അനുധാവനത്തിന്റെ യുക്തിയും ശുദ്ധിയും

അനുധാവനത്തിന്റെ യുക്തിയും ശുദ്ധിയും

ഇജ്തിഹാദ് മുഖേന മുജ്തഹിദ് കണ്ടെത്തിയ ഹുക്മുകൾ- വിധികൾ മുജ്തഹിദല്ലാത്ത വ്യക്തികള്‍ അനുധാവനം ചെയ്യല്‍ നിര്‍ബന്ധമാണ്. ഈ അനുധാവനമാണ് ഉസൂലുല്‍ ഫിഖ്ഹിന്റെ സാങ്കേതിക ഭാഷയില്‍ തഖ്‌ലീദ് എന്ന് പറയുന്നത്. ഒരു മുജ്തഹ്ദിന്റെ വാക്കുകള്‍ അതിന്റെ യഥാർഥ തെളിവുകള്‍ അറിയാതെത്തന്നെ ശരിയാണെന്ന ഉറച്ച വിശ്വാസത്തോടെ സ്വീകരിക്കുന്നതാണ് തഖ്‌ലീദ് എന്ന് ഉസൂലുല്‍ ഫിഖ്ഹ് നിർവചിച്ചു(1). മുജ്തഹിദല്ലാത്ത വ്യക്തികളെ മറ്റെന്തെങ്കിലും വിഷയത്തിലോ ഫിഖ്ഹില്‍ തന്നെയോ പിന്‍പറ്റിയാല്‍ അത് പ്രസ്തുത തഖ്‌ലീദിന്റെ പരിധിയില്‍ പെടുന്നില്ല. അഥവാ ഇന്ന് പലരെയും മുജ്തഹിദ്, ആധുനിക മുജ്തഹിദ് എന്നെല്ലാം പറഞ്ഞ് പിന്തുടരുന്ന പ്രവണതയുണ്ട്. ഇത്തരക്കാര്‍ മുജ്തഹിദുകളോ ഇവരെ പിന്‍പറ്റുന്നവര്‍ മുഖല്ലിദുകളോ അല്ല. തഖ്‌ലീദിന്റെ സാങ്കേതിക വിവക്ഷ പ്രകാരം ഇങ്ങനെ പിന്തുടരുന്നത് തഖ്‌ലീദാകുകയുമില്ല.

മുജ്തഹിദ് സ്വീകരിച്ച തെളിവുകള്‍ യഥാവിധി മനസ്സിലാക്കി പ്രസ്തുത ഹുക്മ് അല്ലെങ്കില്‍ വാക്ക് സ്വീകരിക്കാന്‍ കഴിയുന്നത് മറ്റൊരു മുജ്തഹിദിന് മാത്രമായിരിക്കും. ആദ്യം ഹുക്മ് കണ്ടെത്തിയ മുജ്തഹിദിന്റെ അഭിപ്രായത്തോട് രണ്ടാമത്തെ മുജ്തഹിദ് യോജിച്ചുവെന്നോ വിയോജിച്ചുവെന്നോ പറയുന്നത് ഈയർഥത്തിലാണ്. അതേസമയം മുജ്തഹിദല്ലാത്ത വ്യക്തികള്‍ക്ക് തെളിവുകള്‍ പലതും മനസ്സിലാകുമെങ്കിലും മനസ്സിലായതെല്ലാം ശരിയാണെന്നു ഉറപ്പിക്കാനോ പ്രസ്തുത ഹുക്മിന് ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നുറപ്പിക്കാനോ ലഭിച്ചിട്ടുണ്ടെങ്കില്‍ തന്നെ മറ്റുതെളിവുകള്‍ എതിരാകുന്നില്ലെന്നുറപ്പിക്കാനോ സാധിക്കില്ല. കാരണം അദ്ദേഹത്തിന്റെ വിവരവും കഴിവും പരിമിതമാണ്. കൂടാതെ തെളിവുകളെ വിശകലനം ചെയ്യേണ്ട അടിസ്ഥാന നിയമങ്ങള്‍ അഥവാ ഉസൂലുല്‍ ഫിഖ്ഹും സ്വന്തമായി ഉണ്ടാകില്ല. ഒരു മുജ്തഹിദ് ചെയ്തുവെച്ച ഉസൂലിനെ പിന്‍പറ്റാനേ മുഖല്ലിദിനു സാധ്യമാകൂ. സ്വാഭാവികമായും മുജ്തഹിദിന്റെ പ്രസ്തുത വാക്കിന്റെ അല്ലെങ്കില്‍ ഹുക്മിന്റെ തെളിവുകള്‍ വേണ്ടത്ര മനസ്സിലാക്കാന്‍ മുഖല്ലിദിനു കഴിയില്ല. ഇതിനർഥം മുഖല്ലിദ് തെളിവുകള്‍ മനസ്സിലാക്കരുതെന്നോ തീരെ മനസ്സിലാകുകയില്ല എന്നോ അല്ല. ഒരു മുജ്തഹിദ് മനസ്സിലാക്കിയതുപോലെയാകില്ല മുഖല്ലിദ് മനസ്സിലാക്കുക. ഡോക്ടര്‍ രോഗത്തെ കാണുന്നതുപോലെയല്ലല്ലോ രോഗി കാണുക. ഡോക്ടര്‍ പറയുന്ന ഓരോന്നിനും രോഗികള്‍ തെളിവും അന്വേഷിക്കാറില്ല. തേനീച്ചകള്‍ കൊണ്ടുവരുന്ന തേന്‍ നാം കുടിക്കുന്നു. തേനീച്ചകള്‍ ഏതു പൂവില്‍ നിന്നും എങ്ങനെയെടുത്തുവെന്ന് നാം നോക്കാറില്ല. ഇപ്രകാരം അഥവാ ഡോക്ടറെ പിന്തുടരുന്നതുപോലെ, തേനീച്ചയെ സ്വീകരിക്കുന്നതുപോലെ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അര്‍ഹരില്‍ നിന്ന് നാം പഠിക്കുന്നു; പ്രവര്‍ത്തിക്കുന്നു. ഇതൊരു അനിവാര്യതയാണ്. ലോകത്ത് എപ്പോഴും നടന്നുകൊണ്ടിരിക്കുന്നതുമാണ്. വിവരമുള്ളവരെ വിവരമില്ലാത്തവര്‍ പിന്തുടര്‍ന്നേ പറ്റൂ. വിവരമുള്ളവര്‍ വിവരമില്ലാത്തവരെ തെളിവുകള്‍ ബോധ്യപ്പെടുത്തേണ്ട കടമയുണ്ടെന്ന് ഒരാളും ഇതുവരെ ശഠിച്ചിട്ടില്ല. ബോധ്യപ്പെടുത്തിയാല്‍ തന്നെ വേണ്ടതുപോലെ മനസ്സിലാകുമെന്നും ആരും പറയില്ല. ഇപ്രകാരം തന്നെ മുജ്തഹിദ് തന്റെ തെളിവുകളെല്ലാം പരസ്യപ്പെടുത്തണമെന്നോ അക്കമിട്ട് നിരത്തണമെന്നോ ലോകത്താരും പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യവുമില്ല.

