മാറുന്ന ലോകത്ത് മാറാത്ത ഇസ്‌ലാമോ?

മാറുന്ന ലോകത്ത്  മാറാത്ത ഇസ്‌ലാമോ?

സമഗ്രതയാണ് ഇസ്‌ലാമിക നിയമങ്ങളുടെ മറ്റൊരു സവിശേഷത. ഓരോ വ്യക്തികളുടെയും ജനനം മുതൽ മരണം വരെ അവർ അനുഷ്ഠിക്കേണ്ടതും ഉപേക്ഷിക്കേണ്ടതുമായ കാര്യങ്ങളെല്ലാം കൃത്യമായി ഇസ്‌ലാം പറയുന്നുണ്ട്. മരണശേഷം അവർക്കായി സമൂഹം ചെയ്യേണ്ട സംസ്കരണ കർമങ്ങളും അനന്തരസ്വത്തുകളുടെ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ വിതരണ രീതികളും പഠിപ്പിക്കുന്നുണ്ട്. പരസ്യമായും രഹസ്യമായും ഇവയത്രയും പാലിക്കുന്നവനാണ് യഥാർത്ഥ വിശ്വാസി. കുളിക്കുക, വിസർജിക്കുക, ശൗച്യം ചെയ്യുക പോലുള്ള തികച്ചും വ്യക്തിനിഷ്ഠമായ പ്രവർത്തനങ്ങളും കച്ചവടം, വ്യവസായം പോലുള്ള വ്യവഹാരങ്ങളും സ്വത്ത് വഹകൾ അധ്വാനിച്ചുണ്ടാക്കുന്നതും അവയിലെ ക്രയവിക്രയങ്ങളും എന്തിനധികം ലൈംഗികാസ്വാദനങ്ങൾ പോലും സ്വന്തം താല്പര്യാനുസാരമല്ല അവർ നിർവഹിക്കുന്നത്; ഇസ്‌ലാമിന്റെയും പ്രവാചകരുടെയും ഇഷ്ടമനുസരിച്ചുമാത്രമാണ്. ഇതിനു സൗകര്യപ്പെടും വിധം വിശാലമായ നിയമവ്യവസ്ഥ ഇസ്‌ലാം സംവിധാനിച്ചിരിക്കുന്നു. ഇതുവഴി സദാസമയവും സ്രഷ്ടാവിനോടുള്ള ബന്ധം നിലനിർത്താനും പ്രതീക്ഷയും പ്രത്യാശയും ഉൾക്കൊണ്ട് സമാധാനത്തോടെ ജീവിക്കാനും മുസ്‌ലിംകൾക്ക് സാധിക്കുന്നു.

വിശ്വാസം, കർമം, സംസ്കരണം എന്നിങ്ങനെ ഇസ്‌ലാമികനിയമങ്ങൾ മൂന്നായി വ്യവച്ഛേദിച്ചിട്ടുണ്ട്. ഇതിൽ വിശ്വാസം ആറു പ്രധാന ഭാഗങ്ങളായി വേർതിരിയുന്നു. കർമകാണ്ഡം ആരാധന, വ്യവഹാരം, വൈവാഹികം, ശിക്ഷാ നിയമങ്ങൾ എന്നിങ്ങനെ നാലു ഭാഗങ്ങളുണ്ട്. സദാചാരപരമായ നിർദേശങ്ങളാണ് മൂന്നാം വകുപ്പ്. ആത്മാവിനെ സംസ്കരിക്കാനും ജീവിത വിശുദ്ധി പൂർണാർഥത്തിൽ സ്വായത്തമാക്കാനുമുള്ള കാര്യങ്ങൾ ഒന്നൊഴിയാതെ ഈ ഭാഗത്ത് വിശദീകരിച്ചിട്ടുണ്ട്. അനേകായിരം അധ്യായങ്ങളും ഉപശീർഷങ്ങളും ഖണ്ഡങ്ങളും മണ്ഡലങ്ങളുമായി പാരാവാര സമാനം വിസ്തൃതമാണ് മതത്തിന്റെ ജ്ഞാനലോകം. കർമശാസ്ത്രത്തിലെ ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലീ എന്നീ ധാരകളും വിശ്വാസ ശാസ്ത്രത്തിന്റെ അശ്അരീ, മാതുരീദി പ്രസ്ഥാനങ്ങളും ഒന്നുചേർന്ന് ശരീഅതിന്റെ വിശാലതയെ പാരമ്യതയിലെത്തിക്കുന്നു.

മറ്റൊരു ദർശനത്തിനും ഇതുപോലൊരു വിശാലതയുടെ അരികിൽ പോലുമെത്താനാകില്ലെന്നത് അനുയായികളുടെ അവകാശവാദമല്ല; ഇസ്‌ലാമിനെ പഠിച്ച വിമർശകരുടെ തന്നെ അഭിപ്രായമാണ്. വസ്തുനിഷ്ഠയാഥാർത്ഥ്യമായ ഒരു മഹാസാഗര തീരത്തുനിന്ന് ആർക്ക് അതിന്റെ ഉണ്മയെ നിഷേധിക്കാനാകും?

എല്ലാ ഗുണങ്ങളും ഇസ്‌ലാം കല്പിച്ചു. തിന്മകൾ വിരോധിച്ചു. പുറമെ കർമങ്ങളെയും മാനുഷ സ്വഭാവത്തെയും പ്രോജ്ജ്വലിപ്പിക്കാനാകും വിധമുള്ള സംസ്കരണ വ്യവസ്ഥകൾ പരിശീലിപ്പിക്കുകയും ചെയ്തു. മതവിശാലതയുടെ തോതറിയാൻ അത് പഠിപ്പിച്ച ചില നന്മകൾ ശ്രദ്ധിക്കുക. ജീവിതത്തിലുടനീളം സത്യസന്ധത പുലർത്തുക, സഹനം കൈകൊള്ളുക, ക്ഷമ പാലിക്കുക, ആർദ്രത, വിനയം, ലജ്ജ, വാഗ്ദാനപാലനം, അന്തസ്സ്, കാരുണ്യം, നീതി, ധീരത, രഞ്ജിപ്പ്, ലഭ്യമായതിൽ സംതൃപ്തരാവൽ, ചാരിത്ര്യം, സഹിഷ്ണുത, വിശ്വസ്തത, നന്ദി, ദേഷ്യം ഒതുക്കുക, മാതാപിതാക്കൾക്ക് ഗുണം ചെയ്യൽ, കുടുംബബന്ധം പുലർത്തൽ,വിപത്ത് ബാധിതർക്ക് ദുരിതാശ്വാസവും സഹായവും നൽകൽ, അയൽവാസികളോട് നന്മയിൽ വർത്തിക്കുക , അനാഥ- അഗതി- വിധവ സംരക്ഷണം, ചെറിയവരോട് കാരുണ്യവും വലിയവരോട് ആദരവും കാണിക്കൽ, മൃഗങ്ങൾക്ക് സഹായം ചെയ്യൽ, വഴികളിലെ തടസ്സം നീക്കൽ, നല്ല ഭാഷണം, സഹജീവികളോട് നല്ല നിലയിൽ സഹവസിക്കൽ, ഗുണകാംക്ഷ, സദുപദേശം, തിന്മവിരോധിക്കൽ, ആവശ്യങ്ങൾ നിർവഹിക്കൽ, ദരിദ്രരെ ഉയർത്തെഴുന്നേൽപിക്കൽ, സഹതാപം വെച്ചുപുലർത്തൽ, വിപത്ത് ബാധിച്ചവരെ ആശ്വസിപ്പിക്കൽ, ജനങ്ങളോട് സുസ്മേരവദനനായി ഇടപെടൽ, രോഗീ സന്ദർശനം, അക്രമവിധേയന് രക്ഷയേകൽ, അതിഥിയെ ആദരിക്കൽ, ഭാര്യയുമായി സ്നേഹജീവിതം നയിക്കൽ, അവൾക്കും മക്കൾക്കും നല്ല വിധത്തിൽ ചെലവഴിക്കൽ, ആശംസകൾ നൽകൽ, ഭവന പ്രവേശനത്തിനുമുമ്പ് ഉടമസ്ഥരോട് സമ്മതമാരായൽ, ആരോഗ്യസംരക്ഷണം, അധ്വാനം, വിഹിതമാർഗേണ ധനസമ്പാദനം, കൃഷി, തൊഴിൽ, ശുദ്ധിപാലിക്കൽ, പകർച്ചവ്യാധി ഘട്ടത്തിൽ പുറത്തിറങ്ങാതിരിക്കൽ, ചെരിപ്പ് ധരിക്കൽ, എണ്ണ തേക്കൽ, വൃത്തിക്ക് വിഘാതമാകുന്ന ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽ ആവശ്യാനുസരണം ക്ഷൗരം ചെയ്യൽ, അലക്ക്, കുളി, പഠനം, പാഠനം, ചിന്ത, ശ്രദ്ധ, നിർബന്ധവും ഐച്ഛികവുമായ ദാനധർമങ്ങൾ, ഭാര്യയുമായി സംസർഗത്തിലേർപ്പെടൽ, മുടിചീകൽ, നഖം മുറിക്കൽ- എന്നു തുടങ്ങി മനുഷ്യ ജീവിതത്തിന്റെ ഓരോ നന്മയും ഇസ്‌ലാം കൽപ്പിക്കാതിരിക്കുന്നില്ല; വെറുതെ പരിമർശിച്ചു മാറി നിൽക്കുകയല്ല. കൃത്യമായ നടപടിക്രമങ്ങൾ വിശദീകരിക്കുകയും ഗുണങ്ങൾ പഠിപ്പിക്കുകയും ചെയ്തു.

