ല കാര്യം.

കെ കെ ജോഷി

You must be logged in to post a comment Login