തഖ്‌ലീദ് എന്നാല്‍ അന്ധമായ അനുകരണമാണെന്ന് അര്‍ഥം പറഞ്ഞ് വിമര്‍ശിക്കാന്‍ ശ്രമിക്കുന്നത് അപക്വമാണെന്ന് ഇപ്പറഞ്ഞതില്‍ നിന്നും വ്യക്തമാണ്. തെളിവുകള്‍ മനസ്സിലാക്കാതെ സ്വീകരിക്കുന്നതെല്ലാം അന്ധമായ അനുകരണമായി വ്യാഖ്യാനിക്കയുമരുത്. അനുകരിക്കപ്പെടാന്‍ ഏതർഥ പ്രകാരവും അനുയോജ്യരായവരെ അനുകരിക്കുന്നത് അന്ധമല്ല. സ്വാഭാവികവും അനിവാര്യവുമാണ്. അന്ധമാണെന്നു വാശിപിടിച്ചാല്‍ പോലും അതൊരു തെറ്റുമല്ല. കൂടാതെ തഖ്‌ലീദില്‍ തെളിവുകളൊന്നും മനസ്സിലാക്കരുത് എന്ന വാശിയുമില്ല. ഒരു മുജ്തഹിദ് മനസ്സിലാക്കിയതുപോലെ എല്ലാ തെളിവുകളും മനസ്സിലാക്കണമെന്നില്ല എന്നർഥമേയുള്ളൂ. അതുകൊണ്ടാണ് ഒരു മുജ്തഹിദ് മനസ്സിലാക്കിയതുപോലെ എല്ലാ തെളിവുകളും മനസ്സിലാക്കാന്‍ മറ്റൊരു മുജ്തഹിദിനേ സാധിക്കൂവെന്ന് പറഞ്ഞതും(2). നേരത്തെ പറഞ്ഞതുപോലെ, തെളിവുകള്‍ മനസ്സിലാക്കാന്‍ മുജ്തഹിദിനേ സാധ്യമാകൂ എന്നതിന്റെ വിവക്ഷയും ഇതുതന്നെ.
മുജ്തഹിദുകള്‍ കണ്ടെത്തിയ ഹുക്മിന് ധാരാളം തെളിവുകള്‍ പില്‍ക്കാല മുഖല്ലിദുകളായ പണ്ഡിതന്മാര്‍ നിരത്തിയത് നാം കണ്ടുവരുന്നു. തെളിവുകളെ അവര്‍ അപഗ്രഥിക്കുന്നു. ഇതിനെല്ലാം ഒരു മുഖല്ലിദിനു സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിക്കുന്നതുകൊണ്ടോ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടോ അദ്ദേഹം തഖ്‌ലീദിന്റെ പരിധിയില്‍ നിന്നും പുറത്തുപോകുന്നില്ല. തന്റെ മുജ്തഹിദായ ഇമാം എന്തെല്ലാം തെളിവുകളാണ് നിരത്തിയതെന്ന് അറിഞ്ഞിരിക്കലും നല്ലതുതന്നെ. പക്ഷേ തന്റെ ഇമാമിന് ഇവ്വിഷയം മനസ്സിലായതുപോലെ തനിക്കും മനസ്സിലായിട്ടുണ്ടെന്ന് വാശിപിടിക്കരുത്. കാരണം മുജ്തഹിദ് മുജ്തഹിദും മുഖല്ലിദ് മുജ്തഹിദിനെ പിന്‍പറ്റുന്നവനുമാണ്. എന്നുമാത്രവുമല്ല, ഒരു സ്വഹീഹായ ഹദീസ് മുഖല്ലിദിനു ലഭിക്കുകയും തന്റെ ഇമാം ആ ഹദീസിനു എതിരായി ഹുക്മ് പറയുകയും മറ്റൊരു ഇമാം ഹദീസിനു അനുകൂലമായി ഹുക്മ് പറഞ്ഞിരിക്കുകയും ചെയ്താല്‍ തന്റെ ഇമാമിന്റെ ഹുക്മിനെ മാറ്റിനിര്‍ത്തി മറ്റേ മുജ്തഹിദിനെ പിന്തുടരാന്‍ മുഖല്ലിദിനു സ്വാതന്ത്ര്യമുണ്ട്. അഥവാ ഇവിടെ തെളിവിന്റെ-ഹദീസിന്റെ-വെളിച്ചത്തിലാണ് ഈ മാറ്റത്തിനുള്ള അവകാശം നല്‍കുന്നത്(3). നിരുപാധികമല്ലാത്ത