നിരോധിച്ചവയുടെ പട്ടികയും അതിബൃഹത്താണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് വിഘാതമാകുന്നതെല്ലാം ഇസ്‌ലാം നിഷിദ്ധമാക്കിയിരിക്കുന്നു. അതിൽ ആരാധനാപരമായ അലൗകിക കാര്യങ്ങളും ആരോഗ്യം പോലെ ഈ ലോകത്തു വെച്ച് മനുഷ്യനുമായി ബന്ധപ്പെടുന്ന ലൗകിക കാര്യങ്ങളുമുണ്ട്. ഉദാഹരണത്തിന് ചിലത് ചേർക്കാം. ബഹുദൈവാരാധന, അവിശ്വാസം, മാരണം, ജ്യോതിഷം, അഹങ്കാരം, അസൂയ, പ്രകടനപരത, ധാർഷ്ട്യം, കുശുമ്പ്, പക, പോര്, കളവ്, ഏഷണി, പരദൂഷണം, കൊള്ള, കൊല, വഞ്ചന, ഭവനഭേദനം, അക്രമം, അനാശാസ്യം, തട്ടിപ്പ്, വെട്ടിപ്പ്, പൂഴ്ത്തിവെയ്പ്, പലിശ, ദ്രോഹം, വഴിയും വെള്ളവും വായുവും തടയൽ, പരിഹാസം, ഗൂഢാലോചന, കൈക്കൂലി, കുതികാൽവെട്ട്, റാഗിംഗ്, വഴിയിലും ജനസംഗമവേദികളിലും ജലസ്രോതസുകളിലും വിസർജിക്കൽ, ജനസാന്നിധ്യത്തിൽവെച്ച് കോട്ടുവാ, തുമ്മൽ, അധോവായു പോലുള്ളത് പുറപ്പെടുവിക്കൽ, ഉറങ്ങുന്നവർക്ക് നിസ്കാരം,ഖുർആൻ പാരായണം പോലുള്ളവ കൊണ്ടുപോലും ശല്യം ചെയ്യൽ, ഭക്ഷണസാന്നിധ്യത്തിൽ അതിനു താല്പര്യമുണ്ടായിരിക്കേ നിസ്കാരാദി ശ്രേഷ്ഠ സാധനകൾ തന്നെയും നിർവഹിക്കൽ, മദ്യപാനം, ലഹരി ഉപയോഗം, സ്വഭവനത്തിൽ വെച്ച് അയൽവാസിക്ക് താല്പര്യം ജനിപ്പിക്കും വിധം പാചകം ചെയ്യൽ, അമിത ഭക്ഷണം, ആർഭാടം തുടങ്ങി വ്യക്തിപരമായും സാമൂഹികമായും ദോഷകരമാകുന്ന എല്ലാ ദുഷ്കർമങ്ങളും മതം നിഷിദ്ധമാക്കി. മേൽചേർത്തത് ഒഴുകിക്കൊണ്ടിരിക്കുന്ന ഭീമാകാരമായ മഞ്ഞുപാളിയുടെ പുറംഭാഗം മാത്രമാണ്. ഇതിന്റെ പതിന്മടങ്ങ് വേറെ വിസ്തരിക്കാനുണ്ട്. ചിന്താശീലർക്ക് സൂചന മതിയല്ലോ.
ഉപരിസൂചിത വിധി- വിലക്കുകളിൽ ചിലതൊക്കെ അന്യമതവിശ്വാസികളും മതവിരുദ്ധർ വരെയും പ്രയോഗിക്കുന്ന അനുഭവമുണ്ട്. ചില പൊതു നന്മകൾ പലരെയും സ്വാധീനിക്കുന്നുമുണ്ടാകാം. എന്നാൽ അതൊക്കെയും പലപ്പോഴും ഒഴുക്കിനൊപ്പിച്ച്, മറ്റുള്ളവർ എങ്ങനെ വിലയിരുത്തുമെന്ന ജാള്യം കാരണം അഥവാ ആരോഗ്യപാലനം പോലുള്ള ഭൗതിക ഗുണങ്ങളിൽ തല്പരരായി നടത്തുന്നതാണ്; അവരുടെ മതം കല്പിക്കുന്നതുകൊണ്ടോ പരലോക പ്രതിഫലം കാംക്ഷിച്ചുകൊണ്ടോ ആയിരിക്കില്ല. ഇങ്ങനെ വരുമ്പോൾ വ്യക്തി നിഷ്ഠമായ താല്പര്യങ്ങൾക്കാണ് പ്രാധാന്യം ലഭിക്കുക. അതിനൊത്തു പോകുന്നിടത്തുമാത്രമേ ധാർമിക നിയമങ്ങൾക്ക് പ്രാധാന്യം ലഭിക്കുകയുള്ളൂ. ഇതാണ് നിയമപാലനത്തിൽ വിശ്വാസിയും ഇതരരും തമ്മിലുള്ള പ്രധാന വിത്യാസം. മദ്യപാനവും വ്യഭിചാരവും ഉദാഹരണമായെടുക്കുക, വ്യക്തിപരമായി തൽപരനാണെങ്കിലും മതവിലക്കോർത്ത് മുസ്‌ലിം അതിൽനിന്നു മാറിനിൽക്കും; നിൽക്കണം. ഇവ പ്രവർത്തിച്ചാലുള്ള ദൈവികശിക്ഷയെക്കുറിച്ചുള്ള ചിന്ത തീർച്ചയായും മ്ലേഛതകളിൽനിന്ന് അവനെ തടയുകയും ചെയ്യും.