മുജ്തഹിദുകള്‍ (മുത്വലഖ് അല്ലാത്ത മുജ്തഹിദുകള്‍) അഥവാ മദ്ഹബിന്റെയുള്ളിലെ മുജ്തഹിദുകള്‍ അതാതു മദ്ഹബിനെ പിന്‍പറ്റേണ്ടവരാണെങ്കിലും തെളിവുകള്‍ കൂടി പരതേണ്ടതുണ്ടെന്നും, ഇമാം ശാഫിഈ (റ) തന്നെ മഹാന്റെ തെളിവുകളെക്കുറിച്ച് ചിന്തിക്കാതെ മദ്ഹബിനെ കേവലം പിന്‍പറ്റുന്നത് ഇത്തരക്കാര്‍ക്ക് ന്രോധിച്ചിട്ടുണ്ടെന്നും പണ്ഡിതന്മാര്‍ രേഖപ്പെടുത്തി(4). ചുരുക്കത്തില്‍ തഖ്‌ലീദ് ഒരു അന്ധവും ബധിരവുമായ പിന്‍പറ്റലോ അനുധാവനമോ അല്ല. തെളിവുകളൊന്നും ഗ്രഹിക്കാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് അത്തരമൊരു തഖ്‌ലീദ് മാത്രമേ നിര്‍വാഹമുള്ളൂവെന്ന് പ്രത്യേകം പറയേണ്ടതുമില്ല. പഠിക്കാന്‍ സാധിക്കുന്നവര്‍ എപ്പോഴും പഠിക്കണം. പക്ഷേ അഹങ്കാരം വര്‍ധിച്ച് ഇജ്തിഹാദിനു സാധ്യമായി എന്ന് വിശ്വസിക്കാനോ മുജ്തഹിദായി എന്ന് മനസ്സിലാക്കാനോ പാടില്ല. അത്തരം വിചാരങ്ങളെല്ലാം അപക്വവും വിവരക്കേടുമാണ്.
തഖ്‌ലീദ് മുഖല്ലിദിനു നിര്‍ബന്ധമാണെന്ന് പറയുമ്പോള്‍ സ്വാഭാവികമായും മുജ്തഹിദ് ഇജ്തിഹാദ് ചെയ്യണമെന്ന് വരുന്നു. അദ്ദേഹം തഖ്‌ലീദ് ചെയ്യാന്‍ പാടില്ല എന്നും മനസ്സിലാക്കാം. ഇതുതന്നെയാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും പക്ഷവും. ഇജ്തിഹാദിനു വേണ്ട എല്ലാ കഴിവുകളും യോഗ്യതകളും സമ്മേളിച്ച വ്യക്തി ഇജ്തിഹാദ് ചെയ്യണം. അദ്ദേഹം തഖ്‌ലീദ് ചെയ്യുന്നത് സ്വന്തത്തോടും സമൂഹത്തോടും ചെയ്യുന്ന പാതകമാണ്. എന്നാല്‍ ചിലരെങ്കിലും ഇത്തരക്കാര്‍ക്ക് തഖ്‌ലീദ് പറ്റുമെന്ന് വാദിച്ചിട്ടുണ്ട്. ചിലര്‍ പറഞ്ഞതാവട്ടെ സ്വന്തം കാര്യങ്ങളില്‍ തഖ്‌ലീദ് പറ്റുമെങ്കിലും മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതില്‍ ഇജ്തിഹാദ് നിര്‍ബന്ധമാണെന്ന് തന്നെയാണ്(5). വേറെയും ചില അഭിപ്രായങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാലത്ത് ഈ ചര്‍ച്ച വെറും സാങ്കേതിക ചര്‍ച്ചകള്‍ മാത്രമാണ്. പ്രായോഗികമായി ഒരാവിഷ്‌കാരം പ്രതീക്ഷിക്കാവതല്ല. കാരണം ഹിജ്‌റ മൂന്നാം നൂറ്റാണ്ടിനു ശേഷം ഇങ്ങനെയൊരാള്‍ മുസ്‌ലിം ലോകത്തുണ്ടായിട്ടില്ലെന്നും ഇനിയുണ്ടാകുന്നത് പ്രായോഗികമായി ചിന്തിക്കാവതല്ലെന്നും നേരത്തെ വിശദീകരിച്ചിട്ടുണ്ട്(6).

ഇതിന്റെയർഥവും മുജ്തഹിദ് പഠിക്കരുതെന്നോ ചോദിക്കരുതെന്നോ അല്ല. തെളിവുകള്‍ വേണ്ടത്ര യഥാവിധി അപഗ്രഥിച്ചായിരിക്കണം മുജ്തഹിദിന്റെ ഗമനം. മുജ്തഹിദിനും മുഖല്ലിദിനും ഫത്്വ ചോദിക്കാം. ഇതിനു സാങ്കേതികമായി ഇസ്തിഫ്താഅ് എന്നാണ് പറയുക. മുജ്തഹിദ് മറ്റൊരു മുജ്തഹിദിനോടാണ് ഫത്്വ ചോദിക്കേണ്ടത്. തെളിവുകള്‍ സഹിതമാണ് രണ്ടാമത്തെ മുജ്തഹിദ് ഫത്്വ നല്‍കേണ്ടതും. ഈ തെളിവുകള്‍ മനസ്സിലാകാതെ രണ്ടാമത്തെ മുജ്തഹിദിനെ ആദ്യത്തെ മുജ്തഹിദ് അംഗീകരിക്കുന്നുവെങ്കില്‍ അത് തഖ്‌ലീദായി മാറും. ഇത് മുജ്തഹിദിന് പാടില്ല. അതുകൊണ്ട് മുജ്തഹിദ് തെളിവുകള്‍ ചര്‍വ്വിതചര്‍വ്വണം നടത്തി ഗ്രഹിച്ചേ പറ്റൂ. ഈ ചര്‍വ്വിതചര്‍വ്വണവും മനനവും മുജ്തഹിദ് ചെയ്യുമ്പോള്‍ അത് ഇജ്തിഹാദാകുന്നു. കാരണം തെറ്റും ശരിയും തെളിവുകളുടെ യഥാവിധിയും മനസ്സിലാക്കിയാണല്ലോ അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. അതുകൊണ്ടുതന്നെ തെളിവുകള്‍ മനസ്സിലാക്കിപ്പഠിക്കുന്ന ഒരു മുജ്തഹിദ് പ്രസ്തുത വിഷയത്തില്‍ മുഖല്ലിദാണ് എന്ന് പറയാന്‍ പറ്റില്ല. അങ്ങനെ പഠിക്കുന്നത് അദ്ദേഹത്തിന്റെ സാമൂഹ്യ ബാധ്യതയാണ്. സമൂഹത്തോടുള്ള കടപ്പാടുമാണ്.
അര്‍ഹതയില്ലാത്തവര്‍ ഇജ്തിഹാദ് ചെയ്യാന്‍ ശ്രമിച്ച് വല്ലതും കണ്ടെത്തിയാല്‍ അത് അല്ലാഹുവിന്റെ ഹുക്മായി പരിഗണിക്കാത്തതുപോലെ തഖ്‌ലീദിനെ നിഷേധിച്ച ഒരാള്‍ വല്ല പ്രവൃത്തിയും ചെയ്തപ്പോള്‍ ഏതെങ്കിലും ഒരു മുജ്തഹിദിന്റെ വാക്കിനോട് യോജിച്ചുവന്നാല്‍ പ്രസ്തുത പ്രവൃത്തി തഖ്‌ലീദായും പരിഗണിക്കില്ല. കാരണം അനുധാവനം തഖ്‌ലീദാവാന്‍ ചില നിബന്ധനകളുണ്ട്. പ്രസ്തുത നിബന്ധനകള്‍ സമ്മേളിച്ചാല്‍ മാത്രമേ തഖ്‌ലീദാകുകയുള്ളൂ; അല്ലാഹുവിന്റെ ഹുക്മിനെ അനുസരിച്ചവനാകുകയുള്ളൂ. അതില്‍ പ്രധാനം തന്റെ മുജ്തഹിദിന്റെ ഹുക്മിനെക്കുറിച്ചുള്ള ജ്ഞാനമാണ്. ആ ഹുക്മ് പ്രബലമാണെന്നോ അല്ലെങ്കില്‍ മറ്റു മുജ്തഹിദുകളുടെ കണ്ടെത്തലുകളോട് സമമാണെന്നോ വിശ്വസിക്കുകയും വേണം. അപ്രബലമായ അഥവാ ഒരു ഖാളി പ്രസ്തുത ഹുക്മ് വിധിച്ചാല്‍ സ്വീകരിക്കപ്പെടാത്തയത്രയും ബലഹീനമായ വിധികളെ തഖ്‌ലീദ് ചെയ്യരുത്. ഇജ്മാഇന് എതിരായ ഹുക്മുകള്‍, വ്യക്തമായ ഖിയാസിന് എതിരായ വിധികളെല്ലാം ഈ ഗണത്തില്‍ പെട്ടതാണ്. ഇപ്പറഞ്ഞതിനർഥം മദ്ഹബിലെ എല്ലാ അപ്രബല വിധികളെയും തള്ളണമെന്നല്ല. ഖാളി ഹുക്മ് ചെയ്യാനും മുഫ്തി ഫത്്വ കൊടുക്കാനും പ്രബലമായതു മാത്രമേ സ്വീകരിക്കാവൂ. സ്വന്തം പ്രവൃത്തികള്‍ക്ക് സന്നിഗ്ധ ഘട്ടങ്ങളില്‍ അപ്രബലമായതും സ്വീകരിക്കാം (ഈ ചര്‍ച്ച നേരത്തെ കഴിഞ്ഞുപോയിട്ടുണ്ട്).
മറ്റൊരു നിബന്ധന, ഓരോ മദ്ഹബിലെയും എളുപ്പമുള്ള കാര്യങ്ങള്‍ മാത്രം അന്വേഷിച്ച് പിന്തുടരുന്ന പ്രവണത മുഖല്ലിദ് സ്വീകരിക്കാന്‍ പാടില്ലെന്നാണ്. ഇങ്ങനെ എല്ലാ നിലക്കും എളുപ്പമുള്ള കാര്യങ്ങള്‍ മാത്രം അന്വേഷിച്ച് സ്വീകരിച്ചാല്‍ ഒരുപക്ഷേ തക് ലീഫിന്റെ വിധാനത്തില്‍ നിന്നും അദ്ദേഹം തെന്നിപ്പോകും. ഇപ്പറഞ്ഞതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്; എളുപ്പമുള്ള കാര്യങ്ങള്‍ മാത്രം (അറബിയില്‍ റുഖ്‌സത് എന്ന് പറയും) അന്വേഷിച്ചു ചെയ്യുന്നതാണ് പ്രശ്‌നം. അതല്ലാതെ ആവശ്യങ്ങള്‍ക്കോ മറ്റു കാരണങ്ങളാലോ എളുപ്പമുള്ളത് സ്വീകരിക്കുന്നതല്ല. കൂടാതെ എളുപ്പമുള്ളത് അന്വേഷിച്ച് തക് ലീഫിന്റെ നിലവാരത്തില്‍ നിന്നും മാറുന്ന രൂപത്തിലാവുകയും ചെയ്യുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. അതല്ലാതെ ഒരു മദ്ഹബില്‍ നിന്ന് മറ്റൊരു മദ്ഹബിലേക്ക് അറിവോട് കൂടി മാറുന്നത് തെറ്റല്ല. ഒരൊറ്റ വിഷയത്തിലും മദ്ഹബ് മാറാം; മൊത്തമായിട്ടും മാറാം. ഇത്രയും കാലം ഹനഫി മദ്ഹബ് അനുസരിച്ച് നിസ്‌കരിച്ച ഒരാള്‍ക്ക് ഇന്ന് ശാഫിഈ മദ്ഹബനുസരിച്ച് നിസ്‌കരിക്കാം. ഇത്രയും കാലം എല്ലാ വിഷയത്തിലും ശാഫിഈ മദ്ഹബുകാരനായ ഒരാള്‍ക്ക് നാളെ മുതല്‍ പൂര്‍ണമായും ഹനഫിയാകാം. അറിവുണ്ടാവണമെന്നു മാത്രം.