സൗകര്യപ്രദമായ സന്ദർഭമൊത്തുവന്നിട്ടും ഇതുപോലുള്ള വൃത്തികേടുകളിൽനിന്ന് മാറിനിന്നാൽ ഇസ്‌ലാം വാഗ്ദാനം ചെയ്യുന്ന പ്രതിഫലം അവനെ പ്രലോഭിപ്പിക്കുക തന്നെ ചെയ്യും. ഇതരർ ലഹരിയിൽ നിന്നോ ലൈംഗിക ച്യുതികളിൽനിന്നോ മാറിനിൽക്കുന്നുവെങ്കിൽ അത് ഇത്തരമൊരു ആദർശ ബോധം കൊണ്ടാകില്ല. പല മതഗ്രന്ഥങ്ങളിലും ഉപരിസൂചിത അധർമ ദ്വയങ്ങൾ നിരോധിക്കുന്ന വചനങ്ങൾ ഉൾകൊള്ളുന്നില്ലേയെന്നു ചോദിച്ചേക്കാം. ശരിയാണ് അങ്ങനെ ചില നന്മകൾ അവയിൽ കാണാനാകും. ധാർമികതയുടെ മുഴുവൻ വശങ്ങളും വിശദീകരിക്കാൻ അവക്കായില്ലെന്നത് പ്രധാന പരിമിതിയാണ്. പുറമെ, ആധുനികതയുടെ അതിപ്രസരത്തിൽ അത്തരം നിയമങ്ങൾക്കുനേരെ സ്ഥിരമായി കണ്ണടക്കുന്നതാണ് അനുയായികളുടെ പൊതുരീതി. ഏട്ടിലെ പശു പുല്ലുതിന്നില്ലല്ലോ.ഇതര മത നിയമങ്ങൾ അധിക ക്ലിഷ്ടവും സങ്കീർണവും അപ്രായോഗികവുമാണെന്നത് മറ്റൊരു പ്രശ്നം.അന്യസ്ത്രീയെ നോക്കിപ്പോയാൽ കണ്ണുചൂഴ്ന്ന് കളയണമെന്നും തെറ്റിലേക്ക് നടക്കാൻ കാരണമായ കാൽ ഛേദിക്കണമെന്നുമുള്ള ബൈബിൾ കൽപന(മത്തായി 5: 28, 29) പാലിക്കുന്ന ഏതെങ്കിലുമൊരു ക്രിസ്ത്യാനി ഇന്ന് ലോകത്തുണ്ടോ? എന്നെങ്കിലും ഉണ്ടായിരുന്നിട്ടുണ്ടോ?കട്ടവരുടെ കൈവെട്ടുക, വ്യഭിചരിച്ചവരെ എറിഞ്ഞു കൊല്ലുക പോലുള്ള ഇസ്‌ലാമിക നിയമങ്ങൾ മുസ്‌ലിംകൾ ആരെങ്കിലും പാലിക്കുന്നുണ്ടോ എന്ന മറുചോദ്യം ഇതിനു ഒരു നിലയിലും മറുപടിയല്ല. ഇസ്‌ലാമിക ഭരണ ക്രമം നിലനിന്ന അനേക വർഷങ്ങളിൽ ഇതൊക്കെ പ്രായോഗികമായി ലോകം അനുഭവിച്ചിട്ടുണ്ട്; ഗുണങ്ങൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. വ്യക്തികൾ പാലിക്കേണ്ട നിയമങ്ങളും ഗവൺമെന്റുകൾ നടപ്പിലാക്കേണ്ടവയും അതാതിന്റെ രീതിയനുസരിച്ച് മാത്രമേ വിലയിരുത്താവൂ.

ഇതര നിയമങ്ങളുടെ അപ്രായോഗികതയാണ് മറ്റൊരു പ്രഹേളിക.സാഹചര്യ തെളിവുകൾ മുഖേനയോ വെറുതെ അസൂയ കൊണ്ടോ ഭർത്താവ് ഭാര്യയിൽ വ്യഭിചാരാരോപണമുന്നയിച്ചാൽ ചെയ്യേണ്ട പരിഹാര രീതി ബൈബിൾ പഠിപ്പിക്കുന്നത് കാണുക: ഭര്‍ത്താവിന്‌ അസൂയ ജനിച്ച്‌ അശുദ്ധയായ ഭാര്യയെ സംശയിക്കുകയോ അശുദ്ധയല്ലെങ്കിലും അസൂയപൂണ്ട്‌ സംശയിക്കുകയോ ചെയ്‌തെന്നുവരാം.
അപ്പോള്‍ ഭര്‍ത്താവ്‌ ഭാര്യയെ പുരോഹിതന്റെ മുമ്പില്‍ ഹാജരാക്കണം.

പുരോഹിതന്‍ അവളെ കര്‍ത്താവിന്റെ സന്നിധിയില്‍ നിര്‍ത്തണം. ഒരു മണ്‍പാത്രത്തില്‍ വിശുദ്ധജലം എടുത്ത്‌ കൂടാരത്തിന്റെ തറയില്‍നിന്നു കുറച്ചു പൊടി അതിലിടണം.

പുരോഹിതന്‍ ആ സ്‌ത്രീയെ കര്‍ത്താവിന്റെ സന്നിധിയില്‍ നിര്‍ത്തി, അവളുടെ ശിരോവസ്‌ത്രം മാറ്റിയതിനുശേഷം പാപത്തെ ഓര്‍മിപ്പിക്കുന്ന വ്യഭിചാരശങ്കയുടെ ധാന്യബലിക്കുള്ള വസ്‌തുക്കള്‍ അവളുടെ കൈയില്‍ വയ്‌ക്കണം. ശാപം വരുത്തുന്ന കയ്‌പുനീര്‌ പുരോഹിതന്‍ കൈയില്‍ വഹിക്കണം.
അനന്തരം, അവളെക്കൊണ്ട്‌ സത്യംചെയ്യിക്കാന്‍ ഇങ്ങനെ പറയണം: ഭര്‍ത്താവിന്‌ അധീനയായിരിക്കേ അന്യപുരുഷന്‍ നിന്നോടൊത്തു ശയിച്ച്‌ നീ അശുദ്ധയായിട്ടില്ലെങ്കില്‍ ശാപം വരുത്തുന്ന ഈ കയ്‌പുനീര്‌ നിനക്ക്‌ ദോഷം ചെയ്യാതിരിക്കട്ടെ.

എന്നാല്‍, നീ ഭര്‍ത്താവിന്റെ കീഴിലായിരിക്കേ ദുശ്‌ചരിതയായി നിന്നെത്തന്നെ അശുദ്ധയാക്കുകയും അന്യപുരുഷന്‍ നിന്നോടൊത്തു ശയിക്കുകയും ചെയ്‌തിട്ടുണ്ടെങ്കില്‍, കര്‍ത്താവ്‌ നിന്റെ അര ശോഷിപ്പിച്ച്‌ മഹോദരം വരുത്തി നിന്നെ ജനങ്ങളുടെ ഇടയില്‍ മലിനവസ്‌തുവും ശാപജ്‌ഞാപകവും ആക്കിത്തീര്‍ക്കട്ടെ, എന്നുപറഞ്ഞ്‌ അവളെക്കൊണ്ട്‌ ശാപസത്യംചെയ്യിക്കണം.
ശാപം വരുത്തുന്ന ഈ ജലം നിന്റെ കുടലുകളില്‍ കടന്ന്‌ മഹോദരം വരുത്തുകയും അര ശോഷിപ്പിക്കുകയും ചെയ്യട്ടെ. അപ്പോള്‍ സ്‌ത്രീ ആമേന്‍ ആമേന്‍ എന്നു പറയണം.
പുരോഹിതന്‍ ഈ ശാപം ഒരു പുസ്‌തകത്തിലെഴുതി അത്‌ കയ്‌പുവെള്ളത്തിലേക്കു കഴുകിക്കളയണം.
ശാപം വമിക്കുന്ന ആ കയ്‌പുനീര്‌ അവളെ കുടിപ്പിക്കണം. അത്‌ ഉള്ളില്‍ കടന്ന്‌ അവള്‍ക്കു കടുത്ത വേദന ഉളവാക്കും.

പുരോഹിതന്‍ സ്‌ത്രീയുടെ കൈയില്‍നിന്ന്‌ വ്യഭിചാരശങ്കയുടെ നൈവേദ്യം വാങ്ങി കര്‍ത്താവിനു നീരാജനമായി ബലിപീഠത്തില്‍ സമര്‍പ്പിക്കണം.

അതിനുശേഷം പുരോഹിതന്‍ ധാന്യബലിയില്‍നിന്നു സ്‌മരണാംശമായി ഒരുപിടി എടുത്ത്‌ ബലിപീഠത്തിന്‍മേല്‍വച്ചു ദഹിപ്പിക്കുകയും സ്‌ത്രീയെക്കൊണ്ടു കയ്‌പുനീര്‍ കുടിപ്പിക്കുകയും വേണം.
അവള്‍ അശുദ്ധയായി ഭര്‍ത്താവിനോട്‌ അവിശ്വസ്‌തത കാണിച്ചിട്ടുണ്ടെങ്കില്‍ വെള്ളം കുടിച്ചുകഴിയുമ്പോള്‍ ആ ശാപജലം അവളില്‍ കടന്ന്‌ കടുത്ത വേദനയുളവാക്കുകയും മഹോദരംവന്ന്‌ അര ശോഷിച്ച്‌ ജനങ്ങളുടെ ഇടയില്‍ മലിനവസ്‌തുവായിത്തീരുകയും ചെയ്യും.
എന്നാല്‍, അശുദ്ധയാകാതെ നിര്‍മലയാണ്‌ എങ്കില്‍ അവള്‍ക്കു ശാപം ഏല്‍ക്കുകയില്ല; വന്ധ്യത്വം ഉണ്ടാവുകയുമില്ല (സംഖ്യ 5 : 14-28 ).