ഇങ്ങനെ മദ്ഹബ് മാറുമ്പോള്‍ ഒരിക്കലും തല്‍ഫീഖ് പാടില്ല. അഥവാ രണ്ടോ അതിലധികം മദ്ഹബുകളിലെ ചില ഭാഗങ്ങള്‍ മാത്രം സ്വീകരിച്ച് ആരും പറയാത്ത അഞ്ചാമതൊരു മദ്ഹബ് നിര്‍മിച്ചുണ്ടാക്കുക(7). ഇത് വളരെ അപകടകരവും ഇസ്‌ലാം ഒരിക്കലും സമ്മതിക്കാത്തതുമാണ്. ഉദാഹരണമായി, ഒരാള്‍ ശാഫിഈ മദ്ഹബ് പ്രകാരം വുളുവെടുത്തു. വുളുവെടുത്തപ്പോള്‍ അവയവങ്ങളിലൂടെ വെള്ളം സഞ്ചരിച്ചിപ്പിച്ചിട്ടേയുള്ളൂ. ശാഫിഈ മദ്ഹബില്‍ വുളൂ ശരിയാകാന്‍ അവയവങ്ങളിലൂടെ വെള്ളം സഞ്ചരിച്ചാല്‍ മതി. ഉരച്ചു കഴുകണമെന്നില്ല. എന്നാല്‍ മാലികീ മദ്ഹബ് പ്രകാരം ഉരച്ചുകഴുകൽ നിര്‍ബന്ധമാണ്. ഇദ്ദേഹം വുളൂവിനു ശേഷം വികാരരഹിതനായി അന്യ സ്ത്രീയെ സ്പര്‍ശിക്കുന്നു. മാലികീ മദ്ഹബ് പ്രകാരം ഇങ്ങനെ സ്ത്രീയെ സ്പര്‍ശിക്കുന്നത് നിമിത്തം വുളൂ മുറിയില്ല. ശാഫിഈ മദ്ഹബ് പ്രകാരം മുറിയുകയും ചെയ്യും. ഈ വ്യക്തി സ്ത്രീയെ സ്പര്‍ശിച്ചതിനു ശേഷം മാലികീ മദ്ഹബ് പ്രകാരം നിസ്‌കരിച്ചാല്‍ ആ നിസ്‌കാരം ശരിയാകില്ല. ഇത് തല്‍ഫീഖുമാണ്. കാരണം മാലികീ മദ്ഹബനുസരിച്ചും ശാഫിഈ മദ്ഹബനുസരിച്ചും ഇപ്പോള്‍ ഇയാള്‍ക്ക് വുളൂവില്ല. പാതി-പാതി എടുത്ത് വുളൂവുണ്ടെന്ന് ശഠിക്കുന്ന പ്രവണത ഇസ്‌ലാം അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ആവശ്യാനുസാരം മദ്ഹബ് മാറുന്നവര്‍ മദ്ഹബുകളെക്കുറിച്ച് വ്യക്തമായ അറിവോടെ മാറണം. അല്ലെങ്കില്‍ സ്വീകാര്യതയെ ബാധിച്ചേക്കാം.

അവലംബം
1. ഇമാം സുബ്കിയുടെ(റ) ജംഉല്‍ ജവാമിഅ്: 2: 392-393 നോക്കുക
2. ജംഉല്‍ ജവാമിഅ്: 2/392-392
3. ഇപ്രകാരം ഹദീസ് ലഭിക്കുമോ എന്നത് മറ്റൊരു ചര്‍ച്ചയാണ്. ഉദാഹരണമായി ഇമാം ഇബ്‌നു ഖുസൈമ(റ) പറയുന്നത് ഇമാം ശാഫിഈ(റ) വിധിവിലക്കുകളെക്കുറിച്ചുള്ള ഒരൊറ്റ ഹദീസും രേഖപ്പെടുത്താതിരുന്നിട്ടില്ല എന്നാണെന്നു ഇമാം നവവി(റ) പറയുന്നു. ഇമാം ശാഫിഈക്ക്(റ) നൂറുകണക്കിന് ഗ്രന്ഥങ്ങളുണ്ടായിരുന്നുവെന്ന് നാം നേരത്തെ പറഞ്ഞിട്ടുണ്ട്. മുജ്തഹിദുകള്‍ക്ക് ലഭിക്കാത്ത ഒരു ഹദീസ് ഇന്ന് ലഭിക്കില്ലെന്നത് സര്‍വാംഗീകൃതമാണല്ലോ. കൂടാതെ പ്രത്യക്ഷത്തില്‍ ഹദീസിനോട് എതിരാകുന്ന ഹുക്മ് മുജ്തഹിദ് പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ ആ ഹദീസിനെ പ്രസ്തുത മുജ്തഹിദ് എങ്ങനെയാണു വ്യാഖ്യാനിച്ചതെന്ന് വ്യക്തമാക്കുന്ന ധാരാളം പണ്ഡിത പ്രമാണങ്ങളും ഇന്ന് ലഭ്യമാണ്. അതുകൊണ്ട് സ്വഹീഹായ ഹദീസുകള്‍ക്ക് പിന്നാലെ പോകുന്നുവെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നത് മുജ്തഹിദുകളുടെ വിജ്ഞാനത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തതിന്റെ ഫലമാണെന്നു പറയാം.
4. ഇമാം കുര്‍ദിയുടെ അല്‍ ഫവാഇദുല്‍ മദനിയ്യ-19 നോക്കുക
5. അല്‍ ഫവാഇദുല്‍ മദനിയ്യ പേജ് 64, ജംഉല്‍ ജവാമിഅ് 2: 411 എന്നീ ഗ്രന്ഥങ്ങളില്‍ മറ്റു അഭിപ്രായങ്ങളും ഉദ്ധരിച്ചിരിക്കുന്നു
6. അതേസമയം ഇമാം മഹ്ദി(റ), ഈസ(അ) തുടങ്ങിയവരുടെ ആഗമന സമയത്ത് ഇവര്‍ മുജ്തഹിദുകളായിരിക്കുമോ, മുജ്തഹിദുകളായാല്‍ തന്നെ ഇജ്തിഹാദ് ചെയ്യുമോ അല്ലെങ്കില്‍ നാലിലൊരു മദ്ഹബ് സ്വീകരിക്കുമോ, അതുമല്ലെങ്കില്‍ മറ്റൊരു മദ്ഹബ് കൊണ്ടുവരുമോ തുടങ്ങിയ ചര്‍ച്ചകള്‍ പണ്ഡിത ലോകത്തുണ്ട് (ഇമാം സുയൂഥ്വിയുടെ (റ) അല്‍ ഹാവിലില്‍ ഫതാവയില്‍ ഇക്കാര്യം വിശദമായി പറഞ്ഞിട്ടുണ്ട്. വാള്യം 2: പേജ് 146-158 നോക്കുക). ഇജ്തിഹാദ് ചെയ്യുകയും പുതിയ മദ്ഹബ് ആവിഷ്‌കരിക്കുകയും ചെയ്താല്‍ ആ മദ്ഹബ് അനുധാവനം ചെയ്യുന്നതുകൊണ്ട് വിരോധമില്ല എന്നും പണ്ഡിതന്മാര്‍ പറഞ്ഞുവെച്ചു). ഇജ്തിഹാദ് ചെയ്യുകയും പുതിയ മദ്ഹബ് ആവിഷ്‌കരിക്കുകയും ചെയ്താല്‍ ആ മദ്ഹബ് അനുധാവനം ചെയ്യുന്നതുകൊണ്ട് വിരോധമില്ല എന്നും പണ്ഡിതന്മാര്‍ പറഞ്ഞുവെച്ചു.
7. തല്‍ഫീഖ് എന്നാല്‍ കൂട്ടിക്കലര്‍ത്തല്‍ എന്നാണർഥം. ഇവിടെ മദ്ഹബുകള്‍ കൂട്ടിക്കലര്‍ത്തി പുതിയൊരു മദ്ഹബ് സൃഷ്ടിക്കുകയാണല്ലോ

ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login