ഭർത്താവ് വെറുതെ ഒരു രസത്തിന് അസൂയ വച്ച് സംശയിച്ചാലും ആരോഗ്യം നശിക്കുന്ന പരീക്ഷണങ്ങൾക്ക് വിധേയയാവേണ്ടതും ജനമധ്യേ മാനഹാനി ഏൽക്കേണ്ടതും ഭാര്യ തന്നെ. എത്രമേൽ ബുദ്ധിശൂന്യവും സ്ത്രീവിരുദ്ധവുമാണ് ഈ നിയമം എന്നാലോചിക്കുക! നാലു സാക്ഷികൾ ഇല്ലാതെ ഒരു സ്ത്രീയെക്കുറിച്ച് വ്യഭിചാരാരോപണമുന്നയിക്കുന്നവർക്ക് 80 അടി ശിക്ഷ നൽകുന്ന ഇസ്‌ലാമിക നിയമം ഏറെ മനുഷ്യ പറ്റുള്ളതാണെന്നതിന്റെ പ്രമാണം കൂടെയാണിത്. ആധുനിക സമൂഹം ആസ്വദിക്കുന്ന പലവിധ തിന്മകൾ എണ്ണിപ്പറഞ്ഞ് ഇവയെല്ലാം ഇസ്‌ലാം എതിർപ്പുന്നയിച്ച് വെറുപ്പിക്കുന്നുവെന്ന പതിവ് നാസ്തിക – ക്രി സംഘി വിമർശനത്തിന്റെ പശ്ചാതലം തന്നെ അവർ എല്ലാ ധാർമിക നിയമങ്ങളും മാറ്റിവെച്ച് ലിബറൽ ഒഴുക്കിനൊത്ത് സഞ്ചരിക്കുന്നുവെന്നതാണ്.ഇവർ എല്ലാ വൈകൃതങ്ങളും വാരിപ്പുണരുന്നതുകൊണ്ട് ഇസ്‌ലാം എല്ലാ ആനന്ദങ്ങളെയും വെറുക്കുന്നുവെന്ന് തോന്നുക സ്വാഭാവികമാണല്ലോ.

മാറുന്ന ലോകം മാറാത്ത മതം
അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ് ലോകം. ശാസ്ത്ര- സാങ്കേതിക പുരോഗതി കണ്ണഞ്ചിപ്പിക്കുന്നതാണ്. പുതുപുത്തൻ വിഷയങ്ങളും പഠനങ്ങളും പ്രശ്നങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഉത്തരാധുനിക നവോത്ഥാനാനന്തരം വൈജ്ഞാനിക രംഗത്ത് മഹാവിസ്ഫോടനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭാഷ, സംസ്കാരം, വസ്ത്രം, ജീവിതരീതി, ജോലി, ഇടപാടുകൾ എല്ലാത്തിലും നിരന്തര മാറ്റം സംഭവിച്ചുകഴിഞ്ഞു. ഈയൊരു സാഹചര്യത്തിൽ ആറാം നൂറ്റാണ്ടിൽ രംഗത്തുവന്ന, മാറ്റമൊന്നും പാടില്ലെന്ന് നിഷ്കർഷയുള്ള ഒരു ദർശനം എങ്ങനെയാണ് പ്രായോഗികമാവുക? നവനാസ്തികരും ലിബറൽ യുക്തികളും നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന, അതുവഴി വിശ്വാസികളെ വഴിതെറ്റിക്കാമെന്ന് ദിവാസ്വപ്നം കണ്ട് ആവേശ ഭരിതരായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ആരോപണമാണിത്. മതത്തെ പച്ചയ്ക്ക് ഭർത്സിക്കാൻ എന്തുകൊണ്ടോ കരളുറപ്പ് തോന്നാത്ത ചില ആൾമാറാട്ട നിഷ്കുകൾ, ഇസ്‌ലാം അവതരണ കാലത്ത് പ്രസക്തമായിരുന്നിരിക്കാമെന്ന ഔദാര്യം അനുവദിച്ചുകൊണ്ട് ഉത്തരാധുനിക കാലത്ത് സ്വീകാര്യമാകില്ലെന്ന് വാദിക്കുന്നതും കാണാം. ഏതു കാലത്തോടും സമ്പൂർണമായി യോജിക്കും വിധം പ്രവിശാലവും ഇലാസ്തികതയുള്ളതുമാണ് ശരീഅത്തെന്ന അജ്ഞതയോ അറിയായ്മ അഭിനയിക്കുന്നതോ ആണ് ഈ കുളംകലക്കലിന്റെ കാരണം.

മഖാസ്വിദുശ്ശരീഅ എന്ന മത നിയമങ്ങളുടെ മൗലിക ലക്ഷ്യങ്ങൾ ചർച്ചയാകുന്നത് ഇവിടെയാണ്. ശരീഅത്ത് നിയമങ്ങൾ രൂപീകൃതമാകുന്നതിനു പിന്നിലുള്ള അടിസ്ഥാന കാരണങ്ങളെ കുറിച്ചുള്ള വിശദീകരണമാണിത്. .അഥവാ, കൽപനകളും വിരോധങ്ങളും ചർച്ച ചെ യ്യുന്നത് ശരീഅതാണ്. അത് എന്തുകൊണ്ടാണ്/ എന്തിനുവേണ്ടി/ അതിന്റെ അടിസ്ഥാന ഗുണം എന്താണ് ഇത്യാദി സംഗതികൾ മഖാസ്വിദുശ്ശരീഅയും. നിയമങ്ങളിലെ യുക്തിയും പ്രസക്തിയും താല്പര്യവും മനസ്സിലാക്കാനാകുന്ന ജ്ഞാനശാഖയാണിത്. ളറൂറിയ്യാത്ത്(അനിവാര്യം), ഹാജിയാത്ത്(ആവശ്യബന്ധിതം), തഹ്സീനിയ്യാത്ത്(സൗന്ദര്യാത്മകം) എന്നിങ്ങനെ മൂന്നു വിഭാഗമായി വിസ്തരിച്ച പഠനമർഹിക്കുന്നതാണ് മഖാസ്വിദുശ്ശരീഅയെങ്കിലും, നമ്മുടെ വിഷയ സമർഥനം അതിനുമേൽ ബന്ധിതമല്ലാത്തതുകൊണ്ട്, അനിവാര്യതയെന്ന ഒന്നാം വകുപ്പിന്റെ ഷഡ്ദർശനങ്ങൾ വിലയിരുത്താം. കാലമേറെ ചെന്നാലും ഇനിയൊരു പുരോഗതി സാധ്യമല്ലാത്തവിധം ലോകം വികസിച്ചാലും അന്നുണ്ടാകാനിടയുള്ള ഓരോ പ്രശ്നവും ഇവയുടെ അടിസ്ഥാന താൽപര്യങ്ങളുമായി തുലനം ചെയ്തും ഈ പൊതുരീതികൾ അവലംബിച്ചും നവംനവങ്ങളായ ആവശ്യങ്ങളും വിധികളും സുതാര്യമായി നിർധാരണം ചെയ്യാവുന്നതേയുള്ളൂ. മഖാസ്വിദുശ്ശരീഅയുടെ ആറുതത്വങ്ങൾ ഇവയാണ്.
ഒന്ന്: മതത്തിന്റെ സുരക്ഷ/ സംരക്ഷണം.

മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളോട് വിരുദ്ധമായ വിശ്വാസ, കർമ, ആദർശ കാര്യങ്ങളിൽനിന്നുള്ള സംരക്ഷണം. പല മതനിയമങ്ങളും ഇതുമായി ബന്ധപ്പെട്ടുനിൽക്കുന്നു. ഇതിനുവിരുദ്ധമായതൊന്നും ഒരു കാലത്തും ഇസ്‌ലാം അംഗീകരിക്കില്ല.
രണ്ട്: ശരീരത്തിന്റെ സംരക്ഷണം.

മനുഷ്യന് വലിയ ബഹുമാനമുണ്ട്. “ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു’വെന്ന് ഖുർആൻ (17:70). മനുഷ്യശരീരത്തിന്റെ ആദരവ് കളയുന്നതോ നാശംവരുത്തുന്നതോ ആയ എല്ലാ പ്രവണതകളിൽനിന്നും ശരീരത്തിനു ഇസ്‌ലാമിന്റെ സംരക്ഷണമുണ്ട്. ആത്മഹത്യ നിഷിദ്ധമാകുന്നതും കൊലക്കുപകരം കൊല നിയമമാകുന്നതുമൊക്കെ ഈ അടിസ്ഥാനത്തിൽ നിലകൊണ്ടാണ്.

മൂന്ന്: കുടുംബ/ പരമ്പരയുടെ സുരക്ഷ.
ലൈംഗിക അരാജകത്വവും വ്യഭിചാരവും നിഷിദ്ധമാക്കുന്നത് പരമ്പരയുടെ വിശുദ്ധി സംരക്ഷിക്കാനാണ്.
നാല്: ബുദ്ധിയുടെ രക്ഷ.
മനുഷ്യബുദ്ധി സ്ഥിരമായി നിൽക്കുമ്പോഴാണ് അവൻ ജന്മലക്ഷ്യം നേടാൻ പക്വത നേടുന്നത്. ബുദ്ധി നശിച്ചാൽ മൃഗസമാനരാകാനാണ് യോഗം. പിന്നെ വസ്ത്രം ധരിക്കലോ ഔചിത്യം കാണിക്കലോ ഒന്നുമുണ്ടാവില്ല. ഈ നിയമത്തിന്റെ വെളിച്ചത്തിലാണ് മദ്യപാനവും ലഹരി ഉപയോഗവും പാടില്ലാതാകുന്നത്. അവ മനുഷ്യന്റെ ചിന്താശേഷി നശിപ്പിക്കുമെന്നത് അവിതർക്കിതമാണല്ലോ.
അഞ്ച്: സാമ്പത്തികസുരക്ഷിതത്വം.

സമ്പത്ത് നേടാനും സൂക്ഷിച്ചുവെക്കാനും കൂടുതൽ വളർത്തിയെടുക്കാനും ഇസ്‌ലാം അനുവദിക്കുന്നുണ്ട്. നിയത രീതിയിലാവണം ഇത്. അന്യന്റെ പണം അപഹരിക്കാനോ പിടിച്ചുപറിക്കാനോ പാടില്ല. വഞ്ചന നടത്തി തന്റേതാക്കാനും വകുപ്പില്ല. അതോടൊപ്പം സമ്പത്ത് ശരിയായ വിധത്തിലുള്ളതാവാനും ഉടമക്ക് അത് അനുഭവിക്കാനും സുതാര്യവും അനുവദനീയവുമായ രീതിയിൽ സ്വരുക്കൂട്ടിയതാവണം. ഇങ്ങനെയൊക്കെ മുതലിന് മതം സുരക്ഷിതത്വം നൽകുന്നു.
ആറ്: അഭിമാന സംരക്ഷണം.

വിടവാങ്ങൽ പ്രഭാഷണത്തിൽ പോലും നബി(സ്വ) പ്രത്യേകം ഊന്നിപ്പറഞ്ഞതാണ് ഒരാളുടെയും ആത്മാഭിമാനത്തിന് ക്ഷതമേല്പിക്കരുതെന്ന കാര്യം. ഇസ്‌ലാം ഇവിടെയും സുരക്ഷയുടെ ഭിത്തി കെട്ടുന്നുണ്ട്. ഇതിന്റെ ഭാഗമായി പരദൂഷണം പറയുന്നതും വ്യഭിചാരാരോപണം ഉന്നയിക്കുന്നതുമൊക്കെ മതം കർശനമായി നിരോധിച്ചു. ഉപരിസൂചിത അടിസ്ഥാന തത്വങ്ങളിലൂന്നി ഏതേതു പ്രശ്നത്തിനും പരിഹാരം കാണാൻ ഇസ്‌ലാമിക പണ്ഡിതർക്ക് കഴിയും. സാഹചര്യങ്ങളുടെയോ ജനപഥങ്ങളുടെയോ വ്യതിയാനവും പുരോഗമനവും അതിനൊരു തടസ്സമല്ല തന്നെ.
ഈ വിശദീകരണത്തിൽ നിന്നുതന്നെ മറ്റൊരു വിമർശനത്തിനു കൂടി മറുപടി ലഭിക്കുന്നു. ഹൈന്ദവ ദർശനങ്ങളിൽ പ്രസിദ്ധമായ ധർമം സ്ഥാപിക്കാൻ യുഗാന്തരങ്ങളിൽ വിഷ്ണു അവതരിക്കുമെന്ന അവതാര സങ്കൽപത്തെ മുൻനിർത്തി ഇസ്‌ലാമിക വിശ്വാസമായ പ്രവാചകത്വ പരിസമാപ്തിയെ ചോദ്യം ചെയ്യുന്നതാണത്.

അധർമത്തെ ഇല്ലാതാക്കുകയെന്നാൽ കായികമായി അതിനെ നേരിടുക എന്നല്ല.അത് പ്രായോഗികവുമല്ല. എത്ര ഒതുക്കിയാലും പിന്നെയും ധർമഗ്ലാനി സംഭവിക്കാം. ധർമാധർമ വിവേചനം പഠിപ്പിക്കുകയും അതിനു പ്രായോഗിക പരിശീലനം നൽകുകയും നന്മയുടെ വികാസത്തിനാവശ്യമായ പശ്ചാതലം സൃഷ്ടിക്കുകയുമാണ് വേണ്ടത്. ഈ ദൗത്യം കൃത്യമായി റസൂൽ(സ്വ) നിർവഹിച്ചിട്ടുണ്ട്. മറ്റാർക്കും സാധ്യമാകാത്ത നീതിയുടെ സമ്പൂർണ സമർഥനം അവിടുന്ന് പ്രയോഗവത്കരിക്കുകയുണ്ടായി. അവയത്രയും ഒരു ലോപവും വരാതെ സംരക്ഷിക്കപ്പെടുകയും ചെയ്തു. “അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. വരാനിരിക്കുന്ന കാര്യങ്ങൾ നിങ്ങളെ അറിയിക്കും’ (യോഹന്നാൻ 16: 13, 14) എന്ന യേശുവിന്റെ വചനം ഓർക്കുക(കൂടുതൽ വിശദീകരണം ഖത്മുന്നുബുവ്വത് എന്ന അധ്യായത്തിൽ വായിക്കാം). ഇസ്‌ലാമിക ശരീഅത് നിയമങ്ങൾ സമഗ്രവും സമ്പൂർണവുമാണെന്ന് വ്യക്തം. ലോകാവസാനം വരെയുള്ള എല്ലാ പ്രശ്നങ്ങൾക്കും അത് കൃത്യമായ പരിഹാരവുമാണ്. ഇമാം ബൈളാവി(റ) പറഞ്ഞു: ഇസ്‌ലാമിക നിയമങ്ങൾ സമൂലാഗ്രം പരിശോധിച്ചാൽ അവയെല്ലാം സൃഷ്ടികളുടെ നന്മക്കുവേണ്ടി അല്ലാഹു സംവിധാനിച്ചതാണെന്ന്നിസ്സംശയം ഏവർക്കും ബോധ്യമാവുന്നതാണ് (അൽ മിൻഹാജ് : 233).

ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി

You must be logged in to post a comment Login